16.3.2020 കോവിഡ് 19: Daily Review
ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെട്ട കോവിഡ് 19 കേസുകളുടെ എണ്ണം 100 കടന്നു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയൈൽ നിന്ന്, 32 കേസുകൾ. രണ്ടാമത് ഇരുപതിലധികം കേസുകളുമായി കേരളം. മൂന്നാമത് പത്തിലധികം കേസുകളുമായി ഉത്തർപ്രദേശ്. ഇന്ത്യയിൽ ഇതുവരെ രണ്ട് മരണങ്ങൾ. രോഗമുക്തി നേടിയവരുടെ എണ്ണം 13.
പ്രതിരോധ പ്രവർത്തനങ്ങൾ വലിയ രീതിയിൽ നടക്കുന്നുണ്ടെങ്കിലും കേരളത്തിൽനിന്ന് നിരാശാജനകമായ ചില കാഴ്ചകളും കാണാൻ സാധിക്കുന്നുണ്ട്. പുറത്തായ ബിഗ് ബോസ് മത്സരാർത്ഥി രജത് കുമാറിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ ഉണ്ടായ ആൾക്കൂട്ടവും വാമനപുരം ബാങ്ക് തെരഞ്ഞെടുപ്പിൽ ഉണ്ടായ ആൾക്കൂട്ടവും നല്ല ലക്ഷണങ്ങൾ അല്ല. ഇതിനിടയിൽ രോഗബാധ സ്ഥിരീകരിച്ച വിദേശ സഞ്ചാരി സ്വരാജ്യത്തേക്ക് തിരിച്ചുപോകാൻ എയർപോർട്ട് വരെ എത്തിയതും അങ്ങനെ ഉണ്ടായ കോൺടാക്ടുകളും ആശങ്കയുണ്ടാക്കി.
150ഓളം രാജ്യങ്ങളിലായി ഒരു ലക്ഷത്തി എഴുപതിനായിരത്തോളം പേരിൽ സ്ഥിരീകരിച്ച അസുഖം മൂലം 6500 ഓളം മരണങ്ങൾ ഉണ്ടായി. 76000ലധികം പേർ രോഗമുക്തി നേടി. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം ആറായിരത്തോളം.
ഇറ്റലിയിൽ ഇന്നലെ ഒരു ദിവസം മാത്രം 368 മരണങ്ങൾ. പുതുതായി കണ്ടെത്തിയ കേസുകളുടെ എണ്ണം 3590. ആകെ കേസുകളുടെ എണ്ണം 25000 അടുക്കുന്നു. ഇതുവരെയുണ്ടായ ആകെ മരണങ്ങൾ 1800 കഴിഞ്ഞു. യൂറോപ്പിൽ സ്പെയിനിലും ജർമനിയിലും 1200 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്പെയിനിൽ ഇതുവരെ ആകെ എണ്ണായിരത്തോളം കേസുകളിൽ 292 മരണങ്ങളും ഉണ്ടായിട്ടുണ്ട്, ഇന്നലെ മാത്രം 96 മരണങ്ങൾ. ഫ്രാൻസിലും സ്വിറ്റ്സർലണ്ടിലും ഇന്നലെ മാത്രം എണ്ണൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അമേരിക്കയിൽ ഇന്നലെ സ്ഥിരീകരിച്ച 650 ഓളം കേസുകൾ ഉൾപ്പെടെ ആകെ 3500ലധികം കേസുകളിൽ നിന്നും 68 മരണങ്ങൾ.
ഇറാനിൽ ഇന്നലെ സ്ഥിരീകരിച്ചത് ആയിരത്തി ഇരുന്നൂറിലധികം കേസുകൾ, ഇന്നലെ ഉണ്ടായ മരണങ്ങൾ നൂറു കടന്നു. ഇതുവരെ ആകെ 14000-ഓളം കേസുകളിൽ നിന്നും 724 മരണങ്ങൾ. തെക്കൻ കൊറിയയിൽ ഇതുവരെ എണ്ണായിരത്തിലധികം കേസുകളിൽ നിന്നും 75 മരണങ്ങൾ. ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. എൺപതിനായിരത്തിലധികം കേസുകളിൽ നിന്ന് 3200ഓളം മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 67000 അടുക്കുന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 3,300 ൽ താഴെയായി.
ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 13, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 45.
അമേരിക്കയിൽ ഓഹിയോ, ഇല്ലിനോയിസ് എന്നീ സംസ്ഥാനങ്ങളിൽ ബാറുകളുടെയും റസ്റ്റോറൻറുകളുടെയും പ്രവർത്തനത്തിന് വിലക്ക് ഏർപ്പെടുത്തി. ഫെഡറൽ റിസർവ് പലിശ നിരക്ക് 0% ലേക്ക് താഴ്ത്തി. അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിയ 300 ഭടന്മാർക്ക് 14 ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തി.
ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമുള്ള സുരക്ഷ ഉപകരണങ്ങൾ എക്സ്പോർട്ട് ചെയ്യുന്നതിന് യൂറോപ്യൻ യൂണിയൻ വിലക്കേർപ്പെടുത്തി.
അയർലൻഡ് മാർച്ച് 29 വരെ പബ്ബുകൾ അടച്ചിടാൻ നിർദേശം നൽകി.
ജർമ്മനി അയൽ രാജ്യങ്ങളുമായുള്ള അതിർത്തിയിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കൂടുതൽ വെൻറിലേറ്ററുകൾ അടിയന്തരമായി നിർമ്മിക്കാൻ നിർമ്മാണ കമ്പനികളോട് ബ്രിട്ടൻ ആവശ്യപ്പെട്ടു.
നെതർലാൻഡ് സ്കൂളുകൾ, സ്പോർട്സ് ക്ളബ്ബുകൾ, റസ്റ്റോറൻറുകൾ തുടങ്ങിയവയുടെ പ്രവർത്തനം ഏപ്രിൽ ആറുവരെ വിലക്കി.
സെർബിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉക്രൈൻ അന്തർദേശീയ റെയിൽവേ അതിർത്തികൾ അടച്ചു.
അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിന് ഓസ്ട്രിയ വിലക്കേർപ്പെടുത്തി. പാർക്കുകളും സ്പോർട്സ് ക്ലബ്ബുകളും റസ്റ്റോറൻറുകളും അടച്ചു. വിലക്ക് ലംഘിക്കുന്നവർക്ക് ശക്തമായ പിഴ ഏർപ്പെടുത്തി.
വിശുദ്ധ വാരാചരണത്തിനോടനുബന്ധിച്ചുള്ള പോപ്പിന്റെ പ്രാർത്ഥനയിൽ പബ്ലിക്കിന് പ്രവേശനമുണ്ടായിരിക്കില്ല എന്ന വത്തിക്കാൻ അറിയിച്ചു.
തുർക്കിയിൽ തീർത്ഥാടകർക്ക് 14 ദിവസത്തെ ക്വാറന്റൈൻ കാലത്ത് താമസിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കി.
പോർട്ടോറിക്കോ അത്യന്താപേക്ഷിതമല്ലാത്ത കച്ചവടങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു.
ഇരുന്നൂറിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഘാന വിലക്കേർപ്പെടുത്തി. കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കെനിയ 30 ദിവസത്തേക്ക് വിലക്കേർപ്പെടുത്തി. കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗത്താഫ്രിക്ക വിലക്കേർപ്പെടുത്തി. കൂടാതെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. മൊറോക്കോ എല്ലാ അന്തർ ദേശീയ വിമാന സർവീസുകൾക്കും വിലക്കേർപ്പെടുത്തി.
രാജ്യവ്യാപകമായി എമർജൻസി പ്രഖ്യാപിക്കണമെന്ന് ഇറാഖി പ്രസിഡണ്ട് ആവശ്യപ്പെട്ടു.
കസാക്കിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജറുസലേമിൽ പ്രധാന ആരാധനാലയങ്ങളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.
വിയറ്റ്നാമിൽ എത്തുന്ന വിദേശികൾ എല്ലാം 14 ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തി. എത്തുന്ന സന്ദർശകർക്ക് എല്ലാം കൊറോണ വൈറസ് പരിശോധന നടത്തും എന്നും തീരുമാനിച്ചു.
വൈറസ് സംക്രമണം കൂടുതൽ ഉണ്ടായ സ്ഥലങ്ങളെ സൗത്ത് കൊറിയ ഡിസാസ്റ്റർ സോൺ ആയി പ്രഖ്യാപിച്ചു.
ബാഴ്സലോണ ഒളിമ്പിക്സ് സ്റ്റേഡിയത്തിന്റെ ആർക്കിടെക്ട് വിറ്റോരിയോ ഗ്രിഗോറ്റി കൊറോണ വൈറസ് ബാധ മൂലം ഇറ്റലിയിൽ വെച്ച് മരണമടഞ്ഞു.
സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബിഗോണ ഗോമസിന് കോവിഡ് 19 സ്ഥിരീകരിച്ചു.
ലോകരാജ്യങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന ചില സംഭവങ്ങൾ മാത്രമാണ്.
പല വികസിത രാജ്യങ്ങളിലും അസുഖം പടർന്നുപിടിച്ചത് കണ്ടുകാണുമല്ലോ. ഇതിൽ ജർമ്മനിയുടെ ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് 0.936 ആണ്, ഫ്രാൻസിന് 0.901, സ്പെയിൻ 0.891, ഇറ്റലി 0.88. ഇന്ത്യയുടെ ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് 0.64. റാങ്കിങ്ങിൽ നൂറിൽ താഴെ. ജർമ്മനിയുടെ റാങ്ക് അഞ്ചാണ്. 2018ലെ വിവരങ്ങൾ അനുസരിച്ച് കേരളത്തിന്റെ ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് 0.779.
ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് ഒരു ശരിയായ താരതമ്യം അല്ല എന്നറിയാം. പക്ഷേ ഒന്ന് മനസ്സിലാക്കി വെക്കാൻ സഹായിക്കും.
മലേഷ്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട നാനൂറിൽ പരം കേസുകളിൽ ബഹുഭൂരിപക്ഷവും ശ്രീ പെറ്റാലിങ് മോസ്കിൽ ഒരുമിച്ച് ആരാധന നടത്തിയവർ ആയിരുന്നു എന്ന് വാർത്തകൾ വന്നിട്ടുണ്ട്. തെക്കൻ കൊറിയയിൽ കൊറോണ വ്യാപിക്കാൻ പ്രധാന കാരണം ഷിൻചിയോൻചി ചർച്ച് ഓഫ് ജീസസിൽ നടന്ന സമൂഹ പ്രാർത്ഥനയുടെ ഫലം ആയിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഇതിൽനിന്നൊക്കെ പാഠം പഠിച്ചില്ലെങ്കിൽ നാം നാളെ ദുഃഖിക്കേണ്ടിവരും.
പല രാജ്യങ്ങളിലും അസുഖം പടർന്നുപിടിച്ചത് അവർ മണ്ടന്മാർ ആയതുകൊണ്ടല്ല. പകരം പലപ്പോഴും മനുഷ്യരുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ടാണ്.
കേരളത്തിൽ പല സ്ഥലങ്ങളിലും ഇപ്പോൾ അതൊക്കെ നടക്കുന്നതായി കാണാം. വിമാനത്താവളത്തിൽ രജിത് കുമാറിനെ സ്വീകരിക്കാനെത്തിയ ആൾക്കൂട്ടവും മറ്റും അതാണ് കാണിക്കുന്നത്. ഇൻകുബേഷൻ പീരീഡിൽ പോലും പകരാൻ സാധ്യതയുള്ള അസുഖം ആണ് എന്ന് മനസ്സിലാക്കണം. അതായത് വൈറസ് ശരീരത്തിൽ പ്രവേശിച്ച ഒരാൾക്ക് രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ മറ്റൊരാളിലേക്ക് രോഗം പകർന്നു നൽകാം എന്നും. ഇടപെടുന്ന സമയത്ത് രണ്ടുപേർക്കും യാതൊരു ഊഹവും ഉണ്ടാവില്ല.
അതുകൊണ്ട് വീണ്ടും വീണ്ടും പറയേണ്ടതും ചെയ്യേണ്ടതും ഒരേ കാര്യങ്ങൾ തന്നെയാണ്.
1. രോഗികളിൽ നിന്നും രോഗം പിടിപെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അകലം പാലിക്കുക, വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക (Social distancing)
2. വ്യക്തി ശുചിത്വം പാലിക്കുക. ഇടയ്ക്കിടെ കൈ കഴുകുക (Personal hygiene & Hand washing)
3. രോഗികളുമായി സമ്പർക്കമുള്ളവരും രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്ന് എത്തുന്ന സന്ദർശകരും 14 ദിവസം ക്വാറന്റൈൻ സ്വീകരിക്കുക (Quarantine)
4. രോഗികളും രോഗികളെ പരിചരിക്കുന്നവരും ആരോഗ്യ പ്രവർത്തകരും മാസ്കും ആവശ്യമായ സുരക്ഷ മാർഗങ്ങളും ഉപയോഗിക്കുക. മറ്റുള്ളവർ ധരിക്കേണ്ട ആവശ്യമില്ല.
5. ആരോഗ്യകരമായ ഭക്ഷണശീലം പരിശീലിക്കുക, അതായത് സമീകൃതാഹാരം.
6. നന്നായി വെള്ളം കുടിക്കുക
7. ആവശ്യമായ വ്യായാമം ചെയ്യുക.
ഇതിനു പകരമായി മറ്റൊന്നും കൊറോണ തടയാൻ സഹായിക്കില്ല. പ്രതിരോധമായി ഔഷധങ്ങളിലേക്ക് തിരിയുന്നത് കൊണ്ട് ഒരു പ്രയോജനമില്ല. ഇതുമൂലം പ്രയോജനമില്ലാത്ത ഉൽപ്പന്നങ്ങൾ മാസങ്ങളോളം കഴിക്കേണ്ടതായി വന്നേക്കാം. സുരക്ഷയെ കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാകാനും വ്യക്തിശുചിത്വ മാർഗങ്ങൾ പാലിക്കാതിരിക്കാനും സാധ്യതയുണ്ട്. മാത്രമല്ല ചിലരുടെ ബിസിനസ് താല്പര്യങ്ങൾക്ക് തല വെച്ച് കൊടുക്കേണ്ട കാര്യവും നമുക്കില്ല.
ഉത്തരവാദിത്വമുള്ള ഒരു മനുഷ്യനായി പെരുമാറാൻ ഏവർക്കും കടമയുണ്ട്. തന്നോടും തൻറെ ചുറ്റുമുള്ളവരോടും സമൂഹത്തോടും ഉത്തരവാദിത്വം ഉണ്ടാവണം. അങ്ങനെ ഉത്തരവാദിത്വബോധത്തോടെ പെരുമാറാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. ദുരന്തനിവാരണ നിയമം നടപ്പിൽ വരുത്തണം. മറ്റ് പലരാജ്യങ്ങളിലും ചെയ്യുന്നതുപോലെ പരിപാടികളിൽ പങ്കെടുക്കാവുന്ന പരമാവധി ആൾക്കാരുടെ എണ്ണം നിജപ്പെടുത്തണം. ഓരോ ജില്ലയിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ പരമാവധി ഒത്തുകൂടാവുന്ന ആൾക്കാരുടെ എണ്ണം നിശ്ചയിക്കണം. അതിൽ കൂടുതൽ ആൾക്കാർ ഒത്തുചേർന്നാൽ, നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം.
ലേഖനത്തിൽ അവസാനഭാഗത്ത് അക്കമിട്ടെഴുതിയ നിർദ്ദേശങ്ങൾ ഡോ സന്തോഷ് കുമാർ ജി ആറിന്റെ പോസ്റ്റിൽ നിന്നും പകർത്തിയത്.