അപ്പൻഡിക്സ് ഒരു ചെറിയ മീനല്ല
പ്രശസ്ത മാന്ത്രികനായിരുന്ന ഹാരി ഹൗഡിനി അൻപത്തി രണ്ടാം വയസ്സിൽ മരണത്തിനു കീഴടങ്ങിയത് എങ്ങനെയാണെന്നറിയാമോ..? നമുക്ക് വളരെ പരിചിതമായ അസുഖമായ അപ്പൻഡിസൈറ്റിസ് ബാധിച്ചതിനെ തുടർന്നുള്ള സങ്കീർണതകൾ മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തിന്റെ വയറുവേദനയുടെ കാരണം അപ്പൻഡിക്സിൽ ഉള്ള അണുബാധ ആണെന്ന് കണ്ടെത്തിയ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ അപ്പൻഡിക്സ് നീക്കം ചെയ്യണമെന്ന് നിർദേശിച്ചെങ്കിലും അതിനെ അവഗണിച്ച് തൻറ്റെ മാജിക് ഷോകളുമായി മുന്നോട്ടു പോയ അദ്ദേഹം 1926, ഒക്ടോബർ മുപ്പത്തിയൊന്നിന് മരണത്തിന് കീഴടങ്ങി.
? വൻകുടലും ചെറുകുടലും ചേരുന്ന ഭാഗത്തായി വൻകുടലിൻറ്റെ ആദ്യഭാഗമായ സീക്കം (cecum) എന്ന ഭാഗത്ത് നിന്നും ഒരു വിരലിൻറ്റെ ആകൃതിയിൽ തൂങ്ങിക്കിടക്കുന്ന ഒരു ഭാഗമാണ് അപ്പൻഡിക്സ് ( Vermiform Appendix / Cecal Appendix / Vermix / Vermiform Process ) എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിന് മൂന്നു മുതൽ പതിമൂന്ന് സെന്റീമീറ്റർ വരെ നീളവും, പരമാവധി ആറ് മില്ലിമീറ്റർ വ്യാസവും ആണ് ഉണ്ടാവുക.
? അതിപുരാതന കാലഘട്ടത്തില്, വേവിക്കാത്ത ഇലകളും മറ്റും കഴിച്ചിരുന്ന കാലത്ത് ആ ഭക്ഷണങ്ങളിലെ സെല്ലുലോസ് ദഹിപ്പിക്കുന്നതിനാവശ്യമായ ചില ബാക്ടീരിയകളെ സൂക്ഷിച്ച് വയ്ക്കുന്നതിനുള്ള ഒരു അറയായാണ് അപ്പൻഡിക്സ് ഉപയോഗപ്പെട്ടിരുന്നത് എന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാൽ കാലക്രമേണ മനുഷ്യർ ഭക്ഷണങ്ങൾ പാചകം ചെയ്ത് ഭക്ഷിക്കുന്ന രീതിയിലേക്ക് മാറിയപ്പോൾ, ഇത്തരം ഒരു സന്നാഹത്തിൻറ്റെ ആവശ്യം തന്നെയില്ലാതായി… ലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ട ആ പരിണാമചക്രത്തിൽ അങ്ങനെ അപ്പൻഡിക്സ് ഒരു അവശിഷ്ടാവയവം (vestigial organ) ആയി മാറി എന്നാണ് കരുതി പോന്നിരുന്നത്… അടുത്തിടെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ശ്രീ വില്യം പാർക്കർ, ശ്രീ. റാൻഡി ബോളിഞ്ചർ എന്നീ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടന്ന പഠനങ്ങളിൽ നിലവിലും അപ്പൻഡിക്സിന് ഉപയോഗമുള്ളതായി സൂചനകളുണ്ട്. അതായത്, കോളറ പോലെയുള്ള ചില വയറിളക്കരോഗങ്ങൾ മൂലം കുടലിലെ ഉപയോഗപ്രദമായ സഹകാരി ബാക്ടീരിയകൾ നഷ്ടമാകുന്ന അവസരത്തിൽ അപ്പൻഡിക്സിൽ നിന്നാണത്രേ ആ ബാക്ടീരിയകൾ പിന്നീട് വീണ്ടും വളർന്ന് കുടലിൽ വിന്യസിക്കപ്പെടുന്നത്.
പക്ഷേ നല്ല രീതിയിലുള്ള വ്യക്തി-പരിസര ശുചിത്വവും, ആധുനിക ചികിത്സാ സംവിധാനങ്ങളും ലഭ്യമായ ഇക്കാലത്ത് കോളറയടക്കമുള്ള വയറിളക്കരോഗങ്ങളാലുള്ള ഭീഷണി വളരെ കുറവാണ് എന്നു തന്നെ പറയാം. മാത്രമല്ല അസുഖകാരണങ്ങളാൽ അപ്പൻഡിക്സ് നീക്കം ചെയ്യപ്പെട്ടവർക്ക് അപ്പൻഡിക്സ് ഉള്ളവരെ അപേക്ഷിച്ച് യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും കൂടുതലായി കണ്ടുവരുന്നതുമില്ല. മേൽ സൂചിപ്പിച്ച പുതിയ ചർച്ചകൾ ഒരു അസുഖബാധിതമായ അപ്പെൻഡിക്സ് നീക്കം ചെയ്യുന്നതിന് തടസ്സമേയാകുന്നില്ല എന്ന് എടുത്തു പറയട്ടേ. കാരണം അത്തരം തീരുമാനങ്ങൾ ജീവനു തന്നെ ഹാനികരമായേക്കാം. അപ്പൻഡിക്‌സിനു എന്തെങ്കിലും ഉപയോഗമുണ്ടോ എന്നതിനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ ഇപ്പോളും നടന്നു കൊണ്ടിരിക്കുകയാണ്.
? ഈ ഒരു അവയവത്തെ നമുക്കെല്ലാം പരിചയമുള്ളത് അതിനെ ബാധിക്കുന്ന ഒരു അസുഖത്തിൻറ്റെ പേരിലാണ് – അപ്പൻഡിസൈറ്റിസ് ( appendicitis ). അഥവാ അപ്പൻഡിക്സിനെ ബാധിക്കുന്ന അണുബാധ. അപ്പൻഡിക്സിൽ നിന്നും വൻകുടലിലേക്കുള്ള കവാടത്തിന് ഏതെങ്കിലുമൊക്കെ കാരണത്താൽ ഒരു തടസ്സം നേരിടുമ്പോഴാണ് അപ്പൻഡിസൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്. മലം ഉറഞ്ഞ് ചെറിയ കല്ലുരൂപത്തിലാകുകയോ (Fecolith), വിരകൾ, അണുബാധയാൽ വീങ്ങിയ കഴലകൾ, വൻകുടലിലെ അപ്പൻഡിക്സിനോട് ചേർന്നു കിടക്കുന്ന ഭാഗത്തുള്ള ട്യൂമറുകൾ എന്നിവയൊക്കെ ഈ തടസ്സം സൃഷ്ടിക്കാം. പുറത്തേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ട അപ്പൻഡിക്സിനുള്ളിൽ മർദ്ദം ഉയരുകയും, ക്രമേണ അപ്പൻഡിക്സിൻറ്റെ ഭിത്തിയിലേക്കുള്ള രക്തചംക്രമണം കുറഞ്ഞു വന്ന് ഉള്ളിൽ ബാക്ടീരിയകൾ പെറ്റുപെരുകി പഴുപ്പാകുകയും ചെയ്യുന്നു. ചികിത്സയൊന്നും ചെയ്യാതെ ഈ അവസ്ഥ തുടർന്നാൽ അപ്പൻഡിക്‌സ് പൊട്ടി ഈ പഴുപ്പ് വയറ്റിനകത്തേക്ക് ബാധിക്കുന്ന ഗുരുത്തരവസ്ഥയിലേക്ക് വരെ നീങ്ങാൻ സാധ്യതയുണ്ട്. തക്ക സമയത്ത് ചികിൽസിച്ചില്ലെങ്കിൽ ഇത് മരണത്തിൽ വരെ കലാശിച്ചേക്കാം.
? അപ്പൻഡിസൈറ്റിസിൻറെ പ്രധാന ലക്ഷണം വയറു വേദനയാണ്. സാധാരണയായി പോക്കിളിൻറ്റെ ഭാഗത്തായി തുടങ്ങുന്ന വേദന പിന്നീട് വയറിൻറ്റെ താഴെ വലതുഭാഗത്തേക്ക് വ്യാപിക്കും. ഇതു കൂടാതെ വിശപ്പില്ലായ്മ ( anorexia, അതേ നമ്മടെ അനക്സോറിയ തന്നെ ? ), പനി, ഓക്കാനം, ഛർദ്ദിൽ എന്നിവയും വരാം. എല്ലാ രോഗലക്ഷണങ്ങളും എല്ലാ രോഗികളിലും ഒരുമിച്ച് ഉണ്ടാവണമെന്നില്ല. ഗർഭിണികളിലാണ് അപ്പൻഡിസൈറ്റിസ് വരുന്നതെങ്കിൽ വേദന അനുഭവപ്പെടുക വയറിന്റെ മുകൾഭാഗത്തായിരിക്കും. വീർത്തിരിക്കുന്ന ഗർഭപാത്രം അപ്പൻഡിക്‌സ് തുടങ്ങുന്ന വൻകുടലിനെ മുകളിലേക്ക് തള്ളുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
? ദേഹപരിശോധനയും, രോഗചരിത്ര അപഗ്രഥനവും വഴി വലിയൊരു ശതമാനം രോഗികളിലും അസുഖം സ്ഥിരീകരിക്കാമെങ്കിലും, ഇതിനു പുറമേ രക്ത പരിശോധനകൾ, അൾട്രാസൗണ്ട് സ്കാൻ എന്നിവയും വേണ്ടി വന്നേക്കാം. അൾട്രാസൗണ്ടിലൂടെ അപ്പൻഡിക്‌സ് കാണാൻ പറ്റാത്ത അവസ്ഥകളിൽ, അതായത്അപ്പെൻഡിക്സ് സീക്കത്തിന് പിന്നിലായി ഒളിച്ചിരിക്കുന്ന അവസ്ഥയിലൊക്കെ ( retrocecal appendix ) ചിലപ്പോൾ രോഗനിർണ്ണയത്തിനായി സി.ടി സ്കാനിനെ ആശ്രയിക്കേണ്ടതായി വരാറുണ്ട്. പ്രായമായവരിൽ അപ്പന്റിസൈറ്റിസിന്റെ കാരണം സീക്കത്തിനെ ( caecum ) ബാധിക്കുന്ന കാൻസർ ആണോ അല്ലയോ എന്ന് നോക്കാനും ചിലപ്പോൾ സി.ടി. സ്കാൻ വേണ്ടി വന്നേക്കാം. ഇതോടൊപ്പം വയറുവേദനയുടെ കാരണം മൂത്രത്തിൽ കല്ലും പഴുപ്പും അല്ല എന്ന് ഉറപ്പിക്കുന്നതിനായി മൂത്രപരിശോധനയും നിങ്ങളുടെ ചികിത്സകൻ നിർദ്ദേശിച്ചേക്കാം.
? കൃത്യമായ ശാസ്ത്രീയ ചികിത്സ ലഭ്യമായില്ലെങ്കിൽ ഒരുപക്ഷേ മരണകാരണം വരെയായേക്കാവുന്ന ഒരു രോഗാവസ്ഥയാണ് ഇത്. സാധാരണയായി പത്തിനും മുപ്പതിനും വയസ്സിനിടയിലുള്ളവരിലാണ് അപ്പൻഡിസൈറ്റിസ് വരുന്നതെങ്കിലും ഏതു പ്രായത്തിലും ഈ രോഗം പിടിപെടാം.
? ശസ്ത്രക്രിയയിലൂടെ പഴുപ്പു ബാധിച്ച അപ്പൻഡിക്സ് പുറത്തെടുത്തു കളയുക എന്നതാണ് കൃത്യമായ ചികിത്സ. അതിനെ കുറിച്ചുള്ള വിവരങ്ങൾ താഴെ പറയുന്നുണ്ട്.
പഴുപ്പ് വരുന്നത് അതിന്റെ തുടക്ക സമയത്ത് തന്നെ കണ്ടുപിടിച്ചാൽ ആന്റിബയോട്ടിക് ചികിത്സ വഴി പഴുപ്പിനെ നിയന്ത്രിച്ച് അസുഖം മാറ്റാൻ സാധിക്കും. എന്നിരുന്നാലും, ഇതിൽ പത്തു മുതൽ ഇരുപത് ശതമാനം പേർക്കും വരും മാസങ്ങളിൽ വീണ്ടുമൊരു അണുബാധ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ പിന്നീട് എപ്പോഴെങ്കിലും സർജറി നടത്തി അപ്പൻഡിക്‌സ് എടുത്തു കളയാൻ നിങ്ങളുടെ ഡോക്ടർ നിർദേശിച്ചേക്കാം.
? വയറിനുള്ളിലെ പ്രതിരോധസംവിധാനങ്ങളിലെ പ്രധാനിയാണ് ‘ഒമെൻറ്റം’ എന്ന ഒരു കൊഴുപ്പു കൊണ്ടുള്ള ലസികാവല. വയറിനുള്ളിൽ ഏതെങ്കിലും ഒരു ഭാഗത്ത് അണുബാധ വരുമ്പോൾ, അത് മറ്റു ഭാഗങ്ങളിലേക്ക് പടരാതെ പൊതിഞ്ഞുപിടിച്ച് സംരക്ഷിക്കുക എന്നത് ഒമെൻറ്റത്തിൻറ്റെ ഒരു പ്രധാന കർത്തവ്യമാണ്. ഇങ്ങനെ പൊതിയുന്നതു വഴി ആ ഭാഗത്തിൻറെ ചലനം കുറയുകയും, വ്യക്തിക്ക് അനുഭവപ്പെടുന്ന വേദന വളരെയധികം കുറവായി ഭവിക്കുകയും ചെയ്യും. ചിലരിൽ അപ്പൻഡിക്സ് പഴുക്കുന്ന അവസ്ഥയിൽ ഒമെൻറ്റവും കുടലും വന്ന് പഴുപ്പുള്ള അപ്പൻഡിക്‌സിനെ മൂടൂക വഴി ഒരു മാംസപിണ്ഡം രൂപപ്പെടാം (appendicular mass). ഈയൊരു അവസ്ഥ വന്നാൽ ഉടനേ ഓപ്പറേഷൻ ചെയ്യാതിരിക്കുന്നതാണ് അഭികാമ്യം. ആ സമയത്തേക്ക് മരുന്നുകൾ കൊടുത്തു കൊണ്ടു അണുബാധയെ നിയന്ത്രിക്കുകയും ആറ് ആഴ്ചകൾക്ക് ശേഷം ശസ്ത്രക്രിയ നടത്തുകയും ചെയ്യുന്നതായിരിക്കും നല്ലത്. ഈ അവസ്ഥയിൽ മരുന്നു കൊണ്ടു സുഖം കിട്ടുന്നവരിൽ നാലിലൊന്ന് പേർക്കും വീണ്ടും അണുബാധ ഉണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ടാണ് ശസ്ത്രക്രിയ പിന്നീട് ചെയ്യണം എന്ന് പറയുന്നത്.
? സാധാരണഗതിയിൽ ഒരു താക്കോൽദ്വാര ശസ്‌ത്രക്രിയ വഴി ചെയ്യാവുന്ന ഒന്നാണ് അപ്പൻഡിക്സ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആശുപത്രി വിടാൻ സാധിക്കും. ശാരീരികാധ്വാനം ഇല്ലാത്ത ജോലികൾ ഒരാഴ്ചക്കകം തുടങ്ങാനും പറ്റും. എങ്കിലും ചില അവസരങ്ങളിൽ സാമ്പ്രദായിക രീതിയിലുള്ള ശസ്ത്രക്രിയ വേണ്ടി വരും. വയറിന്റെ വലതു ഭാഗത് താഴെയായി ഒരു മുറിവുണ്ടാക്കിയോ, വയറ്റിൽ പഴുപ്പ് ബാധിച്ച അവസ്ഥയിൽ, വയറു തുറന്നോ ആണ് ഇത് ചെയ്യുന്നത്.
എല്ലാ ശസ്ത്രക്രിയകൾക്കുമുള്ള സാധാരണമായ സങ്കീർണ്ണതകൾ ഒഴിച്ചു നിർത്തിയാൽ ശസ്ത്രക്രിയാവിദഗ്ദ്ധരെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു ശസ്ത്രക്രിയയാണ് ഇത്.
? ലാപ്രോസ്കോപ്പിയിൽ വയറ്റിൽ ഇടുന്ന വളരെ ചെറിയ സുഷിരങ്ങളിലൂടെ കാമറയുടെയും നീണ്ട ഉപകരണങ്ങളുടെയും സഹായത്തോടെ അപ്പൻഡിക്സ് പുറത്തെടുക്കുന്നു. സാമ്പ്രദായിക രീതിയെ അപേക്ഷിച്ച് ലാപ്രോസ്കോപ്പിക് രീതിക്കുള്ള ഏറ്റവും വലിയ ഗുണമെന്തെന്നു വച്ചാൽ ശസ്ത്രക്രിയക്കു ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ ആ വ്യക്തിക്ക് തൻറ്റെ സാധാരണ ജീവിത്തിലേക്ക് തിരികെ വരാനാകും എന്നതാണ്. ഓപ്പറേഷനെ തുടർന്നുള്ള വേദനയും കുറവായിരിക്കും. മാത്രമല്ല, വയറിനു മുകളിൽ വലിയ പാടുകൾ ഉണ്ടാവുകയുമില്ല.
? വളരെ സാധാരണയായി നടക്കുന്നതും, സുരക്ഷിതവും, ലളിതമായതുമായ ശസ്ത്രക്രിയ ആണെങ്കിലും, അപ്പൻഡിക്‌സ് എടുത്തു കളയുന്ന ശസ്ത്രക്രിയ നൂറു ശതമാനം അപകടരഹിതം ആണെന്ന് പറയാൻ കഴിയില്ല. അപൂർവമായി ചില സങ്കീർണതകൾ ഉണ്ടായേക്കാം. ഓപ്പറേഷന്റെ സമയത്തോ അതിനു ശേഷമോ ഉണ്ടാകുന്ന രക്തസ്രാവം, മുറിവ് പഴുക്കൽ, മുറിൽ വരുന്ന ഹെർണിയ, ഓപ്പറേഷന് ശേഷം വയറ്റിനകത്ത് പഴുപ്പ് കെട്ടി നിൽക്കൽ, മുറിവിലൂടെ അപ്പൻഡിക്സിന്റെ തുറവിയിൽ നിന്നും വരുന്ന മലം ലീക്ക് ചെയ്യൽ എന്നിവയൊക്കെയാണ് അപൂർവമെങ്കിലും ഇവയുടെ കൂട്ടത്തിൽ സാധാരണയായി കണ്ടു വരുന്നത്. ഇത്തരം സങ്കീർണതകളുടെ ചികിത്സ സാധാരണ ഗതിയിൽ ലളിതമാണ്. മിക്കപ്പോഴും മറ്റൊരു ഓപ്പറേഷൻ ഇല്ലാതെ തന്നെ ഇവയിൽ ഭൂരിഭാഗവും ചികിൽസിക്കാൻ സാധിക്കും. ചില അവസരങ്ങളിൽ മറ്റൊരു ഓപ്പറേഷൻ കൂടി വേണ്ടി വന്നേക്കാം.
? അപ്പൻഡിക്സിനെ ബാധിക്കുന്ന ഏറ്റവും സാധാരണമായ അസുഖം അപ്പൻഡിസൈറ്റിസ് ആണെങ്കിലും മറ്റു പല അസുഖങ്ങളും അപ്പൻഡിക്‌സിനെ ബാധിക്കാറുണ്ട്.
ട്യൂമർ കാരണം അപ്പൻഡിക്‌സ് വീർത്തു വരുന്ന മ്യൂകോസീൽ, അപ്പൻഡിക്‌സിനെ ബാധിക്കുന്ന കാൻസർ, അപ്പൻഡിക്‌സിലെ അന്തർസ്രാവ-നാഡീകോശങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന ട്യൂമർ ആയ ന്യൂറോഎൻഡോക്രൈൻ ട്യൂമറുകൾ എന്നിവയാണ് ഇവയിൽ സാധാരണം. കുടലിലെ ഏതു ഭാഗതിനെയും ബാധിക്കാവുന്ന അവസ്ഥയായ ക്രോൺസ് ഡിസീസും ( crohn’s disease ) ചിലപ്പോൾ അപ്പൻഡിക്‌സിനെ ബാധിച്ചേക്കാം. ഈ അസുഖങ്ങളുടെ ചികിത്സയുടെ ഭാഗമായി ഓപ്പറേഷൻ ചെയ്ത് അപ്പൻഡിക്‌സ് എടുത്തു കളയേണ്ടതായി വരും. ചിലപ്പോൾ അതിന്റെ കൂടെ അപ്പൻഡിക്‌സിനോട് ചേർന്നു കിടക്കുന്ന വൻകുടലിലെ ഭാഗവും എടുത്തു കാലയേണ്ടതായി വന്നേക്കാം. കാൻസർ പോലെയുള്ള അസുഖമാകുമ്പോൾ കാൻസർ ബാധിച്ച ഭാഗം പൂർണമായി നീക്കം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.
? 2013 ൽ ആഗോളതലത്തിൽ ഏകദേശം 72,000 ആളുകളുടെ ജീവൻ അപ്പന്ഡിസൈറ്റിസ് കവർന്നതായാണ് കണക്കുകൾ. അതിനാൽ വായനക്കാരോട് ഇൻഫോക്ലിനിക്കിന് പറയാനുള്ളത് ഇതാണ്, ഒരു വയറുവേദനയെയും നിസ്സാരമായി കാണരുത്, പ്രത്യേകിച്ചും വേദനക്കൊപ്പം മേൽ സൂചിപ്പിച്ച ലക്ഷണങ്ങള് കൂടി ഉള്ളപ്പോൾ. അത്തരം അവസ്ഥകളിൽ നിർബന്ധമായും ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ഒരു ചികിത്സകൻറ്റെ സഹായം തേടാനും, അവർ നിർദേശിക്കുന്ന ചികിത്സ താമസം വിനാ സ്വീകരിക്കാനും മടിക്കരുത്.