ഇരിക്കൂ , ഡോക്ടർ അകത്തുണ്ട്
ഇരിക്കൂ , ഡോക്ടർ അകത്തുണ്ട് .
രംഗം ഒന്ന് : തിരക്കുള്ള സർക്കാർ ആശുപത്രിയിലെ ഓപ്പി.
പ്രായമായ ഒരു അമ്മൂമ്മ കടന്നു വരുന്നു
“കറപ്പത്തൈലം വേണം “
ലളിതമായ ആവശ്യമാണ് .
ഡോക്ടർ അൽപ്പം പത്രമൊക്കെ വായിക്കുന്ന കൂട്ടത്തിലാണ് . ‘കറപ്പത്തൈലം പിടിച്ചു , രണ്ട് പേർ അറസ്റ്റിൽ ‘ എന്നൊക്കെ വായിച്ചിട്ടുണ്ട് . അപ്പോൾ ഞെട്ടാതെ തരമില്ലല്ലോ . വല്ല സ്റ്റിംഗ് ഓപ്പറേഷനോ മറ്റോ ആണോ ? വീടിന്റെ ലോണൊക്കെ ഇനിയും അടച്ചു തീരാനുണ്ട്. ജയിലിലായാൽ കുഞ്ഞുങ്ങൾ പട്ടിണിയിലാകും. തന്ത്രപൂർവം നടത്തിയ തുടർ സംഭാഷണത്തിൽ അമ്മൂമ്മയ്ക് വേണ്ടത് ടർപെന്റൈൻ ലിനിമെന്റ് എന്ന നിരൂപദ്രവമായ തൈലമാണ് എന്നു മനസിലാക്കിയ ഡോക്ടർ ആശ്വാസത്തോടെ അടുത്ത ചോദ്യത്തിലേക്ക് .
“തൈലം നമുക്ക് ശരിയാക്കാം . ഇപ്പൊ എന്താ ബുദ്ധിമുട്ട് ? “
” മേലൊക്കെ ഒരു സഞ്ചാരം . ശ്വാസം മുട്ടലും ഉണ്ട് “
” ഷുഗറോ പ്രഷറോ മറ്റോ ഉണ്ടോ ? “
“അതെല്ലം ഇണ്ട് . കൂടാണ്ട് ആർട്ടിന്റ കൊയപ്പോം ഇണ്ട് . എന്തെല്ലോ ടെസ്റ്റും ചെയ്തീന് “
” അതിന്റെ ഒക്കെ കടലാസെവിടെ ? “
” അതെല്ല എട്യോ പോയീന് “
“മരുന്ന് കുടിക്കുന്നുണ്ടോ ? “
” അത് ഇണ്ടായിന് . നിർത്തീട്ട് കൊറേക്കാലായി “
‘ സർക്കാർ ഫ്രീയായി ആസ്പത്രിയിൽ കൊടുക്കുന്ന കറപ്പത്തൈലം കിട്ടാൻ ഇത്രേം ചോദ്യം ചെയ്യലോ ? ഹൂ. ‘ എന്നാണ് അമ്മൂമ്മയുടെ മനസിൽ .
രംഗം രണ്ട് . ഇതേ ആശുപത്രിയുടെ അത്യാഹിത വിഭാഗമാണ് . രണ്ടു തല്ലുകേസൊക്കെ എഴുതി പൊട്ടിയ തലയൊക്കെ തുന്നിക്കൂട്ടി ഡോക്ടർ കസാലയിൽ വന്നിരുന്നതും പുതിയ രോഗി എത്തി .
“സാറേ , ഒരു ചൊറി പോലെ. “
“ഇപ്പോഴോ ? “
“ഇപ്പോഴല്ല. രാവിലെ . രണ്ടാഴ്ചയായിട്ടുണ്ട് . ഇടയ്ക്കിടയ്ക്ക്. കാലിന്റെ താഴെനിന്ന് തുടങ്ങി . … “
“അത് ഈ അത്യാഹിത വിഭാഗത്തിലാണോ കാണിക്കുന്നത് ? ” ഡോക്ടർക്ക് ചൊറിഞ്ഞു വന്നു.
“അതു ഞാൻ ഒരു സെക്കൻഡ് ഷോ കഴിഞ്ഞു വരുവായിരുന്നേ . നാളെക്കൂടി ചൊറി ആയാൽ ലീവെടുത്ത് കാണിക്കാൻ വരണ്ടെ ? അതാ . “
എല്ലാ ഡോക്ടർമാർക്കും ഇത്തരം അനേകം രംഗങ്ങൾ പരിചിതമായിരിക്കും . പലപ്പോഴും വാക്കു തർക്കങ്ങളിലേക്കും അസ്വാരസ്യങ്ങളിലേക്കും മറ്റും ഇതു നയിക്കുകയും ചെയ്യും .ഡോക്ടർമാരും രോഗികളും ഒന്നിച്ചു നേരിടേണ്ട ഒരു പ്രശ്നമാണ് ഇത്. ഇതിൽ രോഗികളുടെ പങ്കാണ് നമ്മൾ ഈ ലേഖനത്തിൽ പരിശോധിക്കുന്നത്. താഴെ എണ്ണമിട്ടു പറയുന്ന ചുരുക്കം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഡോക്ടറുടെ അടുത്തേക്കുള്ള സന്ദർശനം പൂർണമായും ഫലപ്രദവും ഹൃദ്യവുമാക്കി മാറ്റാം . രോഗത്തില് നിന്നു പെട്ടെന്നുള്ള സുഖപ്രാപ്തിക്കും അനാവശ്യമായ പരിശോധനകളും മരുന്നുകളും മറ്റു ചെലവുകളും നിയന്ത്രിക്കുന്നതിനും ഇതു സഹായകമാകും .
- രോഗത്തെ കുറിച്ചുള്ള വിവരങ്ങള് കൃത്യമായി പറയാൻ തയ്യാറായിരിക്കുക .
ആശുപത്രിയിലേക്കുള്ള സന്ദർശനം ഫലവത്താകണമെങ്കിൽ നിങ്ങളുടെ ബുദ്ധിമുട്ട് എന്തെന്നു ഡോക്ടറെ കൃത്യമായി പറഞ്ഞു മനസ്സിലാക്കാൻ സാധിക്കണം . പ്രധാനം എന്നു തോന്നുന്ന കാര്യങ്ങൾ ക്രമമായി ആദ്യം പറയണം . ഉദാഹരണത്തിന് പനിയും ജലദോഷവുമായാണ് നിങ്ങൾ ആശുപത്രിയിൽ പോകുന്നത് എന്നു കരുതുക . എങ്ങനെയാണ് പനി ആരംഭിച്ചത് , എപ്പോഴാണ് പനി തുടങ്ങിയത് , ശക്തിയായ പനി ഉണ്ടോ , പനി ഏറിയും കുറഞ്ഞും ഇരിക്കുന്നുണ്ടോ വിറയലോ കുളിരോ ഉണ്ടോ എന്നീ കാര്യങ്ങളിൽ പ്രസക്തമാണ് എന്നു നിങ്ങൾക്ക് തോന്നുന്നത് പറയുക . തുടർന്നു പനിക്കൊപ്പമുള്ള മറ്റു ലക്ഷണങ്ങൾ -ജലദോഷം / തലവേദന / ചുമ / വയറിളക്കം / ഛർദ്ദി തുടങ്ങിയവയിൽ ഏതെങ്കിലുമുണ്ടെങ്കിൽ , ആരംഭിച്ച ക്രമത്തിലോ അവയുടെ തീവ്രതയുടെ ക്രമത്തിലോ പറയാം .രോഗത്തിന്റെ വിശദാംശങ്ങൾ കഴിയുന്നത്ര ഓർമ്മിച്ചെടുക്കുക . തീയതികൾ ആവശ്യമെങ്കിൽ കുറിച്ചിടുക . തുടർന്നു ദീർഘകാലമായി ഉള്ളതോ മരുന്ന് സ്ഥിരമായി കഴിക്കുന്നതോ ആയ രോഗങ്ങൾ – ഉദാഹരണത്തിന് പ്രമേഹം / രക്താതിമർദം എന്നിവ ഉണ്ടെങ്കിൽ പറയണം . ഏതെങ്കിലും മരുന്നുകളോട് അലർജി ഉണ്ടെങ്കിൽ അതും അറിയിക്കണം . ഇനി ഇതിൽ എന്തെങ്കിലും വിട്ടു പോയാൽ പരിഭ്രമിക്കേണ്ട കാര്യമില്ല . കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ ഡോക്ടർ ചോദിച്ചു മനസിലാക്കും എന്ന് ഓർമ്മിക്കുക. മുൻപ് നിങ്ങൾ ഏതെങ്കിലും ഡോക്ടറെ കാണിച്ചിട്ടുണ്ടെങ്കിൽ ആ കുറിപ്പടി ആദ്യം തന്നെ എടുത്തു നീട്ടുന്നത് ഒരിക്കലും നിങ്ങൾ രോഗത്തെ പറ്റി പറയുന്നതിന് പകരമാകില്ല
. മറിച്ച് സ്വതന്ത്രമായ ഒരു രോഗനിർണയത്തിൽ എത്തിച്ചേരുന്നതിൽ നിന്ന് ഡോക്ടറെ തടസ്സപ്പെടുത്തുകയാവും അതു ചെയ്യുക . അതിനാൽ ഡോക്ടർ ആവശ്യപ്പെടുന്ന സമയത്തേ മുൻ കുറിപ്പടികൾ കാണിക്കാവൂ .
- ചോദ്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുക , സത്യസന്ധമായ ഉത്തരങ്ങൾ നൽകുക .
നിങ്ങൾ രോഗവിവരം പറയുന്നതിനിടയിൽ യോജ്യമായ ഒരു സമയത്ത് ഡോക്ടർ നിങ്ങളോട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങും . അങ്ങനെയാണെങ്കിൽ ആ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽകുക . ഡോക്ടർ ചോദിക്കുന്ന ചോദ്യങ്ങളെല്ലാം പ്രാധാന്യമുള്ളവയായിരിക്കും . അവയെ അവഗണിക്കുകയോ കൃത്യമല്ലാത്ത ഉത്തരം നൽകുകയോ ചെയ്യരുത് . ഉദാഹരണത്തിന് എത്ര കാലമായി വയറുവേദന തുടങ്ങിയിട്ട് എന്ന ചോദ്യത്തിന് ” കുറച്ചു കാലമായി ” എന്നോ ” കുറേ കാലമായി ” എന്നോ മറുപടി നല്കരുത് . കഴിയുന്നത്ര കൃത്യമായി എത്ര ദിവസം / ആഴ്ച / മാസം എന്ന രീതിയിൽ ഉത്തരം നല്കണം . മുൻ ചികിത്സാ രേഖകൾ ആവശ്യപ്പെട്ടാൽ അവ നൽകണം . മോഡേൺ മെഡിസിൻ അല്ലാതെ ഏതെങ്കിലും ചികിത്സ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും പറയുന്നത് നന്നായിരിക്കും . സ്ഥിരമായി കഴിക്കുന്ന മരുന്നുകളുണ്ടെങ്കിൽ അവ കൈയിൽ വെയ്ക്കുന്നതും ആവശ്യപ്പെട്ടാൽ കാണിക്കുന്നതും സഹായകരമാകും . ഓർമ്മിക്കുക , നിങ്ങൾ നൽകുന്ന വിവരങ്ങളെല്ലാം നിങ്ങളുടെ നന്മയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കാൻ പ്രതിജ്ഞാബദ്ധനായ ആളാണ് ഡോക്ടർ . ഡോക്ടർക്കു നിങ്ങൾ നൽകുന്ന വിവരങ്ങളെല്ലാം പൂർണ രഹസ്യമായി സൂക്ഷിക്കാൻ ഡോക്ടർ ബാധ്യസ്ഥനുമാണ് . ഡോക്ടറോടു നാണം കരുതിയോ ഭയന്നോ സത്യങ്ങൾ മറച്ചുവെയ്ക്കുന്നത് ചികിത്സയിൽ എടുക്കുന്ന തീരുമാനങ്ങളെ തെറ്റായി സ്വാധീനിക്കാനോ നിങ്ങളുടെ ആരോഗ്യത്തിനു മോശമായിത്തീരാനോ സാധ്യതയുണ്ട് . ഇക്കാര്യങ്ങളെല്ലാം മനസിൽ വെച്ച് പൂർണമായ വിവരങ്ങൾ ഡോക്ടറോട് വെളിപ്പെടുത്തുക. ശാരീരിക പരിശോധനകൾ വേണ്ടിവന്നാൽ അവ സ്വകാര്യമായി നടത്താനോ നടത്താതിരിക്കാനോ ആവശ്യപ്പെടാനുള്ള അധികാരം രോഗിക്കുണ്ട് . എന്നാൽ കൃത്യമായ രോഗ നിർണയത്തിൽ എത്താൻ വിശദമായ ശരീര പരിശോധന ആവശ്യമാണ് എന്നോർക്കുക.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ചോദിക്കുന്ന ചോദ്യങ്ങൾക്കാകണം നിങ്ങൾ ഉത്തരം നൽകുന്നത് എന്നതാണ് .
പനിയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഡോക്ടർ ചോദിക്കുമ്പോൾ ആ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുക . ആ സമയത്ത് നിങ്ങൾക്ക് രണ്ടു വർഷമായുള്ള പുറംവേദനയെ പറ്റി സംസാരിക്കുന്നത് ശരിയല്ല . നിലവിലുള്ള രോഗത്തെപ്പറ്റി വേണ്ടത്ര ചോദ്യങ്ങൾ ചോദിച്ചു കഴിഞ്ഞ ശേഷം മറ്റു രോഗങ്ങളെ പറ്റി പറയാന് ഡോക്ടർ നിങ്ങൾക്ക് വേണ്ടത്ര അവസരം തരും . ആ സമയത്ത് മറ്റു കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുക . വിവരങ്ങൾ ഒരു അടുക്കും ചിട്ടയുമില്ലാതെ പറഞ്ഞാൽ രോഗനിർണയത്തെ അതു കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കും.
ഇത്തരം സംഭാഷണത്തിനിടയിൽ ഫോൺ കോൾ അറ്റൻഡ് ചെയ്യുക , കൂട്ടുവന്ന ആളുകളോട് മറ്റു വീട്ടുവിശേഷങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുക എന്നതൊന്നും മാന്യതയല്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ . ഡോക്ടർ ഇങ്ങോട്ട് ആവശ്യപ്പെട്ടാലല്ലാതെ മുൻപ് ചികിത്സിച്ച ഡോക്ടറെ ഡയൽ ചെയ്ത സംസാരിക്കാൻ പറയുന്നതും അനാവശ്യവും അമാന്യവുമാണ് . അങ്ങനെ എന്തെങ്കിലും വിവരം അറിയിക്കാനുണ്ടെങ്കിൽ മുൻ ഡോക്ടർ അതു റഫറൻസ് ലെറ്ററിൽ എഴുതിയിരിക്കും .
3 . മരുന്നു ചോദിച്ചു വാങ്ങാതിരിക്കുക.
നിങ്ങളെക്കാൾ നന്നായി രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും അറിവുള്ളയാളാണ് ഡോക്ടർ എന്നോർക്കുക . മരുന്നുകളെപ്പറ്റി നിങ്ങൾക്കുള്ള സംശയങ്ങൾ ഡോക്ടറോടോ ഫാർമസിസ്റ്റിനോടോ ധൈര്യമായി ചോദിക്കാം . എന്നാൽ നിങ്ങൾക്ക് ആവശ്യമില്ലാത്ത മരുന്നുകളെഴുതാൻ ഡോക്ടറെ നിർബന്ധിക്കാതിരിക്കുക . ചില പഠനങ്ങളിൽ 40% രോഗികളും ആന്റിബയോട്ടിക് മരുന്നുകൾ കുറിക്കാൻ ഡോക്ടറെ നിർബന്ധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട് . മരുന്നുകളുടെ എണ്ണമോ വിലയോ കുറഞ്ഞാല് അതൃപ്തരാകുന്ന രോഗികളും കുറവല്ല . ഇത്തരത്തിൽ അനാവശ്യമായി മരുന്നുകൾ ലഭിക്കാനുള്ള താല്പര്യം ഡോക്ടറുമായുള്ള ബന്ധം വഷളാവുന്നതിലേക്കും അനാവശ്യമായ ചെലവിലേക്കും ആരോഗ്യപരമായ പ്രത്യാഘാതങ്ങളിലെക്കും ആന്റിബയോട്ടിക് റെസിസ്റ്റൻസ് തുടങ്ങിയ ഗുരുതര പ്രശ്നങ്ങളിലേക്കും നയിക്കാം .
4 . സംശയങ്ങൾ കൃത്യമായി ചോദിച്ചു മനസ്സിലാക്കുക .
പ്രിസ്ക്രിപ്ഷനും വേണ്ടത്ര നിർദേശങ്ങളും തന്നാണു ഡോക്ടർ നിങ്ങളെ യാത്രയാക്കുക . കൂടുതൽ സംശയങ്ങൾ എന്തെങ്കിലുമുണ്ടെങ്കില് സന്ദർശനത്തിന്റെ അവസാനം ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കാവുന്നതാണ് . കാര്യമാത്രപ്രസക്തമായ രീതിയിൽ സംസാരിക്കാൻ ശ്രദ്ധിക്കുക . രോഗവുമായി ബന്ധമില്ലാത്ത കുശലപ്രശ്നങ്ങൾ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതാകും ഒരു പ്രൊഫഷണൽ കാഴ്ചപ്പാടിൽ ഭംഗി .
5 . പ്രിസ്ക്രിപ്ഷൻ കൃത്യമായി പാലിക്കുക .
ഡോക്ടർ നിർദേശിച്ച എല്ലാ മരുന്നുകളും നിർദേശിച്ച അളവിൽ നിർദേശിച്ച കാലത്തോളം കഴിക്കുക . ഏതെങ്കിലും മരുന്നുകൾ ഉപേക്ഷിക്കുകയോ പകുതി വച്ചു നിർത്തുകയോ ചെയ്യരുത് . നിശ്ചിത കാലത്തിനു ശേഷം വീണ്ടും കാണാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ടെങ്കിൽ ആ നിർദേശം പാലിക്കുക . മരുന്നു തീർന്നു പോകുന്നതു വരേയോ അടുത്ത അവധിദിവസം വരേയോ കാത്തു നിൽക്കാതിരിക്കുക . കഴിയുമെങ്കിൽ ആവശ്യമായ മരുന്നുകളെല്ലാം ഒരുമിച്ചു വാങ്ങുക. മരുന്നു തീർന്നു പോകുന്നതു മൂലം ഡോസ് നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാം .
6 . ചികിത്സാരേഖകൾ കൃത്യമായി സൂക്ഷിക്കുക
പല രോഗങ്ങളും മുൻപു ബാധിച്ച രോഗങ്ങളുടെ തുടർച്ചയാകാം . ചിലപ്പോൾ മുൻ ചികില്സയിൽ ഉപയോഗിച്ച മരുന്നുകളെക്കുറിച്ചുള്ള വിവരം ആവശ്യമായി വരാം . മുൻപ് നടത്തിയ ലാബ് ടെസ്റ്റുകളുടെ / സ്കാൻ റിപ്പോർട്ടുകളുടെ ഫലം ഉണ്ടെങ്കിൽ നിലവിലെ റിപ്പോർട്ടുകളുമായി താരതമ്യം ചെയ്യാനും അനാവശ്യമായ പല പരിശോധനകളും ഒഴിവാക്കാനും കഴിഞ്ഞേക്കും . പണവും ലാഭിക്കാം . അതിനാൽ വീട്ടിൽ ഓരോ വ്യക്തിയുടെയും മെഡിക്കൽ രേഖകൾ കാലഗണനയ്ക്ക് അനുസരിച്ച് കൃത്യമായി സൂക്ഷിക്കുക . ഒരേ തരത്തിലുള്ള പരിശോധനാ റിപ്പോർട്ടുകൾ ഒരുമിച്ചു സൂക്ഷിക്കുക . ഉദാഹരണത്തിന് രക്ത പരിശോധന , സ്കാൻ പരിശോധന , എക്സ് റേ എന്നിവ പ്രത്യേകം സൂക്ഷിക്കുക . ഏറ്റവും അവസാനം നടത്തിയ പരിശോധനാഫലം ഏറ്റവും മുകളിലും പഴയവ ക്രമമനുസരിച്ച് പിറകിലും വരുന്ന രീതിയിൽ ക്രമീകരിച്ചാൽ കാര്യങ്ങൾ എളുപ്പമാകും .
- ഫോൺ വിളിക്കാം , പക്ഷേ …
പല ഡോക്ടർമാരും തങ്ങളുടെ ഒരു ഫോണ് നമ്പർ പരസ്യമാക്കാറുണ്ട് . രോഗികൾക്ക് അടിയന്തിര ഘട്ടത്തിൽ വല്ല സംശയവും ചോദിക്കേണ്ടി വന്നാൽ ഉപയോഗിക്കാനാണ് ഇത് . മരുന്നുകൾ തുടങ്ങിയ ശേഷം രോഗം വഷളാവുകയോ മറ്റോ ചെയ്താൽ ഡോക്ടറെ ബന്ധപ്പെടാൻ ഈ നമ്പർ ഉപയോഗിക്കാമെങ്കിലും ഫോണിലൂടെ മരുന്ന് പ്രീസ്‌കൈബ് ചെയ്യാനോ ചികിത്സ നിർണയിക്കാനോ ഡോക്ടർ തയ്യാറാകില്ല എന്നോർക്കുക . പരിശോധനകൾ ആവശ്യമാണെങ്കിൽ ഡോക്ടറെ നേരിട്ടു തന്നെ കാണേണ്ടി വരും . അത്യാവശ്യങ്ങൾക്കല്ലാതെയോ കുശലപ്രശ്നത്തിനായോ ഈ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് മറ്റു രോഗികളോടും ഡോക്ടറോടും ചെയ്യുന്ന ദ്രോഹമാണ് എന്നോർക്കുക
- അത്യാഹിതം വന്നാൽ .
കാലാകാലങ്ങളായി ചികിത്സ തേടുന്നരോഗങ്ങൾ , ഉദാഹരണത്തിന് , ഹൃദയത്തിലെ ബ്ലോക്ക് , പ്രമേഹം , രക്താതിമർദ്ദം , പക്ഷാഘാതം എന്നിവയൊക്കെ പൊടുന്നനെ വഷളാവാനോ ജീവനു തന്നെ അപകടകരമായ ഗുരുതരാവസ്ഥയിലേക്ക് എത്തിപ്പെടാനോ സാധ്യതയുണ്ട് . ഈ സമയം നിലവിൽ കണ്ടുകൊണ്ടിരിക്കുന്നതോ അടുത്തുള്ളതോ ആയ ഡോക്ടറുടെ വീട്ടിലേക്ക് രോഗിയെ കൊണ്ടുപോകുന്നത് ബുദ്ധിയല്ല . ഇത്തരം അത്യാഹിതങ്ങൾ പരിശോധിക്കാനോ മാനേജ് ചെയ്യാനോ ഉള്ള സൗകര്യങ്ങൾ വീട്ടിൽ ഒരുക്കാൻ മിക്ക ഡോക്ടർമാർക്കും സാധിക്കില്ല . അതിനാൽസമയം നഷ്ടപ്പെടുത്താതെ രോഗിയെ പരമാവധി പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകണം. അവിടെ നിന്നു പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം കൂടുതൽ പരിശോധനകൾക്കോ ചികിത്സകൾക്കോ വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോകണം എന്ന് ആവശ്യപ്പെടുകയാണെങ്കിൽ മടിക്കാതെ അങ്ങനെ ചെയ്യുക . തർക്കിച്ചു സമയം കളയുന്നതോ മടിച്ചു നിൽക്കുന്നതോ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകാം എന്ന് ഓർക്കുക.
- ഇന്റർനെറ്റിലെ വിവരങ്ങൾ .
വിവര സാങ്കേതികവിദ്യ പുരോഗമിച്ച ഇന്നത്തെ ലോകത്ത് വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുക എന്നത് വളരെ എളുപ്പമാണ്. എന്നാൽ ആ വിവരങ്ങളിൽ നിന്ന് അറിവ് നിർമിക്കുക എന്നത് സങ്കീർണമായതും വളരെ പരിശീലനം വേണ്ടതുമായ ഒരു കാര്യവുമാണ് . ഈ പരിശീലനം നേടിയ ആളാണ് ഡോക്ടർ . നിങ്ങളെ ബാധിച്ച രോഗത്തെക്കുറിച്ച് ഇന്റർനെറ്റിൽ വായിക്കുന്നത് വളരെ നല്ലതാണ് . അതിൽ നിന്നുണ്ടാകുന്ന സംശയങ്ങൾ ഡോക്ടറോട് ചോദിക്കുകയും ചെയ്യാം . എന്നാൽ ആ വിവരങ്ങൾ ഉപയോഗിച്ചു ഡോക്ടർ നിർദേശിച്ച ചികിത്സയ്ക്ക് വിപരീതമായി പ്രവർത്തിക്കുന്നത് ബുദ്ധിയല്ല . നിങ്ങൾക്കറിയാത്ത , ഇന്റർനെറ്റ് വഴി മനസിലാക്കാനാകാത്ത സങ്കീർണതകൾ നിറഞ്ഞതാണ് ഓരോ രോഗങ്ങളുമെന്നും അവ ഡോക്ടറുടെ നിർദേശത്തിനു വിരുദ്ധമായി നേരിടുന്നത് അപകടമാണെന്നും മനസിലാക്കുക .
- വീ.ഐ.പീ ഫോണ്കോളുകളും ശിപാര്ശകളും .
സംഭാഷണത്തിനിടെ ചില “പ്രമുഖ” വ്യക്‌തികളുടെ പേരു പറയുന്നതും ഇവരെ വിളിച്ചു പറയണോ എന്നു ചെറുതായി ‘ഭീഷണിപ്പെടുത്തുന്ന’തും ചിലപ്പോൾ ശിപാർശയുമായി വരുന്നതുമെല്ലാം ഇന്ന് സാധാരണയാണ് . ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം തന്റെ രോഗികളെല്ലാം തുല്യരാണ് എന്ന കാര്യം മറക്കുന്നവരാണ് ഇത്തരക്കാർ. ശിപാർശയും ഭീഷണിയും കൊണ്ട് ഡോക്ടറേക്കാൾ ബുദ്ധിമുട്ടനുഭവിക്കുന്നത് കാത്തിരിക്കുന്ന രോഗികളാണെന്നോർത്ത് ഇത്തരം പെരുമാറ്റത്തിൽ ഏർപ്പെടാതിരിക്കാനുള്ള മാന്യത കാണിക്കണം .
11. കോമ്പി പാക്കേജുകൾ
ചിലയാളുകൾ കുടുംബത്തോടെയാണ് ഡോക്ടറെ കാണാൻ വരിക . പ്രത്യേകിച്ചും സർക്കാർ ആസ്പത്രികളിലാണ് ഈ പ്രതിഭാസം കണ്ടുവരുന്നത് . പ്രധാന രോഗിയെ ഡീൽ ചെയ്തു കഴിഞ്ഞയുടനെ കൂടെവന്ന ഒരാളെ മുന്നിലേക്ക് മാറ്റി നിർത്തും
” സാർ ഇവന് ഇന്നലെ ഒരു ചുമ “
അതു കഴിഞ്ഞാൽ അടുത്തയാൾ
“ഇവൾ ഇങ്ങനെ മെലിഞ്ഞിട്ടാണ് . തടി കൂടാൻ വല്ല മരുന്നും തരണം .”
ഇങ്ങനെ പോകുന്നു ആവശ്യങ്ങൾ. മിക്കവാറും പേരും മരുന്നുകളെല്ലാം ഒരൊറ്റ ഓപ്പീ ടിക്കറ്റിൽ എഴുതിത്തരണം എന്ന് ആവശ്യപ്പെടുകയും ചെയ്യും. ആസ്പത്രി ഒരു സൂപ്പർമാർക്കറ്റ് അല്ല എന്നാണ് ഇത്തരക്കാർ മനസിലാക്കേണ്ടത്. അകാരണമായി രോഗങ്ങൾ ഉണ്ടെന്നു പറയുന്നതും അവയ്ക്ക് (സൗജന്യമായി കിട്ടുന്നതാണെങ്കിലും ) മരുന്നു കഴിക്കുന്നതും ആരോഗ്യത്തിനു നന്നല്ല. ഇനി കൂടെ ഉള്ളവരിൽ ആർക്കെങ്കിലും ചികിത്സ ആവശ്യമായ എന്തെങ്കിലും രോഗം ഉണ്ടെങ്കിൽ പ്രത്യേകം ഓപ്പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണിക്കാം.
- അവസാനമായി …
ഡോക്ടറുടെ സ്വകാര്യതയും തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും മാനിക്കുക. മറ്റേതൊരു പ്രൊഫഷനും പോലെയാണ് മെഡിക്കൽ പ്രൊഫഷൻ. മറ്റേതൊരു മനുഷ്യനെയും പോലെയാണ് ഡോക്ടർ. അവൾക്കും ഭക്ഷണവും വിശ്രമവും ഉറക്കവും വസ്ത്രവും വീടും ഒക്കെ ആവശ്യമുണ്ട്. മാതാപിതാക്കളും കുട്ടികളും ഉണ്ട്. സർക്കാർ ഡോക്ടർമാർക്ക് നിയതമായ ഡ്യൂട്ടി സമയം ഉണ്ട്. സ്വകാര്യ മേഖലയിലാകട്ടെ, ജോലി ചെയ്യാൻ അവർ സന്നദ്ധരായ സമയം വ്യക്തമായി ബോർഡുകളിലും മറ്റും പ്രദർശിപ്പിക്കാറുമുണ്ട്. അത്യാഹിത ഘട്ടങ്ങളിൽ ഇതൊന്നും മിക്ക ഡോക്ടർമാരും കണക്കിലെടുക്കാറില്ല എങ്കിലും നിസ്സാര കാര്യങ്ങൾക്ക് അവരുടെ സ്വകാര്യ ഇടത്തിലേക്ക് കൺസൽറ്റേഷൻ സമയം കഴിഞ്ഞാൽ കടന്നു ചെല്ലാതിരിക്കുക. ജോലി ചെയ്യുന്ന സമയത്തു കൂടുതൽ നിലവാരമുള്ള സേവനം നൽകാൻ ഇത് അവരെ സഹായിക്കും.
ആകെ കുറച്ചു കാര്യങ്ങളേ ഉള്ളൂ എങ്കിലും ഡോക്ടർ രോഗീ ബന്ധം ദൃഢമാക്കാനും ചികിത്സാ മേഖലയിൽ നമുക്ക് ലഭ്യമായ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ചു പരമാവധി ഫലമുണ്ടാക്കാനും ഈ ചെറു നടപടികൾ കൊണ്ട് സാധിക്കും. ഒരുപക്ഷേ ഈ വിവരങ്ങൾ ഏറ്റവും ഉപകാരപ്പെടുക ഇന്റർനെറ്റ് സാക്ഷരത കുറഞ്ഞവരും ഈ പോസ്റ്റ് വായിക്കാൻ സാധിക്കാത്തവരുമായവർക്കാകും. ഈ വിവരങ്ങൾ ജീവിതത്തിൽ പകർത്തുകയും പങ്കു വെയ്ക്കുകയും ചെയ്യുക. എല്ലാ ആശംസകളും.