· 3 മിനിറ്റ് വായന

അമീബ മൂലമുള്ള മസ്തിഷ്ക ജ്വരം

Current AffairsInfectious DiseasesNeurologyആരോഗ്യ അവബോധംപകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

കഴിഞ്ഞ ദിവസം ഒരു കുട്ടി അമീബ മൂലമുള്ള മസ്തിഷ്ക ജ്വരം മൂലം മരണമടഞ്ഞതായുള്ള വാർത്ത പത്രങ്ങളിൽ കണ്ടിരുന്നല്ലോ. നമ്മുടെ മസ്തിഷ്കത്തെ ബാധിക്കുന്ന നീർക്കെട്ടിനെ എൻസെഫലൈറ്റിസ് എന്നും മസ്തിഷ്കത്തിന്റെ മൂന്ന് ആവരണങ്ങളായ ഡ്യൂറ, അരാക്കിനോയിഡ്, പയ (Dura, Arachinoid, Pia) എന്നിവിടങ്ങളിലെ നീർക്കെട്ടിനെ മെനിഞ്ചൈറ്റിസ് എന്നും വിളിക്കുന്നു. ഇൻഫെക്ഷൻസ് (അണുബാധ) യാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. അതിൽത്തന്നെ, കൂടുതൽ രോഗങ്ങളും ബാക്ടീരിയകളും വൈറസുകളുമാണ് ഉണ്ടാക്കുന്നത്. മെനിഞ്ജൈറ്റിസ് ഉണ്ടാക്കുന്ന പ്രധാനപ്പെട്ട ബാക്ടീരിയകളാണ് ന്യൂമോകോക്കസ്, മെനിഞ്ചോ കോക്കസ്, ഹീമോഫിലസ് ഇൻഫ്ലുവൻസേ (ടൈപ്പ് ബി), ക്ഷയരോഗമുണ്ടാക്കുന്ന ട്യൂബർക്കുലസ് ബാസിലസ് (ടി ബി) എന്നിവ. ഇവയിലെ ഹീമോഫിലസ് ഇൻഫ്ലുവൻസെയും ടിബി മെനിഞ്ചൈറ്റിസും പ്രതിരോധ കുത്തിവെപ്പുകൾ കാരണം ഏറെക്കുറെ ഇല്ലാതായി. ന്യുമോ കോക്കസിനെതിരെയുള്ള കുത്തിവെപ്പും അധികം താമസിയാതെ നടപ്പിലാകും. ഹജ്ജിന് പോകുന്നവർ മെനിഞ്ചോ കോക്കസിനെതിരായുള്ള വാക്സിൻ എടുത്തിട്ടാണ് പോകുന്നത് എന്നും അറിയാവുന്നതാണല്ലോ. അവിടങ്ങളിൽ ഈ രോഗാണുമൂലമുള്ള മെനിഞ്ചൈറ്റിസ് കൂടുതലായുള്ളത് കൊണ്ടാണ് കുത്തിവയ്പ്പ് എടുക്കുന്നത്. വൈറസുകൾ കാരണം ഉണ്ടാകുന്ന തരം മെനിഞ്ചൈറ്റിസിൽ പോളിയോ, Mumps, ജപ്പാൻ ജ്വരം എന്നിവയും കുത്തിവെപ്പിലൂടെ ഒരു വിധം നിയന്ത്രണ വിധേയമായിട്ടുണ്ട്. എങ്കിലും നിപ്പ, ഹെർപ്പിസ്, എന്ററോവൈറസ്, വെസ്റ്റ് നൈൽ തുടങ്ങി അനേകം വൈറസുകൾ ഇനിയും പിടി തരാത്തതായുണ്ട്. അതിനിടയിൽ, പണ്ടു തൊട്ടേ ഡോക്ടർമാർക്ക് അറിയാമെങ്കിലും കൃത്യമായ രോഗ നിർണ്ണയം പലപ്പോഴും നടക്കാത്തതിനാലോ, വളരെ അപൂർവ്വമായി മാത്രം കാണുന്നതിനാലോ ജനങ്ങൾക്കിടയിൽ അധികം കേട്ടുകേൾവിയില്ലാത്ത ഒരു രോഗമാണ് അമീബ മൂലമുള്ള മസ്തിഷ്ക ജ്വരം.

അമീബ എന്ന പേര് നമുക്ക് സുപരിചിതമാണ്. ഏകകോശ ജീവിയായ അമീബയുടെ ചിത്രവും അത് ഇര പിടിക്കുന്ന രീതിയും ഒക്കെ നമ്മൾ സ്കൂൾ ക്ലാസുകളിൽ പഠിച്ചിട്ടുള്ളതാണ്. സാധാരണഗതിയിൽ അമീബകൾ രോഗമൊന്നും ഉണ്ടാക്കാറില്ല. പക്ഷെ, എന്റെമീബ ഹിസ്റ്റോലിറ്റിക്ക എന്ന അമീബ മനുഷ്യരിൽ വയറുകടി ഉണ്ടാക്കുന്ന ഒരു രോഗാണുവാണ്. ഗുരുതരമായ രോഗങ്ങൾ ഉണ്ടാക്കുന്ന അമീബകളും ഉണ്ട്. നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂർവ്വമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്കജ്വരം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകൾ കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ സ്വിമ്മിംഗ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവ ഉണ്ടായേക്കാം. ക്ലോറിനേഷൻ മൂലം നശിച്ചുപോകുന്നതിനാൽ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളിൽ ഇവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ ഈ രോഗാണുവിന് നിലനിൽപില്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല. കുളിക്കുമ്പോൾ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിക്കില്ല. എന്നാൽ ഡൈവ് ചെയ്യുമ്പോളോ നീന്തുമ്പോളോ വെള്ളം ശക്തിയായി മൂക്കിൽ കടന്നാൽ, അമീബ വെള്ളത്തിൽ ഉള്ളപക്ഷം, മൂക്കിലെ അസ്ഥികൾക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു. അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകൾ നടത്തുന്നതും, തല വെള്ളത്തിൽ മുക്കി മുഖം കഴുകുന്നതും മറ്റും രോഗത്തിന് കാരണമായേക്കാം.

കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്.എന്തെങ്കിലും തരത്തിലുള്ള പ്രതിരോധശക്തിക്കുറവുള്ളതുകൊണ്ടാണോ അപൂർവ്വം ചിലരിൽ മാത്രം ഈ രോഗമുണ്ടാകുന്നത് എന്നത് ഇതുവരെ വ്യക്തമല്ല. ഈ രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ല. ശക്തിയായ പനി, ഛർദ്ദി, തലവേദന, അപസ്മാരം എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന രോഗലക്ഷണങ്ങൾ. എല്ലാ മസ്തിഷകജ്വരത്തിലും ലക്ഷണങ്ങൾ ഇങ്ങനെയൊക്കെ തന്നെ. രോഗം മൂർഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ രോഗം ഭേദമാക്കാനുള്ള ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങളെ ചികിൽസിക്കുക എന്നത് കൂടാതെ, രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിർത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യാവുന്നത്. ഈ രോഗത്തിന് മരണസാധ്യത വളരെ ഏറെയാണ്.

സാധാരണഗതിയിൽ മസ്തിഷ്ക ജ്വരം കണ്ടുപിടിക്കുന്നത് സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് (മസ്തിഷ്കത്തിന്റെ ആവരണമായ അരക്കിനോയിഡിനും പയക്കും ഇടയിലുള്ള വെള്ളം) നട്ടെല്ലിന്റെ താഴെ ഭാഗത്തു നിന്നും കുത്തിയെടുത്ത് പരിശോധിച്ചാണ്. സെറിബ്രോ സ്പൈനൽ ഫ്ലൂയിഡിൽ രോഗകാരിയായ അമീബയുടെ സാന്നിധ്യം കണ്ടു പിടിക്കുമ്പോളാണ് ഈ രോഗാണുമൂലമാണ് രോഗമുണ്ടായത് എന്ന് വ്യക്തമാവുക.

അമീബിക് മസ്തിഷ്കജ്വരം തടയുന്നതെങ്ങനെ?

* സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകൾക്കനുസരിച്ച് മാറ്റുക

* പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക

* നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കാതിരിക്കുക

* മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തൽ, ഡൈവിംഗ് എന്നിവയ്ക്ക് മുതിരുക

* തല വെള്ളത്തിൽ മുക്കി വെച്ചു കൊണ്ടുള്ള മുഖം കഴുകൽ, അതുപോലെയുള്ള മതപരമായ ചടങ്ങുകൾ എന്നിവ ഒഴിവാക്കുക.

* നസ്യം പോലുള്ള ചികിൽസാ രീതികൾ ആവശ്യമുണ്ടെങ്കിൽ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

ലേഖകർ
Dr. Mohandas Nair, Pediatrician. MBBS from Government Medical College, Kozhikode in 1990, MD Pediatrics from Government Medical College, Thiruvananthapuram in 1996. Worked as assistant surgeon under health services department in Kasaragod district for 18 months. Joined Medical Education Department of Kerala in 1998 and has worked in Government Medical Colleges in Kozhikode, Alappuzha and Manjeri. At present working as Additional Professor in Pediatrics in Government Medical College, Kozhikode. Specially interested in Pediatric Genetics and is in charge of Genetics clinic here for last 10 years.
Netha Hussain is a medical doctor, researcher and writer. She graduated from Government Medical College, Kozhikode with an MBBS and is currently pursuing her PhD in neuroscience at Sahlgrenska Academy, Sweden. Outside of medicine, she is an open knowledge enthusiast and contributes to several platforms such as Wikipedia, TED and Infoclinic.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ