· 3 മിനിറ്റ് വായന

എന്താണ് വെസ്റ്റ് നൈല്‍ പനി (West Nile Fever)

Infectious Diseasesആരോഗ്യ അവബോധം

എന്താണ് വെസ്റ്റ് നൈല് പനി (West Nile Fever) ?

——————————————————————–

അപൂര്വ്വമായി കേരളത്തില് പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു വൈറല് പനിയാണിത്‌, നിലവില് കോഴിക്കോട് ഉള്ള ഒരു രോഗിയിലിത് സംശയിക്കപ്പെടുന്നുണ്ട്.

വലിയൊരു പൊതുജനാരോഗ്യ ഭീഷണിയൊന്നും ഉയര്ത്തുന്നില്ല എങ്കില്ക്കൂടി, രോഗങ്ങളെക്കുറിച്ചുള്ള ശരിയായ അറിവ് രോഗലക്ഷണങ്ങളെ തിരിച്ചറിയാനും ഉചിതമായ ചികിത്സ തേടാനും ജനങ്ങളെ സഹായിക്കുമെന്നതിനാല് ഈ രോഗത്തെക്കുറിച്ചു അല്പം വിവരിക്കാം.

ആദ്യം അല്പ്പം ചരിത്രം

————————————

✿1937 ൽ ഉഗാണ്ടയിലെ West Nile എന്ന ജില്ലയിലെ ഒരു സ്ത്രീയിൽ നിന്നാണ് വെസ്റ്റ് നൈൽ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 1953 ൽ നൈൽ ഡെൽറ്റാ മേഖലയിലെ കാക്കയടക്കമുള്ള ചില പക്ഷികളിൽ നിന്നും ഈ വൈറസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. 1997 കാലഘട്ടത്തിൽ ഇസ്രായേലിൽ മസ്തിഷ്കജ്വരവും പക്ഷാഘാതവുമടക്കമുള്ള രോഗലക്ഷണങ്ങളോടെ കുറേയധികം പക്ഷികൾ മരണപ്പെടുന്നത് വരെ ഈ അസുഖം പക്ഷികളിൽ രോഗകാരണമാകുമെന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞിരുന്നില്ല.

✿കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ രോഗം മനുഷ്യരിൽ വ്യാപിക്കുന്നതായി കണ്ടുവരുന്നുണ്ട്.

✿1999 ൽ ഇസ്രായേലിലും ടുണീഷ്യയിലും പടർന്നുകൊണ്ടിരുന്ന WNV അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് പടരുകയും, അനേകായിരങ്ങളെ ബാധിക്കുകയും ചെയ്തു. വാഹകരായ ജീവികളിലൂടെ പടരുന്ന അസുഖങ്ങൾ അവയുടെ സ്വാഭാവികമായ ആവാസസ്ഥലത്തുനിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ ഇടവരുകയും ലോകമാകമാനം ഭീഷണി ഉയര്ത്തുകയും ചെയ്യാമെന്ന് വരച്ചുകാട്ടുന്നതായിരുന്നു 2010 വരെ നീണ്ടുനിന്ന ഈ ഒരു പകര്ച്ചവ്യാധി ബാധ.

✿ദേശാടനപ്പക്ഷികളുടെ സഞ്ചാരപഥത്തിൽ പെടുന്ന ഗ്രീസ്, ഇസ്രായേൽ, റൊമാനിയ, റഷ്യ, ആഫ്രിക്ക, യൂറോപ്പിൻറെ ചില ഭാഗങ്ങൾ, മിഡിൽ ഈസ്റ്റ്, ഏഷ്യയുടെ പടിഞ്ഞാറൻ രാജ്യങ്ങൾ, ഓസ്ട്രേലിയ എന്നീയിടങ്ങളിലാണ് ഈ വൈറസിന്റെ പ്രധാനമായ വ്യാപനം ഇതുവരെ നടന്നിട്ടുള്ളത്.

രോഗവ്യാപനം

———————–

🌟രോഗാണുവാഹകരായ പക്ഷികളെ കടിക്കുന്ന കൊതുകുകളിലേക്ക് പടരുന്ന ഈ വൈറസ് കൊതുകുകളുടെ ഉമിനീർ ഗ്രന്ഥികളിൽ പെറ്റുപെരുകുന്നു. അവ പിന്നീട് മനുഷ്യരെ കടിക്കുമ്പോഴാണ് സാധാരണഗതിയില് മനുഷ്യരിൽ രോഗബാധയുണ്ടാകുന്നത്.

🌟എന്നാല് അപൂര്വ്വമായി രോഗബാധിതരായ മറ്റു മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും, ഈ രോഗബാധയാൽ മരിക്കുന്ന പക്ഷികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതുവഴിയും, അവയുടെ രക്തത്തിലൂടെയും കോശങ്ങളിലൂടെയും മനുഷ്യരിലേക്ക് ഈ രോഗാണു പടരാം.

🌟വളരെ വളരെ ചെറിയ ഒരു ശതമാനം സന്ദര്ഭങ്ങളില് മാത്രം രക്തദാനം വഴിയും, അവയവമാറ്റ ശസ്ത്രക്രിയ മൂലവും, അമ്മയില് നിന്നും ഗര്ഭസ്ഥശിശുവിലേക്ക് നേരിട്ടും, മുലപ്പാലിലൂടെയും രോഗം പടർന്നിട്ടുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

🌟മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മറ്റുവിധ സമ്പര്ക്കത്തിലൂടെ / നേരിട്ട് ഇടപെടുന്നത് മുഖേന ഈ രോഗം പകരുന്നതല്ല.

രോഗലക്ഷണങ്ങൾ

—————————-

രോഗാണുബാധിതരായ വലിയൊരു ശതമാനം (80%) ആളുകളിലും ഈ രോഗം യാതൊരു വിധ ലക്ഷണങ്ങളും ഉണ്ടാക്കാറില്ല.

എന്നാൽ, ബാക്കി 20% ആളുകളിൽ തലവേദന, ശരീരവേദന, സന്ധിവേദന, ഛർദ്ദി, വയറിളക്കം, തിണർപ്പുകൾ എന്നീ ലക്ഷ്യങ്ങൾ പ്രകടമായേക്കാം. ഇവരിൽ ബഹുഭൂരിപക്ഷവും ഈ രോഗത്തിൽ നിന്നും പരിപൂർണ്ണമായും സൗഖ്യം പ്രാപിക്കും. ചുരുക്കം ആളുകളിൽ കുറച്ചു മാസങ്ങൾ നീളുന്ന ക്ഷീണവും സന്ധിവേദനയും കണ്ടുവരാറുണ്ട്.

വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നവരിൽ 150 പേരിൽ ഒരാളിൽ എന്ന തോതിൽ ഈ രോഗം ഉഗ്രരൂപം പ്രാപിക്കാറുണ്ട്. എന്നാൽ മസ്തിഷ്ക ജ്വരത്തിൻറെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഇവരിൽ മരണം സംഭവിക്കാനുള്ള സാധ്യത വെറും 10% മാത്രമാണ്.

മസ്തിഷ്കജ്വരത്തിൻറെ ലക്ഷണങ്ങൾ (സ്വഭാവത്തിലെ മാറ്റങ്ങള്, ചുഴലി, ബോധക്ഷയം) കണ്ടുതുടങ്ങിയാല് രോഗം അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നതായി നാം മനസ്സിലാക്കണം. ഇങ്ങനെ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളിൽ പോലും കൃത്യമായ ആധുനിക ചികിത്സ ലഭ്യമാക്കുന്നതു വഴി മരണനിരക്ക് വെറും പത്തു ശതമാനത്തിൽ താഴെയാക്കാവുന്നതാണ്.

ഏതു പ്രായത്തിലും പെടാമെങ്കിലും, 60 വയസ്സ് കഴിഞ്ഞവരിലും, പ്രമേഹം, അർബുദം, വൃക്കരോഗികൾ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ എന്നിവരിലുമാണ് ഈ രോഗം അപകടാവസ്ഥയിലേക്ക് പോകാറുള്ളത്.

വെസ്റ്റ് നൈൽ വൈറസ് ശരീരത്തിനുള്ളിൽ കടന്നു കഴിഞ്ഞാൽ 3 മുതൽ 14 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങും.

രോഗനിർണയം

———————–

ELISA ഉപയോഗിച്ച് രോഗിയുടെ ശരീരശ്രവങ്ങളിൽനിന്ന് ആൻറിബോഡികൾ (IgG , IgM) തിരിച്ചറിയുന്നത് വഴി.

Polymerase chain reaction, അല്ലെങ്കിൽ cell culture വഴി വൈറസിനെ വേർതിരിച്ചെടുക്കുന്നതു വഴി. ( സ്ഥിരീകരണ പരിശോധന )

ചികിത്സയും പ്രതിരോധവും

——————————————

✸മറ്റ് ഭൂരിഭാഗം വൈറൽ രോഗങ്ങളിലുമെന്നതുപോലെ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ആളുകൾക്ക് ലാക്ഷണിക ചികിൽസകളാണ് (നിർജലീകരണം തടയൽ, വേദനസംഹാരികൾ, ശ്വസന സഹായികൾ, രോഗബാധയോടൊപ്പം വരാവുന്നമറ്റു രോഗാണുബാധകള് നിയന്ത്രിക്കുന്നതിനായി ആൻറിബയോട്ടിക്കുകൾ) പ്രധാനമായും നൽകിവരുന്നത്.

✸ഈ വൈറസിനെതിരെ പ്രയോഗിക്കാവുന്ന ആന്റി വൈറല് മരുന്നുകള്നിലവില് കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

✸വാക്സിനുകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും, മനുഷ്യരിൽ പ്രയോഗിക്കാവുന്ന രീതിയിൽ ഒരു വാക്സിൻ WNV ക്കെതിരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. (എന്നാൽ രോഗബാധിതരായ കുതിരകളിൽ ഉപയോഗിക്കാവുന്ന വാക്സിൻ ലഭ്യമാണ്)

✸ഈ വൈറസുകളെ നമ്മുടെ നാട്ടിലേക്ക് എത്തിക്കുന്ന ദേശാടനപ്പക്ഷികളെ നിരീക്ഷിക്കുന്ന ഒരു സംവിധാനം വഴി അസുഖം ഇറക്കുമതി ചെയ്യപ്പെടാനുള്ള സാധ്യത മുൻകൂട്ടി കണ്ടെത്താവുന്നതാണ്. കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾ ഈ രോഗവ്യാപനത്തിന് തടയിടും.

ലേഖകർ
Dr. KIRAN NARAYANAN MBBS. Graduated from Govt. TD Medical College, Alappuzha. Currently, he is working in Kerala Government Health Services, as Assistant Surgeon at Primary Health Centre, Valakom, near Muvattupuzha, Ernakulam District. Founder member of AMRITHAKIRANAM, a public health awareness initiative by Kerala Government Medical Officer's Association. His area of interest outside medicine is, "Whistling". He was a member of the team who is currently holding Limca, Asia & Indian records for the event, 'Group Whistling'. He has been a member of Guinness world record holding team by Flowers Channel.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
ആരോഗ്യ അവബോധം

95 ലേഖനങ്ങൾ

പൊതുജനാരോഗ്യം

64 ലേഖനങ്ങൾ

കിംവദന്തികൾ

44 ലേഖനങ്ങൾ

Hoax

39 ലേഖനങ്ങൾ

Medicine

39 ലേഖനങ്ങൾ

ശിശുപരിപാലനം

37 ലേഖനങ്ങൾ

Infectious Diseases

35 ലേഖനങ്ങൾ

Pediatrics

33 ലേഖനങ്ങൾ

Life Style

28 ലേഖനങ്ങൾ

Preventive Medicine

26 ലേഖനങ്ങൾ