· 8 മിനിറ്റ് വായന

അലർജി ടെസ്റ്റിംഗും തട്ടിപ്പും

കിംവദന്തികൾ

പണ്ട് കേട്ടൊരു കഥയാണ്,

മരിച്ച് പരലോകത്ത് എത്തിയ ഒരാളുടെ മുന്നിൽ 2 ബോർഡുകൾ കണ്ടു, ഒന്നിൽ സ്വർഗ്ഗമെന്നും മറ്റേതിൽ നരകമെന്നും എഴുതിയിരുന്നു. സ്വർഗ്ഗമെന്നെഴുതിയ ബോർഡ് അനാകർഷകമായിരുന്നു. നരകത്തിന്റെ ബോർഡാണെങ്കിലോ, വർണ്ണശബളം. തരുണീമണികളുടെ ചിത്രാലംകൃതമായ ആ ബോർഡിൽ വിവരിച്ചിരിന്നു, നരകം എത്ര മനോഹരമാണെന്ന്!

ഇങ്ങനൊന്നുമല്ലല്ലോ കേട്ടിരിക്കുന്നത്, സത്യമാവുമോ എന്നൊക്കെ സംശയം തോന്നിയെങ്കിലും ഒടുവിൽ കരിമ്പും കാട് കണ്ട ആനയെപ്പോലെ
നരകത്തിലേക്ക് ചാടിയോടിപ്പോയി കക്ഷി.

അകത്തു ചെന്നപ്പോഴാകട്ടെ അതൊന്നും അവിടെ കാണുന്നില്ല, പകരം കേട്ടറിഞ്ഞത് പോലെ തീച്ചൂളയും ചാട്ടവാറടിയുമൊക്കെ! കഷ്ടപ്പെട്ട് അയാൾ ചെകുത്താനെ കണ്ടെത്തി ചോദിച്ചു,
“ഇതെന്താ ഇങ്ങനെ ഒന്നും അല്ലല്ലോ പുറത്ത് വലിയ ഡെക്കറേഷനായി എഴുതി വെച്ചിരിക്കുന്നത്, എവിടെ ചിത്രത്തിലെ രംഭ, മേനക, തിലോത്തമ? ”

“മഠയാ, അത് നരകത്തിന്റെ പരസ്യമാണ്. പരസ്യത്തിൽ കാണുന്നതൊക്കെ ഉള്ളിലുണ്ടാവും
എന്ന് വിചാരിക്കുന്നത് എത്ര മണ്ടത്തരമാണ്! ഇത്രയും നാൾ ഭൂമിയിൽ താമസിച്ചിട്ട് ഇതൊന്നും മനസ്സിലായില്ലല്ലേ. പോയി 10 അടി കൂടുതൽ കൊള്ളൂ” എന്ന് ഡെവിൾ.

ഈ തമാശക്കഥയിൽ പരസ്യങ്ങളെ സംബന്ധിച്ചുള്ള ഒരു വലിയ സത്യം അടങ്ങിയിട്ടുണ്ട്, മിന്നുന്നതെല്ലാം പൊന്നല്ല എന്നും, പ്രലോഭിതരായി തട്ടിപ്പിൽ വീഴാനുള്ള മനുഷ്യരുടെ പ്രവണത നൈസർഗ്ഗികമാണെന്നതും.

ഇമ്മാതിരി ഒരു പരസ്യം ഇടയ്ക്കിടെ കേരളത്തിലെ പ്രമുഖ പത്രങ്ങളുടെ ഫ്രണ്ട് പേജ് മുഴുവനായി നിറഞ്ഞ് വരാറുള്ളത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവും, പ്രത്യേകിച്ച് അലർജി അലട്ടുന്നവർ.

“നിങ്ങളുടെ അലർജി ടെസ്റ്റ് ഇപ്പോൾ തന്നെ നടത്തൂ” “ഒറ്റ പരിശോധനയിലൂടെ അലർജിയുടെ കാരണം കണ്ടെത്താം”
“പകുതിയിൽ താഴ്ന്ന നിരക്കിൽ…”
എന്നൊക്കെയുള്ള ആകർഷകമായ വാഗ്ദാനങ്ങളും, അൽപ്പം ശാസ്ത്രീയ വിവരണങ്ങളും, കുറെയധികം തെറ്റിദ്ധാരണാജനകമായ കാര്യങ്ങളുമൊക്കെ അടങ്ങിയ ഒരു പരസ്യം.

“രോഗനിർണയം ആണ് അലർജി ചികിത്സയ്ക്കുള്ള ഏകമാർഗ്ഗം” എന്നൊക്കെയുള്ള കൃത്യതയില്ലാത്ത (എന്നാൽ ആകർഷണീയമായ) ചില വാചകങ്ങളുമുണ്ട്.

അലർജിക്കെന്നല്ല ഏത് രോഗ ചികിത്സയ്ക്കും രോഗനിർണ്ണയം സുപ്രധാനമാണ്, എന്നാൽ അതിനായി ലാബ് ടെസ്റ്റുകൾ മാത്രമല്ല പ്രധാനം, മറ്റനേകം ഘടകങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്.

പരസ്യത്തിന്റെ വലിപ്പവും അവതരണരീതിയും കൊണ്ട് അനേകം പേർ സ്വമേധയാ പോയി ടെസ്റ്റുകൾ ചെയ്യുകയോ, അതിന്റെ സാംഗത്യത്തെക്കുറിച്ച് അന്വേഷിച്ചു നടക്കുകയോ ചെയ്തിട്ടുണ്ട്.

തുടക്കത്തിൽ തന്നെ പറയട്ടെ ഈയൊരു ടെസ്റ്റ് മാത്രം ചെയ്തതു കൊണ്ട് ഉദ്ദേശിച്ച നേട്ടമൊന്നും ഉണ്ടാവണമെന്നില്ല. അസൗകര്യവും ധനനഷ്ടവും ആശയക്കുഴപ്പങ്ങളും ആവശ്യത്തിന് മനസമാധാനക്കേടും ഉണ്ടാവുകയും ചെയ്യാം. തുടക്കത്തിലേ ടെസ്റ്റ് ചെയ്യുന്നത് ചികിത്സയിൽ പലപ്പോഴും കാര്യമായ സ്വാധീനം ഉണ്ടാവാറില്ലയെന്നതും കണക്കിലെടുത്താൽ ഇത്രയും തുക അനാവശ്യമായി ചിലവാക്കേണ്ടതില്ല. രോഗലക്ഷണമുള്ളവർ ഡോക്ടറെ കണ്ട് നിർദേശപ്രകാരം, ആവശ്യമുള്ള ടെസ്റ്റുകൾ മാത്രം ചെയ്യുക.

കേവലം ടെസ്റ്റ് റിസൾട്ടുകൾ മാത്രം വച്ച് ഒരു ആധുനിക വൈദ്യശാസ്ത്ര ചികിത്സകനും രോഗനിർണയമോ ചികിത്സാവിധിയോ അനുവർത്തിക്കാൻ ഭൂരിഭാഗം സാഹചര്യങ്ങളിലും സാധിക്കുകയില്ല, പ്രത്യേകിച്ച് അലർജി ചികിത്സയുടെ കാര്യത്തിൽ.

പല കാരണങ്ങളാൽ ഈ പരസ്യങ്ങളെല്ലാം തെറ്റിദ്ധാരണാജനകമാണെന്നും, വ്യാവസായിക താൽപ്പര്യം മുൻനിർത്തിയുള്ള ഇത്തരം രീതി അനുചിതവുമാണെന്നുമുള്ള ചർച്ച അന്നാളുകളിലേ നടന്നിരുന്നു.

ടെസ്റ്റുകൾ സ്വമേധയാ നടത്തുന്നതിൽ അപാകതയെന്തെങ്കിലുമുണ്ടോ?

അലർജി രോഗനിർണ്ണയമെങ്ങനെ എന്ന് പറയുന്നതിന് മുൻപ് പൊതുവിൽ ആധുനിക വൈദ്യശാസ്ത്രം എങ്ങനെയാണ് രോഗനിർണ്ണയം നടത്തുന്നതെന്ന് ലളിതമായി വിവരിക്കാൻ ശ്രമിക്കാം.

? ആധുനിക വൈദ്യശാസ്ത്രത്തിൽ
രോഗനിർണയത്തിനുപയോഗിക്കുന്ന അനേകം ഉപാധികളിൽ ചിലത് മാത്രമാണ് ലാബ് പരിശോധനകൾ, X ray, സ്കാനുകൾ തുടങ്ങിയവ.

? രോഗഹേതുവായ വില്ലനെ കണ്ടെത്തുന്നതിൽ ഒരു കുറ്റാന്വേഷകന്റെ ചാതുര്യത്തോടെ രോഗിയുടെ മെഡിക്കൽ ഹിസ്റ്ററി അഥവാ രോഗവിവര ചരിത്രങ്ങൾ സിസ്റ്റമാറ്റിക്കായി ഡോക്ടർ ചോദിച്ചറിയുന്നതാണ് രോഗ നിർണ്ണയത്തിലെ ആദ്യപടി. അതിനാവട്ടെ കൃത്യമായ ചിട്ടയും രീതികളുമുണ്ട്.

? രോഗി ഇങ്ങോട്ട് അവതരിപ്പിക്കുന്നത് കൂടാതെ, ചോദ്യങ്ങളിലൂടെ പ്രസക്തമായ പലതും ചികഞ്ഞെടുക്കുകയും ഡോക്ടർ ചെയ്യും.

ഇവയെ ആസ്പദമാക്കി,
സാധ്യതയുള്ള രോഗാവസ്ഥകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നു, ചില സാധ്യതകളെ തള്ളിക്കളയുന്നു.

? ശേഷം അവയുമായി ബന്ധപ്പെട്ട ശാരീരിക നിരീക്ഷണങ്ങളും പരിശോധനകളും പടിപടിയായി ചെയ്യുന്നു. പൾസ്, ബി പി പോലുള്ള പൊതുവായ പരിശോധനകൾക്കു ശേഷം, പ്രസക്തമായ അവയവ വ്യവസ്ഥയുമായി ബന്ധപ്പെട്ട വിവിധ ശാരീരിക പരിശോധനകളും ചെയ്യുന്നു. ഇതൊക്കെ ഓരോ രോഗത്തിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും.

? ശാരീരിക പരിശോധനകളിൽ ഉള്ള കണ്ടുപിടുത്തങ്ങളെയും നിഗമനങ്ങളെയും ആസ്പദമാക്കി ആയിരിക്കും കൂടുതൽ ടെസ്റ്റുകൾ വേണോ വേണ്ടയോ/ ഏതൊക്കെ ടെസ്റ്റുകൾ വേണം പോലുള്ളവ ഡോക്ടർ തീരുമാനിക്കുക.

? ടെസ്റ്റ് റിസൾട്ട് കിട്ടുമ്പോ അത് ഡോക്ടർ മുൻപ് ഹിസ്റ്ററിയിലൂടെയും ശരീര പരിശോധനയിലൂടെയും ശേഖരിച്ച വിവരങ്ങളുമായി കൂട്ടിച്ചേർത്ത് വെച്ചാകും രോഗനിർണ്ണയത്തിലേക്ക് എത്തിക്കുകയോ ഉറപ്പിക്കുകയോ ചെയ്യുക. കൂടി ചേരാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ ടെസ്റ്റുകൾ വീണ്ടും ചെയ്യാൻ നിർദ്ദേശിക്കാം. ഏതെങ്കിലും ദിശയിലേക്കു നയിക്കുന്ന പുതിയ ക്ലൂകൾ കിട്ടിയാൽ കൂടുതൽ വിശദ പരിശോധനകൾ നിർദ്ദേശിച്ചേക്കാം.

? ശാരീരിക വ്യതിയാനങ്ങളും അവസ്ഥകളും ടെസ്റ്റ് റിസൾട്ടുകളും തമ്മിൽ പരസ്പരം കോർത്തിണക്കിയാണ്, ശാസ്ത്രീയമായ കൺക്ലൂഷൻലേക്ക് അല്ലെങ്കിൽ രോഗനിർണയത്തിലേക്ക് എത്തുന്നത്. കേവലമൊരു ലാബ് റിപ്പോർട്ട് മാത്രം കണ്ട് കൃത്യമായി ഒരു രോഗം നിർണയിക്കാൻ ഒട്ടുമിക്കപ്പോഴും കഴിയണമെന്നില്ല, അങ്ങനെ ചെയ്‌താൽ തെറ്റായ രോഗനിർണ്ണയത്തിൽ എത്താനും സാധ്യത ഉണ്ട്. 100% കൃത്യതയുള്ള ടെസ്റ്റ് റിസൾട്ടുകൾ ഇല്ലായെന്നതും കണക്കിലെടുക്കണം. പല ഘടകങ്ങളാൽ നേരിയ വ്യതിയാനങ്ങളും തെറ്റുകളും ടെസ്റ്റ് റിസൾട്ടുകളിൽ വരാം.

ഇനി ഈ പറഞ്ഞ ഘട്ടങ്ങളെ എല്ലാം ഒരു ഉദാഹരണം സഹിതം പെട്ടന്നൊന്ന് വിലയിരുത്തി നോക്കാം.

ഒരു തലവേദനയുമായി രോഗി വരുന്നു എന്ന് കരുതുക.

തലവേദനയുടെ കാരണങ്ങൾ നിരവധിയാണ്. ജലദോഷം മുതൽ മെനിഞ്ചൈറ്റിസ് വരെയുള്ള അണുബാധയാവാം, ടെൻഷനോ, മൈഗ്രേനോ, കണ്ണിന്റെ പ്രശ്നമോ മുതൽ ബ്രെയിൻ ട്യൂമർ വരെ എന്തുമാവാം. രോഗിയെ നേരിൽ കണ്ട്, അയാളുടെ പ്രായം, തലവേദനയുടെ സ്വഭാവം, തീവ്രത, അനുബന്ധ ശാരീരിക അസ്വസ്ഥതകൾ ഒക്കെ ചോദിച്ചു മനസിലാക്കി, വേണ്ട ശാരീരിക പരിശോധനകളും നടത്തുമ്പോൾ ആ രോഗിക്ക് എന്തുകൊണ്ടായിരിക്കാം തലവേദനയെന്ന് ഡോക്ടർക്ക് ഏകദേശ ധാരണ ഉണ്ടാവുന്നു. ശേഷം, ഏറ്റവും ആവശ്യമായ പരിശോധനയ്ക്ക് (അതും ആവശ്യമുണ്ടെങ്കിൽ മാത്രം) വിടുന്നു.

? എന്നാലീ മേൽപ്പറഞ്ഞ ശാസ്ത്രീയ രോഗ നിർണ്ണയ പ്രക്രിയ റിവേഴ്സ് ഓർഡറിൽ ചെയ്യുന്നത് ആശാസ്യമല്ല.

ഉദാ: തലവേദന ഉള്ളവരെല്ലാം വരൂ കുറഞ്ഞ നിരക്കിൽ സി ടി സ്കാൻ ചെയ്ത് കൊടുക്കപ്പെടും, മെനിഞ്ചൈറ്റിസ് മുതൽ വിവിധ ട്യൂമർ നിർണ്ണയത്തിൽ ഈ പരിശോധന നിർണ്ണായകം എന്നൊരു പരസ്യം ചെയ്ത് ആളെ കൂട്ടുന്നത് ചിന്തിച്ച് നോക്കൂ ?!

?അത് പോലെയാണ് അലർജി രോഗം നിർണ്ണയിക്കാൻ ഓടി വരൂ ഈ രക്ത പരിശോധനകൾ ചെയ്യൂ എന്ന പരസ്യം.

അലർജിയെ പറ്റിയുള്ള ഒരു ലേഖനം ഇൻഫോ ക്ലിനിക്കിൽ പ്രസിദ്ധീകരിച്ചിരുന്നു. (ലിങ്ക് കമന്റിൽ)

അലർജി രോഗ നിർണ്ണയം എങ്ങനെ?

ഡോക്ടറുടെ നിർദേശത്തോടെ കൂടിയല്ലാതെ അലർജി ടെസ്റ്റുകൾ ചെയ്യുന്നത് അശാസ്ത്രീയമായ സമീപനമാണ്.

എന്തു കൊണ്ടെന്നാൽ,

?. സ്റ്റാൻഡേർഡ് ടെക്സ്റ്റ് ബുക്കുകളും, ചികിത്സാ പ്രോട്ടോക്കോളുകളും പറയുന്നത് പ്രകാരം അലർജി രോഗം സംശയിക്കുന്ന ഒരാളിൽ രോഗനിർണയം നടത്തുന്നതിൽ ഏറ്റവും പ്രധാനം രോഗിയുടെ രോഗവിവരങ്ങൾ (മെഡിക്കൽ ഹിസ്റ്ററി) ചോദിച്ചറിയൽ പ്രക്രിയയാണ്.

?. ടെസ്റ്റ് റിസൾട്ടുകൾ മാത്രം ആസ്പദമാക്കി അലർജി രോഗ നിർണ്ണയം നടത്തുന്നത് അശാസ്ത്രീയമാണ്.

ഇതേക്കുറിച്ച് വിശദമായി പറയാം,

അലർജി രോഗ നിർണ്ണയ നടപടിക്രമങ്ങൾ

1. അലർജി തന്നെയാണോ രോഗം എന്നത് ആദ്യം കണ്ടെത്തണം!

അലർജിയുടെ ലക്ഷണങ്ങളായി പരസ്യത്തിൽ വിവരിച്ചിരിക്കുന്നതിന് സമാനമായ ലക്ഷണങ്ങൾ മറ്റ് രോഗങ്ങൾക്കും ഉണ്ടാവാം.
ഉദാ: പരസ്യത്തിൽ പറഞ്ഞിരിക്കും പോലെ ചർമത്തിൽ ചുവപ്പുനിറം, പാടുകൾ, ചൊറിച്ചിൽ, വയറുവേദന, അതിസാരം, ചുമ, ശ്വാസതടസ്സം എന്നിവയൊക്കെ ചില നിസാര രോഗങ്ങളുടെയും അനവധി ഗുരുതര രോഗങ്ങളുടെയും ലക്ഷണങ്ങളാവാം.

മേൽപ്പറഞ്ഞ ലക്ഷണങ്ങളുള്ളവർ എല്ലാം അലർജി ടെസ്റ്റിനായി സ്വമേധയാ പോവേണ്ടതില്ല. പകരം ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്.

2. അലർജി തന്നെയാണെന്ന നിഗമനത്തിൽ ഡോക്ടറെത്തിയാൽ അടുത്ത നടപടി എന്ത്?

എന്തൊക്കെയാണ് അലർജി ഉണ്ടാക്കാൻ കാരണമായത് എന്ന് അന്വേഷണം നടത്തി കണ്ടെത്തുന്നത് പ്രധാന പ്രക്രിയയാണ്. അലർജിയുണ്ടാക്കുന്ന പദാർത്ഥങ്ങളെ അലർജൻ എന്ന് വിളിക്കുന്നു.

ഏത് വസ്തുവുമായി സമ്പർക്കത്തിൽ വന്നപ്പോൾ / കഴിച്ചപ്പോൾ ഉദാ: മരുന്നുകൾ, ഹൗസ് ഡസ്റ്റ്, ചില ഭക്ഷ്യവസ്തുക്കൾ (സീ ഫുഡ് പോലുള്ളവ അലർജിയുണ്ടാക്കുന്നത് സാധാരണമാണ്), വീട്ടിൽ വളർത്തുന്ന പക്ഷിമൃഗാദികൾ, ചെറു പ്രാണികൾ etc.

ഇത്തരം സംഭവങ്ങൾ ഡയറിയിൽ കുറിച്ച് സൂക്ഷിച്ചു വെക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. പലപ്പോഴും ഇത്തരം അലർജിക്ക് കാരണമായ വസ്തുക്കൾ കണ്ടെത്തി തിരിച്ചറിഞ്ഞു പൂർണ്ണമായും ഒഴിവാക്കുന്നതിലൂടെ തന്നെ അലർജി അറ്റാക്കുകൾ ലളിതമായി ഒഴിവാക്കാൻ കഴിയാറുണ്ട്.

അലർജി രോഗനിർണ്ണയവുമായി ബന്ധപ്പെട്ട പരിശോധനകൾ അടുത്ത ഘട്ടത്തിൽ ഡോക്ടർ പ്രസക്തമെന്ന് കരുതി നിർദ്ദേശിക്കുന്നെങ്കിൽ മാത്രം മതി.

അലർജി അറ്റാക്കിന്റെ ഫ്രീക്വൻസി, തീവ്രത ഒക്കെ അടിസ്ഥാനമാക്കി കൂടി ആയിരിക്കും ഡോക്ടർ അത്തരം ടെസ്റ്റുകൾ നിർദ്ദേശിക്കുക.

3. അലർജി ടെസ്റ്റുകൾ

പ്രധാനമായും – സ്കിൻ ടെസ്റ്റുകൾ & ബ്ലഡ് ടെസ്റ്റ്

1️⃣ സ്കിൻ ടെസ്റ്റുകൾ

പ്രാഥമികമായി അവലംബിക്കുന്ന ഒന്നാണ് തൊലിപ്പുറത്ത് ചെയ്യുന്ന ഈ പരിശോധനകൾ. സാധാരണ ഗതിയിൽ അലർജിയുണ്ടാക്കുന്ന വസ്തുക്കളുടെ സാമ്പിളുകൾ നേരിയ അളവിൽ കൈയിലെ തൊലിയിൽ പ്രയോഗിച്ചതിന് ശേഷം, അതിന്റെ പ്രതി പ്രവർത്തനമായി തൊലിപ്പുറത്തുണ്ടാവുന്ന മാറ്റങ്ങൾ നിരീക്ഷിച്ചറിയുക എന്നതാണ് രീതി.

രണ്ട് തരം സ്കിൻ ടെസ്റ്റുകൾ ,
i)Skin prick test – ത്വക്കിൽ നേരിയ ഒരു പോറലുണ്ടാക്കി അലർജൻ അടങ്ങിയ ദ്രാവകം അവിടെ ഇറ്റിക്കുന്നു.
ii)അലർജൻ തൊലിക്കടിയിൽ കുത്തി വെക്കുന്ന ടെസ്റ്റ്.

ഇത്തരം സ്കിൻ ടെസ്റ്റുകളുടെ ഗുണങ്ങൾ

a) ലളിതം
b) ദ്രുതഗതിയിൽ മെച്ചപ്പെട്ട റിസൾട്ട് തരുന്നു. ഡോക്ടറെ കാണാൻ പോവുന്ന ദിവസം തന്നെ റിസൾട്ട് കിട്ടുന്നതിനാൽ തുടർ നടപടികൾ അന്ന് തന്നെയാവാം.
c) രക്ത പരിശോധനയുമായി താരതമ്യം ചെയ്യുമ്പോൾ ചിലവ് കുറവ്.
d) രോഗനിർണ്ണയത്തിൽ പ്രസക്തമായ പങ്കു വഹിക്കുന്നു.

സ്കിൻ ടെസ്റ്റുകളുടെ പരിമിതികൾ

a) ടെസ്റ്റ് ചെയ്യുന്ന ആളുടെ പ്രാവീണ്യത്തിനു പ്രസക്തിയുണ്ട്.
b) ചില പ്രത്യേക സാഹചര്യങ്ങളിൽ ചെയ്യാൻ സാധ്യമല്ല, അവ വഴിയേ പ്രതിപാദിക്കാം.

2️⃣ രക്ത പരിശോധന

രക്തത്തിലെ IgE ആന്റിബോഡിയുടെ അളവ് ഉയർന്ന അളവിൽ ഉണ്ടെങ്കിൽ അത് പ്രസ്തുത അലർജനോടുള്ള അലർജി സൂചകമായി കരുതുന്നു.

സ്കിൻ ടെസ്റ്റ് ഒഴിവാക്കി രക്തപരിശോധന നടത്താൻ നിർബന്ധിതമാവുന്ന സാഹചര്യങ്ങൾ,

i) ചില മരുന്നുകൾ (ഉദാ: അലർജിക്കെതിരെയുള്ള മരുന്നുകൾ, ചില വിഷാദത്തിനെതിരെയുള്ള മരുന്നുകൾ etc ) സ്കിൻ ടെസ്റ്റിന്റെ റിസൾട്ടുകളിൽ വ്യതിയാനം ഉണ്ടാക്കും. അത്തരം മരുന്നുകൾ കുറച്ച് ദിവസങ്ങൾ നിർത്തിയിട്ടാവും സ്കിൻ ടെസ്റ്റ് ചെയ്യുക. എന്നാൽ ചില രോഗികളിൽ മരുന്ന് നിർത്തുന്നത് ഭവിഷ്യത്തുകളുണ്ടാക്കുമെങ്കിൽ അത്തരക്കാർക്ക് രക്ത പരിശോധനയാണ് ഉചിതം.

ii) എക്സീമ, സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങൾ അധീകരിച്ച രീതിയിലുള്ളവരിൽ തൊലിപ്പുറത്ത് ടെസ്റ്റ് ചെയ്യാൻ കഴിയാതെ വരും.

iii) സ്കിൻ ടെസ്റ്റിനായി പ്രയോഗിക്കുന്ന അലർജൻ അത്യപൂർവ്വമായി ചിലരിൽ കൂടിയ രീതിയിൽ അലർജിക് റിയാക്ഷൻ ഉണ്ടാക്കുന്ന വേളയിൽ.

3️⃣ ഫുഡ് അലർജി ചലഞ്ച് ടെസ്റ്റ്
നമ്മുടെ നാട്ടിലെ സാഹചര്യങ്ങളിൽ അപൂർവ്വമായി മാത്രം ചെയ്യുന്ന ഒരു ടെസ്റ്റാണിത്. മറ്റു പരിശോധനകളിൽ നിന്നും രോഗനിർണ്ണയം സാധ്യമല്ലാതെ വരുമ്പോൾ ഫുഡ് അലർജി കണ്ടെത്താൻ ഈ ടെസ്റ്റ് ഉപയോഗിക്കുന്നു. ആശുപത്രിക്കുള്ളിൽ വെച്ച് രോഗിക്ക് ഫുഡ് അലർജി സംശയിക്കുന്ന ഭക്ഷ്യ വസ്തു ചെറിയ അളവിൽ കൊടുത്ത് നിരീക്ഷിച്ചു കൊണ്ട് അളവ് പടിപടിയായി കൂട്ടി കൊടുത്ത് രോഗ ലക്ഷണങ്ങൾ നിരീക്ഷിക്കുന്നതാണ് രീതി.

പരാമർശ വിധേയമായ പരസ്യം എന്ത് കൊണ്ട് അധാർമ്മികവും അശാസ്ത്രീയവും അനുചിതവും ആവുന്നു?

ശാസ്ത്രീയമായ രോഗ നിർണ്ണയത്തിലെ പ്രാഥമിക ഘട്ടങ്ങൾ ഒഴിവാക്കുന്നതും, ഡോക്ടറുടെ നിർദ്ദേശ പ്രകാരം അല്ലാതെ ചെയ്യുന്നതും അബദ്ധമാണ് കാരണം,

1) ടെസ്റ്റുകൾ ഒന്നും തന്നെ നൂറു ശതമാനം കൃത്യത ഉറപ്പു തരുന്നില്ല.

?അലർജി ടെസ്റ്റുകൾ ഫോൾസ് പോസിറ്റീവ്, ഫോൾസ് നെഗറ്റീവ് റിസൾട്ട് ഒക്കെ തരാനുള്ള സാധ്യതയുണ്ട്.
ഘടനാപരമായി സാമ്യമുള്ള അലർജനുകൾ തെറ്റായ ഫലം നൽകാം. ഉദാഹരണത്തിന് നിലക്കടലയോട് അലർജി ഉള്ള ഒരാൾക്ക് ഹേസൽ നട്ട് നോട് അലർജി ഇല്ലെങ്കിൽ പോലും അതിൻ്റെ വാല്യൂ തെറ്റായി ഉയർന്നു കാണപ്പെടാം.

?ടെസ്റ്റ് റിസൾട്ടുകളെ മാത്രം അവസാനവാക്കായി കാണാൻ കഴിയില്ല.

രക്തത്തിൽ IgE എന്ന അലർജി സൂചകമായ ഇമ്മ്യൂണോഗ്ലോബുലിൻ ഘടകം ഉയർന്ന് കണ്ടാലും രോഗിയുടെ ലക്ഷണങ്ങൾ അലർജി മൂലം ആകണം എന്ന് നൂറു ശതമാനം ഉറപ്പാക്കാൻ കഴിയില്ല.
അലർജിക്കുള്ള പ്രവണത ഒരാൾക്ക് ഉണ്ടോ എന്ന് തിരിച്ചറിയാമെങ്കിലും, ആ വസ്തു അലർജി രോഗം പ്രായോഗിക തലത്തിൽ ഉണ്ടാക്കും എന്ന് ഉറപ്പില്ല.
അതുപോലെ തിരിച്ചു IgE നോർമൽ ആണെങ്കിൽ പോലും അലർജി ഇല്ലെന്നും പൂർണ്ണമായും ഉറപ്പിക്കാൻ കഴിയില്ല.

ഒരു ഡോക്ടർ രോഗിയെ പരിശോധിക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് സാരം. ടെസ്റ്റുകളൊക്കെ ആ പരിശോധനാ ഫലത്തെ സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രമുള്ളതാണ്.

2)അനവധി നിരവധി അലർജി കാരണമായേക്കാവുന്ന വസ്തുക്കൾ ഒരുമിച്ചു ടെസ്റ്റ് ചെയ്യുന്നതിൽ അമിത സാംഗത്യമില്ല.

രോഗിയുടെ നിത്യജീവിതത്തിൽ അയാൾ ഇടപെടാൻ സാധ്യതയുള്ളതും, മുൻകാലങ്ങളിൽ അലർജിക്ക് കാരണമായി എന്ന് രോഗിക്ക് അനുമാനിക്കാനും തിരിച്ചറിയാനും കഴിഞ്ഞിട്ടുള്ളതുമായ വസ്തുക്കളുടെ പരിശോധനയാണ് കൂടുതൽ പ്രസക്തമായത്. അനാവശ്യമായി കൂടുതൽ കാശുമുടക്കി കൂടുതൽ പരിശോധനകൾ ചെയ്യേണ്ടതില്ല.

ഉദാ: കേരളത്തിൽ താമസിക്കുന്ന ഒരാൾക്ക് അയാൾ സമ്പർക്കത്തിൽ ഒരു കാരണവശാലും വരാത്ത ഒരു വിദേശ ചെടിയുടെ അലർജിയുണ്ടോ എന്ന് പരിശോധിച്ച് നോക്കുന്നതിൽ പ്രസക്തിയില്ല.

പലതരത്തിലുള്ള അലർജികൾ ഉള്ളവർ ഉണ്ട്, ഉദാഹരണത്തിന് വായുവിലൂടെ പരക്കുന്ന വസ്തുക്കളോടുള്ള അലർജി, ഉള്ളിലേക്ക് കഴിക്കുന്ന ഫുഡ് പോലുള്ളവയോടുള്ള അലർജി,
പ്രാണികളുടെയും മറ്റും വിഷം etc. ഒരാൾക്ക് വായുവിലൂടെ സമ്പർക്കം വരുന്ന വസ്തുക്കളോടാണ് നിലവിൽ അലർജി രോഗമെങ്കിൽ പ്രസ്തുത വസ്തുക്കളോടുള്ള പ്രതിപ്രവർത്തനം അളക്കുന്ന ടെസ്റ്റ് മാത്രം പ്രാഥമികമായി നടത്തിയാൽ മതിയാകും.

ഇതൊക്കെ ഡോക്ടറുടെ വിവേചനബുദ്ധിയിൽ തിരിച്ചറിയാവുന്നതാണ്. എന്നാൽ പാനലുകൾ ഉപയോഗിച്ച് പരസ്യം ചെയ്ത് ആളെ കൂട്ടി ടെസ്റ്റ് ചെയ്യുന്നവർ അനേകം അലർജനുകൾ ഒരുമിച്ച് ടെസ്റ്റ് ചെയ്യുകയാണ്.

അധികമായ ഫലം നൽകാൻ ഇടയില്ലാത്ത ഈ വൃഥാ വ്യായാമം തീർച്ചയായും ടെസ്റ്റ് തുക ഉയർത്താനുള്ള കാരണമാവുകയും ചെയ്യും. കാടടച്ച് വെടി വെക്കേണ്ടതില്ലാന്ന് ചുരുക്കം.

3) സ്കിൻ ടെസ്റ്റ് ചെയ്യുന്നതിന് മൂന്നാല് ദിവസം മുമ്പ് മറ്റു ചില കാര്യങ്ങളുണ്ടായാൽ ടെസ്റ്റ് റിസൾട്ടുകളിൽ കൃത്യതയില്ലാതെ വരാം.

ഉദാ: അലർജിക്കുള്ള ചില മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ സ്കിൻ ടെസ്റ്റിൽ വത്യാസങ്ങൾ വരാം. പ്രായത്തിനനുസരിച്ച് വ്യത്യാസങ്ങൾ വരാം.
പരിശോധന സ്റ്റാൻഡേർഡൈസേഷൻ പോലുള്ള കാര്യങ്ങളിൽ ചില വ്യതിയാനങ്ങൾ വരാം.
ഇതുപോലുള്ള ഘടകങ്ങൾ കൂടി കണക്കിലെടുത്ത് വിലയിരുത്തേണ്ടിടത്താണ് ഡോക്ടറുടെ പ്രസക്തി.

4) പരസ്യത്തിൽ സ്കിൻ ടെസ്റ്റിന്റെ പ്രസക്തിയെ കുറച്ച് കാണിക്കുകയും/ തമസ്കരിക്കുകയും ചെയ്തത് അശാസ്ത്രീയ സമീപനമാണ്. രക്തപരിശോധനയിലൂടെ തന്നെ ആവണം അലർജി നിർണ്ണയം എന്ന രീതിയിൽ അർഹിക്കുന്നതിലധികം പ്രാധാനം കൽപ്പിച്ചാണ് പൊതുജന സമക്ഷം അവതരിപ്പിച്ചിരിക്കുന്നത്.

ത്വക്കിൽ കുത്തിയുള്ള ഈ പരിശോധനയോട് രോഗിക്ക് ഒരു പേടിയോ വിരക്തിയോ തോന്നും വിധമാണ് അതിനെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. (സൂചി കുത്ത് കേൾക്കുമ്പോൾ ഉള്ള പലരുടെയും ഭയം മുതലെടുത്ത് ഇത് മെച്ചപ്പെട്ട ഒന്നായി കണ്ട് ഇതിലേക്ക് ആകർഷിക്കപ്പെടും വിധം). എന്നാൽ ഈ പരിശോധന അധികം വേദനയോ അസ്വസ്ഥതയോ രോഗിക്ക് ഉണ്ടാക്കുന്നില്ല നേരിയ ചൊറിച്ചിലും തടിപ്പും മാത്രമാണ് സാധാരണമായി ഉണ്ടാക്കുന്നത്.

സ്കിൻ ടെസ്റ്റുകളും രക്തപരിശോധനയും പരസ്പരം ബന്ധിതമായി വിലയിരുത്താനും കഴിയും.

ഈ പരസ്യത്തിൽ അവകാശപ്പെടുന്ന അത്യാധുനിക മെഷീൻ എന്നു പറയുന്ന സാങ്കേതിക വിദ്യ 1967 മുതൽ ഉപയോഗിക്കപ്പെട്ടതാണ്.

ടെസ്റ്റു റിസൾട്ടുകളിൽ വ്യതിയാനങ്ങൾ കടന്നുവരാനുള്ള സാധ്യതകൾ കൂടി കണക്കിലെടുത്തു വേണം റിസൽട്ടുകൾ അപഗ്രഥിക്കാൻ. കേവലം കടലാസിലെ ഏതാനും അക്കങ്ങളായി മാത്രമല്ല പരിശോധനാ റിസൾട്ടുകളെ പരിഗണിക്കേണ്ടത്.
ആയതിനാൽ രോഗലക്ഷണമുള്ളവർ ഡോക്ടറെ കണ്ട് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം, അതും ആവശ്യമുള്ള ടെസ്റ്റുകൾ മാത്രം ചെയ്യുക.

? ഏതൊരു റിസൾട്ട് അപഗ്രഥിക്കുന്നത് ഒരു ഡോക്ടറാവണം. പരസ്യം ചെയ്തു ടെസ്റ്റ് ചെയ്യുന്ന ലാബുകാർ ഡോക്ടറുടെ സേവനം ഒപ്പം നൽകുന്നില്ല.

?കുറഞ്ഞ നിരക്കിൽ ടെസ്റ്റുകൾ ചെയ്യുന്നു എങ്കിലും ഈ കമ്പനി നടത്തുന്ന ടെസ്റ്റുകളുടെ ഫലങ്ങൾ അനേകം പേർക്ക് ഒന്ന് തന്നെ ആണെന്ന് പരാതികളും മാധ്യമ റിപ്പോർട്ടുകളും മുൻപ് ഉണ്ടായ പശ്ചാത്തലത്തലവും സംശയങ്ങൾ ഉണർത്തുന്നുണ്ട്.

?വ്യവസായ താല്പര്യങ്ങൾ മാത്രം മുൻനിർത്തിയുള്ള ഇത്തരം പരസ്യങ്ങൾ അധാർമികവും അനഭിലഷണീയ പ്രവണതയുമായി കണക്കാക്കണം. ശാസ്ത്രാവബോധമുള്ളവരും അധികാരികളും ഇതിൽ ഇടപെടുകയും വേണം.

?ഈ കൃത്യത്തിൽ ഞങ്ങൾക്ക് പങ്കില്ലാ എന്ന് കൈ കഴുകാതെ മാധ്യമങ്ങളും അൽപ്പമെങ്കിലും വിവേചന ബുദ്ധി കാണിക്കണം.

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ