· 4 മിനിറ്റ് വായന

കുട്ടികളിലെ കഫക്കെട്ട്

Pediatrics

സ്വന്തം കുട്ടിക്ക് ‘എന്തോ’ ഒരു കുഴപ്പമുണ്ടെന്നു പറഞ്ഞു ഡോക്ടറെ കാണാന്‍ വരുന്ന അമ്മമാരില്‍ മിക്കവരും പറയുന്ന ഒരു പ്രശ്നമാണ് കഫക്കെട്ട്. സത്യത്തില്‍ ‘കഫക്കെട്ട്’ എന്നത് കൊണ്ട് എന്താണ് ഈ മാതാശ്രീകള്‍ സൂചിപ്പിക്കുന്നത് എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്.വായിലൂടെയും മൂക്കിലൂടെയും ചിലപ്പോള്‍ മലത്തിലൂടെ പോലും പുറത്ത് മ്യൂക്കസ് (നിങ്ങള്‍ ഉദ്ദേശിച്ചത് തന്നെ, ഞാന്‍ ഒന്ന് ശാസ്ത്രീകരിച്ചതാണ്) പോകുന്നതെല്ലാം അവര്‍ക്ക് കഫക്കെട്ടാണ്. ഇതിനൊക്കെ പൊടിയില്‍ വെള്ളം കലക്കുന്ന മരുന്ന് വേണമെന്നും പറയും(ആന്റിബയോട്ടിക് എന്ന് ഡോക്റ്റര്‍ മനസ്സിലാക്കിക്കോളണം).

കഫം എന്നത് ത്രിദോഷങ്ങളില്‍ ഒന്നായി കാണുന്ന ആയുര്‍വേദരീതി അത്രയേറെ ജനകീയമായത് കൊണ്ടാകാം മ്യൂക്കസ് വരുന്നത് എന്തും ദോഷമാണ് എന്ന ചിന്താഗതി ഉണ്ടായത്. പൊതുവേ, മുഖത്തുള്ള വായു അറകളായ സൈനസുകളില്‍ ഉണ്ടാകുന്ന അണുബാധ തൊട്ടു ശ്വാസകോശത്തിനകത്ത് ഉണ്ടാകുന്ന അണുബാധ വരെ എന്തും ശ്വസനവ്യവസ്ഥയില്‍ നിന്നും മ്യൂക്കസ് പുറത്ത് വരുന്ന അവസ്ഥ ഉണ്ടാക്കാം. ഇതിനെയെല്ലാം അറിഞ്ഞോ അറിയാതെയോ രക്ഷിതാക്കള്‍ ‘കഫക്കെട്ട്’ എന്ന് തന്നെയാണ് വിളിക്കുന്നത്‌.

ഇതിനെ ഒരു ദോഷമായല്ല, മറിച്ചു അണുക്കളെ പുറംതള്ളാനുള്ള ശരീരത്തിന്‍റെ ഒരു ഉപായമായിട്ടാണ് ആധുനികവൈദ്യശാസ്ത്രം കാണുന്നത്. അണുക്കളും ശരീരത്തിന് പുറത്ത് നിന്ന് ശ്വസനത്തിലൂടെ അകത്തു കയറാന്‍ സാധ്യതയുള്ള പൊടിയും മറ്റും ഈ കൊഴുപ്പുള്ള വസ്തുവില്‍ പറ്റിപ്പിടിച്ചു ശരീരത്തിനു ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായിത്തീരാതെ സംരക്ഷിക്കുക എന്നതാണ് ഇങ്ങു മൂക്കിന്‍റെ ഉള്ളറകള്‍ തൊട്ടു അങ്ങ് ശ്വാസകോശത്തിലെ വായു അറകളായ ‘ആല്‍വിയോലൈ’ വരെയുള്ള മ്യൂക്കസ് പാളിയുടെ ധര്‍മ്മം.

അലര്‍ജിയും അണുബാധയും മറ്റുമുണ്ടാകുമ്പോള്‍ സ്വാഭാവികമായി അല്പം കൂടിയ അളവില്‍ ശരീരം മ്യൂക്കസ് ഉല്‍പ്പാദിപ്പിക്കും. അണുക്കളും പൊടിയും ഇനി അലര്‍ജിക്ക് ഹേതുവായ വസ്തുവുണ്ടെങ്കില്‍ (അലര്‍ജന്‍-പൂമ്പൊടി, പ്രാണികള്‍ തുടങ്ങിയവ) അതുമൊക്കെ പിടികൂടി ഗെറ്റ് ഔട്ട്‌ അടിക്കുക എന്നതാണ് ഇത് കൊണ്ടുള്ള കാര്യം. അതായത്, തുടര്‍ച്ചയായ മൂക്കൊലിപ്പായി പുറത്തേക്ക് വരുന്നത് അണുക്കള്‍ നിറഞ്ഞൊരു സ്രവം ആണെന്ന് അര്‍ഥം.

ചുരുക്കി പറഞ്ഞാല്‍, ‘കഫക്കെട്ട്’ രോഗിയായ ഒരു ശരീരത്തിന്‍റെ രോഗലക്ഷണം എന്നതിലുപരി സ്വാതന്ത്ര്യമായ ഒരു അസുഖമല്ല. ‘ഇല്ലാത്ത രോഗത്തിനു വല്ലാത്ത ചികിത്സ’ എന്ന് കേട്ടിട്ടില്ലേ? കഫക്കെട്ടിനും ഇത് ബാധകമാണ്. വെറുതേ തുമ്മുന്നത് തൊട്ടു ന്യൂമോണിയ വരെ സര്‍വ്വതും കഫക്കെട്ട് എന്ന പേരില്‍ അടങ്ങിയിരിക്കാം എന്നതിനാല്‍ അത്തരം സാധാരണ അസുഖങ്ങളെ ഒന്ന് പരിചയപ്പെടുന്നത് നന്നായിരിക്കും.

അലര്‍ജിയോ വൈറസോ ബാക്റ്റീരിയയോ ഉണ്ടാക്കുന്ന അണുബാധയോ ആണ് സാധാരണയായി അമിതമായി കഫം ഉണ്ടാകാനുള്ള കാരണം. ചുമച്ചും ചുമ കൂടുമ്പോള്‍ ഛർദ്ധിച്ചും പുറത്ത് പോകുന്ന വെളുത്ത സ്രവത്തെ ‘കഫം’ എന്നും മൂക്കിലൂടെ വരുന്നതിനു ‘മൂക്കിള’ എന്നുമാണ് സാധാരണ പറഞ്ഞു കേട്ടിട്ടുള്ളത്. അതെന്താ അങ്ങനെ എന്ന് ചോദിച്ചാല്‍ ഓരോരോ കീഴ്വഴക്കങ്ങള്‍ എന്നേ പറയാനുള്ളൂ എന്ന് തോന്നുന്നു.

ശ്വസനവ്യവസ്ഥയില്‍(Respiratory system) കഫം ഉണ്ടാകാന്‍ കാരണമായ ചില പ്രധാന അസുഖങ്ങളെ നമുക്ക് പരിചയപ്പെടുന്നതിന്‌ മുൻപ്‌ അവയെ രണ്ടായി തരം തിരിക്കേണ്ടി വരും.

*Upper Respiratory Tract Infections (മൂക്കും മൂക്കിന്‌ ചുറ്റുമുള്ള വായു അറകളായ സൈനസുകളും തൊണ്ടയും സമീപമുള്ള ടോൺസിലുകളും ഉൾപ്പെടുന്നു)

*Lower Respiratory Tract(പുറമേ കാണാത്ത ശ്വസനാവയവങ്ങൾ-ശ്വസനനാളം മുതൽ ആൽവിയോലൈ വരെ)

ഇത്രയും ഭാഗത്ത്‌ എവിടെ അസുഖമുണ്ടായാലും മേൽപ്പറഞ്ഞ ‘കെട്ട്‌’ വരും..അത്‌ തന്നെ, കഫക്കെട്ട്‌ !

സൈനസൈറ്റിസ്‌ -വായിൽ കൊള്ളാത്ത പേരുള്ള കുറേ ബാക്‌ടീരിയകളുടെ വിക്രിയ. മൂക്കിന്‌ ചുറ്റുമുള്ള വായു അറകളിലേക്ക്‌ ശ്വസനം വഴിയോ മുങ്ങിക്കുളി വഴിയോ സമീപ അവയവങ്ങളിൽ നിന്നോ അണുബാധ എത്തിച്ചേരാം. തലക്ക്‌ ഭാരം തോന്നുക, തലവേദന, പുരികത്തിന്റെ ഉൾക്കോണിൽ ഞെക്കുമ്പോൾ വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. അലർജിയുള്ളവർക്ക്‌ തുടർച്ചയായി ഉണ്ടാകാം. വിവിധ ആന്റിബയോട്ടിക്കുകളാണ്‌ ചികിത്‌സ. ഒരിക്കലും വീട്ടിൽ മറ്റൊരാൾക്ക്‌ എഴുതിയ മരുന്ന്‌ വാങ്ങിക്കഴിക്കരുത്‌. ആവി പിടിക്കുന്നത്‌ വളരെ ഗുണകരമാണ്‌.

റൈനൈറ്റിസ്‌ – മൂക്കിനുള്ളിലെ അണുബാധ. ബാക്‌ടീരിയകളും വൈറസും മൽസരിച്ചു പയറ്റുന്നയിടമാണ്‌ ഇത്‌. വൈറൽ (വാട്ട്‌സ്സപ്പിലെ വൈറൽ അല്ല കേട്ടോ) റൈനൈറ്റിസിന്‌ സ്വൈര്യം കെടുത്തുന്ന വെള്ളം പോലുള്ള മൂക്കൊലിപ്പാണെങ്കിൽ ബാക്‌ടീരിയ ഉണ്ടാക്കുന്ന റൈനൈറ്റിസിൽ കട്ടിയുള്ളതോ ഇളംപച്ചനിറമുള്ളതോ ആയ കഫമാണ്‌ ഉണ്ടാകുക. വൈറൽ അസുഖത്തിന്‌ നന്നായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. മറ്റവന്‌ (സ്‌പോൺസേർഡ്‌ ബൈ ബാക്‌റ്റീരിയ ബ്രോ) ചിലപ്പോൾ കാര്യമായി ഗുളിക തിന്നേണ്ടി വന്നേക്കാം. ‘ജലദോഷം’ എന്ന ശാസ്‌ത്രനാമം എങ്ങനെ വന്നതാണെന്ന്‌ അറിയില്ല(പേരിട്ട ആൾക്ക്‌ വൈറൽ റൈനൈറ്റിസ്‌ വന്നു കാണണം..മൂക്കിലൂടെ ജലം വന്നത്‌ കൊണ്ട്‌..ഏത്‌?). തണുത്ത കാറ്റ്, യാത്ര എന്നിവയൊക്കെ ചിലരില്‍ ഇതുണ്ടാക്കാറുണ്ട്. ഏതായാലും, ഗുളിക കഴിച്ചാൽ ഏഴു ദിവസം കൊണ്ടും അല്ലെങ്കിൽ ഒരാഴ്‌ച കൊണ്ടും മാറുന്ന വൈറൽ ജലദോഷത്തിന്‌ പ്രത്യേകിച്ച്‌ ചികിത്സയൊന്നും ആവശ്യമില്ല.

ടോൺസിലൈറ്റിസ്‌ -തൊണ്ടവേദന വന്നാൽ വായിലേക്ക്‌ ടോർച്ചടിച്ച്‌ നോക്കുമ്പോൾ അങ്ങേയറ്റത്ത്‌ ഇരുഭാഗത്തുമായി കാണുന്ന രണ്ട്‌ ഉണ്ടകളെയാണ് ടോൺസിൽ എന്നത് കൊണ്ട് എല്ലാവരും മനസ്സിലാക്കിയിട്ടുള്ളത്‌. എന്നാൽ, രണ്ടിലേറെ ടോൺസിലുകളുണ്ട്‌(സാധാരണ ഗതിയിൽ അഞ്ചെണ്ണം). അണുബാധയെ ചെറുക്കാനുള്ള ലിംഫാറ്റിക്‌ വ്യവസ്‌ഥയുടെ ഭാഗമാണിവ.

ടോൺസിലൈറ്റിസ്‌ വേദനാജനകമാണെന്ന്‌ പറയേണ്ടതില്ലല്ലോ.മരുന്നുകൾക്കൊപ്പം ഫലപ്രദമായൊരു ചികിത്സയുണ്ടിതിന്‌, ഉപ്പിട്ട ചൂടുവെള്ളം ചുരുങ്ങിയത്‌ മൂന്ന്‌ നേരം കവിൾ കൊള്ളുക.നല്ല വ്യത്യാസമുണ്ടാകും. തണുത്ത വെള്ളം, ഐസ്‌,ഐസ്‌ക്രീം തുടങ്ങിയവ ആ താലൂക്കതിർത്തിയിൽ പോലും കണ്ട്‌ പോകരുത്‌.

ഫാരിഞ്ചൈറ്റിസ്‌, ലാരിഞ്ചൈറ്റിസ്‌- തൊണ്ട വേദനയുടെ മറ്റ്‌ രണ്ട്‌ കാരണങ്ങൾ. ഭക്ഷണമിറക്കുമ്പോഴുള്ള വേദനയാണ്‌ പ്രധാനലക്ഷണം. ചികിത്‌സ സമാനമാണ്‌. തൊണ്ട വേദന പഴയ തൊണ്ട വേദനയാണെങ്കിലും വാക്‌സിൻ വിരുദ്ധത കാരണമുണ്ടായ ഡിഫ്‌തീരിയയുടെ തിരിച്ചു വരവിനെ ഒന്ന്‌ ഗൗനിക്കണം. വിട്ടു മാറാത്ത തൊണ്ട വേദനയും പനിയുമൊന്നും ഒരു പരിധിക്കപ്പുറം അവഗണിക്കരുത്‌. കുട്ടികൾക്ക്‌ യഥാസമയം വാക്‌സിൻ നൽകുന്നുവെന്ന്‌ ഉറപ്പിക്കുക.

Lower Respiratory Tract infections- ശ്വസനനാളം മുതൽ ആൽവിയോളൈ വരെ അണുക്കളോ അലർജനോ രണ്ടു പേരും കൂടിയോ ബോറടി മാറ്റുന്നതിന്റെ പരിണിതഫലം. ചുമച്ച്‌ ഒരു വഴിക്കാകുന്ന കുഞ്ഞ്‌ ഉറക്കവും മനസ്സമാധാനവും കളയും.

മിക്കപ്പോഴും ഇത്‌ സാധാരണ അണുബാധകൾ മൂർച്‌ഛിച്ചതാകാനാണ്‌ സാധ്യത. ട്രക്കിയൈറ്റിസ്‌, ബ്രോങ്കൈറ്റിസ്‌, ബ്രോങ്കിയോളൈറ്റിസ്‌, ആൽവിയോളൈറ്റിസ്‌ തുടങ്ങി വളരെയേറെ ഐറ്റംസ്‌, അല്ല ഐറ്റിസുകളുണ്ട്‌. ന്യൂമോണിയ, പ്ലൂരൈറ്റിസ്‌ തുടങ്ങി ശ്വാസകോശത്തെയും ശ്വാസകോശത്തിന്റെ ആവരണത്തെയുമെല്ലാം ബാധിക്കുന്ന വമ്പൻമാരുണ്ട്‌. അവയിൽ മിക്കതും ചികിത്സിച്ചില്ലെങ്കിൽ വഷളാകാൻ സാദ്ധ്യതയുള്ളവയുമാണ്‌. നേരം വൈകാതെ ആശുപത്രിയിലേക്കുള്ള വണ്ടി പിടിക്കുക. ബാക്കി ജോലി ഡോക്‌ടറുടേതാണ്‌.

കഫക്കെട്ട്‌ ചില്ലറക്കാരനല്ല എന്ന്‌ മനസ്സിലായില്ലേ ? ശ്വസനവ്യവസ്‌ഥയിലെ കഫം ഇങ്ങനെയാണെങ്കിൽ ദഹനവ്യവസ്‌ഥയിലെ കഫം ഛർദ്ധിൽ വഴിയോ മലം വഴിയോ പുറത്ത്‌ പോകാം.രണ്ടും രോഗാതുരമായ അവസ്‌ഥകൾ തന്നെ. യഥാസമയം ചികിത്‌സ തേടുക.

ഒരേയൊരു കാര്യം ഓർമ്മിപ്പിക്കാനുള്ളത്‌, സ്വയം ചികിത്സയെക്കുറിച്ചാണ്‌. നിങ്ങളുടെ കുഞ്ഞിന്റെ അസുഖം നിർണ്ണയിക്കാനും ചികിത്‌സിക്കാനും നിങ്ങളുടെ ശിശുരോഗവിദഗ്‌ധനെ മാത്രം അനുവദിക്കുക.കുഞ്ഞുങ്ങൾ പൂ പോലെയാണ്‌, അണുബാധകൾ അവരെ വളരെ പെട്ടെന്ന്‌ തളർത്തിയേക്കാം. നമ്മുടെ അശ്രദ്ധ കൊണ്ട്‌ അവർ ദുരിതം അനുഭവിക്കേണ്ടി വരരുത്‌.

ലേഖകർ
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
ആരോഗ്യ അവബോധം

95 ലേഖനങ്ങൾ

പൊതുജനാരോഗ്യം

64 ലേഖനങ്ങൾ

കിംവദന്തികൾ

44 ലേഖനങ്ങൾ

Hoax

39 ലേഖനങ്ങൾ

Medicine

39 ലേഖനങ്ങൾ

ശിശുപരിപാലനം

37 ലേഖനങ്ങൾ

Infectious Diseases

35 ലേഖനങ്ങൾ

Pediatrics

33 ലേഖനങ്ങൾ

Life Style

28 ലേഖനങ്ങൾ

Preventive Medicine

26 ലേഖനങ്ങൾ