· 6 മിനിറ്റ് വായന

നടുവേദന – part 2

Orthopedics
നടുവേദന ഒരു ചെറിയ മീനല്ല! (Part 2)
“എന്റെ അയൽവക്കകാരൻ നടുവേദനയുമായി പല ഡോക്ടർമാരെയും കണ്ടതാണ്. എല്ലാവരും കുഴപ്പമുള്ള വേദനയല്ലെന്ന് പറഞ്ഞു. അവസാനമാണ് മനസ്സിലായത് ക്യാൻസറാണെന്ന്”
ഈയൊരു സ്റ്റേറ്റ്മെന്റ് പെയിൻ ക്ലിനിക്കിൽ അത്ര അസാധാരണമല്ല. അയൽവക്കകാരനോ അല്ലെങ്കിൽ ബന്ധുവോ, സുഹൃത്തോ ആകാം.
വേദനയുമായി വരുന്ന ഒരാളുടെ ഇത്തരം ആശങ്കകൾ തീർത്തും അസ്ഥാനത്തല്ല. ഒരു ചെറിയ ശതമാനം ആളുകളിലെ നടുവേദന ഗൗരവമുള്ള (serious ) കാരണങ്ങൾ കൊണ്ടാകുകയുള്ളൂ എന്നു പറയുമ്പോൾ ആ ചെറിയ ശതമാനത്തിൽ തങ്ങൾ ഉൾപ്പെട്ടുകൂടെ എന്നത് സ്വാഭാവികമായ സംശയം.
ശരീരത്തിന്റെ ഏത് ഭാഗത്തായി കൊള്ളട്ടെ, അപകടമോ (accident), പരിക്കോ (injury ) മാറ്റിനിർത്തിയാൽ അണുബാധ (infection), അർബുദം (cancer), ഉപാപചയപ്രവർത്തനത്തിലുള്ള വ്യതിയാനം (metabolic abnormalities), രക്തചംക്രമണത്തിലുള്ള തടസ്സം (ischaemia), എന്നീ കാരണങ്ങൾ കൊണ്ടാണോ വേദന എന്നതാണ് പ്രധാനമായും കണ്ടത്തേണ്ടത്.
നടുവദനയുടെ കാര്യത്തിൽ നേരത്തെ പറഞ്ഞ red flags അതിന് സഹായിക്കും. കൂടാതെ വേദനയല്ലതെ വേറെയെന്തെങ്കിലും അസുഖങ്ങളുണ്ടോ എന്ന കാര്യവും. ഉദാഹരണമായി നടുവേദനയുള്ള ഒരാൾക്ക് വിളർച്ച (anaemia) ഉണ്ടെന്നിരിക്കട്ടെ, വിളർച്ചക്ക് കാരണമാകുന്ന അസുഖത്തിന്റെ മറ്റൊരു ലക്ഷണമായിരിക്കാം നടുവേദന. വൈദ്യപരിശോധന (clinical/physical examination) യും അതിനനുസരിച്ച് നടത്തുന്ന ടെസ്റ്റുകളും (blood tests/scans) ഇത്തരം സാഹചര്യങ്ങളിൽ രോഗനിർണ്ണയം സാദ്ധ്യമാക്കുന്നു.
ഇത്തരം ഗൗരവകരമായ സൂചനകളൊന്നും ഇല്ലാതെ വരുന്ന നടുവേദനക്ക് എക്സറേകളോ, സ്കാനുകളോ ഉടൻ ചെയ്യേണ്ട ആവശ്യമില്ലെന്ന നിഗമനത്തിലാണ് നടുവേദനയെ കുറിച്ചുള്ള ആധികാരികപഠനങ്ങൾ എത്തിചേർന്നിട്ടുള്ളത്.
വിവിധരോഗങ്ങൾക്ക് എത്രമാത്രം ലബോറട്ടറി ടെസ്റ്റുകളും സ്കാൻ പോലുള്ള പരിശോധനകളും നടത്തണമെന്നതിനെ കുറിച്ച് നിലവിലുള്ള ശാസ്ത്രപഠനങ്ങളും, അവയുടെ കണ്ടെത്തലുകളും അടിസ്ഥാനമാക്കി അമേരിക്കൻ ബോർഡ് ഓഫ് ഇന്റെർണൽ മെഡിസിന്റെ നേതൃത്വത്തിലുള്ള എജുക്കേഷൻ കാമ്പയിൻ ആണ് ‘വിവേക പൂർവ്വം തിരഞ്ഞെടുക്കുക’ (choose wisely).
ഹെൽത്ത് പ്രൊഫഷണൽസിനും, പബ്ലിക്കിനും ഒരു പോലെ സഹായപ്രദമായ മാർഗ്ഗനിർദ്ദേശങ്ങളാണ് choose wisely നൽകുന്നത് . നടുവേദനയെ സംബന്ധിച്ച് കൃത്യവും ലളിതവുമായ ശുപാർശകൾ ഇവരുടെ വെബ്സൈറ്റിലുണ്ട് (https://www.choosingwisely.org/…/imaging-tests-for…).
പിന്നെന്തുകൊണ്ട് നടുവേദന വരുന്നു?
ഇനി പറയാൻ പോകുന്നത് മറ്റ് അസുഖങ്ങളുമായിട്ടൊന്നും ബന്ധമില്ലാത്ത ‘ശുദ്ധമായ’ നടുവേദനയെ കുറിച്ചാണ്.
അത്തരം നടുവേദന പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിക്കാം
1. ഘടനാപരമായ വ്യതിയാനം കൊണ്ടുണ്ടാകുന്ന വേദന (static/postural)
2. ചലനത്തിന്റെ (movement) ക്രമക്കേട് കൊണ്ടുണ്ടാകുന്നവ (biomechanical)
ഇത് രണ്ടും പരസ്പരം ബന്ധപ്പെട്ടതാണെങ്കിലും വിവരിക്കാനുള്ള എളുപ്പത്തിനാണ് ഈ തരംതിരിവ്.
നടുഭാഗത്തുള്ള നട്ടെല്ലിന് മുന്നിലോട്ട് സ്വഭാവികമായുള്ള വളവ് കൂടുന്നതാണ് (increased lumbar lordosis) സാധാരണയായി കാണപ്പെടുന്ന ഘടനാപരമായ അസംന്തുലിതാവസ്ഥ. ഇങ്ങനെ വളവ് കൂടുന്നത് നട്ടെല്ലിലെ ചില സന്ധികളിൽ (Eg.facet joints) സ്‌ട്രെയിൻ ഉണ്ടാക്കും. ഇതിന്റെ ഫലമായി സന്ധികളിലുണ്ടാകുന്ന മാറ്റങ്ങൾ വേദനയായി അനുഭവപ്പെടും. കൂടാതെ വളവ് കൂടുന്നത് സുഷ്മ്ന നാഡിയിൽ (spinal cord ) നിന്ന് പുറത്തേക്ക് വരുന്ന ചെറുനാഡികൾക്കായുള്ള ദ്വാരങ്ങളുടെ വലുപ്പം കുറക്കും. അത് നാഡികളിലേൽപ്പിക്കുന്ന മർദ്ദം ക്രമേണ വേദനയായി മാറുന്നു.
കുടവയർ മുൻഭാഗത്തുള്ള മാംസപേശികളുടെ ടോണും ശക്തിയും കുറയ്ക്കും, നട്ടെലിന്റെ വളവ് കൂട്ടും.
മറ്റൊരു കാരണം ദീർഘനേരം ഒരേ പൊസിഷനിലുള്ള (പ്രത്യേകിച്ച് മുന്നോട്ട് ആഞ്ഞുള്ള) ഇരിപ്പോ, നിൽപ്പോ ആണ്.
ഇനി രണ്ടാമത്തെ വിഭാഗത്തെ കുറിച്ച്
കുനിയുക/ മുന്നോട്ട് ആയുക, നിവരുക ഇത് രണ്ടുമാണ് നട്ടെല്ല് (വയറിന്റെ ലെവലിലുള്ള ഭാഗം) ഉൾപ്പെടുന്ന അതിസാധാരണമായ പ്രവൃത്തികൾ (actions). രണ്ടു കാലിൽ നിന്നുകൊണ്ട് കുനിയുമ്പോൾ ആദ്യ ചലനം നട്ടെല്ലിന്റെ താഴ്‌ഭാഗം മുന്നോട്ട് വളയുന്നതാണ് (lumbar flexion). അതിനെ തുടർന്ന് ഇടുപ്പ് രണ്ട് ഹിപ്പ് ജോയിന്റ്സും കേന്ദ്രമാക്കി മുന്നോട്ട് ചരിയുമ്പോഴാണ് (tilting) ശരീരം പൂർണ്ണമായും കുനിയാൻ സാധിക്കുന്നത്. നിവരുമ്പോൾ ആദ്യം ഇടുപ്പും, പിന്നെ നട്ടെല്ലും പൂർവസ്ഥിതിയിൽ വരണം. താളത്തിൽ നടക്കുന്ന ഈ ചലനത്തെ ലംബോ-പെൽവിക് റിഥം എന്നാണ് പറയുന്നത്.
നടുവിന് വളയുന്നതിന് പരിമിതിയുണ്ട്. ഇടുപ്പ് തുടർച്ചയെന്നോണം മുന്നോട്ട് ചരിഞ്ഞില്ലെങ്കിൽ നട്ടെല്ലിന്റെ വിവിധ ഭാഗങ്ങളിൽ സമമല്ലാത്ത (unequal) രീതിയിൽ മർദ്ദമുണ്ടാകുകയും, അത് നീർവീക്കവും (inflammation) വേദനയുമായി പരിണമിക്കുകയും ചെയ്യും.
കൂടുതൽ ആളുകളിലും ഇടുപ്പിന്റെ സുഗമമായ ചലനത്തെ തടസ്സപ്പെടുത്തുന്നത് തുടയുടെ പിന്നിലുള്ള മാംസപേശികളുടെ വഴക്കം കുറയുന്നതാണ് (hamstring tightness). തീരെ വ്യായാമമില്ലാത്തതും ദീർഘനേരം ഇരിക്കുന്നതും ക്രമേണ മസിലുകളുടെ ഫ്ളക്സിബിലിറ്റി നഷ്ടപ്പെടുത്തും.
ഇരിപ്പുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ‘sitting is the new smoking’എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത് . ഓസ്‌ട്രേലിയൻ ഗവെർന്മെന്റ് തന്നെ മുൻകൈ എടുത്ത് ഓൺലൈൻ ബോധവല്ക്കരണം ഇരുപ്പിനും അതുവഴിയുള്ള ഉദാസീനമായ ജീവിതശൈലിക്കുമെതിരെ തുടങ്ങിയിട്ടുണ്ട്
നട്ടെല്ലിന്റെ വിവിധ ഭാഗങ്ങളിൽ (കശേരുകകൾ, അവക്കിടയിലുള്ള ഡിസ്ക്, കശേരുകകളെ ബന്ധിപ്പിക്കുന്ന സന്ധികൾ) ഉണ്ടാകുന്ന തേയ്മാനം (wear and tear) നെ പൊതുവെ പറയുന്ന പേരാണ് സ്പോണ്ടിലോസിസ് (spondylosis). ഇതിൽ പല മാറ്റങ്ങളും മുടി നരക്കുക, തിമിരം, തൊലി ചുളിയുക എന്നിവ പോലെ പ്രായമാകുന്നതിനനുസരിച്ച് ഉണ്ടാകാവുന്നതാണ്. സാധാരണമല്ലാത്ത മർദ്ദങ്ങൾ മൂലം കൂടിയ അളവിൽ ഈ മാറ്റങ്ങൾ ഉണ്ടാകുമ്പോഴാണ് വേദനയായോ, ഡിസ്ക്കിന്റെ സ്ഥാനഭ്രംശമായോ (disc prolapse), നട്ടെല്ലിലുള്ള വിടവുകളുടെ ചുരുങ്ങലായോ (stenosis) ഒക്കെയായി മാറുന്നത്. എന്നാൽ വേദനയുടെ തീവ്രതയും, സ്പോണ്ടിലോസിസും അനുപാതികമാകണമെന്നില്ല.
നട്ടെല്ലിന്റെ ഘടനക്കും ഉറപ്പിനും ജന്മനാലുള്ള ചില വ്യത്യസ്‌തകൾ വളരെ ചെറിയൊരു ശതമാനം ആളുകളിൽ മദ്ധ്യവയസ്സിന് മുൻപേ വേദനക്ക് കാരണമാകാറുണ്ട്. കശേരുകകളുടെ സ്ഥാനം തെറ്റിപോകുന്ന സ്പോണ്ടിലോലിസ്തസിസ് അതിന് ഒരു ഉദാഹരണമാണ്.
നടുവേദനക്ക് ബെഡ് റെസ്റ്റ് ആവശ്യമാണോ?
ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞാൽ ആവശ്യമില്ല എന്നാണ്. കട്ടിലിൽ കയറി അനങ്ങാതെ കിടക്കുന്നത് വേദന നീണ്ടുനിൽക്കാൻ കാരണമാകുമെന്നും എത്രയും വേഗം ദൈനംദിന പ്രവർത്തികൾ ചെയ്യാൻ തുടങ്ങുന്നുവോ അത്രയും നല്ലത് എന്നുമാണ് അടുത്ത കാലത്ത് നടത്തിയ പഠനങ്ങൾ കാണിക്കുന്നത്.
നീണ്ട ബെഡ് റെസ്റ്റ് ശരീരത്തിലെ മസിൽ-ബോൺ-ജോയ്ന്റ്സിനെ മാത്രമല്ല, ബ്രെയിൻ-ഹാർട്ട്-ബ്ലഡ് സർക്കുലേഷൻ സിസ്റ്റത്തെയും പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല നെഗറ്റീവായൊരു മാനസികാവസ്ഥക്കും അത് കാരണമാകുന്നു.
പണ്ട് ചെയ്തിരുന്ന റെസ്റ്റ്-ബെൽറ്റ്-ട്രാക്ഷൻ സംഗതികൾ ഗുണത്തേക്കാളേറെ ദോഷമാണെന്നാണ് നടുവേദനയുടെ കാര്യത്തിൽ ഇപ്പോഴുള്ള നിഗമനം.
നടുവേദന വന്നാൽ എന്ത് ചെയ്യണം?
സാധാരണഗതിയിൽ ശക്തിയായ വേദന കുറച്ചു ദിവസങ്ങൾക്കുള്ളിൽ പ്രത്യേകിച്ച് ഒരു ചികിത്സയും ഇല്ലാതെ തന്നെ ശമിക്കുന്നതാണ്. ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോൾ എടുത്തേക്കാം.
വേദനയോടൊപ്പം നേരത്തെ പറഞ്ഞ ഗൗരവകരമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്.
വേദനക്കും (analgesics) നീർവീക്കത്തിനും (anti-inflammatory), നാഡികൾ (nerve) വഴി വരുന്ന വേദനക്കുള്ള മരുന്നുകൾ ചെറിയ കാലയളവിലേക്ക് കഴിക്കാവുന്നതാണ്.
നട്ടെല്ലിന്റെ പ്രത്യേകത അനുസരിച്ചുള്ള എക്സർസൈസുകൾ (flexion / extension), മസിലുകളെ (spinal and abdominal) ബലപ്പെടുത്തുന്നതിനും, നട്ടെല്ലിലെയും, ഇടുപ്പിലെയും സന്ധികളുടെ വഴക്കം (flexibility) കൂട്ടുന്നതിനുമുള്ള എക്സർസൈസുകൾ എന്നിവ വേദന വീണ്ടും വരാതിരിക്കാൻ സഹായിക്കും.
വെള്ളത്തിലുള്ള എക്സർസൈസ് (hydrotherapy) മസിലുകളുടെ മുറുക്കം (stiffness) ഇല്ലാതാക്കാനും, അത് വഴി സന്ധികളുടെ ചലനം എളുപ്പമാകുന്നതിനും വേദന ശമിക്കുന്നതിനും ഉപയോഗപ്രദമാണ്. വെള്ളത്തിന്റെ പ്ലവനസ്വഭാവം (buoyancy) കാരണം മൂവ്മെൻറ്സ് ആയാസരഹിതമാകുന്നു. ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായത്തോടെ തുടങ്ങി പിന്നീട് സ്വയം ചെയ്യാവുന്നതാണ് ഈ എക്സർസൈസുകൾ.
പെട്ടെന്നുള്ള വേദനക്ക് എക്സർസൈസ് എല്ലാവർക്കും ഒരുപോലെ ഫലപ്രദമാകണമെന്നില്ല.
നടുവേദനയിൽ ശസ്ത്രക്രിയ (surgery) ക്കുള്ള സ്ഥാനം എന്താണ്?
വളരെ വളരെ ചെറിയ ശതമാനം നടുവേദനക്കാരിലേ ശസ്ത്രക്രിയ ചെയ്യേണ്ടതുള്ളൂ. സുഷുമ്ന നാഡിയുടെ കീഴ്ഭാഗത്തിനോ (conus) അതിൽ നിന്ന് കാലിലേക്കും, മൂത്രാശയത്തിലേക്കോ ഉള്ള നാഡീവ്യൂഹങ്ങൾക്കോ (cauda equina), ഒറ്റപ്പെട്ട നാഡികൾക്കോ (nerve) കാര്യമായ ക്ഷതം സംഭവിക്കുകയും, ആ ക്ഷതത്തിന് ആനുപാതികവും കൃത്യവുമായ ലക്ഷണങ്ങൾ കാണപ്പെടുകയും, ആ ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള തെളിവുകൾ സ്കാനുകളിൽ (CT/MRI) ഉണ്ടാവുകയും ചെയ്യുന്ന രോഗികളിൽ ശസ്ത്രക്രിയ ആവശ്യമായി വരാം.
നേരത്തെ പറഞ്ഞ സ്പോണ്ടിലോലിസ്തസിസ് വളരെ കുടിയ അളവിൽ സംഭവിക്കുകയും കഠിനമായ വേദനക്ക് കാരണമാകുകയുമാണെങ്കിൽ വളരെ അപൂർവമായി സർജറി വേണ്ടിവന്നേക്കാം.
ശസ്ത്രക്രിയ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ പോലും അത് ഏറ്റവും ലഘുവായ രീതിയിൽ (minimally invasive) ആയിരിക്കുന്നതാണ് നട്ടെല്ലിന്റെ ദീർഘകാലത്തെ ആരോഗ്യത്തിന് നല്ലത്. സങ്കീർണ്ണമായ ശസ്ത്രക്രിയകൾ [ഉദാഹരണത്തിന് നട്ടെല്ലിനെ മെറ്റൽ ദണ്ഡ് വഴി ഉറപ്പിക്കുന്നത് (spinal fusion)] കഴിയുന്നതും ഒഴിവാക്കണമെന്നാണ് നടുവേദനയെ കുറിച്ചുള്ള പുതിയ പഠനങ്ങൾ ശുപാർശ ചെയ്യുന്നത്.
ഒന്നിലധികം ചികിത്സാരീതികൾ പ്രധാനമായും ശസ്ത്രക്രിയകൾ കഴിഞ്ഞിട്ടും തുടരുന്ന നടുവേദനക്ക് ഫെയിൽഡ് ബാക്ക് സിൻഡ്രോം എന്ന് സാങ്കേതികമായി പറയാറുണ്ട്. നട്ടെല്ലിനകത്തേക്ക് മോർഫിൻ മരുന്ന് തുർച്ചയായി എത്തിക്കുന്നതും (intrathecal morphine pump) വേദന അനുഭവപ്പെടാതിരിക്കാൻ മറ്റു സംവേദനങ്ങൾക്കായുള്ള നാഡികളെ ഉത്തേജിപ്പിക്കുന്നതും (spinal cord stimulator) അപൂർവ്വം ചില ആളുകളിൽ ഫലപ്രദമായി കണ്ടിട്ടുണ്ട്.
നട്ടെല്ലിലുള്ള കുത്തിവെപ്പുകൾ?
നീർവീക്കത്തോട് കൂടിയ കടുത്ത വേദനക്ക് സ്റ്റീറോയിഡും ലോക്കൽ അനസ്‌തെറ്റിക്കും കലർന്ന ഇൻജെക്ഷൻ ഉപയോഗിക്കാറുണ്ട്. നാഡികൾക്ക് ചുറ്റിലോ (epidural) നട്ടെല്ലിലെ സന്ധിയിലോ (facet joint) ആണ് ഇത്തരം ഇൻജെക്ഷൻ ചെയ്യുന്നത്. സി.ടി സ്കാൻറെ സഹായത്തോടെ സ്ഥാനവും, ആവശ്യകതയും ഉറപ്പു വരുത്തിയാണ് മരുന്ന് കുത്തിവെക്കുന്നത്. ഒരു ചെറിയ കാലയളവിലേക്ക് മാത്രമേ ഇത് ഉപകാരപ്രദമായി കണ്ടിട്ടുള്ളൂ.
ഇൻജെക്ഷന് പകരമായി വേദനയുടെ സംവേദനം ഇല്ലാതാക്കുന്നതിനുള്ള റേഡിയോഫ്രക്വൻസി ഉപയോഗിച്ചുള്ള ചികിൽസകളൊന്നും വേദന കുറക്കുന്നുവെന്നതിന് സ്ഥിരതയുള്ള (consistent) ഒരു തെളിവും അത് സംബന്ധിച്ചുള്ള പഠനങ്ങളിൽ കാണാൻ കഴിഞ്ഞിട്ടില്ല. ഒരു അവസാന ഉപായം എന്ന നിലയിൽ ചില പെയിൻ മാനേജ്മെന്റ് ക്ലിനിക്കുകളിൽ വളരെ സെലക്ടിവ് ആയി ഇത്തരം ചികിത്സകൾ ചെയുന്നുണ്ട്.
വിട്ടുമാറാത്ത വേദനയെ കുറിച്ച്……….?
നടുവേദന മൂന്ന് മാസത്തിലേറെ നീണ്ട് നിൽക്കുമ്പോഴാനാണ് അതിനെ വിട്ടുമാറാത്ത വേദനയായി (chronic pain) കണക്കാക്കുന്നത്.
മറ്റൊരു രോഗത്തിന്റെ ലക്ഷണമല്ലാത്ത വേദനയെ തന്നെയാണ് ഇവിടെയും ഉദ്ദേശിക്കുന്നത്.
നടുവേദനക്കുള്ള വ്യായാമം തുടരുമ്പോൾ തന്നെ ഒരു വ്യക്തിയുടെ നട്ടെല്ലിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് ചില ദൈനദിനവും, തൊഴിൽപരവുമായ പ്രവൃത്തികളിൽ ക്രോണിക് പെയിൻ ചികിത്സയുടെ ഭാഗമായി ചില ഭേദഗതികൾ വരുത്തേണ്ടിവരും (activity modification).
ക്രോണിക് പെയിന്റെ കാര്യത്തിൽ നേരത്തെ പറഞ്ഞ yellow flags ഒരു പ്രധാന കാരണമാണ്. ഇത്തരം ആളുകളിൽ സാധാരണയുണ്ടാകുന്ന മാനസികപിരിമുറുക്കവും, വേദനയോടുള്ള തെറ്റായ സമീപനവും കണക്കിലെടുക്കാതെ ചികിത്സ ഫലപ്രദമാകില്ല. ധിഷണാപരവും, സ്വഭാവപരവുമായ മാറ്റങ്ങൾ വ്യക്തിയിൽ ഉണ്ടാകേണ്ടതുണ്ട്. ഇതിന് സഹായിക്കുന്ന ചില ചികിത്സാ രീതികളാണ് കൊഗ്നിറ്റീവ് ബിഹേവിയർ തെറാപ്പിയും, അക്‌സെപ്റ്റൻസ് ആൻഡ് കമ്മിറ്റ്മെന്റ് തെറാപ്പിയും.
വേദനയെ കുറിച്ച് (പ്രത്യേകിച്ചും എന്ത് കൊണ്ടുണ്ടാകുന്നു, ചികിത്സകൊണ്ട് എന്ത് ഫലമാണ് പ്രതീക്ഷിക്കേണ്ടത്) അറിഞ്ഞിരിക്കുക എന്നത് ചികിത്സയിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അത്തരം ബോധവൽക്കരണത്തിന്റെ (patient education) ഭാഗമായാണ് പല രാജ്യങ്ങളിലും back school എന്ന ആശയം (concept) വികസിച്ചുവന്നത് . ഒരു ഫിസിക്കൽ തെറാപ്പിസ്റ്റിന്റെയും, വേദനചികിത്സയിൽ പ്രാവീണ്യമുള്ള സൈക്കോളജിസ്റ്റിന്റെയും പങ്കാളിത്തോടെയാണ് ഈ എജുക്കേഷൻ പ്രോഗ്രാം നടത്തുന്നത്.
നടുവേദന എങ്ങനെ വരാതെ നോക്കാം?
അമിതവണ്ണം, അമിതമായ ഭക്ഷണം, മദ്യപാനം, പുകവലി, ആയാസരഹിതമായ ജീവിത ശൈലി (sedentary lifestyle) എന്നിവ ഗുരുതരമായ അസുഖങ്ങൾക്കെന്നപോലെ നടുവേദനക്കും കാരണമാകും.
കൃത്യമായി വ്യായാമം ചെയുന്നത് ശരീരത്തിന്റെ ഫിറ്റ്നസ് നിലനിറുത്താനും നടുവേദനയെ തടയാനും സഹായിക്കും. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അംഗീകരിച്ച പഠനങ്ങൾ പ്രകാരം മുതിർന്ന ഒരാൾ ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് അരമണിക്കൂർ എങ്കിലും സാമാന്യം ആയാസമുള്ള എക്സർസൈസ് (moderately intensive – ഉദാഹരണം മണിക്കൂറിൽ 6.5 കിലോമീറ്റർ വേഗതയിൽ നടക്കുക) ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ചെയ്തിരിക്കണമെന്നാണ്.
കുടവയറുള്ളവരും, ജോലി സംബന്ധമായി ദീർഘനേരം ഇരിക്കേണ്ടി വരുന്നവരും നട്ടെല്ലിനോടനുബന്ധിച്ചുള്ള മസിലുകൾ (ഉദാഹരണം വയറിന് മുന്നിലെ മസിലുകൾ) ശക്തിപ്പെടുത്തുന്നതിനും സന്ധികളുടെ വഴക്കം നിലനിറുത്തുന്നതിനുമുള്ള എക്സർസൈസുകൾ ചെയ്യുന്നത് നടുവേദന വരാതിരിക്കുന്നതിന് സഹായിക്കും.
നീന്തുന്നതും നട്ടെല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്.
നട്ടെല്ലിന്റെ ആകൃതിക്കനുസരിച്ചുള്ള ഇരിപ്പിടങ്ങളും, നടുവിന് ആയാസം കുറക്കുന്ന രീതിയിലുള്ള തൊഴിൽ രീതികളും (ergonomic modifications) നടുവേദന ഭേദമാക്കുന്നതിലും പ്രതിരോധിക്കുന്നതിലും വളരെ പ്രധാനമാണ്.
ആത്യന്തികമായി പെയിൻ ചികിത്സയുടെ (especially chronic pain) ലക്‌ഷ്യം ഒരാൾ എന്ത് ചെയ്യണമെന്ന് വേദന തീരുമാനിക്കുന്ന അഥവാ വ്യക്തിപരവും, ഗാർഹികവും, സാമൂഹ്യവുമായ പ്രവർത്തനങ്ങൾക്ക് വേദന ഒരാൾക്ക് പ്രതിബന്ധമാകുന്ന അവസ്ഥയിൽ നിന്ന് വേദനയെ സ്വയം നിയന്ത്രിച്ച് ഏറ്റവും സൃഷ്ടിപരമായ (productive) നിലവാരത്തിലേക്കെത്താൻ ആ വ്യക്തിയെ പ്രാപ്‌തമാക്കുക എന്നതാണ് (‘Let us control
the pain rather pain controls us’).
PS- നടുവേദനയെ കുറിച്ച് പൊതുവായ ചില കാര്യങ്ങളാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഓരോ വ്യക്തിയുടെയും വേദന വ്യത്യസ്തമാകാമെന്നതുകൊണ്ട് ചികിത്സാസംബന്ധമായ നിർദ്ദേശങ്ങളായി ഈ കുറിപ്പിനെ പരിഗണിക്കേണ്ടതില്ല.
ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ