· 5 മിനിറ്റ് വായന

ഭിന്നശേഷി: ഭാവിയും പ്രാപ്യതയും

അംഗപരിമിതർആരോഗ്യ അവബോധം

ചെറിയ കാലുകളുള്ള, ഉയരം കുറഞ്ഞ ഒരു കൂട്ടുകാരനുണ്ടായിരുന്നു സ്‌കൂളിൽ. ഉയരക്കുറവും, കാലിന്റെ ആകൃതിയിലുള്ള പ്രത്യേകതകളും കാരണം അവന് സാധാരണ ബസിൽ ഒന്നും ഒറ്റയ്ക്ക് കയറാൻ സാധിക്കില്ലായിരുന്നു. എന്നും സ്‌കൂളിലേക്ക് വരുമ്പോഴും, വൈകിട്ട് തിരിച്ചു പോകുമ്പോഴും കൂട്ടുകാരാരെങ്കിലും എടുത്ത് പൊക്കി ബസ്സിൽ കയറാൻ സഹായിക്കും. സ്‌കൂളിൽ, രണ്ടാം നിലയിൽ ഉള്ള കംപ്യുട്ടർ ലാബിൽ സ്റ്റെപ് കയറി എത്തിപ്പെടണമെങ്കിലും അവനു ആരുടെയെങ്കിലും സഹായം വേണം. ഓരോ ദിവസവും ഓരോ ചെറിയ കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതാണ് ഏറ്റവും വിഷമമുള്ള കാര്യം എന്നു അവൻ ഇടക്കിടെ പറയുമായിരുന്നു.

സ്‌കൂൾ ഒക്കെ വിട്ടതിനു ശേഷം, ബാംഗ്ളൂർ ഡേയ്സ് സിനിമ കണ്ടപ്പോഴാണ് വീണ്ടും ആ കൂട്ടുകാരനെ കുറിച്ചു ഓർക്കുന്നത്. അതിൽ സെറ എന്ന പാർവതി അവതരിപ്പിച്ച കഥാപാത്രത്തെ ഓർക്കുന്നുണ്ടോ ? സെറ യ്ക്ക് ഉള്ളത് പോലെ, ഇലക്ട്രിക്ക് വീൽ ചെയറും നമ്മുടെ നാട്ടിൽ ലോ ഫ്ലോർ ബസുകളും, ബസിലേക്ക് കയറാനുള്ള റാമ്പും, രണ്ടാം നിലയിലേക്ക് ലിഫ്റ്റും
ഒക്കെ ഉണ്ടായിരുന്നെങ്കിൽ ആ കൂട്ടുകാരനും, ആരെയും ആശ്രയിക്കാതെ കൂടുതൽ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുമായിരുന്നു എന്നു തോന്നിയിട്ടുണ്ട്.

‘ഭിന്നശേഷി’ എന്ന വാക്ക് ഏവരും കേട്ടിട്ടുണ്ടാകും. ശാരീരികമോ,
മാനസികമോ, ബുദ്ധിപരമോ ആയ ഘടനയിലോ, പ്രവർത്തനങ്ങളിലോ, വളർച്ചയിലോ ഉള്ള വ്യത്യാസങ്ങൾ കാരണം സാമൂഹിക പങ്കാളിത്തത്തിൽ വരുന്ന സ്വാഭാവിക പ്രയാസങ്ങൾ അനുഭവിക്കുന്ന വ്യക്തികളെയാണല്ലോ ഭിന്നശേഷിക്കാർ എന്നു വിളിക്കുന്നത്. ഒരു ലളിതമായ ഉദാഹരണം പറയാം. ഒരു പൊതു സ്ഥാപനം ധാരാളം പടിക്കെട്ടുകൾ കയറി എത്തുന്ന ഒരു കെട്ടിടത്തിന്റെ മുകൾ നിലയിൽ സ്ഥാപിക്കുന്നത്, ‘പൊതു’ജനത്തിന് സ്റ്റെപ് കയറി മുകളിൽ എത്താൻ പറ്റും എന്നു ചിന്തിക്കുന്നത് കൊണ്ടാണ്. അതേ സമയം ഇവിടെയുള്ള ജന്മനായോ പിന്നീടോ കാലുനഷ്ടമായവരെ, കാലിനു തളർച്ച വന്നവരെ, മറ്റു പല ശാരീരിക കാരണങ്ങളാൽ സ്റ്റെപ്പുകൾ കയറാൻ പറ്റാത്തവരെയൊക്കെ അറിഞ്ഞോ അറിയാതെയോ നമ്മൾ പൊതുജനത്തിന്റെ ലിസ്റ്റിൽ നിന്നും ഒഴിവാക്കി നിർത്തി. അത് കൊണ്ട് തന്നെ ഇത്തരം ഭിന്നതകളുള്ളവരെ കൂടി ഉൾകൊള്ളാനുള്ള മനസ്ഥിതിയുടെ വൈകല്യമാണ് നമ്മൾ വൈകല്യം എന്ന് തിരിച്ച് ആരോപിക്കുന്നത്.

ഭിന്നശേഷിയുടെ കാരണങ്ങൾ ജന്മനാ ഉള്ളത്, വളർച്ചയുടെ ഘട്ടങ്ങളിൽ ഉണ്ടാകുന്നത് എന്നിങ്ങനെ പൊതുവിൽ രണ്ടായി പറയാം .

ഇതു കൂടാതെ,

_ ശാരീരികമായ ഭിന്നശേഷി അതായത് എല്ലുകളുടെയോ പേശികളുടെയോ ഘടനയിലും, വളർച്ചയിലുമുള്ള വ്യതിയാനങ്ങൾ, ശരീരത്തിന്റേയോ കൈകാലുകളുടെയോ നീളത്തിലുള്ള വ്യതിയാനങ്ങൾ,

_ കാഴ്ച, കേൾവി എന്നിവയുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ, ഉദാ: കാഴ്ചക്കുറവ്, കാഴ്ചയില്ലാതിരിക്കുക, ബധിരത

_ബുദ്ധിപരമായ സവിശേഷതകളും, വ്യത്യാസങ്ങളും

ഗ്രാഹ്യപരമായ

_ആശയവിനിമയം, സംവേദനം, ഓർമ്മ എന്നിവയിലുള്ള ഏറ്റക്കുറച്ചിലുകൾ. ഉദാ: നന്നായി കാര്യങ്ങൾ ഓർത്തു വയ്ക്കാൻ കഴിവുള്ള കുട്ടിക്ക് എഴുതാനും അക്ഷരങ്ങൾ മനസ്സിലാക്കാനുമുള്ള പ്രയാസം.

_ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലുമുള്ള വ്യത്യാസങ്ങൾ

_ അസുഖങ്ങൾ മൂലമുള്ള പരിമിതികൾ, ആരോഗ്യപ്രശ്നങ്ങൾ

_ അപകടങ്ങൾ വഴിയുണ്ടായ പരിമിതികൾ

എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു. 21 തരം ഭിന്നശേഷികളെ ആണ് 2016 ലെ ഭിന്നശേഷി അവകാശ നിയമം പരിഗണിക്കുന്നത്.

ഹെലൻ കെല്ലർ എന്ന പേര്‌ കേട്ടിട്ടുണ്ടോ ? അന്ധയും മൂകയും ബധിരയുമായ പെണ്കുട്ടിയായിരുന്നു ഹെലൻ കെല്ലർ. പക്ഷെ സ്വപ്രയത്നവും കഠിനാധ്വാനവും കൊണ്ട് പരിമിതികൾക്കിടയിൽ നിന്നും സാഹിത്യത്തിലും സാമൂഹ്യ പ്രവർത്തന രംഗത്തും ഒട്ടേറെ സംഭാവനകൾ നൽകാൻ ഹെലന് സാധിച്ചു. ഹെലൻ കെല്ലറുടെ പ്രശസ്തമായ വാക്കുകളുണ്ട്. “അന്ധത എന്നെ ഈ ഭൂമിയിലെ വസ്തുക്കളിൽ നിന്നുമകറ്റി. എന്നാൽ ബധിരത എന്നെ വ്യക്തികളിൽ നിന്നും ഈ ലോകത്തിൽ നിന്നു തന്നെയും അകറ്റി.”

ഒരു വ്യക്തിയെ അവന്റെ ചുറ്റുപാടുകളുമായി ബന്ധിപ്പിച്ചു നിർത്തുന്നതിൽ കേൾവിക്ക് പ്രധാന പങ്കുണ്ട്. അത് കൊണ്ട് തന്നെകുട്ടികളിലെ ശ്രവണ വൈകല്യങ്ങൾ എത്രയും നേരത്തെ കണ്ടു പിടിക്കണം. ശ്രവണ സഹായികൾ, കോക്ലിയാർ ഇമ്പ്ലാന്റേഷൻ സർജറികൾ എന്നിങ്ങനെ ബധിരതയിൽ നിന്നും പുറത്ത് കടക്കാനുള്ള വഴികൾ പലതുണ്ട്. ഇത്തരം പദ്ധതികൾ പലതും സൗജന്യമായി ലഭിക്കുന്നുമുണ്ട്.

യുണൈറ്റഡ് നേഷൻസ് 1992 മുതൽ ഡിസംബർ 3, ഭിന്നശേഷിയുള്ളവരുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നു. ഭൗതികവും, സാങ്കേതികവും, സമീപന പരവുമായ തടസ്സങ്ങൾ നീക്കി ഭിന്നശേഷിയുള്ളവരുടെ സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഭാവി നമുക്കും പ്രാപ്യമാണ് എന്നതാണ് ഇത്തവണ ഭിന്നശേഷിയുള്ള ജനതയുടെ അന്താരാഷ്ട്ര ദിനത്തിന്റെ മുദ്രാവാക്യം.

എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദ മാക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് ഭിന്നശേഷി അവകാശനിയമം-2016 നിഷ്കർഷിക്കുന്നുണ്ട്. അതിനായി 2016 മാർച്ച് മാസത്തിൽ കേന്ദ്ര സർക്കാരിന്റെ നഗരവികസന മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്നും നിയമം അനുശാസിക്കുന്നു.

നമ്മുടെ വാഹനങ്ങൾ 2016-ലെ കേന്ദ്ര ബസ് ബോഡി കോഡ് പാലിച്ചിരിക്കണം നിർമ്മിക്കേണ്ടത്. ഇന്നും രാജ്യത്തെ ബസ്സുകളിൽ 12 ശതമാനം മാത്രമേ ഭിന്നശേഷിയുള്ളവർക്ക്, വിശിഷ്യാ വീൽചെയർ ഉപയോഗിക്കുന്നവർക്ക് സഞ്ചരിക്കാൻ സാധിക്കുന്നതായുള്ളൂ എന്നത് സങ്കടകരമാണ്. സർക്കാർ വെബ്സൈറ്റുകൾ ദൃശ്യശ്രാവ്യ ഭിന്നശേഷിയുള്ളവർക്ക് പ്രാപ്യമാകുന്നതിന് ഇന്ത്യ ഗവൺമെന്റ് വെബ്സൈറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം വെബ്സൈറ്റ് നിർമ്മിക്കണമെന്നും ഭിന്നശേഷി അവകാശ നിയമം അനുശാസിക്കുന്നു. ആക്സസിബിലിറ്റി സ്റ്റാൻഡേർഡ് പാലിക്കാത്ത കെട്ടിടങ്ങൾക്ക് അനുമതി നൽകാൻ പാടില്ല. കൂടാതെ ഇത്തരം കെട്ടിടങ്ങൾക്ക് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാനോ ആളുകളെ താമസിക്കാൻ അനുവദിക്കുവാനോ നിയമപ്രകാരം പാടുള്ളതല്ല.

ഭിന്നശേഷിയുള്ളവരുടെ അവകാശ നിയമപ്രകാരം ഈ നിയമം (2016) വന്ന് അഞ്ചുവർഷത്തിനകം എല്ലാ പൊതുകെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദം ആകേണ്ടതുണ്ട്.

എങ്ങനെയാണ് ഒരു ബിൽഡിംഗ് അല്ലെങ്കിൽ ഒരു സംവിധാനം ഭിന്നശേഷിയുള്ളവർക്ക് പ്രാപ്യമായതാണ് എന്ന് നാം മനസ്സിലാക്കുക?

Access Audit അഥവാ പ്രാപ്യത പരിശോധന നടത്തുകയാണ് ഇത് അറിയാൻ ഉള്ള ഒരു മാർഗം. നിലവിലുള്ള ബിൽഡിങ്ങിൽ ഇപ്പോൾ ഉപയോഗിക്കുന്നവരും ഭാവിയിൽ ഉപയോഗിക്കാൻ സാധ്യതയുള്ളവരുമായ, ഭിന്നശേഷിയുള്ളവരും അല്ലാത്തവരുമായ വ്യത്യസ്ത പ്രായത്തിലും ആരോഗ്യസ്ഥിതിയിലുമുള്ള വ്യക്തികൾക്കു വേണ്ടി എന്തെല്ലാം മാറ്റങ്ങൾ വേണമെന്ന് പരിശോധിക്കുകയും മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ നിർദേശിക്കുകയും ആണ് പ്രാപ്യതാ ഓഡിറ്റിങ്ങിന്റെ ഉദ്ദേശം. കെട്ടിടങ്ങളിലെ തടസ്സങ്ങൾ മനസ്സിലാക്കുകയും മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുകയാണ് ഓഡിറ്റിങ് ലക്ഷ്യമിടുന്നത്. അതോടൊപ്പം ഈ വിഷയത്തിൽ സാമൂഹിക അവബോധം വർധിപ്പിക്കുകയും അതിനായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിന് ഓഡിറ്റിങ് സഹായകമാണ്.

ഈ ഓഡിറ്റ് റിപ്പോർട്ടിൽ നിരീക്ഷണങ്ങൾ, അളവുകൾ, രൂപരേഖകൾ, ബിൽഡിംഗിന് അകവും പരിസരവും വ്യക്തമാക്കുന്ന ഫോട്ടോഗ്രാഫുകൾ എന്നിവയും കെട്ടിടത്തിൽ നിന്നും ലഭിക്കുന്ന സേവനവും വിവരിക്കാറുണ്ട്.

National Building Code-2017, കേന്ദ്ര നഗര കാര്യ മന്ത്രാലയം പുറത്തിറക്കിയ
CPWD മാനദണ്ഡങ്ങൾ2016, 2014 ഇൽ CPWD തന്നെ പുറത്തിറക്കിയ ഹാൻഡ് ബുക്ക്, ഭിന്നശേഷി അവകാശനിയമം 2016 എന്നിവയാണ് ഇന്ത്യയിൽ പ്രാപ്യതാ പരിശോധനയ്ക്ക് മാനദണ്ഡമാക്കുന്നത്.

നമ്മുടെ നാട്ടിലെ വ്യാപകമായ ഒരു ധാരണ റാമ്പുകൾ ആയാൽ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദം ആയി എന്നാണ്. കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ച് നിർമിച്ച റാമ്പുകൾ ആവശ്യം തന്നെ. എന്നാൽ അതുമാത്രം പോര, ചലനപരമോ കാഴ്ച കേൾവി എന്നിവയിലോ ഒക്കെയുള്ള പ്രയാസങ്ങൾ ഉണ്ടായിരിക്കെ ഒരു കെട്ടിടത്തിൽ കഴിയുന്നത്ര പരസഹായം ഇല്ലാതെ പോകുവാനും അവിടെ ഉദേശിച്ച ന്യായമായ കാര്യം സാധിക്കുവാനും ഒരു വ്യക്തിക്ക് സാധിക്കുമ്പോൾ മാത്രമേ ആ കെട്ടിടം ഭിന്നശേഷി സൗഹൃദമാകുന്നുള്ളൂ.

അഥവാ ഭിന്നശേഷി സൗഹൃദ സമൂഹത്തിന്റെ പരിച്ഛേദം ആകണം ഭിന്നശേഷി സൗഹൃദ കെട്ടിടം.

ഏതൊരു കെട്ടിടവും ഭിന്നശേഷിയുള്ള വ്യക്തിക്ക് പ്രാപ്യം ആകുന്നതിന് താഴെ പറയുന്ന ആറു അടിസ്ഥാന സംഗതികൾ പൂർത്തീകരിക്കേണ്ടതുണ്ട്.

1) കെട്ടിട മുറ്റത്തെ പ്രവേശനം തടസ്സരഹിതമാകുക:-

പാർക്കിംഗ്, അകത്തേക്കും പുറത്തേക്കുമുള്ള വഴികൾ തുടങ്ങിയവയിൽ സൈൻ ബോർഡുകളും ലൈറ്റിംഗും സ്ഥാപിക്കുക.

വഴിയോരങ്ങളിലെയും മുറ്റത്തെയും ഇരിപ്പിടങ്ങളും മറ്റു ഫർണിച്ചറുകളും അടക്കം ഭിന്നശേഷി സൗഹൃദം ആകേണ്ടതുണ്ട്.

2) കെട്ടിടത്തിനകത്തുള്ള വഴികളും സൗകര്യങ്ങളും തടസ്സരഹിതമാകുക:-

കെട്ടിടത്തിനകത്തെ പടികൾ, റാംപുകൾ, വാതിലുകൾ, റിസപ്ഷൻ ഏരിയയിലെ ഇരിപ്പിടങ്ങൾ ഡെസ്കുകളും വെളിച്ചവിന്യാസം എല്ലാം ഭിന്നശേഷി സൗഹൃദമായി ക്രമീകരിക്കണം.

3) കെട്ടിടത്തിലെ ചുറ്റുപാടുകൾ തടസ്സരഹിതമാകുക:-

മാർഗ്ഗരേഖകൾ സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കുക.

വരാന്തകൾ മറ്റു വഴികൾ എന്നിവ വീൽചെയർ സൗഹൃദം ആകുക.

ചുമരിൽ വഴികാണിക്കുന്ന രൂപത്തിൽ കളർ കോഡുകൾ നൽകുക.

ടൈലുകൾ കാഴ്ചാ പരിമിതികൾ ഉള്ളവർ അറിയുന്ന രീതിയിൽ വ്യത്യസ്ത രൂപത്തിലോ കനത്തിലോ പാകുക.

മുകളിലെ നിലകളിൽ പ്രവേശിക്കുന്നതിന് റാമ്പുകളും ലിഫ്റ്റുകളും ഒരുക്കുക എന്നിവ ഇതിൽ പ്രധാനമാണ്.

4) കെട്ടിടത്തിനകത്തെ സൗകര്യങ്ങൾ പ്രാപ്യമാകുക:-

ശുചിമുറികൾ, ചെയ്ഞ്ചിങ് റൂമുകൾ, ബാത്ത്റൂം സൗകര്യങ്ങൾ, മെസ്സ്, ബാർ, വാഷ് ബേസിൻ തുടങ്ങിയ സൗകര്യങ്ങൾ ഭിന്നശേഷിയുള്ളവർക്ക് കൂടി ഉപയോഗിക്കാൻ സാധിക്കണം.

സ്വിച്ചുകൾ ഹാൻഡിലുകൾ ഇരിപ്പിടങ്ങളും ഇതര ഫർണിച്ചറുകളും ഭിന്നശേഷി സൗഹൃദമാകണം.

ടെലിഫോൺ/ഇന്റർകോം, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, അലാറം തുടങ്ങിയ സാങ്കേതിക സൗകര്യങ്ങൾ ഭിന്നശേഷി സൗഹൃദമാകുക എന്നതും പ്രധാനമാണ്.

5) കെട്ടിടത്തിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ ഉള്ള സൗകര്യങ്ങൾ:-

എമർജൻസി എക്സിറ്റുകൾ ഭിന്നശേഷി സൗഹൃദമാകേണ്ടത് അതിപ്രധാനമാണ്.
എമർജൻസി ലൈറ്റിങ് മുന്നറിയിപ്പ് സിസ്റ്റങ്ങൾ എന്നിവ കാഴ്ചാ പരിമിതിയും കേൾവിപരിമിതിയും ഉള്ളവർക്കുകൂടി മനസ്സിലാക്കാൻ ഉതകുന്ന തരത്തിൽ ആയിരിക്കണം.

തീപിടുത്തം ഉണ്ടാകുമ്പോൾ ബാധിക്കാത്ത രീതിയിൽ സുരക്ഷിത സ്ഥലങ്ങൾ കെട്ടിടത്തിൽ തന്നെ ഒരുക്കുകയും അവ ഭിന്നശേഷിയുള്ളവർക്ക് എളുപ്പം പ്രാപ്യമായ ഇടം ആകുകയും വേണം.

6) കെട്ടിടത്തിലെ സൗകര്യങ്ങളെയും സേവനങ്ങളേയും ഭിന്നശേഷി സൗഹൃദമാക്കുക:-

കെട്ടിടത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികൾ വ്യക്തമായി രേഖപ്പെടുത്തുക.

വെളിച്ചം അലാറം തുടങ്ങിയവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുക.

ജീവനക്കാരിൽ ഉൾചേർക്കൽ മനോഭാവവും അതിന്റെ പരിശീലനവും ഉറപ്പാക്കുക.

ഈ കാര്യങ്ങൾ വ്യക്തമാക്കുന്ന പ്രചരണ പ്രവർത്തനങ്ങൾ നടത്തുക എന്നിവ സമീപന തടസ്സങ്ങൾ നീക്കുന്നതിന് ആവശ്യമാണ്.

ഭിന്നശേഷി സൗഹൃദ പൊതുവിടങ്ങൾ എന്നുള്ളതാണ് മുന്നേറ്റ പ്രവർത്തങ്ങളുടെ കാതൽ. പൊതു സ്ഥാപനങ്ങൾ, പൊതു ടോയ്‌ലറ്റുകൾ, പൊതു യാത്ര മാർഗങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊക്കെ ഭിന്ന ശേഷിക്കാർക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ പറ്റണം. നല്ല ജീവിത സാഹചര്യങ്ങൾ, വിദ്യാഭ്യാസം, ജോലി, പൊതു ഇടങ്ങളിലെ ഇടപെടലുകൾ എന്നിവയൊക്കെ ഭിന്നശേഷിക്കാരുടെ അവകാശങ്ങളാണ്.

ചങ്ങമ്പുഴയുടെ മനസ്വിനി എന്ന കവിതയിലെ വരികൾ ഉദ്ധരിക്കട്ടെ:
“കണ്ണുകളില്ല, കാതുകളില്ല,
തിണ്ണയിൽ ഞാൻ കാൽ വെക്കുമ്പോൾ,
എങ്ങനെ പക്ഷേ, വിരിവൂ ചുണ്ടിൽ
ഭംഗിയിണങ്ങിയ പുഞ്ചിരികൾ
അപ്പുഞ്ചിരികൾ പൊഴിപ്പൂ വെളിച്ചം
തപ്പുന്നോ പിന്നിരുളിതിൽ ഞാൻ”

ഒരു സമൂഹം സാംസ്കാരിക പുരോഗതി നേടുക അതിലെ ദുർബല ജനവിഭാഗങ്ങളെ ചേർത്തു നിർത്തുമ്പോഴും ശാക്തീകരിക്കുമ്പോഴുമാണ്. ഭിന്നശേഷിയുള്ള സമൂഹം അവരുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സമൂഹം എന്ന നിലയിൽ അതിനുള്ള മുഴുവൻ പിന്തുണ വാക്കിലും പ്രവർത്തിയിലും സാക്ഷരകേരളം തുടർന്നും നൽകേണ്ടതുണ്ട്.

ലേഖകർ
Dr Sabna . S, graduated from sri venkateswara medical college, Pondicherry. Now working as medical officer in vayomithram project under kerala social security mission . Intersted in medical science and literature. Published 5 books (poems, stories and novel) in malayalam . Got awards (Abudabi sakthi award, ankanam award, bhaasha puraskaaram, velicham award, srishti puraskaaram etc) for poems and short stories. Writing health related columns, stories and poems in newspapers and magazines. Did programmes in akashavani, other radio and television channels .
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ