· 2 മിനിറ്റ് വായന

ആ ഒരു നോട്ടത്തിൽ തന്നെ കണ്ണുപൊള്ളി

Ophthalmologyനേത്രരോഗങ്ങള്‍പൊതുജനാരോഗ്യം

കുറച്ചു മാസങ്ങൾക്ക് മുൻപ് വന്നൊരു പത്രവാർത്തയായിരുന്നു ‘അമിതപ്രകാശം എം.എൽ.എ യടക്കം 35 പേരുടെ കണ്ണ് പൊള്ളി’.

500 വോൾട്ടിന്റെ രണ്ട് ഹാലൊജൻ ബൾബുകൾ വേദിയിലുണ്ടായിരുന്നെന്ന് എടുത്ത് പറയുന്നുമുണ്ട്…!

സമാനപ്രശ്നങ്ങളുമായി നേത്രരോഗ ഒപിയിൽ ഇടയ്ക്കിടെ ധാരാളം ആളുകൾ വരാറുണ്ട്. വെൽഡിങ് ജോലി ചെയ്തതിനു ശേഷമോ സൂര്യനെ കുറേനേരം നേരിട്ട് നോക്കിയതിനു ശേഷമോ കണ്ണിനു ചുവപ്പ് കഠിനമായ വേദന, കണ്ണുനീരെടുപ്പ് തുടങ്ങിയ ലക്ഷണങ്ങളുമായി.

  • എന്താണ് ഇതിന് പിന്നിൽ ?

സൂര്യനിൽ നിന്നോ മറ്റ് പ്രകാശ സ്രോതസ്സുകളിൽ നിന്നോ പ്രവഹിക്കുന്ന അൾട്രാവയലറ്റ് രശ്മികളുടെ തീവ്രതമൂലം കണ്ണിന്റെ നടുക്ക് കറുത്തപൊട്ട് പോലത്തെ ഭാഗത്തെ (നാട്ട് ഭാഷയിൽ കൃഷ്ണമണി) (Cornea) ഏറ്റവും പുറത്തെ ആവരണത്തിലെ കോശങ്ങൾക്കുണ്ടാകുന്ന (Corneal cells) നാശമാണ് ഇതിനുകാരണം.

  • എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് ?

വളരെ തീവ്രതയേറിയ ഈ അൾട്രാവയലെറ്റ് കിരണങ്ങൾ കണ്ണിലെ കലകൾ നേരിട്ട് ആഗിരണം ചെയ്യുകയും തുടർന്ന് അവയ്ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്യും.

  • ഏതൊക്കെ സ്രോതസ്സുകളിൽ നിന്നും ഈ കിരണങ്ങൾ വരാം ?

* സൂര്യനിൽ നിന്ന് നേരിട്ട്

* ഹാലൊജൻ ബൾബുകളിൽ നിന്നും

* വെൽഡിങ് ടോർച്ചിൽ നിന്നും

* ഫോട്ടോഗ്രാഫർമാർ ഉപയോഗിക്കുന്ന ഫ്ളഡ് ലാമ്പിൽ നിന്നും

  • എന്തൊക്കെയാണ് ലക്ഷണങ്ങൾ ?

അൾട്രാവയലറ്റ് കിരണങ്ങൾ മേൽ പറഞ്ഞ കാരണങ്ങളാൽ കണ്ണിൽ ദീർഘനേരം പതിച്ചാൽ 3 മുതൽ 12 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും

* അതികഠിനമായ കണ്ണുവേദന

* കണ്ണുനീരെടുപ്പ്

* കണ്ണിനുചുവപ്പ്

* കാഴ്ചയ്ക്ക് മങ്ങലനുഭവപ്പെടുക

* വെളിച്ചത്തേക്ക് നോക്കുമ്പോൾ കണ്ണുവേദന

* കണ്ണിനുള്ളിൽ തട്ടൽ അനുഭവപ്പെടുക

  • ഇങ്ങനെ സംഭവിച്ചാൽ ഉടൻ എന്തുചെയ്യണം ?

* കറുത്ത കണ്ണട വയ്ക്കുക. അതുമൂലം കണ്ണിലടിക്കുന്ന വെട്ടത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും.

* കണ്ണുനീർ തുള്ളിമരുന്നുകൾ ( Artificial Teardrops) വീട്ടിൽ ഉണ്ടെങ്കിൽ ഓരോ തുള്ളിവീതം ഇടയ്ക്കിടെ ഉപയോഗിക്കാവുന്നത് കണ്ണിന് അല്പം ശമനവും തണുപ്പും ലഭിക്കുന്നതിന് കാരണമാകും.

തുടർന്ന് എത്രെയും വേഗം ഒരു നേത്രരോഗ വിദഗ്ധനെ പോയി കാണേണ്ടതും തുടർചികിത്സ സ്വീകരിക്കേണ്ടതും ഉണ്ട്.

  • ചികിത്സ ?

എന്തോരം കോശങ്ങൾക്ക് നാശം സംഭവിച്ചു എന്നതിനനുസരിച്ചായിരിക്കും ചികിത്സ ആരംഭിക്കുന്നത്. അണുബാധ തടയുക എന്ന ലക്ഷ്യത്തോടെ കണ്ണിൽ ആന്റിബയോട്ടിക്ക് ഓയിന്റ്മെന്റുകളോ ആന്റിബയോട്ടിക്ക് തുള്ളിമരുന്നുകളോ ആയിരിക്കും ആദ്യം ഉപയോഗിക്കുക. ചിലരിൽ വലിയ മുറിവാണേൽ ഒന്നോ രണ്ടോ ദിവസത്തേക്ക് കണ്ണ് മൂടികെട്ടി വയ്ക്കാറുണ്ട്. അതോടൊപ്പം തന്നെ ലൂബ്രിക്കേറ്റിംഗ് തുള്ളിമരുന്നുകളോ ജെല്ലിപോലുള്ള മരുന്നുകളോ ഉപയോഗിക്കേണ്ടതുണ്ട്. കണ്ണിനുള്ളിലെ സിലിയറി മസിലുകളുടെ പ്രവർത്തങ്ങൾക്ക് പൂർണ്ണവിശ്രമം നൽകി വേദന കുറയ്ക്കുന്ന തരത്തിലുള്ള തുള്ളിമരുന്നുകളും ഒപ്പം ഉപയോഗിക്കാറുണ്ട്.

അതികഠിനമായ വേദനയാണെങ്കിൽ വേദനസംഹാരികൾ കഴിക്കാവുന്നതുമാണ്.

സാധാരീതിയിൽ ഒന്നു രണ്ട് ദിവസത്തിനകം പുതിയ കോശങ്ങൾ വളരുകയും കണ്ണിന്റെ അസ്വസ്ഥത മാറുകയും ചെയ്യും. വളരെ ചെറിയൊരു ശതമാനം ആളുകളിൽ അണുബാധയുണ്ടായി വൃണമാവുകയും ചെയ്യാറുണ്ട്. അങ്ങനെയുള്ള അവസ്ഥയിൽ ഒരു നേത്രരോഗവിദഗ്ധന്റെ കീഴിൽ കിടത്തി ചികിൽസിക്കേണ്ടതുണ്ട്.

ചിലപ്പോൾ കാഴ്ചഞരമ്പിൽ കാഴ്ചകോശങ്ങൾ ഏറ്റവും സാന്ദ്രതയിൽ ക്രോഡീകരിച്ചിട്ടുള്ള മാക്യൂളയിൽ (Macula) അൾട്രാവയലറ്റ് കിരണം ആഘാതമേല്പിക്കാറുണ്ട്.

തുടർന്നും കാഴ്ചയ്ക്ക് മങ്ങലനുഭവപ്പെടുവാണെങ്കിൽ കൃഷ്ണമണി വികസിപ്പിച്ചുകൊണ്ടുള്ള കാഴ്ചഞരമ്പ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.

  • എങ്ങനെയൊക്കെ ഈയവസ്ഥ ഒഴിവാക്കാം ?

* അൾട്രാവയലറ്റ് രശ്മികളെ തടയുന്നതിനു രൂപകൽപ്പന ചെയ്തിട്ടുള്ള സൺഗ്ലാസ്സുകൾ പകൽ സമയം ഉപയോഗിക്കാവുന്നതാണ്.

* ഉഗ്രപ്രതാപത്തോടെ ജ്വലിക്കുന്ന സൂര്യനെ കുറേനേരം നേരിട്ട് നോക്കുന്നതും കഴിവതും ഒഴിവാക്കുക.

* വെൽഡിങ് ജോലിയിലേർപ്പെടുന്നവർ നിർബന്ധമായും ‘വെൽഡിങ് മാസ്ക്കോ’, ഗോഗിൾസ് (Goggles) ധരിക്കേണ്ടതാണ്.

നിർമ്മാണ പ്രവർത്തനങ്ങൾ ഒരുപാട് നടക്കുന്ന സാഹചര്യത്തിൽ ജോലിക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന കാര്യത്തിൽ വീഴ്ചകൾ വരുത്താതിരിക്കുക. അതിൽ പ്രധാനമാണ് വെൽഡിങ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നർക്ക് കണ്ണിൽ പരിക്കേൽക്കാതിരിക്കാനുള്ള രക്ഷാകവചങ്ങൾ നൽകുക എന്നത്. ഇന്ത്യൻ ഫാക്ടറി ആക്ടിലെ നാലാം അധ്യായത്തിലെ Section 35 ൽ അതെടുത്തു പറയുന്നുമുണ്ട്. (ലിങ്ക് കമന്റില്‍)

ഇത്തരത്തിലുള്ള നേത്രരക്ഷാകവചങ്ങളൊക്കെ ഉണ്ടെങ്കിലും അവയെല്ലാം അവഗണിച്ചും കൊണ്ട് സ്വയം പരിക്ക് വരുത്തിവയ്ക്കുന്നവരാണ് കൂടുതലും. ‘കണ്ണ് മറക്കാനൊന്നും ഉപയോഗിച്ചിരുന്നില്ലേ ?’ എന്ന ചോദ്യത്തെ നിസാരവൽക്കരിച്ചോണ്ടുള്ള ചിരി കലർന്ന മറുപടിയുമായി ‘ഉണ്ടായിരുന്നിട്ടും ഉപയോഗിച്ചിരുന്നില്ലാ’ എന്ന് മറുപടി നൽകിയവരെയാണ് ക്ലിനിക്കൽ പ്രാക്റ്റീസിൽ അധികവും കണ്ടിട്ടുള്ളത് !

ലേഖകർ
Dr. Navajeevan.N.A, Obtained MBBS from kochin medical college and MS in Ophthalmology from karakonam medical college and fellowship from Regional institute of ophthalmology trivandrum. Now working at Primary Health Center Amboori as Medical Officer in charge.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ