ആൻ്റിബയോട്ടിക്: എന്ത്, എന്തിന്?
ആന്റിബയോട്ടിക്ക്’ എന്ന് കേൾക്കാത്തവരില്ല. ശരീരത്തിൽ “കൈയ്യേറ്റം നടത്തുന്ന” ബാക്‌ടീരിയകളെ ഒഴിപ്പിക്കാൻ അലക്‌സാണ്ടർ ഫ്‌ളെമിംഗ് കണ്ടെത്തിയ അത്ഭുതമരുന്നാണ് പിന്നീട് പല തരങ്ങളിലായി ഇന്ന് ലോകമെമ്പാടും എണ്ണമറ്റ ജീവനുകൾ രക്ഷിക്കുന്നത്. ഇവയെക്കുറിച്ചൊരു വിശദീകരണത്തിന് മുൻപ് ആശുപത്രിയിലെ ഈ സ്‌ഥിരക്കാഴ്‌ചകളിലേക്കൊന്ന് കണ്ണോടിക്കാം.
?പത്തു മാസമായ മകനെയും കൊണ്ട് വന്ന അമ്മ പറയുന്നു -“കുഞ്ഞിന് ജലദോഷവും ചുമയും കഫക്കെട്ടും വിട്ടുമാറുന്നേയില്ല.” പരിശോധിച്ചു. കുഞ്ഞ് ഉത്സാഹത്തോടെ ചിരിക്കുന്നുണ്ട്. മേശപ്പുറത്തുള്ളതെല്ലാം എടുത്ത് കളിക്കാൻ ഉള്ള ശ്രമത്തിലാണ്. ചെറിയ ജലദോഷം കൊണ്ടുള്ള പ്രശ്നങ്ങളേയുള്ളൂ. സലൈൻ നേസൽ ഡ്രോപ്സും (മൂക്കിലുറ്റിക്കാനുള്ള ഉപ്പുവെള്ളം), ചുമക്കുള്ള ഒരു മരുന്നും എഴുതി. അമ്മയ്ക്ക് മുഖത്ത് ഒരു തെളിച്ചമില്ല. ‘കഫം പോകാനുള്ള മരുന്ന്’ (പൊടിയിൽ വെള്ളമൊഴിച്ച് കലക്കി കൊടുക്കുന്നത്) കിട്ടിയില്ല. അതിന്റെ നിരാശയാണ്.. അത് തുറന്ന് പറയാനും അവർ മടിച്ചില്ല. ഡോക്ടർമാർ കഫക്കെട്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ന്യൂമോണിയ ആണെന്നും, ഈ കേൾക്കുന്ന കുറുകുറുപ്പ് അല്ല എന്നും, ഈ പ്രശ്നത്തിന് ആന്റിബയോട്ടിക്ക് മരുന്നുകൾ ആവശ്യമില്ല എന്നും പറഞ്ഞ് മനസ്സിലാക്കാൻ അൽപം പണിപ്പെടേണ്ടി വന്നു.
? 2 വയസ്സുകാരന് വയറിളക്കം. ഒന്നുരണ്ട് ഡോക്ടർമാരെ കാണിച്ചു. കുറവില്ല. ഇതിനകം രണ്ടു മൂന്ന് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചു കഴിഞ്ഞു. മലം പോകുന്നത് വെള്ളം പോലെയാണ്. ഓ ആർ എസും, സിങ്ക് അടങ്ങിയ മരുന്നും ആണ് വേണ്ടത്. സാധാരണ ഭക്ഷണം, കൂടുതൽ വെള്ളം എന്നിവ കൊടുക്കാനും പറഞ്ഞ് മനസ്സിലാക്കി. വെള്ളം പോലുള്ള വയറിളക്കത്തിന് ആന്റിബയോട്ടിക്ക് ആവശ്യമില്ലായിരുന്നു.
?പനിയും ശ്വാസം മുട്ടുമായി അഡ്മിറ്റായ 6 മാസം പ്രായമുള്ള കുഞ്ഞ്. രക്‌തം കൾച്ചർ ചെയ്തതിൽ MRSA എന്ന് വിളിക്കുന്ന “ഭീകര രോഗാണു” ഉണ്ടെന്നാണ് മനസ്സിലായത്. ഒരു വിധപ്പെട്ട ആന്റിബയോട്ടിക്കുകളൊന്നും തന്നെ ഏൽക്കില്ല. നമ്മുടെ സമൂഹത്തിൽ ഇത്തരം രോഗാണുക്കൾ വ്യാപകമായിത്തുടങ്ങി. എതിരിടാൻ ആയുധമില്ലാതെ ഡോക്ടർമാർ…നിസ്സഹായരായി മരണം വരിക്കുന്ന രോഗികൾ, ഈ അവസ്ഥ കണ്ടുതുടങ്ങി. ഇനി കൂടാനും സാധ്യത…
?വളരെ തിരക്കുള്ള ഒരു ഡോക്ടർ. ദിവസം നൂറുകണക്കിന് പേരെയൊക്കെ പരിശോധിക്കും. പനി, കഫക്കെട്ട് എന്നൊക്കെ പറഞ്ഞാൽ എന്തായാലും ഒരു ആന്റിബയോട്ടിക്ക് എഴുതിയിരിക്കും. ഇതിനെക്കുറിച്ച് അദ്ദേഹത്തോട് തിരക്കിയപ്പോൾ പറഞ്ഞത് രണ്ട് കാര്യങ്ങൾ.
ഒന്ന്, തന്റെയടുത്ത് വരുന്ന രോഗികൾ അത് പ്രതീക്ഷിക്കുന്നു. അത് എഴുതിയില്ലെങ്കിൽ അവർ സംതൃപ്തരല്ല.
രണ്ട്, വളരെ ദൂരെ നിന്ന് വന്ന് മണിക്കൂറുകളോളം കാത്തു നിന്നാണ് അവർ എന്നെക്കാണാൻ വരുന്നത്. ആദ്യ വരവിൽ തന്നെ രോഗം ഭേദമാകണം. അതിനാൽ ആദ്യ വരവിൽ തന്നെ എല്ലാം കുറിപ്പടിയിൽ എഴുതും. വീണ്ടും വന്ന് കഷ്ടപ്പെടേണ്ടല്ലോ. അതായത്, എല്ലാം തന്റെ രോഗികൾക്കു വേണ്ടിയാണ് ചെയ്യുന്നത് എന്നാണു അദ്ദേഹത്തിന്റെ വാദം അല്ലെങ്കില് ധാരണ!!
?6 മാസമുള്ള കുഞ്ഞ്. രണ്ടു ദിവസമായി കടുത്ത പനിയും ശ്വാസം മുട്ടലും. ഡോക്ടർ ആന്റിബയോട്ടിക്ക് മരുന്നുകൾ കുറിച്ചതാണ്. എന്നാൽ മോഡേണ്മെഡിസിന് മരുന്നുകള് കുഞ്ഞിന് ദോഷം ചെയ്യുമെന്നായിരുന്നു വിദ്യാസമ്പന്നരായ രക്ഷിതാക്കൾ മനസ്സിലാക്കിയിരുന്നത്. അതിനാൽ ആ മരുന്ന് കൊടുത്തില്ല. രണ്ടുനാൾ കഴിഞ്ഞപ്പോൾ രോഗം മൂർച്ഛിച്ചു, കുഞ്ഞ് പാടെ തളർന്നു, പാല് കുടിക്കാൻ പോലും പറ്റാതായി. ICU വിൽ പ്രവേശിപ്പിക്കേണ്ടി വന്നു.. ആന്റിബയോട്ടിക്കുകൾ സൂചി വഴി നൽകേണ്ടി വന്നു. വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നു ജീവൻ നിലനിർത്താൻ… അനേക ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിൽ കുഞ്ഞ് ഒരു വിധം രക്ഷപ്പെട്ടു.
?3 വയസ്സുള്ള കുഞ്ഞിനെ 6 മാസമുള്ളപ്പോളാണ് കഫക്കെട്ടിന് ഡോക്ടറെ കാണിച്ചത്. അന്ന് ആന്റിബയോട്ടിക്ക് കഴിച്ച് വേഗം സുഖമായി. ആ കുറിപ്പടി ഭദ്രമായി സൂക്ഷിച്ചു വെച്ചു, മാസാമാസം വരുന്ന കഫക്കെട്ടിന് അതേ കുറിപ്പടി പ്രകാരം മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങിച്ചു കൊടുക്കും. അസുഖം ഭേദമാകുന്നുമുണ്ട്. ഡോക്ടറെ കാണേണ്ടി വരുന്നേയില്ല എന്നത് ആശ്വാസം. വന്നതൊക്കെ ആന്റിബയോട്ടിക്ക് ആവശ്യമുള്ള രോഗങ്ങളായിരുന്നോ?! ആണെങ്കില് തന്നെ ഉചിതമായ ആന്റിബയോട്ടിക് ആണോ?ഉചിതമായ ഡോസിലായിരുന്നോ? ആർക്കറിയാം! എന്തിനറിയണം! രോഗം മാറിയാൽ പോരേ?!
പോര! അറിഞ്ഞേ പറ്റൂ.ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മാത്രമല്ല, സാധാരണക്കാരും. ആന്റിബയോട്ടിക്കുകൾ എത്രയോ അധികം ജീവനുകൾ സംരക്ഷിക്കുന്നുണ്ട്. അതിന്റെ ആ കഴിവ് നിലനിർത്തണമെങ്കിൽ അതിന്റെ ഉപയോഗത്തിൽ ശാസ്ത്രീയമായ ശരിയായ സമീപനം പാലിച്ചേ മതിയാവൂ.
❝എന്താണ് ആൻറിബയോട്ടിക്കുകൾ?❞
★ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങൾ എന്നീ സൂക്ഷ്മജീവികൾ ധാരാളം രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. സാംക്രമിക രോഗങ്ങൾ, അണുബാധ എന്നിവ ഇത്തരത്തിലുള്ള രോഗങ്ങളാണ്. മനുഷ്യരാശിയുടെ നിലനിൽപിന് തന്നെ വെല്ലുവിളിയാണിവ. അതിൽ ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. ഇതിൽ പലതും ഉണ്ടാക്കുന്നത് സൂക്ഷ്മജീവികളിൽ നിന്നു തന്നെയാണ്. ഉദാഹരണത്തിന് ആദ്യ ആന്റിബയോട്ടിക്കായ പെനിസിലിൻ ഒരു ഫംഗസിൽ നിന്നാണ് ഉണ്ടാക്കുന്നത്. എന്നാലിന്ന് പലതും സിന്തറ്റിക് വക ഭേദങ്ങളായ ആൻറിബയോട്ടിക്കുകളാണ്.
★1942 ലാണ് ആദ്യമായി പൊള്ളലേറ്റ വ്രണങ്ങൾ പഴുത്ത് മരണാസന്നനായ ഒരു രോഗി
പെനിസില്ലിൻ ഉപയോഗിച്ച് രക്ഷപ്പെട്ടത്. പെനിസില്ലിൻ കണ്ടു പിടിക്കുമ്പോൾ തന്നെ അലക്സാണ്ടർ ഫ്ലെമിങ്ങ് അതിന്റെ വിവേകപൂര്വ്വമല്ലാത്ത ഉപയോഗം മൂലം രോഗാണുക്കൾ അതിനെ അതിജീവിക്കാനുള്ള കരുത്ത് നേടിയേക്കും എന്ന സൂചന തന്നിരുന്നു. പിന്നീട് അനേകം ആന്റിബയോട്ടിക്ക് മരുന്നുകൾ കണ്ടു പിടിക്കപ്പെട്ടു. മാരകമായ അനേകം പകർച്ചവ്യാധികൾ ചികിൽസയിലൂടെ ഭേദമാക്കാൻ പറ്റി.
☠അതോടൊപ്പം അതിന്റെ ദുരുപയോഗവും വർദ്ധിച്ചു. അനേകം രോഗാണുക്കൾ ആന്റിബയോട്ടിക്കുകളെ അതിജീവിക്കാനുള്ള കരുത്താർജ്ജിച്ചു. എന്നാൽ അതിനാനുപാതികമായി പുതിയ പുതിയ കൂടുതൽ ഫലവത്തായ ആന്റിബയോട്ടിക്കുകൾ കണ്ടു പിടിക്കപ്പെട്ടില്ല. ഫലമോ? ആന്റിബയോട്ടിക്കുകൾ കണ്ടു പിടിക്കുന്നതിന് മുമ്പ് എങ്ങനെ ആൾക്കാർ രോഗാണുക്കൾക്ക് കീഴടങ്ങിയോ, അതുപോലെ, ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാലും, രോഗം ഭേദമാക്കാൻ പറ്റാത്ത അവസരങ്ങൾ കൂടുതലായി ഉടലെടുക്കുന്ന സാഹചര്യം നിലവില് ഉയര്ന്നു വരുന്നു. മരണങ്ങളും സംഭവിക്കുന്നു. ഈ അവസ്ഥയെ എങ്ങനെ മറികടക്കാം എന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടതുണ്ട്.
എങ്ങനെയെന്നു നോക്കാം!
✔1, പകർച്ചവ്യാധികളും അണുബാധയും വരാതെയിരിക്കാനുള്ള
പ്രതിരോധ നടപടികള് സ്വീകരിക്കുന്നത് വഴി ആന്റിബയോട്ടിക്കുകൾ ആവശ്യമാകുന്ന സന്ദർഭങ്ങൾ കുറക്കുക
a, പ്രതിരോധ കുത്തിവെപ്പുകൾ വഴി,
b, ജലം/പാനീയങ്ങള് അണുവിമുക്തമാക്കി ഉപയോഗിക്കുക ( ഉദാ:തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുന്നത് വഴി)
c, Handwashing – മലവിസർജ്ജനത്തിന് ശേഷവും ഭക്ഷണത്തിന് മുമ്പും കൈകൾ സോപ്പിട്ട് കഴുകുന്നത് വഴി,
d,ഭക്ഷണത്തിലൂടെ രോഗങ്ങള് പകരുന്നത് ഒഴിവാക്കാനുള്ള നടപടികള്
(ഉദാ: ശരിയായ രീതിയില് പാചകം ചെയ്തു കഴിക്കുക,സദ്യകളിൽ പങ്കെടുക്കുമ്പോൾ പാകം ചെയ്യാത്ത ഭക്ഷണങ്ങളും സ്വീകരണ കൗണ്ടറിൽ തുറന്ന് വെച്ചിരിക്കുന്ന ഭക്ഷണപാനീയങ്ങൾ കഴിവതും ഒഴിവാക്കുന്നത് വഴി)
e, Cough etiquette( Cough Hygiene) പാലിക്കുന്നത് വഴി.(ഉദാ:ചുമച്ചു കഫം രോഗാണുക്കള് പടരുന്ന രീതിയില് തുപ്പി വെക്കാതിരിക്കുക,ചുമയ്ക്കുംബോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മൂക്കും വായും മറച്ചു പിടിക്കുക)
f, ശരിയായ ദന്ത ശുചിത്വം പാലിക്കുന്നത് വഴി- പല്ലിലും,മോണയിലും,വായ്ക്കുള്ളിലും തലയുടെയും കഴുത്തിന്റെയും സമീപ ഭാഗത്തുമുള്ള പല രോഗാണുബാധ സാധ്യതയും ഇത് കൊണ്ട് തടയാന് കഴിഞ്ഞേക്കും.
g, മറ്റു ഉദാ: നവജാത ശിശുക്കളെയും, ഓപ്പറേഷൻ കഴിഞ്ഞ രോഗികളെയും സന്ദർശിക്കുന്നതിൽ നിന്നും കഴിവതും വിട്ടു നിൽക്കുന്നതു വഴി.
കൂടാതെ സന്തുലിതമായ ഭക്ഷണക്രമം, ക്രമമായ വ്യായാമങ്ങൾ എന്നിവയിലൂടെയും, ദുശ്ശീലങ്ങളായ പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് വിട്ടു നിൽക്കുന്നതിലൂടെയും വലിയൊളരവിൽ അണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നതും നമ്മൾ മറ്റുള്ളവരിലേക്ക് പ്രവേശിപ്പിക്കുന്നതും തടയാം.
✔2. ആന്റിബയോട്ടിക്ക് മരുന്നുകൾ ആവശ്യമുള്ള ഘട്ടത്തിൽ മാത്രം ഉപയോഗിക്കുക. സാധാരണ വൈറല് ജലദോഷപ്പനി, അലർജി/ആസ്ത്മ മൂലമുള്ള ചുമ, വെള്ളം പോലെയുള്ള വയറിളക്കം (watery diarrhoea) , മറ്റു വൈറൽപനികൾ (ഡെങ്കിപ്പനി, മുണ്ടിനീര് തുടങ്ങിയവ) എന്നിവക്ക് ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല. ഡോക്ടർമാർക്ക് അറിയാം, എപ്പോഴാണ് അവ വേണ്ടത് എന്ന്. (പല ഡോക്ടർമാരും പറയുന്നത് രോഗികൾ പ്രത്യക്ഷമായോ പരോക്ഷമായോ നിർബന്ധിക്കുന്നത് കൊണ്ടാണ് കൂടുതൽ എഴുതേണ്ടി വരുന്നത് എന്നാണ്.രോഗി ആവശ്യപ്പെടുന്നത് ഇത്തരത്തില്പ്രവര്ത്തിക്കാന് ഒരു ന്യായീകരണം അല്ല,അതോടൊപ്പം മരുന്നുകള് കുറിച്ച് നല്കാന് ഡോക്ടര്ക്ക് മേല് സമ്മര്ദ്ദം ചെലുത്തുന്നതും ഉചിതമല്ല.)
✔3.സ്വയംചികില്സയരുത് – ഒരു കാരണവശാലും ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ ഈ മരുന്നുകൾ ഉപയോഗിക്കരുത്. മുമ്പത്തെ കുറിപ്പടി കാണിച്ച് വാങ്ങിക്കുന്ന പ്രവണതയും നന്നല്ല. പലരോഗങ്ങളും ആന്റിബയോട്ടിക്കുകൾ തുടങ്ങിയ ശേഷം പരിശോധിച്ചാൽ കണ്ടു പിടിക്കാൻ പറ്റണമെന്നില്ല. ഉദാ: മൂത്രത്തിലെ പഴുപ്പ്, മെനിഞ്ചൈറ്റിസ് എന്നിവ. വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇതുകൊണ്ടുണ്ടാകാം.
✔4. ആന്റിബയോട്ടിക്കുകൾ ശരിയായ അളവിൽ, നിശ്ചിത കാലയളവ് വേണം ഉപയോഗിക്കാൻ. രോഗലക്ഷണങ്ങള് മാറിയ ഉടനെ നിർത്തരുത്, ഉള്ളില് കുറെ രോഗാണുക്കള് എങ്കിലും അപ്പോഴും സജീവമായിരിക്കും. നിർദ്ദേശിച്ച കാലയളവു പൂർത്തിയാക്കണം.ഉചിതമല്ലാത്ത അളവില് കഴിക്കുന്നത് മൂലമോ, നിശ്ചിത ദിവസങ്ങള് കഴിക്കാതെ മുടക്കുന്നത് മൂലമോ രോഗാണുക്കള്ക്ക് മരുന്നിനു എതിരെ ശക്തി നേടാന് ഉള്ള സാഹചര്യം ഒരുങ്ങുന്നു.
✔5. ഉപയോഗിച്ച് ബാക്കിയായ മരുന്ന് പിന്നീട് ഉപയോഗിക്കാൻ പാടില്ല. വെള്ളം ചേർത്താൽ ആ മരുന്നിന് കുപ്പിയിലെഴുതിയിരിക്കുന്ന ഉപയോഗിക്കാവുന്ന കാലാവധി ബാധകമല്ല. ഇത്ര ദിവസത്തിനകം ( മിക്കവാറും ഒരാഴ്ച) ഉപയോഗിച്ചിരിക്കണം എന്ന് അതിൽ എഴുതിയിരിക്കും. ഗുളികകൾക്ക് ഇത് ബാധകമല്ല.
ഇനി പറയാനുള്ളത് ഡോക്ടർമാരോടാണ്.
⚠ആന്റിബയോട്ടിക്കുകൾ എഴുതുന്നതിന് മുമ്പ് എന്താണ് രോഗം എന്ന് എഴുതുക.
⚠ഏത് രോഗാണുവാണ് ഈ രോഗം സാധാരണ ഉണ്ടാക്കുന്നത് എന്ന് അറിയുക.
⚠ആവശ്യമെങ്കിൽ കൾച്ചർ പരിശോധനകൾ ചെയ്യണം.
⚠വൈറൽ രോഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല
സാധാരണ പനിക്ക്, കൃത്യമായ കാരണം കാണാനില്ലെങ്കിൽ രോഗിക്ക് വലിയ ക്ഷീണമൊന്നുമില്ലെങ്കിൽ 3 ദിവസം കഴിഞ്ഞ് മാത്രം ആന്റിബയോട്ടിക്ക് ആവശ്യമുണ്ടോ എന്ന് ആലോചിച്ചാൽ മതി.
⚠ഏറ്റവും അവസാനം ഉപയോഗിക്കേണ്ട മരുന്നുകൾ ആദ്യമേ ഉപയോഗിക്കരുത്.
⚠ബ്രോഡ് സ്പെക്ട്രം ആന്റിബയോട്ടിക്കുകൾ കഴിവതും ഒഴിവാക്കുക.
⚠ജീവന് അപകടമുള്ള അവസ്ഥകളിൽ ഒഴികെ ഇവ ഉപയോഗിച്ച് തുടങ്ങരുത്. അതും ആവശ്യമായ കൾച്ചർ പരിശോധനക്ക് സാമ്പിളുകൾ ശേഖരിച്ചതിന് ശേഷം.
⚠തുടങ്ങിയതിന് ശേഷം, പരിശോധനകൾ വഴി ആവശ്യമില്ലായിരുന്നു എന്ന് തെളിഞ്ഞാൽ ഉടൻ വേണ്ട ഭേദഗതി വരുത്താന് മടിക്കരുത്..
⚠ബ്രോഡ് സ്പെക്ട്രം ആന്റിബയോട്ടിക്കുകൾ തുടങ്ങിയാലും, കൾച്ചർ പരിശോധനാ ഫലം ലഭ്യമാകുമ്പോൾ വേണ്ട മാറ്റങ്ങൾ വരുത്തണം.
⚠അതാത് സമയങ്ങളിൽ നിങ്ങളുടെ ആശുപത്രിയിലും സമൂഹത്തിലും ഉള്ള രോഗാണുക്കൾ ഏത്, അവയുടെ സെൻസിറ്റിവിറ്റി ഏത് എന്നതിനെപ്പറ്റി ഒരു ധാരണ ഉണ്ടാക്കുക.
⚠ഒരു രോഗിയിൽ നിന്നോ, ആശുപത്രി ചുറ്റുപാടുകളിൽ നിന്നോ മറ്റൊരു രോഗിയിലേക്ക് രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക.
⚠തങ്ങളുടെ അടുത്ത് വരുന്ന ഓരോ രോഗിയോടും രോഗപ്രതിരോധത്തിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക.
ഈ വിഷയത്തില് സര്ക്കാരും ചില നടപടികളെടുക്കേണ്ടതുണ്ട്,
?1,പ്രതിരോധ കുത്തിവെപ്പുകൾ എല്ലാ കുട്ടികളും എടുത്തുവെന്നു ഉറപ്പാക്കാന്മതിയായ നടപടികള് സ്വീകരിക്കുക.
?2, ആന്റിബയോട്ടിക്കുകൾ കൃത്യമായ കുറിപ്പടി ഇല്ലാതെ ലഭ്യമാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക.
?3,ഓരോ രോഗങ്ങള്ക്കും കൃത്യമായ ചികിത്സാപ്രോട്ടോകോൾ മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറത്തിറക്കി അത് അനുവര്ത്തിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുക.
?4,പ്രിസ്ക്രിപ്ഷൻ ഓഡിറ്റിംഗ് നടത്തുക.
?5, അഗ്രികൾച്ചർ, മൃഗസംരക്ഷണം എന്നീ മേഖലകളിൽ ഉള്ള ആന്റിബയോട്ടിക് ഉപയോഗം നിയന്ത്രിക്കുക.
ഇവയെല്ലാം ചെയ്‌താൽ പോലും ഏതൊരു സൂക്ഷ്‌മാണുവും അതിജീവനത്തിന് വേണ്ടി ശ്രമിച്ച് കൊണ്ടേയിരിക്കും.
ഡോക്‌ടർമാരും രോഗികളും മരുന്ന് വിൽക്കുന്നവരും, മൃഗഡോക്‌ടർമാരും മൃഗപരിപാലകരും തുടങ്ങിയവരെല്ലാം മനസ്സ് വെച്ചാലേ രോഗങ്ങൾക്കെതിരെയുള്ള ഈ യുദ്ധം വിജയമാകൂ. മരുന്നുകൾ ജീവന്റെ പരിപാലകരാണ്. ആ ശക്‌തി അവരിൽ നിലനിർത്താൻ നമുക്ക് ഒത്തുപിടിക്കാം.