മുഖക്കുരുക്കവിളിൽ…
മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി നഖക്ഷതം കൊണ്ടു ഞാൻ കവർന്നെടുത്തു ? …
മുഖക്കുരു കവികൾക്ക് ഒരു സൗന്ദര്യലക്ഷണമാണ്… പക്ഷെ, ജീവിതത്തിൽ ഒരിക്കലെങ്കിലും മുഖക്കുരു മൂലം മനോവിഷമം അനുഭവിക്കാത്തവർ കുറവായിരിക്കും. ലോകമെമ്പാടുമുള്ള ജനതയെ പ്രത്യേകിച്ച് കൗമാരപ്രായക്കാരെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. മുഖക്കുരുവിനെ കുറിച്ച് ചില കാര്യങ്ങൾ….
എന്താണ് മുഖക്കുരു?
രോമം, രോമകൂപം, രോമം എഴുന്നു നിൽക്കാൻ സഹായിക്കുന്ന arrectores pilorum എന്ന ഇത്തിരിക്കുഞ്ഞൻ മാംസപേശി, ത്വക്കിന് മെഴുക്ക്മയം നൽകുന്ന സീബം ഉത്പ്പാദിപ്പിക്കുന്ന സ്നേഹഗ്രന്ഥി (sebaceous gland); ഇത്രയും ചേർന്നതാണ് നമ്മൾ പുറമേ കാണുന്ന “വെറും രോമ”ത്തിന്റെ ഘടന. ഇതിനെ Pilosebaceous Unit എന്ന് പറയുന്നു. ( രോമത്തിലും മസിലുണ്ടോയെന്ന് അത്ഭുതപ്പെടേണ്ട.. പഞ്ച് ഡയലോഗ് ഒക്കെ കേൾക്കുമ്പോൾ രോമം എണീറ്റ് അറ്റൻഷനായി നിൽക്കുന്നത് ഇദ്ദേഹത്തിന്റെ ബലത്തിലാണ്).
മുഖക്കുരു ഈ Pilosebaceous Unit നെ ബാധിക്കുന്ന ഒരു രോഗമാണ്. ചർമത്തിലെ രോമകൂപങ്ങളിലെ കോശങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ മൂലം രോമകൂപങ്ങളുടെ സുഷിരങ്ങളിൽ തടസ്സം നേരിടുന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. അതോടൊപ്പം തന്നെ സ്നേഹഗ്രന്ഥികളുടെ അമിതപ്രവർത്തനം മൂലം രോമകൂപങ്ങളിൽ സീബവും, ചർമ്മത്തിലെ കോശങ്ങളും അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇത് ചർമ്മത്തിൽ സ്വാഭാവികമായി തന്നെ കണ്ടു വരുന്ന Propionibacterium acnes എന്ന ബാക്ടീരിയയുടെ അമിതപ്രജനനത്തിനും Pilosebaceous unit-ന്റെ നീർവീക്കത്തിനും വഴിയൊരുക്കുന്നു. ഇതെല്ലാമാണ് മുഖക്കുരുവിലേക്ക് നയിക്കുന്നത് .
മേല്പറഞ്ഞ സംഭവപരമ്പരയെ സ്വാധീനിക്കുന്ന മറ്റു പല ഘടകങ്ങളും ഉണ്ട്.
?ഹോർമോണുകൾ
സ്നേഹഗ്രന്ഥികളുടെ പ്രവർത്തനവും ഹോർമോണുകളുമായി അഭേദ്യമായ ബന്ധമുണ്ട്. ഇത് മൂലം കൗമാരപ്രായക്കാരിലാണ് മുഖക്കുരു ഏറ്റവും കൂടുതൽ കാണപ്പെടുക. എന്നാൽ സമീപകാലത്തെ പഠനങ്ങൾ തെളിയിക്കുന്നത് മുഖക്കുരുവിന്റെ ആരംഭം പണ്ടുള്ളതിനേക്കാൾ ഇപ്പോൾ നേരത്തെ സംഭവിക്കുകയും കൂടുതൽ കാലം നീണ്ടു നിൽക്കുകയും ചെയ്യുന്നു എന്നാണ്. ഇതിനു കാരണം നമ്മുടെ ഭക്ഷണത്തിലും ജീവിതശൈലിയിലും ഉണ്ടായ മാറ്റങ്ങളും തത്ഫലമായി കൗമാരം ഇപ്പോൾ നേരത്തെ ആകുന്നതും ആകാം. പെൺകുട്ടികളിൽ ആൺകുട്ടികളേക്കാൾ നേരത്തെ മുഖക്കുരു പ്രത്യക്ഷപെടാമെങ്കിലും ആൺകുട്ടികളിലാണ് മുഖക്കുരുവിന് കൂടുതൽ തീവ്രത കാണപ്പെടാറ്. നവജാതശിശുക്കളിൽ അമ്മയിൽ നിന്നും പകർന്നു ലഭിക്കുന്ന ഹോർമോണുകൾ മൂലം മുഖക്കുരു (Neonatal acne) ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഹോർമോണുകളുടെ പ്രവർത്തനം അവസാനിക്കുന്നതോടെ മുഖക്കുരുവും അപ്രത്യക്ഷമാകുകയാണ് പതിവ്.
?മരുന്നുകൾ
(ഹോർമോൺ മരുന്നുകൾ, സ്റ്റിറോയിഡുകൾ, മാനസിക രോഗത്തിനും, അപസ്മാരത്തിനും ഉപയോഗിക്കുന്ന മരുന്നുകൾ, ബി കോംപ്ലക്സ് വിറ്റാമിനുകൾ )
?അമിതവണ്ണം
?മാനസികപിരിമുറുക്കം
?ആർത്തവം- ആർത്തവത്തിന് 2-7 ദിവസങ്ങൾ മുൻപ് മുഖക്കുരു വർധിക്കാൻ സാധ്യതയുണ്ട്
?സൗന്ദര്യവർധന വസ്‌തുക്കള് (Acne cosmetica/venenata)
?അൾട്രാവയലറ്റ് രശ്മികൾ
?ക്ഷാരഗുണമുള്ള സോപ്പ്, ഡിറ്റർജന്റ് എന്നിവയുടെ അമിതോപയോഗം (Detergent acne)
?കോൾ ടാർ (Tar /Pitch acne)
?അരോമാറ്റിക് സംയുക്തങ്ങൾ (Chloracne)
?കാലാവസ്ഥാവ്യതിയാനങ്ങൾ
?പുകവലി
?ഗ്ലൈസെമിക് ഇൻഡക്സ് കൂടിയ ഭക്ഷണ പദാർഥങ്ങളും പാലും ചോക്ലേറ്റ് ഉൾപ്പടെയുള്ള പാലുൽപ്പന്നങ്ങളും മുഖക്കുരു കൂട്ടുകയും, ഒമേഗ 3 ഫാറ്റി ആസിഡ്, ഗാമാ ലിനോലെയ്ക് ആസിഡ് എന്നിവ മുഖക്കുരുവിനെ പ്രതിരോധിക്കുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
?ശാസ്ത്രീയമായി കൃതമായ തെളിവുകൾ ഇല്ലാത്ത, എങ്കിലും മുഖക്കുരുവിന്റെ സാധ്യതയെ സ്വാധീനിക്കാം എന്നു പറയപ്പെടുന്ന ഘടകങ്ങളാണ് മലിനീകരണം, ശുചിത്വം, അടിയ്ക്കടിയുള്ള സ്പർശനം/ കഴുകൽ, ജലപാനം എന്നിവ.
?പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്, കുഷിങ് സിൻഡ്രോം, കൺജനിറ്റൽ അഡ്രിനൽ ഹൈപ്പർപ്ലാസിയ, അഡ്രിനൽ ഗ്രന്ഥിയുടെയും ഓവറിയുടെയും മുഴകൾ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളിൽ ഒന്നായും മുഖക്കുരു പ്രത്യക്ഷപ്പെടാം.
ലക്ഷണങ്ങൾ
?കാര – രണ്ടു തരത്തിലുള്ള കാരയുണ്ട്
▪Black heads/open comedones – രോമകൂപങ്ങളിൽ അടിഞ്ഞു കൂടിയ സീബവും, നിർജ്ജീവകോശങ്ങളും ചർമ്മപ്രതലത്തിലെ സുഷിരങ്ങളിലൂടെ കറുത്ത നിറത്തിൽ കാണപ്പെടുന്നു.
▪White heads/ closed comedones – ചർമ്മപ്രതലത്തിലെ സുഷിരങ്ങൾ അടഞ്ഞിരിക്കുന്നതിനാൽ അടിഞ്ഞു കൂടിയ സീബവും നിർജ്ജീവകോശങ്ങളും പുറമെ കാണാനാവാത്ത അവസ്ഥ.
?വേദനയോടു കൂടിയ ചുവന്ന കുരുക്കൾ
?പഴുത്ത കുരുക്കൾ
?സിസ്റ്റുകൾ
?ചെറിയ മുഴകൾ, എന്നിങ്ങനെ വിവിധ രീതിയിൽ മുഖക്കുരു പ്രത്യക്ഷപ്പെടാം. ഇതോടൊപ്പം കലകളും വടുക്കളും ഉണ്ടാകാം.
സ്നേഹഗ്രന്ഥികൾ കൂടുതൽ ഉള്ള മുഖം, നെഞ്ച്, തോളുകൾ, മുതുക് എന്നിവിടങ്ങളിലാണ് മുഖക്കുരു കൂടുതൽ കാണപ്പെടുക.
മുഖക്കുരു മനസികസമ്മർദ്ദം, ഉത്കണ്ഠാരോഗം, വിഷാദരോഗം എന്നിവയിലേക്ക് നയിക്കാം. Acne fulminans എന്ന തീവ്രത കൂടിയ ഇനം ശാരീരിക അസ്വസ്ഥതകളും Acne conglobata എന്ന ഇനം ആഴത്തിലുള്ള വടുക്കളും കലകളും ഉണ്ടാക്കാം.
വിവിധ രാസപദാർത്ഥങ്ങളുമായി ജോലിസംബന്ധമായ സമ്പർക്കം മൂലം ഉണ്ടാകുന്ന മുഖക്കുരു ആണ് Occupational acne. ഇതിൽ ഉൾപ്പെടുന്നതാണ് താഴെ വിവരിച്ചിട്ടുള്ള ഇനങ്ങൾ.
?Chloracne – അരോമാറ്റിക് സംയുക്തങ്ങളുമായുള്ള സമ്പർക്കം മൂലം ചെവിയുടെ പുറകിലും താടിയെല്ലിനു മുകളിലും കാരയും ഇളംമഞ്ഞ നിറത്തിലുള്ള സിസ്റ്റുകളും ആയി കാണപ്പെടുന്നു.
?Oil acne – മെറ്റൽ വ്യവസായത്തിൽ ഉപയോഗിക്കുന്ന കട്ടിങ് ഓയിൽ മൂലം തുടയിലും, തോളിലും ചുവന്നു പഴുത്ത കുരുക്കൾ ഉണ്ടാക്കുന്നു.
?Tar/Pitch acne – കോൾ ടാർ മൂലം മുഖത്ത് കാര (black heads)യായി കണ്ടു വരുന്നു
?Cosmetic acne /Acne venenata – സൗന്ദര്യവർധന വസ്‌തുക്കളുടെ അമിതോപയോഗം മൂലം മുഖചർമ്മത്തിൽ കാര (white heads) ഉണ്ടാകുന്നു.
?Tropical/hydration acne- ഉഷ്ണവും ആർദ്രതയും കൂടുതൽ ഉള്ള സാഹചര്യങ്ങളിൽ കഴുത്ത്, തോൾ, മുതുക് എന്നിവിടങ്ങളിൽ സിസ്റ്റുകളും ചെറിയ മുഴകളും ആയി മുഖക്കുരു പ്രത്യക്ഷപ്പെടാം
?Detergent acne- സോപ്പിന്റെ ക്ഷാരഗുണവും, തുടർച്ചയായി ഉപയോഗം മൂലം ചർമ്മത്തിനുണ്ടാകുന്ന ചെറിയ പരിക്കുകളും ആണിതിനു കാരണം. ചില സോപ്പുകളിൽ അടങ്ങിയിട്ടുള്ള hexachlorophene എന്ന രാസപദാർദ്ധം മുഖക്കുരു വർദ്ധിപ്പിക്കാം. മുഖത്തും കൈകളിലും ആണ് കൂടുതലായി ഇതു കണ്ടു വരുന്നത്.
മുഖക്കുരുവിനു കാരണമായ ഘടകവുമായുള്ള സമ്പർക്കം അവസാനിപ്പിക്കുന്നതോടെ occupational acne ഭേദമാകുന്നു.
പരിശോധനകൾ
സാധാരണ നിലയിൽ മുഖക്കുരുവിന് രക്തപരിശോധനയോ മറ്റു ടെസ്റ്റുകളോ ചെയ്യേണ്ട ആവശ്യം ഇല്ല. മുഖക്കുരു മറ്റു രോഗങ്ങളുടെ ലക്ഷണമാകാം എന്നു സംശയം തോന്നുന്ന പക്ഷം ഹോർമോൺ ടെസ്റ്റുകൾ, സ്കാനിംഗ് ഉൾപ്പടെ പരിശോധനകളും അതാത് രോഗങ്ങളുടെ ശരിയായ ചികിത്സയും ചെയ്യേണ്ടത് ശാശ്വതപരിഹാരത്തിന് അത്യന്തം അനിവാര്യമാണ്. മുഖക്കുരുവിനോടൊപ്പം അമിത രോമവളർച്ച, ആർത്തവ ക്രമക്കേടുകൾ, വന്ധ്യത, ശബ്ദത്തിൽ വരുന്ന വ്യത്യാസം, അമിതവണ്ണം, അമിതമായ താരൻ, ചികിത്സയോട് പ്രതികരിക്കാത്ത മുഖക്കുരു, കൗമാരത്തിനു മുൻപും (prepubertal acne) യൗവനത്തിനു ശേഷവും (late onset acne) കണ്ടുവരുന്ന മുഖക്കുരു എന്നിവയാണ് അപകടസൂചനകൾ.
ചികിത്സ
സാധാരണ ഗതിയിൽ 25-30വയസ്സ് പ്രായമാകുന്നതോടെ മുഖക്കുരു കാഠിന്യം കുറഞ്ഞു ക്രമേണ ഇല്ലാതാകുന്നു. എന്നാൽ മുഖക്കുരു മൂലമുണ്ടായ കലകളും വടുക്കളും നിലനിൽക്കാൻ സാധ്യതയുണ്ട്.
?ദിവസവും രണ്ടു നേരം വീര്യം കുറഞ്ഞ സോപ്പ് അല്ലെങ്കിൽ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകാം. തുടരെത്തുടരെ ഇതു ചെയ്യുന്നത് നല്ലതല്ല . കൂടുതൽ ക്ഷാരഗുണമുള്ള സോപ്പുകൾ ഒഴിവാക്കണം.
?കൈ ഉപയോഗിച്ചോ മറ്റു വസ്തുക്കൾ ഉപയോഗിച്ചോ മുഖക്കുരു പൊട്ടിക്കാതിരിക്കുക. ഇത് കലകളും വടുക്കളും ബാക്കി വയ്ക്കും.
?നിലവാരമുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ മിതമായി ഉപയോഗിക്കാം. മേക്കപ്പ് യഥാസമയം പൂർണ്ണമായി നീക്കം ചെയ്യുക.
?തീവ്രത കുറഞ്ഞ തരം മുഖക്കുരുവിന് ബെൻസോയ്‌ൽ പെരോക്ക്സൈഡ്, ആന്റിബയോട്ടിക്, റെറ്റിനോയ്ഡ് തുടങ്ങിയ ക്രീമുകൾ മാത്രം മതിയായേക്കാം. തീവ്രത കൂടിയ സാഹചര്യങ്ങളിൽ ആന്റിബയോട്ടിക്, റെറ്റിനോയ്ഡ് ഗുളികകൾ ഫലപ്രദമാണ്. ചില സന്ദർഭങ്ങളിൽ ഹോർമോൺ തെറാപ്പിയും വേണ്ടി വന്നേക്കാം
?Occupational acne-ൽ മുഖക്കുരുവിനു കാരണമായ ഘടകവുമായുള്ള സമ്പർക്കം ഒഴിവാക്കണം.
?കെമിക്കൽ പീൽ, കൊമിഡോൺ എക്സ്ട്രാക്ഷൻ, ക്രയോതെറാപ്പി, ഡെർമാബ്രേഷൻ, സബ്‌സിഷൻ, പഞ്ച് എക്സിഷൻ ടെക്‌നിക്സ്, മൈക്രോനീഡ്‌ലിംഗ്, ലേസർ ചികിത്സ എന്നീ നൂതനചികിത്സാ രീതികളും മുഖക്കുരുവിന് പ്രത്യേകിച്ച് മുഖക്കുരു മൂലമുള്ള വടുക്കൾക്ക് നിലവിലുണ്ട്.
?ഇതിനോടൊപ്പം തന്നെ ജീവിതശൈലിയിലും മാറ്റം വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. മുഖക്കുരു വർധിപ്പിക്കാൻ സാധ്യതയുള്ളതെന്ന് മുൻപ് പ്രതിപാദിച്ച ഘടകങ്ങൾ ഒഴിവാക്കണം.
?ചിട്ടയായ വ്യായാമം, പോഷകസമൃദ്ധമായ ഭക്ഷണം, മാനസികപിരിമുറുക്കത്തിൽ നിന്നുള്ള മോചനം എന്നിവ പ്രധാനം.