വാവേ.. ഇതാരാന്ന് നോക്കിക്കേ
പിറന്നയുടൻ അമ്മയുടെ ചൂട് പറ്റി കിടക്കുന്ന പൈതലിനെ നോക്കി “അച്ഛനെ നോക്ക് ” “അമ്മേനെ നോക്ക് ” എന്നൊക്കെ പറയാത്തവരായി ആരും തന്നെയുണ്ടാവില്ല !. എന്നാൽ യഥാർത്ഥത്തിൽ ആ പൈതങ്ങൾ അപ്പോഴാ മുഖം കാണുന്നുണ്ടോ ?
ഇല്ലാ എന്നാണ് ഉത്തരം !.
ഒരാളുടെ നേത്രരൂപീകരണത്തിന് തുടക്കമിടുന്നത് അവർ ഗർഭാവസ്ഥയിൽ കിടക്കുമ്പോൾ തന്നെ ഏകദേശം 22 ദിവസമാകുമ്പോഴാണ്. ജന്മശേഷം കുട്ടികൾ നടക്കാനും സംസാരിക്കാനും പഠിക്കുന്നത് പോലെ തന്നെയാണ് കാഴ്ചശക്തിയിൽ അവർക്ക് സംഭവിക്കുന്ന വികാസവും. ജനിക്കുമ്പോഴേ കാഴ്ചയുടെ എല്ലാ സാധ്യതയുമായി അവർ ജനിക്കാറില്ല. കാരണം അവരുടെ കണ്ണുകളുടെയും കാഴ്ചസിഗ്നലുകൾ നാഡിവഴി തലച്ചോറിൽ ക്ഷമതയോടെ എത്തുന്നതിന്റെയും വികാസം അപ്പോൾ നടന്നിട്ടുണ്ടാവുകയില്ല. കണ്ണുകൾ ഫോക്കസ് ചെയ്യുക, വസ്തുക്കളുടെ നിറവും വ്യാപ്തിയും മനസ്സിലാക്കുക, ആവശ്യാനുസരണം ഇരുകണ്ണുകളും ചലിപ്പിക്കുക മുതലായവ കഴിവുകൾ അവർ പിന്നീടുള്ള മാസങ്ങൾ കൊണ്ട് സ്വായക്തമാക്കുന്നതാണ്. എങ്കിലെ ചുറ്റുപാടുമുള്ള ലോകത്തെ കാഴ്ചകൊണ്ട് സംവേദിക്കാനും മനസ്സിലാക്കാനും അതിനനുസരിച്ചുള്ള പൊതുവികാസവും സാധ്യമാവുകയുമുള്ളൂ. അതിനാൽ തന്നെ ജന്മനാ കാഴ്ചക്കുറവുള്ളതും അന്ധരുമായ കുട്ടികളിൽ വളർച്ചക്കൊപ്പമുള്ള മറ്റ് ഇന്ദ്രിയങ്ങളുടെ വികാസവും മരവിപ്പിക്കപ്പെട്ട് കാണപ്പെടുന്നു.
ആദ്യത്തെ 4 മാസം
—————————-
ജനിക്കുമ്പോഴേ പൈതങ്ങൾക്ക് ചുറ്റുമുള്ള വസ്തുക്കളെ കൃത്യമായി കാണാനാവാതെ ഒരു പുകമറ പോലെയായിരിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. രണ്ട് വസ്തുക്കളെ വേർതിരിക്കാനോ അവയുടെ ചലനം മനസ്സിലാക്കാനോ അപ്പോളവർ അശക്തമായിരിക്കും !. ആദ്യ മാസാവസാനമാകുമ്പോഴേക്കും ഇതിൽ മാറ്റം വരും. 8 മുതൽ 10 ഇഞ്ച് വരെ ദൂരമുള്ള വസ്തുക്കളിലേക്കായിരിക്കും അവർ ആദ്യമായി ഫോക്കസ് ചെയ്യാൻ ശ്രമിക്കുന്നത്. രണ്ട് മാസമാകുമ്പോഴേക്കും കുട്ടി മുഖത്ത് നോക്കി ചിരിച്ചു തുടങ്ങണം
മൂന്ന് മാസമാകുമ്പോൾ അമ്മയെ പ്രത്യേകം മനസ്സിലാക്കി തുടങ്ങും.
നാലാം മാസം കളിപ്പാട്ടങ്ങളെ “കണ്ണ് “കൊണ്ട് പിടിക്കുന്നു (കൈ നീട്ടുന്നത് അതിന് ശേഷം )
ഇക്കാലത്ത് അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ടത്
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
- കുട്ടി കിടക്കുന്ന മുറിയിൽ മങ്ങിയ ലൈറ്റുകൾ ഉപയോഗിക്കുക.
- മുറിയിലെ തൊട്ടിലിന്റെ സ്ഥാനവും കുട്ടിയുടെ പൊസിഷനും ഇടയ്ക്കിടെ മാറ്റുക.
- ഈ പ്രായത്തിൽ കുട്ടികൾക്ക് ആകർഷണം തോന്നിക്കുന്ന കളിപ്പാട്ടങ്ങൾ കുട്ടിയുടെ ദൃശ്യമണ്ഡലത്തിനുള്ളിൽ തന്നെ വയ്ക്കുകയോ തൂക്കിയിടുകയോ ചെയ്യുക.
- മുറിക്കുള്ളിൽ നടക്കുമ്പോഴും കുഞ്ഞിന്റെ ശ്രദ്ധ ആകർഷിക്കത്തരത്തിൽ ഇടയ്ക്കിടെ സംസാരിക്കാൻ ശ്രമിക്കുക.
5 മുതൽ 8 മാസം വരെ
———————————-
ഈ സമയങ്ങളിൽ കണ്ണുകളും ശരീരവുമായുള്ള ഏകോപന ചലനങ്ങളുടെ കഴിവും മെച്ചപ്പെടുന്നു. അതോടൊപ്പം വസ്തുക്കളുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കാനുള്ള കഴിവും രൂപപ്പെടും. അതോടെ ത്രിമാന (3D) കാഴ്ചകളും ലഭ്യമാകും. അഞ്ചു മാസമാകുന്നതോടുകൂടി കുഞ്ഞിന് നിറങ്ങൾ വേർതിരിച്ചു മനസ്സിലാക്കാനാകും. എട്ട് മാസമാകുമ്പോഴേക്കും കുട്ടികൾ ഇഴയാൻ തുടങ്ങും. അപ്പോൾ മുന്നിൽ കാണുന്ന വസ്തുക്കളിൽ ആകൃഷ്ടരായി അതിൽ എത്തിപ്പെടാൻ ശ്രമിച്ചുകൊണ്ടുള്ള കണ്ണും കൈയും കാലും ശരീരവും ഒത്തൊരുമിച്ചു കൊണ്ടുള്ള ഒരു ഏകോപനചലനം കൈവരും !.
ഇക്കാലത്ത് അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ടത്
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
കൊച്ചിന് തൊട്ടിലിൽ കിടന്നുകൊണ്ട് തന്നെ കളിക്കാൻ പാകത്തിലുള്ള വിവിധ നിറത്തിലുള്ളതും എത്തിപിടിച്ചു വലിക്കാനാവുന്നതും തൊഴിക്കാനും പറ്റാവുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങൾ തൂക്കിയിടുക. കുഞ്ഞിന് തറയിൽ ഇരുന്ന് കളിക്കാനും മറ്റും സമയം അനുവദിച്ചുകൊടുക്കുക. പ്ലാസ്റ്റിക്കിലോ തടിയിലോ ഉള്ള കഷണങ്ങൾ നൽകുക. തപ്പു കൊട്ടാനും ഉച്ചത്തിൽ പറയുന്നതിനും പാടുന്നതിനും ഒപ്പം താളം കൊട്ടാനും കൂടുക.
9 മുതൽ 12 മാസം വരെ
——————————–
ഏകദേശം ഒൻപതാം മാസത്തോടുകൂടി നിവർന്ന് നിൽക്കാനും സാധനങ്ങൾ എത്തിപിടിക്കാനും ശ്രമിക്കും. പത്താം മാസത്തോടുകൂടി കുട്ടികൾ സാധനങ്ങൾ കൈകളിൽ ഒതുക്കാൻ ശ്രമിക്കും. നിലത്തിഴയുന്നതിൽ നിന്നും നടക്കാൻ തുടങ്ങുന്നതിലേക്കുള്ള പ്രയാണമാണ് ഈ പന്ത്രണ്ടാം മാസം. ഈയൊരു സമയത്ത് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് കുട്ടികൾ നേരത്തെ എന്നീറ്റു നിൽക്കുക എന്നതിലുപരി അവരവരുടെ ഇഷ്ടംപോലെ അവർക്ക് കൗതുകം തോന്നുന്ന വസ്തുക്കളിൽ ആകൃഷ്ടരായി ഇഴയട്ടെ എന്നതിലാണ് ! കാരണം ദൂരങ്ങളെ അളക്കാനും കൃത്യമായ ദൂരങ്ങളിലേക്ക് സാധങ്ങൾ വലിച്ചെറിയാനുമുള്ള കണ്ണ് -തലച്ചോർ സിഗ്നലുകളുടെ ശാക്തീകരണം സംഭവിക്കുന്നത് അപ്പോളാണ്.
ഇക്കാലത്ത് അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ടത്
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
കളിപ്പാട്ടങ്ങൾ മറച്ചുവച്ചും അത് തിരഞ്ഞുകൊണ്ടുമുള്ള കളികളും, കുട്ടിയെ ‘പറ്റിക്കുന്ന’ തരത്തിലുള്ള ചെറിയ ഒളിച്ചുകളികളും കുട്ടികളുടെ കാഴ്ച്ചപരമായ ഓർമ്മകളുടെ വികാസം സാധ്യമാക്കും !. കുട്ടിയോട് കളിക്കുമ്പോൾ ആ വസ്തുക്കളുടെ പേരുകൾ എടുത്ത് പറയുന്നതും അവർക്ക് ആ പേരുകൾ നേരത്തെ തന്നെ പഠിച്ചെടുക്കാൻ ഉപകരിക്കും.
ഒന്നു മുതൽ രണ്ട് വയസ്സുവരെ
———————————————
ഈയൊരു സമയമാകുമ്പോഴേക്കും കുട്ടിയുടെ കണ്ണും കൈയുമായുള്ള ഏകോപനവും വസ്തുക്കളുടെ ആഴം മനസിലാക്കാനുള്ള കഴിവും നന്നായി വളർന്നിരിക്കും. പഞ്ചേന്ദ്രിയങ്ങളുമായി ചുറ്റുപാടുകളുമായി വളരെയധികം ബന്ധപ്പെടാനുള്ള താത്പര്യം കാണിക്കുന്നു. സ്ഥിരം കാണാറുള്ള മുഖങ്ങളെ തിരിച്ചറിയാനും പുസ്തകങ്ങളിലെ ചിത്രങ്ങളിൽ മറ്റും ആകൃഷ്ടരാകാനും കുത്തിവരക്കാനും അവർ താത്പര്യം പ്രകടിപ്പിക്കുന്നു.
ഇക്കാലത്ത് അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ടത്
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
മുന്നോട്ടും പിന്നോട്ടും ബോളുരുട്ടി കുട്ടികളെ കണ്ണുകൊണ്ട് പിന്തുടരുന്ന വിധത്തിലുള്ള കളികളിൽ ഏർപ്പെടുത്തുക.
വൈദ്യപരിശോധന എപ്പോൾ ?
- ജനിച്ച് ആറുമാസം ആകുമ്പോഴേക്കും എല്ലാ കുഞ്ഞുങ്ങൾക്കും ഒരു നേത്രപരിശോധന നടത്തുന്നത് നല്ലതാണ്. കാരണമെന്തെന്നാൽ ജന്മനായുള്ള തിമിരം, ഗ്ലോക്കോമ, നേത്രപടലത്തിലെ വെളുത്തപാടുകൾ മുതലായവ എത്രയും നേരത്തെ തന്നെ കണ്ടെത്തേണ്ടതുണ്ട്.
- ചില മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് കോങ്കണ്ണ് ഉണ്ടോ എന്ന് സംശയം പ്രകടിപ്പിക്കാറുണ്ട്. ആദ്യത്തെ മാസങ്ങളിൽ ചെറിയ രീതിയിലുള്ള കൃഷ്ണമണിയുടെ സ്ഥാനമാറ്റങ്ങൾ കാണാറുണ്ട്. പക്ഷെ നാലുമാസത്തിനു ശേഷവും സാരമായ സ്ഥാനമാറ്റം തോന്നുന്നുണ്ടെങ്കിൽ അടിയന്തരമായി നേത്രപരിശോധനക്ക് വിധേയമാകേണ്ടതാണ്.
- മാസം തികയാതെ പ്രസവിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും തൂക്കക്കുറവുള്ള കുഞ്ഞുങ്ങളെയും ഉറപ്പായും ഉടൻ നേത്രപരിശോധനക്ക് വിധേയമാകേണ്ടതാണ്.
കൂടാതെ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാലും ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.
- കണ്ണുനീരെടുപ്പ്
- ചുവന്ന കൺപോളകൾ
- കണ്ണിൽ പീളകെട്ടൽ
- കണ്ണ് തിരുമ്മൽ
- വെളിച്ചത്തിനോടുള്ള അമിതമായുള്ള പ്രതികരണം
- കൃഷ്ണമണിയിൽ വെളുപ്പ്
- നേത്രഗോളത്തിന്റെ അസാധാരണമായ ചലനങ്ങൾ
(ശുഭം)