· 6 മിനിറ്റ് വായന

ഹൃദയത്തിൻ മധുപാത്രം നിറയുന്നൂ

CardiologyHoax

‘ഹൃദയത്തിൻ മധുപാത്രം നിറയുന്നൂ….!’

കവി ഭാവനകളിൽ എന്നും ഹൃദയം സ്നേഹത്തിനെയും പ്രണയത്തിൻറെ യും ഒരു പര്യായമാണ്. ഹൃദയം എന്ന അവയവത്തിന് വികാരങ്ങളുമായി നേരിട്ട് ബന്ധമൊന്നും ഇല്ല എങ്കിലും, ‘സ്നേഹം, പ്രേമം, കരുതൽ’ എന്നീ വികാരങ്ങളെ നിയന്ത്രിക്കുന്നത് ഹൃദയമാണ് എന്ന് ചിരകാലമായി നാം കരുതുന്നുണ്ട്. അതങ്ങനെ നിൽക്കട്ടെ!

യഥാർത്ഥത്തിൽ ഹൃദയം നമ്മുടെ ശരീരത്തിലെ രക്തം പമ്പുചെയ്യുന്ന ഒരു പ്രധാന അവയവമാണ്.

ചുരുട്ടിപ്പിടിച്ച മുഷ്ടിയുടെ വലിപ്പവും, ഏകദേശം 300 ഗ്രാമോളം ഭാരവും വരുന്ന ഈ അവയവം നമ്മുടെ നെഞ്ചിൻ കൂടിനുള്ളിൽ ഇരു ശ്വാസകോശങ്ങൾക്കും മധ്യത്തിലായി രക്തം പമ്പ് ചെയ്യുന്നു. ജനനം മുതൽ മരണം വരെ ഇത് തുടരുന്നു. എന്നാൽ ഈ ഹൃദയം പണിമുടക്കിയാൽ സംഗതി കൈവിട്ടു പോവും .

3500 വർഷങ്ങൾ പഴക്കമുള്ള ഒരു ഈജിപ്ഷ്യൻ മമ്മിയിലാണ് ലോകത്ത് രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഹൃദ്രോഗ തെളിവുകൾ ഉള്ളത്. ലോകത്ത് ഒരു വർഷം ഏകദേശം ഒരു കോടി എഴുപത് ലക്ഷത്തോളം മനുഷ്യജീവനുകൾ ഹൃദ്രോഗം കവരുന്നു എന്നാണ് കണക്കുകൾ പറയുന്നത്.

 

♨️ എന്താണ് ഹാർട്ട് അറ്റാക്ക്?

ശരീരത്തിനു മുഴുവൻ രക്തമെത്തിക്കുക എന്ന ജോലി ചെയ്യുന്ന ഒരു പമ്പാണ് ഹൃദയം. ആ ഹൃദയത്തിനു സ്വന്തം നിലനില്പിന് രക്തം ആവശ്യത്തിന് ലഭിക്കാതിരിക്കുമ്പോഴാണ് ഹൃദ്രോഗമുണ്ടാവുന്നത്. ഹൃദയഭിത്തിയിലെ കോശങ്ങളിലേക്ക് ശുദ്ധ രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ എവിടെയെങ്കിലും തടസ്സം ഉണ്ടാകുന്നതുമൂലം ഹൃദയഭിത്തിയുടെ ആ ഭാഗം പ്രവർത്തനരഹിതം ആയേക്കാം. പമ്പ് പണിമുടക്കിലാവുമ്പോൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യത്തിനുള്ള ശുദ്ധ രക്തം എത്തിക്കുക എന്ന അടിസ്ഥാന കടമ മുടങ്ങുന്നു. ഒപ്പം പമ്പിംഗ് നടക്കാത്തതു മൂലം ശ്വാസകോശത്തിൽ രക്തം കെട്ടിക്കിടക്കുന്നതു വഴി ശ്വാസതടസ്സം അനുഭവപ്പെടുന്നു.

ഹൃദയാഘാതം മൂലമുള്ള വേദന സാധാരണ ഗതിയിൽ നെഞ്ചിന് മധ്യഭാഗത്തായാണ് അനുഭവപ്പെടുക, ഒപ്പം ആ വേദന ഇടത് കൈത്തണ്ടയിലേക്കും മുതുകിലേയ്ക്കും വ്യാപിക്കാം. അതോടൊപ്പം തലകറക്കം, അമിതമായ വിയർപ്പ്, താഴ്ന്ന രക്തസമ്മർദ്ദം എന്നീ ലക്ഷണങ്ങളും ഉണ്ടായേക്കാം. താടിയെല്ലിന് താഴേയ്ക്ക്, പുക്കിളിന് മുകൾഭാഗം വരെ അനുഭവപ്പെടുന്ന ഏതൊരു വേദനയും ഒരു വിദഗ്ദ്ധ പരിശോധനയിലൂടെ ഹൃദയാഘാത ലക്ഷണം അല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. സ്ത്രീകളിലും പ്രമേഹ രോഗികളിലും പ്രായമേറിയവർക്കും വേദനയും ശ്രദ്ധ പിടിച്ചു പറ്റുന്ന അനുബന്ധ ലക്ഷണങ്ങളും പലപ്പോഴും ഉണ്ടാവാറില്ല. ഇങ്ങനെ നിശബ്ദം സംഭവിക്കുന്ന ഹൃദ്രോഗങ്ങളുടെ മരണനിരക്ക് സ്വാഭാവികമായും ഉയർന്നതാണ്.

ഇ.സി.ജി. പരിശോധനയിലൂടെയും രക്തത്തിലെ ‘ട്രോപ്പോണിൻ’ എന്ന കണികയുടെ അളവ് പരിശോധിക്കുന്നതിലൂടെയും ഹൃദയാഘാതം തിരിച്ചറിയാം.

♨️ എന്താണ് ആൻജിയോഗ്രാം?

അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കൊറോണറി ധമനികളിലേക്ക് എക്സ് റേ കിരണങ്ങൾ കടത്തി വിടാത്ത തരം’മരുന്നുകൾ’ കടത്തിവിട്ട് എടുക്കുന്ന ചിത്രങ്ങളാണ് ആൻജിയോഗ്രാം എന്ന് അറിയപ്പെടുന്നത്. ധമനികളിൽ എവിടെയെങ്കിലും തടസ്സം ഉണ്ടെങ്കിൽ ഈ’മരുന്നുകൾ’ ആ തടസ്സത്തിനപ്പുറത്തേയ്ക്ക് കടന്നു ചെന്നിട്ടില്ല എന്നത് ആൻജിയോഗ്രാം ചിത്രങ്ങളിൽ നിന്നും ഡോക്ടർമാർക്ക് മനസ്സിലാകും. ഇത് ഹൃദയാഘാത ചികിത്സയിൽ സുപ്രാധാനമായ ഒരു പരിശോധനയാണ്.

♨️ ‘സമയം മാംസപേശിയാണ്’

ഹൃദയാഘാതത്തിൻറെ ചികിത്സ അടഞ്ഞ കൊറോണറി ധമനികൾ എത്രയും വേഗം പൂർവസ്ഥിതിയിൽ ആക്കുക എന്നാണെന്ന് നമുക്ക് മനസ്സിലായല്ലോ. കൊറോണറി ധമനികളിലൂടെയുള്ള രക്തപ്രവാഹം എത്രയും വേഗം പുനഃസ്ഥാപിച്ചാൽ നിർജ്ജീവമായ ഹൃദയപേശിയെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കും. ഈ ചികിത്സയുടെ വിജയം, തടസ്സം സംഭവിച്ച് എത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഇവ ചെയ്യാനാകും എന്നതിനെ ആശ്രയിച്ചിരിക്കും. എത്രയും വേഗം ചെയ്താൽ കൂടുതൽ ഹൃദയപേശികൾ പരിക്കില്ലാതെ രക്ഷപ്പെടും, മറിച്ച് സമയം നീണ്ടുപോയാൽ കൂടുതൽ ഭാഗത്തെ പേശികൾ നശിക്കുകയും, ചികിത്സയുടെ ഫലം പൂർണമായ തോതിൽ ലഭിക്കാതിരിക്കുകയും ചെയ്യാം.

പലപ്പോഴും ഈ കാലതാമസത്തിന് കാരണമാകുന്നത് നെഞ്ചുവേദനയെ ഗ്യാസായും ദഹനക്കേടായും കണ്ട് അവഗണിച്ച് സ്വയം ചികിത്സകളിലേയ്ക്ക് കടക്കുന്നതു മൂലവും, ശരിയായ തീരുമാനം എടുക്കുന്നതിൽ രോഗിയുടെ ബന്ധുക്കൾക്ക് പറ്റുന്ന പിഴവിലുമാണ്. മറ്റു ചില അവസരങ്ങളിൽ, ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള വാഹന ലഭ്യത കുറയുന്നതും, ആവശ്യത്തിന് സന്നാഹങ്ങളുള്ള ആശുപത്രികൾ ചുറ്റുവട്ടത്ത് ഇല്ലാതിരിക്കുന്നതും ഒരു കാരണമാകാം.

ഹാർട്ട് അറ്റാക്കിൻറെ ചികിത്സയുടെ വിജയവും രോഗിയുടെ ജീവനും സമയവും തമ്മിൽ വളരേ വലിയ ബന്ധം ഉണ്ട് എന്നതിനാലാണ് ‘സമയം മാംസപേശിയാണ്’എന്ന മുദ്രാവാക്യം പ്രചരിപ്പിച്ചുപോരുന്നത്.

തടസ്സം നിൽക്കുന്ന രക്തക്കട്ട അലിയിച്ചു കളയുന്നതിനുള്ള മരുന്നുകൾ പ്രയോഗിക്കുകയോ,ആൻജിയോപ്ലാസ്റ്റിയിലൂടെ തടസ്സം നീക്കം ചെയ്യുകയോ ആണ് ചെയ്യുക.

♨️ ത്രോംബോലിറ്റിക് തെറാപ്പി

കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞുണ്ടാകുന്ന തടസ്സങ്ങൾക്കു മേൽ രക്തം കട്ടപിടിക്കുന്നതു കൊണ്ടാണ് ഹൃദയാഘാതം സംഭവിക്കുന്നത് എന്ന് നേരത്തേ വിശദീകരിച്ചുവല്ലോ.

ഈ തടസ്സം നീക്കം ചെയ്യാൻ പ്രധാനമായും രണ്ടു രീതിയിലുള്ള ചികിത്സകളാണുള്ളത്.

ഒന്ന് : മരുന്നുകൾ ഉപയോഗിച്ചുള്ള രീതി

രണ്ട് : അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ചെയ്യുന്ന ചികിത്സകൾ.

‘സ്ട്രെപ്റ്റോകൈനേസ്’, ‘റെറ്റിപ്ലേസ്’ , ‘ആൾടിപ്ലേസ്’ , ‘ടെനെക്ടപ്ലേസ്’ എന്നീ മരുന്നുകൾ ഉപയോഗിച്ച് ആ രക്തക്കട്ട അലിയിച്ചു കളയുന്ന ചികിത്സാ രീതിയാണ് ത്രോംബോലിറ്റിക് തെറാപ്പി എന്ന് അറിയപ്പെടുന്നത്. മരുന്നുകൾ ഉപയോഗിച്ച് ചെയ്യുന്ന രീതി ആയതിനാൽ ഈ ചികിത്സാ സംവിധാനം കേരളത്തിലെ ഒട്ടുമിക്ക പ്രധാന ആശുപത്രികളിലും ലഭ്യമാണ്. ഈ ചികിത്സയിലൂടെ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് 8 മുതൽ 10 ശതമാനം വരെ താഴ്ത്തുവാൻ സാധിച്ചിട്ടുണ്ട്.

♨️ ആൻജിയോപ്ലാസ്റ്റി

ഈ രീതിക്ക് അൽപം കൂടി പരിശീലനം നേടിയ ഡോക്ടർമാരും, ‘കാത്ത് ലാബ്’ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളും ആവശ്യമാണ്.

ഇതിൽ രോഗിയുടെ കൈത്തണ്ടയിലെയോ തുടയിലെയോ രക്തക്കുഴലീലൂടെ കടത്തിവിടുന്ന “കത്തീറ്റർ” എന്ന നാളിയിലൂടെ ബലൂണിൻറെ സഹായത്തോടെ ആ തടസ്സം നീക്കം ചെയ്യുന്നു. ഒപ്പം രക്തക്കട്ട വലിച്ചു കളയുന്നതിന് ‘ത്രോംബോസക്ഷൻ’ എന്ന സങ്കേതവും ഉപയോഗിച്ചു പോരുന്നു. ഈ രീതിയിലൂടെ മരണനിരക്ക് നാല് ശതമാനമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഇതാണ് ഹൃദയാഘാതം വന്ന ഒരാൾക്ക് ലഭ്യമാക്കേണ്ട ഏറ്റവും മികച്ച ചികിത്സ.

ആൻജിയോപ്ലാസ്റ്റിയിൽ ബലൂൺ ചികിത്സയോടൊപ്പം തന്നെ ആ രക്തധമനി വീണ്ടും അടഞ്ഞു പോകാതിരിക്കുന്നതിനായി ലോഹനിർമിതമായ ഒരു ചുരുൾ ( സ്റ്റെൻറ് ) നിലനിർത്താറുണ്ട്. തുടർന്നങ്ങോട്ട് അതേ സ്ഥലത്ത് രക്തം വീണ്ടും കട്ടപിടിക്കുന്നത് തടയിടുന്നതിനുള്ള മരുന്നുകൾ കൂടി ഉൾക്കൊള്ളിച്ചിട്ടുള്ള സ്റ്റെൻറ്റുകൾ വരെ ഇക്കാലത്ത് ലഭ്യമാണ്.

♨️ കൊറോണറി ബൈപ്പാസ്

നാം യാത്രചെയ്തുകൊണ്ടിരിക്കവേ മുന്നിലായി ഒരു അപകടം സംഭവിച്ചാൽ സാധാരണയായി ട്രാഫിക് പോലീസ് എന്താണ് ചെയ്യുക?? തൊട്ടടുത്ത് യാത്രായോഗ്യമായ ഒരു വഴി ( ബൈപ്പാസ് ) കണ്ടെത്തി, ബ്ലോക്കിൽ പെട്ടിരിക്കുന്ന വാഹനങ്ങളെയൊക്കെ എത്രയും വേഗം ആ വഴിയിലേക്ക് തിരിച്ചുവിട്ട് ലക്ഷ്യസ്ഥാനത്തേയ്ക്ക് യാത്ര തുടരാനനുവദിക്കും.

അതേപോലെ തന്നെ, കൊറോണറി ധമനികളിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ, നെഞ്ച് തുറന്നുള്ള ഒരു ശസ്ത്രക്രിയയിലൂടെ, ശരീരത്തിൻറെ മറ്റൊരു ഭാഗത്തുനിന്ന് എടുത്ത ഒരു രക്തക്കുഴൽ ഉപയോഗിച്ച്, മഹാധമനിയിൽ നിന്നും ശുദ്ധ രക്തം കൊറോണറിയിലെ ബ്ലോക്കിനും അപ്പുറത്തേക്ക് എത്തിക്കുന്നതിനുള്ള ഒരു “ബൈപ്പാസ്” തുന്നിപ്പിടിപ്പിക്കും. ഹൃദയപേശികളിലേയ്ക്കുള്ള രക്തചംക്രമണം ഇങ്ങനെ പുനഃസ്ഥാപിക്കാൻ കഴിയുന്നു.

🌄 സത്യവും മിഥ്യയും 🌄

മറ്റേതു വിഷയത്തിലും എന്നതുപോലെ ഹൃദയാരോഗ്യത്തെ സംബന്ധിച്ചും ഒരുപാട് തെറ്റിദ്ധാരണകൾ നിലവിലുണ്ട്. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങൾ വഴിയും മറ്റും പ്രചരിക്കുന്ന തലയും വാലുമില്ലാത്ത കുറെയധികം അബദ്ധ പ്രചാരണങ്ങൾ. അവയിൽ പ്രധാനപ്പെട്ടവയിലെ സത്യവും മിഥ്യയും ഒന്നു തിരിച്ചറിയാം.

ആദ്യമേ പറയട്ടെ നെഞ്ചുവേദന വന്നാൽ ശ്വാസം പിടിച്ചു വച്ച് ചുമച്ചോണ്ടിരുന്നാൽ മതി എന്ന മട്ടിൽ മഞ്ചേരിയിലെ കാർഡിയോളജിസ്റ്റ് പറഞ്ഞു എന്നൊക്കെയുള്ള വാട്സാപ്പ് വിജ്ഞാനം വിശ്വസിച്ചിരിക്കുന്നത് വൻ വിഡഢിത്തമാണ്. മറ്റു പ്രബലമായ മിഥ്യാധാരണകൾ താഴെ കൊടുക്കുന്നു.

 1. 🌚 മിഥ്യ : ഈ ചെറിയ പ്രായത്തിൽ എനിക്ക് ഹൃദ്രോഗ സാധ്യത ഇല്ല.

🌝 സത്യം : നിലവിൽ എത്ര ആരോഗ്യപരമായ ജീവിതം ആണ് നമ്മൾ നയിക്കുന്നത് എന്നതാണ് ഭാവിയിലെ ഹൃദ്രോഗസാധ്യതയെ നിർണയിക്കുന്നത്. അതിനാൽ ചെറിയ പ്രായം മുതലേ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.

 1. 🌚 മിഥ്യ : എനിക്ക് രക്താതിസമ്മർദ്ദത്തിൻറേതായ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല

🌝 സത്യം : രക്താതിസമ്മർദ്ദം അറിയപ്പെടുന്നതുതന്നെ ‘നിശബ്ദനായ കൊലയാളി’ എന്ന പേരിലാണ്. ബഹു ഭൂരിഭാഗം ആളുകളിലും രക്താതിസമ്മർദ്ദം അനുഭവവേദ്യമാവുന്ന യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കണമെന്നില്ല. കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദം പരിശോധിച്ച് അത് കൂടുതലല്ല എന്ന് ഉറപ്പു വരുത്തുന്നതു തന്നെയാണ് ശരിയായ മാർഗ്ഗം.

 1. 🌚 മിഥ്യ : ഹൃദയാഘാതം ഉണ്ടാകുമ്പോൾ നെഞ്ചു വേദന അനുഭവപ്പെടും

🌝 സത്യം : അനിയന്ത്രിതമായ പ്രമേഹരോഗം ഉള്ളവരിൽ നെഞ്ചുവേദന തന്നെ മനസ്സിലാകണമെന്നില്ല.

സാധാരണ ഹൃദയാഘാതത്തിൽ നെഞ്ചിനു മധ്യഭാഗത്തായി വേദന അനുഭവപ്പെടാറുണ്ട് എങ്കിലും, ശ്വാസംമുട്ടൽ, തലകറക്കം,ഓക്കാനം, കൈത്തണ്ടയുടെ ഉൾഭാഗത്തോ,താടിയിലോ, മുതുകത്തോ കഴുത്തിലോ വേദന എന്നിങ്ങനെ മറ്റു പല ലക്ഷണങ്ങളും ഹൃദയാഘാതവുമായി ബന്ധപ്പെട്ടതാകാം.

 1. 🌚 മിഥ്യ : ഞാൻ പ്രമേഹത്തിനു മരുന്നു മുടങ്ങാതെ കഴിക്കുന്നതിനാൽ ഹൃദ്രോഗസാധ്യത എനിക്കില്ല

🌝 സത്യം : കൃത്യമായ നിയന്ത്രണത്തിൽ മുന്നോട്ടുപോകുന്ന പ്രമേഹം ഹൃദയാരോഗ്യത്തിന് വലിയ ഭീഷണികൾ ഉണ്ടാക്കാറില്ലെങ്കിലും, പ്രമേഹരോഗികളിൽ ഹൃദ്രോഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കാരണം ഈ രണ്ട് അസുഖങ്ങൾക്കും നിദാനമായേക്കാവുന്ന പൊതുവായ കാരണങ്ങൾ ആ രോഗികളിൽ നിലനിൽക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. ഉദാ : പൊണ്ണത്തടി, അമിത ശരീരഭാരം, പുകവലി

 1. 🌚 മിഥ്യ : ഹൃദ്രോഗം എന്റെ കുടുംബത്ത് എല്ലാവർക്കും ഉണ്ട്… എനിക്ക് ഇനിയൊന്നും ചെയ്യാനില്ല

🌝 സത്യം : ഹൃദ്രോഗത്തിൻറെ ചരിത്രം കുടുംബാംഗങ്ങളിലുണ്ടെങ്കിൽ ഹൃദ്രോഗ സാധ്യത കൂടുതലാണ് എന്നത് ഒരു വസ്തുതയാണ്.. എന്നിരുന്നാലും ആരോഗ്യപരവും ചിട്ടയോടെയുമുള്ള ജീവിതരീതി സ്വീകരിക്കുക, പുകവലി ഉപേക്ഷിക്കുക എന്നീ ഇടപെടലുകളിലൂടെ ഇവരിലും ഹൃദ്രോഗ സാധ്യത വളരെ വലിയൊരു അളവു വരെ കുറച്ചുനിർത്താവുന്നതാണ്.

 1. 🌚 മിഥ്യ : ഓഹ്, എനിക്കിപ്പോ കൊളസ്ട്രോള് ചെക്ക് ചെയ്യാനുള്ള പ്രായമൊന്നും ആയിട്ടില്ല😏

🌝 സത്യം : അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിഷ്കർഷിക്കുന്നത്, ഇരുപത് വയസ്സിനു മുകളിൽ പ്രായമുള്ള ആളുകൾ അഞ്ചുവർഷത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ രക്തപരിശോധനകൾ നടത്തി കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പു വരുത്തണം എന്നാണ്. ഹൃദ്രോഗ ബാധ കുടുംബാംഗങ്ങളിലുള്ളവർ ഈ ചെക്കപ്പുകൾ ഇരുപത് വയസ്സിനു മുൻപ് തന്നെ ആരംഭിക്കണം.

 1. 🌚 മിഥ്യ : ഏയ്, ഈ കാലുവേദനയ്ക്ക് എന്റെ ഹൃദയാരോഗ്യവുമായി ഒരു ബന്ധവുമില്ല, ഇത് പ്രായമാകുന്നതിൻറെ വേദനകളാ..

🌝 സത്യം : കാലുകളിലെ പേശികളിൽ അനുഭവപ്പെടുന്ന വേദനകൾ കാലിലേക്കുള്ള രക്തക്കുഴലുകൾ ചുരുങ്ങുന്നതു വഴി ഉണ്ടാകുന്ന PAD ( Peripheral Artery Disease ) എന്ന രോഗാവസ്ഥയുടെ ലക്ഷണമാകാം. സമാനമായ വ്യതിയാനങ്ങൾ ഹൃദയത്തിലെയും തലച്ചോറിലെയും രക്തക്കുഴലുകൾക്കും ഉണ്ടായേക്കാം. അവശ്യമായ പരിശോധനകൾ അനിവാര്യമാണ് എന്ന് സാരം.

 1. 🌚 മിഥ്യ : ഹൃദയാഘാതത്തിന് ശേഷം വ്യായാമം ചെയ്യാൻ പാടില്ല.

🌝 സത്യം : ഹൃദയാഘാതത്തിൻറെ ചികിത്സയ്ക്ക് ശേഷം നിങ്ങളുടെ ചികിത്സകൻറെ കൃത്യമായ മേൽനോട്ടത്തിൽ എത്രയും വേഗം വ്യായാമമുറകളിൽ ഏർപ്പെടേണ്ടത് അനിവാര്യമാണ്. പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഇത്തരത്തിൽ ആരോഗ്യകരമായ ശീലങ്ങളിലേക്ക് തിരിയുന്നവരിൽ തുടർന്നങ്ങോട്ട് ഹൃദ്രോഗ സാധ്യത കുറയുന്നുണ്ട് എന്നു തന്നെയാണ്.

 1. 🌚 മിഥ്യ : ഹൃദയാഘാതത്തിനു ശേഷം രോഗികൾക്ക് നൽകുന്ന മരുന്നുകൾക്ക് അവർ അടിമകളാകും

🌝 സത്യം : ഹൃദയാഘാതത്തെത്തുടർന്ന് ആ വ്യക്തി ചില മരുന്നുകൾ ആജീവനാന്തം കഴിക്കേണ്ടതുണ്ട്. ഈ വസ്തുത ‘രോഗികൾ മരുന്നുകൾക്ക് അടിമകളാകുന്നു’ എന്ന തെറ്റായ കാഴ്ചപ്പാടിലൂടെ കാണാതെ, ആ വ്യക്തിയുടെ തുടർജീവിതത്തിൽ ആ രോഗം ഒരു വില്ലനായി വീണ്ടും അവതരിക്കാതിരിക്കുന്നതിനായി സ്വീകരിക്കുന്ന ഒരു മുൻകരുതലായി വേണം കാണുവാൻ.

ഓരോ വ്യക്തിയുടെയും ആരോഗ്യാവസ്ഥയനുസരിച്ച്, ഹൃദയധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയുന്ന ‘ആൻറി പ്ലേറ്റ്ലെറ്റ്’ മരുന്നുകൾ, കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്ന ‘സ്റ്റാറ്റിൻ’ മരുന്നുകൾ, തുടരാഘാത സാധ്യതകൾ പരമാവധി കുറയ്ക്കുന്നതിന് സഹായിക്കുന്ന ‘ബീറ്റാ ബ്ലോക്കർ’ മരുന്നുകൾ, ഹൃദയത്തിന്റെ അറകളുടെ ആകൃതി വ്യതിയാനം തടയുന്നതിന് ‘എ.സി.ഇ. ഇൻഹിബിറ്റർ’ മരുന്നുകൾ എന്നിവ നിർദേശാനുസരണം ഉപയോഗിക്കേണ്ടത് അനിവാര്യമാണ്.

♨️ ഹൃദയാഘാതം ഒഴിവാക്കി നിർത്തുന്നതിനുള്ള പതിവ് പരിശോധനകൾ – അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിഷ്കർഷിക്കുന്നത്

 1. രക്തസമ്മർദ്ദം : മുൻപുള്ള പരിശോധനയിൽ രക്തസമ്മർദ്ദം 120/80 ന് താഴെയാണെങ്കിൽ ഓരോ രണ്ടുവർഷത്തിൽ ഒരിക്കലെങ്കിലും രക്തസമ്മർദ്ദം നിരീക്ഷിക്കുക. പ്രമേഹമോ, ഹൃദ്രോഗ ചരിത്രം കുടുംബത്തിലുണ്ട് എങ്കിലോ, ഈ പരിശോധന കുറഞ്ഞ ഇടവേളകളിൽ തന്നെ നടത്തേണ്ടതാണ്.
 2. രക്തത്തിലെ കൊഴുപ്പിന്റെ അളവ് ( Fasting Lipid Profile ) : മറ്റു അധിക സാധ്യതകൾ ഇല്ലാത്തവർ 5-6 വർഷത്തിലൊരിക്കലെങ്കിലും ഈ പരിശോധന നടത്തണം. മറ്റുള്ളവർ പതിവ് ചെക്കപ്പുകളുടെ കൂടെ ഈ പരിശോധനയും പതിവായി ചെയ്തു പോകണം.
 3. ബോഡി മാസ് ഇൻഡക്സ് (BMI) : ഓരോ പതിവ് ആരോഗ്യ പരിശോധനകളുടെ കൂടെയും ഇത് നിർണയിക്കേണ്ടതാണ്. ( BMI = വ്യക്തിയുടെ ശരീരഭാരം കിലോഗ്രാമിൽ ÷ വ്യക്തിയുടെ ഉയരം മീറ്ററിൽ അളന്നതിൻറെ വർഗം )

ഭാരക്കുറവ് : BMI 18.5 ലും താഴെ

ആരോഗ്യപരമായ ഭാരം : BMI 18.5 നും 24.9 നും ഇടയിൽ

അമിത ശരീരഭാരം : BMI 25 നും 29.9 നും ഇടയിൽ

പൊണ്ണത്തടി : BMI 30 ഓ, അതിനു മുകളിലോ

 1. രക്തത്തിലെ പഞ്ചസാരയുടെ അളവ് : മുൻകാല ചരിത്രം ഇല്ലാത്തവർ മൂന്ന് വർഷത്തിലൊരിക്കലെങ്കിലും ഈ പരിശോധന നടത്തണം. പ്രമേഹ രോഗികൾ, തുടർച്ചയായ നിരീക്ഷണത്തിലൂടെ എല്ലായ്പ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമാണ് എന്ന് ഉറപ്പുവരുത്തണം.
 2. നമ്മുടെ വ്യായാമ ശീലങ്ങളും, ആഹാരക്രമവും ഡോക്ടറുമായി സംസാരിച്ച് ക്രമീകരണം തുടർച്ചയായും കൃത്യമായും നടത്തിപ്പോരണം.

‘ഹൃദയപൂർവ്വം’ ജീവിക്കുവാൻ നമുക്ക് ഈ ഹൃദയാരോഗ്യ ദിനത്തിൽ തീരുമാനമെടുക്കാം. 💪💓

ലേഖകർ
Dr. KIRAN NARAYANAN MBBS. Graduated from Govt. TD Medical College, Alappuzha. Currently, he is working in Kerala Government Health Services, as Assistant Surgeon at Primary Health Centre, Valakom, near Muvattupuzha, Ernakulam District. Founder member of AMRITHAKIRANAM, a public health awareness initiative by Kerala Government Medical Officer's Association. His area of interest outside medicine is, "Whistling". He was a member of the team who is currently holding Limca, Asia & Indian records for the event, 'Group Whistling'. He has been a member of Guinness world record holding team by Flowers Channel.
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
ആരോഗ്യ അവബോധം

79 ലേഖനങ്ങൾ

പൊതുജനാരോഗ്യം

48 ലേഖനങ്ങൾ

കിംവദന്തികൾ

40 ലേഖനങ്ങൾ

Hoax

39 ലേഖനങ്ങൾ

ശിശുപരിപാലനം

34 ലേഖനങ്ങൾ

Infectious Diseases

33 ലേഖനങ്ങൾ

Medicine

32 ലേഖനങ്ങൾ

Pediatrics

31 ലേഖനങ്ങൾ

Preventive Medicine

25 ലേഖനങ്ങൾ