· 7 മിനിറ്റ് വായന

ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍

ParentingPediatricsPsychiatryഅംഗപരിമിതർശിശുപരിപാലനം

“Case-1, Donald T.”

അല്ല…ഇതമേരിക്കന് പ്രസിഡന്റിനെപ്പറ്റിയല്ല…! ഇതു മറ്റൊരു Donald T!!

കൃത്യമായിപ്പറഞ്ഞാല് ഡോണ് എന്ന ഡൊണാള്ഡ് ഗ്രേ ട്രിപ്ലറ്റ് (Donald Gray Triplett)

🍁ഓട്ടിസത്തിന്റെ ജനനം – ഒരു ഫ്ളാഷ് ബാക്ക്🍁

1938 ലെ ഒരൊക്ടോബര് മാസം. ശരത്കാലം മഞ്ഞയുടെയും ഓറഞ്ചിന്റെയും ഷേഡുകളില് മായാജാലം കാണിച്ചു ചിരിക്കുകയാണ്. പക്ഷേ ഡോക്ടര്കാന്നറിന്റെ കണ്സള്ട്ടേഷന് മുറിക്കകത്തും അദ്ദേഹത്തിന്റെ മുഖത്തും ”ഡോണ്” എന്ന ശിശിരം വന്നെത്തിയിരിക്കുന്നു. തന്റെ മുന്നിലിരിക്കുന്ന അഞ്ചു വയസ്സുകാരന്റെ രീതികള് ഡോക്ടര് കാന്നറെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. ഡോണിനു schizophrenia ആണെന്ന് സമ്മതിക്കാന് അദ്ദേഹത്തിനു ബുദ്ധിമുട്ട് തോന്നി.

1933 സെപ്റ്റംബറില് അമേരിക്കയിലെ മിസിസ്സിപ്പിയിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഡോണിന്റെ ജനനം. എത്ര കൊഞ്ചിച്ചാലും യാതൊരു പ്രതികരണവുമില്ലാതെയിരിക്കുന്ന തങ്ങളുടെ കുഞ്ഞിനുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തു മാതാപിതാക്കള്. “ക്രൈസാന്തിമം”, “ട്രംപറ്റ് വൈന്” എന്നീ വാക്കുകള്ആവര്ത്തിച്ചു പറഞ്ഞു തന്റെ സ്വന്തം ലോകത്ത് ഒതുങ്ങിക്കൂടിയ ഡോണിന് “childhood schizophrenia” ആണെന്നു വിധിച്ചു ഡോക്ടര്മാര്. മറ്റുള്ളവരുമായുള്ള വിനിമയശേഷി കുറവായിരുന്നെങ്കിലും ചില പ്രത്യേക വസ്തുക്കളോടുള്ള താല്പര്യത്തിലും ഓര്മ്മശക്തിയിലും മുന്നിട്ടുനിന്നിരുന്നു ഡോണ്.

കൊച്ചു ഡോണിനെ, മൂന്നാം വയസ്സില്, അക്കാലത്തെ രീതിയനുസരിച്ച് ഭിന്നരീതിക്കാരായവര്ക്കു വേണ്ടി സ്റ്റേറ്റ് നടത്തുന്ന സ്ഥാപനത്തില് താമസിപ്പിച്ചു!ഒരു വര്ഷത്തിനു ശേഷം വീട്ടുകാര് തന്നെ തീരുമാനമെടുത്ത് തിരിച്ചു കൊണ്ടുവരികയും ചെയ്തു. പിന്നെയും ഒരു വര്ഷം കഴിഞ്ഞാണ് ബാള്ട്ടിമോറിലെയാ മിടുക്കന് സൈക്യാട്രിസ്റ്റിനെപ്പറ്റി അവരറിഞ്ഞത്.

ഡോണിനെ പല തവണ നിരീക്ഷണത്തിനു വിധേയനാക്കിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് അതേ രീതിക്കാരായ പത്തോളം മറ്റു കുട്ടികളെക്കൂടി തിരിച്ചറിഞ്ഞു. അതേ വര്ഷം “Autistic Disturbances of Affective Contact” എന്ന ഒരു പ്രബന്ധവും അദ്ദേഹം പുറത്തിറക്കി. ഓട്ടിസം സ്പെക്ട്രം ഡിസോര്ഡര്(എ.എസ്.ഡി.) എന്ന ഔദ്യോഗികനാമമുള്ള ഓട്ടിസത്തിന്റെ അടിസ്ഥാന ലക്ഷണങ്ങളെക്കുറിച്ചുള്ള ആദ്യത്തെ രൂപരേഖയായിരുന്നു ആ പ്രബന്ധം. ഡോണല്ഡ് ഗ്രേ ട്രിപ്പ്‌ലറ്റ് എന്ന നമ്മുടെ കൊച്ചു ഡോണിനെപ്പറ്റിയായിരുന്നു “Case-1 Donald T” എന്ന തലക്കെട്ടില് പ്രതിപാദിച്ചത്!!

ഡോണായിരുന്നു ലോകത്തിലാദ്യമായി മസ്തിഷ്ക/നാഡീകോശ വികാസത്തകരാറുകളിലൊന്നായ ഓട്ടിസമെന്ന ആധികാരികമായ diagnosis ലഭിച്ച വ്യക്തി!!! ലിയോ കാന്നര് എന്ന ഡോക്ടര് കാന്നറിന്റെ പേരിലാണ് “കാന്നെറിസം”(Kannerism)എന്ന പേരില് പില്ക്കാലത്ത് ഓട്ടിസം ഖ്യാതി നേടിയത്.

🍁കുഞ്ഞു ഡോണിനെന്തു സംഭവിച്ചു? 🍁

1944 ല് ഡോക്ടറുടെ നിര്ദ്ദേശമനുസരിച്ച് വീട്ടുകാര് ഡോണിനെ ഫാംഹൌസ് നടത്തുന്ന ഒരു ദമ്പതികളുടെ കൂടെ താമസിപ്പിച്ചു. കൃഷിക്കളത്തിലെ കണക്കെടുപ്പുകള്ക്കും മറ്റും മിടുക്കനായിത്തീര്ന്നു ഡോണ്. ഇതിനിടെ റുമാറ്റോയ്ഡ് ആര്ത്രൈറ്റിസ് ബാധിച്ച് വീട്ടില് തിരിച്ചു പോകേണ്ടി വന്നു ഡോണിന്. നാട്ടിലെ വിദ്യാലയത്തില് പോയിത്തുടങ്ങിയ ഡോണ് പിന്നീട് ഫ്രഞ്ച് ഭാഷയില് ഡിഗ്രി നേടുകയും മാതാവിന്റെ കുടുംബം തുടങ്ങി വച്ച ബാങ്കില് ജോലി ചെയ്യുകയും ചെയ്തു. ഇരുപത്തേഴാം വയസ്സില് ഡ്രൈവിംഗ് ലൈസന്സ് നേടിയ ഡോണിനു യാത്രകളും പ്രിയപ്പെട്ടതായിരുന്നു. ആദ്യകാല ലക്ഷണങ്ങളധികവും നിലനിന്നിട്ടും യൂറോപ്പും ലിബിയയും ഈജിപ്റ്റും എന്നു വേണ്ട ഡോണ് പോകാത്ത രാജ്യങ്ങളുണ്ടാവില്ല! നല്ലൊരു ഗോള്ഫ് കളിക്കാരനും കൂടിയായിരുന്നു അദ്ദേഹം.

ആദ്യത്തെ ഓട്ടിസം സ്പെക്ട്രം ഡിസോര്ഡര് കുട്ടിക്ക് അന്നത്തെ സാഹചര്യത്തില്ഇത്രയെല്ലാം ആയിത്തീരാമെങ്കില് എണ്പതിലൊരാള്ക്ക് എന്ന രീതിയില് രണ്ടു മുതല് എട്ടു വയസ്സു വരെയുള്ളവരില് ഓട്ടിസം സ്പെക്ട്രം ഡിസോര്ഡര്നിര്ണ്ണയിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത ഇന്നും ഇവരെ തളര്ത്തുന്നതെന്തായിരിക്കും?

മറ്റു മാനസിക ശാരീരിക അസുഖങ്ങളോ ബുദ്ധിക്കുറവോ തിരിച്ചറിയുകയും സമയാസമയം വേണ്ടരീതിയിലുള്ള ശാസ്ത്രീയചികിത്സ നല്കുകയും അവരുടെ അവകാശങ്ങള് സംരക്ഷിക്കുകയും ഓട്ടിസം സ്പെക്ട്രം ഡിസോര്ഡറിനെപ്പറ്റി സമൂഹത്തിലുള്ള വികലധാരണകള് തിരുത്തുകയും ചെയ്‌താല് ഇക്കൂട്ടരുടെ ജീവിതനിലവാരം ഒട്ടൊക്കെ മെച്ചപ്പെടുത്താനാവും നമുക്ക്. കേരളത്തിലാകട്ടെ ഒരിരുപതുവര്ഷം മുന്പുവരെ ഓട്ടിസത്തെപ്പറ്റി അധികമാരും കേട്ടിരിക്കാനിടയില്ല. ഈ നൂറ്റാണ്ടില് ഏറ്റവും ജനശ്രദ്ധയാകര്ഷിച്ച മസ്തിഷ്ക വികാസത്തകരാറുകളിലൊന്നാണ് എ.എസ്.ഡി.

എ.എസ്.ഡി.യെക്കുറിച്ചു കൂടുതലറിയാം……

🍁നാടോടിക്കഥകളിലെ ഓട്ടിസം🍁

ഒരു ഐറിഷ് കഥയാണിത്…ചുരുക്കിപ്പറയാം!

ഒരു “ഹാപ്പിലി എവറാഫ്റ്റര്” ഐറിഷ് ദമ്പതികള്ക്ക് ഒരുണ്ണി പിറക്കുന്നു. സ്വാഭാവികമായും അവരുടെ സന്തോഷം ഇരട്ടിക്കുന്നു. തുടുത്തുരുണ്ട കുഞ്ഞിന്റെ കളിയും ചിരിയുമായി അവരുടെ ദിനങ്ങള് സുഖസുന്ദരമായി മുന്നോട്ടു പോകുകയാണ്. അതിനിടയിലൊരു ദിവസം കുഞ്ഞിനെന്തോ മാറ്റം കാണുന്നു. തങ്ങളുടെ കുഞ്ഞിന്റെ രൂപത്തിലും ആരോഗ്യത്തിലും പ്രതികരണശേഷിയിലും കൊഞ്ചലിലും പെരുമാറ്റത്തിലും പൊടുന്നനെ വന്ന മാറ്റം മൂലം അച്ഛനമ്മമാര്ആകെ തകര്ന്നു പോകുന്നു. ഗ്രാമമുഖ്യനും പുരോഹിതനും രംഗത്തെത്തുന്നു. സംഭവത്തിന്റെ പുറകിലെ രഹസ്യം അനാവൃതമാകുന്നു. സംഭവമെന്തെന്നാല്ഫെയറികള്ക്ക് (fairy) മനുഷ്യക്കുഞ്ഞുങ്ങളോട് താല്പര്യം കൂടുതലാണ്. അവരുടെ കുഞ്ഞുങ്ങള് മനുഷ്യ ശിശുക്കളെപ്പോലെ ഓമനത്തമുള്ളവരല്ലത്രെ! അതുകൊണ്ടവര് മനുഷ്യക്കുഞ്ഞുങ്ങളെ മോഷ്ടിക്കുകയും പകരം വിചിത്രരീതിക്കാരായ തങ്ങളുടെ കുഞ്ഞുങ്ങളെ തൊട്ടിലില് വച്ചു പോകുകയും ചെയ്യുന്നു. ഇങ്ങനെ പകരം വച്ചുപോകുന്ന കുഞ്ഞുങ്ങളാകട്ടെ മറ്റുകുഞ്ഞുങ്ങളില്നിന്ന് വല്ലാതെ വ്യത്യസ്‌ഥരായിരിക്കും പോലും! ഓമനിച്ചാല് തിരിച്ചൊരു പ്രതികരണവുമില്ലാത്ത,യാതൊരു വികാരവും പ്രകടിപ്പിക്കാത്ത, സംസാരശേഷിയില്ലാത്ത, വെറുതെ അലറിക്കരയുന്ന, കാഴ്ചക്കും വ്യത്യാസങ്ങള്പുലര്ത്തുന്ന ഈ കുഞ്ഞുങ്ങള് അച്ഛനമ്മമാര്ക്കു തീരാദുഖമായിത്തീരുമത്രെ! “ചേഞ്ച്‌ലിങ്ങുകള്”(change lings) എന്നറിയപ്പെടുന്ന ഇത്തരം കുട്ടികളുള്ള കുടുംബത്തില് ദാരിദ്ര്യം വരുമെന്നാണ് വിശ്വാസം. എന്നാല് ഗ്രാമപ്രധാനികള്അനുശാസിക്കുന്നത് കുഞ്ഞിനെ ഏറ്റവും നല്ലരീതിയില് സംരക്ഷിക്കാനാണ്. എങ്കിലേ അതേ സംരക്ഷണം തട്ടിക്കൊണ്ടു പോയ മനുഷ്യക്കുഞ്ഞിനും ഫെയറികള് നല്കൂ പോലും. എങ്ങോ പൊയ് പോയ തങ്ങളുടെ കുഞ്ഞിന്റെ നന്മയ്ക്കായി അച്ഛനമ്മമാര് ഇങ്ങനെ മാറിക്കിട്ടിയ ചേഞ്ച്‌ലിങ്ങിനെ പൊന്നുപോലെ സംരക്ഷിക്കുന്നു….ശുഭം!

1943ല് അമേരിക്കയിലിരുന്നു ലിയോ കാന്നെറും, ആസ്ട്രിയയിലിരുന്നു ഹാന്സ് ആസ്പെര്ജെറും ഓട്ടിസത്തിന്റെ വിവിധരീതികളുടെ ശാസ്ത്രീയ വിവരണങ്ങള്നല്കുന്നതിനും, ‘എം.എം.ആര്‘ വാക്സിന് ആരോപണവിധേയമാകുന്നതിനും വളരെവളരെ വര്ഷങ്ങള്ക്കുമുന്നേതന്നേ ഈ ചേഞ്ച്‌ലിംഗ് കഥ നിലവിലുണ്ടായിരുന്നു. ഒരു കുടുംബവും ഗ്രാമവും ഓട്ടിസം സ്പെക്ട്രം ഡിസോര്ഡറിനെ ചെറുതാനയനുസ്മരിപ്പിക്കുന്ന ഒരവസ്ഥയെ എങ്ങനെ നേരിടുന്നു എന്ന് ഈ കഥയില് നമുക്കു കാണാം. പ്രശ്നത്തിന്റെ കാരണത്തെക്കാളുപരി അതു കൈകാര്യം ചെയ്യുന്ന രീതിയാണിവിടെ ഏറെയാകര്ഷണീയം.

🍁ചില പൊതുകാര്യങ്ങള്‍🍁

എ.എസ്.ഡി. ഒരു മസ്തിഷ്ക വികാസത്തകരാറാണെന്നു പറഞ്ഞല്ലോ. ഇവയുടെ ലക്ഷണങ്ങള് വളരെ ചെറുപ്പത്തില് തന്നെ കാണാന് തുടങ്ങും; മാത്രമല്ല ബാധിക്കപ്പെട്ട വ്യക്തിയുടെ ആജീവനാന്ത സഹാചാരികളുമായിരിക്കുമിവ. പൂര്ണ്ണമായി മാറ്റിത്തരാം എന്ന വാഗ്ദാനങ്ങളിലും പരസ്യങ്ങളിലും മയങ്ങി വഞ്ചിതരാവാതിരിക്കുക. ഇന്നു നിലവിലുള്ള ഒരു ചികിത്സയ്ക്കും ഇവയുടെ കാതലായ ലക്ഷണങ്ങള്ക്ക് ശമനമുണ്ടാക്കാനാവില്ല. പക്ഷെ ശാസ്ത്രീയമായി നല്കുന്ന പരിശീലനങ്ങള്ക്കും ബിഹേവിയര് തെറപി പോലുള്ള മനശ്ശാസ്ത്രചികിത്സകള്ക്കും രോഗലക്ഷണങ്ങളുടെ രൂക്ഷതയെ നേര്പ്പിക്കാനും കൂടുതല് സങ്കീര്ണ്ണ പ്രശ്നങ്ങളിലേക്കവ മുന്നേറുന്നത് തടയാനുമാകും. ഈ ഇടപെടലുകളെല്ലാം എത്ര നേരത്തേ തുടങ്ങാമോ അത്രയും നല്ല ഫലങ്ങളായിരിക്കും ലഭിക്കുന്നത്. ജനിതകഘടകങ്ങളുടെ സ്വാധീനം ഏറെയുള്ളതിനാല് പാരമ്പര്യമായി കാണപ്പെടാനുള്ള സാധ്യതയും ഏറെയാണ്‌. അടിസ്ഥാനപരമായി തലച്ചോറിന്റെ വളര്ച്ചയ്ക്കും വികാസത്തിനുമുണ്ടാകുന്ന തകരാറാണെന്നതിനാല് ഇതേ വിഭാഗത്തില് പെടുന്ന പല രോഗാവസ്ഥകളും ഒരുമിച്ചു കാണപ്പെടുന്നു.

🍁കാതലായ ലക്ഷണങ്ങള്‍🍁

ലക്ഷണങ്ങളുടെ വൈവിധ്യം കൊണ്ട് ചികിത്സകരെ അമ്പരപ്പിക്കുന്ന ഒരു രോഗാവസ്ഥയാണിത്‌ എങ്കിലും രണ്ടുഗണങ്ങളിലായി ഒരുകൂട്ടം സവിശേഷലക്ഷണങ്ങള് എ.എസ്.ഡി. കാഴ്ചവയ്ക്കുന്നു. ആശയവിനിമയ ശേഷിയിലുള്ള തകരാറുകളും സാമൂഹ്യ ഇടപെടലുകള്ക്കുള്ള നിപുണതയില്ലായ്മയും, ചില പ്രത്യേകതരം താല്പര്യങ്ങളും ചലനരിതികളും എന്നിവയാണീ മേഖലകള്! പ്രായമേറും തോറും ഇവരുടെ രിതികളും മാറിമറിയും എന്നതാണ് മറ്റൊരു പ്രത്യേകത.

🔑സാമൂഹ്യനിപുണതകളും ആശയവിനിമയശേഷിയും🔑

പ്രായാനുസൃതമായ സാമൂഹ്യസ്വഭാവം ഇവര് കാണിക്കുകയില്ല. വളരെ തുടക്കത്തിലേ ഇത് വ്യക്തവുമായിരിക്കും. ആദ്യ ആഴ്ചകളില് കുഞ്ഞ് അമ്മയുടെ കണ്ണുകളിലേക്കു നോക്കുന്നില്ല എങ്കില്, ആരെക്കണ്ടാലും മനം മയക്കുന്ന കുഞ്ഞുപുഞ്ചിരി വിതറുന്നില്ല എങ്കില് എ.എസ്.ഡി. സംശയിക്കാം. മാസങ്ങള്പോകും തോറും ഇവ കൂടുതല് വ്യക്തമായി വരും. അടുപ്പമുള്ളവരെക്കാണുമ്പോള്“എന്നെ എടുക്കൂ” എന്ന ക്ഷണം പോലെ ഇരുകൈകളും നീട്ടിപ്പിടിക്കുന്നതും ഇത്തരക്കാരില് കുറവായിരിക്കും.

വളരുമ്പോള് കൂട്ടുകൂടി കളിക്കാനും സാങ്കല്പിക കളികളില് ഏര്പ്പെടാനും ഇവര്ക്കാകില്ല. ചോറുംകറിയും വച്ചു കളിക്കുന്നതിന്റെ സങ്കീര്ണ്ണത അവരുടെ തലച്ചോറിനു താങ്ങാനാവില്ല. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കാണുമ്പോള് സാധാരണ കുട്ടികള് കാണിക്കുന്ന സന്തോഷമോ തിമര്പ്പോ അപരിചിതരെ കാണുമ്പോള് ഭയമോ ഒന്നും ഇവരിലുണ്ടാകണമെന്നില്ല.

അടുപ്പമില്ലായ്മയല്ല മറിച്ച് ആത്മബന്ധങ്ങളോട് ഒരുതരം അസാധാരണ പ്രകടനങ്ങളാണ് ഇവരുടേത്. മുഖത്തുനോക്കാതെ അച്ഛന്റെയോ അമ്മയുടെയോ ഒരു കയ്യിലോ വസ്ത്രത്തിലോ മാത്രം പിടിച്ചുവലിച്ചു കാര്യങ്ങള് വിനിമയം ചെയ്യാന്ശ്രമിക്കാറുണ്ട് ചിലര്. ആവശ്യമുള്ള വസ്തുവിന്റെ മുന്പില് അമ്മയെ പിടിച്ചുവലിച്ചു കൊണ്ടു വന്നു നിര്ത്തി അലറിക്കരയുന്നവരുമുണ്ട്. പരിചിതമായ ചുറ്റുപാടുകളിലും ചര്യകള് വ്യത്യാസപ്പെട്ടാലും അവര് അസ്വസ്ഥരാകുകയും ചെയ്യും.

പല കുട്ടികളിലും സംസാരശേഷി തുടക്കംമുതലേ ഇല്ലാതെ കാണാറുണ്ട്‌. മറ്റു ചിലരിലാകട്ടെ രണ്ടോ മൂന്നോ വയസ്സുവരെ ആര്ജ്ജിച്ച സംസാരശേഷി കുറഞ്ഞുവരുന്നതായും അപ്പാടെ അപ്രത്യക്ഷമാകുന്നതായും കാണപ്പെടുന്നു. മറ്റുള്ളവരുടെ ശരീരഭാഷയും മുഖഭാവങ്ങളും വിവേചിച്ചറിയാനും ഇവര്ക്കു കഴിവ് കുറവായിരിക്കും. സ്കൂള് പ്രായമാകുമ്പോഴേക്കും കൂട്ടുകാരുടെ ഭാവവ്യത്യാസങ്ങള്കണ്ടറിഞ്ഞു പ്രതികരിക്കാനുള്ള കഴിവില്ലായ്മ മൂലം അവര് തീര്ത്തും ഒറ്റപ്പെട്ടു പോകുകയും ചെയ്യും.

ബൗദ്ധികമായി കാഴ്ച, സ്ഥാനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള അവരുടെ കഴിവുകള് കൂടുതല് ഉയര്ന്നിരിക്കും.

ഇവര് മറ്റുള്ളവരുമായി കൂട്ടുകൂടാന് ആഗ്രഹിക്കുന്നു. എന്നാല് ഇവരുടെ രീതികളുമായി മറ്റു കുട്ടികള്ക്ക് പൊരുത്തപ്പെടാനാവാത്തതുകൊണ്ട് പലപ്പോഴും ഇവര് ഒറ്റപ്പെടുന്നു.

വളരുമ്പോള് പ്രണയം ലൈംഗികവികാരങ്ങള് എന്നിവയും ഇവരില്ഉടലെടുക്കാറുണ്ട്. ചെറുപ്പത്തിലേ നല്ല പരിശീലനം നല്കിയാല് ഇവരുടെ സാമൂഹ്യനിപുണതകളും ആശയവിനിമയശേഷിയും ഒരുപരിധിവരെ മെച്ചപ്പെടുത്തുകയും മെച്ചപ്പെട്ട സാമൂഹ്യബന്ധങ്ങള് ഉണ്ടാക്കാനാകുകയും ചെയ്യും.

🔑അസാധാരണ താല്പര്യങ്ങളും പെരുമാറ്റങ്ങളും ചലനങ്ങളും🔑

ആദ്യവര്ഷത്തില് തന്നെ കളിപ്പാട്ടങ്ങള് ഉപയോഗിക്കുന്നതിലുള്ള പ്രത്യേകതകള്വ്യക്തമാകും. ഒരു പാവയോ കാറോ ഉപയോഗിച്ച് കുട്ടികള് കളിക്കുന്നതില് നിന്നും വ്യത്യസ്തമായി പാവയുടെ കാലിലോലോ കാറിന്റെ ചക്രത്തിലോ ഒക്കെ മാത്രമായിരിക്കും അവരുടെ ശ്രദ്ധ. കാറുരുട്ടിക്കളിക്കാനും മറ്റും മെനക്കെടുകയുമില്ല. പുതിയ കളിപ്പാട്ടങ്ങള് കൊടുത്താല് പലപ്പോഴും താല്പര്യം കാണിക്കാതെ പഴയവ തന്നെ കൈകാര്യം ചെയ്തുകൊണ്ടിരിക്കും.

ചില പ്രത്യേകവസ്തുക്കള് നിരത്തിയോ അടുക്കിയോ വയ്ക്കാനും താല്പര്യം കൂടുതലായിരിക്കും. ചെയ്തതു തന്നെ വീണ്ടും ചെയ്യാന് താല്പര്യപ്പെടുന്ന ഇവര് പുതിയ കളികള് പരീക്ഷിക്കാന് വിമുഖത കാണിക്കും. അവര് നിരത്തിവച്ച സാധനങ്ങള്മറ്റാരെങ്കിലും മാറ്റിയാല് അസ്വസ്ഥരാകുകയും ചെയ്യും.

കറങ്ങുന്ന സാധനങ്ങള്, ചില പ്രത്യേക ശബ്ദങ്ങള്, വെള്ളമൊഴുകുന്നത് മഴപെയ്യുന്നത് ഇങ്ങനെ പലതിനോടും സവിശേഷതാല്പര്യവും കാണിക്കും. നിലത്തുകിടന്നുരുളുക, തലയോ കൈകാലുകളോ കുടയുക, നിര്ത്താതെ ചാടുക, സ്വകാര്യഭാഗങ്ങളെ സ്പര്ശിക്കുകയോ ഉത്തേജിപ്പിക്കുകയോ ചെയ്യുക ശരീരഭാഗങ്ങള് കടിക്കുകയോ മുറിവേല്പ്പിക്കുകയോ ചെയ്യുക എന്നീ രിതികളും കാണാം. ജീവനില്ലാത്ത വസ്തുക്കളോട് അവര് കൂടുതല് അടുപ്പം പ്രകടിപ്പിക്കാം.

🍁എ.എസ്.ഡിയും കൂട്ടുകാരും🍁

അധികം പേരിലും എ.എസ്.ഡി.യുടെ ലക്ഷണങ്ങള് ഒറ്റക്കല്ല മറിച്ച് മറ്റു പല മസ്തിഷ്കവികാസത്തകരാറുകളും രോഗാവസ്ഥകളുമായി കൈകോര്ത്താണ് കാണപ്പെടുന്നത്. ബുദ്ധിമാന്ദ്യമാണ് ഇവയില് പ്രധാനം. കണക്കുകള്സൂചിപ്പിക്കുന്നത്, എ.എസ്.ഡി.യുള്ള കുട്ടികളില് 70 ശതമാനം പേര്ക്കും ബുദ്ധ്ധിക്കുറവുണ്ടെന്നാണ്. വിവിധതരം അപസ്മാരങ്ങളും പിരുപിരുപ്പു കാണിക്കുന്ന അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര് ആക്റ്റിവിറ്റി ഡിസോര്ഡറും (ADHD) വിവിധ തരം ഭാഷാവൈകല്യങ്ങളും ഉത്കണ്ഠ രോഗങ്ങളുമെല്ലാം ഇവരില്സാധാരണയാണ്. മാത്രമല്ല വലിയൊരു ശതമാനത്തിനും കാഴ്ച, കേള്വി, സ്പര്ശം, വേദന, രുചി, ഘ്രാണശേഷി എന്നീ സംവേദനങ്ങള്ക്കും അവയോടുള്ള പ്രതികരണങ്ങള്ക്കും ചെറുതല്ലാത്ത തകരാറുകളുണ്ടാകും.

പെട്ടന്ന് അസ്വസ്ഥരാകുക, ബഹളമുണ്ടാക്കുക, വാശി കാണിക്കുക, തലയിട്ടടിക്കുക എന്നീ രിതികളും സാധാരണമാണ്. ഉറക്കക്കുറവും കണ്ടുവരാറുണ്ട്.

അണുബാധകള് പൊതുവെ കൂടുതലാണിവരില് പ്രത്യേകിച്ചും; ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ടവ. വയറിളക്കവും പുളിച്ചുതേട്ടലും മലബന്ധവുമെല്ലാം സാധാരണമാണ്. ആറു വയസ്സ് വരെ പനിയോടനുബന്ധിച്ചുള്ള അപസ്മാരലക്ഷണങ്ങളും ഇവരില് ധാരാളം കാണുന്നു.

🍁അസാധാരണശേഷികളുള്ളവര്!🍁

ഓട്ടിസത്തെക്കുറിച്ചു പ്രതിപാദിക്കുന്നവരെല്ലാം കൊട്ടിഘോഷിക്കുന്ന ഒരു നിഗമനമാണിത്. വളരെ ചെറിയ ശതമാനം എ.എസ്.ഡി. ബാധിതര്ക്കു മാത്രമേ ഇത്തരം അസാധാരണ ശേഷികള് ഉണ്ടാകാറുള്ളൂ. ഓര്മ്മശക്തി, സംഗീതം ചിത്രരചനാപാടവം തുടങ്ങി വിവിധരംഗങ്ങളില് ഇവര് ശോഭിക്കാറുമുണ്ട്. എന്നാല്എല്ലാ കുട്ടികളും അത്തരത്തിലല്ല. ആദ്യം സൂചിപ്പിച്ച പോലെ ബഹുവിധ ലക്ഷണങ്ങളായാണ് എ.എസ്.ഡി. കാണപ്പെടുന്നത്. ഒരാള് മറ്റൊരാളില് നിന്നും വളരെ വ്യത്യസ്തനാകാം. ബുദ്ധിക്കുറവോ മറ്റസുഖങ്ങളുടെ അകമ്പടിയോ ഉണ്ടെങ്കില് അവരുടെ അവസ്ഥ കൂടുതല് മോശമായിത്തീരും. പൊതുവെ കേള്ക്കുന്ന “ഹൈ ഫങ്ങ്ഷനിംഗ് ഓട്ടിസം”(high functioning autism) എന്നതുകൊണ്ടുദ്ദേശിക്കുന്നത് ബുദ്ധിത്തകരാറുകളില്ലാത്ത ശരാശരി ഐ.ക്യു. ഉള്ള എ.എസ്.ഡി. ബാധിതര് എന്നു മാത്രമാണ്. നാളെക്കു വേണ്ടിയുള്ള തലച്ചോറുമായി ജനിച്ചവര് എന്നെല്ലാം അതിശയോക്തി കലര്ത്തി പറയാമെങ്കിലും ഇന്നില് ജീവിക്കാന് അവര്ക്കു നല്കേണ്ട സഹായങ്ങളാണ് നമുക്കു മുന്നിലുള്ള ഏറ്റവും വലിയ സമസ്യ.

🍁ചികിത്സ-ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍🍁

ഏറ്റവും നേരത്തെ രോഗനിര്ണ്ണയം നടത്താനും വേണ്ട നടപടികള്സ്വീകരിക്കാനും കഴിയുന്നതാണ് ഏറ്റവും നിര്ണ്ണായകമായ കാര്യം.“അവരെ അവരുടെ വഴിക്കു വിട്ടേക്കുക” തുടങ്ങിയ ഉപദേശങ്ങള് കേള്ക്കാന്രസമുണ്ടെങ്കിലും കുഞ്ഞിനു പ്രത്യേകിച്ച് ഗുണമൊന്നുമില്ലാത്ത കാര്യമാണത്. ദീര്ഘകാലാടിസ്ഥാനത്തില് ദോഷകരവും!

വിവിധതരം നിപുണതകള് പരിശീലിപ്പിക്കുന്നതാണ് ചികിത്സയുടെ ആണിക്കല്ല്. കുഞ്ഞിന് എ.എസ്.ഡി. എന്ന അവസ്ഥയുണ്ടോയെന്നു സംശയിക്കുന്ന നിമിഷം തുടങ്ങി വേണ്ട രീതിയിലുള്ള ഇടപെടലുകള് നല്കണം. രോഗനിര്ണ്ണയം പൂര്ത്തിയാകുന്നത് വരെ കാത്തിരുന്നാല് പലപ്പോഴും കതിരിന്മേല് വളം വയ്ക്കുന്ന അവസ്ഥയാകാം.

പൊതുവെ കണ്ടു വരുന്ന പ്രവണത രോഗാവസ്ഥ എ.എസ്.ഡി. അല്ല എന്ന് ആരെങ്കിലും അഭിപ്രായപ്പെടും എന്ന ശുഭപ്രതീക്ഷയില് മാതാപിതാക്കള് നിരവധി ക്ലിനിക്കുകളും ആശുപത്രികളും കയറിയിറങ്ങുന്നതാണ് . യാഥാര്ത്ഥ്യം നിരാകരിക്കാനുള്ള ചോദന മനുഷ്യസഹജമാണെങ്കിലും അത് കുട്ടിക്ക് ദോഷം ചെയ്യും.

🔑സ്പീച്ച് തെറപി, ഒക്യുപേഷനല് തെറപി എന്നിവ എ.എസ്.ഡി. ചികിത്സയുടെ ഒഴിവാക്കാനാവാത്ത ഭാഗമാണ്.

🔑പഠിച്ച കാര്യങ്ങള് ക്ലാസ്മുറിക്കു പുറത്തും പരിശീലിപ്പിച്ചു കൊണ്ടിരിക്കാന്അച്ഛനമ്മമാര് ഏറെ ശ്രദ്ധിക്കണം.

🔑ആഴ്ചയില് ഇരുപത്തഞ്ചു മണിക്കൂറെങ്കിലും കുട്ടിക്കു തീവ്ര പരിശീലനം നല്കാനായി മാറ്റി വയ്ക്കണം.

🔑പരിശീലനം നല്കുന്നത് കുട്ടിയുടെ പ്രത്യേകതകളെ കണക്കിലെടുത്താകണം

എ.എസ്.ഡി. യുള്ള എല്ലാ കുട്ടികള്ക്കും നല്കുന്ന പരിശീലനം ഒരേ പോലെയാകണമെന്നില്ല. ഓരോ കുട്ടിക്കും അവരുടെ സവിശേഷപ്രശ്നങ്ങളെ കണക്കിലെടുത്തു കൊണ്ടുള്ള “കസ്റ്റം മേഡ്” ചികിസ്തകളാണ് ഹിതകരമായിട്ടുള്ളത്.

🔑സ്പെഷ്യല് സ്കൂളുകളിലോ സ്ഥാപനങ്ങളിലോ ആണ് കുഞ്ഞിനെ പരിശീലനത്തിനായി കൊണ്ടു പോകുന്നതെങ്കില് വിദ്യാര്ഥി-അധ്യാപക അനുപാതം കുറഞ്ഞ സ്ഥലങ്ങളാണ് നല്ലത്.

🔑കുട്ടിയോടൊപ്പം മാതാപിതാക്കളും ട്രെയിനിംഗിന് ഹാജരായാലേ വീട്ടിലും അതേ രീതികള് തുടര്ന്നു പരിശീലിപ്പിക്കാനാവൂ.

🔑സാധാരണ കുട്ടികളുമായുള്ള ഇവരുടെ ഇടപെടലുകള് കഴിയുന്നത്ര പ്രോത്സാഹിപ്പിക്കണം.

🔑പരിശീലനത്തിനൊപ്പം കുട്ടിയിലുണ്ടാകുന്ന വ്യത്യാസങ്ങള് വ്യക്തമായി എഴുതി സൂക്ഷിക്കാന് മറക്കരുത്. കുട്ടിയുടെ പുരോഗമനത്തെകുറിച്ചുള്ള വ്യക്തമായൊരു ചിത്രം അതച്ഛനമ്മമാര്ക്കു നല്കുകയും അതവരുടെ ആത്മവിശ്വാസത്തെ ഉണര്ത്തിവിടുകയും ചെയ്യും. നല്കുന്ന പരിശീലനത്തെ കുഞ്ഞിന്റെ പ്രശ്നങ്ങള്ക്ക് അനുസൃതമായ രീതിയില് ചിട്ടപ്പെടുത്താനുമത് സഹായിക്കും.

🔑ദിനചര്യകള് എല്ലായ്പ്പോഴും ചിട്ടയോടു കൂടിയാവാനും രാവിലെ മുതല് കുട്ടി ചെയ്യേണ്ട കാര്യങ്ങള് ചിത്രങ്ങള് ഉപയോഗിച്ചു സൂചിപ്പിക്കുന്ന ഒരു ചാര്ട്ടിന്റെ രൂപത്തില് മുറിയില് തൂക്കുകയും ചെയ്യുന്നത് നന്നായിരിക്കും.

🔑പരിശീലിപ്പിച്ച കാര്യങ്ങളും പരിശീലനവും നിത്യജീവിതത്തില്ഉള്ക്കൊള്ളിക്കേണ്ടതും ആവശ്യമാണ്‌. ഉദാഹരണത്തിന് കുളിക്കുന്ന സമയത്ത് ചൂടുവെള്ളവും തണുത്തവെള്ളവും, സോപ്പിന്റെ നിറവും മണവും തുടങ്ങി പലകാര്യങ്ങളും കുട്ടിയെ പഠിപ്പിക്കുകയും ഓര്മ്മിപ്പിക്കുകയും ചെയ്യാം.

🔑കണ്ണാടിയില് നോക്കി വിവിധഭാവങ്ങള് പ്രദര്ശിപ്പിച്ചും അത്തരം ചിത്രങ്ങള്കാണിച്ചും മറ്റുള്ളവരുടെ വികാരങ്ങള് മനസ്സിലാക്കാനുള്ള കഴിവ് വികസിപ്പിക്കാം.

🔑സ്വന്തം കാര്യങ്ങള് സ്വയം ചെയ്യുന്നതിനും സാമൂഹ്യഇടപെടലുകള്മെച്ചപ്പെടുത്തുന്നതിനും ഉള്ള പരിശീലനവും പ്രാധാന്യമര്ഹിക്കുന്നു. കുട്ടിയോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കുന്നതും ‘ഫോണ്സംഭാഷണം’, ‘ചായസല്ക്കാരം’, ‘ക്ലാസ്സ്മുറി’ തുടങ്ങിയ തീമുകളില് സാങ്കല്പിക കളികളില് ഏര്പ്പെടുന്നതും നല്ലതാണ്.

🍁മരുന്നും മന്ത്രവും മറ്റും മറ്റും..🍁

വിറ്റാമിനുകള്, ഭക്ഷണനിയന്ത്രണം തുടങ്ങി സ്റ്റെം സെല് തെറാപി വരെ എ.എസ്.ഡി.യും അനുബന്ധപ്രശ്നങ്ങളും മൂലമുണ്ടാകുന്ന ലക്ഷണങ്ങള്ക്കായുള്ള വ്യാജവും നിര്വ്യാജവും ശാസ്ത്രീയവും അശാസ്ത്രീയവുമായുള്ള ചികിത്സാരീതികള് ക്യൂ നില്ക്കുകയാണ്. അകമ്പടി വരുന്ന അസുഖങ്ങള്ക്കും പെരുമാറ്റ പ്രശ്നങ്ങള്ക്കും മരുന്നുകളാകാം. പക്ഷെ എ.എസ്.ഡി.യെ വേരോടെ പിഴുതെറിയാന് മാര്ഗ്ഗങ്ങള്ഒന്നും തന്നെയില്ല. എത്ര ചെറുപ്പത്തില് എത്ര തീവ്രമായി നാം കുഞ്ഞിനെ പരിശീലിപ്പിക്കുന്നു അതനുസരിച്ചിരിക്കും കുഞ്ഞിനു വരുന്ന മാറ്റങ്ങള്. അതുകൊണ്ടു തന്നെ വന്തുക മുടക്കി പുതിയ ചികിത്സാരീതികള് പരീക്ഷിക്കാന്മുതിരുന്നതിനേക്കാള് പരിശീലനങ്ങള് മുടക്കാതെ

സൂക്ഷിക്കാനായിരിക്കണം ശുഷ്കാന്തി കാണിക്കേണ്ടത്.

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
ആരോഗ്യ അവബോധം

83 ലേഖനങ്ങൾ

പൊതുജനാരോഗ്യം

51 ലേഖനങ്ങൾ

കിംവദന്തികൾ

40 ലേഖനങ്ങൾ

Hoax

39 ലേഖനങ്ങൾ

Medicine

35 ലേഖനങ്ങൾ

ശിശുപരിപാലനം

35 ലേഖനങ്ങൾ

Infectious Diseases

33 ലേഖനങ്ങൾ

Pediatrics

32 ലേഖനങ്ങൾ

Preventive Medicine

25 ലേഖനങ്ങൾ

Life Style

24 ലേഖനങ്ങൾ