· 8 മിനിറ്റ് വായന

മുരുകൻ പഠിപ്പിക്കുന്ന പാഠങ്ങൾ

Emergency Medicineആരോഗ്യമേഖല

        1976ൽ അമേരിക്കയിലെ അസ്ഥിരോഗവിദഗ്‌ധനായ ജയിംസ് കെ സ്റ്റൈനർക്ക് ഒരു വിമാനാപകടം പറ്റി. അയാൾ തന്നെ പൈലറ്റ് ചെയ്ത ചെറുവിമാനം നെബ്രാസ്ക്കയെന്ന സ്ഥലത്ത് വിജനമായ ഒരു പാടത്ത്‌ ഇടിച്ചിറങ്ങി. ഭാര്യയും നാലു കുട്ടികളും ഉണ്ടായിരുന്നു കൂടെ. ഭാര്യ അപ്പോൾ തന്നെ മരിച്ചു. മൂന്നു കുട്ടികൾ തലയ്ക്ക് ക്ഷതം പറ്റി ബോധം നഷ്ടപ്പെട്ടു. ഒരാളുടെ കൈ ഒടിഞ്ഞു. സ്റ്റൈനറുടെ മുഖത്തും വാരിയെല്ലുകൾക്കും ഒടിവു പറ്റി.

അപകടസ്ഥലത്ത് സ്റ്റൈനെർ പറ്റുന്ന രീതിയിൽ കുട്ടികൾക്ക് ചികിൽസ നടത്തി. അതു വഴി പോയ കാർ തടഞ്ഞ് നിർത്തി കുട്ടികളെ അതിൽ കയറ്റി. അടുത്ത ആശുപത്രിയിൽ ചെന്നു. അമേരിക്കക്കാർ വൺ ഹോർസ് റ്റൗൺ എന്ന് പറയുന്ന പോലൊരു സ്ഥലം. ആശുപത്രി പൂട്ടികിടക്കുന്നു. തുറപ്പിച്ചു. ഡോക്ടറെ വിളിച്ചു വരുത്തി. അവിടെ ഇങ്ങനെയുള്ള പരുക്കുകൾ ചികിൽസിക്കാൻ സൗകര്യം തീരെ ഇല്ല. ഡോക്ടർക്ക് പരിചയക്കുറവും. അവസാനം സ്റ്റൈനർ ലിങ്കൺ എന്ന സ്ഥലത്തെ തന്റെ സഹപ്രവർത്തകരെ വിളിച്ച് ഹെലികോപ്റ്ററിൽ കുട്ടികളെ അവിടെ നിന്നും മാറ്റി.

തിരിച്ച് ലിങ്കണിൽ എത്തിയ സ്റ്റൈനർക്ക് ആ അനുഭവം മറക്കാൻ കഴിഞ്ഞില്ല. “അപകടം പറ്റിയടത്ത് ആശുപത്രിയിൽ കിട്ടിയ ചികിൽസയെക്കാൾ നല്ല രീതിയിൽ എനിക്ക് എന്റെ കുട്ടികളെ നോക്കാൻ കഴിഞ്ഞെങ്കിൽ അത് സിസ്റ്റത്തിന്റെ തകരാറാണ്, അയാൾ പറഞ്ഞു. “സിസ്റ്റം മാറ്റണം.”

സ്റ്റൈനർ സിസ്റ്റം മാറ്റി. നികത്താനാകാത്ത അയാളുടെ സ്വകാര്യനഷ്ടത്തിൽ നിന്നും ലോകത്തിന് ഒരു നേട്ടം ഉണ്ടായി. സ്റ്റൈനറും സഹപ്രവർത്തകരും 1978ൽ ഇന്ന് ഏ.റ്റി.എൽ.എസ് എന്നു വിളിക്കുന്ന അപകട ചികിൽസാ പ്രോട്ടൊക്കോളിന്റെ പൂർവ്വരൂപം അവർ ജോലി ചെയ്യുന്ന ആശുപത്രിയിൽ ഏർപ്പെടുത്തി.

എന്താണ് ഏ.റ്റി.എൽ.എസ് (ATLS- Advanced Trauma Life Support)? ഇതൊരു ട്രെയിനിങ്ങ് പ്രോഗ്രാമാണ്. അമേരിക്കൻ കോളേജ് ഓഫ് സർജൻസിന്റെ പേരിൽ ഇപ്പോൾ ലോകത്തെ മിക്ക രാജ്യങ്ങളിലും ഇത് നടത്തുന്നു. അപകടം സംഭവിച്ചാൽ എങ്ങനെ ചികിൽസിക്കണം എന്നതിന്റെ ഒരു പരിശീലനം. ജീവൻ രക്ഷിക്കുന്നതാണ് ATLS ദൗത്യം. ജീവന് ഭീഷണിയായിട്ടുള്ള പരുക്കുകൾ കണ്ടെത്തി ചികിൽസിക്കുന്നു. ഇവിടെ മുൻഗണന ജീവനുള്ള ഭീഷണിയാണ്. എറ്റവും നാടകീയമായി തോന്നുന്ന പരുക്കുകളല്ല പലപ്പോഴും മരണകാരണം. തുടയെല്ല് ഒടിഞ്ഞ് പുറത്തേക്ക് കുന്തം പോലെ നിൽക്കുന്നതല്ല അതിന്റെ ഉടമയെ കൊല്ലുന്നത്. ആരും ശ്രദ്ധിക്കാത്ത നെഞ്ചിലെ ക്ഷതമാണ്.

മറ്റ് ചികിൽസാ മേഖലകളിൽ നിന്നും ഈ രീതി വ്യത്യസ്തമാണ്. ഓപിയിൽ രോഗിയെ നോക്കുന്നത്‌ പോലെയല്ല അപകടത്തിൽപ്പെട്ട ആളെ പരിശോധിക്കേണ്ടത്. ഓപിയിൽ വരുന്ന രോഗിയുടെ വിശദമായ രോഗചരിത്രം മനസ്സിലാക്കി, ദീർഘമായി പരിശോധിച്ച് വേണ്ട റ്റെസ്റ്റുകൾ ചെയ്ത് രോഗനിർണ്ണയം നടത്താൻ ശ്രമിക്കുന്നു. അപകടത്തിൽ ഇത് നടക്കില്ല. ഇവിടെ സമയം നിർണ്ണായകമാണ്. ജീവന് ഭീഷണിയുണ്ടോ, ഇതാണ് ഒറ്റ ചോദ്യം. അപകടം സംഭവിച്ച രോഗിക്ക് ഗുരുതരമായ എല്ലാ പരുക്കുകളും ഉണ്ടെന്ന് ആദ്യമേ കരുതി ഒരോന്നിനും വേണ്ടി പരിശോധിച്ച് ഒഴിവാക്കുന്നു. ആഫ്രിക്കൻ സഫാരിയിലെ ബിഗ് ഫൈവ്- ആന, സിംഹം, കാണ്ടാമൃഗം, കാട്ടുപോത്ത്, പുലി- എന്ന പോലെ റ്റ്രോമയിലെ ബിഗ് ഫൈവിനു വേണ്ടി ഇവിടെ പരിശോധകൻ നോക്കുന്നു. തല, നെഞ്ച്, വയർ, ഇടുപ്പ്, തുട. ഓരോ ഘട്ടത്തിലും കഴുത്തിനെയും നട്ടെല്ലിനെയും ശ്രദ്ധിക്കുന്നു.

ഏ.റ്റി.എൽ.എസ്. പ്രോട്ടോക്കോളിലെ എറ്റവും പ്രധാനമായ ഭാഗം അദ്യം ചെയ്യുന്ന പ്രാഥമിക നിരീക്ഷണമാണ് (Primary survey). ABCD എന്ന് ചുരുക്കാം. A- എയർവേ (airway). രോഗിയുടെ ശ്വാസനാളത്തിന് തടസ്സമുണ്ടോ? ഇതാണ് സുപ്രധാനം. മുഖത്തു പരുക്കു പറ്റുന്ന രോഗി സ്വന്തം രക്തത്തിൽ ശ്വാസംമുട്ടി മരിച്ചേക്കാം. നിമിഷങ്ങൾ മതി തലച്ചോറിന് ഓക്സിജൻ കിട്ടാതെ മരിക്കാൻ. അബോധാവസ്ഥയിലുള്ള രോഗികൾക്ക് ഈ അപകടം സംഭവിക്കാൻ സാദ്ധ്യത കൂടുതലാണ്. എയർവേ സംരക്ഷിക്കാനായി ചില രോഗികൾക്ക് വായിൽ കൂടി റ്റ്യൂബ് കടത്തി കൃതൃമമായി ശ്വാസോച്ഛ്വാസം കൊടുക്കുന്നു.

B ബ്രീത്തിങ്ങ് (breathing). ശ്വാസനാളം ക്ലിയർ. ഇനി ശ്വാസം വലിക്കുണ്ടോ? ശ്വസിക്കുന്നുണ്ടെങ്കിൽ രോഗിയുടെ രക്തത്തിൽ ഓക്സിജൻ ആവശ്യത്തിനുണ്ടോ? ഇല്ലെങ്കിൽ എന്തായിരിക്കും കാരണം? വാരിയെല്ല്‌ ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളച്ചു കയറിയോ? ശ്വാസകോശത്തിൽ നിന്നും വായു പുറത്തേക്ക്‌ ലീക്ക്‌ ചെയ്യുന്നുണ്ടോ? നെഞ്ചിൽ രക്തസ്രാവം? സംസാരിച്ചിരിക്കുന്ന രോഗികൾക്ക് പൊതുവെ കുഴപ്പമില്ലായിരിക്കും. എന്നാലും നോക്കണം. ഇവർക്കും പലപ്പോഴും ഇന്റ്യുബേഷനും വെന്റിലേഷനും വേണ്ടി വരുന്നു.

ഇതു രണ്ടും കഴിഞ്ഞാൽ സർക്കുലേഷൻ എന്ന C (circulation). ഹൃദയം പ്രവർത്തിക്കുന്നുണ്ടോ? വേണ്ടത്ര രക്തസമ്മർദ്ദമുണ്ടോ? രക്തസ്രാവമുണ്ടോ? രക്തസമ്മർദ്ദം കുറവാണെങ്കിൽ എന്താണ് പ്രശ്നം. വല്യ മുറിവുണ്ടോ? അതോ അതിലും അപകടകരമായി ഉള്ളിൽ രക്തം വാർന്നു പോകുന്നുണ്ടോ? നെഞ്ചിനുള്ളിൽ? വയറിനുള്ളിൽ? വാരിയെല്ലിൻകൂട്‌ തകർന്നിട്ടുണ്ടോ?

D ഡിസബിലിറ്റിയാണ് (disability). തലച്ചോറ് പ്രവർത്തിക്കുന്നുണ്ടോ? AVPU എന്ന സംഗ്രഹം ഇവിടെ ഉപയോഗിക്കുന്നു. അലെർട്ട് (Alert)- രോഗി സാധാരണ പോലെ പ്രതികരിക്കുന്നു. വെർബൽ (Verbal)- സംസാരിക്കുന്നു പക്ഷെ പ്രതികരണം ശരിയായ രീതിയിലല്ല. പെയിൻ (Pain)- വേദനയല്ലാതെ മറ്റൊന്നും അറിയുന്നില്ല. അൺകോൺഷിയസ്- (Unconcious) രോഗിയെ ഉണർത്താൻ കഴിയുന്നില്ല. ഇത് തലച്ചോറിന്റെ ക്ഷതം കൊണ്ട് മാത്രമല്ല, രക്തത്തിൽ ഓക്സിജനോ പഞ്ചസാരയോ കുറഞ്ഞിട്ടുമാവാം. കുറച്ചു കൂടി കൃത്യമായ രീതിയിൽ തലച്ചോറിന്റെ പ്രവർത്തനം ഗ്ലാസ്ഗോ കോമ സ്കെയിൽ ( Glasgow Coma Scale- GCS) നിർണ്ണയിക്കുന്നു. ഇതൊരു സ്കോറാണ്. മൂന്ന് മുതൽ പതിനഞ്ചു വരെ സ്കോർ ചെയ്യാം. പതിനഞ്ചിൽ പതിനഞ്ച് എന്നാൽ തലചോറിന് പ്രശ്നമൊന്നും പരിശോധനയിൽ കാണുന്നില്ല എന്നു സൂചിപ്പിക്കുന്നു, പതിനഞ്ചിൽ മൂന്ന് ഗുരുതരമായ പരുക്കും.

പ്രൈമറി സർവേ ഒരു ഉപബോധത്തിലാണ് പരിശീലനമുള്ള ഡോക്ടർ നോക്കുന്നത്. നന്നായി ബാറ്റ് ചെയ്യുന്ന ബാറ്റ്സ്മാൻ ക്രീസിൽ നിൽക്കുന്ന പോലെ. ആലോചനയില്ല, അതിനുള്ള സമയമില്ല. അബോധവസ്ഥയിലാണോ, എയർവേ നോക്കൂ, തടസ്സമുണ്ട്‌, സക്ഷൻ കൊടുക്കാം. ശ്വസിക്കുന്നുണ്ട്, സാച്ചുറേഷൻ കുഴപ്പമില്ല, കാലിൽ രക്തസ്രാവം, പ്രഷർ ബാൻഡേജ് കൊടുക്കൂ, കോമാ സ്കെയിൽ എങ്ങനെ? ഇങ്ങനെ പോകുന്നു. ഇത്രയുമായാൽ മാത്രമേ അടുത്ത കാര്യങ്ങളിലേക്ക് കടക്കാൻ കഴിയൂ.

ഇതൊക്കെ ചെയ്യുന്ന സാഹചര്യം പലപ്പോഴും നമ്മുടെ നാട്ടിൽ പ്രയാസമേറിയതാണ്. അത്യാഹിത വിഭാഗം സംഘർഷമേഖലയാണ്. ഗുരുതരാവസ്ഥയിൽ ഒന്നിൽ കൂടുതൽ രോഗികൾ, പരിഭ്രമിച്ചും ദേഷ്യപ്പെട്ടും നിൽക്കുന്ന ബന്ധുക്കൾ, മദ്യപിച്ച് അഴിഞ്ഞാടുന്ന മറ്റു കൂറെ പേർ, ഇതെല്ലാം ഇവിടെ സാധാരണ കാഴ്‌ചയാണ്. ഇവരെയെല്ലാം നിയന്ത്രിക്കാൻ പല ആശുപത്രികളിലും ഡോക്ടർമാരും നഴ്സുമ്മാരും മാത്രമേ കാണാറുള്ളു. ക്ഷമയോടെ കാര്യം പറഞ്ഞ് മനസ്സിലാക്കി ഇവരെയൊക്കെ മാറ്റി നിർത്തി വേണം ചികിൽസ.

ഇതെല്ലാം ചെയ്യാനുള്ള പാകതയും പരിശീലനവും എംബിബിഎസ് കഴിഞ്ഞ് ഉടനെ ഇറങ്ങിയ ഡോക്ടറിന് അപൂർവ്വമായി മാത്രമേ കാണാറുള്ളൂ. പക്ഷെ അവരാണ് പലപ്പോഴും ഒറ്റക്ക്‌ ഇതൊക്കെ നേരിടേണ്ടി വരുന്നതും. സ്പെഷ്യലിസ്റ്റ് ഡോക്ടറിന് പൊതുവേ ഇത്തരം സമ്മർദം അനുഭവിക്കേണ്ടി വരുന്നില്ല. ഓപ്പറേഷൻ തിയറ്റർ, ഐസിയു എന്നിങ്ങനെ അല്പം കൂടി സ്വച്ഛമായ സ്ഥലങ്ങളിൽ അവർക്ക് പ്രവർത്തിക്കാൻ കഴിയുന്നു.

ഇവിടെയാണ് എമർജൻസി മെഡിസിനിൽ ബിരുദാനന്തര പരിശീലനം നേടിയ ഡോക്ടറുടെ ആവശ്യകത. അത്യാഹിതം മാത്രം കൈകാര്യം ചെയ്യുന്ന സ്പെഷ്യലിസ്റ്റ്. വലിയ ആശുപത്രികളിൽ ചിലതിൽ ഇവരാണ് അത്യാഹിതവിഭാഗം മേധാവികൾ. റോഡപകടം മാത്രമല്ല അത്യാഹിതങ്ങളെല്ലാം, നെഞ്ചുവേദന മുതൽ പൊള്ളൽ വരെയുള്ള രോഗങ്ങളിലെ, പ്രാഥമിക ചികിൽസ നൽകാൻ ഇവർ നേതൃത്വം നൽകുന്നു.

ഞാനിപ്പോൾ ജോലി ചെയ്യുന്ന ആശുപത്രിയിൽ മൂന്ന് എമർജെൻസി ഡോക്ടർമാരാണ് അത്യാഹിത വിഭാഗം നടത്തുന്നത്. ഇവരുടെ കൂടെ കാഷ്വാലിറ്റി ഡോക്ടർമാരും നഴ്സുമ്മാരും അടങ്ങിയ ഇവർ തന്നെ പരിശീലിപ്പിച്ച ഒരു റ്റീം. നാഷണൽ ഹൈവേയുടെ അരികിലാണ് ആശുപത്രി. രാത്രിയും പകലും അപകടം സംഭവിച്ചവർ ഇവിടെ എത്തുന്നു.

ഇന്നത്തെ റോഡപകടങ്ങൾ പലതും അതിവേഗ ക്ഷതങ്ങളാണ് (High velocity trauma). ജീവിതത്തിന് വേഗത കൂടിയപ്പോൾ കൊടുക്കേണ്ടി വരുന്ന വില. സാധാരണ പരുക്കുകളല്ല. പലതും പോളിട്രോമ (polytrauma). എന്നു വച്ചാൽ ശരീരത്തിന്റെ ഒന്നിൽ കൂടുതൽ ഭാഗങ്ങൾക്ക് ഗുരുതര പരുക്ക്. തലയും നെഞ്ചും വയറും, തലയും കൈയ്യും കാലും, നെഞ്ചും കാലും നട്ടെല്ലും, എല്ലാ ഘടനയിലും കാണാം. ഇങ്ങനെയുള്ള അപകടങ്ങൾ മുപ്പത് കൊല്ലം മുൻപ് വിരളമായിരുന്നു. ഇന്നത് സർവസാധാരണം.

പോളിട്രോമ രോഗികളെ ചികിൽസിക്കാൻ ഒരു വലിയ ടീം തന്നെ വേണം. മരണകാരണം അനവധി. വളരെ സങ്കീർണ്ണമായ ഒന്നിലധികം ശസ്ത്രക്രിയകൾ വേണ്ടി വരും. ഇതൊക്കെ താങ്ങാനുള്ള ശാരീരികമായ അവസ്ഥ വേണം രോഗിക്ക്. കൃത്യമായ പ്ലാനിങ്ങ് വേണ്ട ചികിൽസ. ശസ്ത്രക്രിയകളുടെ റ്റൈമിങ്ങ് സുപ്രധാനമാണ്. എല്ലാ ആശുപത്രിയിലും ഇവരെ ചികിൽസിക്കാൻ പറ്റില്ല. പല മേഖലകളിലെ വിദഗ്ധരായ ചികിൽസകർ വേണം. ആധുനിക യന്ത്രങ്ങളുടെ സഹായം വേണം. ഏറ്റവും പ്രധാനമായി ചികിൽസ ക്രമീകരിക്കാനും നിർണായകമായ തീരുമാനങ്ങൾ എടുക്കുവാനായി തീവ്രപരിചരണ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ( critical care specialist) ഉണ്ടാവണം.

ഇവർക്കെല്ലാം പക്ഷെ പ്രാഥമിക ചികിൽസ ATLS പ്രോട്ടോക്കോൾ തന്നെയാണ്. എയെർവ്, ബ്രീത്തിങ്ങ് , സർക്കുലേഷൻ, ഡിസെബിലിറ്റി എന്ന മന്ത്രത്തിൽ തന്നെ തുടങ്ങണം. രോഗി സ്റ്റേബിൾ ആയാൽ ആവശ്യമുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ വിളിക്കാം. ഓർത്തോക്കാരനായ എന്നെ വിളിക്കുന്നത് അപ്പോഴാണ്. അപ്പോഴേക്കും രോഗി സുരക്ഷിതമായ സാഹചര്യത്തിലാണ്. വൈറ്റൽസ് സ്റ്റേബിൾ. ഐ വി ലൈൻ കൈയ്യിൽ, കഴുത്തിൽ കോളർ, ഒടിഞ്ഞ എല്ലുകളിൽ സ്പ്ലിന്റ്. എല്ലിന് എന്തു വേന്നം എന്നു മാത്രം തീരുമാനിച്ചാൽ മതി.

ഈ ആശുപത്രിയിൽ അപകടം പറ്റി വരുന്ന ഒരു വലിയ വിഭാഗം ആൾക്കാരും യാത്രക്കാരാണ്. വിദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർ. പലരും ഒറ്റക്ക്. പലരും ബോധരഹിതർ. ഊരും പേരും അറിയില്ല… ഇവരെ എത്തിക്കുന്നത് സ്ഥലവാസികളായ നാട്ടുകാരോ പോലീസുകാരോ ആവും. എത്തിച്ചു കഴിഞ്ഞു അവർ പോകുന്നു. പിന്നെ എമർജെൻസി ഡോക്ടറുടെ ബാധ്യതയാണ് അവരുടെ ഭാവി കാര്യങ്ങൾ.

ഇവരെയെല്ലാം തന്നെ സ്റ്റെബിലൈസ് ചെയ്യുന്നു. ബന്ധുക്കളെ കണ്ടുപിടിച്ച് അറിയിക്കുന്നു. അത്യാവശ്യ ചികിൽസ കൊടുക്കുന്നു. ബാക്കി ബന്ധുക്കളുടെ തീരുമാനം. ചിലത് പക്ഷെ കാത്തിരിക്കാൻ പറ്റില്ല. അത്യാവശ്യം സർജറിയോ ക്രിറ്റിക്കൽ വിഭാഗത്തിന്റെയോ ചികിൽസ വേണം. ഉദാഹരണത്തിന് രക്തകുഴലിന് ക്ഷതമുള്ള രോഗി. അല്ലെങ്കിൽ നെഞ്ചിൻകൂട് തകർന്നവർ. അതിനുള്ള വൈദഗ്ധ്യം ഇവിടെയില്ല. അങ്ങനെയുള്ള അൺനോൺ രോഗികളെ റഫർ ചെയ്യുന്നു. അതും സുരക്ഷിതമായി മാറ്റാൻ കഴിയുന്ന ഒരു ആംബുലൻസിൽ മാത്രം. സാധാരണ മെഡിക്കൽ കോളേജിലേക്കാണ് വിടുന്നത്. ഇത് ഇവിടെ ഒരു നിത്യ കാഴ്ചയാണ്.

ഇങ്ങനെ ബന്ധുക്കൾ ആരും ഇല്ലാതെ ആഗസ്റ്റ് ആറിന് രാത്രി പത്തു മണിയോടെ നാട്ടുകാർ ഇവിടെ എത്തിച്ച രണ്ടുപേരായിരുന്നു മുരുകനും മുത്തുവും. മുത്തുവിനു കൈയ്യിൽ ഒരു ഒടിവും ഗുരുതരമല്ലാത്ത മുറിവുകളും ചതവുകളും മാത്രം. മുരുകൻ അങ്ങനെയല്ലായിരുന്നു. അബോധാവസ്ഥയിലാണ് അയാൾ വന്നത്. GCS 3/15. കൈയ്യിൽ ഒരു ഒടിവുണ്ട്, എല്ല് പുറത്തു കാണാം. കാലിൽ വലിയ മുറിവ്. നെഞ്ചിലും വയറിലും ഇടുപ്പിലും പ്രശ്‌നമില്ല. ഗുരുതരമായ ഹെഡ് ഇഞ്ചുറി.

എമർജെൻസി ഡോക്ടറുടെ നേതൃതത്തിൽ മുരുകന്റെ ചികിൽസ തുടങ്ങി. എയർവേ സുരക്ഷിതമാക്കുവാൻ ഇൻറ്റ്യുബേറ്റ് ചെയ്തു. കൃത്രിമമായി ശ്വസോച്ഛ്വാസം കൊടുത്തു. ഐ വി കാനുലകൾ ഇട്ടു. ഒടിവ് സ്പ്ലിന്റ് ചെയ്തു. മുറിവ് ബാൻഡേജ് ചെയ്തു. മുരുകൻ സ്റ്റേബിൾ, പക്ഷെ ഇനി അത്യാവശ്യമായി നൂറോസർജൻ കാണണം. അന്ന് നൂറോസർജൻ ലീവിൽ. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിക്കാൻ തീരുമാനിക്കുന്നു. അതിനായി വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് വിളിക്കുന്നു. ആംബുലൻസ് ഡ്രൈവർ തനിക്ക് പരിചയമുള്ള ഒരു എൻ.ജി.ഓ യുമായി ബന്ധപ്പെടുന്നു, അടുത്തുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ ഒഴിവുണ്ടെന്ന് അവർ പറഞ്ഞതനുസരിച്ച് രോഗിയെ അവിടേക്ക് കൊണ്ടുപോകുന്നു.

അതു കഴിഞ്ഞുള്ള കാര്യങ്ങൾ ഇപ്പോൾ മീഡിയയിൽ വല്യ ചർചയാണ്. ആറോ ഏഴോ ആശുപത്രികളിൽ പോയെന്നും അവിടെയൊന്നും രോഗിയെ സ്വീകരിക്കാൻ തയ്യാറായില്ലെന്നും പറയുന്നു. മനുഷ്യാവകാശ കമ്മിഷൻ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. യുവജനസംഘടനകൾ സമരം ചെയ്യുന്നു. മന്ത്രി ആശുപത്രികൾക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ മരുന്ന് മാഫിയാ വിളികൾ നടക്കുന്നു.

അന്വേഷണം വേണം. കൊണ്ട് പോയ ആശുപത്രികളിൽ സൗകര്യമുണ്ടായിട്ടാണ് മുരുകനെ ചികിൽസിക്കാത്തതെങ്കിൽ നടപടിയെടുക്കണം. തെറ്റ് ചെയ്തവരെ ശിക്ഷിക്കണം. ഇത് ആർക്കും സംഭവിക്കാവുന്ന കാര്യമാണ്. നാളെ മുരുകനെ പോലെ ഒരു അശുപത്രി റ്റ്രോളിയിൽ നിങ്ങളോ ഞാനോ ആയിരിക്കും കിടക്കുക.

ഇവിടെ പക്ഷെ മനസ്സിലാക്കേണ്ടത് മുരുകന്റെ സംഭവം ഇതാദ്യമായല്ല ഉണ്ടായിരിക്കുന്നത് എന്നാണ്. നിങ്ങൾ ഇത് വായിക്കുന്ന സമയവും കേരളത്തിലെ ഏതെങ്കിലും ഒരാശുപത്രിയിൽ ഒരു മുരുകനെ കിടത്തിയിരിക്കുകയാണ്. അയാൾ ആരെന്നോ അയാളുടെ ബന്ധുക്കൾ എവിടെയെന്നോ ആർക്കും അറിയില്ല. വിദഗ്ധ ചികിൽസ വേണം അയാൾക്ക്. ഏതെങ്കിലും വലിയ ആശുപത്രിയിൽ. ഇനി എന്തു ചെയ്യണം? ആംബുലൻസിൽ കയറ്റി ഓരോ ആശുപത്രിയിലും ചെന്ന് സർജനുണ്ടോ, വെന്റിലേറ്റർ ഉണ്ടോ എന്നു ചോദിക്കണോ? അതാണ് ചെയ്യാൻ പോകുന്നത്. അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അതിൽ മുരുകൻ നമ്മളറിഞ്ഞ ഒരാൾ മാത്രം.

ഇത് ഇവിടെ കാണാതെ പോകുന്ന ഒരു മനുഷ്യാവകാശലംഘനം ആണ്. കേരളത്തിൽ ഇപ്പോൾ വർഷം അയ്യായിരം പേരാണ് അപകടങ്ങളിൽ മരിക്കുന്നത്. ഒരു വർഷം അയ്യായിരം. ഒരു ദിവസം പത്തിൽ കൂടുതൽ പേർ ജോലിക്കോ മറ്റേതെങ്കിലും ആവശ്യത്തിനോ വീട്ടിൽ നിന്നും ഇറങ്ങി, പിന്നെ തിരിച്ചെത്തുന്നില്ല. ഓരൊ വീട്ടിലും ഒരു വികലാംഗൻ, ഓരോ കുടുബത്തിലും ഒരു അപകട മരണം, എന്ന ആരോഗ്യ സൂചികയിലേക്ക് നാം കുതിച്ചു പായുന്നു.

അപകടം സംഭവിക്കുന്ന നേരം നാം ഒറ്റക്കായിരിക്കും പലപ്പോഴും. ആരും ബൈസ്റ്റാണ്ടറെയും കൊണ്ട് നടക്കാറില്ലല്ലോ അപകടം പറ്റിയാൽ കൂട്ടിരിക്കാനായി. അങ്ങനെ നാം ഒരു ആശുപത്രി ട്രോളിയിൽ എത്തിയാൽ, ബോധമറ്റ് അങ്ങനെ കിടന്നാൽ, അവിടെ ഇത് ചികിൽസിക്കാനുള്ള സൗകര്യമില്ല എന്ന് പരിശോധിക്കുന്ന ഡോക്ടർ പറഞ്ഞാൽ, പിന്നെ എന്താണ്?

ഇതിനൊരു മാർഗ്ഗരേഖ ഉണ്ടാക്കാൻ ആർക്കും താല്പര്യമില്ല. ബലം പിടിച്ച ചർച്ചയാണ്. രണ്ട് ദിവസം കാണും. അതു കഴിഞ്ഞ് അടുത്ത സിനിമാനടന്റെ ലൈംഗിക ജീവിതത്തെ കുറിച്ചാവും. റോഡിൽ ശവം വീണുകൊണ്ടിരിക്കും.

എന്തു ചെയ്യാൻ കഴിയും? ആശുപത്രിയിൽ എത്തുന്നത് കഴിഞ്ഞുള്ളതിനെ പറ്റി ആലോചിക്കാം. അതിനു മുന്നേ പലതും ചെയ്യാൻ കഴിയും. റോഡ് നന്നാക്കാം. ആംബുലൻസ് സർവീസ് മെച്ചപ്പെടുത്താം. ആംബുലൻസിൽ വരുന്നവർക്ക് ലൈഫ് സപ്പോർട്ട് ട്രെയ്നിങ്ങ് നിർബന്ധമാക്കാം. അതൊക്കെ നമുക്ക് മറ്റൊരു ദിവസം പറയാം.

ആശുപത്രിയിൽ എത്തിയാൽ? അപകടം കൂടുതൽ കൈകാര്യം ചെയ്യുന്ന ആശുപത്രികളിൽ എമർജെൻസി ഡോക്ടറുടെ സേവനം നിർബന്ധമാക്കാണം. ഒരു സംശയവും വേണ്ട. ഇവർ ജീവൻ രക്ഷിക്കും. ATLS മെഡിക്കൽ കോളേജിൽ തന്നെ പരിശീലിപ്പിച്ച് അതിനുള്ള സർട്ടിഫിക്കേഷൻ നിർബന്ധമാക്കണം. അങ്ങനെ ചെയ്താൽ ഏത് ചെറിയ ആശുപത്രിയിൽ പോയാലും അപകടം നടന്നാലുള്ള അടിസ്ഥാന ചികിൽസയെ കുറിച്ചു അവിടത്തെ ആരോഗ്യപ്രവർത്തകർക്ക് നല്ല ബോധം ഉണ്ടാവും.

അത്യാവശ്യമായി വേണ്ടത് ഒരു സെന്റ്രൽ കൺറ്റ്രോൾ റൂമാണ്. പോളിട്രോമ ഉണ്ടായ രോഗിയുടെ അവസ്ഥ ചികിൽസിക്കുന്ന ഡോക്ടർക്ക് ഇവിടെ അറിയിക്കാൻ കഴിയും. ഉദാഹരണത്തിന്, അത്യാവശ്യമായി കാലിലെ രക്തക്കുഴലിന് ക്ഷതം പറ്റിയ ഒരു രോഗിയാണെന്ന് കരുതുക. പ്രാഥമിക ചികിൽസ കഴിഞ്ഞ് ഡോക്ടർ ഇവിടെ അറിയിച്ചാൽ ഈ ഓപ്പറേഷൻ ചെയ്യാൻ കഴിവുള്ള സർജന്മാരുടെയും ആശുപത്രികളുടെയും ലിസ്റ്റ് ലഭിക്കും. മുരുകന്റെ കേസിൽ ന്യൂറോസർജനും ഒഴിവുള്ള വെന്റിലേറ്ററും എവിടെയുണ്ടെന്ന് മനസ്സിലാക്കാം. അവിടെ വിവരം അറിയിക്കാം. രോഗിയെ അങ്ങോട്ടു മാറ്റാം.

എയർ ആംബുലൻസും മറ്റും പിന്നെയാവാം. ഇങ്ങനെ ഒരു കണ്ട്രോൾ സെന്റർ ഉണ്ടാക്കാൻ വലിയ പ്രയാസമില്ല. രാഷ്ട്രീയ ഇച്ഛാശക്തി മതി. പോലീസും സർക്കാർ സംവിധാനവും ഐഎംഎ പോലെയുള്ള സംഘടനകളും വിചാരിച്ചാൽ ഇത് ഒരു ആഴ്ച കൊണ്ട് ശരിയാക്കാൻ കഴിയും.

പൗരന്റെ ജീവൻ സ്റ്റെയ്റ്റിന്റെ ചുമതല തന്നെയാണ്. അപകടങ്ങളിൽ മരിക്കുന്നത് വലിയ പങ്കും ചെറുപ്പക്കാരാണ്. മറ്റ് അസുഖമൊന്നുമില്ലാത്തവർ, പ്രയോജനമുള്ള ജോലി ചെയ്യുന്നവർ. കൃത്യമായ മാർഗരേഖ നൽകേണ്ടത് സ്റ്റെയ്റ്റ് തന്നെയാണ്. ഇവിടെ ഈ വിഷയത്തിൽ ഉണ്ടായ മനുഷ്യാവകാശലംഘനത്തിൽ ആദ്യം പ്രതിക്കൂട്ടിൽ നിർത്തേണ്ടത് സ്റ്റെയ്റ്റിനെയാണ്.

സ്റ്റൈനറുടെ അപകടം അയാൾക്ക് നഷ്ടമുണ്ടാക്കി, എങ്കിലും ലോകത്തിന് മുഴുവൻ ഒരു വലിയ നേട്ടം ലഭിച്ചു. മുരുകന്റെ ദാരുണമായ മരണം, അതുണ്ടായ സാഹചര്യം, ഇതൊന്നും പെട്ടെന്ന് മറക്കാതെ, അതിൽ നിന്ന് എന്തു കിട്ടും എന്ന് നാം പരിശോധിക്കണം. വിചാരണകൾ തുടരട്ടെ, അതു കൊണ്ടൊക്കെ ഇനി ഒരു മുരുകൻ ഉണ്ടാവരുത് എന്ന് ഉത്തരവാദിത്വപ്പെട്ടവർക്ക് തോന്നിയാൽ അതാവും ഇതു കൊണ്ടുണ്ടാകാവുന്ന നേട്ടം.

പിന്നെ. അപകടം ഒഴിവാക്കാൻ നോക്കുക. ഹെൽമെറ്റ് ധരിക്കുക. ആഴ്ചയിൽ ഒരാളെങ്കിലും നടന്ന് വരും. കൈയ്യിൽ നിസ്സാര ഒടിവ്, ചെറിയ മുറിവ്. “ഹെൽമെറ്റ് ഉണ്ടായിരുന്നത് കൊണ്ട് ഒന്നും പറ്റിയില്ല. തല പോസ്റ്റിൽ ഇടിച്ചതാണ്.” സ്ഥിരം കേൾക്കുന്നതാണ്.

സീറ്റ് ബെൽറ്റ് ഇടുക. കുട്ടികളെ കാറിന്റെ മുൻ സീറ്റിൽ ഇരുത്താതിരിക്കുക. റോഡിന്റെ വലതു വശത്തു കൂടി നടക്കുക. സീബ്രാ ക്രോസ്സിങ്ങിൽ മാത്രം റോഡ് മുറിക്കുക.

പതുക്കെ വണ്ടി ഓടിക്കുക.

അത്യാഹിത വിഭാഗം നിസ്സഹായതയുടെ സ്ഥലമാണ്. ഒരു നിമിഷം കൊണ്ട് പൂർണ്ണാരോഗ്യത്തിന്റെ അഹങ്കാരത്തിൽ നടന്നവർ പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരായി മാറി എത്തുന്ന സ്ഥലം. ഞാൻ കണ്ടിട്ടുള്ള ദാരുണമായ കാഴ്ചകളിൽ ഒന്ന് തുടയെല്ല് ഒടിഞ്ഞ് കിടന്ന് കരയുന്ന ഒരാളുടേതാണ്. തൊട്ടടുത്ത മുറിയിൽ അയാളുടെ മകൾ. ഒരു കൊച്ചു കുട്ടി. ദേഹമാസകലം തൊലി ആഴത്തിൽ പോയി. കാലിലും കൈയ്യിലും ഒടിവ്. കുട്ടി കരഞ്ഞു വിളിക്കുന്നു. കരച്ചിൽ കേട്ട് അച്ഛൻ കരയുന്നു. ഒടിവിന്റെ വേദനയിലല്ല. നിസ്സഹായതയുടെ കരച്ചിൽ.

കഴിയുമെങ്കിൽ ഞങ്ങളെ കാണാൻ അത്യാഹിത വിഭാഗത്തിൽ വരാതിരിക്കുക. ഞങ്ങളും നിങ്ങളെയവിടെ കാണാനാഗ്രഹിക്കുന്നില്ല. ശ്രദ്ധിക്കുമല്ലോ…

ലേഖകർ
Dr Viswanathan K. Trained at trivandrum Medical College. Finished MS Ortho in 2000 and have been working in private hospitals.Presently at Trivandrum Medical Centre. Area of interest is sports medicine surgery and Arthroplasty surgery. Interests are fitness and reading.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
ആരോഗ്യ അവബോധം

95 ലേഖനങ്ങൾ

പൊതുജനാരോഗ്യം

64 ലേഖനങ്ങൾ

കിംവദന്തികൾ

44 ലേഖനങ്ങൾ

Hoax

39 ലേഖനങ്ങൾ

Medicine

39 ലേഖനങ്ങൾ

ശിശുപരിപാലനം

37 ലേഖനങ്ങൾ

Infectious Diseases

35 ലേഖനങ്ങൾ

Pediatrics

33 ലേഖനങ്ങൾ

Life Style

28 ലേഖനങ്ങൾ

Preventive Medicine

26 ലേഖനങ്ങൾ