· 7 മിനിറ്റ് വായന

ഓട്ടിസം ഭാഗം – 2, ടെലിപ്പതിയും മാജിക്കും

Psychiatryശിശുപരിപാലനം

ഓട്ടിസം ഉള്ളവർക്ക് അതീന്ദ്രീയമായ കഴിവുകൾ ഉണ്ടെന്നുള്ള ചർച്ചകൾ ചാനലുകളിൽ പോലും വന്ന കാലമാണ്. ഫ്ലവേഴ്സ് ചാനലിൽ വന്ന പ്രോഗ്രാം കണ്ട പലരും ഓട്ടിസം ഉള്ളവർക്ക് ടെലിപ്പതി ചെയ്യാനുള്ള കഴിവുണ്ടോ എന്ന സംശയം ചോദിച്ചിരുന്നു.

2018 ഏപ്രിൽ മാസത്തിൽ സമാനമായ ഒരു അവകാശവാദം ശരിയാണോ എന്ന് പരിശോധിക്കുന്നതിനുള്ള കമ്മിറ്റി രൂപീകരിക്കപ്പെട്ടിരുന്നു. സാമൂഹ്യ സുരക്ഷാ വകുപ്പാണ് ടെസ്റ്റുകൾ നടത്തി അവകാശ വാദം ശരിയാണോ എന്ന് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടത്. അക്കാദമി ഓഫ് മാജിക്കൽ സയൻസസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ, മാനസിക ആരോഗ്യ വിഭാഗം വിദഗ്ധരായ ഡോക്ടർ ജയപ്രകാശ്, ഡോക്ടർ ജയ പ്രകാശൻ, ഡോക്ടർ റാണി ജാൻസി എ ആർ എന്നിവരോടൊപ്പം ലേഖകനും കമ്മിറ്റിയിൽ അംഗമായിരുന്നു. മറ്റൊരാൾ ആലോചിക്കുന്നത് വായിക്കാൻ സാധിക്കും, മറ്റൊരാൾ എഴുതുന്നത് കാണാതെ തന്നെ എന്തെന്ന് മനസ്സിലാക്കാൻ സാധിക്കും, ഇതുവരെ കേൾക്കാത്ത ഭാഷയിൽ സംവദിക്കാൻ സാധിക്കും ഇതൊക്കെയായിരുന്നു അവകാശവാദങ്ങൾ. ഇതൊക്കെ ആ കുട്ടിക്ക് ലാപ്ടോപ്പിൽ ടൈപ്പ് ചെയ്ത് കാണിക്കും എന്നായിരുന്നു അവകാശവാദം. ഈ അവകാശവാദങ്ങളുടെ ശാസ്ത്രീയത പരിശോധിക്കുക മാത്രമാണ് ലക്ഷ്യം. അതിനുതകുന്ന രീതിയിൽ ലളിതമായ നാല് ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ആർക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടാതെ അഭിമുഖം പൂർണ്ണമായി വീഡിയോയിൽ റെക്കോർഡ് ചെയ്തിരുന്നു. കുട്ടിയുടെയോ രക്ഷകർത്താക്കളുടെയോ പേരോ മറ്റു വ്യക്തിപരമായ വിവരങ്ങളോ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അവരെ വിമർശിക്കാനോ അനുകൂലിക്കാനോ ഈ ലേഖനത്തിൽ ഉദ്ദേശമില്ല, പകരം ഇത്തരം അവകാശവാദങ്ങൾ യാഥാർത്ഥ്യമാണോ എന്ന് പരിശോധിക്കുക മാത്രമാണ് ലക്ഷ്യം.

രാവിലെ 10 മണിയോടുകൂടി അഭിമുഖം ആരംഭിച്ചു. ഒരു മേശയുടെ ഒരു വശത്ത് കമ്മിറ്റി അംഗങ്ങൾ. മറുവശത്ത് ഒരു കസേരയിൽ കുട്ടി, കുട്ടിയുടെ മുൻപിൽ മേശപ്പുറത്ത് ലാപ്ടോപ്പ്, അരികിലുള്ള കസേരയിൽ രക്ഷകർത്താക്കൾ.

1. ഒരു പേപ്പറിൽ 9 അക്കമുള്ള നമ്പർ എഴുതി. എഴുതിയത് രക്ഷകർത്താവോ കുട്ടിയോ കണ്ടിട്ടില്ല. കുട്ടിക്ക് നമ്പർ ടൈപ്പ് ചെയ്യാൻ സാധിച്ചില്ല. രക്ഷകർത്താവ് കുട്ടിയെ സ്പർശിക്കുന്നുണ്ടായിരുന്നു.

2. “Vacuum” എന്ന വാക്ക് എഴുതി രക്ഷകർത്താവിനെ നെ കാണിച്ചു.

ഏകദേശം അര മണിക്കൂർ കൊണ്ട് കുട്ടി “vaccum” എന്ന് ടൈപ്പ് ചെയ്തു. രക്ഷകർത്താവ് കുട്ടിയെ നിരന്തരം സ്പർശിക്കുന്നുണ്ടായിരുന്നു.

3. “Crazy dog jumped over” എന്ന് എഴുതി ഒരു രക്ഷകർത്താവിനെ കാണിച്ചു.

കുട്ടിയും ഈ രക്ഷകർത്താവും തമ്മിൽ അൽപം അകലം ഇട്ടു, തമ്മിൽ സ്പർശിക്കാൻ സാധിക്കാത്ത രീതിയിൽ. കുട്ടി ഒന്നും ടൈപ്പ് ചെയ്തില്ല.

അതുകൊണ്ട് കുട്ടിയുടെയും ഈ രക്ഷകർത്താവിന്റെയും ഇടയിൽ കുട്ടിയുടെ രണ്ടാമത്തെ രക്ഷകർത്താവിനെ നിർത്തി. അപ്പോഴും കുട്ടിക്ക് ടൈപ്പ് ചെയ്യാൻ സാധിച്ചില്ല.

ശേഷം ആദ്യ രക്ഷകർത്താവിന്റെ മടിയിൽ കുട്ടിയെ ഇരുത്തി. ഏതാണ്ട് മുക്കാൽ മണിക്കൂർ സമയം കൊണ്ട് കുട്ടി ടൈപ്പ് ചെയ്തു. പലപ്പോഴും കൈകൊണ്ടും കാലുകൊണ്ടും അമർത്തി തിരുമ്മുന്നത് കാണാൻ സാധിച്ചു. അക്ഷരങ്ങൾ തെറ്റി പോകുമ്പോൾ കുട്ടി കരയുന്നുണ്ട്. അതിനുശേഷമാണ് ലാപ്ടോപ്പിൽ ബാക്ക് അമർത്തുന്നത്.

4. ഓഗസ്റ്റ് 15 എന്തുകൊണ്ടാണ് സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത് എന്ന് ചോദ്യം ആസാമീസ് ഭാഷയിൽ ചോദിച്ചു.

“Yearn 15” എന്നു മാത്രം ടൈപ്പ് ചെയ്തു.

ടെസ്റ്റുകളിൽ നിന്നും മനസ്സിലാവുന്നത് രക്ഷകർത്താവ് സ്പർശിക്കുമ്പോൾ മാത്രമാണ് കുട്ടിക്ക് കൃത്യമായി ടൈപ്പ് ചെയ്യാൻ സാധിക്കുന്നത് എന്നാണ്. അതായത് രക്ഷകർത്താവ് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ കുട്ടി ടൈപ്പ് ചെയ്യുന്നു. അതും സ്പർശനത്തിലൂടെ സംവദിച്ചുകൊണ്ട്. എന്താണ് ടൈപ്പ് ചെയ്യുന്നത് എന്ന് കുട്ടി മനസ്സിലാക്കണമെന്ന് പോലും നിർബന്ധമില്ല. ഓട്ടിസം എന്ന അവസ്ഥയുണ്ട്.

തങ്ങളുടെ കുട്ടികൾ ഏറ്റവും മികച്ച ജീവിതനിലവാരം കൈവരിക്കണം എന്നും ഉന്നത വിജയം നേടണം എന്നും എല്ലാ രക്ഷകർത്താക്കളും ആഗ്രഹിക്കുന്നുണ്ട്. പലരും അതിനു വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്നവരാണ്. ഓട്ടിസം പോലെയുള്ള അവസ്ഥയിലുള്ള കുട്ടികളുടെ മാതാപിതാക്കൾ വളരെയേറെ സമ്മർദ്ദത്തിൽ ആയിരിക്കും. അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സമൂഹമെന്ന നിലയിൽ കൂടെ നിൽക്കുകയാണ് വേണ്ടത്. എന്നാൽ അശാസ്ത്രീയതകളും അബദ്ധധാരണകളും കൊണ്ട് പ്രയോജനം ലഭിക്കില്ല.

ഓട്ടിസമുള്ളവർക്ക് സാധാരണക്കാരെ അപേക്ഷിച്ച് ചില പ്രത്യേക കഴിവുകൾ ലഭിക്കാൻ സാധ്യതയുണ്ട് എന്ന് നാം എല്ലാം കേട്ടിരിക്കുമല്ലോ. ഓട്ടിസം സ്പെക്ട്രം ഡിസോർഡറിൽ ഉൾപ്പെടുന്ന ചിലർക്ക് അങ്ങനെയുള്ള കഴിവുകൾ ലഭിക്കാൻ സാധ്യതയുണ്ട് എന്നത് ശരിയാണ്. ആ കഴിവുകളെ Savant skills എന്ന് വിളിക്കുന്നു.

Savant skills

ഓർമശക്തി, കല, ഗണിതം, സംഗീതം തുടങ്ങിയ മേഖലകളിലാണ് ഇത്തരം കഴിവുകൾ കൂടുതലായും കണ്ടുവരുന്നത്. ഓർമ്മ ശക്തിയിൽ ചിലർ നമ്മെ വളരെയധികം ഞെട്ടിക്കാൻ വരെ സാധ്യതയുണ്ട്. Calendrical savants ആ കൂട്ടത്തിൽ പെടുന്നു. ഒരു തീയതി നൽകിയാൽ അത് ആഴ്ചയിലെ ഏതു ദിവസമാണ് എന്ന് അവർ കൃത്യമായി പറയും. ചിലർ ഒരു പടി കൂടി കടന്ന് അന്ന് ലോകത്ത് നടന്ന പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് വരെ പറഞ്ഞെന്നിരിക്കും. അങ്ങിനെയുള്ള വിവിധ കഴിവുകളുള്ള ചിലരെ പരിചയപ്പെടാം.

Kim Peek

നിങ്ങൾ റെയിൻ മാൻ എന്ന സിനിമ കണ്ടിട്ടുണ്ടോ ? 1988-ൽ പുറത്തിറങ്ങിയ ഈ സിനിമ മികച്ച സംവിധായകൻ, മികച്ച ചിത്രം തുടങ്ങി 4 ഓസ്കാർ അവാർഡുകൾ കരസ്ഥമാക്കി. സിനിമയിൽ savant ആയി അഭിനയിച്ച ഡസ്റ്റിൻ ഹോഫ്മാൻ ഏറ്റവും മികച്ച അഭിനേതാവിനുള്ള ഓസ്കാറും കരസ്ഥമാക്കി. നമ്മുടെ കിം പീക്കിൽ എന്നായിരുന്നു കേന്ദ്രകഥാപാത്രത്തെ ഉൾക്കൊണ്ടത്. ഇതിനായി തിരക്കഥാകൃത്ത് ബാരി മോറോയും ഡസ്റ്റിൻ ഹോഫ്മാനും പീക്കിനെ സന്ദർശിച്ചിരുന്നു.

ജനിച്ചപ്പോൾത്തന്നെ തലയ്ക്ക് വലിപ്പക്കൂടുതൽ ഉണ്ടായിരുന്ന കിം പീക്കിന് തലച്ചോറിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. നാലു വയസു വരെ കൊച്ച് കിമ്മിന് നടക്കാൻ സാധിക്കുന്നില്ലായിരുന്നു. സ്വന്തമായി ബട്ടൺസ് ഇടാൻ പോലും സാധിക്കില്ലായിരുന്നു. പിതാവായിരുന്നു ആജീവനാന്ത കാലം കൂട്ടായി നിന്നിരുന്നത്. പക്ഷേ കിമ്മിന്റെ വായനയുടെ വേഗതയും ഓർമശക്തിയും എല്ലാവരെയും ഞെട്ടിച്ചു. കിമ്മിൻറെ കഴിവുകളെ അധികരിച്ച് ധാരാളം പഠനങ്ങളും ഡോക്യുമെൻററികളും പുറത്തിറങ്ങിയിട്ടുണ്ട്.

Stephen Wiltshire

ഓട്ടിസ്റ്റിക് ആയിരുന്നു സ്റ്റീഫൻ. സ്കൂളിൽ വച്ചാണ് വരയ്ക്കാൻ ഉള്ള കഴിവുകൾ കണ്ടെത്തിയത്. ഓർമ്മയും വരയ്ക്കാൻ ഉള്ള കഴിവും സ്റ്റീഫനെ വ്യത്യസ്തനാക്കി. ഒരൊറ്റ തവണ കണ്ടാൽ എന്തും ഓർമയിൽനിന്ന് വരയ്ക്കാൻ സ്റ്റീഫന് സാധിക്കുമായിരുന്നു. ഒരു ഹെലികോപ്റ്റർ യാത്ര കൊണ്ട് ഒരു നഗരം അല്ലെങ്കിൽ നഗരത്തിന്റെ പ്രത്യേക ഭാഗം എന്നിവ കൃത്യമായി ഓർത്ത് വെയ്ക്കുവാനും അത് പിന്നീട് വരയ്ക്കുവാനും സ്റ്റീഫന് സാധിച്ചിരുന്നു. ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളുടെ എല്ലാംചിത്രങ്ങൾ സ്റ്റീഫൻ വരച്ചിട്ടുണ്ട്.

ഇതുപോലെ ധാരാളം പേരുണ്ട്. സാധാരണ മനുഷ്യർക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത വ്യത്യസ്തതയാർന്ന കഴിവുകളുള്ള മനുഷ്യർ. പക്ഷേ വളരെ കുറച്ചു പേർക്ക് മാത്രം ലഭിക്കുന്ന കഴിവാണ് ഇത്. അതായത് ഓട്ടിസമുള്ള എല്ലാവർക്കും savant skills ലഭിക്കില്ല. അതുപോലെ savant skill ഉള്ള എല്ലാവരും ഓട്ടിസ്റ്റിക് ആയിരിക്കണമെന്നുമില്ല. എന്താണ് ഈ കഴിവിനെ കാരണം എന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

ഓർമ്മശക്തി, കല, ഗണിതം, ചിത്രരചന, സംഗീതം തുടങ്ങി പല മേഖലകളിലും savant skills ഉള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പക്ഷേ ടെലിപ്പതി എന്ന ഒരു പ്രത്യേക കഴിവ് അതിൽ പെടില്ല. ടെലിപ്പതി ചെയ്യാൻ കഴിവുണ്ട് എന്ന് അവകാശപ്പെട്ട പലരുമുണ്ടായിരുന്നു. പക്ഷേ ഇന്നേവരെ ഒരാൾക്ക് പോലും തെളിയിക്കാൻ സാധിച്ചിട്ടില്ല. മറ്റൊരാൾ ചിന്തിക്കുന്നത് മനസ്സിലാക്കാൻ സാധിക്കും എന്ന അവകാശവാദമുന്നയിച്ചവരും മറ്റൊരു മുറിയിൽ ഇരുന്ന് മറ്റൊരാൾ എഴുതുന്നത് വായിക്കാൻ സാധിക്കും എന്ന് അവകാശവാദമുന്നയിച്ചവരും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ ശാസ്ത്രീയ പരീക്ഷണങ്ങളിൽ വിജയിക്കാൻ ആർക്കും ഇന്നേവരെ സാധിച്ചിട്ടില്ല. അങ്ങനെ ചിലരെ പരിചയപ്പെടാം.

Washington Irving Bishop

1855-ൽ അമേരിക്കയിൽ ജനിച്ച ബിഷപ്പ് ഒരു സ്റ്റേജ് പെർഫോമർ ആയിരുന്നു. കരിയറിന്റെ ആദ്യകാലത്ത് സ്പിരിച്വലിസ്റ്റ് ആയിരുന്ന Anna Eva Fay യുടെ കൂടെ പ്രവർത്തിച്ചിരുന്നു. അന്നയുടെ അവകാശവാദങ്ങൾ പൊള്ളയാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയത് ബിഷപ്പായിരുന്നു. പക്ഷേ അതേ വ്യക്തി പിന്നീട് മറ്റുള്ളവരുടെ മനസ്സിലുള്ളത് സ്പർശനത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും എന്ന അവകാശവാദം ഉന്നയിച്ചു. പക്ഷെ ശാസ്ത്രീയ നിരീക്ഷണങ്ങളിൽ ടെലിപ്പതി അദ്ദേഹത്തിന് സാധ്യമല്ല എന്ന് കണ്ടെത്തി.

Julius and Agnes Zancig

സാൻസിഗ് ദമ്പതികൾ പല രാജ്യങ്ങളിലും മാജിക്ക് പ്രോഗ്രാമുകൾ അവതരിപ്പിച്ചിരുന്നു. മൈൻഡ് റീഡിങ് ആയിരുന്നു പ്രധാന മേഖല. അതിപ്രശസ്തരായ പലരും അവർക്ക് പരസ്പരം മനസ്സ് വായിക്കാൻ ഉള്ള കഴിവുണ്ട് എന്ന് തന്നെ കരുതി. ഷെർലക് ഹോംസിന്റെ സ്രഷ്ടാവായ ആർതർ കോനൻ ഡോയൽ പോലും ഇവർക്ക് ടെലിപ്പതി ചെയ്യാനുള്ള കഴിവുണ്ട് എന്ന് അനുഭവസാക്ഷ്യം പറയുകയുണ്ടായി. എന്നാൽ ഇതൊരു സങ്കീർണ്ണമായ കോഡ് ഉപയോഗിച്ചാണ് എന്ന് ജൂലിയസ് പിന്നീട് വ്യക്തമാക്കുകയുണ്ടായി. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച മജീഷ്യൻ എന്നാണ് ലോക ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ മജീഷ്യൻമാരിൽ ഒരാളായ ഹാരി ഹൗഡിനി ജൂലിയസിനെ വിശേഷിപ്പിച്ചത്.

ഇവർ ചില ഉദാഹരണങ്ങൾ മാത്രം. ലോകത്തിൽ അങ്ങോളമിങ്ങോളം നൂറുകണക്കിനുപേർ മനസ്സ് വായിക്കാൻ സാധിക്കും എന്ന അവകാശവുമായി മുന്നോട്ടുവന്നിരുന്നു. മജീഷ്യൻമാർ മാത്രമല്ല, പുരോഹിതരും ആൾദൈവങ്ങളും അത്ഭുത രോഗശാന്തി പ്രഭാഷകരും അങ്ങനെ നിരവധി മേഖലയിലുള്ളവർ മുന്നോട്ടുവന്നു. പലസ്ഥലങ്ങളിലും ജനങ്ങളെ ചൂഷണം ചെയ്ത് ഇവർ പണമുണ്ടാക്കി. അതീന്ദ്രിയമായ കഴിവുകൾ ഉണ്ട് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെ കയ്യിൽ നിന്നും പണം വാങ്ങി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത ധാരാളം പേർ ലോകചരിത്രത്തിൽ ഉണ്ട്.

മനുഷ്യ സാധ്യമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് അവകാശപ്പെട്ടവരെ ചോദ്യം ചെയ്ത ധാരാളം പേരും ചരിത്രത്തിലുണ്ട്. അവരിൽ ചിലരെയെങ്കിലും പരിചയപ്പെടാതെ ടെലിപ്പതിയുടെ കഥ പൂർണ്ണമാവില്ല.

Abraham Thomas Kovoor

കേരളത്തിലെ തിരുവല്ലയിൽ 1898-ൽ ജനനം. ഇന്ത്യയിലെയും ശ്രീലങ്കയിലെരയും റാഷണലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഊർജ്ജസ്രോതസ്സായിരുന്നു എ. ടി. കോവൂർ. ഉപരിപഠനത്തിന് ശേഷം കേരളത്തിൽ സി എം എസ് കോളേജിൽ ബോട്ടണി അധ്യാപകൻ. 1928 മുതൽ ശ്രീലങ്കയിൽ അധ്യാപകൻ. 1960 മുതൽ മരണം വരെ സിലോൺ റാഷണലിസ്റ്റ് അസോസിയേഷന്റെ അധ്യക്ഷൻ. തൻറെ മരണശേഷം ശരീരം മെഡിക്കൽ കോളേജിൽ വിദ്യാർഥികളുടെ പഠനത്തിനായി നൽകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്ന വ്യക്തി.

1963-ലാണ് തൻറെ പ്രശസ്തമായ ചലഞ്ച് മുന്നോട്ടുവയ്ക്കുന്നത്. അതീന്ദ്രീയമായ കഴിവുകൾ ഉണ്ട് എന്ന് തെളിയിക്കുന്ന ആർക്കും ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന ചലഞ്ച്. അദ്ദേഹം ആവശ്യപ്പെട്ട അത്ഭുതങ്ങളിൽ ഏതെങ്കിലുമൊന്ന് പ്രവർത്തിക്കുന്നവർക്ക് ഈ സമ്മാനം ലഭിക്കും. വെള്ളത്തിനു മുകളിൽ കൂടി നടക്കുക, സീൽ ചെയ്ത കവറിനുള്ളിലെ നോട്ടിന്റെ സീരിയൽ നമ്പർ പറയുക, വെള്ളം വീഞ്ഞാക്കി കാണിക്കുക, ടെലിപ്പതി തുടങ്ങിയ അദ്ഭുതങ്ങൾ ആണ് ആണ് അദ്ദേഹം ലിസ്റ്റ് ചെയ്തിരുന്നത്. പലരും വെല്ലുവിളി ഏറ്റെടുത്തു, പക്ഷേ എല്ലാവരുടെയും കെട്ടിവെച്ച തുക നഷ്ടപ്പെട്ടു.

1978-ൽ പ്രൊഫസർ എ ടി കോവൂർ മരണമടഞ്ഞു. റാഷണലിസ്റ്റ് അസോസിയേഷൻ അധ്യക്ഷൻ കാർലോ ഫോൻസെക 2012-ൽ എ ടി കോവൂർ പ്രഖ്യാപിച്ച ഒരു ലക്ഷത്തിൽ നിന്നും പ്രതിഫലത്തുക ഉയർത്തി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ സ്ഥാപകൻ ബാസവ പ്രേമാനന്ദ ഒരു ലക്ഷം രൂപയുടെ ചലഞ്ച് കോവൂരിന്റെ മരണശേഷവും തുടർന്നു. ഇന്നേവരെ ആരും ചലഞ്ചിൽ വിജയിച്ചിട്ടില്ല.

James Randi

ലോകപ്രശസ്തനായ മജീഷ്യൻ. അതീന്ദ്രിയമായ കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെട്ടവർക്ക്, അത് ശാസ്ത്രീയമായ പശ്ചാത്തലത്തിൽ തെളിയിച്ചാൽ ഒരു മില്യൻ യുഎസ് ഡോളർ പ്രതിഫലമായി നൽകുമെന്ന് പ്രഖ്യാപിച്ചു. പല അവകാശവാദങ്ങളും വിവാദങ്ങളും ഉണ്ടായെങ്കിലും ആർക്കും ടെലിപ്പതി അടക്കമുള്ള അവകാശവാദങ്ങൾ തെളിയിച്ച് ഈ പ്രതിഫലം കരസ്ഥമാക്കാൻ സാധിച്ചിട്ടില്ല.

ലോകത്തിൽ പലരും അവകാശവാദമുന്നയിച്ചിട്ടും തെളിയിക്കാൻ സാധിക്കാത്ത കാര്യമാണ് ടെലിപ്പതി എന്നത്. കാരണം ലളിതമാണ്, മനുഷ്യ സാധ്യമായ കാര്യമല്ല അത്. എന്നാൽ ഇതുപോലുള്ള അവകാശവാദങ്ങൾ വിശ്വസിച്ച പലരും പല കാലത്തും ഉണ്ടായിരുന്നു. സയൻസ് വളർച്ച പ്രാപിക്കുന്നതോടെ അതൊക്കെ ഇല്ലാതായതായി വരുന്നു എന്ന് കാണാം. ഒരു കാലത്ത് പ്രേതങ്ങളെ/പിശാചിനെ കണ്ടു എന്ന് പറയുന്നവർ എത്രയോ ഉണ്ടായിരുന്നു. വൈദ്യുതിയുടെ കണ്ടുപിടിത്തത്തോടെ, നാട്ടിലൊക്കെ വഴിവിളക്കുകൾ സ്ഥാപിച്ചതോടെ അതില്ലാതായി. അതുപോലെ സയൻസ് കൂടുതൽ കൂടുതൽ വളർച്ച പ്രാപിക്കുന്നതോടെ തെറ്റിദ്ധാരണകൾ മാറിക്കൊണ്ടേയിരിക്കും.

ഓട്ടിസം ഒരു പ്രത്യേക അവസ്ഥയാണ്. പല പ്രത്യേകതകളും ഉള്ള അവസ്ഥ. പലപ്പോഴും തിരിച്ചറിയാൻ വൈകുന്നത് കൊണ്ട് ശാസ്ത്രീയമായ ചികിത്സ വൈകാറുണ്ട്. ഓട്ടിസത്തിന്റെ തീവ്രത അനുസരിച്ച് കണ്ടെത്താനുള്ള സാധ്യതയും വ്യത്യാസപ്പെട്ടിരിക്കുന്നു. എത്രയും നേരത്തെ കണ്ടെത്തി ശാസ്ത്രീയമായ തെറാപ്പികൾ നൽകുകയാണെങ്കിൽ മെച്ചപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. രണ്ടു വയസ്സു മുതൽ തന്നെ തെറാപ്പികൾ സ്വീകരിച്ചാൽ വളരെ വലിയ വ്യത്യാസം ഉണ്ടാകും. പക്ഷേ പലപ്പോഴും സ്കൂളുകളിൽ എത്തുമ്പോൾ അധ്യാപകരാണ് വ്യത്യാസം കണ്ടു പിടിക്കുന്നത്. മുൻപ് സംശയം തോന്നിയാൽ പോലും അംഗീകരിക്കാൻ മാതാപിതാക്കൾ വിമുഖത കാണിക്കുന്നതും കുറവല്ല. തിരിച്ചറിഞ്ഞ ശേഷം ശാസ്ത്രീയ രീതികൾ പിന്തുടരാതെ പ്രാർത്ഥനയ്ക്കും മറ്റും പോകുന്നവരും ഉണ്ട്.

സ്വയംഭോഗം ചെയ്തവർക്കും ബ്ലൂഫിലിം കണ്ടിട്ടുള്ളവർക്കും സ്വർഗ്ഗ രതിയിൽ ഏർപ്പെട്ടിട്ടുള്ളവർക്കും ഓട്ടിസമുള്ള കുട്ടികൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട് എന്നുപറഞ്ഞ പുരോഹിതൻ ഡൊമിനിക് വളമനാലും, നിഷേധികളായ മാതാപിതാക്കൾക്ക് ഓട്ടിസമുള്ള കുട്ടികൾ ഉണ്ടാകും എന്ന് പറഞ്ഞ അധ്യാപകനായിരുന്ന രജത് കുമാറും ഈ വിഷയത്തിൽ തികഞ്ഞ അശാസ്ത്രീയാണ് പ്രചരിപ്പിക്കുന്നത്. കൃത്രിമ പാപബോധം വളർത്തി മാതാപിതാക്കളെ മാനസികമായി ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം പ്രസ്താവനകളെ സമൂഹം അവജ്ഞയോടെ തള്ളിക്കളയണം.

ഓട്ടിസമുള്ള കുട്ടികളുടെ മാതാപിതാക്കളുടെ അവസ്ഥ വളരെ ബുദ്ധിമുട്ടേറിയത് ആയിരിക്കും. സമൂഹം എന്ന നിലയിൽ അവർക്ക് പിന്തുണ നൽകി, കുട്ടിക്ക് ശാസ്ത്രീയമായ ചികിത്സ നൽകാൻ പ്രേരിപ്പിക്കുകയാണ് വേണ്ടത്. അവിടെ മറ്റൊന്നും കൊണ്ട് ഒരു ആശ്വാസവും കിട്ടില്ല. അതുകൊണ്ട് ആ കുട്ടികളുടെ മെച്ചപ്പെട്ട ഭാവിക്കുവേണ്ടി ശാസ്ത്രീയയെ കൂട്ടുപിടിക്കുക തന്നെ വേണം.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ