ഇൻഫോക്ലിനിക്കിനെ കുറിച്ച്
സമൂഹത്തില്‍ ആരോഗ്യ അവബോധം സൃഷ്ടിക്കാനുള്ള ഒരു കൂട്ടായ്മയാണ് ഇൻഫോക്ലിനിക്ക്.
വൈദ്യശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട ശരിയായ ശാസ്ത്രീയ വിവരങ്ങൾ പൊതുസമൂഹത്തിലെത്തിക്കാനും, ആധികാരികമല്ലാത്ത/ അവാസ്തവ / അശാസ്ത്രീയ പ്രചാരണങ്ങളെ പ്രതിരോധിക്കാനും, വൈദ്യശാസ്ത്രം പരിശീലിക്കുന്നവരിലെ നൈതികത ഉറപ്പാക്കുന്ന പ്രവർത്തികൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു കൂട്ടായ്മയാണിത്.
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 51(A) നിര്‍ദ്ദേശിക്കുന്നത് പോലെ ശാസ്ത്രീയ മനോവൃത്തിയും ശാസ്ത്രാവബോധവും പ്രചരിപ്പിക്കാനുള്ള എളിയ ഉദ്യമം.
സാമൂഹ്യ മാധ്യമങ്ങളിലൂടെയും, ദൃശ്യ-ശ്രവ്യ, അച്ചടി മാധ്യമങ്ങളിലൂടെയും ശരിയായ അറിവുകൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നവരുടെ കൂട്ടായ്മയാണ് ഇത്.
പലവിധ തെറ്റായ പ്രചാരണങ്ങളും ഉടലെടുക്കുന്നതും പ്രചരിക്കുന്നതും സോഷ്യല്‍ മീഡിയ മുഖേന ആയതിനാല്‍ അത് പ്രതിരോധിക്കുന്നതിനായി സോഷ്യല്‍ മീഡിയ തന്നെ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനായി ഇന്‍ഫോ ക്ലിനിക്കിന്റെ ഫേസ് ബുക്ക് പേജ് നിലവിലുണ്ട്.
എന്നാല്‍ കിട്ടുന്ന അവസരങ്ങളില്‍ സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും, പ്രിന്റ് / ദൃശ്യ മാധ്യമങ്ങള്‍ മുഖേനയും, പൊതുജനങ്ങളും അധികാരികളുമായുള്ള ആശയവിനിമയങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ആരോഗ്യമേഖലയുടെ ഉന്നമനത്തിനായി തങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ പരിശ്രമിക്കുന്നുണ്ട്.
നിലവില്‍ 30 ഓളം ഡോക്ടര്‍മാരും, മറ്റു ക്രിയേറ്റിവ് കണ്ടന്റ് ഡിസൈന്‍ ചെയ്യാന്‍ ഡോക്ടര്‍ അല്ലാത്ത സുഹൃത്തും കൂടി ചേര്‍ന്ന ഒരു സന്നദ്ധ സേവനം ചെയ്യുന്ന ഒരു കൂട്ടം മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് ഈ സംരംഭത്തിന് പിന്നില്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സ്പെഷ്യാലിറ്റി മേഖലകളില്‍ സേവനം അനുഷ്ടിക്കുന്ന ഡോക്ടര്‍മാര്‍ ഇതിനു പിന്നില്‍ ഉണ്ട്.
കൂടുതല്‍ യുവ ഡോക്ടര്‍മാരെ
ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടരാക്കുകയും, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാൻ പ്രചോദിപ്പിക്കുകയും, കൂടെ ചേരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതും ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെടുന്നു.
ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പൊതു വിഷയങ്ങള്‍, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയിലിടപെടുകയെന്നതിനപ്പുറം വ്യക്തിഗത ചികില്‍സാ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത് ഇന്‍ഫോക്ലിനിക്കിന്റെ ലക്ഷ്യമല്ല.