· 3 മിനിറ്റ് വായന

വായ്പുണ്ണ് വലയ്ക്കുന്നുവോ?

Dermatologyആരോഗ്യ അവബോധം

അത്തിപ്പഴം പഴുക്കുമ്പോള് കാക്കയ്ക്ക് വായ്പുണ്ണ്‌…വളരെ സുപരിചിതമായ പഴഞ്ചൊല്ല്. ഒരിക്കൽ വായ്പുണ്ണ് വന്ന് അനുഭവം ഉള്ളവർക്ക് അറിയാം, അത്തിപ്പഴം കഴിക്കുന്നത്‌ പോയിട്ട് വായ തുറക്കാൻ പോലും കഴിയാത്ത അത്ര അസഹനീയമായ വേദനയാണ്.

ദൈനംദിന ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്ന ഈ രോഗത്തെ കുറിച്ച് കൂടുതൽ അറിയാം …

? ജനസംഖ്യയുടെ 20 -50 ശതമാനത്തെ ബാധിക്കുന്ന വളരെ സാധാരണമായി കണ്ടു വരുന്ന ഒരു വദനരോഗമാണ് വായ്പുണ്ണ് ( അഫ്ത്തെ / അഫ്ത്തസ്‌ അൾസർ / റിക്കറെന്റ് അഫ്ത്തസ് സ്റ്റോമാടൈറ്റിസ് ). ഉയർന്ന ജീവിതനിലവാരം ഉള്ളവരിൽ ഈ രോഗം കൂടുതലായി കാണപ്പെടുന്നു.

? പല ഘടകങ്ങൾ മൂലം രോഗപ്രതിരോധ ശക്തിയിൽ വരുന്ന നേരിയ വ്യതിയാനങ്ങൾ ആണ് വായ്പ്പുണ്ണിനു കാരണം. ഇവയിൽ പ്രധാന ഘടകങ്ങൾ താഴെ പറയുന്നയാണ്.

▪️ജനിതകം – ഏകദേശം 40 ശതമാനം ആളുകളിൽ വായ്പുണ്ണ് പാരമ്പര്യമായി കണ്ടു വരുന്നു.
▪️മാനസിക സമ്മർദ്ദം
▪️പരിക്കുകൾ – മൂർച്ചയുള്ള പല്ല്, ടൂത്ത് ബ്രഷ് എന്നിവ മൂലം
▪️അണുബാധ – സ്ട്രെപ്റ്റോകോക്കസ്, ഹെലികോബാക്ടർ പൈലോറി, സൈറ്റോമെഗാലോ വൈറസ്, എബ്‌സ്‌റ്റെയ്‌ൻ ബാർ വൈറസ് എന്നിവയാണ് സംശയിക്കപ്പെടുന്ന അണുക്കൾ, എന്നാൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കപെട്ടിട്ടില്ല.
▪️വേദനാസംഹാരികൾ പോലെയുള്ള ചിലയിനം മരുന്നുകൾ
▪️അയണ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ കുറവ്
▪️ചില ഭക്ഷണപദാർഥങ്ങൾ – വറുത്തതും പൊരിച്ചതും, മസാലയും എരിവും കൂടുതലുള്ള ആഹാര സാധനങ്ങൾ, സോഡാ പോലെയുള്ള പാനീയങ്ങൾ
▪️ആർത്തവ സംബന്ധമായ ഹോർമോൺ വ്യതിയാനങ്ങൾ
▪️സോഡിയം ലൗറിൽ സൾഫേറ്റ് അടങ്ങിയ ടൂത് പേസ്റ്റുകൾ വായ്പ്പുണ്ണിനു കാരണമാകാം എന്ന് ചില പഠനങ്ങൾ പറയുന്നു

? ലക്ഷണങ്ങൾ

വേദനയുള്ള വൃത്താകൃതിയിലുള്ള ചെറിയ മുറിവുകൾ ആണ് രോഗലക്ഷണം. മുറിവുകളുടെ മധ്യഭാഗം മഞ്ഞയും ചുറ്റും ചുവപ്പു നിറവും ആയി കാണപ്പെടുന്നു. ബാല്യത്തിലോ കൗമാരത്തിലോ ആണ് രോഗാരംഭം.
മൂന്ന് തരത്തിലുള്ള വായ്പുണ്ണ് ഉണ്ട്.

▪️മൈനർ അഫ്ത്തെ (മിക്‌ളിക്സ് അൾസർ )

10 മുതൽ 40 വയസ്സ് വരെ ഉള്ളവരിലാണ് മൈനർ അഫ്ത്തെ കാണപ്പെടുന്നത്. താരതമ്യേന വേദന കുറവാണ് ഈ ഇനത്തിന് . ചുണ്ട്, കവിൾ, നാക്കിന്റെ അടിഭാഗം, വായയുടെ അടിത്തട്ട് എന്നീ ചലിപ്പിക്കാവുന്ന ശ്ലേഷ്‌മപടലത്തിലാണ് മുറിവുകൾ ഉണ്ടാകുന്നത്. ചെറിയ (2-4 മില്ലിമീറ്റർ)1 മുതൽ 6 വരെ മുറിവുകൾ ഇത്തരത്തിൽ ഉണ്ടാകാം. 7 മുതൽ 10 ദിവസം കൊണ്ട് ഇവ തഴമ്പുകൾ അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്നു. എന്നാൽ വീണ്ടും ഇതേ രീതിയിൽ രോഗം കുറച്ചു കാലങ്ങൾക്കുള്ളിൽ തിരിച്ചു വരുന്നു.

▪️മേജർ അഫ്ത്തെ( സട്ടൻ അൾസർ / പെരിഅടിനിറ്റീസ്‌ മുക്കോസ നെക്രോറ്റിക്ക റിക്കറൻസ്)

ഇവ ഒരു സെന്റിമീറ്ററിൽ കൂടുതൽ വലുതും, കൂടുതൽ വേദനാജനകവും ആണ്.വായ്ക്കുള്ളിൽ എവിടെയും ഇത്തരം പുണ്ണുകൾ ഉണ്ടാകാം. 1 മുതൽ 6 വരെ മുറിവുകളേ ഒരു സമയം ഉണ്ടാകാറുണ്ടെങ്കിലും മൈനർ അഫ്ത്തെയെക്കാൾ കൂടുതൽ കാലം നീണ്ടു നിൽക്കുകയും ഭേദമാകുമ്പോൾ തഴമ്പുകൾ അവശേഷിപ്പിക്കുകയും, അടിക്കടി രോഗം വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

▪️ഹെർപിറ്റിഫോം അഫ്ത്തെ

മറ്റു രണ്ടിനങ്ങളെ അപേക്ഷിച്ചു ചെറുപ്പക്കാരിൽ പ്രത്യേകിച്ച് യുവതികളിലാണ് ഇത്തരം വായ്പുണ്ണ് കണ്ടു വരുന്നത്. വളരെ ചെറിയ (2 മില്ലിമിറ്റർ) 10 മുതൽ 100 വരെ കുമിളകൾ കൂട്ടമായി പ്രത്യക്ഷപ്പെടുന്നു, പിന്നീട് ഇവ ചെറിയ മുറിവുകളുടെ കൂട്ടങ്ങളായി മാറി ഏകദേശം ഒരു മാസം കൊണ്ട് ഭേദമാകുന്നു. വായ്ക്കുള്ളിൽ എവിടെയും ഇതുണ്ടാകാം. രോഗലക്ഷണങ്ങൾക്കു ഹെർപിസ് അണുബാധയുമായി അടുത്ത സാമ്യം ഉള്ളതാണ് ഈ പേര് വരാൻ കാരണം .

മറ്റു പല രോഗങ്ങളുടെയും ലക്ഷണമായും വായ്ക്കുളളിലെ മുറിവുകൾ കണ്ടു വരുന്നു. ഹെർപ്പിസ് വൈറസ് ബാധ, ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് (തക്കാളി പനി), ഹെർപാഞ്ചിന, പെംഫിഗസ്, ബെഷെറ്റ് ഡിസീസ്, സിസ്റ്റമിക് ലൂപസ് എരിതിമറ്റോസിസ് (SLE) , സ്വീട്സ് സിൻഡ്രോം, എരിതീമാ മൾട്ടിഫോമി, മരുന്നുകളോടുള്ള സ്റ്റീവൻസ് ജോൺസൺസ് സിൻഡ്രോം പോലെയുള്ള അലർജി, HIV അണുബാധ, സൈക്ലിക് ന്യൂട്രോപീനിയ, ഉദരരോഗങ്ങൾ എന്നിവയാണ് പ്രധാനം.
വായിലെ മുറിവുകൾ കൂടാതെ ചർമ്മത്തിലും മറ്റു ശ്ലേഷ്മസ്തരങ്ങളിലും മുറിവുകൾ ഉണ്ടാകുന്ന രോഗമാണ് പെംഫിഗസ്.
ക്രോൺസ് ഡിസീസ്, അൾസറേറ്റീവ് കോളൈറ്റിസ്, സിലിയാക് ഡിസീസ് എന്നീ ഉദരരോഗങ്ങളിൽ വായിലെ മുറിവിനോടൊപ്പം വയറുവേദന, വയറിളക്കം, ക്ഷീണം, തൂക്കം കുറയുക എന്നീ ലക്ഷണങ്ങളും ഉണ്ടാകും. ബെഷെട്സ് ഡിസീസിൽ വായ്പുണ്ണിനൊപ്പം ജനനേന്ദ്രിയങ്ങളിലും മുറിവുകൾ കണ്ടു വരുന്നു, കൂടാതെ കണ്ണുകളെയും, നാഡീവ്യൂഹത്തെയും സന്ധികളെയും ഈ രോഗം ബാധിക്കാം. വേദനയില്ലാത്ത വായിലെ മുറിവുകൾക്കൊപ്പം സന്ധികൾ, വൃക്ക മുതലായവയെയും ബാധിക്കുന്ന രോഗമാണ് സിസ്റ്റമിക് ലൂപസ് എരിതിമറ്റോസിസ് (SLE).

മാസങ്ങളോളം ഉണങ്ങാതെ നിൽക്കുന്ന മുറിവുകൾ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണവുമാകാം.

? രോഗനിർണയം

രോഗനിർണയം പ്രധാനമായും ലക്ഷണങ്ങളിൽ അധിഷ്ടിതമാണ്. രോഗാവസ്ഥയിൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളെ കണ്ടു പിടിക്കാൻ രക്തത്തിലെ കൗണ്ട്, ഹീമോഗ്ലോബിൻ, അയണ്, വിറ്റാമിൻ ബി 12 എന്നിവയുടെ തോത് എന്നീ പരിശോധനകൾ ചെയ്യാവുന്നതാണ്. പെംഫിഗസ്, വായിലെ ക്യാൻസർ പോലെയുള്ള രോഗങ്ങൾ ഉറപ്പാക്കാൻ ബയോപ്സി പരിശോധന നിർബന്ധമാണ്. മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണം ആകാം എന്നു സംശയിക്കുന്ന പക്ഷം അതാതു രോഗത്തിനുള്ള പരിശോധനകളും വേണ്ടി വന്നേക്കാം.

? ചികിത്സ

മിക്കവാറും എല്ലാ രോഗികളിലും പ്രായം കൂടും തോറും രോഗലക്ഷണങ്ങൾ സ്വയം കുറഞ്ഞു ഇല്ലാതാകുന്നു. രോഗാവസ്ഥയിൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങൾ കണ്ടു പിടിക്കാൻ കഴിഞ്ഞാൽ അവ ഒഴിവാക്കുകയോ ചികിത്സാ വിധേയമാക്കുകയോ ചെയ്യണം. വായിലെ ശുചിത്വം മുറിവുകൾ ഭേദമാകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ക്ലോർഹെക്സിഡിൻ പോലെയുള്ള ആന്റിസെപ്റ്റിക് മൗത്ത് വാഷുകൾ ഇതിനായി ഉപയോഗിക്കാം. സ്റ്റിറോയ്ഡ്, ആന്റിബയോട്ടിക്, വേദനാസംഹാരി ലേപനങ്ങളും, വിറ്റാമിൻ ബി കോംപ്ലക്സ്, സിങ്ക് ഗുളികകളും ഫലപ്രദമാണ്. മുറിവുകളുടെ വേദന കുറയ്ക്കാനും രോഗശമനം ത്വരിതപ്പെടുത്താനും ലേസർ ചികിത്സ ലഭ്യമാണ്.

ലേഖകർ
Assistant Professor at Department of Dermatology, Government medical college, Kottayam. Completed MBBS from Government medical college, Alappuzha in 2010, and MD in Dermatology, venerology and leprosy from Government medical college, Thiruvananthapuram in 2015. Interested in teaching, public health and wishes to spread scientific temper. Psoriasis, Leprosy, drug reactions and autoimmune disorders are areas of special interest.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ