· 9 മിനിറ്റ് വായന

12.4.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

ലോകാരോഗ്യസംഘടന കൊവിഡ് പാൻഡെമിക് ആയി പ്രഖ്യാപിച്ചിട്ട് ഒരു മാസം തികയുന്നു.

ഈ ഒരു മാസം കൊണ്ട് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്നും 17 ലക്ഷത്തിന് മുകളിൽ എത്തി. മരണസംഖ്യ നാലായിരത്തിൽ നിന്നും ഒരു ലക്ഷത്തിനു മുകളിലേക്ക് എത്തി. ചൈനയിലെ കേസുകൾ ഗണ്യമായി കുറഞ്ഞു. വുഹാൻ പ്രവിശ്യ സാധാരണ ഗതിയിലായി. അസുഖ പ്രഭവകേന്ദ്രം ചൈനയിൽ നിന്നും യൂറോപ്പിലേക്കും അവിടെ നിന്നും അമേരിക്കയിലേക്കും മാറി.

ഇന്ത്യയിൽ ലോക്ക് ഡൗൺ ദീർഘിപ്പിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും നടത്തിയ വീഡിയോ കോൺഫറൻസിൽ നടന്ന ചർച്ചകളെ കുറിച്ചുള്ള വാർത്തകൾ ആണ്.
ഒരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടത് ലോക്ക് ഡൗൺ നീട്ടുന്നത് കൊണ്ട് മാത്രം ആത്യന്തികമായ പ്രയോജനം ലഭിക്കില്ല എന്നതാണ്. അതോടൊപ്പം തന്നെ പരമാവധി കേസുകൾ കണ്ടുപിടിക്കുകയും അവർക്ക് ചുറ്റുമുള്ളവരെ നിരീക്ഷിക്കുകയും രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ നൽകുകയും വേണം.
കണ്ടുപിടിക്കപ്പെടാതിരിക്കുന്ന ഓരോ കേസുകളും, ശരിയായ ചികിത്സ ലഭിക്കാത്ത ഓരോ കേസുകളും പുതിയൊരു പ്രഭവകേന്ദ്രം ആകും എന്ന് മറക്കരുത്. ലോക്ക് ഡൗൺ കാലത്ത് ജനങ്ങളുടെ ആഹാരം, വസ്ത്രം, പാർപ്പിടം, മരുന്നുകൾ തുടങ്ങിയ കാര്യങ്ങൾ സർക്കാർ ഉറപ്പാക്കുക കൂടി വേണം.

കേരള മോഡൽ രാജ്യവ്യാപകമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. സന്തോഷകരമായ വാർത്തയാണ്.
കോവിഡ് 19 നെ ഫലപ്രദമായി നേരിട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. സുതാര്യമായ ഭരണനേതൃത്വവും, പരിമിതികൾക്കിടയിലും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ആരോഗ്യ മേഖലയും, ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന ബ്യൂറോക്രസിയും പോലീസ് വകുപ്പും, ചുരുക്കം ചിലരൊഴിച്ചാൽ കൃത്യമായി നിയന്ത്രണങ്ങൾ പാലിച്ച സമൂഹവും, അവർക്ക് പിന്തുണയായി നിന്ന സന്നദ്ധപ്രവർത്തകരും കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തകരും ഒക്കെ ഇതിൽ നിർണായകമായി. ഇന്ത്യ മുഴുവൻ കേരള മോഡൽ ആവർത്തിക്കാൻ ഒരുങ്ങുമ്പോൾ ഇതെല്ലാം മനസ്സിലാക്കണം.

ഒരൊറ്റ ദിവസം കൊണ്ട് വളർന്നു വന്നതല്ല കേരള മോഡൽ. ആദ്യ കേസ് മുതൽ കേരളം എങ്ങനെ നേരിട്ടു എന്നതാണ് മനസ്സിലാക്കേണ്ടത്. അതായത് ആദ്യ കേസ് മുതൽ കോൺടാക്ട് ട്രേസിംഗ്, നിയന്ത്രണങ്ങൾ, നിരീക്ഷണങ്ങൾ എന്നിവ പ്രായോഗികമാക്കിയത് മുതലുള്ള കാര്യങ്ങൾ.

പക്ഷേ 8,000 കേസുകൾ കണ്ടുപിടിച്ചതിനു ശേഷം ഈ മോഡൽ പ്രാവർത്തികമാക്കുക എളുപ്പമല്ല. പക്ഷേ, മറ്റു വഴികളില്ല എന്നതാണ് സത്യം. അതുകൊണ്ട് ഇപ്പോൾ മുതലെങ്കിലും പരമാവധി കേസുകൾ കണ്ടുപിടിക്കാൻ ആവശ്യമായ പരിശോധനകൾ നടത്തുകയും, രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ നൽകുകയും, അതിനുവേണ്ട ഐസിയു-വെന്റിലേറ്റർ സൗകര്യങ്ങൾ ഒരുക്കുകയും, നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾക്ക് പിന്തുണ നൽകുകയും ആണ് വേണ്ടത്. അതല്ലാതെ ഒരു ദിവസം പ്രഖ്യാപനം കൊണ്ട് മാത്രം നടപ്പിൽ വരുത്താവുന്ന ഒന്നല്ല കേരള മോഡൽ.

ലോകമാകെ രോഗമുക്തി നേടിയവരുടെ എണ്ണം നാല് ലക്ഷം കടന്നു.

ആകെ കേസുകളുടെ എണ്ണം പതിനെട്ട് ലക്ഷം അടുക്കുന്നു.

മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് അമേരിക്ക. അമേരിക്കയിൽ മരണസംഖ്യ ഇരുപതിനായിരം കടന്നു. മരണസംഖ്യയിൽ ബെൽജിയം ചൈനയെ മറികടന്നു. പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ സ്വീഡനും.

സ്പെയിനിൽ രണ്ടാഴ്ചയ്ക്കിടെ ഏറ്റവും കുറഞ്ഞ മരണസംഖ്യ രേഖപ്പെടുത്തിയ ദിവസം, 525 മരണങ്ങൾ. അവിടെ ഇതുവരെ ആകെ 1,63,000 ലധികം കേസുകളിൽ നിന്ന് 16,500 ലധികം മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം അയ്യായിരത്തിൽ താഴെ. സ്പെയിനിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 60,000 അടുക്കുന്നു.

ഇറ്റലിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ അയ്യായിരത്തിൽ താഴെ, മരണങ്ങൾ 600-ന് മുകളിൽ. ഒന്നരലക്ഷത്തിലധികം കേസുകളിൽനിന്ന് 19,500 ഓളം മരണങ്ങൾ.

ഫ്രാൻസിൽ ഇന്നലെ അയ്യായിരത്തിൽ താഴെ പുതിയ കേസുകളും അറുനൂറിലധികം മരണങ്ങളും. ഇതുവരെ ആകെ 1,30,000 ഓളം കേസുകളിൽ നിന്ന് 14,000 ഓളം മരണങ്ങൾ.

ജർമനിയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട നാലായിരത്തിൽ താഴെ കേസുകൾ, മരണങ്ങൾ 135. ഇതുവരെ ആകെ ഒന്നേകാൽ ലക്ഷത്തിലധികം കേസുകളിൽ നിന്നും 2,800 ലധികം മരണങ്ങൾ. ജർമ്മനിയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 57,000 കടന്നു.

ഇംഗ്ലണ്ടിൽ ഇന്നലെ അയ്യായിരത്തിലധികം കേസുകളും തൊള്ളായിരത്തിലധികം മരണങ്ങളും. ഇതുവരെ ആകെ 79,000 ത്തോളം കേസുകളിൽ നിന്ന് പതിനായിരത്തോളം മരണങ്ങൾ.

ഇറാൻ ഇതു വരെ എഴുപതിനായിരത്തിലധികം കേസുകളിൽ നിന്ന് 4,300 ലധികം മരണങ്ങൾ.

തുർക്കിയിൽ കേസുകളുടെ എണ്ണം 52,000 കടന്നു. മരണസംഖ്യ 1,100 കഴിഞ്ഞു.

ബെൽജിയത്തിൽ ഇന്നലെ മാത്രം മുന്നൂറിലധികം മരണങ്ങൾ. ഇതുവരെ ആകെ ഇരുപത്തി എണ്ണായിരത്തിലധികം കേസുകളിൽനിന്ന് 3,300 ലധികം മരണങ്ങൾ.

നെതർലാൻഡ്സ്, 25,000 ത്തിൽ താഴെ കേസുകളിൽ നിന്നും 2,600 അധികം മരണങ്ങൾ.

പാക്കിസ്ഥാനിൽ ഇതുവരെ 5000 ൽ പരം കേസുകളിൽ നിന്ന് 86 മരണങ്ങൾ.

സൗദി അറേബ്യയിൽ 4000ന് മുകളിൽ കേസുകളിൽ നിന്ന് 50-ൽ പരം മരണങ്ങൾ.

UAE, 3700 ൽ പരം കേസുകളിൽ നിന്ന് 20 മരണങ്ങൾ.

ഖത്തറിൽ ഇതുവരെ 2700 ലധികം കേസുകളിൽ നിന്ന് 6 മരണങ്ങൾ.

ബഹ്റിനിൽ 1000 ലധികം കേസുകളിൽനിന്ന് 6 മരണങ്ങൾ.

കുവൈറ്റിൽ ആകെ കേസുകൾ 1100 കടന്നു. ഒരു മരണം.

ഒമാനിൽ ആകെ കേസുകൾ 550 ന് അടുത്തെത്തി. മൂന്ന് മരണങ്ങൾ.

അമേരിക്കയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് മുപ്പതിനായിരത്തിൽ കൂടുതൽ കേസുകളും 1,800 ലധികം മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 5,32,000 കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 32,000 കടന്നു.

പൊതുവേ ശാന്തമായിരുന്ന റഷ്യയിൽ രോഗികളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് കൊറോണ രോഗികൾക്ക് മാത്രമായി 1027 ബെഡുകളുള്ള നാല് മെഡിക്കൽ സെൻറെകളാണ് സജ്ജമാക്കിയത്.

10 ദിവസത്തെ ചികിത്സക്കൊടുവിൽ 93 വയസ്സുകാരിയായ ടർക്കി സ്വദേശി ആശുപത്രി വിട്ടു.

കസാക്കിസ്ഥാനിലെ എണ്ണപ്പാട തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ നിന്നും ഒരാളിൽ വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്ന കാര്യമാണ്.

കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനുള്ള മാർഗം തേടാനായി ടെക് ഭീമന്മാരായ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു. ഫോണുകൾ തമ്മിലുള്ള ദൂരം കണക്കിലെടുത്തും ബ്ലൂടൂത്ത് സംവിധാനം ഉപയോഗപ്പെടുത്തിയും കോവിഡ് ബാധിതരുടെ സഞ്ചാരം ട്രാക്കിംഗ് ചെയ്യാൻ ആലോചന.

അർമേനിയ അടുത്ത 30 ദിവസത്തേക്ക് കൂടി ദേശീയ അടിയന്തരാവസ്ഥ തുടരാൻ തീരുമാനിച്ചു.

ജപ്പാനിൽ വൈകുന്നേരങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് മുഴുവനായി വിലക്കി പ്രധാനമന്ത്രി ഷിൻസോ അബ്.

ബംഗ്ലാദേശ് അടുത്ത 11 ദിവസം കൂടി ലോക്ക് ഡൗൺ നീട്ടി.

അർജന്റീനയും പ്രധാന നഗരങ്ങളിലെ ലോക്ക്ഡൌൺ നീട്ടി.

രാജ്യം മുഴുവൻ സാമ്പിൾ ടെസ്റ്റ്‌ വ്യാപിപിച്ച് കാമറൂൺ.

ഇന്ത്യയിൽ ലോക്ക് ഡൗൺ വീണ്ടും രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുമെന്നാണ് സൂചനകളെന്ന് ആദ്യമേ പറഞ്ഞല്ലോ. 18 ദിവസം കഴിഞ്ഞിട്ടും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളുടെ എണ്ണം ഗണ്യമായി കുറയാത്ത സാഹചര്യത്തിലാണിത്. അപ്പോ പലർക്കും ഒരു സംശയം തോന്നാം 21 ദിവസത്തെ ആദ്യഘട്ട ലോക്ക് ഡൗൺ ഒരു പരാജയമായിരുന്നോ എന്ന്. എന്നാൽ അങ്ങനെയല്ല.

ഇന്ത്യയിൽ രോഗത്തിൻ്റെ സാമൂഹ്യ വ്യാപനം നേരത്തേ സംഭവിച്ചുട്ടാണ്ടാവാമെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ ഇല്ലായിരുന്നെങ്കിൽ, ഇപ്പോൾ ഉള്ളതിനേക്കാൾ നൂറിരട്ടി രോഗികൾ ഇവിടെ ഉണ്ടാകുമായിരുന്നു. അത്രതന്നെ മരണങ്ങളും. അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ ഫലപ്രദമാണ്. പക്ഷേ ലോക്ക് ഡൗൺ മാത്രം കൊണ്ട് നമുക്ക് വൈറസിനെ തോൽപ്പിക്കാനുമാവില്ലെന്നത് വീണ്ടും ഓർമ്മിപ്പിക്കുന്നു.

ഇന്ത്യയിലാകെ ഇപ്പോൾ 8500 ലധികം രോഗികൾ. ഇന്നലെ മാത്രം 850-ലധികം പുതിയ രോഗികളും നാൽപതിലധികം മരണങ്ങളും. ആകെ മരണങ്ങൾ 280-ന് മുകളിൽ.

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 1700-ന് മുകളിലായി. ഡൽഹി 1000 കടന്നു. തമിഴ്നാട് 1000-ന് തൊട്ടടുത്ത്.

രാജസ്ഥാൻ 700 കടന്നു. മധ്യപ്രദേശും തെലങ്കാനയും 500-ന് മുകളിലാണ്. 400 നു മുകളിൽ രോഗികളുള്ളത് മൂന്നു സംസ്ഥാനങ്ങളിൽ- ഗുജറാത്ത്, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്.

ഇനിയും ഒരു രോഗി പോലും റിപ്പോർട്ട് ചെയ്യപ്പെടാത്തത് മൂന്ന് സംസ്ഥാനങ്ങളിലാണ്. അതിൽ നാഗാലാൻഡിൽ 70 ടെസ്റ്റുകൾ ഇതുവരെ നടത്തിയിട്ടുണ്ട്. എന്നാൽ സിക്കിമിലും മേഘാലയയിലും ഒരു ടെസ്റ്റ് പോലും ഇതുവരെ നടത്തിയതായി റിപ്പോർട്ടുകൾ ഒന്നുമില്ല.

ജമ്മു കാശ്മീരിൻ്റെ കഴിഞ്ഞ 144 വർഷത്തെ ചരിത്രത്തിലാദ്യമായി ഋതു മാറുമ്പോൾ തലസ്ഥാനം മാറുന്ന ‘ദർബാർ മൂവ്’ ഈ വർഷം വേണ്ടെന്നുവച്ചു.

ജമ്മുകാശ്മീരിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാനായി 65 തടവുകാർക്ക് മോചനം നൽകി. ദിവസങ്ങൾക്ക് മുമ്പ് ഒഡീഷയും 1700-ലധികം തടവുകാർക്ക് അടിയന്തിരമായി പരോൾ അനുവദിക്കുകയുണ്ടായി.

ഇന്ത്യയിൽ പല ഭാഗങ്ങളിലും സാമൂഹ്യ വ്യാപനം സംഭവിച്ചിട്ടുണ്ടാവാമെന്നാണ് സൂചനകൾ. ICMR-ൻ്റെ കണക്കുകൾ പ്രകാരം ന്യുമോണിയ ബാധിച്ചു വരുന്ന, കൊവിഡ് പോസിറ്റീവ് ആകുന്ന രോഗികളിൽ 40 ശതമാനത്തിലും രോഗത്തിൻ്റെ സ്രോതസ്സ് കണ്ടെത്താനായിട്ടില്ല.

ഇന്ത്യയിലിതുവരെ 1,71,792 ടെസ്റ്റുകൾ നടത്തിയതായി ICMR പറയുന്നു. കഴിഞ്ഞദിവസം 24 മണിക്കൂറിനുള്ളിൽ മാത്രം 16,000- ലധികം ടെസ്റ്റുകൾ നടത്തി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വരെ ഒരു ദിവസം രണ്ടായിരത്തിൽ താഴെ ടെസ്റ്റുകൾ നടന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ പതിനാറായിരത്തിലധികം ടെസ്റ്റുകൾ നടക്കുന്നത് എന്നത് ആശാവഹമായ സംഗതിയാണ്.

കേരളത്തിൽ കഴിഞ്ഞ മൂന്നുദിവസമായി പുതുതായി ഉണ്ടാകുന്ന രോഗികളെക്കാൾ കൂടുതൽ പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു പോകുന്ന കാഴ്ചയാണ്. ഇന്നലെയും 10 പുതിയ രോഗികൾ വന്നപ്പോൾ 19 പേർ രോഗമുക്തി നേടി.

കേരളത്തിൽ ഇതുവരെ 371 രോഗികൾ ഉണ്ടായപ്പോൾ അതിൽ 143 പേരും രോഗമുക്തി നേടി വീട്ടിൽ പോയി. അതായത് ആകെ റിപ്പോർട്ട് ചെയ്ത രോഗികളുടെ ഏതാണ്ട് 38%.

കഴിഞ്ഞ ദിവസം വാഷിംഗ്ടൺ പോസ്റ്റ് എന്ന അന്താരാഷ്ട്ര ന്യൂസ്പോർട്ടലിൽ പോലും കേരളത്തിൻ്റെ ഈ പ്രതിരോധ പ്രവർത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് വാർത്ത വന്നിരുന്നു. ഓരോ മലയാളിക്കും അഭിമാനിക്കാം.

കേരളം തുടർന്നുപോന്ന ശാസ്ത്രീയമായ പ്രതിരോധനടപടികൾക്കിടയിലും ചില അശാസ്ത്രീയ പ്രവണതകൾ കടന്നുകൂടിയത് ദോഷമാകുമോ എന്ന് ആരോഗ്യപ്രവർത്തകർ ഭയന്നിരുന്നു. അതിലൊന്നാണ് ഡിസ്ഇൻഫെക്ഷൻ ടണലുകൾ. വ്യക്തികളുടെ മേൽ അണുനാശിനി സ്പ്രേ ചെയ്യുന്ന അത്തരം രീതികൾ തികച്ചും അശാസ്ത്രീയമാണെന്ന് പറയാനുള്ള ആർജ്ജവം കേരളസർക്കാർ കാണിച്ചു. ഇത്തരം സമീപനങ്ങൾ തീർച്ചയായും കയ്യടി അർഹിക്കുന്നു. തുടർന്നും നമ്മൾ തുടർന്നുപോന്ന ശരിയായ പ്രതിരോധ പ്രവർത്തനങ്ങളെ ഡൈല്യൂട്ട് ചെയ്യാതിരിക്കാനുള്ള ജാഗ്രതയും നിഷ്കർഷയും ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

ലോകത്തിനുതന്നെ മാതൃകയാകുന്ന കേരള മോഡലിന് ചുക്കാൻ പിടിക്കുന്ന ആശാവർക്കർമാർ മുതൽ ആരോഗ്യമന്ത്രി വരെയുള്ള ആരോഗ്യമേഖലയുടെ ഓരോ കണ്ണികൾക്കും ഇൻഫോ ക്ലിനിക്കിൻ്റെ ആദരവ് അറിയിക്കുന്നു.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
Dr. Navajeevan.N.A, Obtained MBBS from kochin medical college and MS in Ophthalmology from karakonam medical college and fellowship from Regional institute of ophthalmology trivandrum. Now working at Primary Health Center Amboori as Medical Officer in charge.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ