ഒരു ഓര്‍ത്തോ ചരിത്രം
അസ്ഥിരോഗം നോക്കുന്ന ഡോക്ടര്‍ക്ക് വാക്സിനുമായി എന്താണ് ബന്ധം എന്ന് ചോദിച്ചാൽ കാര്യമായ ബന്ധം ഉണ്ട്. അതൊരു കഥയാണ്. ഓർത്തോ ഡോക്ടറുടെ കഞ്ഞിയിൽ മോഡേൺ മെഡിസിൻ പാറ്റ ഇട്ട പഴയ ഒരു ചതിയുടെ കഥ. ആ കഥയുടെ ചുരുളഴിയാന്‍ മറ്റെങ്ങും നോക്കണ്ട. ഓര്‍ത്തോപീഡിക്സ് എന്ന പേര് ഓര്‍ത്താല്‍ മതി. അസ്ഥിരോഗം ചികിത്സിക്കാന്‍ ഇരിക്കുന്ന ആളെ എന്തിന് ഓര്‍ത്തോ ഡോക്ടര്‍ എന്ന് വിളിക്കുന്നു? വാസ്തവത്തിൽ അസ്ഥിരോഗ വിദഗ്ദ്ധൻ എന്നു വിളിക്കുന്നത് പോലും പൂര്‍ണമായും ശരിയല്ല. അനക്കരോഗവിദഗ്ധൻ എന്നോ മറ്റോ വിളിക്കുന്നതാവും കറക്റ്റ്. കാരണം അസ്ഥിക്കു പുറമേ പേശി, നാഡി, സന്ധി ഇങനെ മനുഷ്യന്‍റെ ചലനവുമായി ബന്ധപ്പെട്ട എല്ലാ അവയവങളുടെയും രോഗങ്ങൾ ഓർത്തോക്കാരന്‍റെ സ്വന്തമാണ്. ജീവിതം ചലനമാണ്, ചലനം ജീവിതവും (life is movement, movement is life) എന്ന റ്റാഗ്‌ലൈൻ ഓർത്തോപീഡിക് സർജന്‍റെ കര്‍മപഥം നയിക്കുന്നു, നയിക്കണം.
ഓര്‍ത്തോ എന്ന് വച്ചാല്‍ നേരെയുള്ളത്, അഥവാ വളവില്ലാത്തത് (orthos=straight/ correct) എന്നാണ് പഴയ ഗ്രീക്കുകാരുടെ ഭാഷയില്‍ അര്‍ത്ഥം. പീടിക്സ് (paidon= child) എന്നാല്‍ കുട്ടി എന്നും അര്‍ഥം. അതായതു വളവില്ലാത്ത കുട്ടി. ചുരുക്കത്തില്‍ വളവുകള്‍ ഇല്ലാതെ നേരെ നില്ക്കുന്ന കുട്ടിയെയാണ് ഓര്‍ത്തോപീഡിക്സ് എന്ന വാക്കു കൊണ്ടു ഉദ്ദേശിക്കുന്നത്. ഈ പേര് വീഴുന്നത് 1741 ലാണ്.
വികലാംഗരായ കുട്ടികള്‍ കൂടുതല്‍ ഉള്ള ഒരു കാലം. അന്നത്തെ വൈകല്യങ്ങള്‍ ഉണ്ടാകുന്നത് ഇന്നത്തെ പോലെയുള്ള അപകടങ്ങളില്‍ ആയിരുന്നില്ല. മരത്തില്‍ നിന്നും വീണോ യുദ്ധം ചെയ്തോ ഇടയ്ക്കൊക്കെ കാലും കൈയും ഒടിഞ്ഞേക്കാം. പക്ഷെ ഇന്നു കാണുന്ന പോലെ നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഓടുന്ന ബസും നൂറ്റിഅമ്പതില്‍ പോകുന്ന ബൈക്കും കൂട്ടി ഇടിച്ചുണ്ടാകുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ വിരളമായിരുന്നു. രോഗാണുക്കള്‍ ഉണ്ടാക്കുന്ന അസുഖങ്ങള്‍ ആയിരുന്നു അന്നത്തെ ചികിത്സകന്‍റെ പ്രധാന തലവേദന.
ഒരു കാലത്ത് പകര്‍ച്ചവ്യാധികള്‍ ഉളവാക്കിയിരുന്ന ഭീതി മനസ്സിലാക്കുവാന്‍ തന്നെ ഇന്ന് നമുക്ക് പ്രയാസമാണ്. എബോളയെ കുറിച്ചുള്ള വാര്‍ത്ത പത്രത്തിലും റ്റിവിയിലും വല്ലപ്പോഴുമൊക്കെ വരാറുണ്ടെങ്കിലും രോഗാണുവിന്‍റെ മരണതാണ്ഡവം നമ്മളാരും കണ്ടിട്ടില്ല. കോളറ ഏഴു മഹാമാരികള്‍ കൊണ്ടാടി. പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിയന്‍ വന്‍കരയില്‍ നാശം വിതച്ചു, “കറുത്ത മരണം” എന്ന ഓമന പേരില്‍ അറിയപ്പെടുന്ന പ്ലേഗ്. ഒടുവില്‍ കളി നിര്‍ത്തി പിന്മാറുമ്പോള്‍ ഏഴര കോടി ആയിരുന്നു മരണസംഖ്യ
വസൂരിയുടെ വൈറസ് ചരിത്രാതീത കാലം മുതല്‍ ഗ്രാമങ്ങളെ കൂട്ടത്തോടെയാണ് കൊന്നൊടുക്കിയത്. ഐതിഹാസികമായ ഒരു സംഘട്ടനത്തിലൂടെ ഒടുവില്‍ രണ്ടു ലബോറട്ടറികളിലായി അതിനെ മണിചിത്രത്താഴിട്ടു പൂട്ടി കെട്ടി- ഒരു രോഗത്തെ നാം തുടച്ചു നീക്കിയ ഏക സംഭവം. ഇവയുടെ അത്രയൊന്നും നാശം വിതച്ചില്ലെങ്കിലും കുട്ടികളെ വളച്ചൊടിക്കാന്‍ എന്നും പോളിയോ ആയിരുന്നു മുന്നില്‍
പോളിയോ പലപ്പോഴും ഒരു പനിയുടെ വേഷം കെട്ടിയാണ് വരുന്നത്. ഒരു പകർച്ച പനി, വയറിളക്കം, തൊണ്ടവേദന അങ്ങനെയൊക്കെ വന്നു പോകാറുണ്ട്. ചിലപ്പോൾ മാത്രമാണ് വൈറസ് വിശ്വരൂപം പുറത്തെടുക്കുന്നത്. തലച്ചോറിനെ ബാധിച്ചേക്കും അപ്പോൾ. മറ്റു ചിലപ്പോൾ അത് നട്ടെല്ലിലെ നാഡീകോശങളിൽ കയറി അവയെ നശിപ്പിക്കും. ഈ ആക്രമണത്തിൽ മരണം വരെ സംഭവിക്കാം. അല്ലെങ്കിൽ തളർച്ച. ചിലപ്പോൾ നാഡികളുടെ പ്രവർത്തനം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. അങ്ങനെ വന്നാൽ അവ നിയന്ത്രിക്കുന്ന മാംസപേശികൾ തളരുന്നു- ചിലതു മുഴുവനായും, മറ്റു ചിലത് ഭാഗികമായും. പ്രശ്നം അതല്ല. തളർച്ച ബാധിക്കാത്ത പേശികൾ സാധാരണ പോലെ തന്നെ പ്രവർത്തനം തുടരുന്നു. അവ സന്ധികളെ വലിച്ചു വികൃതമായ അവസ്ഥകളിൽ കൊണ്ടു നിർത്തുന്നു. ബാലൻസ് തെറ്റിയ സന്ധികള്‍ വളരെ പെട്ടെന്ന് ഈ അവസ്ഥയിൽ ഉറച്ചു പോകും. നട്ടെല്ല് വളയും, കാലും കൈയ്യും സാധാരണ രീതിയിൽ പ്രവർത്തിക്കാൻ കഴിയാതെയാകും. ഈ അവസ്ഥയെയാണ് പോസ്റ്റ് പോളിയോ റെസിട്വൽ പരാലിസിസ് (post polio residual paralysis [PPRP]) എന്ന പേരിൽ അസ്ഥിരോഗ വിദഗ്ധൻ കാണുന്നത്.
PPRPയുടെ ചികിത്സ അല്പം പ്രയാസമാണ്. പൊതുവെ ഓർത്തോ ഡോക്ടർമാർക്ക് ബുദ്ധി കുറവാണെന്ന ഒരു ആക്ഷേപം മറ്റു ഡോക്ടര്‍മാരുടെ ഇടയില്‍ തന്നെ ഉണ്ട്. എല്ലു വലിച്ചു നേരെ ആക്കുക, സ്ക്രൂ തിരിച്ചു എല്ലിൽ കയറ്റുക, പ്ലാസ്റ്റർ ഇടുക തുടങ്ങിയ പ്രാകൃത പരിപാടികള്‍ക്ക് എന്തിന് ബുദ്ധി എന്നു കാർഡിയോളജിസ്റ്റ് കരുതിയാല്‍ കുറ്റം പറയാൻ പറ്റില്ലല്ലോ. ഡോക്ടർമാർക്കു മാത്രമല്ല പൊതുജനത്തിനും അതാണ് ധാരണ എന്നു തോന്നുന്നു. ഓർത്തോ പഠിക്കാൻ പോകുന്നു എന്നു കേട്ടപ്പോൾ എന്‍റെ അച്ഛന്‍ പണ്ട് പറഞ്ഞു, “Put in plaster and hope for the best, അതല്ലേ നിങ്ങളുടെ മോട്ടോ?” അല്ല, life is movement, എന്ന് തിരുത്താന്‍ ഞാനും പോയില്ല.
പറഞ്ഞു വന്നത് പോളിയോയുടെ വൈകല്യങ്ങള്‍ ചികിൽസിക്കുന്ന കാര്യമാണ്. സാധാരണ ഓർത്തോ പോലെ അല്ല, ഇതിനു കുറച്ചു ബുദ്ധി കൂടി വേണം. കാരണം ഓരോ രോഗിക്കും വ്യത്യസ്തമായ രീതിയിലാണ് അസുഖം കാണുന്നത്. ചിലർക്ക് ഒരു കാലിൽ മാത്രമാവും പ്രശ്നം. മറ്റു ചിലരുടെ നട്ടെല്ലും കാലും കൈയ്യും ഒക്കെ വിക്രൃതമായി വളഞ്ഞിരിക്കും. എങ്കിലും ഈ രോഗികള്‍ പൊതുവേ അങനെ രോഗശയ്യയിൽ കിടക്കുന്നവരല്ല. മിക്കവാറും എല്ലാവരും ഇതുമായി കുറെയൊക്കെ പൊരുത്തപ്പെട്ടു ജീവിക്കുന്നവരാണ്. ചിന്തിച്ചു വേണം തീരുമാനം എടുത്തു ചികിൽസിക്കാൻ. നടന്നു വന്ന ആളെ വീൽച്ചെയറിൽ ആക്കി മാറ്റുവാൻ വളരെ എളുപ്പം.
എന്നാലും ഓര്‍ത്തോ ഡോക്ടര്‍മാരുടെ ഒരു ഇഡ്ഡലി- സാമ്പാര്‍ സര്‍ജറി ആയിരുന്നു പോളിയോ വൈകല്യങ്ങളുടെ ചികിത്സ. അസ്ഥിരോഗചികിത്സയുടെ ഭഗവത്ഗീത എന്ന് പറയാവുന്ന ക്യാമ്പ്ബെല്ലിന്‍റെ ഗ്രന്ഥങ്ങളില്‍ അന്നൊക്കെ ഒട്ടുമുക്കാലും ഇതിന്‍റെ വര്‍ണന ആയിരുന്നു. അപ്പോഴാണ് സാല്‍ക്കും സാബിനും ചേര്‍ന്ന് ഓര്‍ത്തോക്കാര്‍ക്ക് ഇരുട്ടടി നല്‍കിയത്. 1952ല്‍ ജോനാസ് സാള്‍ക്കും, 1961ല്‍ ആല്‍ബെര്‍ട്ട് സാബിനും കൂടി പോളിയോയ്ക്ക് എതിരെ രണ്ടു വാക്സീനുകള്‍ ഉണ്ടാക്കി. ആയിരകണക്കിന് വർഷങ്ങളായി മനുഷ്യനെ തളർത്തികൊണ്ടിരുന്ന വൈറസാണ്. ചരിത്രം തുടങ്ങുന്ന അന്നു മുതൽ നമ്മുടെ ഒപ്പം തന്നെ ഉണ്ട്. വെറും അൻപതു കൊല്ലം കൊണ്ട് ആധുനിക ശാസ്ത്രം ഇതിനെ ഏറെക്കുറെ തളച്ചു. ഓര്‍ത്തോക്കാരുടെ ഇഡ്ഡലി-സാമ്പാര്‍ മാറി കിട്ടി. ഇതിലും വലിയ പാര ഇനി ഉണ്ടാകാനില്ല
ഞാൻ പിജിക്കു പഠിക്കുമ്പോൾ തന്നെ, അതായത് ഏകദേശം ഇരുപതു കൊല്ലം മുൻപ്, പോളിയോ തീരെ കുറഞ്ഞു. പഠിക്കുന്ന സമയത്ത് ഇങ്ങനെയുള്ള വളരെ കുറച്ചു രോഗികളെ മാത്രമേ കാണാന്‍ കിട്ടിയിട്ടുള്ളൂ. മഹാരഥന്മാരായ ചെറിയാൻ തോമസും കെ.സി.ഗോപാലകൃഷ്ണനും പ്രൊഫസ്സര്‍മാരായി വാണരുളുന്ന കാലമായിരുന്നു. പരീക്ഷ ആവുമ്പോഴേക്കും അവര്‍ എവിടുന്നെങ്കിലും ഒന്നു രണ്ടു കേസുകളെ കണ്ടു പിടിച്ച് കൊണ്ടിരുത്തും. ഇതു കിട്ടുന്ന പരീക്ഷാര്‍ഥിയുടെ സ്ഥിതി വളരെ മോശമാകാറാണ് പതിവ്. പുതിയ എഡിഷന്‍ ഭഗവത്ഗീതയില്‍ പോളിയോയെ പറ്റി, ഏതോ മരണപ്പെട്ട വ്യക്തിയെ പറ്റി എന്ന പോലെ, വളരെ കുറച്ച് മാത്രമേ പറയുന്നുള്ളൂ. പഴയ എഡിഷന്‍ തപ്പി എടുത്താണ് പഠിച്ചത്. പഠിച്ചിറങ്ങിയതിനു ശേഷം വളരെ കുറച്ചു മാത്രമേ ഇതു ചികിൽസിക്കേണ്ടിയും വന്നിട്ടുള്ളൂ. ഇന്ന് പോളിയോ കേസ് പരീക്ഷയ്ക്ക് വച്ചാല്‍ വിദ്യാര്‍ഥി മാത്രമല്ല അധ്യാപകനും വലയും.
കാര്യങ്ങള്‍ പക്ഷെ ഭേദപ്പെടുന്ന ലക്ഷണം കാണുന്നുണ്ട് ഈയ്യിടെയായി. പ്രകൃതിചികിത്സാവാദികളും വാക്സീൻ വിരോധികളും ഹോമിയോക്കാരും കൂടി ഓർത്തോ ഡോക്ടർക്ക് പണി ഉണ്ടാക്കാന്‍ കാര്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രെഡ് ആന്‍ഡ് ബട്ടര്‍ സര്‍ജറികളായ താക്കോല്‍ദ്വാരവും മുട്ടുമാറ്റലും ഒക്കെ മാറ്റി വച്ച് അസ്ഥിരോഗവിദഗ്ദ്ധര്‍ക്ക് പഴയ ഇഡ്ഡലി-സാമ്പാറിന് കാത്തിരിക്കാം. പ്രതീക്ഷയ്ക്ക് വകയുണ്ട്.
This article is shared under CC-BY-SA 4.0 license.