· 4 മിനിറ്റ് വായന

അന്ധവിശ്വാസങ്ങൾ മനുഷ്യജീവനുകൾക്ക് വിലപേശുമ്പോൾ

Genericകിംവദന്തികൾ

ആരുടേതായി ജനിക്കുന്നു എന്നത്‌ നിർണ്ണയിക്കുന്ന ചിലതുണ്ട്‌. ജാതി, മതം, സാമ്പത്തികസ്‌ഥിതി, ജീവിക്കുന്ന ഭൂപ്രദേശം തുടങ്ങി കുറേയേറെ കാര്യങ്ങൾ നമ്മുടെ കൈപ്പിടിയിലല്ല. എന്തിന്‌ പറയുന്നു, ആയുഷ്‌കാലം മുഴുവൻ കേട്ടാൽ തിരിഞ്ഞ്‌ നോക്കേണ്ട സ്വന്തം പേര്‌ പോലും ആരുടെയെങ്കിലും സംഭാവനയാണ്‌.

മലപ്പുറത്ത്‌ വീണ്ടും മതപരമായ കാരണങ്ങളാൽ ചികിത്സ തേടാൻ വിസമ്മതിച്ച്‌ ഒരു യുവതി മരിച്ചിരിക്കുന്നു. അല്ല, ജില്ലയുടെ പേരെടുത്ത്‌ പറഞ്ഞത്‌ അവർ മാത്രമങ്ങനെയെന്നതിന്റെ സൂചകമേയല്ല. സ്‌പോട്‌ലൈറ്റിൽ നിൽക്കുന്നതും കാലാകാലങ്ങളായി ഇത്തരം വിഷയങ്ങളിൽ പ്രതിപാദിക്കപ്പെടുന്നതുമായ ജില്ലയെന്നൊരു പ്രസക്‌തി മാത്രമേ ആ പേരിനുള്ളൂ. വിരോധാഭാസമെന്നോണം കാലം മുന്നോട്ട്‌ പോകുമ്പോൾ പിറകോട്ട്‌ നടക്കാനുള്ളൊരു ത്വര ഊരും പേരും പലവിധമുള്ള മലയാളികൾ സ്വായത്തമാക്കുന്നുണ്ട്‌ എന്നതൊരു ഞെട്ടിക്കുന്ന വസ്‌തുതയാണ്‌. വീട്ടുപ്രസവങ്ങളും വാക്‌സിൻവിരുദ്ധതയും ചികിത്സാവിരോധവും ആ പുസ്‌തകത്തിലെ വിവിധ അധ്യായങ്ങൾ മാത്രം.

എന്ത് കൊണ്ടായിരിക്കും ഇത്രയേറെ സങ്കീർണതകൾ ഉണ്ടായിട്ടും ആ സ്‌ത്രീ ആശുപത്രിയിലെത്താതിരുന്നത്‌? ഏത്‌ വിശ്വാസമാണ്‌ മനുഷ്യനെ ‘മരിച്ചാലും മരുന്നരുത്‌/മറയകലരുത്‌’ എന്ന്‌ പഠിപ്പിക്കുക. ദൈവത്തെയോ വിശ്വാസങ്ങളെയോ എതിർക്കുന്നില്ല, അതെല്ലാം വ്യക്‌തിപരമാണ്‌. രാവിരുട്ടി വെളുക്കുമ്പോഴേക്ക്‌ ശാസ്‌ത്രചിന്ത തിളച്ച്‌ വെന്ത്‌ ഓരോ മസ്‌തിഷ്‌കത്തിലും പാകപ്പെടണമെന്നും ആവശ്യപ്പെടുന്നില്ല. സമൂഹത്തിൽ നിലനിൽക്കുന്ന വിശ്വാസങ്ങളൊരു യാഥാർത്ഥ്യം തന്നെയാണ്‌. പക്ഷേ, വിശ്വാസം കൊലപാതകിയാകുമ്പോൾ എതിർക്കാതിരിക്കാനാകില്ല. വിശ്വാസത്തിനും തീവ്രവിശ്വാസത്തിനുമിടക്ക്‌ പിടഞ്ഞു തീരുന്നത്‌ മനുഷ്യനാണ്‌.

ഇൻഫോക്ലിനിക്ക്‌ മുൻപും വീട്ടുപ്രസവങ്ങളുടെ ദൂഷ്യഫലങ്ങളെഴുതിയിട്ടുണ്ട്‌. എങ്കിലും ഒന്നു കൂടി അവയെ അക്കമിട്ടു നിരത്തുകയാണ്‌.

  1. “എന്റെ ഭാര്യ വീട്ടിൽ പ്രസവിച്ചോട്ടെ”

പ്രസവിക്കുന്നത് ഭാര്യയാണ് , നിങ്ങളല്ല. അതുകൊണ്ട് അവർക്ക് അർഹമായ ചികിൽസ നിഷേധിച്ച് ജീവനു ഭീഷണി ഉണ്ടാക്കാൻ നിങ്ങൾക്ക് അനുവാദമില്ല. അറിവില്ലായ്മ കൊണ്ടോ നിങ്ങളുടെ നിർബന്ധമോ പേടിയോ കൊണ്ടോ ആ സ്ത്രീ ആത്മഹത്യാപരമായ തീരുമാനത്തിനു മുതിരുമ്പൊഴും അവരുടെ ജീവൻ മാത്രമല്ല അപകടപ്പെടുത്തുന്നത്. കുഞ്ഞിന്റെ ജീവനുകൂടിയാണ്. ഏത് ഘട്ടത്തിലും സങ്കീർണമാകാവുന്ന ഒന്നാണ് പ്രസവം എന്ന പ്രക്രിയ.

  1. “പ്രസവത്തിന് മുൻപ് സ്കാൻ ചെയ്യില്ല. ഡോക്ടറെ കാണില്ല. ടി.ടി എടുക്കില്ല. കാരണം അതൊരു രോഗമല്ല”

വീട്ടിൽ പ്രസവിക്കാൻ ശ്രമിക്കുന്നവർ മിക്കവാറും വരുത്താറുള്ള ഒരു തെറ്റുകൂടിയാണിത്. പ്രസവം ഒരു രോഗമല്ല. ആണെന്ന് ഇവിടെ ആരും പറയുന്നുമില്ല. പിന്നെന്തിനാണ് ഡോക്ടറെ കാണുന്നത്? ഒന്നാമത്തെ കാര്യം ഗർഭകാലവും പ്രസവവും അത്ര നിസാര സംഗതി അല്ല എന്നത് തന്നെ. ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നത് അമ്മയുടെ ശരീരത്തിൽ ചെറുതല്ലാത്ത മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. എവിടെവച്ച് വേണമെങ്കിലും പാളിപ്പോകാവുന്ന ഒരു സിംഫണി..ഒരു ഞാണിന്മേൽക്കളി.

പ്രസവത്തിനുമുൻപുള്ള സ്കാനുകളും ടെസ്റ്റുകളും അതിനു വേണ്ടിയാണ്. കുഞ്ഞിന്റെ ഗർഭപാത്രത്തിലെ കിടപ്പ് ഒന്ന് മാറിയാൽ, മറുപിള്ള ഗർഭാശയമുഖത്തെ മൂടിയാൽ, അമ്മയ്ക്ക് രക്തസമ്മർദ്ദമോ പ്രമേഹമോ ഉണ്ടായാൽ….ഒന്ന് മാറിമറിയാനുള്ളതേയുള്ളൂ ” സുഖ പ്രസവം “

  1. “അപകടസാദ്ധ്യത അധികം”

വീട്ടിൽ പ്രസവിച്ച കഥ പറയുന്നവർ പറയാതെ പോകുന്ന ഒരു കണക്കുണ്ട്. പണ്ടുതൊട്ട് ഇന്ന് വരെ വീട്ടിൽ പ്രസവിച്ചോ അല്ലെങ്കിൽ കൃത്യമായ വൈദ്യസഹായം കിട്ടാതെയോ മരിച്ച് പോയവരുടെ കണക്ക്.. വീട്ടിലെ ജനനങ്ങൾ മാത്രം പുറം ലോകം അറിയും. മരണം അറിയില്ല. (സ്റ്റാറ്റ്സ്)

  1. “നിഷേധിക്കുന്ന കുത്തിവയ്പുകളും നഷ്ടമാകുന്ന കുരുന്നുജീവനുകളും”

അമ്മമാർ ഗർഭകാലത്ത് രണ്ട് ഡോസ് ടെറ്റനസ് ടോക്സോയിഡ് എടുക്കാറുണ്ട്. ടി.ടി എടുക്കുന്നത് അമ്മയ്ക്കുവേണ്ടി മാത്രമുള്ളതല്ല. കുഞ്ഞിനും കൂടിയാണ്. നിയോനേറ്റൽ ടെറ്റനസ് എന്ന, ഒരുകാലത്ത് നവജാത ശിശുക്കളിൽ മരണം വിതച്ചുകൊണ്ടിരുന്ന രോഗത്തിനെ തടയുക കൂടിയാണ് ലക്ഷ്യം.

അതുപോലെതന്നെ പ്രധാനമാണ് ക്ലീൻ ഡെലിവറി പ്രാക്ടീസുകളും. കൈകളുടെയും പ്രസവം നടക്കുന്ന പ്രതലത്തിന്റെയും വരെ അണുവിമുക്തതയ്ക്കുള്ള പ്രാധാന്യം നമ്മുടെ കുറഞ്ഞ് വരുന്ന നവജാതശിശുമരണനിരക്ക് തന്നെ പറയും.

  1. Clean hands – അണുവിമുക്തമായ കൈകൾ,
  2. Clean delivery surface – വൃത്തിയുള്ള പ്രസവസ്ഥലം,
  3. Clean cord care – പൊക്കിൾക്കൊടിയുടെ പരിചരണം
  4. Clean blade for cutting cord – അണുവിമുക്തമായ പൊക്കിൾക്കൊടി മുറിക്കാനുള്ള ഉപകരണം,
  5. Clean cord tie and no application on cord stump – പൊക്കിൾക്കൊടിയുടെ പുറത്ത് മറ്റൊന്നും ഇടാൻ പാടില്ല
  6. “അയണും ഫോളിക് ആസിഡും രോഗങ്ങൾ ഉണ്ടാക്കും. ഞാൻ കഴിക്കില്ല”

അടുത്ത തെറ്റ്.. ഫോളിക് ആസിഡ് നാഡീവ്യൂഹത്തിനുണ്ടാകാവുന്ന ഗുരുതരമായ ജനനവൈകല്യങ്ങൾ തടയാനുള്ള മാർഗമാണ്. യഥാർഥത്തിൽ ഗർഭം പ്ലാൻ ചെയ്യുമ്പൊഴേ കഴിച്ച് തുടങ്ങേണ്ട ഒന്നാണത്. (പ്രീ കൺസപ്ഷണൽ). വിളർച്ച ഇല്ലാത്തവർക്ക് പോലും ഗർഭാവസ്ഥയിൽ രക്തത്തിന്റെ അളവ് കൂടുന്നതുകൊണ്ടും വർദ്ധിച്ച ആവശ്യം മൂലവും അയണിന്റെ കുറവും അതുമൂലം വിളർച്ചയും കുഞ്ഞിന് വളർച്ചക്കുറവും ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് അയണും അത്യാവശ്യഘടകം മാത്രം.

  1. “അടിയന്തിര സന്ദർഭങ്ങൾ”

മുൻ കൂട്ടി അപകടസാദ്ധ്യത മനസിലാക്കാനാകില്ലെന്ന് മാത്രമല്ല പ്രശ്നം. അപകടമുണ്ടായാൽ ആശുപത്രിയിലേക്കുള്ള ട്രാൻസ്ഫറും പ്രശ്നമാണ്

ഇതിലെവിടെയും പിഴക്കാവുന്ന ഒരു ഞാണിൻമേൽക്കളിയിലേക്ക്‌ ഒരമ്മയെ പിടിച്ചു കൊടുക്കാൻ എന്തിന്റെ പേരിലായാലും വിട്ടു കൊടുക്കുന്നത്‌ ശരിയല്ലെന്ന്‌ നിസ്സംശയം പറയാം.

കേട്ടിട്ടിട്ടില്ലേ എന്റെ ഉമ്മൂമ്മ പത്ത്‌ പ്രസവിച്ചു എന്നിട്ടും കുഴപ്പമൊന്നുമില്ലായിരുന്നല്ലോ എന്ന കഥ ? എന്നാൽ രണ്ട് കുഞ്ഞുങ്ങൾ പ്രസവത്തിൽ മരിച്ചു, ഒന്ന്‌ ഒൻപതാം മാസം വയറിളക്കം വന്ന്‌ മരിച്ചു, പിന്നെ അഞ്ചാമത്തെ കുട്ടിക്ക്‌ ചെറിയൊരു ബുദ്ധിക്കുറിവുണ്ട്‌. എന്നാലെന്താ, ആറ്‌ മക്കളുണ്ടല്ലോ !

ഇതായിരുന്നു ആധുനിക ചികിത്സാ സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു നൂറ്റാണ്ട് മുൻപ് നിലനിന്നിരുന്ന അവസ്ഥ.

മാതൃമരണ നിരക്കുകൾ വരുതിയിലായത് തന്നെ ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ചികിത്സാ സൗകര്യങ്ങളുടെയും വളർച്ചയിലൂടെയാണ്. മറ്റേണൽ മോർട്ടാലിറ്റി റേറ്റ് അതായത് ഒരു ലക്ഷം പ്രസവങ്ങളിൽ എത്ര അമ്മമാർ മരിച്ചു എന്നതാണ് കണക്ക്. കേരളത്തിന്റെ റേറ്റ് 61, ഇന്ത്യയുടെ ആകെ 167, ഗുജറാത്ത് 112, ഉത്തർപ്രദേശ് 285, തമിഴ്നാട് 79, മഹാരാഷ്ട്ര 68. (Ref: http://niti.gov.in/…/maternal-mortality-ratio-mmr-100000-li…)

ഇനി ഇതേ സംസ്ഥാനങ്ങളിലെ ആശുപത്രിയിലെ പ്രസവ നിരക്കും കൂടി പരിശോധിക്കാം. കേരളം 99.8 %, ഇന്ത്യ 78.5 %, ഗുജറാത്ത് 91.8 %, ഉത്തർപ്രദേശ് 57.9 %, തമിഴ്നാട് 99.8 %, മഹാരാഷ്ട്ര 90.7%. (Ref: http://pib.nic.in/newsite/PrintRelease.aspx?relid=123989) ലളിതമായി പറഞ്ഞാൽ വീട്ടിൽ പ്രസവം കുറയുന്ന സ്ഥലങ്ങളിൽ മാതൃമരണ നിരക്ക് കുറയുന്നു.

നവജാത ശിശുക്കളുടെ മരണ നിരക്കും ഈ ആശുപത്രി പ്രസവുമായും ഇതേ ബന്ധമാണ്. അവയും എത്ര എന്നുനോക്കാം. ആയിരം ശിശുജനനങ്ങളിൽ എത്ര കുഞ്ഞുങ്ങൾ മരിക്കുന്നു എന്നതാണ് നിയോനേറ്റൽ മോർട്ടാലിറ്റി റേറ്റ്. കേരളത്തിന്റെ Rural – 7 & Urban – 3, ഇന്ത്യയുടെ ആകെ Rural – 31 & Urban – 15, ഗുജറാത്ത് Rural – 31 & Urban 16, ഉത്തർപ്രദേശ് Rural 38 & Urban 20, തമിഴ്നാട് Rural – 18 & Urban 11, മഹാരാഷ്ട്ര Rural – 21 & Urban 11. (Ref: http://niti.gov.in/…/neo-natal-mortality-rate-nmr-1000-live…)

ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മൂലമാണ് ഇന്ത്യയിലെ പൊതുവായ അവസ്ഥയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യക്തമായ മേൽക്കോയ്മ നമുക്ക് ലഭിക്കുന്നത്. എന്നാൽ പൗരാണികതയുടെ പേരും പറഞ്ഞ്; അബദ്ധ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരുന്നാൽ നാം മാതൃമരണങ്ങളുടെ പഴയ ഇരുണ്ട നൂറ്റാണ്ടിലേക്ക് തന്നെ തിരികെ പോകും. അല്ലെങ്കിൽ ഇന്ന് നമുക്കുള്ള ഈ മികവ് നഷ്ടപ്പെടും. നമ്മൾ മറ്റ് സംഥാനങ്ങളുടെ അവസ്ഥയിലേക്ക് തരംതാഴും.

മലപ്പുറത്ത് രക്ഷിക്കാമായിരുന്ന ഒരമ്മയുടെ ജീവൻ കുരുതികൊടുത്ത ഈ ഓഗസ്റ്റിൽ തന്നെ നമ്മൾ കേൾക്കുന്ന മറ്റൊരു വാർത്തകൂടിയുണ്ട്. ഗർഭപാത്രത്തിൽ 22 ആഴ്ച മാത്രം പ്രായമായ ഇരട്ടക്കുട്ടികൾ പ്രസവ ശേഷം വെന്റിലേറ്ററിൽ കിടക്കുകയും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നു എന്ന വാർത്ത. ഇതൊരു ഇന്ത്യൻ റെക്കോർഡ് കൂടിയാണ്…

ഒരിടത്ത്‌ പ്രതീക്ഷയുടെ നറുതിരിവെട്ടം പൊഴിയുമ്പോൾ മറുവശം തമോഗർത്തത്തിലേക്ക്‌ വീഴുന്നതിൽ ആനന്ദം കണ്ടെത്തി കൊണ്ടേയിരിക്കുന്നു…ഒരു നാൾ അവരും ആരോഗ്യ മുന്നേറ്റങ്ങളിൽ പങ്കാളികളാകുന്നതിൽ ഊറ്റം കൊള്ളും…ഉറപ്പ്‌.

മൂന്നു മാസം ജീവൻ തിരിച്ചു കിട്ടാൻ കാത്തു വെച്ച മൃതശരീരവും അഞ്ച്‌ നേരത്തെ ബാങ്ക്‌ കഴിഞ്ഞ്‌ മാത്രം തൊണ്ട നനയാൻ വിധിക്കപ്പെട്ട ചോരക്കുഞ്ഞുമെല്ലാം വെറും പഴങ്കഥകൾ മാത്രമാകും…മാധ്യമങ്ങളറിഞ്ഞ കഥകൾ ഒരിടത്ത്‌ മാത്രം ചുറ്റിപ്പറ്റിയുള്ളതാകാം..അറിയാതെ പോകുന്നതേറെയുണ്ടാകും. മാറ്റങ്ങളുണ്ടാകും. ഉണ്ടാകണം.

കാലം മുന്നോട്ടാണ്‌..നമ്മളും മുന്നോട്ട്‌ തന്നെ…

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
ആരോഗ്യ അവബോധം

79 ലേഖനങ്ങൾ

പൊതുജനാരോഗ്യം

48 ലേഖനങ്ങൾ

കിംവദന്തികൾ

40 ലേഖനങ്ങൾ

Hoax

39 ലേഖനങ്ങൾ

ശിശുപരിപാലനം

34 ലേഖനങ്ങൾ

Infectious Diseases

33 ലേഖനങ്ങൾ

Medicine

32 ലേഖനങ്ങൾ

Pediatrics

31 ലേഖനങ്ങൾ

Preventive Medicine

25 ലേഖനങ്ങൾ