· 6 മിനിറ്റ് വായന

എയിഡ്സ് പ്രതിരോധം: നേടിയതേറെ, നേടാനതിലേറെ

Infectious DiseasesMedicinePreventive Medicineആരോഗ്യ അവബോധംപകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

ഡിസംബർ 1 – ലോക എയിഡ്‌സ്‌ ദിനം. ഭൂമിയിൽ എയിഡ്‌സ്‌ രോഗവുമായി ജീവിക്കുന്ന 36.7 മില്യൺ ആളുകളെ ഓർക്കാനുള്ള അവസരം കൂടിയാണ്‌ ഇന്ന്‌. ലോകാരോഗ്യസംഘടന ഈ വർഷത്തെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത്, ‘Right to health ,everybody counts’ എന്നതാണ്. ഏതൊരാൾക്കും ആരോഗ്യത്തിനായുള്ള അവകാശത്തെ സ്‌മരിക്കുന്ന ഈ ദിനത്തിൽ AIDS എന്ന രോഗത്തെ അടുത്തറിയാനുള്ള ശ്രമമാണ്‌ ഈ ലേഖനം.

Human Immunodeficiency Virus(HIV) ശരീരത്തിൽ പ്രവേശിക്കുന്നത്‌ വഴി പ്രതിരോധശേഷി സാരമായി കുറഞ്ഞ്‌ ഉണ്ടാകുന്ന ഒരു രോഗാവസ്‌ഥയാണ്‌ AIDS അഥവാ Acquired Immunodeficiency Syndrome. ലൈംഗികബന്ധം വഴി പകരുമെന്ന ഒറ്റക്കാരണത്താൽ ഉറക്കെ പറഞ്ഞു കൂടാത്ത ഒരു വാക്കായി സമൂഹം കണക്ക്‌ കൂട്ടുന്ന ഈ രോഗം ചികിത്സയും ബഹുമാനവും അർഹിക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല.

എയിഡ്‌സ്‌ ഇപ്പോഴും തിരശ്ശീലക്ക്‌ പിറകിലും സ്വകാര്യസംഭാഷണങ്ങളിലും ഒതുങ്ങുന്ന സ്‌ഥിതി നമ്മുടെ പ്രബുദ്ധകേരളത്തിൽ പോലും നിലനിൽക്കുന്നു എന്നതും വേദനിപ്പിക്കുന്ന യാഥാർത്ഥ്യമാണ്‌. രോഗികൾ കൃത്യമായ ചികിത്സ തേടാൻ മടിക്കുന്നതിന്‌ കാരണമാകുന്ന ഈ അവസ്‌ഥയിലും ഈ രോഗം സമൂഹത്തിൽ അപൂർവ്വമോ എങ്ങുമില്ലാത്ത ഒന്നോ അല്ലെന്നും ഓർക്കേണ്ടിയിരിക്കുന്നു.

*HIV – AIDS ഇന്ത്യയില്‍

1986 ചെന്നൈയില്‍ ലൈംഗിക തൊഴിലാളികളിലാണ്‌ ആദ്യമായി HIV അണുബാധ സ്ഥിരീകരിച്ചത്. സുനീതി സോളമൻ, സെല്ലപ്പൻ നിർമ്മല എന്നീ രണ്ടു ഡോക്ടറുമാരാണ് ആദ്യമായി HIV വൈറസിനെ ഇന്ത്യയില്‍ കണ്ടെത്തുന്നത് .1987ല്‍ കേരളത്തിലെ ആദ്യത്തെ അണുബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു . 1992 ല്‍ കേന്ദ്ര സര്‍ക്കാര്‍ HIV –AIDS രോഗം കണ്ടെത്തുന്നതിനും, ചികിത്സ നല്‍കുന്നതിനും തടയുന്നതിനുമായി നാഷണല്‍ എയിഡ്സ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്‍ (NACO)രൂപീകരിച്ചു.

ഓരോ സംസ്ഥാനത്തും പ്രവര്‍ത്തിക്കുന്ന എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റി വഴിയാണ് NACO അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിലവില്‍ നാഷണല്‍ എയിഡ്സ് കണ്ട്രോള്‍ പ്രോഗ്രാം (NACP) നാലാം ഘട്ടമാണ് പ്രവര്‍ത്തിക്കുന്നത്.

രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഇന്ത്യ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ അണുബാധയുടെ തോത് ഇന്ത്യയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

NACO യുടെ 2015ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മുതിര്‍ന്നവരില്‍ HIV അണുബാധയുടെ പ്രാബല്യം 0.26 % ആണ്. ആണുങ്ങളില്‍ ഇത് അൽപം കൂടുതലാണ്. ഇത് 2001ല്‍ 0.38% വും, 2007ല്‍ 0.34 %വും ആയിരുന്നു എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്‌. നിയന്ത്രണ പരിപാടികള്‍ ഫലവത്താകുന്നതിന്‍റെ ലക്ഷണമാണ് ഇപ്പോൾ കുറഞ്ഞു വരുന്ന രോഗികളുടെ ശതമാനക്കണക്ക്‌ സൂചിപ്പിക്കുന്നത്.

മണിപ്പൂര്‍ ,നാഗാലാന്‍ഡ്‌ ,മിസോറാം എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളാണ് അണുബാധയുടെ കാര്യത്തില്‍ മുന്‍പില്‍.

കേരളത്തില്‍ 2007ലെ കണക്ക്‌ അനുസരിച്ച് അണുബാധയുള്ളവരുടെ പ്രാബല്യം 0.26 % ആണ്. ഇന്ന് ഇത് ഇതിലും വളരെ കുറഞ്ഞിട്ടുണ്ടാകണം. നിലവില്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന അണുബാധിതരുടെ എണ്ണം 21 ലക്ഷത്തിനു മുകളിലാണ് . പുതിയ രോഗികളുടെ എണ്ണത്തിന്‍റെ കാര്യത്തിലും, HIV അണുബാധ കൊണ്ടുള്ള മരണങ്ങളുടെ എണ്ണത്തിലും 50% ത്തില്‍ അധികം കുറവ് കഴിഞ്ഞ 15 വര്‍ഷത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ചില ഹൈറിസ്ക്‌ വിഭാഗങ്ങളില്‍ അണുബാധയുടെ തോത് ഇന്നും കൂടുതല്‍ തന്നെയാണ്. ഇവയാണ് മേല്‍പറഞ്ഞ ഹൈറിസ്ക്‌ വിഭാഗങ്ങള്‍

  1. സ്ത്രീ ലൈംഗിക തൊഴിലാളികള്‍ – 2.2%
  2. സ്വവര്‍ഗ്ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷൻമാർ – 4.4%
  3. മയക്കുമരുന്ന് കുത്തിവെപ്പ് എടുക്കുന്നവര്‍ – 9.9%
  4. ലൈംഗിക ന്യൂനപക്ഷങ്ങള്‍ – 7.7%

അസുഖത്തെ കുറിച്ചുള്ള കൃത്യമായ അറിവില്ലാത്തതും, ആരോഗ്യ സേവനങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതിലെ പരിമിതികളും, ലൈംഗികസുരക്ഷയെ കുറിച്ചുള്ള അറിവില്ലായ്‌മയും, ഇവര്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളും ഒക്കെയാകാം ഈ കൂട്ടായ അണുബാധാനിരക്കിനു കാരണം.

ഇത് കൂടാതെ അണുബാധ പൊതുസമൂഹത്തില്‍ എത്തിക്കുന്ന ചില ബ്രിഡ്ജ് വിഭാഗങ്ങള്‍ ഉണ്ട്. ട്രക്ക് ഡ്രൈവർമാര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരാണ്‌ ഈ വിഭാഗത്തില്‍ പെടുന്നത്. നിലവില്‍ ഇത്തരം ഹൈറിസ്ക്‌ വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ട് .

*അണുബാധ പകരുന്ന മാര്‍ഗങ്ങള്‍

രണ്ടു തരത്തിലുള്ള HIV അണുക്കളുണ്ട്. ഇന്തയില്‍ ഭൂരിഭാഗം അണുബാധയും HIV Type 1 വൈറസ് മൂലമാണ്. അണുബാധ പകരുന്ന പ്രധാന മാര്‍ഗ്ഗങ്ങള്‍ ഇവയാണ്

  1. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം
  2. രക്തവും മറ്റു രക്തഘടകങ്ങളും വഴി
  3. അമ്മയില്‍ നിന്ന് കുട്ടികളിലേക്ക്
  4. മയക്കുമരുന്ന് കുത്തിവെപ്പ്‌

*HIV വൈറസ്‌ എങ്ങനെയാണ്‌ ശരീരത്തിൽ പ്രവർത്തിക്കുന്നത്‌?

നമ്മുടെ രക്തത്തിലെ വെള്ള രക്താണുക്കളില്‍ പെട്ട CD4 കോശങ്ങളെയാണ് വൈറസ് ആക്രമിക്കുക. നമ്മുടെ രോഗ പ്രതിരോധശക്തിയെ നിയന്ത്രിക്കുന്നതില്‍ വളരെ വലിയ പങ്ക്‌ വഹിക്കുന്ന കോശങ്ങളാണ് ഇവ. രക്തത്തില്‍ എത്തുന്ന രോഗാണുക്കള്‍ ഈ കോശങ്ങളില്‍ ആദ്യമേ പറ്റിപ്പിടിക്കും.

ഇത്തരം കോശങ്ങളെ മാത്രം തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രത്യേക തരം റിസപ്‌റ്റെറുകള്‍ ഈ വൈറസിന്‍റെ പുറത്തുണ്ട്. ഇങ്ങനെ അകത്തു കയറുന്ന അണുക്കള്‍ അവരിലെ ജനിത വസ്തുക്കള്‍ പ്രത്യേക എന്‍സൈമുകള്‍ ഉപയോഗിച്ച് കോശങ്ങളുടെ DNA യുമായി ചേര്‍ക്കുന്നു. ഇത്തരത്തിലാണ് അവര്‍ വളരുന്നത്‌. ഇങ്ങനെ അണുബാധ ഏല്‍ക്കുന്ന കോശങ്ങള്‍ പതിയെ നശിക്കുകയും, CD4 കോശങ്ങളുടെ എണ്ണം കുറയുന്നതനുസരിച്ചു നമ്മുടെ രോഗ പ്രതിരോധശക്തി കുറയുകയും ചെയ്യും. അതോടെ മറ്റു രോഗാണുക്കളും അസുഖങ്ങളും നമ്മളെ ബാധിക്കും . മരണ കാരണം പലപ്പോഴും ഇങ്ങനെ ഉണ്ടാകുന്ന അസുഖങ്ങളാണ് .

*രോഗ ലക്ഷണങ്ങള്‍

വൈറസ്‌ ഉള്ളില്‍ കടന്നാല്‍ ഏകദേശം ഒന്ന് രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ചെറിയ രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങും . ചിലരില്‍ വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക . രോഗാവസ്ഥയുടെ പല ഘട്ടങ്ങളിലും പലതരത്തിലുള്ള ലക്ഷണങ്ങള്‍ ആണ് ഉണ്ടാവുക.

ഒന്നാം ഘട്ടം: പ്രൈമറി HIV അണുബാധ

വൈറല്‍ പനിപോലുള്ള ലക്ഷണങ്ങളാണ് ഈ ഘട്ടത്തില്‍ ഉണ്ടാവുക. വൈറസ്ബാധ ഉണ്ടായി ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷണങ്ങള്‍ കാണാം. പനി, ശരീരവേദന , തൊണ്ടവേദന, തലവേദന, ചുവന്ന പാടുകള്‍, കഴുത്തില്‍ കഴലവീക്കം എന്നിവ ഈ ഘട്ടത്തില്‍ ഉണ്ടാവാം. രോഗാണുക്കള്‍ രക്തത്തില്‍ വളരെയധികം കാണപ്പെടുന്ന ഈ ഘട്ടത്തില്‍ തന്നെയാണ് അണുബാധ മറ്റുള്ളവരിലേക്ക് പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യത.

രണ്ടാം ഘട്ടത്തില്‍ കഴുത്തിലെ കഴലവീക്കം മാത്രമായിരിക്കും പലപ്പോഴും ലക്ഷണം. പലരിലും ഈ ഘട്ടം 10 വര്‍ഷങ്ങള്‍ വരെ നീളും. വൈറസ് ശരീരത്തില്‍ വെള്ള രക്താണുക്കള്‍ക്കുള്ളില്‍ പതിയെ വളരുന്ന സമയമാണ് ഇത്. മൂന്നാം ഘട്ടം ആകുമ്പോള്‍ രക്താണുക്കളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകും.

ശോഷിച്ച രോഗപ്രതിരോധ വ്യവസ്ഥ മൂലമുള്ള ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ ഉണ്ടാകും . തുടര്‍ച്ചയ പനി, ചുമ, വയറിളക്കം, വായില്‍ പൂപ്പല്‍, ഭാരം കുറയുക ഇവയൊക്കെ ഈ ഘട്ടത്തില്‍ ഉണ്ടാകും. നാലാം ഘട്ടത്തില്‍ ആണ് മറ്റു അണുബാധകള്‍ നമ്മളെ ആക്രമിച്ചു തുടങ്ങുക. അത്‌ മൂലമുള്ള ലക്ഷണങ്ങള്‍ ആണ് പ്രധാനമായും ഉണ്ടാവുക.

*HIV അണുബാധ കണ്ടെത്തുന്നത് എങ്ങനെ ?

NACO നിയന്ത്രണത്തില്‍ നടത്തുന്ന ICTC(Integrated Counselling and Testing Centres) ലാബിലാണ് പരിശോധനകള്‍ നടത്തുക. അണുബാധയുടെ ലക്ഷണങ്ങള്‍ ഉള്ളവരെ ഇവിടെ വിട്ടാല്‍ അവര്‍ രക്ത പരിശോധന നടത്തും. രോഗം ഉറപ്പിക്കാന്‍ മൂന്നു തരത്തിലുള്ള ടെസ്റ്റുകള്‍ ആണ് ഉപയോഗിക്കുക. Rapid screening test, പോസിറ്റീവ് ആയവരെ ELISA, Western Blot തുടങ്ങിയ പരിശോധനകള്‍ നടത്തി അസുഖം ഉണ്ടോ എന്ന് ഉറപ്പാക്കും.

കൃത്യമായ റിസള്‍ട്ട്‌ ലഭിച്ചില്ലെങ്കില്‍ 2 ആഴ്ചക്ക് ശേഷം വീണ്ടും test ചെയ്യാറുണ്ട്. ഈ പരിശോധനകള്‍ ഒക്കെ കണ്ടെത്തുന്നത് നമ്മുടെ രക്തത്തില്‍ HIV വൈറസിന് എതിരെ ഉണ്ടായിട്ടുള്ള ആന്റിബോഡികളെയാണ്. അണുക്കള്‍ ഉള്ളില്‍ കടന്നു ഈ ആന്റിബോഡി ഉണ്ടാവാന്‍ ഒരു നിശ്ചിത സമയം വേണം. ഈ സമയത്ത് ഇത്തരം ടെസ്റ്റുകള്‍ക്ക് അണുബാധ കണ്ടെത്താന്‍ സാധിക്കില്ല. ഈ കാലയളവിനെ വിന്‍ഡോ പീരീഡ്‌ എന്നാണ് പറയുക.

സാധാരണ ഒന്ന് മുതല്‍ മൂന്ന് മാസം വരെയാണ്‌ ഈ കാലയളവിന്റെ നീളം. നമ്മുടെ രക്ത ബാങ്കുകളില്‍ ഇത്തരം പരിശോധനകളാണ് ഉപയോഗിക്കുക. അതുകൊണ്ട് ചിലപ്പോള്‍ അണുബാധ കണ്ടെത്താതെ പോകാന്‍ സാധ്യതയുണ്ട്. ഈ അടുത്തയിടക്ക്‌ RCCയില്‍ ചികിത്സയില്‍ ഇരുന്ന കുട്ടിക്ക് HIV അണുബാധ ഉണ്ടായതും അതിനു ശേഷം ഉണ്ടായ വിവാദവും ഓര്‍മ്മയുണ്ടല്ലോ.

എന്നാല്‍ ഈ വിന്‍ഡോ സമയത്തും രോഗം സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ ഇന്ന് ലഭ്യമാണ്. p24 antigen PCR വഴി കണ്ടെത്തുന്നതും, വൈറസിന്‍റെ സാന്നിധ്യം ഉറപ്പിക്കുന്ന NAT(Nucleic acid-based tests) പരിശോധനകളും ഇതിനു സഹായിക്കും. അസുഖം ബാധിച്ചറ രണ്ടാഴ്ചക്കുള്ളില്‍ ഈ പരിശോധന വഴി അണുബാധ സ്ഥിരീകരിക്കാം .

*HIV-AIDS ചികിത്സ സേവനങ്ങള്‍ ഇന്ത്യയില്‍

NACO ആണ് ഇന്ത്യയില്‍ AIDS ചികിത്സയും നിയന്ത്രണവും ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.100 ശതമാനം കേന്ദ്ര ഫണ്ട്‌ ലഭിക്കുന്ന NACOക്ക് എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റി ഉണ്ട്. ജില്ലാഘടകങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. നാഷണല്‍ എയിഡ്സ് കണ്ട്രോള്‍ പ്രോഗ്രാം(NACP) വഴിയാണ് പ്രവര്‍ത്തനങ്ങള്‍ . ഇപ്പോള്‍ NACP നാലാം ഘട്ടമാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ഘട്ടത്തിലും പ്രത്യേക ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുള്ള പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് NACO ചെയ്തത്. നല്ല നിലയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതിന്‍റെ തെളിവാണ് HIV അണുബാധയും, അനുബന്ധ അസുഖങ്ങളും മരണവും കുറയുന്നത്. കേരളത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് കേരള എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റി ആണ്. അവര്‍ നല്‍കുന്ന സേവനങ്ങള്‍ ഇവയാണ്

  1. ICTC – Integrated Counselling and Testing Centres: ‘ജ്യോതിസ്’

HIV രോഗബാധ കണ്ടുപിടിക്കാനുള്ള സൗകര്യമാണ് ജ്യോതിസില്‍ ഉള്ളത് . ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് പരിശോധനക്ക് എത്തുന്നവര്‍ക്ക് രക്ത പരിശോധനക്ക് മുന്‍പും ശേഷവും കൗണ്‍സിലിംഗ് സേവനവും നല്‍കുന്നുണ്ട്. 3 തരത്തിലുള്ള പരിശോധനകള്‍ ഇവിടെ സൌജന്യമായി ലഭ്യമാണ്. നിലവില്‍ കേരളത്തില്‍ 163 ജ്യോതിസ് കേന്ദ്രങ്ങളുണ്ട് .

  1. ART CENTRES- Anti Retroviral Treatment- ‘ഉഷസ്’

HIV അണുബാധക്കും, രോഗപ്രതിരോധം കുറയുമ്പോള്‍ ഉണ്ടാകുന്ന മറ്റു അണുബാധകള്‍ക്കും ചികിത്സ നല്‍കുന്നത് ഈ വിഭാഗത്തിലാണ്. ഒപ്പം CD4 കോശങ്ങളുടെ എണ്ണം നോക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കേരളത്തില്‍ ആറ്‌ ഉഷസ് കേന്ദ്രങ്ങളാണ് ഉള്ളത് . മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ സേവനങ്ങളും സൗജന്യമാണ്. 2004ൽ ആദ്യമായി എയിഡ്സ് രോഗികള്‍ക്ക് ART കേന്ദ്രങ്ങള്‍ ആരംഭിച്ചതും ഇന്ത്യയിലാണ്‌.

  1. Targeted Intervention (TI) – ‘സുരക്ഷ’

അണുബാധ സാധ്യത കൂടുതലുള്ള പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള സേവനങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ നല്‍കുക .കേരളത്തില്‍ 52 സുരക്ഷ കേന്ദ്രങ്ങളുണ്ട്. ഈ ടാര്‍ഗറ്റ് ഗ്രൂപ്പിലെ ആളുകള്‍ക്ക് ബോധവല്കരണം നല്‍കുക , സുരക്ഷിത ലൈംഗികബന്ധത്തിന് വേണ്ട നിര്‍ദേശങ്ങളും, സുരക്ഷാമാര്‍ഗ്ഗങ്ങളും നല്‍കുക തുടങ്ങിയവയാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍.

  1. STI CLINICS –Sexually Transmitted Infection Clinics -‘പുലരി’

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴി ഉണ്ടാകുന്ന അണുബാധകള്‍ ചികിത്സിക്കാനും തടയാനും ഉള്ള കേന്ദ്രങ്ങളാണ് പുലരി . കേരളത്തില്‍ 21 പുലരി കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും, ജില്ലാ ആശുപത്രികളിലുമായി പ്രവര്‍ത്തിക്കുന്നു .

  1. BLOOD SAFETY

രക്തവും രക്ത ഘടകങ്ങളും സ്വീകരിക്കുന്നതിലൂടെ അണുബാധ ഉണ്ടാകുന്നതു തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതില്‍ . സന്നദ്ധ രക്തധാനം കൂട്ടുകയാണ് ഇതിലെ പ്രധാന പ്രവര്‍ത്തനം. ഒപ്പം രക്തബാങ്കുകളുടെ പ്രവര്‍ത്തനം ക്രോഡീകരിക്കുന്നതും ആവശ്യമായ സുരക്ഷ മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുന്നതും ഇവരാണ്

*പരിമിതികളും വെല്ലുവിളികളും

  • സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സാമ്പത്തിക നീക്കിവെപ്പ് കുറഞ്ഞതും കേന്ദ്ര ഫണ്ടിംഗ് കുറഞ്ഞതും പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട് .
  • തദ്‌ഫലമായി ഗവേഷണങ്ങളുടെ ഭാഗമായി കണ്ടുപിടിക്കപെട്ട കൂടുതല്‍ ഫലപ്രദമായ മരുന്നുകള്‍ നമ്മുടെ ജനങ്ങള്‍ക്ക്‌ നല്കാന്‍ സാധിക്കുന്നില്ല .
  • ചികിത്സ കേന്ദ്രങ്ങളുടെയും, പരിശോധനാസൗകര്യങ്ങളുടെയും എണ്ണത്തില്‍ വലിയ കുറവുകളുണ്ട്. നീണ്ട ദൂരം താണ്ടി വേണം നിലവില്‍ ആളുകള്‍ പുലരി കേന്ദ്രങ്ങളില്‍ എത്തുവാന്‍ .
  • അസുഖം വേഗം കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകള്‍ ഉള്ള ലാബുകള്‍ നിലവില്‍ കുറവാണ്‌.
  • രക്ത ബാങ്കുകളില്‍ NAT പരിശോധന നിര്‍ബന്ധമാക്കെണ്ടതുണ്ട്. RCC സംഭവം ഇനിയും ആവര്‍ത്തിച്ചു കൂടാ
  • പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവും ഗവേഷണ സൗകര്യങ്ങളുടെ കുറവും പ്രവര്‍ത്തനങ്ങളുടെ വേഗത കുറക്കുന്നുണ്ട്‌
  • ഇത്രയധികം ബോധവല്കരണം നടത്തിയിട്ടും സമൂഹം HIV അണുബാധിതരോട് മോശമായ സമീപനമാണ് കാണിക്കുന്നത്. കൂടെ താമസിപ്പിക്കാനോ, ഒരു സ്കൂളില്‍ പഠിക്കാനോ സമ്മതിക്കാത്ത സാഹചര്യമുണ്ട് .

ഹൈ റിസ്ക്‌ സമൂഹത്തില്‍ ഇന്നും അണുബാധ കൂടുതല്‍ തന്നെയാണ്‌.

2016 വർഷത്തിൽ ഇന്ത്യയിൽ പുതിയതായി 80000 HIV അണുബാധകൾ ഉണ്ടായിട്ടുണ്ട്‌. 62000 മരണങ്ങളും എയിഡ്‌സ്‌ ബാധയെത്തുടർന്നുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങളാൽ ഉണ്ടായിട്ടുണ്ട്‌. കഴിഞ്ഞ വർഷം എയിഡ്‌സുമായി ജീവിച്ചിരുന്ന 2,100,000 പേരിൽ 49% പേരാണ്‌ കൃത്യമായി ആന്റി റിട്രോവൈറൽ തെറാപ്പി എടുക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നത്‌. ലോകവ്യാപകമായി 19.5 മില്യൺ ജനങ്ങൾ ഈ ചികിത്സ തേടുന്നുണ്ട്‌.

2017 ലെ ദേശീയ ആരോഗ്യ പോളിസി പ്രകാരം വിഭാവനം ചെയ്തിരിക്കുന്നതില്‍ പ്രധാനപ്പെട്ട ഒന്ന്, 2020 വർഷത്തോടെ അമ്മയില്‍ നിന്ന് ശിശുവിലെക്കുള്ള എച്ച് ഐ വി രോഗബാധ ഇല്ലാതെയാക്കണം എന്നതാണ്.ഇത്തരം ലക്ഷ്യങ്ങള്‍ക്കായി എച്ച് ഐ വി നിയന്ത്രണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടത്തേണ്ടതുമുണ്ട്‌.

ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ