· 5 മിനിറ്റ് വായന

കോടതി വിധിയും ഗർഭച്ഛിദ്രവും

Uncategorized
അവിവാഹിതയാണ്‌ എന്ന കാരണം ഗർഭച്ഛിദ്രം നിഷേധിക്കുവാനുള്ള കാരണം അല്ല എന്നും വിവാഹിതയാണോ അല്ലയോ എന്നത് ഗർഭച്ഛിദ്രം ചെയ്യുവാനുള്ള അവകാശത്തിൽ പ്രധാനം അല്ല എന്നും ഇന്ത്യയുടെ പരമോന്നത നീതി പീഠം വിധി പുറപ്പെടുവിച്ചിരിക്കുന്നു.
ഗർഭച്ഛിദ്രം ചെയ്യണോ വേണ്ടയോ എന്ന തീരുമാനം സങ്കീർണ്ണമായ ജീവിതസാഹചര്യങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത് എന്നും ബാഹ്യ ഇടപെടലുകളോ സ്വാധീനമോ ഇല്ലാതെ സ്ത്രീക്ക് മാത്രമായി അതു തിരഞ്ഞെടുക്കാൻ കഴിയണം എന്നും അസന്ദിഗ്ധമായി സുപ്രീം കോടതി പറഞ്ഞിട്ടുണ്ട് . ഓരോ സ്ത്രീക്കും “പ്രത്യുൽപാദന സ്വയംനിർണ്ണയം “( Reproductive autonomy) ഉണ്ടായിരിക്കണമെന്നും വിധി വ്യക്തമാക്കുന്നു.
ഇന്ത്യൻ നിയമം ഇന്നത്തെ നിലയിൽ വൈവാഹിക ബലാത്സംഗം ഒരു കുറ്റമായി കണക്കാക്കുന്നില്ല എങ്കിലും
എംടിപി നിയമപ്രകാരം ഭർത്താക്കന്മാർ നടത്തുന്ന ലൈംഗികാതിക്രമങ്ങളെ വൈവാഹിക ബലാത്സംഗമായി വർഗ്ഗീകരിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.
MTP നിയമത്തിന്റെ അന്ത:സത്ത എന്നത് സുരക്ഷിതവും നിയമപരവുമായ ഗർഭച്ചിദ്രത്തിനു അവസരം ഒരുക്കുക എന്നതാണ് എന്ന് കോടതി എടുത്തു പറയുന്നു. MTP ആക്റ്റ് പ്രാഥമികമായി സ്ത്രീകൾക്ക് പ്രയോജനകരമായ നിയമനിർമ്മാണമായി വർത്തിക്കണം എന്നും ഗർഭധാരണം അവസാനിപ്പിക്കുന്നതിനുള്ള മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്ന പ്രയോജനപ്രദമായ ഒരു നിയമനിർമ്മാണം എന്ന നിലയ്ക്ക് വേണം അതിനെ കാണുവാൻ എന്നും കോടതി പറയുന്നുണ്ട്.
എംടിപി നിയമം 2021 ൽ ഈ നിയമത്തിൽ വരുത്തിയ ഭേദഗതികൾ നിയമത്തിന്റെ ആനുകൂല്യങ്ങൾ വിപുലീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. വിവാഹിതരും അവിവാഹിതരുമായ സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും ഈ സേവനങ്ങൾ ലഭ്യമാവണം എന്ന് വിധി വ്യക്തമാക്കുന്നു
*2021 MTP നിയമ ഭേദഗതി*
1971ലെ ഗർഭച്ഛിദ്രനിയമങ്ങളിൽ വരുത്തിയ പരിഷ്കാരങ്ങൾ നിയമപരമായി പ്രാബല്യത്തിൽ വന്നപ്പോൾ ഉണ്ടായ പ്രധാന മാറ്റങ്ങൾ ഇവയാണ്
1. ഗർഭച്ഛിദ്രം നടത്താനുള്ള ഉയർന്ന പരിധി 20 ആഴ്ച്ചയിൽ നിന്നു 24 ആഴ്ചയായി, ബലാൽസംഗത്തിനു ഇരയായ സ്ത്രീകൾക്കു പുനർനിർണ്ണയിച്ചിരിക്കുന്നു. ഇൻസെസ്റ്റിനു (അച്ഛനും മകളും തമ്മിലോ സഹോദരങ്ങൾ തമ്മിലോ ഉള്ള ലൈംഗിക ബന്ധം) ഇരയായവർക്കും ഭിന്നശേഷി ഉള്ള സ്ത്രീകൾക്കും പ്രായപൂർത്തി ആവാത്തവർക്കും ഇതു ബാധകം ആണ്.ഇതിനു രണ്ടു അംഗീകൃത ഡോക്ടർമാരുടെ അനുകൂലമായ അഭിപ്രായം ആവശ്യം ആണ്.
2. 20 ആഴ്ച വരെയുള്ള എല്ലാ ഗർഭച്ഛിദ്രങ്ങൾക്കും ഒരു ഡോക്ടറുടെ മാത്രം അംഗീകാരമേ ഇനി മേൽ അവശ്യമായി ഉള്ളൂ. മുൻ നിയമപ്രകാരം 12 ആഴ്ച വരെയുള്ള ഗർഭച്ഛിദ്രത്തിന് ഒരു ഡോക്ടറുടെ അനുമതിയും 12 മുതൽ 20 ആഴ്ച വരെയുള്ളതിന് രണ്ട് ഡോക്ടർമാരുടെ അനുമതിയും ആവശ്യമായിരുന്നു.
3. സ്ത്രീകൾക്ക് അവർ വിവാഹിതരോ അവിവാഹിതകളോ എന്ന് പരിഗണിക്കാതെ ഗർഭനിരോധനമാർഗ്ഗം പരാജയപ്പെടുന്നത് മൂലമുണ്ടാകുന്ന, തുടർന്നു കൊണ്ടു പോകാൻ താല്പര്യമില്ലാത്ത ഗർഭധാരണം അവസാനിപ്പിക്കാൻ കഴിയും. ഒരു “വിവാഹിതയായ സ്ത്രീക്കും അവളുടെ ഭർത്താവിനും” മാത്രമേ ഇത് ചെയ്യാൻ കഴിയൂ എന്ന് നേരത്തെ നിയമം നിഷ്കർഷിച്ചിരുന്നു.
4. ഗുരുതരമായ വൈകല്യങ്ങൾ ഗർഭസ്ഥ ശിശുവിനു ഉണ്ടെങ്കിൽ മെഡിക്കൽ ബോർഡ്‌ അംഗീകാരത്തോടെ ഉയർന്ന പരിധി ഇല്ലാതെ ഗർഭത്തിന്റെ ഏതു ഘട്ടത്തിലും ഗർഭച്ഛിദ്രം ചെയ്യാം.
5.ഇത്‌ കൂടാതെ ഗർഭധാരണം അവസാനിപ്പിച്ച സ്ത്രീയുടെ പേരും മറ്റ് വിവരങ്ങളും അംഗീകൃത വ്യക്തിയോട് അല്ലാതെ വെളിപ്പെടുത്താനാവില്ല എന്ന രീതിയിൽ സ്വകാര്യത സംരക്ഷിക്കപ്പെടണം എന്നും മറിച്ചു ചെയുന്നത് ശിക്ഷാർഹം ആണെന്നും നിഷ്കർഷിക്കപ്പെടുന്നുണ്ട്.
*ശരിയായ ദിശയിലെ ചുവടുവെപ്പ് *
ഏതു സമൂഹത്തിലും ഗർഭച്ഛിദ്രം വിവാദവിഷയം ആണ്.ഏത് ഘട്ടത്തിലാണ് ഗർഭസ്ഥശിശുവിനു നിയമ സംരക്ഷണം അർഹിക്കുന്ന സചേതനമായ ജീവന്റെ വില ലഭിക്കുന്നത്? ഒരു സ്ത്രീയുടെ MTP- യ്ക്കുള്ള അവകാശം പരിമിതപ്പെടുത്തുന്നത് ഗർഭത്തിന്റെ ഏതു ഘട്ടം വരെ ന്യായീകരിക്കപ്പെടുന്നു തുടങ്ങിയ ചോദ്യങ്ങൾക്കു മേൽ ഉള്ള സംവാദം അനന്തമായി തുടരുന്നു.
നൂറിൽ പരം രാജ്യങ്ങൾ ഗർഭച്ഛിദ്രം കടുത്ത നിയമങ്ങൾ മൂലം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. അയർലൻഡ് പോലുള്ള ചില രാജ്യങ്ങൾ അമ്മയുടെ ജീവൻ ആപത്തിൽ ആകുന്ന ഘട്ടത്തിൽ പോലും ഗർഭച്ഛിദ്രം അനുവദിച്ചിരുന്നില്ല. ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു ഇന്ത്യൻ വംശജയായ ഡെന്റിസ്റ് മരണപ്പെട്ട ദുരന്ത വാർത്ത വൻ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.
ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ പല രാജ്യങ്ങളും അവരുടെ ഗർഭച്ഛിദ്ര നിയമം പരിഷ്കരിക്കുന്നതിനു മുന്നോട്ട് വന്നു. സാമൂഹികവും മാനുഷികവും ആയ കാരണങ്ങളാലുള്ള ഗർഭച്ഛിദ്രത്തിനു പല രാജ്യങ്ങളും ഇളവ് നൽകി തുടങ്ങി. ബലാത്സംഗം, ഇൻസസ്റ്റ് , ഗുരുതരമായ വൈകല്യങ്ങൾ ഉള്ള ഗർഭസ്ഥ ശിശു എന്നീ മൂന്ന് കാരണങ്ങൾ ഇതിൽ മുന്നിട്ടു നിന്നു.
അമേരിക്കയിൽ ഗർഭച്ഛിദ്രം നടത്തുന്നതിന് നിയമ പരിരക്ഷ അനുവദിക്കുന്ന ചരിത്രപ്രധാനമായ റോ വേഡ് (Roe v Wade) വിധി തിരുത്തിക്കുറിച്ച് ഗർഭചിദ്ര അവകാശം ദുർബലം ആക്കിയ US സുപ്രീം കോടതിയുടെ വിധിക്ക് ശേഷം ആണ് ഈ വിധി എന്നത് ശ്രദ്ധേയമാണ്.
ലിംഗനീതി, പ്രത്യുൽപാദനാരോഗ്യം, മാതൃആരോഗ്യം, സ്ത്രീയുടെ ശരീരത്തിന്മേൽ അവൾക്കുള്ള പരമാധികാരം എന്നിവ സ്ത്രീകളുടെ ക്ഷേമത്തെ മാത്രം അല്ല സമൂഹത്തിന്റെ തന്നെ ക്ഷേമം നിർണ്ണയിക്കുന്ന ഘടകങ്ങൾ ആണ്. ആദ്യ കാലത്തെ നിയമങ്ങൾ ഈ ഘടകങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്നില്ല.ഒരു സ്ത്രീക്ക് ഗർഭം അവസാനിപ്പിക്കാൻ അവകാശമില്ലെന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഇത് അനുവദിക്കാവൂ എന്നും ഈ സാഹചര്യങ്ങൾ പാലിക്കപ്പെടുന്നു എന്നത് മെഡിക്കൽ പ്രൊഫഷണലുകൾ അടങ്ങിയ ഒരു ബോർഡിന്റെ സംതൃപ്തിക്കു വിധേയമായിരിക്കും എന്ന് 1971 ലെ MTP നിയമം എടുത്തു പറയുന്നുണ്ട്. അതിൽ നിന്നു പൂർണമായും സ്ത്രീക്കു മുഖ്യ റോൾ വരുന്ന നിലയിലേക്ക് ഒരു കുതിച്ചുചാട്ടം വന്നില്ലെങ്കിലും സ്വാഗതർഹമായ മാറ്റങ്ങൾ തന്നെയാണ്‌ ഈ ഭേദഗതികൾ. ഇതോടൊപ്പം വിവാഹം എന്ന പ്രസ്ഥാനത്തിന് മനുഷ്യന്റെ അവകാശങ്ങളുമായുള്ള ബന്ധവും മാഞ്ഞു വരുന്നുണ്ട്.
*മാറുമ്പോഴും മാറാത്തത്..*
അബോർഷൻ കളങ്കം നിറഞ്ഞ പാപ കർമം ആയാണ് മെഡിക്കൽ രംഗത്തുള്ളവർ പോലും പലപ്പോഴും കാണുന്നത്.ഡോക്ടർമാർ സ്വയം നിർണ്ണയിക്കുന്ന “ധാർമ്മിക” അടിസ്ഥാനത്തിൽ ഗർഭച്ഛിദ്രം നിഷേധിക്കുകയോ അല്ലെങ്കിൽ പങ്കാളികളെയോ മാതാപിതാക്കളെയോ ഇതിനായി കൊണ്ടുവരാൻ ആവശ്യപ്പെടുകയോ ചെയ്യുന്നത് സാധാരണമാണ് . എംടിപി നിയമത്തിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ, ഒരു സ്ത്രീയുടെ ശാരീരിക ആരോഗ്യവുമായി ബന്ധമില്ലാതെ മാനസികാരോഗ്യത്തിന് ദോഷം ചെയ്യും എന്ന അടിസ്ഥാനത്തിൽ ഗർഭച്ഛിദ്രം ആവശ്യപ്പെടുമ്പോൾ പരിഹസിക്കപ്പെടുന്നതും അപൂർവമല്ല.
നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്ന് കൊണ്ടു സ്ത്രീക്കു ഒരു അവകാശം എന്ന നിലക്ക് “എനിക്ക് ഗർഭചിദ്രം ആവശ്യമാണ്, ചെയ്ത് തരൂ “എന്ന് ആത്മവിശ്വാസത്തോടെ ആവശ്യപ്പെടുന്ന കാലത്തിലേക്ക് ദൂരം ഇനിയും ഏറെ തന്നെ. ഇന്നും സേവന ദായകന് പ്രാധാന്യം ഉള്ള, സേവനം ലഭിക്കേണ്ട സ്ത്രീക്ക് പ്രാധാന്യം ലഭിക്കാത്ത provider centered ആയ സേവനം ആയി ഇത് തുടരുന്നു.
*പ്രായോഗിക പ്രശ്നങ്ങൾ*
2015 -ൽ പുറത്തു വന്ന ദി ലാൻസെറ്റിലെ ഒരു പഠനം പറയുന്നത് ഒന്നര കോടിയിൽ പരം ഗർഭച്ഛിദ്രങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ട് എന്നാണ് .ഇതിൽ 80 ശതമാനത്തോളം ആരോഗ്യ രക്ഷാ കേന്ദ്രങ്ങൾക്ക് പുറത്താണ് നടക്കുന്നത് . ആരോഗ്യകുടുംബ ക്ഷേമ വകുപ്പിന്റെ പഠനങ്ങൾ പ്രകാരം സുരക്ഷിതം അല്ലാത്ത ഗർഭച്ഛിദ്രം മൂലം എല്ലാ ദിവസവും 10 സ്ത്രീകൾ രാജ്യത്ത് മരിക്കുന്നുണ്ട്.
വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ പേരിൽ സ്ത്രീകൾ നേരിടുന്ന സാമൂഹിക അവഹേളനം പ്രത്യുൽപാദനആരോഗ്യത്തിനുള്ള അവരുടെ അവകാശം തിരിച്ചറിയുന്നതിന് പോലും തടസ്സം ആകുന്നു. അവർക്ക് പലപ്പോഴും അവരുടെ കുടുംബത്തിൽ നിന്നോ പങ്കാളിയിൽ നിന്നോ പിന്തുണയും ഇല്ല. ഇതിന്റെ എല്ലാം ഫലമായി പലപ്പോഴും വൈദ്യശാസ്ത്രപരമായി സുരക്ഷിതമല്ലാത്ത ഇടങ്ങൾ തിരഞ്ഞെടുക്കാൻ അവർ നിർബന്ധതിരാകുന്നു.
കടുത്ത ഗർഭച്ഛിദ്ര നിയമങ്ങളുള്ള രാജ്യങ്ങളിലെ ശരാശരി മാതൃ മരണ നിരക്ക് കടുത്ത നിയന്ത്രണങ്ങൾ ഇല്ലാത്ത രാജ്യങ്ങളുടെ മൂന്ന് മടങ്ങാണ് എന്ന് പഠനങ്ങൾ കാണിക്കുന്നു.
സുരക്ഷിതമായ ഗർഭച്ഛിദ്രത്തിന്റെ എളുപ്പത്തിലുള്ള ലഭ്യത ആദ്യ ആഴ്ചകളിൽ ഗർഭം അവസാനിപ്പിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു, അതിന്റെ ഫലമായി സുരക്ഷിതമായ രീതിയിൽ ഗർഭം അലസിപ്പിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം.
നിയമങ്ങൾ ഉണ്ടാക്കുന്നത് പോലെ പ്രധാനം ആണ് സുരക്ഷിതമായ ഗർഭച്ഛിദ്രത്തിനുള്ള സൗകര്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുക എന്നത്. ഗ്രാമ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കോവിഡ് സാഹചര്യത്തിൽ ഈ വിഷയം അതിരൂക്ഷമായി മാറുന്നതായി വാർത്തകൾ വന്നിരുന്നു. പ്രത്യുൽപാദനാരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ സ്ത്രീകൾ ബുദ്ധിമുട്ടുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.തുടർന്ന് 2020 ഏപ്രിലിൽ ലോക്ക്ഡൗൺ മൂന്നാഴ്ച പിന്നിട്ടപ്പോൾ കേന്ദ്ര സർക്കാർ ഗർഭച്ഛിദ്രത്തെ ഒരു അവശ്യ സേവനമായി പ്രഖ്യാപിച്ചിരുന്നു. ഓൺലൈൻ,ടെലി മെഡിസിൻ,ടെലിഫോൺ സേവനം പോലുള്ള വിദൂരചികിത്സാ സഹായം ഉപയോഗപ്പെടുത്തി സ്വയം ഗുളികകൾ കഴിച്ചു ഗർഭം അവസാനിപ്പിക്കുക എന്നത് പ്രതേകിച്ചു ആദ്യ ആഴ്ചകളിൽ ഇതിനു ഒരു പരിധി വരെ പ്രായോഗിക പരിഹാരമായേക്കും. ഗൈനക്കോളജിസ്റ്റ്കൾ കൂടാതെ മറ്റു ഡോക്ടർമാരെയും നഴ്സുമാരെയും ഇത്തരം സേവനങ്ങൾ നൽകാൻ പ്രാപ്തരാക്കുക എന്നതും പ്രധാനം ആണ്.
അത് പോലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ള ശിശുക്കളെ ഗർഭത്തിൽ വഹിക്കുന്ന സ്ത്രീകൾക്ക് കൗൺസിലിംങ്ങ് ആവശ്യം ആയി വരും. ഗൈനക്കോളജിസ്റ്, ശിശു രോഗ വിദഗ്ദൻ, റേഡിയോളജിസ്റ്റ്, സർക്കാർ പ്രതിനിധി എന്നീ അംഗങ്ങൾ ആണ് ബോർഡിൽ ഉണ്ടാവുക. ശിശുവിന്റെ രോഗാവസ്ഥ കൊണ്ടു തന്നെ മാനസികമായി തളർന്നിട്ടുള്ള ഗർഭിണികൾക്ക് മാനുഷികവും സാമ്പത്തികവും വേണ്ടി വന്നാൽ നിയമപരമായ സഹായവും ലഭ്യമാക്കുക എന്നത് പ്രാധാനം ആണ്.
ഗുരുതരമായ വൈകല്യങ്ങളുടെ പരിധിയിൽ വരുന്ന രോഗങ്ങൾ മറ്റൊരു വിവാദ വിഷയം ആണ്.അത്തരം വൈകല്യങ്ങൾ ഉള്ളവരോടുള്ള വിവേചനത്തിനു ഇതു വഴി തെളിക്കാൻ അവസരമുണ്ടാക്കും എന്ന് കരുതുന്നവരുണ്ട് .ഡൗൺസിന്ഡ്രോം ഉണ്ടെന്ന് തെളിഞ്ഞ ശിശുവിനെ ജനനത്തിനു മുൻപ് എപ്പോൾ വേണമെങ്കിലും ഗർഭച്ഛിദ്രം നടത്താം എന്ന നിയമം UK യിൽ ചോദ്യം ചെയ്യപെട്ടത് രണ്ടു ദിവസം മുൻപാണ്. തങ്ങളുടെ ജീവനും ജീവിതത്തിനും വില കൊടുക്കാത്ത ഈ നിയമം റദ്ദാക്കണമെന്നു ഡൗൺ സിൻഡ്രോം ബാധിത കൂടിയായ Heidi crowter എന്ന ആക്റ്റീവിസ്റ്റ് ആണ് സർവ്വ തുറകളിലും ഡൗൺ സിൻഡ്രോം ബാധിതരോടുള്ള വിവേചനം “ഗർഭപാത്രത്തിലേക്കും നീളുവാൻ” ഇടയാക്കുന്ന നിയമത്തിനെതിരെ കോടതിയെ സമീപിച്ചത്. ഇതിൽ ഇടപെടാൻ കോടതി കൂട്ടാക്കിയില്ല. എന്നാൽ ഇതു ഗൗരവമേറിയ വിഷയം ആണ് എന്നതിൽ തർക്കമില്ല, പ്രത്യേകിച്ചും ഇത്തരം കുട്ടികളുടെ സംരക്ഷണം സ്റ്റേറ്റിന് ഏറ്റെടുക്കാൻ കഴിയുമെങ്കിൽ.
അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ, അവബോധമില്ലായ്മ,വിവാഹപൂർവ്വവും വിവാഹേതരവും ആയ സ്ത്രീകളുടെ ബന്ധങ്ങളെ കുറിച്ചുള്ള ധാരണകളുടെ പുറത്തുള്ള പെരുമാറ്റം സാമൂഹികമായ അവഹേളനം ,രഹസ്യസ്വഭാവം ഉറപ്പാക്കുന്നതിലെ പരാജയം എന്നിവയെല്ലാം
സ്ത്രീകളെ സുരക്ഷിതവും നിയമപരവുമായ ഗർഭചിദ്രം തേടുന്നതിൽ നിന്നും തടസ്സപ്പെടുത്തുന്നു.
സുരക്ഷിതമായ ഗർഭച്ഛിദ്രത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനും അതിനായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും world safe abortion day ആയി സെപ്റ്റംബർ 28 ആചരിക്കപ്പെടുന്നു. കൃത്യമായ ദിശയിൽ നമ്മൾ നീങ്ങി തുടങ്ങി എന്നതിൽ നമുക്ക് അതിനിടെ ആശ്വസിക്കുവാൻ ഈ നിയമം വക നൽകുന്നു.
ലേഖകർ
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ