· 4 മിനിറ്റ് വായന

നടുവേദന

Orthopedics
ഫ്രേയ്സർ കഴിഞ്ഞ കൊല്ലം വരെ ട്രക്ക് ഡ്രൈവർ ആയിരുന്നു. 48 വയസ്സ്. കുറച്ച് ഓവർവെയ്റ്റ് ആണ്. സാമാന്യം നന്നായി പുക വലിക്കും. ആയിരകണക്കിന് കിലോമീറ്റർ നീളുന്ന യാത്രകളാണ് തൊഴിലിന്റെ ഭാഗമായി കുറെ വർഷങ്ങളായി അയാൾ ചെയ്തുകൊണ്ടിരുന്നത്. യാത്രകൾക്കിടയിൽ കിട്ടുന്ന ഒഴിവുദിവസങ്ങളിലാണ് ബാക്കി വരുന്ന ഉറക്കവും, അത്യാവശ്യം വീട്ടുകാര്യങ്ങളും നടക്കുന്നത്. വ്യായാമത്തിന് താത്പര്യവുമില്ല, അതുകൊണ്ട് തന്നെ സമയവും കിട്ടാറില്ല.
പുകവലികൊണ്ടുള്ള ചുമയും, മരുന്ന് കൊണ്ട് നിയന്ത്രണവിധേയമായ ബ്ലഡ് പ്രഷറും മാത്രമാണ് അയാൾക്ക് അസുഖമെന്ന് പറയാനായിട്ട് ഉണ്ടായിരുന്നുള്ളൂ, പിന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ടുള്ള നടുവേദനയും. നടുവേദന കൂടിയപ്പോഴാണ് അയാൾ ട്രക്ക് ഡ്രൈവിംഗ് നിറുത്തിയത്. മരുന്നും, സാധിക്കുമ്പോഴൊക്കെ വ്യായാമചികിത്സയും ചെയ്തു നോക്കി. വലിയ പ്രയോജനമൊന്നുന്നുമുണ്ടായില്ല. ഇനിയെന്ത് ചെയ്യും എന്ന ചോദ്യമായിട്ടാണ് ഫ്രേയ്സർ ക്ലിനിക്കിൽ വരുന്നത്.
മെർലിന്റെ കാര്യം അല്പം വ്യത്യസ്തമാണ്. 38 വയസ്സ്. രണ്ട് കുട്ടികളുണ്ട്. താഴെയാൾക്ക് 8 വയസ്സ്. സൂപ്പർ മാർക്കറ്റ് സ്റ്റോറിൽ സൂപ്പർവൈസർ ആയിരുന്നു. അഞ്ച് കൊല്ലം മുമ്പ് സ്റ്റോറിൽ ഒരു സഹപ്രവർത്തകനെ ഭാരം പൊക്കാൻ സഹായിച്ചതാണ്. ആ സമയത്ത് ഒന്ന് വീണു. അതിന് ശേഷമാണ് നടുവേദന തുടങ്ങിയത്. മൂന്ന് വർഷം മുമ്പ് ഡിസ്ക് പ്രൊലാപ്‌സ് ഉണ്ടെന്ന് കണ്ട് ലാമിനെക്ടമി എന്ന സർജറിക്ക് വിധേയമായി.
ഒരു കൊല്ലം വരെ വലിയ കുഴപ്പമില്ലായിരുന്നു. പിന്നെ വേദന വീണ്ടും തുടങ്ങി. വേദന കാരണം സൂപ്പർവൈസർ ജോലിയിൽ നിന്ന് ഓഫിസ് ഡ്യൂട്ടിയിലേക്ക് മാറി. തൈറോയ്ഡ് ഹോർമോണും വേദനക്കുള്ള മരുന്നും മാത്രമേ അവർ കഴിക്കുന്നുള്ളൂ. വേറെ പ്രത്യേകിച്ച് അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ല സർജറി കൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടാതെ വന്നതിലുള്ള നിരാശ, ഇനിയെന്ത് എന്ന ഉത്കണ്ഠ, ശമ്പളത്തിൽ വന്ന കുറവ്, ജോലി തന്നെ നിറുത്തേണ്ടി വരുമോയെന്ന ആശങ്ക, ഒപ്പം വേദനയും. ക്ലിനിക്കിൽ വരുമ്പോൾ അവരുടെ പ്രശ്നങ്ങൾ ഇതെല്ലാമായിരുന്നു.
ആഴ്ചയിലൊരിക്കലുള്ള പെയ്ൻ ക്ലിനിക്കിൽ നടുവേദനക്കാരാണ് കൂടുതലും. ഈയാഴ്ച അവസാനമായി വന്ന പേഷ്യന്റ്സ് ആണ് ഫ്രേയ്‌സറും മെർലിനും,
തിരിച്ച് ഡ്രൈവ് ചെയ്യുമ്പോൾ ചിന്തിച്ചത് നടുവേദനയെകുറിച്ചായിരുന്നു.
എന്തെന്നാൽ നടുവേദനയുണ്ടാക്കുന്ന രോഗഭാരം വളരെ വലുതാണ്.
രോഗഭാരം അഥവാ disease burden എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പ്രത്യേക രോഗം സമൂഹത്തിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങലൂടെ തീവ്രതയെയാണ്.
രോഗഭാരം അളക്കുന്ന ഒരു രീതി ഗുണപരമായ നിലയിൽ ജീവിച്ച വർഷങ്ങൾ [Quality-Adjusted Life-Years (QALY)] ആയിട്ടാണ്. രോഗാവസ്ഥ കൊണ്ടോ, അതിന്റെ പ്രത്യാഘാതം കൊണ്ടോ നഷ്ടപ്പെട്ടുപോയ ദിവസങ്ങൾ മാറ്റിനിറുത്തിയാൽ ഒരാളുടെ ആയുസ്സിൽ ആരോഗ്യപൂർണ്ണമായ എത്ര സമയമുണ്ടായിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് QALY കണക്കാക്കുന്നത്. ജീവിതത്തിലെ പൂർണ്ണാരോഗ്യത്തോടെയുള്ള ഒരു വർഷം QALY 1 ആയി അടയാളപ്പെടുത്തുമ്പോൾ QALY 0 ആരോഗ്യസംബന്ധമായ കാരണങ്ങൾ കൊണ്ട് പ്രവർത്തനരഹിതമായ ഒരു വർഷത്തെ സൂചിപ്പിക്കുന്നു.
ക്യാൻസർ കഴിഞ്ഞാൽ ഓസ്‌ട്രേലിയയിൽ ഏറ്റവും രോഗഭാരമുണ്ടാക്കുന്നത്‌ നടുവേദനയാണ്.
2018 ലെ കണക്ക് പ്രകാരം ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കുന്ന രീതിയിൽ നടുവേദന അനുഭവിക്കുന്നവർ മൊത്തം ജനസംഖ്യയുടെ 38 ശതമാനം വരും. വർഷത്തിൽ ഏതാണ്ട് 4.8 ബില്യൺ ഡോളർ ആണ് നടുവേദന ചികിൽസിക്കാൻ വേണ്ടി ഓസ്‌ട്രേലിയൻ ആരോഗ്യമേഖലക്ക് വരുന്ന ചിലവ്.
നാൽപ്പത്തിയഞ്ചു മുതൽ അറുപത് വയസ്സ് വരെയുള്ള പ്രായക്കാരിൽ തൊഴിൽ നിറുത്തേണ്ടി വരുന്നതിന്റെ ആരോഗ്യപരമായ കാരണങ്ങളിൽ ഏറ്റവും പ്രധാനം നടുവേദനയാണ്. ഓസ്‌ട്രേലിയൻ ജിഡിപി യിൽ 3.8 ബില്യൺ ഡോളറിന്റെ കുറവാണ് പ്രതിവർഷം ഇതുമൂലമുണ്ടാകുന്നത്.
ലോകത്തെ മൊത്തം കണക്കനുസരിച്ച് ജീവിതകാലത്ത് ഒരു പ്രാവശ്യമെങ്കിലും നടുവേദന വന്നിട്ടൂള്ളവർ ജനസംഖ്യയുടെ 84 ശതമാനം വരും.
അപ്പോൾ സർവ്വസാധാരണമായിട്ടുള്ള ഈ നടുവേദനയുടെ കാരണമെന്താണ്?
വേദന ഒരു രോഗലക്ഷണമാണ്. നടുവേദനയും അങ്ങനെ തന്നെയാണ്.
85 ശതമാനം നടുവേദനക്കാരിലും കൃത്യമായ ഒരു കാരണം കണ്ടെത്താൻ പറ്റാറില്ല എന്നുള്ളതാണ് യാഥാർഥ്യം.
എന്നിരുന്നാലും നടുവേദന മെഡിക്കൽ അറ്റെൻഷൻ കിട്ടേണ്ട അവസ്ഥ തന്നെയാണ്. കാരണം ചെറിയ ശതമാനം ആളുകളിൽ നടുവേദന സീരിയസായ ഒരു ആരോഗ്യപ്രശ്‌നം കൊണ്ടുണ്ടാകുന്നതാവാം. അത്തരം നടുവേദനയെ എങ്ങനെ തിരിച്ചറിയാൻ ഒരു പരിധി വരെ സഹായിക്കുന്ന ചില സംഗതികളുണ്ട്. അവയിൽ ചിലതാണ്
1. ഒരു അപകടത്തിനോ, വീഴ്ചക്കോ തുടർന്ന് ഉടനെയുണ്ടാകുന്ന കഠിനമായ വേദന (Trauma)
2. വേദന തുടങ്ങുന്നതിന് മുമ്പോ, അതിന് ശേഷമോ ശരീരത്തിന്റെ ഭാരം കുറയുക (Weight loss)
3. വേദനയുടെ കൂടെയുണ്ടാകുന്ന പനി (fever) വിയർക്കൽ പ്രതേകിച്ച് രാത്രി (night sweats)
4. മാംസപേശികൾക്കുള്ള ബലക്ഷയം (muscle weakness)
5. മല-മൂത്ര വിസർജ്ജനം നിയന്ത്രിക്കുന്നതിനുള്ള ശേഷിക്കുറവ് (incontinence)
6 ഒരു തരത്തിലും നിയന്ത്രണവിധേയമാകാത്ത തീവ്രമായ വേദന (intractable pain)
ഇത്തരം ലക്ഷണങ്ങളുടെ ഗൗരവസ്വഭാവം കണക്കിലെടുത്ത് അവയെ red flags എന്ന് വിളിക്കപ്പെടുന്നു.
ഇത്രയും അടിയന്തിരസ്വഭാവമില്ലെങ്കിലും നടുവേദനയുടെ ചികിത്സയിൽ വളരെ പ്രാധാന്യമുള്ള മറ്റു ചില ലക്ഷണങ്ങളുണ്ട്. അവ ഒരു വ്യക്തിയുടെ മാനസികവും, സാമൂഹ്യവുമായ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉത്കണ്ഠ (anxiety), വിഷാദരോഗങ്ങൾ(depressive illness), അനാവശ്യമായ ഭയം (fear), നിഷേധാല്മകമായ നിലപാടുകൾ (negative attitude) കുടുംബപരവും, തൊഴിൽപരവുമായ സംഘർഷങ്ങൾ(domestic and occupational conflicts) എന്നിവ yellow flags എന്ന ഗ്രൂപ്പിൽ പെടുന്നു. ഇത്തരം ഘടകങ്ങൾ നടുവേദനക്ക് നേരിട്ടുള്ള കാരണങ്ങളല്ല, പക്ഷേ വേദന നീണ്ടു നിൽക്കുന്ന, ചികിത്സ ഫലപ്രദമാകാതിരിക്കുന്ന സ്ഥിതിയുണ്ടാക്കാറുണ്ട്.
വേദനയടക്കമുള്ള പല നെഗറ്റീവ് എലമെന്റ്സിനെയും നിയന്ത്രിക്കുന്ന ഒരു ആന്തരികസംവിധാനം മനുഷ്യശരീരത്തിലുണ്ട്, അതാണ് എൻഡോജീനസ് ഒപ്പിയോയിഡ് സിസ്റ്റം. എൻഡോർഫിൻസ്, എൻകേഫാലിൻസ്, ഡൈനോർഫിൻസ് മുതലായ രാസപദാർത്ഥങ്ങൾ വഴിയാണ് ഈ സിസ്റ്റം അതിന്റെ ധർമ്മം നിർവഹിക്കുന്നത്.
എൻഡോർഫിൻസ് വേദനസംഹാരിയായി ഉപഗോഗിക്കുന്ന മോർഫിനുമായി ഘടനാപരമായി സാമ്യമുള്ളതാണ്. എൻഡോജീനസ് ഒപ്പിയോയിഡ് സിസ്റ്റത്തിന്റെ പ്രവർത്തനത്തെ yellow flags പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് വേദന ഉള്ളതിനേക്കാൾ തീവ്രതയിൽ അനുഭവപ്പെടാനും, വേദനയോടുള്ള മനോഭാവം കൂടുതൽ നിഷേധാൽമകമാവാനും (negative feelings) വിവിധ ചികിത്സാരീതികൾ ഫലപ്രദമാകാതിരിക്കാനും കാരണമാകുന്നത്.
പരിണാമഫലമായുണ്ടായ മാറ്റം (Evolutionary change) മനുഷ്യന്റെ നട്ടെല്ലിനെ വേദനക്ക് കൂടുതൽ വശംവദമാക്കുന്നുണ്ടോ?
ഏകദേശം നാല് മില്യൺ വർഷങ്ങൾക്ക് മുമ്പാണ് ആധുനിക മനുഷ്യൻ രണ്ടുകാലിൽ നടക്കാൻ തുടങ്ങിയത്. നാലിൽ നിന്ന് രണ്ടുകാലിലേക്കുള്ള (bipedalism) പ്രൊമോഷൻ പരിണാമപ്രക്രിയയിലെ മറ്റു പല പരിവർത്തനങ്ങളെക്കാൾ താരതമ്യേന വേഗത്തിലാണ് സംഭവിച്ചതെന്നാണ് അതേ കുറിച്ചുള്ള പഠനങ്ങൾ കാണിക്കുന്നത്.
ബൈപെഡലിസം കൊണ്ട് മനുഷ്യന് ഒരുപാട് ഗുണങ്ങളുണ്ടായി. കൈ സ്വന്ത്രമായതോടെ ടൂൾസ് ഉപയോഗിക്കാൻ തുടങ്ങി. തലച്ചോറിന്റെ വികാസം സംഭവിച്ചു. നടക്കാൻ ചെലവാക്കേണ്ടിയിരുന്ന ഊർജ്ജത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. ഒന്ന് ചുറുചുറുക്കോടെ നടക്കാൻ (5Km/hr) 250-350 കലോറി മതിയെന്ന നില വന്നു.
കാഴ്ചയും, കാഴ്ചപ്പാടും, വേഷവും, ഭാഷയും, കോലവും, ശീലവും; മനുഷ്യൻ അടിമുടി മാറിയത് അവിടന്നങ്ങോട്ടാണ്.
എന്നാൽ രണ്ടുകാലിലേക്കുള്ള നിൽപ്പ് ചില പ്രശ്നങ്ങളെയും കൊണ്ട് വന്നു. അതിൽ പ്രധാനമായ ഒന്ന് ഗുരുത്വാകർഷണബലത്തിന്റെ സ്വഭാവമനുസരിച്ച് ശരീരത്തിന്റെ പ്രത്യേകിച്ച് നട്ടെല്ലിന്റെയും, ഇടുപ്പിന്റെയും ഘടനയിൽ വരുത്തേണ്ടി വന്ന മാറ്റമാണ്. ഗുരുത്വാകർഷണ രേഖ (line of gravity) ശരീരത്തിലെ സന്ധികളുമായി കൃത്യമായ അകലത്തിലും, ദിശകളിലും കടന്നുപോയാൽ മാത്രമേ നിൽക്കുമ്പോഴും നടക്കുമ്പോഴും ബാലൻസ് തെറ്റാതെയിരിക്കുന്നതിനും, അതിന് വേണ്ട ആയാസം ലഘൂകരിക്കുന്നതിനും സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് മനുഷ്യന്റെ നട്ടെല്ലിന് വളവുകൾ വേണ്ടി വന്നത്.
കഴുത്തിന്റെ ഭാഗത്തും (cervical), വയറിന്റെ ഭാഗത്തും (lumbar) നട്ടെല്ല് മുന്നിലോട്ടും (lordosis) നെഞ്ചിന്റെ (thoracic) ഭാഗത്ത് പിന്നിലോട്ടും (kyphosis) അല്പം വളഞ്ഞാണിരിക്കുന്നത്. അതിനനുസരിച്ച് മാംസപേശികളുടെ വിന്യാസവും പ്രവർത്തനവും ക്രമീകരിക്കേണ്ടി വന്നു. നേരത്തെ പറഞ്ഞതുപോലെ ഈ പ്രക്രിയ വളരെ വേഗത്തിൽ, എന്ന് വെച്ചാൽ “2 മില്യൺ വർഷങ്ങൾ’ എന്ന ചുരുങ്ങിയ സമയത്തിനുള്ളിലായതുകൊണ്ട് എല്ലാ എഞ്ചിനീയറിങ്ങ് തത്വങ്ങളും പാലിച്ചല്ല പരിണാമത്തിന്റെ ഈ ഘട്ടം സംഭവിച്ചത്. ഘടനാപരമായ പൂർണ്ണതക്കല്ല, എനർജി എഫിഷെൻസിക്കും ബാലൻസിങ്ങിനുമാണ് മുൻഗണന കിട്ടിയത്.
റിലാക്സ്ഡ് ആയി നിൽക്കാൻ മാംസപേശികളുടെ പ്രയത്നം (muscle activity) വളരെ നിസ്സാരമായ തോതിലേ ആവശ്യമുള്ളൂ. ലൈൻ ഓഫ് ഗ്രാവിറ്റിയുമായി ഒത്ത് പോകുന്ന ആകൃതിയാണ് മുഖ്യമായും ശരീരത്തെ സ്റ്റേബിൾ ആയി നിർത്തുന്നത്. അങ്ങനെ മിച്ചം വരുന്ന എനർജി മനുഷ്യന് നിരീക്ഷിക്കാനും ചിന്തിക്കാനുമായി ഉപയോഗപ്പെടുന്നു.
ഈ പ്രത്യേകത മൂലം പ്രായത്തിനും, കായികക്ഷമതക്കും, പിന്നെ ഇരുപ്പിനും നടപ്പിനും ഒക്കെ അടിസ്ഥാനമാക്കി wear and tear (തേയ്മാനം) സംഭവിക്കാവുന്ന ഒരു പോരായ്മ (disadvantage) മനുഷ്യനട്ടെല്ലിനുണ്ടായി, പ്രത്യേകിച്ച് കഴുത്തിന്റെയും, വയറിന്റെയും ഭാഗത്ത് (cervical and lumbar). അരക്കെട്ടിലുള്ള രണ്ട് കശേരുകൾക്കിടയിലാണ് (L 5 -S 1 junction) ഈ തേയ്‌മാനം കൂടുതൽ സംഭവിക്കുന്നത്.
ഇങ്ങനെയൊരു പശ്ചാത്തലം നടുവേദനക്കുണ്ട്, എല്ലാ നടുവേദനയും ഇതുകൊണ്ടാണെന്ന് അർത്ഥമില്ല.
വിസ്തരഭയത്താൽ ആദ്യഭാഗം ഇവിടെ അവസാനിപ്പിക്കുന്നു. തുടർ ലേഖനം അടുത്ത വെള്ളിയാഴ്ച.
ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ