· 5 മിനിറ്റ് വായന

21.4.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
ലോകമാകെ പരിഗണിച്ചാൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 74,000 ൽ താഴെ കേസുകൾ.
രോഗം സുഖപ്പെട്ടവരുടെ എണ്ണം ആറരലക്ഷം അടുക്കുന്നു. ജർമ്മനിയിൽ 91,000 ലധികവും സ്പെയിനിൽ 80,000 ലധികവും ചൈനയിൽ 77,000 ലധികവും അമേരിക്കയിൽ 72,000 ലധികവും ഇറാനിൽ 59,000 ലധികവും ഇറ്റലിയിൽ 48,000 ലധികവും ഫ്രാൻസിൽ 37,000 ലധികവും ബ്രസീലിൽ 27,000 ലധികവും ആൾക്കാർ സുഖം പ്രാപിച്ചു.
യൂറോപ്പിൽ പൊതുവേ പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയുകയാണ്. ഇറ്റലി ഫ്രാൻസ് എന്നിവിടങ്ങളിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,500 ൽ താഴെ പുതിയ കേസുകൾ മാത്രം, സ്പെയിനിൽ ഏതാണ്ട് 1,500 കേസുകളും. ജർമ്മനിയിൽ ഇന്നലെ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,400 ൽ താഴെ കേസുകൾ മാത്രം. ഇംഗ്ലണ്ട്, തുർക്കി എന്നിവിടങ്ങളിൽ ഇന്നലെ 4,600 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 550 ഓളം മരണങ്ങൾ, ഇറ്റലി ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ഏതാണ്ട് 450 മരണങ്ങൾ, സ്പെയിനിൽ ഇന്നലെ മരണസംഖ്യ 400 ൽ താഴെ. ജർമ്മനിയിൽ ഇന്നലെ മരണസംഖ്യ 220. ബെൽജിയം തുർക്കി എന്നിവിടങ്ങളിൽ ഇന്നലെ മരണസംഖ്യ 150 ൽ താഴെ.
അമേരിക്കയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 28,000 ലധികം കേസുകൾ, മരണസംഖ്യ രണ്ടായിരത്തിൽ താഴെ. ഇതുവരെ ആകെ കേസുകളുടെ എണ്ണം 8 ലക്ഷം അടുക്കുന്നു, മരണസംഖ്യ 42,000 കടന്നു.
റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ ഇന്നലെ പുതിയ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് മാത്രം രേഖപ്പെടുത്തുന്നു.
പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്ന രാജ്യങ്ങളുമുണ്ട്. ബലാറസ്, സിംഗപ്പൂർ, സൗദി അറേബ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ പുതിയ കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്.
സിംഗപ്പൂർ, സൗദി അറേബ്യ, ബലാറസ് എന്നിവിടങ്ങളിൽ ഇന്നലെ മാത്രം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 1500 ൽ താഴെ കേസുകൾ. ഇതോടെ സിംഗപ്പൂരിൽ ആകെ കേസുകളുടെ എണ്ണം 8,000 കടന്നു. സൗദി അറേബ്യയിൽ ആകെ കേസുകളുടെ എണ്ണം പതിനായിരം കടന്നു.
ഖത്തറിൽ ആകെ കേസുകൾ 6,000 കടന്നു. മരണസംഖ്യ 9. യുഎഇയിൽ ആകെ കേസുകൾ 7,200 കടന്നു, മരണസംഖ്യ 43. ഒമാനിൽ ആകെ കേസുകൾ 1,400 കടന്നു, മരണ സംഖ്യ 7. കുവൈറ്റിൽ ആകെ കേസുകൾ 2,000 അടുക്കുന്നു, മരണസംഖ്യ 9. ബഹ്റിനിൽ ആകെ കേസുകൾ 1,900 കടന്നു, മരണ സംഖ്യ 7.
പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ചിലി, സൗദി അറേബ്യ, ഇക്വഡോർ എന്നീ രാജ്യങ്ങൾ കൂടി.
ഇന്ത്യയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,200 ലധികം കേസുകളും 30 ലധികം മരണങ്ങളും. ഇതോടെ ആകെ കേസുകളുടെ എണ്ണം 18,500 കടന്നു. മരണസംഖ്യ 600 അടുക്കുന്നു.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. അവിടെ ഇന്നലെയും നാനൂറിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,600 കടന്നു. മഹാരാഷ്ട്രയിൽ മാത്രം 230 ലധികം മരണങ്ങൾ സംഭവിച്ചു.
ഗുജറാത്തിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുനൂറോളം കേസുകൾ. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,000 അടുക്കുന്നു. മരണസംഖ്യ 70 കടന്നു.
ഡൽഹിയിൽ ആകെ കേസുകളുടെ എണ്ണം രണ്ടായിരത്തിന് മുകളിൽ. രാജസ്ഥാൻ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആകെ കേസുകളുടെ എണ്ണം ആയിരത്തിനും രണ്ടായിരത്തിനും ഇടയ്ക്ക്.
കേരളത്തിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 6 കേസുകൾ. ഇതോടെ ആകെ കേസുകളുടെ എണ്ണം 407. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം അൻപതിനായിരത്തിൽ താഴെ എത്തി.
കേരളത്തിലെ അവസ്ഥ നിലവിൽ ആശ്വാസകരമാണ്. ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ കുറച്ചു കൊണ്ടുവരുക എന്ന തീരുമാനം ശരിയാണ്. മാറിയ സാഹചര്യങ്ങളിൽ പുതിയ ആരോഗ്യ ശീലങ്ങൾ പഠിക്കാനും പ്രാവർത്തികമാക്കാനും ജനങ്ങൾ തയ്യാറാവുകയാണ് വേണ്ടത്. വ്യക്തിശുചിത്വവും ശരീരിക അകലം പാലിക്കലും അതിൽ ഏറ്റവും പ്രധാനമായ കാര്യങ്ങളാണ്. പക്ഷേ പലയിടങ്ങളിലും ജനങ്ങൾ ജാഗ്രത ഇല്ലാതെ പെരുമാറുന്നത് കാണാൻ സാധിക്കുന്നുണ്ട്. ഒരു കാര്യം ഓർക്കണം, ഒരു മാസം മുൻപ് നമ്മൾ ഇറ്റലിയിലും സ്പെയിനിലും വായിച്ചിരുന്ന കണക്കുകൾ പോലുള്ള അവസ്ഥ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉണ്ടാവുന്നുണ്ട്. അത് നമ്മിൽ നിന്ന് ഒട്ടും അകലെയല്ല എന്ന് ഓർമ്മവേണം. പക്ഷേ നമ്മുടെ മുൻഗണനകളും ചർച്ചകളും വഴിമാറുകയാണ്. “Objects in mirror are closer than they appear” എന്ന റിയർവ്യൂ മിററിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഓർക്കേണ്ട കാലമാണ്.
ഫേസ്ബുക്കിലെ കാല്പനിക വൽക്കരിക്കലുകളല്ല യഥാർത്ഥ ജീവിതം എന്ന ആരോഗ്യപ്രവർത്തകർ മനസ്സിലാക്കുന്നുണ്ട്. കോവിഡ് ബാധിച്ച് മരിച്ച ചെന്നൈ സ്വദേശി ന്യൂറോസർജൻ ഡോ. സൈമൺ അതിനുദാഹരണമാണ്. സംസ്കരിക്കുന്നതിനായി ഡോക്ടറുടെ മൃതദേഹം ചെന്നൈ കോർപ്പറേഷൻ ശ്‌മശാനത്തിലെത്തിച്ചപ്പോൾ തടയാൻ എത്തിയത് വലിയൊരു ആൾക്കൂട്ടമായിരുന്നു. പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നിട്ടു പോലും സംസ്കാര സ്ഥലം അണ്ണാ നഗറിലെ ശ്മശാനത്തിലേക്ക് മാറ്റേണ്ടിവന്നു. അവിടെയും എതിർപ്പുമായി ആൾക്കാർ. ആംബുലൻസ് ഡ്രൈവർക്കടക്കം പരിക്കേറ്റു. പകരം ആളെ കിട്ടാത്തതിനാൽ ഒടുവിൽ ആംബുലൻസ് ഓടിച്ചത് മരിച്ച ഡോക്ടറുടെ സഹപ്രവർത്തകനായിരുന്ന ആർത്രോസ്കോപിക് സർജൻ ഡോ. പ്രദീപ് കുമാർ. അവസാനം പോലീസ് ബന്ധവസിൽ രാത്രി ഒന്നരയോടെ മൃതശരീരം സംസ്കരിച്ചു. ഇതിനായി കുഴിയെടുത്തത് പോലും സഹപ്രവർത്തകർ. വ്യക്തിഗത സുരക്ഷാ ഉപാധികൾ ധരിച്ചുകൊണ്ട് ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്ന മൃതദേഹത്തിൽ നിന്നും അസുഖം പകരാനുള്ള സാധ്യത വളരെ വളരെ കുറവാണ്, തീരെയില്ല എന്ന് തന്നെ പറയാം.
ആരോഗ്യ പ്രവർത്തകർക്ക് സമൂഹം നൽകുന്ന സന്ദേശം വളരെ മോശമാണ്. പലപ്പോഴും വേണ്ടത്ര സുരക്ഷാ ഉപാധികളില്ലാതെ പേരിന് ഒരു ടൂ ലയർ മാസ്ക് മാത്രം ധരിച്ച്, കോവിഡാണോ അല്ലയോ എന്നൊന്നും വേർതിരിച്ചറിയാൻ കഴിയാത്ത എത്രയെത്ര രോഗികളെ കാണേണ്ടി വരുന്നു ഡോക്ടർമാരും നേഴ്സുമാരും ശുചീകരണ തൊഴിലാളികളും ലാബ് ടെക്നീഷ്യന്മാരും ഫാർമസിസ്റ്റുകളും അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് ? എന്നിട്ടവസാനം അവർക്ക് ലഭിക്കുന്നതെന്താണ് ?
ദൈവങ്ങളെന്നും മാലാഖമാരെന്നുമുള്ള വാഴ്ത്തിപ്പാടലുകൾക്കപ്പുറത്ത് അവശേഷിക്കുന്നത് ഈ കല്ലുകളും വടികളും വേദനയുമാണ്.
വാടകവീട്ടിൽ നിന്നും താമസം മാറണം എന്ന് കേട്ട ആരോഗ്യ പ്രവർത്തകർ കേരളത്തിൽ തന്നെ ധാരാളമുണ്ട്. വീട്ടുടമയുമായി ഇത്രയും നാളും ഉണ്ടായിരുന്ന നല്ല ബന്ധം മൂലം പലരും പുറത്തു പറയുന്നു പോലുമില്ല. അങ്ങനെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് താമസം മാറ്റിയ ഡോക്ടർമാർ പോലുമുണ്ട്.
തീയിലേക്ക് പറന്നു വീണ് എരിഞ്ഞടങ്ങുന്ന ഈയാംപാറ്റകളെപ്പോലെ കോവിഡ് എന്ന മഹാമാരിയിലേക്ക് വീണൊടുങ്ങാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പൊരുതാനിറങ്ങുകയാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ.
കൊറോണ വൈറസിനെതിരെ അവർ പലപ്പോഴും നിരായുധരുമാണ്.
ലഭ്യമായ സൗകര്യങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടും സയൻസിന്റെ വളർച്ചയുടെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടും ലഭ്യമായ അറിവിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടും രോഗീ പരിചരണം എന്ന തൊഴിൽ ചെയ്യുന്ന വെറും ഒരു പ്രൊഫഷണൽ ആയ മനുഷ്യൻ മാത്രമാണ് ആരോഗ്യപ്രവർത്തകൻ എന്ന് സമൂഹം തിരിച്ചറിയണം. ആരോഗ്യ പ്രവർത്തകരും നിങ്ങളെപ്പോലുള്ള മനുഷ്യർ തന്നെയാണ് എന്നെങ്കിലും സമൂഹം മനസ്സിലാക്കണം.
അവർക്ക് എതിരെ കൂർത്ത വാക്കുകളും ആയുധങ്ങളും പ്രയോഗിക്കാതിരിക്കാനുള്ള മനുഷ്യത്വമെങ്കിലും ഈ സമൂഹം ബാക്കി വെക്കേണ്ടതുണ്ട്.

 

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ