29.3.2020 കോവിഡ് 19: Daily review
ലോകം ഇന്നലെ (മാർച്ച് 28)…?
⛔ ഇറ്റലിയിൽ മരണസംഖ്യ 10,000 കടന്നു. ചൈന, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് പുറകെ അമേരിക്കയിലും ഫ്രാൻസിലും മരണസംഖ്യ 2,000 കടന്നു. ആയിരത്തിൽ കൂടുതൽ മരണങ്ങൾ നടന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇംഗ്ലണ്ടും.
? അമേരിക്കയിൽ ഇതുവരെ 1.23 ലക്ഷത്തിൽ കൂടുതൽ കേസുകൾ, 2,200 ലധികം മരണങ്ങൾ. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 19,000 ലധികം കേസുകൾ, 500 ലധികം മരണങ്ങൾ.
? ലോകമാകെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 66,000 ലധികം കേസുകളും 3,500 ലധികം മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 6.6 ലക്ഷം കഴിഞ്ഞു, ആകെ മരണങ്ങൾ 30,000 കഴിഞ്ഞു.
? ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,41,000 കഴിഞ്ഞു.
♦ ഇറ്റലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 5,900 ലധികം കേസുകളും 900 ഓളം മരണങ്ങളും. ഇതുവരെ ആകെ 92,000 ലധികം കേസുകൾ.
♦സ്പെയിനിൽ ഇന്നലെ മാത്രം 7,500 ലധികം കേസുകളും 800 ലധികം മരണങ്ങളും. ഇതുവരെ 73,000 ലധികം കേസുകളിൽ നിന്ന് 5,900 ലധികം മരണങ്ങൾ.
♦ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 6,000 ലധികം കേസുകൾ, മരണങ്ങൾ 80 ലധികം. ഇതുവരെ ആകെ 57,000 ലധികം കേസുകളിൽ നിന്ന് 430 ലധികം മരണങ്ങൾ.
♦ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,300 ലധികം കേസുകളും 300 ലധികം മരണങ്ങളും. ഇതുവരെ ആകെ 37,000 ലധികം കേസുകളും 2,300 ലധികം മരണങ്ങളും.
♦യുകെയിൽ ഇന്നലെ മാത്രം 2,500 ലധികം കേസുകളും 250 ലധികം മരണങ്ങളും. ഇതുവരെ ആകെ 17,000 ലധികം കേസുകൾ.
♦സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,100 ലധികം കേസുകൾ, 30 ലധികം മരണങ്ങൾ. ഇതുവരെ ആകെ 14,000 ലധികം കേസുകളിൽ നിന്ന് 250 ലധികം മരണങ്ങൾ.
♦നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,100 ലധികം കേസുകളും 90 ലധികം മരണങ്ങളും. ഇതുവരെ ആകെ 9,700 ലധികം കേസുകളിൽ നിന്ന് 600 ലധികം മരണങ്ങൾ.
♦ബെൽജിയത്തിൽ ഇന്നലെ മാത്രം 1,800 ലധികം കേസുകൾ, 60 ലധികം മരണങ്ങൾ. ഇതുവരെ ആകെ 9,000 ലധികം കേസുകളിൽ നിന്ന് 350 ലധികം മരണങ്ങൾ.
♦ഓസ്‌ട്രിയയിൽ ഇന്നലെ 400 ലധികം കേസുകൾ, 10 മരണങ്ങൾ. ഇതുവരെയാകെ 8,100 ലധികം കേസുകളിൽ നിന്ന് 60 ലധികം മരണങ്ങൾ.
♦ നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 ലധികം കേസുകൾ. ഇതോടെ ആകെ കേസുകൾ 4,000 കടന്നു, മരണസംഖ്യ 23.
♦ പോർച്ചുഗലിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 900 ലധികം കേസുകളും 24 മരണങ്ങളും. ഇതോടെ 5,000 ലധികം കേസുകളിൽനിന്ന് 100 ലധികം മരണങ്ങൾ.
♦സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകൾ. ഇതോടെ 3,400 ലധികം കേസുകളിൽ നിന്ന് 100 ലധികം മരണങ്ങൾ.
♦ ചെക്ക് റിപ്പബ്ലിക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 ലധികം കേസുകൾ. ഇതുവരെ ആകെ 2,500 ലധികം കേസുകളിൽ നിന്ന് 11 മരണം.
♦ റഷ്യയിൽ 1200 ലധികം പേരെ ബാധിച്ച് 4 മരണങ്ങൾ. ഇതുവരെ രണ്ടേ കാൽ ലക്ഷത്തിലധികം പേരിൽ പരിശോധന നടത്തി.
♦ തുർക്കിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,700 ലധികം കേസുകളും 16 മരണങ്ങളും. ഇതുവരെ 7,400ലധികം കേസുകളിൽ നിന്ന് 100 ലധികം മരണങ്ങൾ.
♦അയർലൻഡിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 150ലധികം കേസുകൾ. ഇതുവരെ 2400 ലധികം കേസുകളിൽ നിന്ന് 36 മരണങ്ങൾ.
♦ ഡെന്മാർക്കിൽ ഇതുവരെ 2200 ലധികം കേസുകളിൽനിന്ന് 65 മരണങ്ങൾ.
♦ കാനഡയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 800 ലധികം കേസുകളും 5 മരണവും. ഇതോടെ 5,500 ലധികം കേസുകളിൽനിന്ന് 60 മരണങ്ങൾ.
♦ ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 400 ലധികം കേസുകൾ. ഇതുവരെ 3,900 ലധികം കേസുകളിൽ നിന്ന് 100 ലധികം മരണങ്ങൾ.
♦ ഓസ്ട്രേലിയയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 ലധികം കേസുകൾ. ഇതുവരെ ആകെ 3,600 ലധികം കേസുകൾ.
♦ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 2,500 ലധികം, 139 മരണങ്ങൾ. ആകെ കേസുകൾ 35,000 കടന്നു, മരണം 2,500 കടന്നു.
♦ ഇസ്രയേലിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 500 ലധികം കേസുകൾ. ഇതുവരെ 3,600 ലധികം കേസുകളിൽനിന്ന് 12 മരണം.
♦ മലേഷ്യയിൽ ഇതുവരെ 2300 ലധികം കേസുകളിൽ നിന്ന് 27 മരണങ്ങൾ.
♦ സൗദി അറേബ്യ, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1200 ലധികം കേസുകൾ
♦യുഎഇ, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 450 ലധികം കേസുകൾ.
♦ ബഹറിനിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 450 ലധികം കേസുകൾ
♦ കുവൈത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 235 കേസുകൾ
♦ ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 590 കേസുകൾ.
♦ഒമാനിൽ ഇതുവരെ 150ലധികം കേസുകൾ.
♦തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 100 ലധികം കേസുകൾ. അവിടെ ഇതുവരെ 9,400 ലധികം കേസുകളിൽ നിന്ന് 144 മരണങ്ങൾ.
♦ പാകിസ്താനിൽ ഇതുവരെ 1,400 ലധികം കേസുകളിൽ നിന്ന് 12 മരണം.
♦ചൈനയിൽ ഇതുവരെ ആകെ 81,000 ലധികം കേസുകളിൽ നിന്ന് 3,295 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 74,000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 900 ൽ താഴെയായി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കുറവാണ്.
♦പതിനായിരത്തിലധികം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 9, ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 40.
?ജപ്പാൻ, ലക്സംബർഗ്, ഇക്വഡോർ, ജപ്പാൻ, ചിലി, പോളണ്ട്, റുമേനിയ, റഷ്യ, ഫിൻലാൻഡ്, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, തായ്‌ലൻഡ്, ഫിലിപ്പൈൻസ്, ഗ്രീസ് എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
? ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 10.00 CET 28.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.
? ഇറ്റലിയിൽ ഒരു 101 വയസ്സുകാരൻ രോഗമുക്തി നേടി.
? ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് ജർമ്മനി.
? അമേരിക്കയിൽ പരിശോധനക്കായി തെക്കൻ കൊറിയയിൽ നിന്നുള്ള ടെസ്റ്റിംഗ് കിറ്റുകൾക്ക് അനുമതി.
? 30 മിനിറ്റിനകം കൃത്യതയാർന്ന ഫലം നൽകുന്ന മോളിക്കുലർ പരിശോധനയ്ക്ക് അമേരിക്കയിൽ അനുമതി.
? സൗത്ത് ആഫ്രിക്കയിൽ കോടീശ്വരൻ Motsepe കോവിഡ് പ്രതിരോധത്തിനായി അഞ്ച് കോടി ഡോളർ സംഭാവന ചെയ്തു.
? സ്പെയിനിൽ 9000 ലധികം ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.
ഇനി മനുഷ്യത്വമുള്ളവരോട് മാത്രം,
മദ്യാസക്തി ഉള്ളവർ ആത്മഹത്യ ചെയ്യുമ്പോൾ സന്തോഷിക്കുന്നവരോട് ഒന്നും പറയാനില്ല. അങ്ങനെ അഭിപ്രായം ഉള്ളവർ ദയവ് ചെയ്ത് മാറി നിൽക്കണം.
മദ്യം ലഭിക്കാൻ മറ്റു വഴികൾ (ഉദാഹരണമായി ഓൺലൈൻ വിൽപ്പന/ഹോം ഡെലിവറി) ഒരുക്കാതെ ബിവറേജസുകൾ അടക്കരുത് എന്ന് മുൻപ് എഴുതിയിരുന്നതാണ്. ഇപ്പോഴും അഭിപ്രായം അതുതന്നെ.
സുഹൃത്തുക്കളെ,
സ്ഥിരമായി മദ്യപിക്കുന്നവർ മദ്യം നിർത്തുമ്പോൾ ആൽക്കഹോൾ വിഡ്രോവൽ എന്ന അവസ്ഥ ഉണ്ടാവാൻ സാധ്യതയുണ്ട്. രണ്ടുമൂന്നു ദിവസം കൊണ്ട് മാറുന്ന വിറയൽ മുതൽ മരണ കാരണം ആകാവുന്ന ഡെലീറിയം വരെ പലരിലും ഉണ്ടാവാം.
മദ്യം തലച്ചോറിനെ മന്ദീഭവിപ്പിക്കുന്ന (CNS depressant) ഉപാധിയാണ്. ലളിതമായ ഭാഷയിൽ ഒരു ഉദാഹരണം പറഞ്ഞാൽ ഇതൊരു ബ്രേക്ക് ആണ് എന്ന് കരുതുക. ആ ബ്രേക്ക് പെട്ടെന്ന് എടുക്കുന്നു. അതോടെ മസ്തിഷ്കത്തിലെ നാഡീവ്യവസ്ഥ ഏകോപനം ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു അവസ്ഥയിൽ എത്താൻ സാധ്യതയുണ്ട്. ഇങ്ങനെയൊരു അവസ്ഥയിൽ തലച്ചോറിന് സ്ഥലം-കാലം-ഓർമ്മ ഒക്കെ നഷ്ടപ്പെടുകയാണ്. ഇതാണ് ഡെലീറിയം ട്രെമൻസ്.
വളരെയധികം മരണ സാധ്യതയുള്ള ഒരു അവസ്ഥയാണിത്. 15 % വരെ സാധ്യതയുണ്ട് മരണത്തിന്.
ഇതൊരു മെഡിക്കൽ എമർജൻസി ആണ്.
അതുകൊണ്ട് ചികിത്സയാണ് ആവശ്യം. ശാസ്ത്രീയമായ ചികിത്സയാണ് ആവശ്യം.
പാവക്കക്ക് കയ്പ്പ് ഉള്ളതുകൊണ്ട് അത് പ്രമേഹത്തിന് മികച്ച ചികിത്സയാണ് എന്ന് ചിന്തിച്ച പലരുമുണ്ടായിരുന്നു. പക്ഷേ അത് തെറ്റാണ് എന്ന് ഇപ്പോൾ നമുക്കറിയാം.
അതുപോലെ ഡെലീറിയം വന്നാൽ മദ്യം നൽകിയാൽ മതി എന്നത് ഒരു ലളിത യുക്തിയാണ്. ഡെലീറിയം വന്നാൽ മികച്ച സൗകര്യങ്ങളുള്ള ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിൽ ചികിത്സ തേടുകയാണ് വേണ്ടത്. ഡെലീറിയം ആരംഭിച്ചുകഴിഞ്ഞ് മദ്യം കൊടുക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. പലപ്പോഴും പല കുടുംബങ്ങളിലും ചെയ്ത് പരാജയപ്പെട്ട കാര്യമാണിത്. അങ്ങനെ ധാരാളം അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
അതുകൊണ്ട് ദയവുചെയ്ത് ജീവൻ രക്ഷിക്കാൻ ആവശ്യമായ ചികിത്സ തേടുക. താൻ ഡെലീറിയം എന്ന അവസ്ഥയിലാണ് എന്ന് ആ വ്യക്തിക്ക് മനസ്സിലാവില്ല. അതുകൊണ്ട് സഹായിക്കേണ്ടത് ചുറ്റും ഉള്ളവരാണ്.
ഞാൻ എഴുതുന്നത് ഡീഅഡിക്ഷനെ കുറിച്ചല്ല. കുറച്ചു മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ എമർജൻസി മെഡിക്കൽ വിഷയത്തെക്കുറിച്ചാണ്.
ഡെലീറിയം ഉള്ളവർക്ക് മദ്യം കൊടുത്താൽ മതി എന്നൊക്കെ ആരെങ്കിലും ചിന്തിച്ചാൽ, ഈ വിഷയത്തിൽ ഇനിയും മരണം കൂടും എന്ന് മാത്രമേ പറയാനുള്ളൂ.
ഒരു കാര്യം കൂടി… തുടർച്ചയായി മദ്യപിച്ചിരുന്നവർ മദ്യം നിർത്തി ഏതാനും മണിക്കൂറുകൾ മുതൽ നാലു ദിവസങ്ങൾക്കുള്ളിൽ ആണ് ആൾക്കഹോൾ വിഡ്രോവൽ സിൻഡ്രോം ആരംഭിക്കുന്നത്. ആരംഭിച്ചശേഷം പലരിലും പല ലക്ഷണങ്ങളോടെ 10 ദിവസം വരെയൊക്കെ നീണ്ടുനിൽക്കാം. ചിലരിൽ അത് വിറയൽ മാത്രമാവാം, വലിയ കുഴപ്പം ഉണ്ടാക്കിയില്ല എന്നു വരാം, കൂടുതൽ നാളുകൾ നീണ്ടുനിന്നില്ല എന്നും വരാം. പക്ഷേ എല്ലാവരിലും അങ്ങനെ ആവണമെന്നില്ല. ഡെലീരിയം അപകടകരമാണ്.
മദ്യപിക്കുന്നവരും മനുഷ്യരാണ്. മദ്യാസക്തി, ആൽക്കഹോൾ വിഡ്രോവൽ സിൻഡ്രോം, ഡെലീറിയം എന്നിവ രോഗങ്ങളും ആണ്. മറക്കരുത്…