· 6 മിനിറ്റ് വായന

ഒഴിവാക്കാവുന്ന ആൾക്കൂട്ടങ്ങൾ

Current Affairs
നമ്മളിൽ അധികം പേരും മുൻപൊരു മഹാമാരിക്കാലം കണ്ടിട്ടും അതിജീവിച്ചിട്ടും ഇല്ലാ, എന്നാൽ വസൂരി പോലൊരു മഹാമാരി നടമാടിയ കാലത്തെ കടുത്ത അനുഭവങ്ങൾ പങ്കു വെച്ചവരെ നമുക്കറിയാം. മുൻ മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദനും മുൻ ആരോഗ്യ മന്ത്രി കെ കെ ഷൈലജയും ഒക്കെ വസൂരിക്കാലത്തെ തന്റെ അനുഭവം മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.
വസൂരി ലോക ജനതയെ വേട്ടയാടിയിരുന്ന കാലത്ത് എങ്ങനെയാണീ രോഗം ഉണ്ടാവുന്നത്, പകരുന്നത്, എങ്ങനെ അത് തടയാം എന്നൊക്കെ മനസ്സിലാക്കി എടുക്കാൻ ശാസ്ത്രം വികസിച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ അത്തരം ചുരുളുകൾ ഒക്കെ അഴിച്ചു രോഗത്തെക്കുറിച്ചു ശാസ്ത്രീയ അറിവുകൾ ഉണ്ടാവുകയും, വാക്സിൻ വികസിപ്പിക്കുകയും ഒക്കെ ചെയ്തതോടെയാണാ മഹാമാരിയെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്തത്.
സാംക്രമികരോഗശാസ്‌ത്രം വികാസം പ്രാപിക്കാത്ത കാലത്ത് നാം വസൂരിയുടെ കാരണം ദേവീ കോപം മുതൽ അനേകം അശാസ്ത്രീയ കാര്യങ്ങളിൽ വെച്ച് കെട്ടിയിരുന്നു.
എന്നാൽ ശാസ്ത്രം കൂടുതൽ വളർന്ന ഇക്കാലത്ത് നാം പുതിയൊരു മഹാമാരിയെ നേരിടുമ്പോൾ കോവിഡ് എന്ന രോഗത്തെ, അതുണ്ടാക്കുന്ന രോഗാണുക്കളെ, അവ പടരുന്നത് എങ്ങനെ എന്നതിനെ കുറിച്ചൊക്കെ അതിവേഗം വിവരശേഖരണം നടത്തി ശാസ്ത്രീയമായി അപഗ്രഥിച്ചു അതിനെ നേരിടാൻ മറു തന്ത്രം മെനയുന്നു.
എന്നാൽ ഈ അറിവുകൾ പൂർണ്ണമല്ല, കോവിഡ് മഹാമാരി സംബന്ധിച്ച എല്ലാ അറിവുകളും നാം ചുരുളഴിച്ചെടുത്തോ! ഇല്ലാ എന്നത് ഓർക്കണം. നിലവിലുള്ള അറിവുകൾ അടിസ്ഥാനപ്പെടുത്തി ഏറ്റവും മികച്ച പ്രതിരോധ തന്ത്രങ്ങൾ മെനയുകയാണ് നമ്മുടെ ശാസ്ത്ര വിദഗ്ധർ. കൂടുതൽ തെളിവുകൾ ലഭ്യമാവുംതോറും നാം സ്വീകരിച്ചു പോന്ന തന്ത്രങ്ങളിൽ കാലികമായ മാറ്റം വരുത്തുന്നുണ്ട് എന്നതും ഓർക്കുക.
പ്രധാനപെട്ട ചിലത് ഓർമ്മിപ്പിക്കാം,
മഹാമാരി തുടങ്ങിയ സമയത്ത് നാം ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ മാത്രം മാസ്ക് ധരിച്ചാൽ മതി എന്നായിരുന്നു നിഷ്കർഷിച്ചിരുന്നത്. എന്നാൽ പിന്നീട് നാം കണ്ടെത്തി ,മഹാമാരിയെ നിയന്ത്രിക്കാൻ സമൂഹത്തിൽ ഏവരും മാസ്ക് ധരിക്കുന്നതാണ് ഉചിതം, പൊതുജനത്തിന് തുണി മാസ്ക് മതി എന്നും. എന്നാൽ നിലവിലത്തെ നിഷ്കർഷ പൊതുജനങ്ങൾ ഡബിൾ മാസ്ക് ധരിക്കുന്നത് അവശ്യം ആണെന്നാണ്.
ഇങ്ങനെ നമ്മുടെ പൊതു നന്മയ്ക്ക് ഉതകുന്ന തരത്തിൽ സുരക്ഷാ നടപടിക്രമങ്ങൾ സാഹചര്യങ്ങൾക്ക് അനുസരിച്ചു നാം പരിഷ്കരിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം എന്നതിൽ നിന്ന് ആറ് അടി അഥവാ രണ്ടു മീറ്റർ പാലിക്കുന്നത് ആണ് മെച്ചം എന്ന് മനസ്സിലാക്കി. ഡ്രോപ്‌ലെറ്റ് രോഗബാധയാണ് പ്രധാനം എന്ന അറിവിൽ നിന്നാണ് ഈ നിഷ്കർഷ ഉരുത്തിരിഞ്ഞത് എന്നാൽ നിലവിൽ സ്രവകണികകൾ മുഖേന മാത്രമല്ല, നേരിയ കണികകൾ അല്ലെങ്കിൽ എയ്‌റോസോൾ മാർഗേന വായുവിലൂടെയും രോഗസംക്രമണം നടക്കാം എന്ന് ശാസ്ത്രകാരന്മാർ കരുതുന്നുണ്ട്. ഇതിനാൽ സുരക്ഷാ നടപടി ക്രമങ്ങൾ കൂടുതൽ കർശനമാക്കി അടഞ്ഞ മുറിയിൽ ഉള്ള ഇടപഴകലുകൾക്ക് നിയന്ത്രണങ്ങൾ നിർദ്ദേശിച്ചു വരുന്നു.
പറഞ്ഞു വന്നത്, വസൂരിയെ, പ്ളേഗിനെ ഒക്കെ മനസ്സിലാക്കി പ്രതിരോധിക്കാൻ നാം നൂറ്റാണ്ടുകൾ എടുത്തു എങ്കിലും കോവിഡ് നെ നാം വളരെ വേഗതയിൽ മനസ്സിലാക്കി എടുക്കുന്നുണ്ട്. എങ്കിലും കോവിഡ് വൈറസിനെ നാം പൂർണ്ണമായി മനസ്സിലാക്കി കഴിഞ്ഞിട്ടില്ല.
രോഗപ്രതിരോധ നടപടികളായ്‌ നാം നിഷ്കർഷിക്കുന്ന SMS പോലുള്ളവ രോഗം ഇനി പകരില്ലാ എന്ന് ഉറപ്പു തരുന്ന ഒരു ഗ്യാരണ്ടിയല്ല. മറിച്ചു ഇവയെല്ലാം കർശനമായി ഓരോരുത്തരും പാലിച്ചാൽ ഒരു പരിധി വരെ രോഗത്തെ നമ്മുക്ക് അകറ്റി നിർത്താൻ കഴിയും എന്ന് മാത്രമാണ്.
ഏതൊരു പകർച്ചവ്യാധി രോഗവ്യാപനത്തെയും സ്വാധീനിക്കുന്ന നമ്മുക്ക് നിയന്ത്രിക്കാവുന്നതും അല്ലാത്തതുമായ അനേകം ഘടകങ്ങൾ ഉണ്ട്.
എന്നാൽ നമ്മിൽ ചിലരെങ്കിലും ഇതിനെ കണക്കിലെ ഒരു ലളിത സമവാക്യം പോലെയാണ് കാണുന്നത്. “മാസ്ക് + സാനിട്ടൈസേഷൻ + ശാരീരിക അകലം + വാക്സിൻ = കോവിഡ് മഹാമാരിയുടെ അന്ത്യം ഉറപ്പ്” എന്ന നിലയ്ക്ക് ലളിതയുക്തിയിൽ ചിന്തിക്കുന്നവർ അനേകം ഉണ്ട്. എന്നാൽ അങ്ങനെ എളുപ്പം വൈറസിനെ പരിപൂർണ്ണമായി അകറ്റി നിർത്താമായിരുനെങ്കിൽ ഈ രണ്ടാം തരംഗത്തിൽ ആയിരത്തിനുമേൽ ആരോഗ്യപ്രവർത്തകർ രോഗബാധിതർ ആവില്ലായിരുന്നു എന്നോർക്കുക. പ്രതിരോധ ഉപാധികളും, രണ്ടു ഡോസ് വാക്സിനും എടുത്തവരായിരുന്നല്ലോ അവരിൽ ഏറെക്കുറെ പേരും.
ജനിതക വ്യതിയാനം വന്ന വൈറസുകളുടെ ആവിർഭാവം നമ്മുടെ അറിവിനപ്പുറം അപ്രവചനീയത ഈ ഘട്ടത്തിൽ സൃഷ്ടിക്കുന്നുണ്ട്.
സമൂഹത്തിൽ എല്ലാ വ്യക്തികളും മേൽപ്പറഞ്ഞ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കാതിരിക്കുന്ന പോലുള്ള പല ഘടകങ്ങൾ മഹാമാരിയുടെ അന്ത്യത്തിനായുള്ള നമ്മുടെ പോരാട്ടത്തിൽ പ്രതിബന്ധങ്ങളായി ഉണ്ട്.
ഈ ഘട്ടത്തിൽ നമ്മുക്ക് കരണീയം രോഗവ്യാപന സാധ്യത കൂട്ടുന്ന ഏതൊരു നടപടിയും ഒഴിവാക്കുക എന്നത് തന്നെയാണ്. നിലവിലെ സാഹചര്യത്തിൽ ആരോഗ്യ സംവിധാനങ്ങൾ നിറഞ്ഞു കവിയുന്ന കാഴ്ചയാണ്. ഒരു പുതിയ രോഗി കുറഞ്ഞാൽ പോലും കഴിഞ്ഞ ഒന്നരവർഷമായി ഈ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഒരു ആശ്വാസമായി ഭവിക്കും അത്. ആ ഉത്തരവാദിത്വം നിറവേറ്റാൻ നാം ഓരോരുത്തര്ക്കും കടമയുണ്ട്.
ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കുക, ആൾക്കാർ തമ്മിൽ ഇടപഴകുന്ന സാഹചര്യം ഒഴിവാക്കുക എന്നതിനായുള്ള കണ്ടൈൻമെന്റ് സ്ട്രാറ്റജിയാണ് നാം ഇത് വരെ സ്വീകരിച്ചു പോന്നത്.
കോവിഡ് വ്യാപന തോത് വർദ്ധിച്ചതോടെ തലസ്ഥാനം അടക്കം നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപെടുത്തിയിരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ഈ ജില്ലകൾക്ക് അകത്തേക്കും പുറത്തേക്കും അടിയന്തര ആവശ്യങ്ങൾക്കു ഒഴികെ ആരെയും യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കുക, ജില്ലകൾക്ക് അകത്ത് തന്നെ കൺടെന്റ്മെന്റ് സോണുകൾ പൂർണമായും അടച്ചു പൂട്ടി വീട്ടിൽ തന്നെ ആളുകളെ ഇരുത്താൻ നിർബന്ധിതരാക്കുക, രോഗ ബാധിതർ ആയിട്ടുള്ളവരെയും അവരുമായി സമ്പർക്കം പുലർത്തുന്നവരെയും ക്വാറന്റൈൻ കഴിയും വരെ പുറത്തിറങ്ങുന്നത് തടയുന്നത് ഉറപ്പ് വരുത്തുക എന്ന മൂന്നു തലങ്ങൾ ആണ് ട്രിപ്പിൾ ലോക്ഡൗണിൽ ഉള്ളത്. ഒട്ടനവധി അസൗകര്യങ്ങൾ ഇത് കൊണ്ടുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കി ബഹുഭൂരിഭാഗം ജനങ്ങളും ഇത് നടപ്പിലാക്കാൻ സഹകരിക്കുന്നുണ്ട്.
ഈ അവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് രണ്ടാമതും അധികാരത്തിൽ ഏറിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ച് വാർത്തകൾ പുറത്ത് വരുന്നത്. സത്യപ്രതിജ്ഞ 500 പേരെ ഉൾക്കൊള്ളിച്ച് നടത്തുമെന്നും സാമൂഹ്യ അകലം പാലിച്ച് കൊണ്ട് അത്തരം ഒരു ചടങ്ങ് നടത്താൻ ഉള്ള സൗകര്യം ഉണ്ടെന്നും മുൻകൂർ ടെസ്റ്റിംഗ് വഴി രോഗ ബാധിതരെ ഒഴിവാക്കിയാണ് ചടങ്ങ് നടത്തുന്നത് എന്നും ആണ് അറിയുന്നത്. ജനപ്രതിനിധികൾ, നിയമജ്ഞർ, മാധ്യമ പ്രവർത്തകർ എന്നിങ്ങനെ ആവശ്യമായ പ്രാതിനിധ്യം ഉറപ്പാക്കി നടത്തേണ്ട ഒഴിവാക്കാനാകാത്ത ചടങ്ങാണ് സത്യപ്രതിജ്ഞ എന്നും വാദങ്ങൾ ഉണ്ട്.
എന്നാൽ ഇന്നത്തെ സവിശേഷ സാഹചര്യം മുൻനിർത്തി ഈ ചടങ്ങ് രോഗവ്യാപന സാധ്യത ഏറ്റവും കുറയ്ക്കുന്ന തരത്തിൽ നടത്തുന്നതാവും ഉചിതം എന്ന് പറയാതിരിക്കാൻ കഴിയില്ല.
കാരണങ്ങൾ,
1. നൂറു ശതമാനം സുരക്ഷിതം എന്ന് പറയാവുന്ന ഒരു രക്ഷാ മാർഗ്ഗം ഇല്ല
കോവിഡ് വൈറസിനെതിരെ ഫൂൾ പ്രൂഫ് പ്രതിരോധ നടപടി എന്നൊന്ന് നിലവിലെ ഇല്ല എന്നതാണ് യാഥാർത്ഥ്യം.
രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചതിന് ശേഷവും ആരോഗ്യ പ്രവർത്തകർ അടക്കം പലരും രോഗബാധിതർ ആവുന്നുണ്ട്. വാക്സിൻ സ്വീകരിക്കുന്നവരിൽ ഉണ്ടാവുന്ന രോഗ ബാധ ഗുരുതരം ആവുന്നില്ല എന്ന് മാത്രം. എന്നാൽ ഇങ്ങനെ രോഗം ലഭിച്ചവർ മറ്റുള്ളവർക്ക് രോഗം പകർന്നു നൽകാൻ കാരണമാവുകയും ചെയ്യും.
2. മുൻകൂറായി നടത്തുന്ന ടെസ്റ്റുകൾ മുഖേന പകർത്താൻ സാധ്യതയുള്ള മുഴുവൻ ആൾക്കാരെയും സ്‌ക്രീൻ ചെയ്തു കണ്ടെത്താൻ കഴിയില്ല.
RT PCR അടക്കമുള്ള പരിശോധനകളിലൂടെ ടെസ്റ്റ് ചെയ്ത് ആളുകളെ പ്രവേശിപ്പിക്കുന്നതും. RT PCR 95% കൃത്യതയോടെ ഫലങ്ങൾ നൽകുന്നുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത് എങ്കിലും അഞ്ചിലൊന്ന് വരെ ആളുകൾക്ക് തെറ്റായ RT PCR നെഗറ്റീവ് ഫലം വരുന്നുണ്ട് എന്ന് പോലും നിഗമനങ്ങൾ വരുന്നുണ്ട്. കൃത്യമായ പഠനങ്ങൾ ഇല്ലാത്തത് കൊണ്ടാണ് നിഗമനം, സൂചന എന്നൊക്കെ ഉപയോഗിക്കേണ്ടി വരുന്നത്.
ടെസ്റ്റ് ചെയ്യുന്ന സമയത്തെ വൈറൽ ലോഡ്, ടെസ്റ്റ് ചെയ്യുന്ന രീതി, ടെസ്റ്റ് കിറ്റിൻ്റെ നിലവാരം തുടങ്ങി പല ഘടകങ്ങളെ ആശ്രിച്ചിരിക്കുന്നു ഇതിൻ്റെ കൃത്യത. ചിലപ്പോഴെങ്കിലും RT PCR നെഗറ്റീവ് ആയവർ രണ്ടു ദിവസമോ മറ്റോ കഴിഞ്ഞു ടെസ്റ്റ് ചെയ്യുമ്പോൾ പോസിറ്റീവ് ആവുന്നുണ്ട്.
എന്നാൽ ഉടനടി റിസൾട്ട് കിട്ടുന്ന ആന്റിജൻ , ട്രൂനാറ്റ് തുടങ്ങിയ പരിശോധനകളിൽ ആവട്ടെ തെറ്റായി റിസൾട്ട് കിട്ടാനുള്ള സാധ്യത ഏറെയാണ്. ലഭ്യമായ കിറ്റുകൾ പലതും 35 % – 50% വരെ തെറ്റായി നെഗറ്റിവ് കാണിക്കുന്നു എന്ന് സൂചിപ്പിക്കപ്പെടുന്നു.
ടെസ്റ്റ് നെഗറ്റിവായി വിമാന യാത്ര ചെയ്തു മറ്റിടങ്ങളിൽ ചെന്ന് ഇറങ്ങുന്നവരിൽ പലരെ രോഗബാധിതരായി ആ രാജ്യങ്ങളിൽ കണ്ടെത്തുന്നതും അപൂർവ്വ പ്രതിഭാസമല്ല നിലവിൽ.
3. സൂപ്പർ സ്പ്രെഡ്ർ എന്ന പ്രതിഭാസം
ചില രോഗബാധിതർ സാധാരണഗതിയിൽ നാം കണക്കുകൂട്ടിയിരിക്കുന്നതിനേക്കാൾ ഏറെ വേഗതയിൽ രോഗം അനേകം പേരിലേക്ക് പകർത്തുന്ന പ്രതിഭാസമാണിത്. ഇതിനു കാരണം കൃത്യമായി ശാസ്ത്രം കണ്ടെത്തിയിട്ടില്ല, ഒരു പക്ഷെ ഇത്തരം വ്യക്തികൾ പുറത്തേക്കു കൂടുതൽ അളവിൽ രോഗാണുക്കളെ പ്രസരിപ്പിക്കുന്നതാവാം കാരണം എന്ന് പൊതുവിൽ കരുതുന്നു. ഇത്തരം ആൾക്കാരുടെ സാന്നിധ്യം നമ്മുടെ പ്രതീക്ഷകൾക്ക് വിപരീതമായ രോഗപ്പകർച്ച ഉണ്ടാക്കിയേക്കാം.
അടഞ്ഞ ഇടങ്ങളിൽ ആളുകൾ ആളുകൾ തിങ്ങി കൂടുന്ന സാഹചര്യങ്ങൾ ലോകമെമ്പാടും super spreader events ആയി മാറിയ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. വായു സഞ്ചാരം ഉറപ്പാക്കുന്ന രീതിയിൽ സംവിധാനങ്ങൾ ഒരുക്കിയാൽ ഒരു പക്ഷെ ഇതിലെ അപകടം കുറക്കാൻ സാധിച്ചേക്കും. അപ്പോഴും ഇത്ര ഏറെ ആളുകൾ ഒരുമിച്ച് കൂടുമ്പോൾ ഒന്നോ രണ്ടോ പേർ രോഗബാധിതർ ആയാൽ പോലും പലവരിലേക്ക് പകരാൻ സാധ്യത ഒഴിവാകുന്നില്ല.
4. 2 മീറ്റർ സാമൂഹിക അകലം.
ഒരു ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ സമയവും ഈ നിശ്ചിത അകലം പാലിച്ചു കൊണ്ട് മാത്രം ഇടപഴകാൻ പലർക്കും കഴിഞ്ഞെന്നു വരില്ല എന്നാണ് നമ്മുടെ മുന്നിലുള്ള ഉദാഹരണങ്ങൾ. ഏയ്റോസോൾ മുഖേന രോഗപ്പകർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് നിലവിൽ ശാസ്ത്രകാരന്മാർ അനുമാനിക്കുന്നത് ശരിയാണെങ്കിൽ അകലം പാലിച്ചാൽ പോലും രോഗബാധ സാധ്യതകൾ നിലനിൽക്കുന്നു എന്ന് ഓർക്കേണം.
നാം രോഗബാധിനാകാതിരിക്കുവാൻ ശ്രമിക്കുക എന്ന സ്വയം രക്ഷക്കപ്പുറം രോഗ വ്യാപന ശ്രുംഖലയുടെ കണ്ണിയാകാതിരിക്കാൻ ശ്രമിക്കുക എന്ന സാമൂഹികമായ ഉത്തരവാദിത്വം ആണ് ഈ കാലം നമ്മോട് ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നത്. നിത്യവൃത്തിക്ക് പോലും പോകാതെ ബഹുഭൂരിപക്ഷം ജനങ്ങളും അത് ഏറ്റെടുക്കുന്നുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങി സ്വയം നിയന്ത്രിക്കുന്നുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക എന്നത് ജനാധിപത്യപരമായ ഉത്തരവാദിത്വവും ഭരണഘടനാപരമായ ബാധ്യതയും ആണ് എന്നതിൽ സംശയം ഇല്ല. പക്ഷേ അത്അ കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിൽ നടത്തുകയോ അവശ്യം ആളുകളൊഴികെ ബാക്കി ഏവരും ഓൺലൈൻ ആയി പങ്കെടുക്കുന്ന രീതിയിൽ ക്രമീകരിച്ചു സർക്കാർ ജനങ്ങൾക്ക് മാതൃക കാണിക്കണം എന്ന് അപേക്ഷിക്കുന്നു.
ഇതുപോലെ ഒരു ചടങ്ങിലേക്ക് ക്ഷണിച്ചാൽ ഔചിത്യ ബോധത്തോടെ തീരുമാനമെടുക്കാൻ ക്ഷണിതാക്കൾക്കും കഴിയും, ആൾക്കൂട്ടം തന്നാൽ സൃഷ്ടിക്കപ്പെടില്ല എന്ന് ഓരോരുത്തരും തീരുമാനിക്കണമെന്നും അപേക്ഷിക്കുന്നു.
ഒടുവിലായി മാദ്ധ്യമപ്രവർത്തകരോടാണ് അപേക്ഷ –
വലിയ ചടങ്ങുകളിൽ ഏറ്റവുമധികം ഒത്തുകൂടുന്ന ഒരു വിഭാഗത്തിൽ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു, പ്രത്യേകിച്ച് ദൃശ്യമാധ്യമ പ്രവർത്തകർ. തൽസമയം വീഡിയോ റെക്കോർഡ് ചെയ്യാനായി നിരവധി വീഡിയോ ക്യാമറകളും മാധ്യമപ്രവർത്തകരും സന്നിഹിതരായിരിക്കുന്നതും തിക്കി തിരക്കി കൂട്ടം കൂടുന്നതും, മികച്ച ദൃശ്യം കിട്ടാൻ മത്സരിച്ചു ഒരു സാധാരണ കാഴ്ചയാണ്.
വാർത്തകൾ ജനങ്ങളിലെത്തിക്കുക എന്ന പ്രധാനമായ കർത്തവ്യം അവർക്കുണ്ട്. കോവിഡ് ഒരു പ്രത്യേക സാഹചര്യം ആയതിനാൽ മത്സരബോധം ഒഴിവാക്കി വിവേക പൂർവ്വം പൊതുവായ ഒരു വീഡിയോ ഫീഡ് / ചിത്രങ്ങൾ ഏവരും ഷെയർ ചെയ്ത് ഉപയോഗിക്കുന്ന ഒരു രീതി അനുവർത്തിച്ചാൽ അത് മാതൃകാപരമാവും.
രോഗവ്യാപന സാധ്യത പരമാവധി ഇല്ലാതാക്കിക്കൊണ്ട് ഭരണഘടനാ പരമായ ഉത്തരവാദിത്തങ്ങൾ കയ്യാളാൻ ഏവർക്കും സാധിക്കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് നിർത്തുന്നു.
മുൻപെന്നത്തേയും പോലെ ജനങ്ങൾക്ക് ഒപ്പം നിൽക്കാനും മുന്നിൽ നിന്ന് നയിക്കുവാനും സർക്കാരിന് കഴിയട്ടെ…
ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ