A drop without a mark
“ഇങ്ങള് ചെക്കന്റെ വായി തുള്ളിമരുന്ന് ഇറ്റിച്ചോളീ..പക്കേങ്കില് കയ്യിമ്മേൽ വരക്കറ്..” ആ 18 വയസ്സുകാരി അമ്മയുടെ വാക്കുകളിൽ ഭയം നിഴലിട്ടിരുന്നു. പഠനത്തിന് ശേഷം, സർക്കാർ സർവീസിൽ സേവനം തുടങ്ങി ഏഴെട്ടു വർഷം കഴിഞ്ഞിട്ടും, ഇന്നും മനസ്സിൽ ആ സംഭവം മായാതെ കിടക്കുന്നു.
കണ്ണൂർ ജില്ലയിലെ ഒരു റൂറൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആണ് എനിക്ക് ആദ്യം പോസ്റ്റിങ്ങ് കിട്ടിയത്. പൾസ് പോളിയോയുടെ തലേ മാസത്തെ ബ്ലോക്ക് തല അവലോകന യോഗത്തിൽ, സാധാരണ പോലെ ചർച്ച ആയ ഒരു വിഷയം, പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്ന വലിയ ഒരു ശതമാനത്തെ കുറിച്ചായിരുന്നു. ഒരു കാര്യം മനസ്സിലായി: ബ്ലോക്കിൽ തന്നെ ഏറ്റവും അധികം വാക്സിനേഷൻ വിരുദ്ധത കാണപ്പെടുന്ന PHC എന്റേതാണ്! അവിടെ തന്നെ, ഒന്നാം വാർഡ് ആണ് ഏറ്റവും പ്രയാസം. തികച്ചും മതത്തിൽ അധിഷ്ഠിതമായ 300-ഓളം കുടുംബങ്ങൾ താമസിക്കുന്ന ഒരു ചെറുതുരുത്ത്. വർഷങ്ങളായി ഏറ്റവുമധികം വാക്സിൻ വിരുദ്ധ വികാരം കാണപ്പെടുന്ന സ്ഥലം.
എങ്ങനെ അവിടെ സ്ഥിതി മെച്ചപ്പെടുത്താം എന്നായി ചോദ്യം. ഒരു ജൂനിയർ MO ആയ എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. “എങ്ങനെ നന്നാക്കാൻ !?” ഇതായിരുന്നു ചിന്ത. അടുത്ത പഞ്ചായത്തിലെ MO ആയ ഡോ. ഷബീർ (പേര് സാങ്കല്പികം) സംസാരിക്കാൻ എഴുന്നേറ്റു. അദ്ദേഹം എന്നെ നോക്കി, “നമുക്കൊന്ന് കൂട്ടായി ശ്രമിച്ചാലോ മനു..?”
ഞാൻ ഓർത്തു: “ഇനി അതായിട്ടു കുറയ്‌ക്കേണ്ട. ചെയ്തേക്കാം..”
സർ പറഞ്ഞ ഐഡിയ കേട്ട് ഞാൻ ഒന്ന് ഞെട്ടി എന്നത് സത്യം. പോളിയോ ദിനങ്ങൾക്ക് മുൻപുള്ള 3 – 4 ദിവസം കൊണ്ട് ഞാനും അദ്ദേഹവും കൂടെ, ഇതിനോട് വിമുഖത കാണിക്കുന്ന എല്ലാ വീടുകളും സന്ദർശിക്കുന്നു. അത് എന്റെ ജോലി ആണെന്നത് ശരി. പക്ഷെ അദ്ദേഹം..മറ്റൊരു ഏരിയയിൽ..എന്നെ സഹായിക്കാൻ..സ്വന്തം ജോലിയോട് ഇത്ര സമർപ്പണം കാണിച്ച അദ്ദേഹം ഇന്നും എനിക്ക് ഒരു മാതൃകയാണ്.
ഞാൻ നാളിതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രയാസമുള്ള field work ആയിരുന്നു അത്. രാവിലെ 10 മണി മുതൽ 2 വരെ ഡോ. ഷബീർ, ഞാൻ, JHI, JPHN എന്നിവർ അടങ്ങുന്ന സംഘം ഓരോ വീടുകളായി സന്ദർശിച്ചു.
പലതരം സ്വീകരണങ്ങൾ ആയിരുന്നു: ചിലർ എല്ലാം തലകുലുക്കി സമ്മതിക്കുന്നു. ചിലർക്ക് എല്ലാ വർഷത്തെയും പോലെ ഈ ഉപദേശം കേട്ട്, മറുചെവിയിലൂടെ കളയാൻ തിടുക്കം. ആണുങ്ങൾ ഇല്ലാത്ത വീടുകളിൽ, വാതിലുകൾ അടഞ്ഞുതന്നെ കിടന്നു. “ഓർ പള്ളീ പോയിനി” എന്ന ഉത്തരം കേട്ട് തിരിച്ചു നടന്ന ഞങ്ങളുടെ കണ്മുന്നിലൂടെ ബൈക്കിൽ അകലേക്ക് ഓടിച്ചുപോയ ഗൃഹനാഥൻ. മറ്റുചില വീടുകളിൽ, ‘വാക്സിൻ വിഷം’ എന്ന ‘പ്രമുഖ പത്ര’ റിപ്പോർട്ടുകൾ അടുക്കി, ഫയൽ ചെയ്തു വച്ചിരിക്കുന്നു. എന്നിരുന്നാലും കുറെ വീടുകളിൽ, ഗൃഹനാഥന്മാരോട് നേരിട്ട് സംസാരിക്കാൻ പറ്റി.
കപടശാസ്ത്രവാദങ്ങളെയും അന്ധവിശ്വാസങ്ങളെയും മതവിശ്വാസത്തെ ഹനിക്കാതെ ഖണ്ഡിക്കാൻ ഡോ. ഷബീറിന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു. ‘വിശ്വാസം വാക്സിനെ എതിർക്കുന്നു’ എന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട കുറെയധികം പേരെ മറിച്ചു ചിന്തിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആ സമൂഹത്തിൽ, എനിക്ക് ഒരിക്കലും ഒറ്റയ്ക്ക് സാധിക്കില്ലാത്ത ഒരു ‘opening’ നൽകാൻ ഡോ. ഷബീർ പ്രത്യേക ശ്രദ്ധ നൽകി.
ഉച്ചയോടെ തളർന്നു തിരിച്ചുപോരുന്ന ഞങ്ങൾ, പിറ്റേ ദിവസം നിർത്തിയേടത്തു നിന്ന് തുടങ്ങി. 3 ദിവസം കൊണ്ട്, എല്ലാ വീടുകളും ഞങ്ങൾക്ക് സന്ദർശിക്കാൻ കഴിഞ്ഞു. അവിടെയുള്ള പള്ളിയിലെ പുരോഹിതനോടും സംസാരിക്കാൻ കഴിഞ്ഞു.
പൾസ് പോളിയോ ദിനം. അന്ന് ഞാൻ ഒറ്റയ്ക്കാണ്. എന്നെ സഹായിക്കാൻ അന്ന് ഡോ. ഷബീർ ഇല്ല. സ്വന്തം PHC യിലെ പ്രോഗ്രാം മേൽനോട്ടം അദ്ദേഹത്തിന് ഉപേക്ഷിക്കാൻ കഴിയില്ലല്ലോ.
എന്റെ പ്രതീക്ഷ തെറ്റിച്ച്, മുൻപ് അകന്നുനിന്നിരുന്ന ചില കുടുംബങ്ങളിലെ കുട്ടികളെ തുള്ളിമരുന്നു കൊടുക്കാൻ കൊണ്ടുപോകുന്ന കാഴ്ച്ച മനം കുളിർപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ എതിർപ്പ് പ്രകടിപ്പിച്ച വീടുകളിൽ ഒന്നുകൂടെ പോകാം എന്ന് കരുതി ഞാൻ പുറത്തിറങ്ങി.
തലേന്ന് ഞങ്ങളുമായി വലിയ തർക്കം നടന്ന ഒരു വീട്. പോളിയോ ബൂത്തിനു തൊട്ടടുത്ത കെട്ടിടം. ഒന്നുകൂടെ ശ്രമിക്കാം എന്നുകരുതി, ഞാനും JPHN സിസ്റ്ററും പടി കടന്നു. ആരെയും പുറത്തു കണ്ടില്ല. സിസ്റ്റർ അവിടത്തെ പെൺകുട്ടിയുടെ (18 വയസ്സുകാരി.. ഒരുവയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മയാണവൾ) പേര് വിളിച്ചു. നിമിഷങ്ങൾക്കുള്ളിൽ, ഒരു ചെറിയ ആൾരൂപം വാതിൽക്കൽ കാണായി.
“ശ്ശ്..” അവൾ ചുണ്ടുകളിൽ വിരൽ ചേർത്ത് ആംഗ്യം കാണിച്ചു.
“ഓറ് ആത്ത് ഒറങ്ന്ന്ണ്ട്.. ഓറെ എണീപ്പിക്കല്ലേ!! ഇങ്ങള് ചെക്കന്റെ വായി തുള്ളിമരുന്ന് ഇറ്റിച്ചോളീ..പക്കേങ്കില് കയ്യിമ്മേൽ വരക്കറ്..”!
എനിക്ക് ആദ്യം മനസ്സിലായില്ല. ഒരു നിമിഷം! കഴിഞ്ഞ ദിവസം ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉള്ളിൽ നിന്ന് കേട്ടതാണ് ആ പെൺകുട്ടി.. അവൾക്ക് ഇതിന്റെ പ്രാധാന്യം മനസ്സിലായി. എന്നാൽ, മനസ്സിൽ ശാസ്ത്രവിരുദ്ധത നിറച്ച്, ഉള്ളിൽ ഉറങ്ങുന്ന ഭർത്താവിന് ഇനിയും അത് ഉൾക്കൊള്ളാൻ ആയിട്ടില്ല. തന്റെ കുഞ്ഞിന് മരുന്നുകൊടുത്തത് ആദ്ദേഹം അറിഞ്ഞാൽ ഉണ്ടാകുന്ന പുകില് ചില്ലറയാവില്ല. അതിനാണ് ആ പാവം..
കയ്യിൽ മാർക്ക് ചെയ്യാതെ മരുന്ന് കൊടുക്കാൻ..പ്രോഗ്രാം നിയമം അനുവദിക്കുന്നില്ല. എങ്കിലും ഞാൻ അത് ചെയ്തു. കൈയിൽ മാർക്ക് ചെയ്യാതെ തന്നെ!
ആ കുട്ടിക്കുവേണ്ടി..വരും തലമുറയ്ക്കുവേണ്ടി.
പോളിയോ വിമുക്തമായ ഒരു ലോകത്തിനുവേണ്ടി.
കൗമാരപ്രായം മാത്രമുള്ള ആ കുട്ടി കാണിച്ച ശാസ്ത്രബോധം.. നമ്മുടെ സമൂഹത്തിന് ഇനി ഇതാണ് ആവശ്യം.
2017 ഏപ്രിൽ 2.. ഈ വർഷത്തെ രണ്ടാം പോളിയോ ദിനം. മറക്കാതെ നിങ്ങളുടെ കുട്ടികൾക്ക് പോളിയോ മരുന്ന്, ജീവന്റെ ആ രണ്ടുതുള്ളി, നൽകൂ.
അവർ വളരട്ടെ, പോളിയോ മുക്ത ലോകത്ത്!
(പക്കേങ്കില്, കയ്യിമ്മേൽ വരയ്ക്കറ്: പക്ഷേ, കയ്യിൽ വരയ്ക്കരുത്.
ഓറ് പള്ളീ പോയിനി: അദ്ദേഹം പള്ളിയിൽ പോയി
ഓറ് ആത്ത് ഒറങ്ന്ന്ണ്ട്.. ഓറെ എണീപ്പിക്കല്ലേ: അദ്ദേഹം ഉള്ളിൽ ഉറങ്ങുന്നുണ്ട്..ഉണർത്തല്ലേ)
This article is shared under CC-BY-SA 4.0 license.