· 4 മിനിറ്റ് വായന

പ്രളയാനന്തര ത്വക്ക് രോഗങ്ങൾ

Current AffairsDermatologyപൊതുജനാരോഗ്യം

വീണ്ടും ദുരിതം പെയ്തിറങ്ങുന്നു, ഒപ്പം ഒരായിരം പകർച്ച വ്യാധികളും ഉണ്ടാവാൻ സാധ്യതയുണ്ട്. പ്രളയാനന്തരം രംഗപ്രവേശത്തിനായി ഒരുങ്ങിയിരിക്കുന്ന ത്വക് രോഗങ്ങളെ കുറിച്ച്..

?വളംകടി (Interdigital candidiasis / erosio‐interdigitalis blastomycetica)

ക്യാൻഡിഡ (Candida) എന്ന ഫംഗസ് മൂലമുണ്ടാകുന്ന
അണുബാധയാണ് വളംകടി.

വിരലിടുക്കുകളിൽ ചുവപ്പും അസഹനീയമായ ചൊറിച്ചിലോടും കൂടി ആരംഭിച്ചു ക്രമേണ ചൊറിഞ്ഞു പൊട്ടി മുറിവുകൾ ആകുന്നതോടെ ചൊറിച്ചിലിനോടൊപ്പം നീറ്റലും അനുഭവപ്പെടുന്നു. ചർമ്മം വെളുത്തു അഴുകിയ പോലെ കാണപ്പെടുന്നു. ശരീരത്തിന്റെ മറ്റു മടക്കുകളെയും ഈ രോഗം ബാധിക്കാം. മൈക്രോസ്കോപ്പി പരിശോധനയിലൂടെ ഫംഗസിനെ നേരിട്ട് കാണാവുന്നതാണ്.

?ക്ലോട്രിമസോൾ പോലെയുള്ള ആന്റിഫങ്കൽ ലേപനങ്ങൾ ഈ ചർമ്മരോഗത്തിന് ഫലപ്രദമാണ്.

?ഇതോടൊപ്പം കൈകാലുകൾ പൊട്ടാസ്യം പെർമാംഗനേറ്റ് അല്ലെങ്കിൽ ഉപ്പു വെള്ളത്തിൽ കഴുകി തുടച്ചു വൃത്തിയായി സൂക്ഷിക്കണം.

?വിരലിടുക്കുകളിൽ ഈർപ്പം നിൽക്കുന്നത് ഒഴിവാക്കണം.

?വായു സഞ്ചാരം ഉള്ള ചെരുപ്പുകൾ ഉപയോഗിക്കുന്നത് അഭികാമ്യം.

?പ്രമേഹം നിയന്ത്രണവിധേയമാക്കണം.

?വട്ടച്ചൊറി / പുഴുക്കടി (Ring worm/Tinea/ Dermatophytosis)

ട്രൈക്കോഫ്യ്ടോൻ (Trichophyton), എപ്പിഡെർമോഫയ്‌ടോൻ (epidermophyton), മൈക്രോസ്‌പോറം (microsporum) എന്നീ ജനുസ്സിലുള്ള പൂപ്പൽ (mould) വിഭാഗത്തിൽ പെട്ട ഫംഗസുകളാണ് വട്ടച്ചൊറിക്കു കാരണം.

ചർമ്മത്തിലെ കെരാറ്റിൻ (keratin) എന്ന ഘടകത്തോടാണ് ഈ ഫംഗസിനു താത്പര്യം. അതിനാൽ കെരാറ്റിൻ തീരുന്ന മുറയ്ക്കു ഉത്ഭവസ്ഥാനത്തു നിന്ന് കെരാറ്റിൻ തേടി ഇവ പുറത്തേക്കു നീങ്ങുന്നു. തൽഫലമായി ത്വക്കിലെ പാടുകൾ മോതിരം പോലെ മധ്യഭാഗം താഴ്ന്നും പുറം ഭാഗം പൊങ്ങിയും വൃത്താകൃതിയിൽ കാണപ്പെടുന്നു. ഒപ്പം അസഹനീയമായ ചൊറിച്ചിലും അനുഭവപ്പെടുന്നു. ഇതിനാലാണിത് വട്ടച്ചൊറി എന്നറിയപ്പെടുന്നത്. പ്രളയകാലത്തു ഈ രോഗം കൂടുതലായി കാണപ്പെടാനുള്ള പ്രധാനകാരണം ഫംഗസുകളുടെ വളർച്ചയെയും പ്രജനനത്തെയും സഹായിക്കുന്ന ഈർപ്പത്തിന്റെ സാന്നിധ്യം തന്നെ ആണ്. പ്രളയദുരിതാശ്വാസ ക്യാമ്പിലെ തിരക്കും, വസ്ത്രങ്ങൾ, തോർത്ത്‌ മുതലായവ പങ്കിടേണ്ടി വരുന്ന സാഹചര്യവും രോഗസാധ്യത വർധിപ്പിക്കുന്നു.

ഫംഗസ്ബാധയുണ്ടാകുന്ന ശരീരഭാഗത്തിനനുസരിച്ചു റ്റീനിയ ക്യാപിറ്റിസ് (ശിരോചർമ്മം), റ്റീനിയ ക്രൂരിസ് (തുടയിടുക്കുകൾ), റ്റീനിയ ബാർബെ(താടി, മീശ ഉൾപ്പെടുന്ന ഭാഗങ്ങൾ), റ്റീനിയ ഫേഷ്യ (മുഖം), റ്റീനിയ മാനം (കൈകൾ), റ്റീനിയ പിഡിസ്/ അത്ലെറ്റ്സ് ഫൂട് (പാദം), റ്റീനിയ അൻക്വിസ് (നഖം), റ്റീനിയ കോർപൊരിസ് (മറ്റു ശരീരഭാഗങ്ങൾ) എന്നീ വിവിധ പേരുകളിൽ വട്ടച്ചൊറി അറിയപ്പെടുന്നു.

രോഗസ്ഥിരീകരണത്തിനായി ചർമ്മത്തിലെ പാടുകളിൽ നിന്നു ചുരണ്ടി എടുത്തു മൈക്രോസ്കോപ്പി പരിശോധന ചെയ്യാവുന്നതാണ്.

ക്ലോട്രിമസോൾ പോലെയുള്ള ആന്റിഫംഗൽ ലേപനങ്ങളും ഫ്ലുകോണസോൾ പോലെയുള്ള ആന്റിഫംഗൽ ഗുളികകളും ആണ് ചികിത്സയുടെ ആധാരശില.

സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങൾ ഉപയോഗിച്ചാൽ തനതായ രോഗലക്ഷണങ്ങൾ താത്കാലികമായി ശമിക്കുന്നു. എന്നാൽ ഇവയുടെ ഉപയോഗം നിർത്തുന്നതോടെ ചർമ്മത്തിലെ ഫംഗസ് പൂർവാധികം ശക്തിയോടെ തിരിച്ചെത്തുന്നു. ഇതിനെ റ്റീനിയ ഇൻ കോഗ്നിറ്റോ / സ്റ്റിറോയ്ഡ് മോഡിഫൈഡ് റ്റീനിയ (Tinea incognito/ steroid modified tinea) എന്നു പറയുന്നു. സ്റ്റീറോയിഡിന്റെ ഉപയോഗം മൂലം ഈ അവസ്ഥയിൽ മൈക്രോസ്കോപ്പി പരിശോധന വിഫലമായേക്കാം എന്നു മാത്രമല്ല, രോഗം സാധാരണ ചികിത്സാരീതികളോട് പ്രതികരിക്കാനുള്ള സാധ്യതയും കുറവാണ്. അതിനാൽ ചികിത്സ കൂടുതൽ ദുഷ്കരവും ചിലവേറിയതും ആയേക്കാം.

വട്ടച്ചൊറി വേരോടെ പിഴുതെറിയാൻ ചികിത്സയോടൊപ്പം താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.

?നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതും ശരീരഭാഗങ്ങളിൽ ഈർപ്പം തങ്ങി നിൽക്കുന്നതും ഒഴിവാക്കുക.

?അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

?വസ്ത്രം, തോർത്ത്‌ മുതലായവ പങ്കിടാതിരിക്കുക.

?അടിവസ്ത്രങ്ങളും സോക്സും ദിവസേന മാറ്റുക.

?കാലിൽ അണുബാധയുള്ളവർ നഗ്നപാദരായി പൊതുശുചിമുറികളും നീന്തൽകുളങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണം.

?പാടുകളിൽ കൈ കൊണ്ടു തൊടുകയും നഖം കൊണ്ടു ചൊറിയുകയും ചെയ്യുന്നത് ഒഴിവാക്കുക. ഡോക്ടറുടെ നിർദേശാനുസാരം ആന്റിഹിസ്റ്റമിൻ ഗുളികകൾ ഉപയോഗിച്ച് ചൊറിച്ചിൽ നിയന്ത്രണവിധേയമാക്കാവുന്നതാണ്.

?പ്രമേഹം നിയന്ത്രണവിധേയമാക്കണം.

?ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ നിർദിഷ്ട കാലത്തോളം ഉപയോഗിക്കണം.

?ഡോക്ടറുടെ നിർദേശത്തോടെ അല്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങുന്ന ലേപനങ്ങൾ പരീക്ഷണാർത്ഥം ഉപയോഗിക്കരുത്. ഇതു സ്റ്റിറോയ്ഡ് മോഡിഫൈഡ് റ്റീനിയക്കു വഴി വയ്ക്കുകയും പിന്നീടുള്ള രോഗനിർണയവും ചികിത്സയും ശ്രമകരവും ചിലവേറിയതും ആക്കുന്നു.

?പിറ്റട് കെരറ്റോലൈസിസ് (Pitted keratolysis)

കോറിനെ ബാക്റ്റീരിയ (Corynebacteria)യുടെ അണുബാധ മൂലം കാൽവെള്ളയിൽ ആഴമില്ലാത്ത ചെറിയ വൃത്താകൃതിയിലുള്ള കുഴികളായി ഈ രോഗം കാണപ്പെടുന്നു. മുഷിഞ്ഞ ഒരുതരം ഗന്ധം ഒഴിച്ചാൽ ചൊറിച്ചിലോ വേദനയോ ഇതിന് ഉണ്ടാകാറില്ല.
ക്ലോട്രിമസോൾ, ഫ്യൂസിഡിക് ആസിഡ് എന്നീ ലേപനങ്ങൾ ഫലപ്രദമാണ്.

?ബാക്റ്റീരിയൽ അണുബാധ (Pyoderma)

പ്രളയകാലത്തെ പരിമിതികൾ മൂലം ഉണ്ടാകുന്ന ശുചിത്വക്കുറവും, രോഗമുള്ളവരുമായി അടുത്തിടപഴകാനുള്ള സാഹചര്യവും ചർമ്മപ്രതലത്തിൽ ബാക്ടീരിയ പെറ്റുപെരുകാൻ സഹായിക്കുന്നു. സ്ട്രെപ്റ്റോകോക്കസ് (streptococcus), സ്റ്റാഫ്ലോകോക്കസ് (staphylococcus) എന്നിവയാണ് പ്രധാന ഇനങ്ങൾ. ഇവ മൂലം വിവിധ തരം ചർമ്മരോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഫോളിക്യൂളിറ്റിസ് (folliculitis), ഫറൻകുലോസിസ് (furunculosis), കാർബങ്കിൽ (carbuncle) എന്നിവ രോമകൂപങ്ങളുടെ അണുബാധയാണ്. വേദനയോടു കൂടിയ ചുവന്ന കുരുക്കളായി തുടങ്ങി പിന്നീട് അവയിൽ നിന്നും പഴുപ്പ് പുറത്തേക്കു വരുന്നു.

കുട്ടികളിൽ സാധാരണ കണ്ടു വരുന്ന ഒരു ബാക്റ്റീരിയൽ അണുബാധയാണ് ഇമ്പെറ്റിഗോ(impetigo). തേനിന്റെ നിറമുള്ള പൊറ്റയാണ് ഇതിന്റെ പ്രധാനലക്ഷണം.

വേദനയുള്ള ചുവന്ന പാടുകളായി കാണപ്പെടുന്ന മറ്റൊരു ബാക്റ്റീരിയൽ അണുബാധയാണ് എരിസിപ്പലാസ്‌ (erysipelas). കൂടുതൽ ആഴത്തിലേക്ക് ഈ അണുബാധ വ്യാപിക്കുമ്പോൾ സെല്ലുലൈറ്റിസ് (cellulitis) എന്ന സങ്കീർണതകൾ ഉണ്ടായേക്കാവുന്ന അവസ്ഥയിലേക്ക് എത്തുന്നു.

നേരത്തെ തന്നെ ഉണ്ടായിരുന്ന എക്‌സിമ, സ്കെബിസ് മുതലായ ചർമ്മരോഗങ്ങൾക്ക് മീതെയും ബാക്റ്റീരിയൽ അണുബാധയുണ്ടാകാം.

?ആന്റിബയോടിക് ലേപനങ്ങളും ഗുളികകളും ആണ് ബാക്റ്റീരിയൽ അണുബാധയുടെ പ്രധാനചികിത്സ.

?പഴുപ്പിന്റെ
മൈക്രോസ്കോപ്പി പരിശോധനയും കൾചറും ബാക്ടീരിയയെ തിരിച്ചറിയാനും ഉചിതമായ ആന്റിബയോടിക് തിരഞ്ഞെടുക്കാനും സഹായിക്കും.

?വ്യക്തിശുചിത്വം ചികിത്സ ഫലപ്രദമാകാൻ പ്രധാനമാണ്.

?സോപ്പും വെള്ളവും ഉപയോഗിച്ച് അണുബാധയുള്ള ഭാഗങ്ങൾ കഴുകി വൃത്തിയാക്കണം.

?ഉപ്പു വെള്ളവും നേർപ്പിച്ച പൊട്ടാസിയം പേർമാംഗനെറ്റ് ലായിനിയും ഉപയോഗിക്കാം.

?പ്രമേഹം നിയന്ത്രവിധേയമാക്കണം.

?സ്കേബിസ് (Scabies)

സർകോപ്റ്റസ് സ്കെബി വാർ ഹോമിനിസ് (Sarcoptes scabiei var. hominis) എന്ന മൈറ്റ് (mite) വർഗ്ഗത്തിൽ പെട്ട ജീവിയാണ് രോഗത്തിന് കാരണം.

നേരിട്ടുള്ള സമ്പർക്കം വഴിയാണ് രോഗം പകരുന്നത്.രോഗം പിടിപെട്ടവർ ഉപയോഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തോർത്ത്‌ മുതലായവ ഉപയോഗിച്ചാലും ഈ രോഗം പകരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ തിരക്കും, ആളുകൾ തമ്മിലുള്ള അടുത്ത സമ്പർക്കവും ഈ ചർമ്മരോഗം പകരാനിടയാക്കുന്നു.

അടുത്ത് സമ്പർക്കം പുലർത്തിയ വ്യക്തികൾക്ക് 3-4 ആഴ്ചകൾക്കു ശേഷം ശരീരമാസകലം അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നു. ഇതോടൊപ്പം വിരലുകളുടെ ഇടകൾ, കൈത്തണ്ട, കൈമടക്ക്, കക്ഷം, പൊക്കിൾ, തുടകൾ, സ്ത്രീകളിൽ സ്തനങ്ങൾ, പുരുഷന്മാരിലും ആണ്കുട്ടികളിലും ലിംഗം, ശിശുക്കളിൽ മുഖം കൈകാൽ വെള്ള എന്നീ ഭാഗങ്ങളിൽ അസഹനീയമായ ചൊറിച്ചിലും ചുവന്ന കുരുക്കളും പാടുകളും കണ്ടു വരുന്നു. രാത്രിയിൽ ചൊറിച്ചിൽ കൂടുതലായി അനുഭവപ്പെടാം.
മൈക്രോസ്കോപ്പിലൂടെ മാത്രമേ ഈ ജീവിയെയെ കാണാൻ സാധിക്കുകയുള്ളു.

?രോഗം പൂർണമായി ഭേദമാകാൻ രോഗിയും രോഗിയുമായി സമ്പർക്കം പുലർത്തുന്ന എല്ലാവരും ശരീരമാസകലം പെർമെത്രിൻ (permethrin) പോലെയുള്ള ആന്റി-സ്കെബിറ്റിക് മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കണം.

?വസ്ത്രങ്ങൾ, പുതപ്പുകൾ, തോർത്ത്‌ മുതലായവ ചൂടുവെള്ളത്തിൽ പുഴുങ്ങി ഉണക്കി ഉപയോഗിക്കണം .

?പേൻ ശല്യം (Louse infestation)

പെഡിക്യൂലസ് ക്യാപിറ്റിസ് എന്നാണ് തലയിലെ പേനിന്റെ ശാസ്ത്രീയ നാമം. അസഹനീയമായ ചൊറിച്ചിലിനോടൊപ്പം പേനുകളെയും ഈരുകളെയും മുടിയിഴകളിലും തലയോട്ടിയിലും കാണാൻ കഴിയും. ചില സന്ദർഭങ്ങളിൽ ബാക്റ്റീരിയൽ അണുബാധയും അതോടൊപ്പം ചെവിക്കു പുറകിലെ കഴലവീക്കവും ഉണ്ടാകാം.
പെർമെത്രിൻ/ ഐവർമെക്ടിൻ ഷാംപൂ, പേനും ഈരും ചീകി കളയുക എന്നിവയാണ് പ്രതിവിധി.

മേല്പറഞ്ഞതിനു സമാനമായി പെഡിക്യൂലസ് കോർപോരിസ്(pediculus corporis) എന്ന പേൻ ദേഹത്തെ രോമങ്ങളെയും ഫ്ത്തീരിയാസിസ് പ്യൂബിസ് (phthiriasis pubis) സ്വകാര്യഭാഗങ്ങളിലെ രോമങ്ങളെയും ബാധിക്കുന്നു. വസ്ത്രങ്ങൾ അണുനശീകരണം ചെയ്യുന്നതോടൊപ്പം പെർമെത്രിൻ / ഐവർമെക്ടിൻ ലേപനങ്ങൾ ഫലപ്രദമാണ്.

ചുരുക്കി പറഞ്ഞാൽ പ്രളയകാലത്തു ത്വക് രോഗങ്ങളെ പ്രതിരോധിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക …

? വ്യക്തിശുചിത്വം പാലിക്കുക

? ശരീരഭാഗങ്ങൾ ഈർപ്പരഹിതമായി വയ്ക്കാൻ ശ്രമിക്കുക

? വസ്ത്രങ്ങൾ പങ്കിടുന്നത് കഴിവതും ഒഴിവാക്കുക

? പ്രമേഹം നിയന്ത്രണവിധേയമാക്കുക

? ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരമല്ലാതെ മെഡിക്കൽ സ്‌റ്റോറിൽ നിന്നും വാങ്ങുന്ന ലേപനങ്ങൾ പരീക്ഷണാർദ്ധം ഉപയോഗിക്കാതിരിക്കുക

? ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുക

ലേഖകർ
Assistant Professor at Department of Dermatology, Government medical college, Kottayam. Completed MBBS from Government medical college, Alappuzha in 2010, and MD in Dermatology, venerology and leprosy from Government medical college, Thiruvananthapuram in 2015. Interested in teaching, public health and wishes to spread scientific temper. Psoriasis, Leprosy, drug reactions and autoimmune disorders are areas of special interest.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ