17.3.2020 കോവിഡ് 19: Daily Review
ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെട്ട കോവിഡ് 19 കേസുകളുടെ എണ്ണം 110 കടന്നു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്ന്, മുപ്പതിൽ കൂടുതൽ കേസുകൾ. രണ്ടാമത് ഇരുപതിലധികം കേസുകളുമായി കേരളം. മൂന്നാമത് പത്തിലധികം കേസുകളുമായി ഉത്തർപ്രദേശ്. ഇന്ത്യയിൽ ഇതുവരെ രണ്ട് മരണങ്ങൾ. രോഗമുക്തി നേടിയവരുടെ എണ്ണം 13.
150ലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തി എൺപതിനായിരത്തോളം പേരിൽ സ്ഥിരീകരിച്ച അസുഖം മൂലം 7000 ഓളം മരണങ്ങൾ ഉണ്ടായി. 78000ലധികം പേർ രോഗമുക്തി നേടി. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം ആറായിരത്തോളം.
ഇറ്റലിയിൽ ഇന്നലെ ഒരു ദിവസം മാത്രം 349 മരണങ്ങൾ. പുതുതായി കണ്ടെത്തിയ കേസുകളുടെ എണ്ണം 3233. ആകെ കേസുകളുടെ എണ്ണം 28000 അടുക്കുന്നു. ഇതുവരെയുണ്ടായ ആകെ മരണങ്ങൾ 2100 കഴിഞ്ഞു. യൂറോപ്പിൽ സ്പെയിനിലും ജർമനിയിലും 1400 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്പെയിനിൽ ഇതുവരെ ആകെ പതിനായിരത്തോളം കേസുകളിൽ 342 മരണങ്ങളും ഉണ്ടായിട്ടുണ്ട്, ഇന്നലെ മാത്രം 48 മരണങ്ങൾ. ഫ്രാൻസിൽ ഇന്നലെ മാത്രം 1200ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അമേരിക്കയിൽ ഇന്നലെ സ്ഥിരീകരിച്ച 900 ഓളം കേസുകൾ ഉൾപ്പെടെ ആകെ 4500ലധികം കേസുകളിൽ നിന്നും 86 മരണങ്ങൾ.
ഇറാനിൽ ഇന്നലെ സ്ഥിരീകരിച്ചത് ആയിരത്തിലധികം കേസുകൾ, ഇന്നലെയും മരണസംഖ്യ നൂറു കടന്നു. ഇതുവരെ ആകെ 15000-ഓളം കേസുകളിൽ നിന്നും 853 മരണങ്ങൾ. തെക്കൻ കൊറിയയിൽ ഇതുവരെ എണ്ണായിരത്തിലധികം കേസുകളിൽ നിന്നും 75 മരണങ്ങൾ. ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. എൺപതിനായിരത്തിലധികം കേസുകളിൽ നിന്ന് 3200ഓളം മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 67000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 3,300 ൽ താഴെയായി.
ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 15, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 48.
കൊറോണ ഔട്ട്ബ്രേക്ക് കുറച്ചു മാസങ്ങൾ നീണ്ടുനിൽക്കും എന്ന് പറഞ്ഞതിനൊപ്പം സാധിക്കുമെങ്കിൽ പത്ത് പേരിൽ കൂടുതൽ ഉള്ള കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും എന്നും ട്രംപ് അഭ്യർത്ഥിച്ചു. 50 പേരിൽ കൂടുതൽ ഉൾപ്പെട്ട കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നായിരുന്നു CDC നിർദ്ദേശം. അമേരിക്കയിൽ വേണ്ടത്ര വെൻറിലേറ്ററുകൾ ലഭ്യമാകുന്നില്ല എന്ന് മേരിലാൻഡ് ഗവർണർ ലാറി ഹോഗൻ, വിർജീനിയ ഗവർണർ റാൾഫ് നോർത്തം എന്നിവർ ആശങ്ക പ്രകടിപ്പിച്ചു. പ്രസിഡൻറ് ഗവർണർമാരും ആയി സംസാരിച്ചശേഷം ആയിരുന്നു പ്രതികരണം. മേരിലാൻഡ്, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ എന്നിവിടങ്ങളിൽ ബാറുകളും റസ്റ്റോറൻറുകളും അടക്കാൻ തീരുമാനിച്ചു. CDC ഉദ്യോഗസ്ഥരിൽ ഒരാളിൽ കൊറോണ പോസിറ്റീവായി. സ്റ്റാച്യു ഓഫ് ലിബർട്ടിയും പ്രധാനപ്പെട്ട നാഷണൽ പാർക്കുകളും പ്രവേശനം നിർത്തി വച്ചു.
പൗരന്മാർ അല്ലാത്തവർക്ക് കാനഡയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ചിലി വിദേശികൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി. മെക്സിക്കൻ പ്രസിഡൻറ് ആന്ദ്രേ മാനുവൽ ലോപ്പസ് ഒബ്രദർ ഒരു പാർട്ടിയിൽ ഡാൻസ് ചെയ്യുകയും കുട്ടികളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തതിൽ ശക്തമായ വിമർശനങ്ങൾ ഉണ്ടാവുന്നുണ്ട്.
ഫ്രാൻസ് 15 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വിദേശികൾക്ക് റഷ്യ മെയ് ഒന്ന് വരെ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ആർട്ടിക് പര്യവേക്ഷണത്തിനുള്ള വിമാനങ്ങൾ ക്യാൻസൽ ചെയ്യപ്പെട്ടു. ജർമനിയിൽ ബാറുകൾ, റസ്റ്റോറൻറുകൾ, മത ആരാധനകൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജോർജിയ വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഒരേസമയം ആശങ്കാജനകമായ നിരവധി കാര്യങ്ങൾ സംഭവിക്കുമ്പോൾ ഭയപ്പെടുന്നതിൽ തെറ്റില്ല എന്ന് നോർവീജിയൻ പ്രധാനമന്ത്രി എർണാ സോൾബെർഗ് അഭിപ്രായപ്പെട്ടു.
കൊറോണ വൈറസ് കാലത്ത് പടർന്നുപിടിക്കുന്ന വ്യാജവാർത്തക്കെതിരെ സിംഗപ്പൂർ ശക്തമായ നിയമനിർമ്മാണം നടത്തി.
സൗദി അറേബ്യ മാളുകളും പാർക്കുകളും സർക്കാർ ഓഫീസുകളും അടച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് കുവൈറ്റ് രണ്ടാഴ്ച വർക്ക് ഫ്രം ഹോം നിർദേശിച്ചു. ലെബനനിൽ ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചു. ഇറാഖിൽ വിമാന സർവീസ് നിയന്ത്രണം ഏർപ്പെടുത്തി, അതിർത്തികൾ ബന്ധിച്ചു.
ദക്ഷിണ കൊറിയ ലാബ് പരിശോധനയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഏറ്റവും കൂടുതൽ ലാബ് പരിശോധനകൾ നടക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. ഓരോ ദിവസവും പതിനായിരത്തോളം പേർ പരിശോധന നടത്തുന്നു എന്ന് വാർത്ത. നമ്മുടെ നാട്ടിൽ പണ്ടുണ്ടായിരുന്ന ടെലിഫോൺ ബൂത്തുകൾ പോലെ ലാബ് ബൂത്തുകൾ സോളിൽ ആരംഭിക്കുന്നു. ആരോഗ്യ പ്രവർത്തകരുമായി നേരിട്ട് ഇടപഴകാതെ തന്നെ പരിശോധന നടത്താൻ സാധിക്കും. നിലവിൽ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡ്രൈവ് ത്രൂ പരിശോധന സൗകര്യം ലഭ്യമായ സ്ഥലം ആണ് ദക്ഷിണ കൊറിയ. പരിശോധന തികച്ചും സൗജന്യമാണ്.
നമ്മുടെ കൊച്ചു കേരളത്തെ കുറിച്ച് വീണ്ടും ഒരു വാർത്ത വാഷിംഗ്ടൺ പോസ്റ്റിൽ വന്നിട്ടുണ്ട്. സ്കൂൾ അടച്ച സമയത്തും ആവശ്യമുള്ള കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു എന്ന വാർത്തയാണത്.
ലാബ് പരിശോധനകൾ കൂടുതൽ വർദ്ധിപ്പിക്കണമെന്ന നിർദ്ദേശമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടു വയ്ക്കുന്നത്. പലപ്പോഴും കേസുകൾ കണ്ടു പിടിക്കപ്പെടാതിരിക്കാനുള്ള സാധ്യത ഒഴിവാക്കാൻ വേണ്ടിയാണിത്. അങ്ങനെ തിരിച്ചറിയപ്പെടാത്ത കേസുകളിൽ നിന്നും കൂടുതൽ പേരിലേക്ക് രോഗം എത്താൻ സാധ്യത ഉണ്ട്. കോവിഡിനെതിരെയുള്ള പ്രതിരോധത്തിൽ വളരെ പ്രധാന്യമുള്ള വിഷയമാണിത്. ലോകമാകെ വിലയിരുത്തിയാൽ ആവശ്യമായ പരിശോധനകൾ നടക്കുന്നില്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം.
ലാബ് പരിശോധനകളെ കുറിച്ച് ഡോ. കെ. പി. അരവിന്ദൻ എഴുതിയ പോസ്റ്റിലെ വിവരങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
“കേരളത്തിൽ ഇരുപതു കേസുകൾ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാൽ അതിനർത്ഥം 20 പേരിൽ മാത്രമാണ് ടെസ്റ്റ് പോസിറ്റീവ് ആയി വന്നത് എന്നതു മാത്രമാണ്. ലോകമെമ്പാടും ഇതുതന്നെ അവസ്ഥ. തെക്കൻ കൊറിയ, ജപ്പാൻ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ വ്യാപകമായി രോഗനിർണയ ടെസ്റ്റുകൾ ഉപയോഗിച്ചപ്പോൾ ഒട്ടേറെ രോഗികളെ കണ്ടെത്തി. ഈ രാജ്യങ്ങളിലാണ് രോഗവ്യാപനത്തിൻ്റെ വേഗത ഏറ്റവുമധികം കുറയ്ക്കാനായത്.
കോവിഡ്-19 കണ്ടെത്താനുള്ള രോഗനിർണയരീതികൾ എന്തെല്ലാമാണ്, ടെസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദ്ധരുടേയും ലഭ്യത എത്ര മാത്രമുണ്ട്, അവയുടെ ചെലവ്, ഗുണപ്രാപ്തി എന്നിവയെല്ലാം പരിഗണനാവിധേയമാക്കേണ്ടതുണ്ട്.
രോഗനിർണയ ടെസ്റ്റുകൾ:
പ്രധാനമായും മൂന്ന് സങ്കേതങ്ങളാണ് കോവിഡ് രോഗനിർണയത്തിന് ഉപയോഗിക്കുന്നത്.
1. വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതികൾ
2. വൈറസ് കാരണം മനുഷ്യനിലുണ്ടാകുന്ന ആൻ്റിബോഡികൾ (പ്രതിവസ്തുക്കൾ) കണ്ടെത്തുന്ന രീതികൾ
3. ശ്വാസകോശത്തേയും മറ്റും ബാധിച്ച ഗുരുതരരോഗം കണ്ടെത്തുന്ന രീതികൾ.
വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതികൾ:
കോവിഡ്-19 എന്ന രോഗമുണ്ടാക്കുന്ന SARS-CoV-2 (പഴയ പേര് NCoV-19) എന്ന പുതിയ RNA വൈറസ്സിൻ്റെ ജനിതകക്രമം പൂർണമായി കണ്ടെത്തുന്നതാണ് രോഗനിർണയത്തിൻ്റെ ഏറ്റവും ആധികാരികമായ രീതി. ഇതിന് ജനറ്റിക് സീക്വൻസിംഗ് എന്നാണ് പറയുന്നത്.
പക്ഷെ, സീക്വെൻസിങ്ങ് എന്ന ടെസ്റ്റ് എല്ലാ രോഗികൾക്കും ചെയ്യുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലവും, സമയവുമൊക്കെ പ്രശ്നം. പകരം വൈറസിൻ്റെ ജനിതകക്രമത്തിലെ തനതായ ഭാഗങ്ങൾ മാത്രമായി – അതായത് മറ്റുള്ള വൈറസ്സുകളിൽ കാണാത്ത ഭാഗങ്ങൾ – ഉണ്ടോ ഇല്ലയോ എന്നു നോക്കിയാൽ അണു അകത്ത് കയറിയിട്ടുണ്ടോ എന്ന് പറയാനാകും. PCR (Polymerase Chain Reaction) എന്ന ടെസ്റ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. RNA വൈറസ് ആയതു കൊണ്ട് ആദ്യം അതിനെ Reverse Transcriptase എന്ന എൻസൈം ഉപ്യോഗിച്ച് DNA ആയി മാറ്റേണ്ടി വരും. അതിനാൽ RT-PCR എന്ന ടെസ്റ്റാണ് കൃത്യമായി പറഞ്ഞാൽ ഉപയോഗിക്കുക.
PCR ടെസ്റ്റിൻ്റെ ഏറ്റവും വലിയ ഗുണം അതിൻ്റെ കൃത്യതയാണ് (സാങ്കേതികമായി പറഞ്ഞാൽ ‘specificity’ – അതായത് തെറ്റാനുള്ള സാധ്യത വളരെ കുറവ്). രോഗാണു അകത്തു കയറിക്കഴിഞ്ഞാൽ വേഗത്തിൽ തന്നെ ടെസ്റ്റ് പോസിറ്റീവ് ആകുമെന്നതാണ് മറ്റൊരു ഗുണം. പക്ഷെ, രോഗമുള്ള എല്ലാവരിലും ഇത് പോസിറ്റിവ് ആവണമെന്നില്ല. സാധാരണ ഗതിയിൽ രോഗണുബാധിതരായ 10-20% പേരിൽ ടെസ്റ്റ് നെഗറ്റീവ് ആവാം. വൈറസ് അടങ്ങുന്ന ശ്രവങ്ങൾ എടുക്കുന്ന രീതിയിലെ പിഴവുകൾ, മറ്റു സാങ്കേതിക പ്രശ്നങ്ങൾ എന്നിവയൊക്കെ ഇതിനു കാരണമാവാം. കൂടാതെ രോഗാണുവിനെതിരെ ശരീരത്തിൻ്റെ പ്രതിരോധം വിജയിക്കുന്നതിനനുസരിച്ച് രോഗാണുവിൻ്റെ എണ്ണം കുറയുന്നതും നെഗറ്റീവ് ടെസ്റ്റിനു കാരണമാവാം.
വൈറസ് കാരണം മനുഷ്യനിലുണ്ടാകുന്ന ആൻ്റിബോഡികൾ കണ്ടെത്തുന്ന രീതികൾ:
മനുഷ്യനെ ബാധിക്കുന്ന പല പകർച്ചവ്യാധികളും ലബോറട്ടറിയിൽ നിർണയിക്കുന്നത് അവയ്ക്കെതിരെയുള്ള ആൻ്റിബോഡികൾ രക്തത്തിൽ ഉണ്ടോ എന്നു നോക്കിയാണ്. രോഗം വന്ന് ഏതാനും ദിവസങ്ങൾക്കകം ശരീരം ആൻ്റിബോഡികൾ നിർമ്മിച്ചു തുടങ്ങും. IgM, IgG ആൻ്റിബോഡി ടെസ്റ്റുകൾ ചെയ്യുന്നത് വഴി രോഗനിർണയം നടത്താവുന്നതാണ്.
പക്ഷെ ഈ ടെസ്റ്റുകൾ രോഗാണു അകത്തു കടന്ന് കഴിഞ്ഞ് സുമാർ 10 ദിവസമെങ്കിലും കഴിഞ്ഞേ പോസിറ്റിവ് ആവുകയുള്ളൂ. മിക്ക കേസുകളും പോസിറ്റിവ് ആവണമെങ്കിൽ 14 ദിവസമെങ്കിലും കഴിയണം.
വളരെ പെട്ടെന്ന്, വളരെ കുറച്ച് രക്തം ഉപയോഗിച്ച് ELISAയ്ക്ക് സമാനമായ Rapid (അതിവേഗ) ആൻ്റിബോഡി ടെസ്റ്റുകൾ കോവിഡ്-19 രോഗത്തിനു വേണ്ടി ചില കമ്പനികൾ ഇറക്കിയിട്ടുണ്ട്. ചൈനയിൽ ഇന്ന് വ്യാപകമായി ഇവയാണ് ഉപയോഗിക്കപ്പെടുന്നത്. കൂടുതൽ പേരെ പരിശോധിക്കാനും കൊണ്ടാക്ടുകളെ കണ്ടെത്താനും, എപ്പിഡമിയോളജിക്കൽ പഠനങ്ങൾക്കുമൊക്കെ ഏറ്റവും അനുയോജ്യം ഈ ടെസ്റ്റുകളാണെന്ന് കാര്യത്തിൽ തർക്കമില്ല.
ശ്വാസകോശത്തേയും മറ്റും ബാധിച്ച ഗുരുതരരോഗം കണ്ടെത്തുന്ന രീതികൾ:
CT Scan ആണ് ഇവയിൽ ഏറ്റവും പ്രധാനം. ശ്വാസകോശങ്ങളെ ബാധിക്കുന്ന കോവിഡ് കേസുകൾ കണ്ടെത്താൻ അനുയോജ്യമാണ് ഈ ടെസ്റ്റ്.
വളരെ കൂടുതൽ പേരെ രോഗനിർണയ ടെസ്റ്റുകൾക്ക് വിധേയമാക്കിയ രാജ്യങ്ങൾക്കാണ് പൊതുവിൽ രോഗത്തിൻ്റെ വ്യാപന തോത് കുറച്ചു കൊണ്ടുവരാനായത് എന്നതിനാൽ ആ വഴി സ്വീകരിക്കുന്നതാവും നമുക്കും ഉചിതം. PCR എന്ന ഒരു ടെസ്റ്റിലൂടെ മാത്രം നമുക്ക് ഇതു സാധ്യമാവുകയില്ല. കൂടുതൽ പേരെ പെട്ടെന്ന് ടെസ്റ്റു ചെയ്യാവുന്ന Rapid ആൻ്റിബോഡി ടെസ്റ്റുകൾ കൂടെ ചേർക്കുന്നതായിരിക്കും നമ്മുടെ രോഗ നിയന്ത്രണ പരിപാടികൾക്ക് ഏറ്റവും അനുയോജ്യം.”