കൊളസ്ട്രോള് എന്ന ഭീകരൻ
കൊളസ്ട്രോളിനെ കുറിച്ചുള്ള സംശയം സ്ഥിരമായി കേള്ക്കാറുള്ളതാണ്. ജീവിത ശൈലീ രോഗങ്ങളെപറ്റി നമ്മുടെ സമൂഹത്തില് അവബോധം ശക്തമാകുന്നു എന്നതിൽ സന്തോഷമുണ്ട്. എന്നാൽ വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ചില സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട് എന്നതിൽ വിഷമവുമുണ്ട്.
കൊളസ്ട്രോളിനെപ്പറ്റി മനസ്സിലാക്കണമെങ്കില് എന്താണ് കൊളസ്‌ട്രോൾ എന്നും, എങ്ങിനെ അതുണ്ടാകുന്നു എന്നും, അവൻ എന്തൊക്കെ ചെയ്യും എന്നും മനസിലാക്കണം. അതിനായി നമ്മുടെ ശരീരത്തിലെ കൊഴുപ്പിന് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് അറിയണം. ഇതിനുവേണ്ടി നമുക്ക് ഇന്നുച്ചക്ക് കഴിച്ച ബിരിയാണിയെ പിന്തുടരാം.
ബിരിയാണിയില് അരിയില് നിന്നുള്ള അന്നജങ്ങളും എണ്ണകളില് നിന്നുള്ള കൊഴുപ്പും മാംസത്തില് നിന്നുള്ള പ്രോട്ടീനുകളും ഉണ്ടെന്നറിയാമല്ലോ. ഇവയെ അതുപോലെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന് സാധ്യമല്ല. അതിനാല്ഇവയെല്ലാം നമ്മുടെ ആമാശയത്തിലും കുടലുകളിലും മറ്റും വച്ചു വിവിധ ഘടകങ്ങളായി മാറ്റപ്പെടുന്നു . ഈ ഘടകങ്ങളെയാണ് നാം ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത്. ചോറ് (അന്നജം) ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നു, ഇറച്ചി (പ്രോട്ടീൻ) അമിനോആസിഡുകള് ആകുന്നു. എണ്ണകളോ ? അവ ട്രൈഗ്ലിസറൈഡുകള്, കൊഴുപ്പ് അമ്ലങ്ങള്, കൊളസ്ട്രോള് എന്നിങ്ങനെയൊക്കെ വേര്തിരിയുന്നു.
എണ്ണകളെ വെള്ളത്തില് ലയിപ്പിക്കാന് എളുപ്പമല്ല എന്നറിയാമല്ലോ. അതിനാല്ഇവയെ രക്തത്തില് കലക്കിക്കൊണ്ടുപോകുന്നത് വലിയ ബുദ്ധിമുട്ടാണ്. അത് ചെയ്യുന്ന ജോലി, കരളില് നിന്നുവരുന്ന ചില രാസവസ്തുക്കള്ക്കാണ്. അങ്ങനെ രക്തത്തില് കയറുന്ന കൊഴുപ്പ് അംശങ്ങള് ചില പ്രത്യേക പ്രോട്ടീനുകള് കൊണ്ടു പൊതിഞ്ഞ കുമിളകളായാണ് സഞ്ചാരം. ഇവയെ കൈലോമൈക്രോണുകള്എന്ന് പറയും. നേരത്തെ പറഞ്ഞപോലെ ഈ കുമിളകള് നിറയെ ട്രൈഗ്ലിസറൈഡുകള്, കൊഴുപ്പ് അമ്ലങ്ങള്, കൊളസ്ട്രോള് എന്നിവയുണ്ട്. ഇവ രക്തത്തിലൂടെ സഞ്ചാരം ആരംഭിക്കുന്നു .
ഇതേ സമയം, നമ്മള് നേരത്തേ ആഗിരണം ചെയ്ത ഗ്ലൂക്കോസ് കരളില് എത്തുന്നു. കരള് ഈ ഗ്ലൂക്കൊസില് നിന്ന് തല്ക്കാലത്തെ ആവശ്യത്തിനുള്ളത് മാറ്റിവച്ചതിന് ശേഷം ബാക്കിയുള്ളത് പിന്നത്തേക്ക് സൂക്ഷിച്ചുവയ്ക്കാന് തീരുമാനിക്കുന്നു. ഈ ബാക്കിയുള്ള ഗ്ലൂക്കോസിനെ കരള് കൊഴുപ്പാക്കി മാറ്റുന്നു. തുടര്ന്ന്, ഇവയും ചില പ്രത്യേക പ്രോട്ടീനുകള് കൊണ്ടുള്ള കുമിളകളിലാക്കി രക്തത്തിലേക്ക് വിടുന്നു . ഇവയെ ”വെരി ലോ ഡെന്സിറ്റി ലിപ്പോപ്രോട്ടീനുകള്” (VLDL) എന്ന് പറയുന്നു . ഇവയ്ക്ക് താരതമ്യേന ഭാരം കുറവായതുകൊണ്ടും കൊഴുപ്പും പ്രോട്ടീനുകളും ചേര്ന്നാണ് ഇവ ഉണ്ടായത് എന്നതുകൊണ്ടുമാണ് നമ്മള് ഇവയെ ഇങ്ങനെ വിളിക്കുന്നത് .
കഴിച്ചത് ബിരിയാണിയായതിനാല് നല്ലവണ്ണം കൈലോമൈക്രോണുകള്രക്തത്തില് എത്തിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ രക്തം, പാല്കലക്കിയതുപോലെ ചെറുതായി നിറം മാറുകപോലും ചെയ്യാം. വിശന്ന് വലഞ്ഞ് ഊര്ജത്തിനായി കാത്തിരിക്കുന്ന മസിലുകളിലെക്കാണ് ഈ രക്തം ചെല്ലുന്നത്. അവ ഈ കുമിളകളില് നിന്ന് ട്രൈഗ്ലിസറൈഡുകളെയും കൊഴുപ്പ് അമ്ലങ്ങളെയും ആഗിരണം ചെയ്യുന്നു. ഇവയിൽ നിന്നും ഊര്ജമുണ്ടാക്കാന് മസിലുകള്ക്കറിയാം .
ബാക്കിയുള്ള കൈലോമൈക്രോണുകളും VLDL-കളും അഡിപ്പോസ് കോശങ്ങളിലേക്ക് പോകുന്നു. ഭാവിയിലേക്ക് ഉപയോഗിക്കാന് വേണ്ടരീതിയില്കൊഴുപ്പിനെ സൂക്ഷിച്ചുവയ്ക്കുകയാണ് ഇവയുടെ ജോലി. നമ്മുടെ ത്വക്കിനടിയിലും വയറിനുള്ളിലും മറ്റുമാണ് അഡിപ്പോസ് കലകള് സ്ഥിതിചെയ്യുന്നത് . പൊണ്ണത്തടിക്ക് കാരണം ഈ കലകളില് ധാരാളമായി കൊഴുപ്പ് നിറയുന്നതാണ് . അഡിപ്പോസ് കലകളും കൊഴുപ്പ് കുമിളകളില് നിന്ന് ട്രൈഗ്ലിസറൈഡുകളെയും കൊഴുപ്പ് അമ്ലങ്ങളെയും ആഗിരണം ചെയ്യുന്നു . പാവം കൊളസ്ട്രോളിനെ ആര്ക്കും വേണ്ട .
കൊളസ്ട്രോള് എല്ലാവരും കരുതുംപോലെ മോശക്കാരനൊന്നുമല്ല. നമ്മുടെ കോശങ്ങളുടെ പുറംപാളി ഉണ്ടാക്കണമെങ്കില് കൊളസ്ട്രോള് കൂടിയേ കഴിയൂ. കുഞ്ഞുങ്ങളുടെ വളര്ച്ച മുതല്, നമ്മെ പെണ്ണും ആണുമാക്കുന്ന ഈസ്ട്രോജെന്, ടെസ്റ്റോസ്റ്റിറോൺ എന്നീ ഹോര്മോണുകളുടെ നിര്മാണത്തിനുവരെ കൊളസ്ട്രോള്വേണം. കൊഴുപ്പിന്റെ ദഹനത്തിനെ സഹായിക്കുന്ന Bile salt ഉണ്ടാക്കുവാനും കൊളസ്‌ട്രോൾ വേണം. നാഡികളുടെ ആവരണവും കൊളസ്‌ട്രോൾ നിർമ്മിതമാണ്. വിറ്റാമിൻ ഡി ഉണ്ടാക്കപ്പെടുന്നതും ഇതിൽനിന്ന് തന്നെ. എന്നാലും അധികമായാല് അമൃതും വിഷം എന്നാണല്ലോ.
മസിലുകളും അഡിപ്പോസ് കോശങ്ങളും മറ്റും കടിച്ചുതുപ്പിയ കൈലോമൈക്രോണുകളിലും VLDL-കളിലും ഇനി ധാരാളമായി ബാക്കിയുള്ളത് കൊളസ്ട്രോളാണ്. ഈ കുമിളകളുടെ വലിപ്പത്തിലും സാന്ദ്രതയിലുമെല്ലാം ഇപ്പോള്മാറ്റം വന്നിരിക്കുന്നു. ഇവയെ ഇനിമുതല് ലോ ഡെന്സിറ്റി ലൈപോപ്രോടീന്(LDL) എന്ന് നമുക്ക് വിളിക്കാം.
മൂന്നു ദിവസത്തോളം LDL-കള് രക്തത്തിലങ്ങനെ ചുറ്റിനടക്കും. സാവധാനത്തിലാണ് ഈ സഞ്ചാരം. പോകുന്ന വഴിക്ക് രക്തക്കുഴലുകളില്എന്തെങ്കിലും കശപിശ കണ്ടാല് അവിടെ തങ്ങും. പിന്നെ അവിടെ സ്ഥിരമായി താമസമാക്കിക്കളയും. പിന്നാലെ വരുന്ന കൂട്ടുകാരും കൂടെ കൂടും. സ്വതേ പ്രശ്നത്തില് പെട്ടുകിടക്കുന്ന രക്തക്കുഴലുകലുടെ അവസ്ഥ അതോടുകൂടി കൂടുതല്കഷ്ടത്തിലാകും. രക്തത്തിന് സഞ്ചരിക്കാനുള്ള വഴി ചുരുങ്ങും. ചിലപ്പോള് തീരെ അടഞ്ഞുപോകും. രക്തം കിട്ടാതെ കുറെ കോശങ്ങള് മരണം പ്രാപിക്കും. ഈ കോശങ്ങള് ഹൃദയത്തിലാണെങ്കില് നാം ഹൃദയാഘാതം (Heart attack/Myocardial infarction) എന്നും തലച്ചോറില് ആണെങ്കില് സ്ട്രോക്ക് എന്നും പറയും.
ഈ വില്ലന്മാരില് നിന്ന് നമ്മെ രക്ഷിക്കുകയാണ് ഹൈ ഡെന്സിറ്റി ലൈപോപ്രോടീന് എന്ന HDL-കളുടെ ഒരു പ്രധാന ജോലി. ധാരാളം പ്രോട്ടീനുകളും കുറച്ചുമാത്രം കൊളസ്ട്രോളും ഉള്ക്കൊള്ളുന്നതുകൊണ്ട് ഇവയ്ക്ക് ഉയര്ന്ന സാന്ദ്രതയുണ്ട്. കരളിലാണ് HDL നിര്മിക്കപ്പെടുന്നത്. തുടര്ന്ന് ഇവ രക്തത്തില് പ്രവേശിക്കുന്നു. രക്തത്തിലൂടെ അതിവേഗം സഞ്ചരിക്കാന്സാധിക്കുന്ന ഇവ പോകുന്ന വഴിയില് രക്തക്കുഴലുകളിലും മറ്റും അടിഞ്ഞുകൂടിയ കൊളസ്ട്രോളിനെ കൂടെ കൊണ്ടുപോകുന്നു. തിരികെ കരളിലേക്കാണ് സഞ്ചാരം. കരള് ഈ കൊളസ്ട്രോളിനെ പിത്തരസത്തിലൂടെ കുടലിലേക്ക് കളയുന്നു.അവിടെനിന്നു പുറത്തേക്കും.
ചുരുക്കത്തില് നമുക്ക് ഒഴിവാക്കാന് സാധിക്കാത്ത ഘടകങ്ങളാണ് LDL, HDL തുടങ്ങിയവ. ആരോഗ്യകരമായ ജീവിതത്തിന് ഇവ തമ്മില് ശരിയായ അനുപാതം നിലനിര്ത്തുക എന്നതാണ് പ്രധാനം. ആകെ കൊളസ്ട്രോള് ഇരുന്നൂറില് കൂടുന്നത് നന്നല്ല. HDL നാല്പതില് താഴെ ആകുന്നതും അഭികാമ്യമല്ല. ആകെ കൊളസ്ട്രോളും HDL തമ്മിലുള്ള അനുപാതം നാലോ അതില് താഴെയോ ആയിരിക്കുകയും വേണം. ജീവിതശൈലി കൊണ്ട് ഇവ നിയന്ത്രിക്കാനാകുന്നില്ലെങ്കില് മരുന്നുകള്കഴിക്കേണ്ടതായി വരും.
ഉയര്ന്ന HDL ഉം താഴ്ന്ന LDL ഉം നേടാന് എന്തൊക്കെ ചെയ്യാം
⦁ സ്ഥിരമായി വ്യായാമം ചെയ്യുക
⦁ പുകവലി ഉപേക്ഷിക്കുക
⦁ ശരീരഭാരം നിയന്ത്രിക്കുക
⦁ ഭക്ഷണത്തില് കൊഴുപ്പിന്റെ അളവ് കുറക്കുക
⦁ ഫലവർഗ്ഗങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണവസ്തുക്കള് കൂടുതലായി കഴിക്കുക
ഇവകൊണ്ടൊന്നും രക്തത്തിലെ കൊളസ്ട്രോള് അളവ് നിയന്ത്രിക്കാന്സാധിക്കുന്നില്ല എങ്കില് മരുന്നുകള് ഉപയോഗിക്കേണ്ടി വരും. ജീവിതശൈലി കൊണ്ട് കൊളസ്ട്രോള് നില നിയന്ത്രിക്കാന് സാധിച്ചാല്, മരുന്നുകളുടെ ഡോസ് കുറക്കാനോ പൂര്ണമായും നിര്ത്താനോ സാധിച്ചേക്കാം. സ്റ്റാറ്റിന്വിഭാഗത്തിൽപ്പെട്ട മരുന്നുകളാണ് ഇതിനായി ഉപയോഗിക്കുക. താരതമ്യേന കുറഞ്ഞ നിരക്കില് സ്റ്റാറ്റിന് മരുന്നുകള് വിപണിയില് ലഭ്യമാണ്.
ചില വിവരങ്ങൾ കൂടി: 27 കാർബൺ ആറ്റങ്ങളും 46 ഹൈഡ്രജൻ ആറ്റങ്ങളും ഒരു ഓക്സിജൻ ആറ്റവും ചേർന്ന തന്മാത്രയാണ് കൊളസ്‌ട്രോൾ. കരളിനെ കൂടാതെ അഡ്രീനൽ ഗ്രന്ഥിയുടെ കോർട്ടെക്സിലും വൃഷണങ്ങളിലും അണ്ഡാശയത്തിലും ചെറുകുടലിലും കൊളസ്‌ട്രോൾ ഉൽപ്പാദിപ്പിക്കുന്നു. മലയാളിയുടെ ശരാശരി ഭക്ഷണത്തിൽ നിന്നും പ്രതിദിനം 300 mg കൊളസ്‌ട്രോൾ ശരീരത്തിലെത്തുന്നു. ഏതാണ്ട് 700 mg കൊളസ്‌ട്രോൾ ശരീരം സ്വയം നിർമ്മിക്കുന്നു. ഇതിൽ ഏതാണ്ട് 500 mg കൊളസ്‌ട്രോൾ പിത്തരസത്തിലൂടെ ചെറുകുടലിലേക്ക് പോകുന്നു. അവിടെനിന്നും കുറച്ചുഭാഗം പുനരാഗിരണം ചെയ്യപ്പെടുകയും ബാക്കി മലത്തിലൂടെ പുറംതള്ളപ്പെടുകയും ചെയ്യുന്നു.
ഒരഭ്യർത്ഥന: ഈ കുറിപ്പിന്റെ ലാളിത്യത്തില് വഞ്ചിതരാകാതിരിക്കുക; യഥാര്ത്ഥത്തില് എണ്ണിയാലൊടുങ്ങാത്ത എന്സൈമുകളും റിസപ്റ്ററുകളും രാസപ്രക്രിയകളും മറ്റുമാണ് പല ശാരീരിക പ്രക്രിയകള്ക്കും പിന്നിലുള്ളത്. ഇവയാണ് ബയോകെമിസ്ട്രി പഠനത്തെ സങ്കീര്ണവും ദുസ്സാധ്യവുമാക്കുന്നത്. ഇവയൊക്കെ മൂന്നോ നാലോ മിനുട്ട് നീളുന്ന ഒരു വിഡിയോയിൽ ഉൾപ്പെടുത്തുക സാധ്യമല്ല. അബദ്ധപ്രചാരണങ്ങൾ നിറഞ്ഞ മൂന്ന് മിനിറ്റ് വീഡിയോയിൽ പറയുന്ന തെറ്റുകൾ ഖണ്ഡിക്കണം എങ്കിൽ ഒരു നാല് മണിക്കൂർ ക്ലാസെങ്കിലും വേണ്ടിവരും. ഇവിടെ എഴുതിയിരിക്കുന്നത് തുടക്കക്കാര്ക്ക് വേണ്ട വിവരങ്ങള്മാത്രമാണ്. ഒന്ന് മാത്രം ഓർക്കുക, കോടിക്കണക്കിന് കോശങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഒരടിസ്ഥാനവുമില്ലാതെ തെറ്റെന്ന് പറയുന്ന സന്ദേശങ്ങളെ അവഗണിക്കുക. ശാസ്ത്രീയമായ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കുക.