· 4 മിനിറ്റ് വായന

കൊവിഡ് കാലത്തെ ആംബുലൻസ്

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം


പുറംലോകം ‘അറിയപ്പെടാത്ത ഹീറോസ് ‘എന്ന ഗണത്തിൽ പെടുത്താവുന്ന ഒരു വിഭാഗമാണ് ആരോഗ്യവകുപ്പിലെ ഡ്രൈവർമാർ. പ്രധാനമായും ആംബുലൻസ് – ഫീൽഡ് തല സന്ദർശനത്തിനായും, പാലിയേറ്റീവ് വാഹനങ്ങളും മറ്റും ഓടിക്കുന്ന ഒരു കൂട്ടം ആളുകളുടെ കാര്യമാണ്. അവരിൽ പലർക്കും ‘തങ്ങളുടെ സമയക്രമം’എന്നൊരു ചിട്ടവട്ടങ്ങളനുവർത്തിച്ച് കൊണ്ട് ജോലി ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. ഉണ്ണേണ്ട സമയത്ത് ഉണ്ണാനും, കുടിക്കേണ്ട സമയത്ത് കുടിക്കാനും, ഉറങ്ങേണ്ട സമയത്ത് ഉറങ്ങാനും പറ്റിയെന്നുവരില്ല !. നിർത്താതെ ദീർഘദൂരം വാഹനം ഓടിക്കേണ്ട സാഹചര്യവും വന്നു ചേരാം.!

ഇപ്പോൾ ഈ കൊവിഡ് സമയത്തും കോൾസെന്റർ വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഐസൊലേഷൻ ക്ലിനിക്കുകളിലേക്ക് ആംബുലൻസിൽ ചെന്ന് വിളിച്ചു കൊണ്ടു വരുന്നതും, പരിശോധന കഴിഞ്ഞോ, സാമ്പിൾ ശേഖരണത്തിന് ശേഷമോ, അവരെ തിരികെ കൊണ്ടുവിടുന്നതും അവരാണ്. ചിലപ്പോൾ പ്രത്യേകം സജ്ജമാക്കിയ മറ്റു ആശുപത്രികളിലേക്ക് മുൻകൂട്ടി വിളിച്ച് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ റഫർ ചെയ്യേണ്ടി വരുമ്പോഴും രോഗികളെ എത്തിക്കുന്നത് ആംബുലൻസ് വഴിയാണ്.

വാഹനത്തിനുള്ളിലുള്ള രോഗി പരിചരണ ഉപകരണങ്ങളും മറ്റു സാധനസാമഗ്രികളും വാഹനവുമടക്കം കൃത്യമായി അണുവിമുക്തമാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ. ഓരോ സ്ഥാപനത്തിലും ചുമതലപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ഉണ്ടാകും. രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവർത്തകർക്കും രോഗം വരുന്ന സാഹചര്യം ഒഴിവാക്കാൻ ആംബുലൻസിലും വേണ്ട മുൻകരുതലുകൾ അനിവാര്യമാണ്.

ഡ്രൈവർമാർ ഈ രോഗത്തെയും രോഗലക്ഷങ്ങളെപ്പറ്റിയും രോഗത്തിന്റെ ഗൗരവത്തെപറ്റിയും അറിവുണ്ടായിരിക്കണം. അത് സംബന്ധമായുള്ള ബോധവൽക്കരണം ബന്ധപ്പെട്ടവരുടെ ഭാഗത്ത്‌ നിന്നുണ്ടായിട്ടുണ്ടോന്ന് ഉറപ്പ് വരുത്തണം.

അവർ PPE (വ്യക്തിഗത സുരക്ഷ മാർഗ്ഗങ്ങൾ) കൃത്യമായി സ്റ്റെപ്പ് തെറ്റാതെ ഇടാനും ഊരാനും അറിഞ്ഞിരിക്കണം. കൊവിഡ് സംശയിക്കുന്നതോ, കൊവിഡ് സ്ഥിരീകരിച്ചതോ ആയ ആളുകളെ കൊണ്ടുപോകുമ്പോൾ ആദ്യം കൈകൾ അണുവിമുകതമാക്കണം. സോപ്പും വെള്ളമോ, ആൽക്കഹോൾ അടങ്ങിയ സാനിട്ടെസറോ ഇതിനായി ഉപയോഗിക്കാം. ഡ്രൈവറും ഡ്രൈവറുടെ ഒപ്പം പോകുന്ന ആളും നിർബന്ധമായും PPE ധരിച്ചിരിക്കണം.

വാഹനത്തിൽ കൊണ്ടുപോകുന്ന രോഗി N95 മാസ്ക്ക് ധരിച്ചിരിക്കണം. കയ്യുറകൾ ധരിച്ചിരിക്കണം. യാതൊരുകാരണവശാലും കൊറോണ സ്ഥിരീകരിച്ച രോഗിയെ, കൊറോണ സംശയിക്കുന്ന ആളുകളോടൊപ്പം കൊണ്ട് പോകുവാൻ പാടുള്ളതല്ല. അണുവിമുക്തമായ ശൈലിയിൽ കൈകഴുകാനും ഒപ്പം പൊതുസ്ഥലങ്ങളിലെ ആരോഗ്യ മര്യാദകൾ അനുസരിച്ച് (പൊതുസ്ഥലത്തു തുപ്പുക, പുറത്ത് കണങ്ങൾ തെറിക്കത്തക്ക തരത്തിൽ ചുമയ്ക്കുക പാടില്ല) പെരുമാറാനും അറിഞ്ഞിരിക്കണം.

ആംബുലൻസിൽ രോഗി ആശുപത്രിയിൽ എത്തിയാൽ ഉടൻതന്നെ ഡോർ തുറന്ന് ഇറങ്ങാൻ പാടില്ല. ആശുപത്രിക്കുള്ളിൽ രോഗിക്കായി എല്ലാം സജ്ജമാണ് എന്നൊരു സ്ഥിരീകരണം ബന്ധപ്പെട്ടവരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായാൽ മാത്രമേ ഡോർ തുറന്ന് ഇറങ്ങാൻ പാടുള്ളൂ. സ്ഥിരീകരണത്തിനൊടുവിൽ രോഗിയെ പ്രത്യേകം തയ്യാറാക്കിയ മുറിക്കുള്ളിലേക്ക് കൊണ്ടുപോവുക.

ഓരോ തവണയും കൊവിഡ് രോഗികളെ കൊണ്ടുവരികയോ കൊണ്ടുപോവുകയോ ചെയ്തുകഴിഞ്ഞാൽ വാഹനത്തിനുള്ളിലെ രോഗീപരിചണ ഉപകരണങ്ങളടക്കം ആംബുലൻസ് അണുവിമുക്തമാക്കണം.

ക്ലീൻ ചെയ്യുന്ന സ്റ്റാഫുകൾ N95 മാസ്‌കുകളും കൈയുറയും നിർബന്ധമായും ധരിച്ചിരിക്കണം. വാഹനത്തിനുള്ളിലെ എല്ലാ പ്രതലങ്ങളും വൃത്തിയാക്കണം

1% സോഡിയം ഹൈപ്പോ ക്ലോറൈറ്റ് സൊല്യൂഷൻ (1% sodium hypochlorite) സൊല്യൂഷൻ ആണ് അണുവിമുകതമാക്കാൻ ഉപയോഗിക്കുന്നത്. സ്ട്രക്ച്ചർ, ബെഡ്, ഇൻഫ്യൂഷൻ പമ്പ്, കേബിളുകൾ, മോണിറ്ററുകൾ, സിറിഞ്ചും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ചു വെക്കുന്ന ചെറിയ പെട്ടികൾ, ഫോൺ, രോഗികളെ പരിശോധിക്കുന്ന ഉപകരണങ്ങൾ സ്റ്റെതസ്കോപ്പ്, ബിപി എടുക്കുന്ന ഉപകരണം, ഡോർ ഹാൻഡിലുകൾ എന്നിവയും അണുവിമുക്തമാക്കിയിരിക്കണം. ആൽക്കഹോളുള്ള അണുനാശിനികളും രോഗീപരിചരണ ഉപകരണങ്ങൾ അണുവിമുകതമാക്കാൻ ഉപയോഗിക്കാം.

വാഹനത്തിലെ ഗ്ലാസുള്ള ഭാഗങ്ങൾ സോഡിയം ഹൈപ്പോക്ലോറൈറ്റും, ഡിറ്റർജന്റ് മിശ്രിതവും ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്. ക്ലീനിങ്ങ് കഴിഞ്ഞു തുടർന്നുള്ള 30 മിനിറ്റ് സമയം അന്തരീക്ഷവായുവിൽ തന്നെ ഉണങ്ങാൻ അനുവദിക്കുക. വാഹനത്തിലെ പ്രതലങ്ങൾ വൃത്തിയാക്കാൻ ബ്ലീച്ചിങ്ങ് ലായനി (1 ലിറ്റർ വെള്ളത്തിൽ 3 ടീ സ്പൂൺ ബ്ലീച്ചിങ്ങ് പൗഡർ എന്ന കണക്കിൽ) ഉപയോഗിക്കാം.

പുനരുപയോഗിക്കാൻ പറ്റാത്ത സാധനങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം ഇൻഫെക്ഷൻ പ്രോട്ടോകോൾ മാനദണ്ഡങ്ങൾ അനുസരിച്ച് നീക്കം ചെയ്തിരിക്കണം. ഓരോ ക്ലീനിംഗ് സൈക്കിളിലും മോപ്പ് തുണി മാറ്റിയിരിക്കണം. സാധാരണ വീടുകളിൽ തറ തുടയ്ക്കും പോലെ ക്ലീൻ ചെയ്യപ്പെട്ട തുണി യാതൊരു കാരണവശാലും തിരികെ സൊല്യൂഷൻ മുക്കി വീണ്ടും ഉപയോഗിക്കാൻ പാടുള്ളതല്ല.

ക്ലീനിങിന് അവസാനം കൈയുറ ഊരി കൈകൾ നന്നായി കഴുകുകയും ചെയ്യേണ്ടതാണ്.

ഓരോ തവണ രോഗിയോ രോഗം സംശയിക്കുന്ന വ്യക്തികളെ കൊണ്ട്പോവുകയോ കൊണ്ട് വരികയോ ചെയ്യുമ്പോൾ മേല്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ലേഖകർ
Dr. Navajeevan.N.A, Obtained MBBS from kochin medical college and MS in Ophthalmology from karakonam medical college and fellowship from Regional institute of ophthalmology trivandrum. Now working at Primary Health Center Amboori as Medical Officer in charge.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ