· 7 മിനിറ്റ് വായന

വിര നിർമ്മാർജന ഗുളികയുടെ പ്രാധാന്യത്തെക്കുറിച്ച്

Primary Careആരോഗ്യ അവബോധം

”ഡോക്ടറെ, കുട്ടിക്ക് ഭയങ്കര വിരശല്യം… തിന്നാന്‍ വേണ്ട, തടി വെക്കുന്നില്ല”… ഒപിയിലേക്ക് തുള്ളിച്ചാടി വന്ന സ്മാര്‍ട്ട്‌ ഇത്തയുടെ self-diagnosis. കുട്ടിയെ നോക്കിയപ്പോള്‍ നേരാണ്. കുട്ടിക്ക് ആയ പ്രായത്തിനുള്ള വളര്‍ച്ചയില്ലെങ്കിലും ആവശ്യത്തിനു വിളര്‍ച്ചയുണ്ട്…

”അപ്പൊ നിങ്ങടെ കുട്ടിക്ക് സ്കൂളില്‍ നിന്ന് കിട്ടിയ ഗുളിക കൊടുത്തില്ലേ?”

“അത് പിന്നെ… സ്കൂളില്‍ നിന്ന് ഓല് തരുന്നതൊക്കെ അങ്ങനെ വാങ്ങി തിന്നാന്‍ പാട്വോ… ഞമ്മക്ക് ഞമ്മളെ മക്കളെ ആരോഗ്യല്ലേ വല്‍ത്”… എന്‍റെ കണ്ണുകള്‍ പുറത്തേക്കു തള്ളിയത് കണ്ടവര്‍ ഞെട്ടിയോ? ഹേ.. ഇല്ല.. എനിക്ക് തോന്നിയതാവും.

“ഇവിടെയുള്ള മരുന്നും അത് തന്നെയാ… ഏതായാലും എഴുതിത്തരാം.. രാത്രി ഭക്ഷണം കൊടുത്തിട്ട് അതിനു മീതെ കഴിപ്പിച്ചാല്‍ മതി”..

കുട്ടി ഹാപ്പി,കൂടെ വന്ന മാതാശ്രീ ഹാപ്പി..ഞാന്‍ മാത്രം ‘എന്തായിത് കഥ’ എന്നോര്‍ത്ത് ബ്ലിങ്കസ്യ അടിച്ചു രണ്ടു മിനിറ്റ് ഇരുന്നു.

ഇതിപ്പോ ട്രെന്‍ഡ് ആണ്- സര്‍ക്കാര്‍ എന്ത് ആരോഗ്യപദ്ധതി കൊണ്ട് വന്നാലും നഖശിഖാന്തം എതിര്‍ക്കുക.അതിനെതിരെയുള്ള വാട്ട്‌സ്സപ് മെസേജ് കുത്തിയിരുന്നു ടൈപ്പ് ചെയ്തുണ്ടാക്കി “നമ്മുടെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഇത് നിങ്ങള്‍ പരമാവധി ഷെയര്‍ ചെയ്യുക” എന്ന വാക്യം കൂടി ചേര്‍ത്ത് വായിക്കുന്നവരെ ഗദ്‌ഗദകണ്‌ഠരാക്കുന്നതും ഈ ഒരു പ്രക്രിയയുടെ ഭാഗമാണ്. എത്ര രസകരമായ സാമൂഹികസേവനസന്നദ്ധത !

ഫെബ്രുവരി 10, 2017 ‘National Deworming Day’ ആണ്. അതിനേം എതിര്‍ക്കാന്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യുദേയകാംക്ഷികള്‍ സുലഭം… ഒളിംപിക്സിന്റെ ദീപശിഖയിലെ തീ പകരുന്ന മാതിരി ഒരാള്‍ കൊളുത്തിക്കോളും.. പിന്നെ യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാത്ത മെസേജുകള്‍ കാട്ടുതീ പോലെ പടരും.

വയറ്റില്‍ വിരയുണ്ടാകുന്നതിലും ഭീകരമാണ് ഗുളിക കഴിച്ചാലുള്ള പാര്‍ശ്വഫലങ്ങള്‍ എന്നൊക്കെ കേട്ട് പകച്ചിരിക്കുന്നവര്‍ക്ക് വേണ്ടി കുറച്ചു കാര്യങ്ങള്‍…

*രോഗിയുടെ കുടലില്‍ കിടന്ന്, കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങള്‍ മുഴുവന്‍ ഊറ്റിയെടുത്ത് മുട്ടയിട്ടു പെരുകുന്ന വിരകള്‍ക്ക് എതിരെയുള്ള ഏറ്റവും സൗകര്യപ്രദമായ,അതിലേറെ ഏറ്റവും ഉചിതമായ ചികിത്സയാണ് ഭക്ഷണശേഷം കഴിക്കുന്ന ഒരു albendazole ഗുളിക. എണ്ണമറ്റ വിരകള്‍ ഒരു വ്യക്തിയില്‍ ഉണ്ടാകാം. വിരകള്‍ കുടലില്‍ നിറഞ്ഞു കുടല്‍ അടഞ്ഞു പോകുന്ന അവസ്ഥ വരെ ഉണ്ടാകാം (intestinal obstruction due to worm mass). വളര്‍ച്ചക്കുറവ് മുതല്‍ ദുസ്സഹനീയമായ വയറുവേദന വരെ ഉണ്ടാകാം. വിരകള്‍ ചത്തടിഞ്ഞാലുണ്ടാകുന്ന ദുരവസ്ഥകള്‍ പുറമേ…

*അപകടകരമാം വിധം രക്തനഷ്ടമുണ്ടാകാം എന്നതിനാല്‍ വിളര്‍ച്ച, ഭക്ഷണവിരക്തി എന്നിവയുള്ള കുഞ്ഞ്, ഭക്ഷണം കഴിക്കാതാകുന്നു… വിളര്‍ച്ച കൂടുന്നു… ഈ ചക്രം തുടരുന്നു(vicious circle).

*കുട്ടികളെ മാത്രം ബാധിക്കുന്ന അസുഖമാണ് വിരശല്യം എന്നൊരു തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലും ഉണ്ട്. നഖം വെട്ടാതെ മണ്ണില്‍ കളിച്ച് കൈ വൃത്തിയാക്കാതെ ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് രോഗസാധ്യത കൂടുതല്‍ തന്നെ. പക്ഷെ കൃമിശല്യം സര്‍വ്വസാധാരണമാണ് എന്നത് പരസ്യമായ രഹസ്യമാണ്. എല്ലാവര്‍ക്കും സുരക്ഷിതമാണ് ഈ മരുന്ന് എന്നതാണ് സത്യം.

*ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്നവര്‍ക്കും ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഈ മരുന്ന് കൊടുക്കരുത് എന്ന് പറയുന്നത് ഈ മരുന്നിന്‍റെ ദോഷത്തെ സൂചിപ്പിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നു. ശാസ്ത്രീയമായ ഏതൊരു വൈദ്യശാസ്ത്ര രീതിയിലും ഇത്തരം നിയന്ത്രണങ്ങള്‍ ഉണ്ട്. ഗര്‍ഭാവസ്ഥയില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഒരു വിഭാഗത്തിലെയും വിവരമുള്ള ഒരു ഡോക്ടറും മരുന്ന് എഴുതില്ല. മോഡേണ്‍ മെഡിസിനില്‍ ഓരോ മരുന്നും നിരവധി പഠനങ്ങള്‍ക്ക് ശേഷം പുറത്ത് വന്നിട്ടുള്ളതാണ്. അത് കൊണ്ട് തന്നെ നിയന്ത്രിക്കപ്പെടാത്ത പരിധിയില്‍ ഉള്ളവര്‍ക്ക് ധൈര്യമായി മരുന്ന് കഴിക്കാം.

*വിരശല്യമുള്ള കുട്ടികള്‍ക്ക് ഡോക്റ്ററുടെ നിര്‍ദേശപ്രകാരം കൃത്യമായി വിരക്കുള്ള ഗുളിക നല്‍കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടിയുടെ വളര്‍ച്ച(പോഷകങ്ങള്‍ വിരക്ക് തിന്നാന്‍ കൊടുക്കുന്നത് നിര്‍ത്തുന്നത് വഴി) മെച്ചപ്പെടും. കൂടാതെ പഠനത്തില്‍ മികവു കൂട്ടാനും(രക്തക്കുറവ് ക്ഷീണമായിട്ടാണ് കുട്ടിക്ക് അനുഭവപ്പെടുക. തന്മൂലം ഉത്സാഹക്കുറവ്, ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ കഴിയായ്ക, ഇടയ്ക്കിടെ ഉള്ള തലകറക്കം തുടങ്ങിയവ ഉണ്ടാകാം) സാധിക്കും.

*മണ്ണില്‍ നിന്നുമാണ് പ്രധാനമായും വിരകളുടെ മുട്ടകള്‍ കുഞ്ഞുങ്ങളുടെ നഖങ്ങള്‍ക്കിടയില്‍ എത്തിപ്പെടുന്നത്. നഖം നീട്ടി വളര്‍ത്തുന്നത് സമ്മതിക്കാതിരിക്കുക. പാദരക്ഷകള്‍ ശീലമാക്കുക. ഭക്ഷണത്തിന് മുന്‍പും മലവിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കാന്‍ പഠിപ്പിക്കുക.

*സാധാരണ കാണപ്പെടുന്ന വിരകളായ കൃമി(Enterobius vermicularis), ഉരുളന്‍വിര(Ascaris lumbricoides) എന്നിവ ഉണ്ടാക്കുന്ന മേല്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്ക് പുറമേ മറ്റു ചില വിരകള്‍ കൂടിയുണ്ട്. ഇവയുണ്ടാക്കുന്ന hydatid cyst, cysticercosis തുടങ്ങിയ അസുഖങ്ങള്‍ക്ക് സങ്കീര്‍ണമായ ചികിത്സകള്‍ തന്നെ വേണ്ടി വരും. അത്ര സാധാരണമല്ലെങ്കില്‍ കൂടിയും ഈ രോഗാവസ്ഥകള്‍ അത്ര അപൂര്‍വ്വമല്ല. അവയ്ക്ക് ഇതേ മരുന്നുള്‍പ്പെടെ മാസങ്ങള്‍ നീളുന്ന ചികിത്സ വേണ്ടി വന്നേക്കാം…

മെഡിസിന് ചേരുന്നതിനു മുന്നേ വര പോലിരിക്കുന്ന വിരകളോട് നേരിട്ടുള്ള അനുഭവസമ്പര്‍ക്കം വല്ലപ്പോഴും കഴിച്ചിരുന്ന albendazole ഗുളികകള്‍ മാത്രമായിരുന്നു.

ആദ്യമായി ഞാന്‍ വിരയെ കാണുന്നത് അനാട്ടമി ലാബിലെ കഡാവറിന്റെ കുടലിലാണ്. ഉരുളന്‍വിര എന്ന അസ്കാരിസ്. ഫോര്‍മാലിന്‍ കുടിച്ചു വീര്‍ത്ത് അറ്റന്‍ഷനില്‍ ഏതാണ്ട് ഒരു വലിയ സ്കെയിലിന്‍റെ നീളമുള്ള വിര.

‘ദഹിക്കാത്ത ന്യൂഡിൽസ്‌’ എന്ന്‌ പറഞ്ഞ്‌ ഇംഗ്ലീഷ് സിനിമയിൽ പ്രേതം വരുന്ന ബാക്ക്‌ഗ്രൗണ്ട്‌ മ്യൂസിക്‌ കൊടുത്ത്‌ സർജറി വഴി വലിയൊരു ന്യൂഡിൽസ്‌ ഉണ്ട പുറത്തെടുക്കുന്ന വീഡിയോ കണ്ടതാണല്ലോ? അത്‌ ആഹാരത്തെ വഴി മുടക്കി കുടലിൽ കെട്ടിപ്പിടിച്ചു കിടന്ന വിരസമൂഹമായിരുന്നു. കുറച്ച്‌ പേർക്കെങ്കിലും ഇത്‌ അറിഞ്ഞതോടെ ന്യൂഡിൽസ്‌ തീറ്റ മുടങ്ങിയ സ്‌ഥിതിക്ക്‌ ഇന്ന്‌ മുതൽ ചപ്പാത്തി കഴിച്ചു തുടങ്ങുമെന്ന്‌ പ്രതീക്ഷിക്കുന്നു.

Ascaris lumbricoides എന്ന വിര മനുഷ്യരില്‍ കാണപ്പെടുന്ന ഏറ്റവും വലിയ വിരകളില്‍ ഒന്നാണ്.

മനുഷ്യരില്‍ പെണ്ണിന് നാക്കിനു മാത്രമായിട്ടാണ് നീളം കൂടുതലെങ്കില്‍, ഈ വിരകളില്‍ പെണ്ണിന് മൊത്തത്തില്‍ ആണിനെക്കാള്‍ നീളം കൂടുതലാണ്.

ഈ പെണ്ണുമ്പിള്ള ഒരു ദിവസം ഏതാണ്ട് രണ്ടു ലക്ഷം മുട്ടയിടും. അത്യാവശ്യം വിരശല്യമുള്ള ഒരു കുട്ടിയുടെ കുടലില്‍ ആണും പെണ്ണുമായി അഞ്ഞൂറിലേറെ വിരകള്‍ ഉണ്ടാകാം എന്നിരിക്കെയാണ് ഈ മുട്ടക്കൂട്ടത്തിന്‍റെ ഞെട്ടിക്കുന്ന ജനസംഖ്യ !

ഈ മുട്ടകള്‍ മലത്തിലൂടെ പുറത്ത് വരുന്നു, കുഞ്ഞാവ പോട്ടിയില്‍ അപ്പിയിടുന്നു, കുഞ്ഞമ്മ തെങ്ങിന്‍കുഴിയില്‍ കൊണ്ടിടുന്നു, അവിടുന്ന് മുട്ട പറന്നുവന്നു ഭക്ഷണത്തില്‍ ഇരിക്കാം (ദ മുട്ട റിട്ടേന്‍സ്) അല്ലെങ്കില്‍, മണ്ണില്‍ കലര്‍ന്ന് കുഞ്ഞുങ്ങളുടെ നഖം വഴി ഭക്ഷണത്തിലൂടെ തിരിച്ചു വയറ്റില്‍ എത്താം, അതുമല്ലെങ്കില്‍ അപൂര്‍വ്വമായി കുടിവെള്ളം വഴിയും തിരിച്ചു ശരീരത്തില്‍ എത്താം.

എത്തിയാല്‍ നേരെ അങ്ങ് വയറ്റില്‍ ചെന്ന് വിരിഞ്ഞു ലാര്‍വയായി റസ്റ്റ്‌ എടുക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. വിരകള്‍ ഇഴയാന്‍ പഠിച്ച കുഞ്ഞുവാവയെ പോലെയാണ്. ഒരു സെക്കന്റ് അടങ്ങി ഇരിക്കില്ല. ദോഷം പറയരുതല്ലോ, ചാന്‍സ് കിട്ടിയാല്‍ കുടല്‍,കരള്‍, ശ്വാസകോശം എന്ന് വേണ്ട മൂക്കിലും വായിലും വരെ കയറി വരും. അത്രയേറെ വിരകളെ വെച്ച് പൊറുപ്പിക്കാതെ സമയാസമയം വിരയിളക്കുന്നത് കൊണ്ടാണ് ഇത്ര ഭീകരമായ വേര്‍ഷന്‍ കാണേണ്ടി വരാത്തത്.

ഇവരുണ്ടാക്കുന്ന പ്രധാനപ്രശ്നങ്ങള്‍ മേല്‍പ്പറഞ്ഞവ തന്നെയാണ് (വളര്‍ച്ചക്കുറവ്, വിളര്‍ച്ച പോലുള്ളവ). അതിനു പുറമേ അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ അസ്കാരിസിനു മുഖ്യപങ്കുണ്ട്. കൂടാതെ, വിരകള്‍ മറ്റു ശരീരഭാഗങ്ങളെ കൂടി കീഴടക്കുന്നതിനു അനുസരിച്ച് ന്യൂമോണിയ പോലുള്ള സങ്കീര്‍ണമായ രോഗാവസ്ഥകള്‍ പോലും ഉണ്ടാകാം.

പിന്നെ, ഞങ്ങള്‍ ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ ഇരിക്കുന്നവരല്ലേ എന്നൊരു ചോദ്യം നിലനില്‍ക്കുന്നു. ചികിത്സക്ക് തന്നെ രണ്ടു രീതിയുണ്ട്- preventive and curative. അതായത് പ്രതിരോധചികിത്സയും ശമനചികിത്സയും. വലിയ രീതിയില്‍ രക്തനഷ്ടവും ആരോഗ്യക്കുറവും വളരേണ്ട പ്രായത്തില്‍ വളരാന്‍ കഴിയാതെ പോകുന്ന അവസ്ഥയുമെല്ലാം സൃഷ്ടിക്കുന്ന വിരകളെ ഓടിച്ചിട്ട് പിടിച്ചു ഞെക്കിക്കൊല്ലാന്‍ തല്‍ക്കാലം നിര്‍വ്വാഹമില്ല. പകരം, ആറുമാസത്തില്‍ ഒരിക്കല്‍ (ചിലരുടെ കാര്യത്തില്‍ ഡോക്റ്ററുടെ നിര്‍ദേശപ്രകാരം ഇതില്‍ കൂടുതലും വേണ്ടി വന്നേക്കാം) വിരയിളക്കുന്നത് കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി ചെയ്യുന്ന വലിയൊരു ഉപകാരം തന്നെയായിരിക്കും. ഇതിനു വേണ്ടി തന്നെയാണ് സര്‍ക്കാര്‍ തലത്തില്‍ ‘ദേശീയ വിരവിമുക്‌തദിനം’ ആചരിക്കപ്പെട്ടതും.

‘വെറുതെ കിട്ടിയതൊന്നും കഴിക്കണ്ട’ എന്ന് അമ്മമാര്‍ പറഞ്ഞെന്നു പറഞ്ഞു വരുന്ന രോഗികളായ കുട്ടികളെ കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നാറുണ്ട്. എന്തിനും ഏതിനും സൗജന്യം നോക്കിയിരുന്ന മലയാളി ഇപ്പോള്‍ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്കു പോലും സൗജന്യത്തെ സംശയക്കണ്ണ്‍ കൊണ്ട് നോക്കി തുടങ്ങിയിരിക്കുന്നു. കുത്തിവെപ്പുകളും സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യപദ്ധതികളും ഈ നിരയില്‍ പെട്ടു പോകുന്നത് അത്യന്തം വേദനാജനകമാണ്.

കൂടുതല്‍ അറിയാനുള്ള ശ്രമം നമ്മുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാത്ത ഒരേയൊരു കാരണം കൊണ്ടാണ് പ്രതിരോധത്തോട് ഇത്തരം ഒരു നിലപാട് ഉണ്ടാകുന്നത്. വിരയുള്ള എല്ലാ കുട്ടിയും മെഡിക്കല്‍ ഒപിയില്‍ എത്തിപ്പെടണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല.. മേല്‍ പറഞ്ഞ രണ്ടു ലക്ഷം മുട്ടയില്‍ ഒന്ന് മതി ജീവിതം മാറാന്‍ !

രണ്ടു വയസ്സിനു മുന്‍പ് പകുതിയും രണ്ടു വയസ്സിനു ശേഷം ഒന്ന് മുഴുവനായും കടിച്ചു മുറിച്ചു തിന്നുന്ന albendazole ഗുളികയ്ക്ക് പ്രത്യേകിച്ചു യാതൊരു പാര്‍ശ്വഫലവുമില്ല. വയറ്റില്‍ വിരയുള്ള കുട്ടികള്‍ക്ക് ഈ വിരകള്‍ ചാകുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ റിയാക്ഷനുകള്‍ ഉണ്ടാകാം(Jarisch Herxheimer like reactions) വയര്‍ സ്തംഭനവും ഓക്കാനവും ഒക്കെ ഇതിന്റെ ഭാഗമാണ്.

‘Prevention is better than cure’ എന്ന് പത്ത് തവണ പറഞ്ഞുറപ്പിക്കേണ്ട രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ഒപിയില്‍ കാണുന്ന അമ്പതു ശതമാനം കുട്ടികള്‍ക്കെങ്കിലും ചെറിയ തോതിലെങ്കിലും പോഷകാഹാരക്കുറവോ വിളര്‍ച്ചയോ ഉണ്ട്. ‘തിന്നുന്നത് ദേഹത്ത് കാണുന്നില്ല’ എന്ന് മിക്ക രക്ഷിതാക്കളും പറയുന്നുമുണ്ട്. ദത്തെടുത്ത മുട്ടക്കുഞ്ഞുങ്ങള്‍ക്കാണ് തിന്നാന്‍ കൊടുക്കുന്നതെന്ന് മദറിനറിയില്ലല്ലോ.

പൊടി പിടിച്ചു കിടക്കുന്ന പച്ചക്കറിയും പഴങ്ങളും കഴുകാതെ ഭക്ഷിക്കുന്നതും ഉരുളന്‍വിര ശല്യമുണ്ടാക്കാം. പൊതുസ്ഥലങ്ങളില്‍ വിസര്‍ജ്ജിക്കുന്ന ശീലം മലയാളികള്‍ക്ക് പൊതുവേ ഇല്ലാത്തതു കൊണ്ട് ആ ഭീഷണി ഭാഗികമാണ്. എന്നാല്‍ worm load അധികമായ വടക്കന്‍ സംസ്ഥാനങ്ങളിലെ അവസ്ഥക്ക് പ്രധാനകാരണം ഈ വൃത്തിക്കുറവ് തന്നെ.

കൃമി(Enterobius vermicularis)

‘നിനക്കിതു എന്തിന്‍റെ കൃമികടിയാ’ എന്ന ‘അര്‍ത്ഥഗര്‍ഭമായ’ പ്രയോഗം കേട്ട് മനം കുളിര്‍ക്കാത്തവര്‍ ആരുണ്ട്‌ ! സത്യത്തില്‍ എന്താകാം അങ്ങനെയൊരു പ്രയോഗത്തിനു പിന്നില്‍ എന്ന് മനസ്സ് ശാന്തമാക്കി ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

കൃമിശല്യം ഉണ്ടായിട്ടില്ലാത്തവര്‍ അപൂര്‍വ്വമായിരിക്കും, അത്രയേറെ അസ്വസ്ഥതാജനകമായ ഒരു അവസ്ഥയാണിത് എന്ന് പറയേണ്ടതില്ലല്ലോ.. മണ്ണില്‍ കളിക്കുന്ന ചെറിയ കുട്ടികളില്‍ ആണിത് കൂടുതലായി ഉണ്ടാവുക. എന്നാല്‍, കുട്ടികള്‍ വഴി വീട്ടിലുള്ള സര്‍വ്വര്‍ക്കും എളുപ്പത്തില്‍ പകരുന്ന ഒന്ന് കൂടിയാണ് കൃമിശല്യം. വിരകള്‍ ഉണ്ടാക്കുന്ന സാധാരണ ബുദ്ധിമുട്ടുകള്‍ക്ക് പുറമേ, മലദ്വാരത്തിനു ചുറ്റും ഇവയുണ്ടാക്കുന്ന ദുസ്സഹനീയമായ ചൊറിച്ചില്‍ ആണ് പ്രധാനലക്ഷണം. രാത്രിയാകുമ്പോള്‍ മുട്ടയിടാന്‍ വേണ്ടി ഇറങ്ങുന്ന മദര്‍ ഓഫ് കൃമിയാണ് ഇതിനു പിന്നില്‍.

രാത്രിയില്‍ നിര്‍ത്താതെ കരയുന്ന കുഞ്ഞുങ്ങളുടെ മലദ്വാരത്തിനു ചുറ്റും നഗ്നനേത്രങ്ങള്‍ കൊണ്ട് പോലും ഇവയെ കാണാന്‍ സാധിക്കും. വെളുത്ത കുഞ്ഞുനൂലുകള്‍ പോലെ ഇവ ഇഴയുന്നത്‌ കാണാം. രാത്രിയില്‍ കുട്ടികള്‍ ആ ഭാഗത്ത് വല്ലാതെ ചൊറിയുന്നതിനും ചിലര്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിനും (എല്ലായെപ്പോഴും കിടക്കയില്‍ മൂത്രമൊഴിക്കുന്നത് കൃമിശല്യം കൊണ്ടല്ല) പ്രധാനകാരണം കൃമികളാണ്.

കുഞ്ഞുങ്ങളുടെ ഉറക്കം ശരിയാകാത്തതിന് പല കാരണങ്ങള്‍ ഉണ്ടാകാം. ഉദാഹരണത്തിന്, അതിശൈത്യമോ/ചൂടോ, പ്രാണികള്‍ കടിക്കുന്നത്, ചെവിവേദന, വയറുവേദന തുടങ്ങിയവ. എന്നാലും കൃമിശല്യം എന്ന സാധ്യത മനസ്സിലുണ്ടാകണം.

രാത്രിയില്‍ കൃമി മമ്മി ഇട്ടു വെക്കുന്ന മുട്ടകള്‍ ചൊറിയുന്ന കുഞ്ഞിന്‍റെ നഖങ്ങള്‍ക്കിടയില്‍ പോകാം. അവ തിരിച്ചു അവരുടെ വയറ്റിലേക്ക് തന്നെ ഭക്ഷണത്തിലൂടെ പകരാം, രാത്രിയില്‍ വസ്ത്രം ധരിക്കാതെ ഉറങ്ങുന്ന കുട്ടി വഴി മുട്ടകള്‍ കിടക്കവിരിയില്‍ വീഴാം, വായു വഴി പറന്ന് അടുത്ത് വായ പൊളിച്ച് കിടക്കുന്ന കൊച്ചിന്‍റെ അച്ഛന്‍റെ വായില്‍ വീഴാം എന്ന് തുടങ്ങി, കൃമിമുട്ടക്ക് അനന്തമായ കരിയര്‍ ഓപ്ഷനുകള്‍ ഉണ്ട്. എങ്ങനെ പോയാലും വീട്ടുകാര്‍ക്ക് കോളാണ്.

കിടക്കവിരികള്‍ കൃത്യമായി കഴുകി വെയിലത്തിട്ടു ഉണക്കണം. കൂടാതെ, കൃമിശല്യമുള്ള കുട്ടികളുടെ അടിവസ്ത്രങ്ങള്‍ ചൂടുവെള്ളത്തില്‍ ഇട്ടു കഴുകുന്നതും വെയിലത്തിട്ടു ഉണക്കുന്നതും ഗുണം ചെയ്യും. അയഞ്ഞ ട്രൗസര്‍ ധരിപ്പിക്കാതെ അവരെ ഉറങ്ങാന്‍ സമ്മതിക്കരുത്.

കൃമിമുട്ട കൃമിയായി മാറുന്നത് ചെറുകുടലിന്റേയും വന്‍കുടലിന്‍റെയും വിവിധഭാഗങ്ങളില്‍ വെച്ചാണ്. കൃമികള്‍ മൂത്രനാളിയിലോ സമീപ അവയവങ്ങളിലോ എത്തിപ്പെടുന്നത് വിവിധ അസുഖങ്ങള്‍ക്ക് വഴി വെക്കാം. അത് പോലെ തന്നെ, ആര്‍ത്തവാരംഭത്തിലുള്ള കൃമിശല്യം പലപ്പോഴും പൂപ്പല്‍ബാധയായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം(candidiasis). യഥാസമയം ചികിത്സ തേടേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ക്ക് സ്ഥിരമായുണ്ടാകുന്ന വിരശല്യം ചികില്‍സിക്കാതിരുന്നാല്‍ വിളര്‍ച്ചയോടെ തന്നെ അവര്‍ കൗമാരം കടന്നു യൗവ്വനത്തില്‍ എത്തും. രക്തക്കുറവുള്ള ശരീരവുമായി ഗര്‍ഭിണിയാകുമ്പോള്‍ അവള്‍ക്കുണ്ടാകുന്ന കുഞ്ഞിനു ഭാരക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം.

ശ്രദ്ധിക്കേണ്ട കാര്യം, കുട്ടിക്ക് ‘കൃമിനശീകരണവടകം’.. സോറി.. albendazole കൊടുക്കുമ്പോള്‍ വീട്ടുകാര്‍ കൂടി ഓരോന്ന് കടിച്ചു തിന്നുന്നത് നന്നായിരിക്കും. ഒരു വയസ്സ് മുതല്‍ രണ്ടു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് albendazole 400mg ഗുളികയുടെ പകുതിയും മുതിര്‍ന്നവര്‍ക്ക് ഒരു മുഴുവന്‍ ഗുളികയും കടിച്ചു ചവച്ചു തിന്നാവുന്നതാണ്.

പഞ്ചസാര7 കഴിച്ചാല്‍ കൃമി കൂടും എന്നത് തികച്ചും അന്ധവിശ്വാസമാണ്. Enterobius vermicularis എന്ന ഈ ചൊറിയന്‍ ജന്തുവിന് അങ്ങനെ യാതൊരു ദുശ്ശീലവുമില്ല. അവയുടെ ജീവിതചക്രത്തില്‍ മധുരത്തിന് പ്രസക്തിയുമില്ല..

കഴിഞ്ഞ വര്‍ഷം ‘വിരവിമുക്തദിനം’ നടത്തിയിട്ടും ഗുളിക തിന്നാന്‍ വിട്ടു പോയവര്‍/ വല്ലവരുടെയും വാക്ക് കേട്ട് തിന്നാതിരുന്നവര്‍/ തിന്നാന്‍ സൗകര്യമില്ല എന്ന് പറഞ്ഞു ഒറ്റക്കാലില്‍ നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ ദയവു ചെയ്തു ഇനിയെങ്കിലും ഓരോന്ന് മേടിച്ചു സേവിക്കുക..

ഫെബ്രുവരി 10, 2017 നമ്മള്‍ വീണ്ടും ‘വിരവിമുക്തദിനം’ ആയി ആചരിക്കുകയാണ്. സ്കൂളുകളില്‍ ഉച്ചഭക്ഷണശേഷം വിതരണം ചെയ്യപ്പെടുന്ന വിരഗുളികകള്‍ കഴിക്കാന്‍ കുഞ്ഞുങ്ങളോട് പറയുക. അംഗനവാടികളിലൂടെയും ഈ ഗുളിക നൽകപ്പെടുന്നുണ്ട്‌. ഒരു വയസ്സ്‌ തികഞ്ഞ എല്ലാ കുട്ടികൾക്കും albendazole നൽകണം. എങ്ങനെയാണ് ഗുളിക കഴിക്കേണ്ടത്?

1 മുതൽ 2 വയസ്സുവരെയുള്ള കുട്ടികൾക്ക് പകുതി ഗുളിക (200mg) ഒരു ടേബിൾ സ്പൂൺ തിളപ്പിച്ചാറിയ വെള്ളത്തിൽ അലിയിച്ചാണ് നൽകേണ്ടത്. 2 വയസ്സു മുതൽ 19 വയസ്സുവരെ ഒരു ഗുളിക ( 400mg) ഉച്ച ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ്സ് തിളപ്പിച്ചാറിയ വെളളത്തോടൊപ്പം ചവച്ചരച്ച് കഴിക്കേണ്ടതാണ്.

ദുഷ്പ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. വിളര്‍ച്ച തടയാവുന്നതാണ്. തടയേണ്ടതാണ്. തടയുന്നത് നിങ്ങളുടെ കുഞ്ഞിനോളം തന്നെ വിലപ്പെട്ടതാണ്‌. ഫെബ്രുവരി 10 ന്‌ ഗുളിക കഴിക്കാൻ സാധിക്കാത്തവർ സമ്പൂർണ്ണ വിര വിമുക്ത ദിനമായ ഫെബ്രുവരി 15 ന് തീർച്ചയായും കഴിക്കേണ്ടതാണ്

ഓര്‍ക്കുക… വിളര്‍ച്ചയില്ലാത്ത, ആവശ്യത്തിനു വളര്‍ച്ചയും ആരോഗ്യവുമുള്ള, ബുദ്ധിയുള്ള വ്യക്തിയാകാനുള്ള അവകാശം നമ്മുടെ കുഞ്ഞുങ്ങള്‍ക്കുണ്ട്.. അതിനു തടസം നില്‍ക്കാന്‍ നമ്മള്‍ ആളല്ല.. ആളാവാന്‍ പാടുമില്ല !

ലേഖകർ
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
ആരോഗ്യ അവബോധം

95 ലേഖനങ്ങൾ

പൊതുജനാരോഗ്യം

64 ലേഖനങ്ങൾ

കിംവദന്തികൾ

44 ലേഖനങ്ങൾ

Hoax

39 ലേഖനങ്ങൾ

Medicine

39 ലേഖനങ്ങൾ

ശിശുപരിപാലനം

37 ലേഖനങ്ങൾ

Infectious Diseases

35 ലേഖനങ്ങൾ

Pediatrics

33 ലേഖനങ്ങൾ

Life Style

28 ലേഖനങ്ങൾ

Preventive Medicine

26 ലേഖനങ്ങൾ