· 4 മിനിറ്റ് വായന

സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമ്പോൾ

അംഗപരിമിതർസാങ്കേതികവിദ്യസുരക്ഷ

ഓടിച്ചാടി നടന്ന്, തോന്നുന്നതെന്തും ചെയ്യാനാവുന്ന ഒരവസ്ഥയിൽ നിന്ന് ഒരു നിമിഷം മിഴിയിമകൾ പോലും ചലിപ്പിക്കാൻ ആവാത്ത വിധം നിസ്സഹായാവസ്ഥയിൽ എത്തിപ്പോവുന്ന ഒരാളെ കുറിച്ചോർക്കുക. അത്ര അപൂർവ്വം അല്ലാത്തൊരു യാഥാർഥ്യം ആണത്. അങ്ങനെ ഒരാളുടെ നിസ്സഹായ അവസ്ഥയിൽ നഷ്ട്ടപ്പെട്ടു പോയ ചലനങ്ങൾ തിരിച്ചു കിട്ടുന്നതായിരിക്കും അയാളുടെ ഏറ്റവും വലിയ സ്വപ്നം. ദിവസങ്ങൾ കഴിയുമ്പോ ചലനശേഷി തിരിച്ചു കിട്ടില്ല എന്നതറിയുമ്പോൾ, ചുറ്റും ഉള്ള എന്തിനെയും തന്റെ ഇംഗിതത്തിനൊത്ത് ഉപയോഗിക്കുന്നതിന്റെ സാധ്യതകൾ എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കും.

ചിന്തകൾ തലച്ചോറിന്റെ ഉള്ളിൽ ഉറവയെടുത്തു നാഡികളിലൂടെ സഞ്ചരിച്ചു പേശികളിലെത്തി അവയെ ഉദ്ദീപിപ്പിച്ചു ചലനമായി മാറുന്നത് വഴിയാണ് വ്യത്യസ്ത പ്രവൃത്തികൾ ആയി നിർവ്വഹിക്കപ്പെടുന്നത്. ഒരു പക്ഷെ ഇങ്ങനെ നാഡീപേശികളുടെ മധ്യസ്ഥത വേണ്ടാതെ നമ്മളുടെ ഇംഗിതങ്ങൾ മറ്റു സാങ്കേതികതകളിലേക്ക് സംക്രമിപ്പിക്കാനുള്ള സാധ്യതയെപ്പറ്റിയുള്ള അന്വേഷണങ്ങൾ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. സിനിമകളിലും നോവലുകളിലും ഒതുങ്ങി നിന്നിരുന്ന ആരുടെയൊക്കെയോ സ്വപ്‌നങ്ങൾ ആയിരുന്നു ഇവയിൽ പലതും.

ചിന്തകളുടെ അടിമകളായ അവയവങ്ങൾ അനുസരിക്കാതാവുമ്പോൾ അതിനപ്പുറത്തേക്ക് ഒരു പടി ദൂരെയെറിഞ്ഞു നമ്മളുടെ മനസ്സിനെ അതേപടി അനുസരിക്കുന്നൊരു സംവിധാനം എന്ന സ്വപ്നം യാഥാർഥ്യം ആവുന്നത് കാണുകയും അനുഭവിക്കുകയും ചെയ്ത അനേകമാളുകളിൽ പ്രമുഖനാണ് ഈയിടെ അന്തരിച്ച ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്.

സ്റ്റീഫൻ ഹോക്കിങ്ങിനെ കുറിച്ചും അദ്ദേഹത്തിനെ ബാധിച്ചിരുന്ന മോട്ടോർ ന്യുറോൺ ഡിസീസിനെ പറ്റിയും ഒക്കെ ഏവർക്കും അറിയാവുന്നതാണല്ലോ. ഈ മാരകരോഗം അതിന്റെ കൈപ്പിടിയിലിട്ട് ഞെരിക്കുമ്പോഴും ഹോക്കിങ് കൈവരിച്ച നേട്ടങ്ങളെ അദ്ദേഹത്തിന് സാദ്ധ്യമാക്കാൻ സഹായിച്ച ടെക്‌നോളജിയെപ്പറ്റി അധികം പേർക്കും അറിയില്ലായെന്നാണ് തോന്നുന്നത്.

എഞ്ചിനീയറിങ്ങും മെഡിസിനും ഒത്തു ചേരുന്ന ഒരു മെഡിക്കൽ സ്പെഷ്യാലിറ്റിയാണ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ. അതിന്റെ ഒരു ചെറിയ ഭാഗമാണ് assistive technology അല്ലെങ്കിൽ environmental controls system എന്നത്. രോഗത്തെയല്ല, രോഗിയെയാണ് ഇവിടെ ചികിൽസിക്കുന്നത്. ചികിത്സ എന്ന് തന്നെ പറയാനും പറ്റില്ല. ചില തരം രോഗങ്ങൾക്ക് ചികിത്സയില്ല, എന്നാൽ ഉപകരണ സഹായത്തോടെ രോഗിയുടെ പ്രവൃത്തന സ്വാതന്ത്ര്യം (ഇത് തന്നെയാണോ functional independence എന്ന വാക്കിന്റെ മലയാളം തർജ്ജമ എന്ന് സംശയമുണ്ട്) കഴിയുന്നേടത്തോളം നിലനിർത്തുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.

രോഗങ്ങൾ, പ്രത്യേകിച്ചും നാഡീവ്യവസ്ഥയെയും പേശികളെയും ബാധിക്കുന്നവ, രോഗിയുടെ പ്രവൃത്തന സ്വാതന്ത്യത്തെ പരിമിതപ്പെടുത്തുന്നു. സാധാരണ നാം രണ്ടാമതൊരാലോചനയില്ലാതെ ചെയ്യുന്ന പല കാര്യങ്ങളും ഇവർക്ക് ചെയ്യാൻ സാധിക്കാതെ വരുന്നത് മൂലം മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുന്നു. ഉദാഹരണത്തിന് കൈകാലുകൾ അനക്കാൻ പറ്റാത്ത ഒരു രോഗിക്ക്, തന്റെ ബെഡിൽ ഒന്ന് എഴുന്നേറ്റിരിക്കാനോ മുറിയിലെ ലൈറ്റുകൾ ഓൺ/ഓഫ് ചെയ്യാനോ ടെലിവിഷൻ പ്രവർത്തിപ്പിക്കാനോ ചാനലുകൾ മാറ്റാനോ വീട്ടിലാരുമില്ലാത്തപ്പോൾ ആരെങ്കിലും വന്നാൽ കതക് തുറന്നു കൊടുക്കാനോ ഫോൺ വന്നാൽ ആൻസർ ചെയ്യാനോ ജനാല കർട്ടനുകൾ തുറക്കാനോ അടയ്ക്കാനോ ഒക്കെ പരസഹായം ഇല്ലാതെ കഴിയില്ലല്ലോ. എന്നാൽ ഈ രോഗിക്ക് ഒരു എൻവയോൺമെന്റൽ കൺട്രോൾ സിസ്റ്റം ഉപയോഗിക്കുക വഴി ഇതെല്ലാം അതാതിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന യന്ത്രസഹായത്താൽ ചെയ്യാൻ കഴിയും. വൈഫൈ, ബ്ലൂടൂത്ത്, ഇൻഫ്രാറെഡ് ടെക്‌നോളജികളാണ് കൺട്രോൾ യൂണിറ്റും ടാർജറ്റ് യന്ത്രവുമായി കണക്ട് ചെയ്യാൻ ഉപയോഗിക്കുന്നത്. കൺട്രോൾ സംവിധാനം പല തരത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയും. രോഗിക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നതനുസരിച്ചാവും കൺട്രോൾ യൂണിറ്റ് സംവിധാനം. തല അനക്കാൻ കഴിയുന്ന ഒരാളിന് തന്റെ ബെഡിന്റെ തലയുടെ സൈഡിലും വീൽചെയറിന്റെ ഹെഡ്‌റെസ്റ്റിലും ഓരോ കൺട്രോൾ യൂണിറ്റ് സ്ഥാപിച്ചാൽ ഒറ്റ കൺട്രോൾ യൂണിറ്റ് കൊണ്ട് തന്നെ ഇതെല്ലാം ചെയ്യാൻ സാധിക്കും. കൂടാതെ വീൽചെയർ ഓടിക്കാനും ഇതേ കൺട്രോൾ സിസ്റ്റം തന്നെ ഉപയോഗിക്കാം. കൈ അനക്കാൻ സാധിക്കുന്ന രോഗിക്ക് ഒരു ടെലിവിഷൻ റിമോട്ട് പോലെയുള്ള കൺട്രോൾ സംവിധാനമാകാം.

എൻവയോൺമെന്റൽ കൺട്രോൾസ് ഉപയോഗിച്ച് കൂടുതൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന രോഗികൾ കൂടുതൽ സന്തോഷവാന്മാരും/വതികളും കൂടുതൽ നാൾ ജീവിച്ചിരിക്കുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ അടുത്ത ബന്ധുക്കളുടെ മേലുള്ള പ്രഷർ കുറയുന്നത് മൂലം കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകുന്നതായും മൊത്തത്തിൽ രോഗികളുടെയും ബന്ധുക്കളുടെയും ക്വാളിറ്റി ഓഫ് ലൈഫ് മെച്ചപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സംസാരിക്കാൻ പോലും കഴിവില്ലാത്ത ഹോക്കിങ്ങിനെ പോലുള്ള രോഗികൾക്ക് കണ്ണിന്റെ ചലനങ്ങൾ മാത്രം കൊണ്ട് ഈ കാര്യങ്ങളെല്ലാം ചെയ്യാൻ സാധിക്കും. ഒരു കംപ്യുട്ടർ സ്‌ക്രീനിൽ ഉള്ള പല ഭാഗങ്ങളിൽ കണ്ണുകൾ എത്തുന്നത് സെൻസർ ചെയ്താണ് ഇത് സാധിക്കുക. ഹോക്കിങ് കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തിലേറെയായി സംസാരിച്ചതും പുസ്തകമെഴുതിയതുമെല്ലാം ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്.

എല്ലാ മേഖലകളിലുമെന്നത് പോലെ assistive technology മേഖലയിലും ദിനംപ്രതി കൂടുതൽ അഡ്വാൻസ്മെന്റുകൾ വന്നു കൊണ്ടിരിക്കുന്നു. ഹോക്കിങ്ങിന്റെ മുൻകാല ചിത്രങ്ങൾ ശ്രദ്ധിച്ചിട്ടുള്ളവർക്കറിയാം, അദ്ദേഹം ഒരു ബാൻഡ് തലയിൽ ചുറ്റിയിരിക്കുന്നത്. അദ്ദേഹത്തിൻറെ തലയുടെ മൂവ്മെന്റ് സെൻസ് ചെയ്യാനുള്ള ഒരു സെൻസർ ആയിരുന്നു അത്. കാലക്രമേണ അദ്ദേഹത്തിന്റെ രോഗത്തിന്റെ കാഠിന്യം കൂടുകയും തല അല്പം പോലും ചലിപ്പിക്കാനാവാത്ത സ്ഥിതിയിലെത്തിയപ്പോൾ കണ്ണുകളുടെ ചലനം മാത്രം സെൻസ് ചെയ്തു ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനും സംസാരിക്കുവാനുമുള്ള ടെക്‌നോളജി വികസിച്ചിരുന്നു.

ടെക്‌നോളജിയുടെ വികാസത്തെ കുറിച്ച് പറയുമ്പോൾ അടുത്തു തന്നെ നടക്കാനിടയുള്ള മറ്റൊരു വൻ കുതിച്ചു ചാട്ടത്തെപ്പറ്റി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാൻ പറ്റില്ല. രണ്ടു വർഷം മുന്നേ ജർമ്മനിയിൽ ഒരു കോൺഫറൻസിൽ പങ്കെടുത്തപ്പോൾ അവിടെ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പ്രസന്റേഷൻ ഉണ്ടായിരുന്നു. ചിന്ത കൊണ്ട് മാത്രം വീൽചെയർ ഓടിക്കുകയും ലൈറ്റുകൾ കത്തിക്കുകയും ഓഫാക്കുകയും ഒക്കെ ചെയ്യുന്നതിനെപ്പറ്റിയുള്ള ഒരു ആനിമൽ ഡെമോൺസ്ട്രഷൻ വീഡിയോ സഹിതമുള്ള പ്രസന്റേഷൻ. കഴുത്തിന് താഴേക്ക് തളർന്നു പോയ ഒരു ചിമ്പാൻസിയുടെ തലച്ചോറിലെ മോട്ടോർ കോർട്ടെക്സിൽ സ്ഥാപിച്ച നൂറുകണക്കിന് സൂചിമുനകളുള്ള സെൻസറുകൾ, അവയിൽ നിന്ന് വരുന്ന ഇലക്ട്രിക്കൽ തരംഗങ്ങളെ കൂടുതൽ ശക്തിയുള്ളതാക്കുന്ന ഒരു ട്രാൻസ്‍ഡ്യുസർ, ഇതുമായി ബന്ധപ്പെടുത്തിയ, തലയോട്ടിക്ക് പുറമേ സ്ഥാപിച്ചിരിക്കുന്ന ഒരു പരന്ന ആന്റിന ഇത്രയും ചേർന്നതാണ് ഈ സംവിധാനം. ആന്റിന വീൽചെയറിന്റെ മോട്ടോറുമായും മുറിയിലെ ലൈറ്റ് സംവിധാനം കൺട്രോൾ ചെയ്യുന്ന ഒരു യൂണിറ്റുമായും വയർലെസ് ആയി ബന്ധിപ്പിച്ചിരിക്കുന്നു. വീൽചെയറിൽ ഇരിക്കുന്ന ചിമ്പാൻസിക്കറിയാം അടുത്തുള്ള വേറൊരു മുറിയിൽ ഒരു കയറിൽ കെട്ടിത്തൂക്കിയിരിക്കുന്ന വാഴപ്പഴം ഉണ്ടെന്ന്. അവിടേക്ക് പോകാൻ വീൽചെയറിൽ ഇരിക്കുന്ന ചിമ്പാൻസി മനസ്സിൽ ആലോചിക്കുമ്പോൾ തന്നെ വീൽചെയർ വളഞ്ഞു പുളഞ്ഞ കോറിഡോറിലൂടെ ഓടി കറക്ടായി വാഴപ്പഴമുള്ള മുറിയിലെത്തുന്നു. മുറിയിലെ ലൈറ്റ് അന്നേരം കെടുത്തിയിരുന്നാൽ അവൻ ലൈറ്റ് കത്തിക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ റിമോട്ട് വഴി ലൈറ്റുകൾ സ്വിച്ചോൺ ആകുന്നു. ഈ പരീക്ഷണം മനുഷ്യരിൽ തുടങ്ങിയിട്ടില്ല, പക്ഷേ സമീപഭാവിയിൽ തന്നെ ഉണ്ടായേക്കാം.

വികസിതരാജ്യങ്ങളിൽ പലതിലും ഈ environmental controls സിസ്റ്റം ആരോഗ്യസംവിധാനത്തിന്റെ ഭാഗമാണ്. അത് കൊണ്ട് തന്നെ മറ്റു ചികിത്സകൾ പോലെ തന്നെ രോഗികൾക്ക് ഇവയും ലഭ്യമാകും. ബ്രിട്ടനിൽ നാഷണൽ ഹെൽത്ത് സർവ്വീസിന്റെ ഭാഗമായി രോഗികൾക്ക് ഇത് ഫ്രീയായി കിട്ടുന്നുണ്ട്. നമ്മുടെ നാട്ടിൽ ആളുകൾ ഇതേപ്പറ്റി ബോധവാന്മാരായി വരുന്നതേയുള്ളൂ.

ഹോക്കിങ്ങിന്റെ ഭാഗ്യത്തിന് അദ്ദേഹം ജനിച്ചതും ജീവിച്ചതും ഇതൊക്കെ രോഗികൾക്ക് ലഭ്യമായ സിസ്റ്റം നിലവിലുള്ള ഒരു രാജ്യത്തായിരുന്നു. ഇതൊന്നുമില്ലാത്ത നാടുകളിൽ എത്രയോ പ്രതിഭകൾ ആരുമറിയാതെ ജീവിച്ചു മരിച്ചു പോകുന്നുണ്ടാവാം.

ലേഖകർ
Kunjali Kuty is a pen name. A doctor trained in India and abroad now working in a foreign country. No specific interests.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
ആരോഗ്യ അവബോധം

95 ലേഖനങ്ങൾ

പൊതുജനാരോഗ്യം

64 ലേഖനങ്ങൾ

കിംവദന്തികൾ

44 ലേഖനങ്ങൾ

Hoax

39 ലേഖനങ്ങൾ

Medicine

39 ലേഖനങ്ങൾ

ശിശുപരിപാലനം

37 ലേഖനങ്ങൾ

Infectious Diseases

35 ലേഖനങ്ങൾ

Pediatrics

33 ലേഖനങ്ങൾ

Life Style

28 ലേഖനങ്ങൾ

Preventive Medicine

26 ലേഖനങ്ങൾ