· 3 മിനിറ്റ് വായന

ഒടിഞ്ഞ കാൽ അമർത്തി തിരുമ്മല്ലേ

Emergency MedicineMedicineOrthopedicsPulmonology

❝വാർത്ത: ഒടിഞ്ഞ കാലിലെ വേദന മാറാന് എണ്ണയിട്ട് തിരുമ്മിയതിനെ തുടര്ന്ന് യുവാവ് മരിച്ചു. പരിക്കേറ്റ കാലിലെ “ഞരമ്പിൽ” രൂപപ്പെട്ട രക്തക്കട്ട (Blood Clot) തിരുമ്മലിനെ തുടര്ന്ന് ഹൃദയ ധമനിയില് എത്തിയതാണ് മരണത്തിന് കാരണമായത്‌.❞

ഈ വാർത്ത ഞെട്ടലുളവാക്കുന്നു എന്ന്‌ പറയാതെ വയ്യ. കാരണം, ഏത്‌ വേദനക്കുമുള്ള സർവ്വരോഗസംഹാരിയാണ്‌ നമുക്ക്‌ ‘ഉഴിച്ചിൽ’. ഇങ്ങനെ ഉഴിയുമ്പോൾ ‘ഞരമ്പ്‌’ (ഞരമ്പ്‌ എന്ന് പ്രയോഗിച്ചിരിക്കുന്നത് സിരകള് അഥവാ Veins നെയാണ് ) വഴി രക്‌തക്കട്ട നീങ്ങി ഹൃദയത്തിലെത്തി എന്നൊക്കെയാണ്‌ വാർത്ത. കഴിഞ്ഞ വർഷമാണ്‌ ഡൽഹിക്കാരിയായ ആ അമ്മക്ക്‌ ഈ നഷ്‌ടമുണ്ടായത്‌.

ഈ രോഗാവസ്ഥയിൽ, രക്‌തക്കട്ട സഞ്ചരിച്ചു ചെന്ന്‌ ഹൃദയത്തിലേക്കുള്ള രക്‌തപ്രവാഹം പൂർണ്ണമായോ ഭാഗികമായോ അടയുകയോ ഹൃദയത്തോട്‌ ചേർന്ന്‌ പ്രവർത്തിക്കുന്ന ശ്വാസകോശത്തെ കൂടി ബാധിക്കുന്ന രീതിയിലുള്ള സങ്കീർണതയിലേക്ക്‌ കാര്യങ്ങൾ നീങ്ങുകയോ ആണ്‌ ചെയ്യുക.

എംബോളിസം എന്നാണീ പ്രതിഭാസത്തിന്റെ പേര്‌. ഏതെങ്കിലും വസ്തുക്കളാൽ ശരീരത്തിലെ രക്തക്കുഴലുകൾ പൂർണ്ണമായോ ഭാഗികമായോ അടയുന്നതിനാലാണ് എംബോളിസം ഉണ്ടാവുന്നത്.

മൂന്നു തരം വസ്തുക്കളാണ് സാധാരണ എംബോളിസം സൃഷ്ടിക്കുന്നത്.

 1. ഖര രൂപത്തിലുള്ളവ – ത്രോംബസ് (രക്തക്കട്ട)
 2. സെമിസോളിഡ് – അമ്നിയോട്ടിക് ദ്രവം, കൊഴുപ്പ് കുമിളകൾ
 3. വാതക രൂപത്തിലുള്ളവ – വായു

വിഷയം വളരെ വലുതായത്‌ കൊണ്ട്‌ കഴിഞ്ഞ ഒക്‌ടോബറിൽ ഡൽഹിയിൽ നടന്ന ഈ സംഭവം മാത്രം നമുക്കൊന്ന്‌ പരിഗണിക്കാം…

Pulmonary Thromboemolism – ശ്വാസകോശത്തിലെ ധമനികളിൽ രക്തക്കട്ട അടയുന്നതിനാൽ ശ്വാസകോശ ധമനി അടയുന്നു. Deep Vein Thrombosis (കാലിൽ ആഴത്തിലുള്ള സിരകളിൽ രക്‌തം കെട്ടി നിന്ന്‌/രക്‌തത്തിന്‌ കട്ടി കൂടിയത്‌ കൊണ്ട്‌ കട്ട പിടിക്കുന്ന അവസ്‌ഥ) ആണ് പ്രധാനകാരണം. ഇത്തരത്തിൽ ഉണ്ടാകുന്ന 60-80% വരെ എംബോളിസം യാതൊരു ലക്ഷണവും കാണിക്കാതെ സങ്കീർണതകളില്ലാതെ സ്വയം ഭേദമാകും. ബാക്കിയുള്ളവ മരണകാരണം പോലുമാകാം.

പ്രധാന കാരണങ്ങൾ/അനുകൂല സാഹചര്യങ്ങൾ/റിസ്ക്‌ ഘടകങ്ങള് :

 1. സിരകൾ ഉൾപ്പെടുന്ന ഭാഗത്തുണ്ടാകുന്ന പരിക്കുകൾ
 2. കാലിലെ എല്ലുകൾ ഒടിഞ്ഞതു മൂലമോ ഇടുപ്പെല്ലിൽ പൊട്ടലുണ്ടായതുമൂലമോ, പ്രസവത്തോടനുബന്ധിച്ചോ ദീർഘകാലം കട്ടിലിൽ കിടക്കേണ്ട അവസ്ഥയുണ്ടാവുക.
 3. ചില ഗര്ഭനിരോധന ഗുളികൾ കഴിക്കുന്നത് സാധ്യത കൂട്ടുന്നു ഉദാ: ഈസ്ട്രോജൻ റീപ്ലേസ്‌മെന്റ് തെറാപ്പി
 4. ഗർഭാവസ്‌ഥ
 5. ചില ക്യാൻസറുകൾ, ജനിതകമായ ചില കാരണങ്ങൾ
 6. വയറിലോ ഇടുപ്പെല്ലിനോ ചെയ്യേണ്ടി വരുന്ന ശസ്ത്രക്രിയകൾ
 7. വെരികോസ് വെയ്‌ൻ
 8. തുടർച്ചയായ ഇരുത്തം
 9. പുകവലി

j.രക്‌തം കട്ടി കൂടുന്ന വിവിധ രോഗങ്ങൾ

ഇതിൽ ഏത്‌ അവസ്‌ഥയും Deep vein thrombosis തുടർന്ന്‌ thromboembolism എന്നിവയുണ്ടാക്കാം.

10 മുതൽ 20 ദിവസം വരെ കാലം കൊണ്ടാണ് ഒരു രക്തക്കട്ട സിരയിൽ രൂപം കൊള്ളുന്നത്. അത് സിരയിലൂടെ സഞ്ചരിച്ച് ഹൃദയത്തിലെത്തുകയും അവിടെ നിന്ന് ശ്വാസകോശ ധമനികളിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രൂപം കൊണ്ട രക്തക്കട്ടകൾ തിരുമ്മുമ്പോൾ സിരകളിൽ തലസ്ഥാനത്ത് നിന്നും വേര്പെട്ട് നിന്ന് സഞ്ചാരം ആരംഭിക്കാൻ സാധ്യതയേറും.

നെഞ്ച് വേദന, ശരീരം പൊതുവെ നീലിച്ചുകാണുക, ശരീര താപനില ഉയരുക എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. എന്നാൽ ചിലപ്പോൾ ഇത്തരം രക്തക്കട്ടകൾ പ്രധാന ശ്വാസകോശ ധമനിയെ തന്നെ അടക്കുകയും മരണം സംഭവിക്കുകയും ചെയ്യാം. ശ്വാസോച്ഛ്വാസം വേഗത്തിലാവുക, നെഞ്ചിടിപ്പ് ദ്രുതഗതിയിലാകുക, രക്ത സമ്മർദ്ദം കുറയുക, പനി, കാലുകളിൽ നീർവീക്കം എന്നതൊക്കെ ലക്ഷണങ്ങളാണ്.

രക്തക്കട്ടകളുടെ എണ്ണവും വലുപ്പവും അവയുടെ വ്യാപനവും അനുസരിച്ചാവും ലക്ഷണങ്ങൾ. ഇവ പലപ്പോഴും വ്യത്യാസപ്പെടാം.

എല്ലാ എംബോളിസവും അപകടകരമല്ല. പക്ഷേ, ചിലപ്പോൾ ചിലവ വളരെ അപകടകരമാവാം. അതിനാൽ കാലൊടിഞ്ഞവരിലും മറ്റും തിരുമ്മുമ്പോൾ ശ്രദ്ധിക്കുക. ശക്തമായ തിരുമ്മൽ ഒഴിവാക്കുക.

തുടർച്ചയായി കിടക്കേണ്ടി വരുന്നവർക്ക്‌ പ്രത്യക കാലുറകള് ( DVT stockings )എഴുതി നൽകുമ്പോൾ മുറുക്കം കൊണ്ട്‌ അസ്വസ്ഥത ഉണ്ടാകുന്നു, ആവശ്യമില്ലാത്ത വില കൂടിയ സോക്‌സ്‌ വെറുതെ എഴുതി വാങ്ങിപ്പിക്കുന്നു എന്നെല്ലാം പരാതി കേൾക്കാറുണ്ട്‌. ഇവയെല്ലാം ഈ രക്‌തക്കട്ടകൾ ഉണ്ടാകുന്നത്‌ തടയാനാണ്‌. രക്‌തക്കട്ട ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ ഈ സങ്കീർണതക്കുള്ള സാധ്യത ഏറുമെന്നതാണ്‌ സത്യം.

ഡീപ്പ് വെയിന് ത്രോംബോസിസ് അപകടസാധ്യത എങ്ങനെ കുറയ്ക്കാം?

DVT ഉണ്ടാകാൻ സാധ്യതയുള്ള അവസ്ഥ തടയാനുള്ള മാർഗങ്ങൾ ഡോക്‌ടർ നിര്ദ്ദേശിക്കുന്നത് പാലിക്കുക.

കംപ്രഷൻ സ്‌റ്റോക്കിംഗ്‌സ്‌ ധരിക്കാം.

ദീര്ഘ ദൂരം ഒരേ പോലെ ഇരുന്നു യാത്ര ചെയ്യുമ്പോള് (ഉദാ:വിമാനയാത്രയിലും മറ്റും) നാല്‌ മണിക്കൂറിൽ ഒരിക്കലെങ്കിലും എഴുന്നേറ്റ്‌ നടക്കുക.

കാര് യാത്രയിലും മറ്റും ഇടവേളകൾ എടുക്കുക.

എല്ല്‌ പൊട്ടുകയോ മറ്റോ സംഭവിച്ച ഭാഗങ്ങളിൽ തിരുമ്മുകയോ തിരുമ്മിക്കുകയോ ചെയ്യാതിരിക്കുക.

എംബോളിസം മൂലം പ്രത്യേകിച്ച് ഗുരുതരാവസ്ഥ ഒന്നും ഇല്ലാത്ത രോഗികള്പൊടുന്നനെ രോഗലക്ഷണങ്ങള് പ്രത്യക്ഷപ്പെട്ടു മരണം അടയുന്നത് പലപ്പോഴും ആശുപത്രികളില് പ്രശ്നങ്ങള്ക്ക് ഹേതു ആകാറുണ്ട്. രോഗികള്ക്കോ ബന്ധുക്കള്ക്കോ ഇത്തരം ഒരു രോഗാവസ്ഥയെക്കുറിച്ച് ഉള്ള അറിവിന്റെ അഭാവം ആണ് പലപ്പോഴും പ്രശ്നങ്ങള്ക്ക് മൂല കാരണം.

പൾമണറി-ത്രോംബോ എംബോളിസവും ഫാറ്റ് എംബോളിസവും അസ്ഥിരോഗ വിദഗ്‌ദ്ധരും, പ്രസവത്തോടനുബന്ധിച്ച അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം ഗൈനക്കോളജി ഡോക്ടർമാരും അനുഭവിക്കുന്ന വെല്ലുവിളികളാണ്.

ആ അമ്മ അറിഞ്ഞതല്ല ഇതൊന്നും. ഇപ്പോഴും നമ്മളിൽ പലരും അറിഞ്ഞു വരുന്നതേയുള്ളൂ. രോഗങ്ങളിൽ ചിലത്‌ ഇങ്ങനെയൊക്കെയാണ്‌. മകന്‌ നൊന്തപ്പോൾ തടവിക്കൊടുത്ത്‌ മകനെ നഷ്‌ടപ്പെട്ട ആ അമ്മ മനസ്സിന്റെ നൊമ്പരം ഇനിയൊരിക്കൽ കൂടി നമുക്കിടയിൽ ആവർത്തിക്കാതിരിക്കട്ടേ.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
ആരോഗ്യ അവബോധം

95 ലേഖനങ്ങൾ

പൊതുജനാരോഗ്യം

64 ലേഖനങ്ങൾ

കിംവദന്തികൾ

44 ലേഖനങ്ങൾ

Hoax

39 ലേഖനങ്ങൾ

Medicine

39 ലേഖനങ്ങൾ

ശിശുപരിപാലനം

37 ലേഖനങ്ങൾ

Infectious Diseases

35 ലേഖനങ്ങൾ

Pediatrics

33 ലേഖനങ്ങൾ

Life Style

28 ലേഖനങ്ങൾ

Preventive Medicine

26 ലേഖനങ്ങൾ