പിത്താശയ കല്ലിനെ കുറിച്ച്
ഈ ഒരു മെസ്സേജ് ഒരു ഇടവേളക്കു ശേഷം കഴിഞ്ഞ ഒരാഴ്ചക്കാലമായി സോഷ്യൽമീഡിയകളിൽ വീണ്ടും കറക്കം ആരംഭിച്ചിട്ടുണ്ട്.
**** “ഉപകാരപ്പെട്ടേക്കാവുന്ന ഒരു അറിവ് പങ്കുവെക്കട്ടെ … പിത്തസഞ്ചി മുറിച്ചുകളയണം എന്ന് ഏതെങ്കിലുംഡോക്ടര്‍ നിങ്ങളോട് പറഞ്ഞാല്‍ .. ഒരുകാരണവശാലും സമ്മതിക്കരുത്…. അസുഖമുള്ളത്ചികിത്സിക്കാനാണ് പഠിക്കേണ്ടത്.. മുറിച്ചു കളയാനല്ല.. അങ്ങിനെ മുറിച്ചുകളയണം എന്ന് പറയുന്നത് “ആധുനികന്മാരുടെ” പരാജയമാണ് സൂചിപ്പിക്കുന്നത്…. തുടർന്ന് വായിക്കുക.. ഷെയർ ചെയ്തു പ്രചരിപ്പിക്കുക. വൃക്കയില്‍ കല്ലുണ്ടെങ്കില്‍ വൃക്ക മുറിച്ചു കളയുമോ? ഇല്ല; കാരണം വൃക്കയില്ലാതെ ജീവിക്കാന്‍ കഴിയില്ല. പിത്താശയത്തില്‍ കല്ലുണ്ടെങ്കിലോ! പിത്താശയം മുറിച്ചു കളയും!! കാരണം അതില്ലെങ്കിലും ജീവിക്കാം! പിന്നെന്തിനാ ദൈവം അങ്ങനെയൊരു സാധനം ശരീരത്തില്‍ ഫിറ്റ് ചെയ്തിരിക്കുന്നത്?! അങ്ങനെയൊന്നും ചോദിക്കരുത്..! അലോപ്പതിയില്‍ ചോദ്യമില്ല.”***(പൂർണ്ണരൂപം 1st കമൻറ്റിൽ ചേർക്കുന്നു)
ഇതോടൊപ്പം ഒരു എഫക്റ്റ് കിട്ടാനായി പതിവുപോലെ ഒരു നേരനുഭവക്കുറിപ്പും കൂടെയാവുമ്പോള്‍ സംഗതി ഉഷാര്‍.
സത്യത്തില്‍ എന്താണ് ഈ അസുഖാവസ്ഥ?
“ഗാൾസ്റ്റോൺ അഥവാ പിത്താശയക്കല്ല്”
വാട്സാപ് മെസ്സേജിന്റെ ഉള്ളുകള്ളികളിലേയ്ക്കു കടക്കുന്നതിനു മുൻപ് ഈ രോഗത്തെപറ്റി അൽപം ശാസ്ത്രം അറിയാം.
കരള്‍ ഉണ്ടാക്കുന്ന പിത്തരസം പിത്താശയത്തില്‍ സംഭരിക്കപ്പെടുന്ന വേളയില്‍ അതിലെ ലവണങ്ങളും ജലാംശവും പിത്താശയഭിത്തി വലിച്ചെടുത്ത് അതിനെ ഒരു കുറുകിയ അവസ്ഥയില്‍ ആണ് സൂക്ഷിക്കുന്നത്. ചില ‘പ്രത്യേക സാഹചര്യങ്ങളില്‍’ ഈ പിത്തരസത്തില്‍ കല്ലുകള്‍ രൂപപ്പെടുന്നു(ഇത് പുറകേ വിശദീകരിക്കുന്നുണ്ട്). ഈ കല്ലുകള്‍ സാധാരണയായി പിത്തസഞ്ചിയിലോ അപൂർവമായി പിത്തക്കുഴലിലോ (COMMON BILE DUCT) ആണ് കാണപ്പെടാറുള്ളത്. ഇവ അൻപതു മുതൽ എഴുപത്തഞ്ചു ശതമാനം ആളുകളിലും ദശാബ്ദങ്ങളോളം പ്രത്യേകിച്ച് അസ്വസ്ഥതകള്‍ ഒന്നുംതന്നെ ഉളവാക്കാറില്ല. പല കാരണങ്ങൾ കൊണ്ട് കല്ലുകൾ ഉള്ള ഇരുപത്തഞ്ചു ശതമാനത്തോളം ആളുകൾക്ക് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഇവ മൂലം ഉണ്ടാകാം.
പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായും കണ്ടുവരുന്നത്. അമിത വണ്ണമുള്ളവര്‍, ചുവന്ന രക്താണുക്കളെ ബാധിക്കുന്ന അസുഖങ്ങൾ ഉള്ളവർ, ചില ഹോർമോൺ ഗുളികകള്‍ കഴിക്കുന്നവര്‍, കരള്‍ രോഗം ഉള്ളവര്‍ എന്നിവരിൽ ഈ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. ഇവയല്ലാതെ മറ്റു പല കാരണങ്ങൾ കൊണ്ടും പിത്തസഞ്ചിയിൽ കല്ല് വന്നേക്കാം.
പിത്താശയക്കല്ലുകള്‍ പ്രധാനമായും രാസഘടനാപരമായി രണ്ടു രൂപത്തിലാണ് കാണപ്പെടാറുള്ളത്. 1. കൊളസ്ട്രോള്‍ കല്ലുകള്‍ (പിത്തരസത്തില്‍ കൊളസ്ട്രോളിന്റെ അംശം കൂടുതലായി വരുന്നവരില്‍ ) 2. പിഗ്മെന്റ് കല്ലുകള്‍ (ചുവന്ന രക്താണുക്കളുടെ കൂടുതലായ നശീകരണം മൂലം ഉണ്ടാകുന്ന ബൈല്‍ പിഗ്മെന്റ് അടിഞ്ഞുകൂടുന്നതു മൂലം). മേൽ കാരണങ്ങളോടൊപ്പം പിത്താശയത്തിനു പുറത്തേയ്ക്കുള്ള പിത്തരസത്തിന്റെ ഒഴുക്ക് കുറയുന്ന ഒരു അവസ്ഥ കൂടി ഉണ്ടായാല്‍ അത് പിത്താശയക്കല്ലുകളുടെ രൂപീകരണം എളുപ്പമാക്കും. സാധാരണ ലവണങ്ങളോടൊപ്പം പിത്താശയത്തിലെത്തുന്ന കാൽഷ്യം ലവണം ചില അവസരങ്ങളില്‍ പരലുകള്‍ ആകുകയും, അതിനു മുകളില്‍ സാവധാനം മറ്റു ലവണങ്ങളും പിത്ത-നിറപദാർത്ഥങ്ങളും (BILE PIGMENTS) അടിഞ്ഞുകൂടി വലുപ്പം കൂടി ആണ് പിഗ്മെന്റ് കല്ലുകള്‍ രൂപം കൊള്ളുന്നത്.
പിത്ത സഞ്ചിയിൽ കല്ലുകൾ ഉള്ള ആളുകളിൽ വലിയൊരു ശതമാനം പേർക്കും ജീവിതകാലം മുഴുവൻ ഇതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടാകാറില്ല.
പക്ഷെ, ചിലർക്ക് ഈ കല്ലുകൾ പല രീതിയിൽ ഉള്ള രോഗ ലക്ഷണങ്ങൾ കാണിക്കുന്നു. വയറുവേദനയാണ് ഇതിൽ എറ്റവും സാധാരണമായത്. ഉദരത്തിന്റെ മധ്യഭാഗത്തോ വലതുവാരിയെല്ലുകളുടെ താഴ്ഭാഗത്തോ ആയി അനുഭവപ്പെടുന്ന വേദന, വലതു തോളിലേക്കോ, പിറകിലേക്കോ പടരാം. പൊതുവെ കൂടുതലായി കൊഴുപ്പടങ്ങിയ ഒരു ഭക്ഷണത്തിനു ശേഷം പതിനഞ്ചു മിനുട്ടില്‍ ആരംഭിച്ച് ഇരുപത് മിനുട്ടില്‍ പരമാവധി എത്തി, തുടർന്നുള്ള 4-5 മണിക്കൂറില്‍ പൂർണ്ണമായും ഈ വേദന അപ്രത്യക്ഷമാകും. ഇതിനെ ബിലിയറി കോളിക് (BILIARY COLIC) എന്ന് വിളിക്കും. ചിലർക്ക് കല്ല് മൂലം പിത്തസഞ്ചിയിൽ പഴുപ്പ് (CHOLECYSTITIS) ഉണ്ടാകാം. അപ്പോൾ ഈ വേദന മണിക്കൂറിൽ കൂടുതൽ നീണ്ടു നിൽക്കും.വേദനയുടെ ശക്തി കൂടി വരികയും ചെയ്യും. ഇത്തരം അവസരത്തിൽ വൈദ്യസഹായം കൂടിയേ തീരൂ.
ഇവ കൂടാതെ പിത്തസഞ്ചിയിൽ നിന്നും കല്ലുകൾ പിത്തകുഴലിൽ വന്നു തടസ്സം സൃഷ്ടിച്ചാൽ മഞ്ഞപ്പിത്തം ഉണ്ടാകാം. ഈ കല്ലുകൾ മൂലം പാൻക്രിയാസ് ഗ്രന്ഥിയിൽ വീക്കം (PANCREATITIS) വരാം. കൂടാതെ പിത്ത സഞ്ചിയിലെ അർബുദരോഗത്തിനും ഈ കല്ലുകൾ കാരണമായേക്കാം.
പറഞ്ഞു വന്നത് എന്തെന്ന് വെച്ചാൽ, ഒരു രോഗവും ഉണ്ടാകാത്ത അവസ്ഥ മുതൽ അർബുദം വരെ ഉണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ് പിതാശയ കല്ലുകൾ.
സാധാരണ ഗതിയിൽ അൾട്രാസൗണ്ട് (ULTRASOUND) പരിശോധനായിലൂടെയാണ് പിത്തസഞ്ചിയിലെ കല്ലുകൾ കണ്ടു പിടിക്കുന്നത്. ഇത് കൂടാതെ ചില രക്ത പരിശോധനകൾ കൂടെ വേണ്ടി വരും. കല്ല് മൂലം വേറെ വല്ല പ്രശ്നങ്ങളും ഉണ്ടോ എന്നും, കല്ല് വരാൻ കാരണമായ മറ്റ് അസുഖങ്ങൾ വല്ലതും ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ഈ ടെസ്റ്റുകൾ. കല്ലുകൾ മൂലം വല്ല സങ്കീർണതകളും ഉണ്ടോ എന്ന് സംശയം ഉണ്ടെങ്കിൽ മാത്രം MRI scan, CT scan, ENDOSCOPIC ULTRASOUND എന്നീ പരിശോധനകൾ വേണ്ടി വരാം. അത് കൊണ്ട് ഇത്തരം tests വേണം എന്ന് പറയുകയാണെങ്കിൽ ‘എന്തുകൊണ്ട് വേണം’ എന്ന് നിങ്ങളുടെ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കി വെക്കുക.
ഇനി ചികിത്സയിലേക്ക് വരാം.
പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ട് എന്നത് കൊണ്ട് മാത്രം ആർക്കും ഒരു വിധത്തിലുള്ള ചികിത്സയും ആവശ്യമില്ല. ചിലപ്പോൾ വേറെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയായിരിക്കും വയറിന്റെ സ്കാൻ ചെയ്യുന്നത്. അപ്പോൾ പിത്തസഞ്ചിയിൽ കല്ലുകൾ കണ്ടു എന്നത് കൊണ്ട് മാത്രം ആർക്കും ചികിത്സ വേണ്ടി വരില്ല. 50 മുതൽ 75 ശതമാനം പേർക്കും കല്ലുകൾ മൂലം ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് നേരത്തെ പറഞ്ഞല്ലോ. ഇങ്ങനെ ഒരു ലക്ഷണവും കാണിക്കാത്ത ആളുകൾക്ക് ഒരു ചികിത്സയും ആവശ്യമില്ല. പക്ഷെ, ഭാവിയിൽ എപ്പോഴെങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഈ കല്ല് മൂലം ഉണ്ടാകുകയാണെങ്കിൽ ചികിത്സ തേടേണ്ടതാണ്.
എന്നാൽ, ലക്ഷണം ഉണ്ടാക്കുന്ന കല്ലുകൾ ഉള്ളവർക്ക് ചികിത്സ ആവശ്യമുണ്ട്. അതായത്, കല്ലുകൾ മൂലം വയറുവേദന ഉണ്ടാകുക, പിത്തസഞ്ചിയിൽ പഴുപ്പ് വരുക, പാൻക്രിയാസ് ഗ്രന്ഥിയിൽ വീക്കം വരുക, കല്ലുകൾ പിത്തക്കുഴലിലേക്ക് നീങ്ങി തടസ്സം സൃഷ്ടിക്കുക എന്നിവ ഉണ്ടാകുമ്പോൾ ചികിത്സ ആവശ്യമാണ്.
ഇവ കൂടാതെ, ചിലർക്ക് മാത്രം ലക്ഷണം ഉണ്ടാക്കാത്ത കല്ലുകൾക്കും ചികിത്സ വേണ്ടിവരും. ചുവന്ന രക്താണുക്കളെ ബാധിക്കുന്ന അസുഖങ്ങൾ ഉള്ളവർ, ജനിതകമായി പിത്ത സഞ്ചിയിലെ കാൻസർ വരാൻ സാധ്യത കൂടിയവർ, അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരാകാൻ പോകുന്നവർ എന്നിവർ ആണിവർ.
കല്ലുകളെ സാവധാനം ലയിപ്പിച്ച് കളയുന്ന മരുന്നുകൾ ലഭ്യമാണ്. അഴ്സോ ഡീഓക്സി കൊളിക് ആസിഡ് (Ursodeoxycholic acid-UDC) ആണ് ഇവയിൽ സാധാരണയായി ഉപയോഗിക്കുന്നത്. കുറച്ചു മാസം തുടർച്ചയായി ഉപയോഗിച്ചാൽ കല്ലുകളുടെ വലുപ്പം കുറഞ്ഞു അവ ഇല്ലാതായി മാറും. ഈ മരുന്നുകള്‍ ഈ കല്ലുകളിലെ കൊളസ്ട്രോളിനെ ‘നേരിട്ടു അലിയിപ്പിച്ച്’ സാവധാനം ഇല്ലാതാക്കുകയല്ല ചെയ്യുന്നത്. മറിച്ച്, മരുന്നു കഴിച്ച്, അത് ദഹിച്ച്, മരുന്നിന്റെ ACTIVE METABOLITE രക്തത്തിലൂടെ കരളിലെത്തി, കരളില്‍ നിന്നും കൊളസ്ട്രോളിന്റെ ഒഴുക്ക് കുറച്ച് പിത്തരസത്തിലെ കൊളസ്ട്രോളിന്റെ അളവു സ്ഥിരമായി കുറച്ചു നിര്‍ത്തുന്നു. ചുറ്റിനുമുള്ള ഈ ‘ഹൈപ്പോടോണിക്ക്’ അവസ്ഥ കൊളസ്ട്രോള്‍ കല്ലുകളിലെ കൊളസ്ട്രോള്‍ ഘടകം സാവധാനം അലിഞ്ഞു വലുപ്പം കുറയുന്നതിനു സഹായിക്കുന്നു. എന്നാല്‍ ഇവ പിഗ്മെന്റ് കല്ലുകളില്‍ ഒട്ടും ഫലപ്രദമല്ല.
‘എക്സ്ട്രാ കോർപ്പോറിയല്‍ ഷോക്ക് വേവ് ലിത്തോട്രിപ്സി-EXTRA CORPOREAL SHOCKWAVE LITHOTRIPSY-ESWL’ എന്ന ആധുനിക സങ്കേതം ഉപയോഗിച്ച് വലിയ കല്ലുകള്‍ (ശസ്ത്രക്രിയ കൂടാതെ) പൊടിച്ചു കളയുവാനും സാധിക്കും. പക്ഷേ, സാന്ദ്രത കൂടിയ കല്ലുകൾക്ക് ഈ രീതി ഫലപ്രദമാവില്ല.
മേല്പറഞ്ഞ രണ്ടു ചികിത്സാരീതികൾക്കും ഒരു കുഴപ്പമുണ്ട്. UDC ഗുളിക കഴിച്ച് കല്ലുകൾ അലിഞ്ഞു പോയാലും, മരുന്ന് നിർത്തുന്നതോടെ കുറച്ചു നാളുകൾക്ക് ശേഷം കല്ലുകൾ വീണ്ടും പ്രത്യക്ഷപ്പെടും. ESWL ചെയ്താലും ഇതേ കുഴപ്പമുണ്ട്. മാത്രമല്ല, കല്ലുകൾ പോയാലും, കല്ലുകൾ ഉണ്ടാകാൻ സഹായകമായ ശാരീരിക പ്രകൃതി അവിടെ തന്നെ നിൽക്കുകയാണ്. അതിനാൽ കല്ലുകൾ പോയത് കൊണ്ട് മാത്രം അസുഖം പൂർണമായും മാറുന്നില്ല. അത് കൊണ്ട് പ്രായാധിക്യം മൂലമോ, മറ്റ് ശാരീരിക വൈഷമ്യങ്ങൾ കാരണമോ ശസ്ത്രക്രിയക്ക് വിധേയരാകാൻ കഴിയാത്തവർക്ക് മാത്രമാണ് ഈ ചികിത്സകൾ നൽകാറുള്ളത്.
ശസ്ത്രക്രിയയിലൂടെ പിത്തസഞ്ചി നീക്കം ചെയ്യുക (CHOLECYSTECTOMY) എന്നതാണ് പ്രധാന ചികിത്സ രീതി. സാധാരണ രീതിയിൽ ഒരു താക്കോൽദ്വാര ശസ്ത്രക്രിയ(LAPAROSCOPY)യിലൂടെയാണ് ഇത് ചെയ്യുന്നത്. ഓപ്പറേഷൻ ചെയ്തതിന്റെ പിറ്റേ ദിവസം വീട്ടിൽ പോകാനും, ഒരാഴ്ചക്കകം സാധാരണ പ്രവർത്തികൾ ചെയ്യാനും സാധിക്കും. ചിലർക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ വയർ തുറന്ന് ഓപ്പറേഷൻ ചെയ്യേണ്ടി വന്നേക്കാം.
അപ്പോള്‍ സ്വാഭാവികമായും ഒരു സംശയം മനസ്സില്‍ വരാം, കല്ലുകള്‍ മാത്രം എടുത്തുകളഞ്ഞാല്‍ പോരേ എന്ന് ? നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നുവല്ലോ, പിത്താശയതിന്റെ ചില കുഴപ്പങ്ങള്‍ കൊണ്ടുകൂടിയാണ് കല്ലുകള്‍ ഉണ്ടാകുന്ന ഒരു അവസ്ഥ ആ രോഗിയില്‍ വന്നിരിക്കുന്നത്. ഒപ്പം, വീണ്ടും വീണ്ടും കല്ലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും, പിത്താശയഭിത്തിയില്‍ സ്ഥിരമായ ഒരു ഇൻഫ്ലമേഷന്‍ (INFLAMMATION) നിലനിൽക്കുകയും ചെയ്‌താല്‍ ആ രോഗിക്ക് ഭാവിയില്‍ പിത്താശയ അർബുദം പിടിപെടുവാനുള്ള സാദ്ധ്യത അധികമാണ്. ആയതിനാല്‍ ഒരു മുൻകരുതല്‍ എന്ന രീതിയിലും കൂടിയാണ് പിത്താശയം പൂർണ്ണമായും നീക്കം ചെയ്യുന്ന ഒരു ചികിത്സാ രീതി ആധുനിക വൈദ്യശാസ്ത്രം അവലംബിച്ചുപോരുന്നത്.
അപ്പോള്‍ ന്യായമായും അടുത്ത ഒരു ആശങ്ക കൂടി മേൽപറഞ്ഞ കഥയിലെ നായകനു വന്നതുപോലെ, **“ഇരുപത്തഞ്ചുകാരി ശിഷ്ടകാലം പിത്താശയമില്ലാതെ ജീവിക്കേണ്ടി വരുന്നത് ചിന്തിക്കാൻ പോലും കഴിയാതെയാണ് അദ്ദേഹം വൈദ്യരെ കണ്ടത്”** ഉയരാം. എന്നാല്‍ പിത്താശയം നീക്കം ചെയ്യപ്പെട്ടതിനു ശേഷമുള്ള ആളുകളില്‍ ലോകമെമ്പാടും നടന്ന പഠനങ്ങളില്‍, ശസ്ത്രക്രിയക്കു ശേഷമുള്ള ഒരു ചെറിയ ഇടവേള ഒഴിച്ചാൽ പിന്നീടങ്ങോട്ട് അവർക്ക് ആരോഗ്യപരമായോ ദഹനസംബന്ധിയായോ ആയ യാതൊരു പ്രശ്നങ്ങളും ഇല്ല എന്നാണ് തെളിഞ്ഞിട്ടുള്ളത്. കരളിൽ നിന്നാണ് പിത്തരസം ഉത്പാദിപ്പിക്കപ്പെടുന്നത് എന്നോർക്കുക. ഭക്ഷണം കഴിക്കാത്ത സമയത്ത് പിത്തരസം ശേഖരിച്ച് വെക്കുക എന്നതാണ് പിത്തസഞ്ചിയുടെ ജോലി. CHOLECYSTECTOMY ക്ക് ശേഷം പിത്തരസം നേരിട്ട് കുടലിലേക്ക് എത്തും എന്നേയുള്ളു. ഇതുകൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
ചില ആളുകളിൽ കല്ലുകൾ പിത്തസഞ്ചിയിൽ നിന്നും താഴോട്ടു നീങ്ങി, പിത്തക്കുഴലിന്റെ ഉള്ളിൽ തടസ്സം സൃഷ്ടിച്ച് മഞ്ഞപ്പിത്തം പോലെ ഉണ്ടാകാം. ഇത്തരം രോഗികളിൽ എൻഡോസ്കോപ്പ് വഴി (ERCP) പിത്തകുഴലിലെ കല്ലുകൾ നീക്കം ചെയ്തതിനു ശേഷം താക്കോൽദ്വാര ശസ്ത്രക്രിയ യിലൂടെ പിത്തസഞ്ചി നീക്കം ചെയ്യണം. എൻഡോസ്കോപ്പ് വഴി കല്ലുകൾ നീക്കം ചെയ്യാൻ പറ്റിയില്ലെങ്കിൽ ഓപ്പറേഷൻ സമയത്തു പിത്തക്കുഴൽ തുറന്ന് ഈ കല്ലുകൾ എടുത്തു കളയേണ്ടിവരും.
പിത്തസഞ്ചിയിൽ കല്ലുള്ള എല്ലാ ആളുകൾക്കും ചികിത്സയോ ഓപ്പറേഷനോ ആവശ്യമില്ല. കല്ലു മൂലം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക് മാത്രമേ ഓപ്പറേഷൻ ആവശ്യമുള്ളൂ.
വേറെ എന്തെങ്കിലും രോഗത്തിന് വേണ്ടി സ്കാൻ ചെയ്ത സമയത്ത് കല്ല് കണ്ടു പിടിച്ചു എന്നത് കൊണ്ട് മാത്രം ഓപ്പറേഷൻ ചെയ്യേണ്ട ആവശ്യമില്ല. കല്ലുകൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകുന്നില്ല എങ്കിൽ പിന്നെന്തു കൊണ്ട് ഓപ്പറേഷൻ ചെയ്യണം എന്ന് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കണം. വേണമെങ്കിൽ ഒരു ഉദരരോഗ ശസ്ത്രക്രിയാ വിദഗ്ധന്റെ അഭിപ്രായം തേടാം. ചികിത്സാ രീതിയായി ശസ്ത്രക്രിയ അവലംബിക്കുന്നതിനു മുൻപ് (അടിയന്തിര ഘട്ടങ്ങളിലൊഴികെ) എല്ലാ ഡോക്ടർമാരും രോഗികളുമായി രോഗവിവരങ്ങളെക്കുറിച്ചും സാദ്ധ്യമായ ചികിത്സാ രീതികളെക്കുറിച്ചും വിശദമായി ചര്‍ച്ച നടത്തി മാത്രമേ ഒരു അന്തിമ തീരുമാനത്തിൽ എത്തിച്ചേരൂ. അതായത്, രോഗിയുടെ പൂർണ്ണ ബോധ്യത്തോടെയല്ലാതെ ഒരു ചികിത്സയും നടത്താറില്ല എന്നു ചുരുക്കം.
ഇത്രയും പറഞ്ഞത് ശാസ്ത്രം. ഇനി നമ്മുടെ കഥയിലേയ്ക്ക് വരാം.
ഒരു ‘പ്രമുഖ’ വൈദ്യരുടെ ഒറ്റമൂലിയുടെ സഹായത്താല്‍, അതും ഒരൊറ്റ ദിവസത്തെ ചികിത്സ കൊണ്ട് പിത്തക്കല്ലുകള്‍ മുഴുവന്‍ മലത്തിലൂടെ പുറത്തു പോയി എന്ന അനുഭവസാക്ഷ്യം ആണ് ആ
മെസ്സേജിന്റെ ഹൈലൈറ്റ്. എന്താണ് ആ നാടകത്തിന്റെ തിരശ്ശീലയ്ക്കു പിന്നില്‍ നടക്കുന്നത് എന്നു നോക്കാം.
ഇത് സത്യത്തില്‍ ആഗോളതലത്തില്‍ നടക്കുന്ന ഒരു തട്ടിപ്പു ചികിത്സയുടെ കേരള വേർഷന്‍ മാത്രമാണ്.
ഏകദേശം ഒരു പത്തു മണിക്കൂര്‍ നേരത്തെ ഉപവാസത്തിനു ശേഷം (ചിലപ്പോള്‍ ആ സമയം ആപ്പിള്‍ ജ്യൂസ് കുടിക്കുവാന്‍ പറയാറുണ്ട്), ആ വ്യക്തിയ്ക്ക് കുടിക്കുവാനായി ഏതെങ്കിലും ഒരു സസ്യ എണ്ണ (vegetable oil) നൽകുന്നു, ഒപ്പം കുറച്ചു ചെറുനാരങ്ങാനീരും എപ്സം സോൾട്ടും (മഗ്നീഷ്യം സൾഫേറ്റ്). –സംശയിക്കേണ്ട, അതേ, നമ്മുടെ അമ്മമാര്‍ കുടുംബശ്രീയുടെ ഭാഗമായി വീട്ടില്‍ വെച്ച് സോപ്പ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതിന് സമാനമായ രാസക്കൂട്ട് തന്നെ…!!– ഇവ നമ്മുടെ ദഹനേന്ദ്രിയവ്യൂഹത്തില്‍ വച്ച് പ്രതിപ്രവർത്തിച്ച് യഥാർത്ഥത്തില്‍ കുറേ ‘സോപ്പ് കഷ്ണങ്ങള്‍’ ഉണ്ടാകുകയാണ് (സാപ്പോണിഫിക്കേഷന്‍) ചെയ്യുന്നത്. അവ കുടലിലെ പിത്തരസവുമായി സമ്പർക്കം വരുമ്പോള്‍ ഒരു മഞ്ഞ കലർന്ന പച്ച നിറം കൈവരിക്കുകയും ചെയ്യും. ഈ ‘കല്ലുകള്‍’ ആണ് തൊട്ടടുത്ത ദിവസം മുതല്‍ മലത്തിലൂടെ ‘നൂറുകണക്കിന്’ പുറംതള്ളപ്പെടുന്നത്. പാവം രോഗികളാവട്ടെ, ഈ ‘കല്‍-പ്രവാഹത്തില്‍’ അന്തംവിട്ട് ആകെ സന്തോഷത്തിലായി ആശ്വാസം കണ്ടെത്തുന്നു. പക്ഷേ സത്യത്തില്‍ അയാൾക്ക് മുൻപ് സ്കാനിങ്ങിലൂടെ കണ്ടെത്തിയവയില്‍ ഒരൊറ്റ (യഥാർത്ഥ)കല്ലു പോലും ആ ‘പ്രവാഹത്തില്‍’ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അത് ഉടനെ തന്നെ ഒരു സ്കാന്‍ കൂടി ചെയ്ത് ആർക്കും ബോധ്യം വരുത്താവുന്നതേയുള്ളൂ.
ഇത്തരം തട്ടിപ്പ് ചികിത്സകര്‍ രോഗിയോട് ഒരു കാര്യം പ്രത്യേകം പറയാറുണ്ട്, അടുത്ത ദിവസം മുതല്‍ സ്വന്തം വിസർജ്യം ചികഞ്ഞു തപ്പിയെടുക്കുന്ന ആ ‘കല്ലുകള്‍’ ഒരെണ്ണം പോലും നഷ്ടപ്പെടുത്താതെ കഴുകി, ‘ഫ്രിഡ്ജില്‍’ വച്ച് (ഇല്ലേല്‍ ഈ നാടന്‍ സോപ്പ് അലിഞ്ഞു പോയി കള്ളി വെളിച്ചത്താവും) അടുത്ത തവണ വരുമ്പോള്‍ കൊണ്ടുവരണം എന്ന്. എന്തിനാ? സാക്ഷ്യം പറയാന്‍…!!!
ഈ ‘കല്ലുകൾക്ക് ‘ പൊതുവെ സാന്ദ്രത കുറവായിരിക്കും, അവ വെള്ളത്തില്‍ പൊങ്ങിക്കിടക്കും. പക്ഷേ യഥാർത്ഥ പിത്തക്കല്ലുകള്‍ സാന്ദ്രതയേറിയതും വെള്ളത്തില്‍ താഴ്‌ന്നുകിടക്കുന്നതുമാണ്.
തട്ടിപ്പു കൂട്ടത്തില്‍ മറ്റൊരു മാജിക് കൂടിയുണ്ട്. മലയോര മേഖലകളിലെ ചില വിഭാഗക്കാര്‍ നടത്തുന്നത് എന്നു പറയപ്പെടുന്ന ഈ ചികിത്സയുടെ ധാരാളം വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്. അതില്‍ കുറേ പ്രാർത്ഥനകൾക്കുശേഷം ആ ‘ദിവ്യ/ദിവ്യന്‍’ രോഗിയുടെ വയറില്‍ ( കല്ലുള്ള ഭാഗത്ത് ) അമർത്തി തടവി ഒരു പ്രത്യേക രീതിയില്‍ കൈകള്‍ ചലിപ്പിച്ച് ആ തൊലിപ്പുറത്തുനിന്നുതന്നെ ശരീരാന്തർഭാഗത്തുള്ള കല്ലുകള്‍ നിഷ്പ്രയാസം കയ്യില്‍ എടുത്തുകാണിക്കുന്നു, രോഗിയും കൂട്ടിരുപ്പുകാരും അന്തംവിടുന്നു. സംശയിക്കേണ്ട, അത് തന്നെ, ശുദ്ധ കൺകെട്ട്, അഥവാ മാജിക്. ഇതിൻറ്റെയൊക്കെ പുറകേ പോകുവാനും, സ്വന്തം ആരോഗ്യവും സമ്പത്തും കളഞ്ഞുകുളിക്കുവാനും ഈ 2017ലും നമ്മുടെ സാക്ഷരകേരളത്തില്‍ ആയിരങ്ങള്‍ ഉണ്ട് എന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത.
ശാസ്ത്രപ്രചാരണത്തിനായി മാജിക്കിനെ ഉപയോഗിക്കുന്ന ശ്രീ. ഗോപിനാഥ് മുതുകാടൊക്കെ മറ്റൊരു വളഞ്ഞ രീതിയില്‍ ചിന്തിച്ചിരുന്നെങ്കില്‍ ഈ സുന്ദരഭാരതത്തിലെ ഏറ്റവും ശക്തനായ ഒരു ആൾദൈവമായേനെ എന്നു ചുരുക്കം. വാട്സാപ് പോലുള്ള സോഷ്യല്‍ മീഡിയകള്‍ വഴി ലഭിക്കുന്ന ഇത്തരം മെസ്സേജുകളില്‍ എഴുതിയ ആളുടെ പേരോ ആ വിഷയത്തില്‍ എഴുതുവാനുള്ള യോഗ്യതകളോ ഇല്ലാത്ത പക്ഷം ഇത്തരം മെസ്സേജുകളെ അവഗണിക്കുകയാണ് ചെയ്യേണ്ടത്. അശ്രദ്ധമായി അവ മറ്റു ഗ്രൂപ്പുകളിലേയ്ക്ക് ഫോർവേഡ് ചെയ്യുക വഴി നാം അറിയാതെ മറ്റു പലരെയും ദ്രോഹിക്കുകയാണ് ചെയ്യുന്നത്. ആദ്യമായും അവസാനമായും stress ചെയ്തു കൊണ്ട് ഒരു കാര്യം വീണ്ടും പറയട്ടെ.
പിത്തസഞ്ചിയിൽ കല്ലുണ്ട് എന്നത് കൊണ്ട് മാത്രം ആർക്കും ശസ്ത്രക്രിയയോ മറ്റു ചികിത്സകളോ ആവശ്യമില്ല. രോഗലക്ഷണങ്ങൾ കാണിക്കുന്ന കല്ലുകൾ ഉള്ളവർക്ക് മാത്രമാണ് ചികിത്സ ആവശ്യമുള്ളത്.
കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് സുഹൃത്ത് കുറിച്ച വരികളോടെ നിർത്തട്ടെ, “എന്തെങ്കിലും വൃത്തികേടെഴുതിയിട്ട് ഇവിടെ പോസ്റ്റാന്‍ ചളിപ്പ് തോന്നുവാണെങ്കില്, അടിയില്‍ വാട്സാപ് എന്നു ചേർത്താല്‍ മതി”
ഇത്തരം മെസ്സേജുകള്‍ എഴുതി വിടുന്ന ആളുകളുടെ ലക്ഷ്യം വ്യക്തമാണ്. കുളം കലക്കി വിടുക. അതില്‍ നിന്ന് ഇരകളെ കണ്ടെത്താന്‍ ഇക്കൂട്ടർക്ക് ഒരു പ്രത്യേക കഴിവാണ്. അത് നിങ്ങൾ തിരിച്ചറിയുക.
ശാസ്ത്രം ജയിക്കട്ടെ…