· 3 മിനിറ്റ് വായന

കണ്ടെത്താം ദുശ്ശീലങ്ങളെ, അകറ്റിനിർത്താം അർബുദങ്ങളെ

Life Style

ഇന്‍ഫോ ക്ലിനിക്ക് നടത്തിയ ലേഖന മത്സരത്തില്‍ വിജയ സ്ഥാനത്തു എത്തിയ ലേഖനം.വിജയി ആയ

ഡോ: ഷെരീഫ്.കെ.ബാവ യ്ക്ക് അഭിനന്ദനങ്ങള്‍.

വായിലുണ്ടാകുന്ന കാൻസറും അതിനുപിന്നിലെ കാരണങ്ങളും രോഗാവസ്ഥയുണ്ടാകുന്ന ജീവിത പ്രശ്നങ്ങളുമാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

“കണ്ടെത്താം ദുശീലങ്ങളെ

അകറ്റിനിർത്താം അർബുദങ്ങളെ”

കാൻസർ ,ഒരു ശരാശരി മലയാളിയുടെ മനസ്സിൽ ഇടിത്തീ വീഴ്‌ത്തുന്ന പദം.കൃത്യ സമയത്ത് രോഗനിർണയം നടത്തിയാൽ ഒട്ടു മിക്ക രോഗങ്ങൾ പോലെ ചികിൽസ നടത്താവുന്ന രോഗമാണ് അർബുദം എന്നിരിക്കിലും ശാരീരികവും മാനസികവുമായി മനുഷ്യ ജീവിതം തല്ലിത്തകർക്കുന്ന അന്തകനായാണ് ഇന്നും കാൻസർ എന്ന രോഗത്തെ സമൂഹം കാണുന്നത്. എന്നാൽ ഒരർത്ഥത്തിൽ ,പലപ്പോഴും നാം തന്നെയാണ് അറിഞ്ഞോ അറിയാതയോ ഈ മഹാ വിപത്തിനെ നമ്മുടെ ജീവിതത്തിലേയ്ക് വിളിച്ചു വരുത്തുന്നത് .നൈമിഷിക ആനന്ദത്തിന് വേണ്ടി നിങ്ങൾ ഉപയോഗിക്കുന്ന ലഹരി പദാർഥങ്ങളാണ് പലപ്പോഴും കാന്സറിന് കാരണമാകുന്നത്.

വായ്ക്കുള്ളിലെ കാന്‍സര്‍

കൂടുതലായി കാണപെടുന്ന ഒട്ടു മിക്ക അർബുദങ്ങളും പുകയിലയുമായി ബന്ധമുള്ളവയാണ് എന്നത് നാം മറന്നു കൂടാ.

കണ്ടെത്താം രോഗകാരണങ്ങൾ

1980 ൽ അമേരിക്കയിൽ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് വായിലുണ്ടാകുന്ന

75 % കാൻസറിനും കാരണം പുകയിലയുടെ ഉപയോഗമാണ് എന്നാണ് . പുകയിലയുടെ ഉപയോഗം മലയാളിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് പുകവലിയുടെ രൂപത്തിലാണ്. പുകവലിക്കുമ്പോൾ ഉണ്ടാകുന്ന ചൂടും സിഗററ്റിലടങ്ങിയിരിക്കുന്ന 60 ഓളംവരുന്ന കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളും

( കാര്സിനോജൻസ് ) അവ കത്തുമ്പോഴുണ്ടാകുന്ന വകഭേദങ്ങളും വായിനകത്തെ കോശങ്ങളിലുണ്ടാകുന്ന പ്രകോപനമാണ്

( irritation ) കാൻസറിന് കാരണമാകുന്നത്. പുകവലിയോടപ്പം കാണപ്പെടുന്ന മദ്യപാനവും കാൻസറിന് കാരണമാകുന്നു. മദ്യം പുകയില ഉത്പന്നങ്ങൾ വായിലുണ്ടാകുന്ന പ്രകോപനത്തിന്റെ തോത് കൂട്ടുകയും തൽഫലമായി കാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ അധികം കൂട്ടുകയും ചെയ്യുന്നു. വെറ്റിലയും ചുണ്ണാമ്പും പുകയിലയും ചേർത്ത് മൂന്നും കൂട്ടി മുറുക്കുന്ന മധ്യവയസ്കർ ഒരു കാലത്ത് മലയാളിയുടെ ഉമ്മറത്തെ സ്ഥിരം കാഴ്ചയായിരുന്നു, എന്നാൽ ഇതും കാൻസറിന്

കാരണമാകുന്നതിൽ പ്രധാനിയാണ്. തുടർച്ചയായി ഇത്തരത്തിലുള്ള പുകയിലയുടെ ഉപയോഗം leukoplakia പോലുള്ള കാൻസറിന് തൊട്ടുമുൻപുള്ള രോഗാവസ്ഥയിലേയ്ക്കും

( premalignant lesion ) പിന്നീട് കാൻസറിനും കാരണമാകാം. പുകയിലയോടൊപ്പം തന്നെ കൂർത്ത പല്ലുകൾ കൂർത്ത അരികുകളുള്ള കൃത്രിമ പല്ലുകൾ എന്നിവയും കാൻസറിന് കാരണമാകുന്നു.കൂർത്ത പല്ലുകളും കൂർത്ത അരികുകളുള്ള കൃത്രിമ പല്ലുകളുമുണ്ടാകുന്ന തുടർച്ചയായ പ്രകോപനം(irritation ) വായിനകത്തെ കോശങ്ങളുടെ ആന്തരികവും ബാഹ്യവുമായ ഘടനയിൽ മാറ്റമുണ്ടാകുകയും അവ കാൻസർ കോശങ്ങളയിട്ട് മാറുകയും ചെയ്യുന്നു.

തിരിച്ചറിയാം രോഗലക്ഷണങ്ങൾ

കണ്ടെത്താൻ താമസിക്കുന്നതാണ് പലപ്പോഴും കാന്സറിനെ കൂടുതൽ മാരകമാക്കുന്നത്. ഏതൊരു രോഗാവസ്ഥയോടെന്നും പോലെ കാന്സറിനോടും നമ്മുടെ ശരീരം പെട്ടെന്ന് പ്രതികരിച്ചു തുടങ്ങുന്നു.സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇത് പലപ്പോഴും മനസ്സിലാക്കാവുന്നതാണ്. വായുടെ വിവിധ ഭാഗത്തായി കാണപ്പെടുന്ന ചുവന്ന നിറത്തിലോ വെളുത്ത നിറത്തിലോ ഉള്ള നീക്കം ചെയ്യാനാകാത്ത(unscrapable ) തടിപ്പുകൾ, രണ്ടാഴ്ചയിലധികമായി കരിയുന്നതിന്റെ ഒരു ലക്ഷണവും കാണിക്കാത്ത മുറിവുകൾ( non

healing ulcer ), വായിൽ അസാധരണമായി കാണപ്പെടുന്ന പ്രതലമാറ്റങ്ങൾ, ഒരു കാരണവുമില്ലതെ പല്ലുകൾക് ഇളക്കം സംഭവിക്കുക, അസാധാരണമായി വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരിക എന്നിവയാണ് വായിലുണ്ടാകുന്ന കാന്സറിന്റെ പ്രാരംഭ ലക്ഷണങ്ങൾ. രോഗാവസ്ഥയുടെ തൊട്ടടുത്ത ഘട്ടത്തിൽ നാക്കിലും ചുണ്ടുകളിലും തരിപ്പ് അനുഭവപ്പെടുകയും, ചെവിക്കകത്ത് തുടർച്ചയായി ഉണ്ടാകുന്ന പഴുപ്പും , വായ തുറക്കാനുള്ള ബുദ്ധിമുട്ടും, നേരത്തെ ഉണ്ടായിരുന്ന തടിപ്പുകൾ മുറിവുകളിയി മാറുകയും അവയിൽ നിന്നുണ്ടാകുന്ന തുടർച്ചയായ അസഹനീയമായ വേദനയും കാണപ്പെടുകയും ചെയ്യാറുണ്ട്.

ഫലപ്രദമായ ചികിത്സ എങ്ങിനെ എപ്പോൾ നേടാം ?

കാൻസർ ചികിത്സയുടെ പ്രധാന ഘട്ടം രോഗ നിർണയമാണ്. നേരത്തെയുള്ള രോഗ നിർണയം മരണ സാധ്യത കുറക്കുകയും, ചികിത്സ രീതികളുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. അസാധാരണമായി മേല്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നുവെങ്കിൽ അവഗണിക്കാതെ ഉടൻതന്നെ വിദഗ്ധ സേവനം തേടുക . വിദഗ്ധനായ ഒരു ഡെന്റിസ്റ്റിനോ ഓറൽ പാത്തോളജിസ്റ്നോ കാന്സറിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഒട്ടു മിക്കപ്പോഴും തിരിച്ചറിയാൻ കഴിയും. അവർ അത് ബയോപ്സി ചെയ്യുവാൻ നിർദേശിക്കും. രോഗമുണ്ടെന്ന് സംശയിക്കുന്ന ഭാഗത്തുനിന്ന് നീക്കം ചെയ്ത കോശങ്ങളിൽ പഠനം നടത്തി കാൻസർ ഉണ്ടോ ഇല്ലയോ എന്ന സ്ഥീതികരിക്കുന്ന രോഗ നിർണയ രീതിയാണ് ബയോപ്സി. ബയോപ്‌സിയിലൂടെ രോഗാവസ്ഥയുടെ ഘട്ടവും നിർണയിക്കാൻ സാധിക്കും.

കാൻസർ എത്തിനിൽക്കുന്ന ഘട്ടവും രോഗിയുടെ ആരോഗ്യസ്ഥിതിയുമനുസരിച്ചാണ് ചികിത്സ രീതികൾ നിർണയിക്കുന്നത്. പ്രധാനമായും 3 ചികിത്സ രീതികളാണ് ഇന്ന് കാൻസറിന് നൽകി വരുന്നത്. കാൻസർ കോശങ്ങളെ ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക എന്നുള്ളതാണ് ഇതിലെ ആദ്യ മാർഗം എന്നാൽ കാൻസർ ബാധിച്ചിരിക്കുന്ന ഭാഗങ്ങൾ ചെറുതാണെങ്കിൽ മാത്രമേ ഇത് ഫലപ്രദമാകുകയുള്ളു. തൊട്ടടുത്ത ചികിത്സ മാർഗം റേഡിയേഷൻ തെറാപ്പിയാണ്. റേഡിയേഷൻ ഉപയോഗിച്ച കൊണ്ട് കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സാരീതിയാണിത്. രോഗാവസ്ഥയുടെ ഘട്ടമനുസരിച് ഇത് ഒറ്റക്കോ കീമോതെറാപ്പിയുമായി സംയോജിപ്പിച്ചോ ചെയ്യാവുന്നതാണ്. അടുത്ത ചികിത്സ മാർഗമാണ് കീമോതെറാപ്പി . വീര്യം കൂടിയ മരുന്നുകൾ ഉപയോഗിച്ചുകൊണ്ട് കാൻസർ

കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സ രീതിയാണിത് . റേഡിയേഷൻ തെറാപ്പിയുമായോ ശാസ്ത്രക്രിയയുമായോ സംയോജിപ്പിച്ചാണ് മിക്കപ്പോഴും ഇത് ചെയ്യാറുള്ളത്. ചികിത്സയുടെ തൊട്ടടുത്ത ഘട്ടം രോഗാവസ്ഥയും ചികിത്സ രീതികളും സൃഷിടിക്കുന്ന അംഗവൈകല്യത്തെ മറികടക്കലാണ് . കൃത്രിമയുണ്ടാകുന്ന ശരീര ഭാഗങ്ങളും വിദഗ്ദ്ധ സേവനങ്ങളും ഉപയോഗപ്പെടുത്തി ഈ അംഗ വൈകല്യങ്ങളെ മറികടക്കാവുന്നതാണ്.

ഒരു കാൻസർ രോഗിയുടെ തിരിച്ചവരവിനും അതിജീവിനത്തിനും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹവും പരിചരണവും അത് രോഗിയിലുണ്ടാക്കുന്ന ആത്മവിശ്വാസവും പലപ്പോഴും നിർണായകമാണ് .ഒരു നിമിഷത്തിന്റെ ഉന്മാദത്തിന് വേണ്ടി നിങ്ങൾ പുകച്ചും ചവച്ചും തീർത്തെരിക്കുന്നത് ഒരായുസ്സിന്റെ സ്വപ്നങ്ങളാണ്

തിരിച്ചറിയേണ്ടതും തിരുത്തേണ്ടതും നമ്മളാണ് , കാരണം ജീവിതത്തിൽ റീടേക്കുകളില്ല….

കയ്യിലിരിക്കുന്ന കാശ് കൊടുത്ത് ഇറുക്കുന്ന ഞണ്ടിനെ വാങ്ങണമോ… ഒന്നു കൂടി ആലോചിക്കുക.

ഡോ: ഷരീഫ് കെ ബാവ

ഇന്ദിര ഗാന്ധി ഡെന്റൽ കോളേജ്

(ചില സാങ്കേതിക കാരണങ്ങളാല്‍ പോസ്റ്റ്‌ പബ്ലിഷ് ചെയ്യാനും വിജയിയെ പ്രഖ്യാപിക്കാനും നേരിട്ട കാലതാമസത്തില്‍ നിര്‍വ്യാജം ഖേദം അറിയിക്കുന്നു.)

ലേഖകർ

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ