മരുന്ന് നൽകും മുൻപേ
വർഷങ്ങൾക്ക് മുമ്പ് കോട്ടയം മെഡിക്കൽ കോളേജിൽ ഞാനും ഭാര്യയും പി.ജി ചെയ്യുന്ന കാലം. മൂത്തയാൾ കുഞ്ഞൂസിന് അന്ന് ഒരു വയസ്സ് പ്രായം. അന്നൊക്കെ അവൾക്ക് പനി വന്നാൽ ഞാൻ തന്നെ എടുക്കണമെന്ന് നിർബന്ധമാണ്. വെറുതെ എടുത്താൽ പോര, എടുത്തു നടക്കണം. പാതിരാത്രിക്ക് നടന്നു കുഴഞ്ഞ്, ഉറക്കം വന്ന് എന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങുമ്പോൾ, ഒന്നു കിടത്താൻ നോക്കിയാൽ വീണ്ടും കരച്ചിലായി … ” അച്ച നടക്കണം …” അങ്ങനെ നടന്ന് കുഴഞ്ഞ് കുഞ്ഞൂസിന്റെ ഓരോ പനിയും എനിക്ക് പരീക്ഷണങ്ങളായി.
മിക്കവാറും കുട്ടികളും ഇങ്ങനെയൊക്കെത്തന്നെയാണ്. അസുഖം വരുമ്പോൾ പതിവില്ലാത്ത വാശികളും കൂടെയുണ്ടാവും. കുട്ടികളുടെ അസുഖത്തിന്റെ അവശതകൾ തന്നെ മാതാപിതാക്കളെ ഒരു പരുവത്തിലാക്കിയിട്ടുണ്ടാവും. ഇതൊക്കെക്കൊണ്ടു തന്നെയാണ് കുട്ടികൾക്ക് അസുഖം വരുമ്പോൾ ചികിത്സ നൽകുന്നതിന് മാതാപിതാക്കൾ ബദ്ധശ്രദ്ധരാകുന്നതും.
എന്നാൽ ചികിത്സ തേടിയതിനു ശേഷം മരുന്നു നൽകിത്തുടങ്ങുമ്പോൾ നമ്മളിൽ എത്ര പേർക്ക് ഈ ശ്രദ്ധ നിലനിർത്താനാവുന്നുണ്ട്?
അറിഞ്ഞോ അറിയാതെയോ നമുക്ക് സംഭവിക്കുന്ന ശ്രദ്ധക്കുറവുകൾ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
*ഉറി കെട്ടി ഉയരത്തിൽ വെച്ചാലും*
ഒരു ദിവസം അടുത്ത ഒരു സുഹൃത്തിന്റെ ഫോൺ കോൾ വന്നു. പരിഭ്രമം അങ്ങേയറ്റമുണ്ടെന്ന് ആദ്യത്തെ ഹലോ കേട്ടപ്പോൾത്തന്നെ മനസ്സിലായി. സംഭവം അതീവ ഗൗരവമുള്ളതു തന്നെയായിരുന്നു.
പുള്ളിയുടെ മകൾ ഗൗരിക്ക് മൂന്നര വയസ്സാണ് പ്രായം. രാവിലെ പത്തു മണിക്ക് ഒരുറക്കം പതിവുണ്ട് ഗൗരിക്കുട്ടിക്ക്. എന്നാൽ ഇപ്പോൾ ഗൗരി ഉറക്കമുണരുന്നില്ല. ശ്വാസോച്ഛാസമെല്ലാം സാധാരണ പോലെത്തന്നെയാണ്. പക്ഷേ എത്ര വിളിച്ചിട്ടും നുള്ളി നോക്കിയിട്ടും ഉണരുന്നില്ല.
എന്തെങ്കിലും കുട്ടി പതിവില്ലാതെ കഴിച്ചതായൊന്നും ഓർമ്മയില്ല. വേറെ മരുന്നുകളൊന്നും എടുത്തു കഴിക്കാനും വഴിയില്ല എന്നും ഉറപ്പ്.
പിന്നീട് അറിയുന്നത് ഗൗരി വെന്റിലേറ്ററിൽ ആണെന്നാണ്. രണ്ടു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോന്നു.
ഇവിടെ വില്ലനായത് ഗൗരിയുടെ മുത്തച്ഛൻ കഴിച്ചിരുന്ന ഹാലോപെരിഡോൾ എന്ന മരുന്നായിരുന്നു. അടുക്കളയ്ക്കടുത്ത് അടിച്ചുകൂട്ടിയിരുന്ന വേസ്റ്റിൽ എങ്ങനെയോ ഈ ഗുളികകളും പെട്ടു പോയി. കളിക്കുന്നതിനിടയിൽ കുഞ്ഞിന്റെ കയ്യിലും എത്തിപ്പെട്ടു.
പ്രഷർ, പ്രമേഹം, മാനസികാസ്വാസ്ഥ്യങ്ങൾ മുതലായവക്കുള്ള ഗുളികകൾ ഒരെണ്ണം പോലും ചെറിയ കുട്ടികളെ സംബന്ധിച്ച് മാരകമായ അളവാണ്.
കുട്ടികൾക്ക് കയ്യെത്താത്ത ദൂരത്തിൽ വേണം മരുന്നുകൾ വെക്കാൻ എന്ന് എല്ലാവർക്കും അറിയാമെങ്കിലും ആരും അതത്ര ഗൗനിക്കാറില്ല. എത്ര ഉയരത്തിൽ ഉറി കെട്ടി വെണ്ണ വെച്ചാലും അത് കൈക്കലാക്കുന്ന ഉണ്ണിക്കണ്ണനെ വെല്ലുന്ന കൗശലമുള്ളവരാണ് നമ്മുടെ കുസൃതിക്കുരുന്നുകൾ. അവരുടെ കണ്ണ് വെട്ടിക്കാൻ, അൽപ്പം ഉയരത്തിൽ മരുന്ന് വെച്ചാൽ മതി എന്ന് തീരുമാനിക്കുന്നതും മൗഢ്യമായിരിക്കും.
മരുന്നുകൾ അതു കഴിക്കുന്ന ആളുകൾക്കുള്ളത് ഇനം തിരിച്ച് സൂക്ഷിക്കുകയും വലിപ്പിനുള്ളിൽ പൂട്ടി വെക്കുകയും വേണം.
കിട്ടുന്നതെല്ലാം എടുത്ത് വായിലിടുന്നത് കുഞ്ഞുവാവകളുടേയും; കീടനാശിനിയോ, ഡെറ്റോളോ, മണ്ണെണ്ണയോ എന്ന് നോക്കാതെ എല്ലാം ഒന്ന് രുചിച്ച് നോക്കുന്നത് ഇത്തിരി വല്ല്യ വാവകളുടേയും ശീലമാണ്. അവരുടെ കൗതുകവും ജിജ്ഞാസയും പകർന്നു നൽകുന്ന ശീലം! എല്ലാം എപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുന്ന പ്രായത്തിൽ, ഇത്തരം വസ്തുക്കൾ കുട്ടികളുടെ കയ്യിൽപ്പെടാതെ സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ് .
ഇപ്പോൾ മുതിർന്നവർക്കുള്ള മരുന്നുകളും കീടനാശിനികളും വീട്ടുപയോഗത്തിനുള്ള കെമിക്കലുകളും കുട്ടികൾക്ക് എളുപ്പം തുറക്കാൻ കഴിയാത്ത ചൈൽഡ് റെസിസ്റ്റന്റ് പാക്കിംഗിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
*മുതിർന്നവരുടെ ചെറുരൂപങ്ങളല്ല കുട്ടികൾ*
കുട്ടികൾ മുതിർന്നവരുടെ മിനിയേച്ചർ രൂപങ്ങളാണെന്ന് കരുതി, മുതിർന്നവർക്കുള്ള ഗുളികകൾ അരയും കാലുമൊക്കെ ആക്കി അവർക്ക് നൽകുന്നത് ശരിയായ രീതിയല്ല.
ശിശുക്കളിൽ പ്രത്യേകിച്ച് നവജാത ശിശുക്കളിൽ വൃക്കകളും കരളും അപക്വമായതിനാൽ മരുന്നുകളുടെ ചയാപചയ പ്രവർത്തനങ്ങളിലും (മെറ്റബോളിസം ) വ്യത്യാസമുണ്ടാകുന്നു. അതു കൊണ്ട് തന്നെ നൽകപ്പെടുന്ന മരുന്നുകളുടെ ഡോസിലും വ്യത്യാസമുണ്ട്. കുട്ടികളുടെ തൂക്കത്തിനനുസരിച്ചാണ് മരുന്നുകളുടെ ഡോസ് എഴുതുന്നത്.
ഉദാഹരണത്തിന് ഏറ്റവും സാധാരണമായി നൽകപ്പെടുന്ന പാരസെറ്റമോൾ ഒരു കിലോഗ്രാം തൂക്കത്തിന് ഒരു നേരം 15 മില്ലിഗ്രാം എന്ന കണക്കിനാണ് എഴുതുക.
ഈയടുത്ത് ഫോണിൽ വിളിച്ച ഒരമ്മയുടെ സംശയം രണ്ടു വയസ്സ് പ്രായമുള്ള മകന് ചുമയ്ക്ക് നൽകിയ മരുന്ന് അറുപത്തിയെട്ട് ദിവസം പ്രായമായ കുഞ്ഞിന് നൽകാമോ എന്നായിരുന്നു.
ഓരോ പ്രായത്തിലും നൽകുന്ന മരുന്നും അതിന്റെ അളവും വ്യത്യസ്തമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതു പോലെത്തന്നെ ഒരേ മരുന്നിന്റെ ഡോസ് തന്നെ വിവിധ അസുഖങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കും. കഫക്കെട്ടിന് അമോക്സിസില്ലിൻ നൽകുന്ന അളവിനേക്കാൾ കൂടുതലായിരിക്കും ചെവി പഴുപ്പിന് അത് നൽകുമ്പോൾ.
ഓർമ്മിക്കേണ്ട പ്രധാന കാര്യം ഒരു കുട്ടിക്ക് ഡോക്ടറെ കണ്ട് എഴുതി വാങ്ങിയ മരുന്ന് ആ കുട്ടിക്ക് വേണ്ടി മാത്രമുള്ളതാണ് എന്നതാണ്. സമാന അസുഖങ്ങളുള്ള സമപ്രായക്കാർക്ക് ഇതേ മരുന്ന് വീതം വെച്ച് കൊടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.
*ഡോക്ടറെ കാണുമ്പോൾ*
ഇന്നത്തെക്കാലത്ത് മാതാപിതാക്കളുടെ ഒരു പ്രധാന പരാതി വിശദമായി ഡോക്ടറുടെ അടുത്ത് കുട്ടിയുടെ രോഗവിവരങ്ങൾ പറയാനാവുന്നില്ല എന്നതാണ്.
തിരക്ക് മൂലം ഒരു കുട്ടിയെ പരിശോധിക്കാനായി ഡോക്ടർക്ക് ലഭിക്കുന്ന സമയവും തുലോം പരിമിതമാണ്. രോഗനിർണയത്തിന്റെ അടിസ്ഥാന ശിലയായ രോഗവിവരങ്ങൾ അന്വേഷിച്ചറിയുന്ന പ്രക്രിയയ്ക്കും സമയം കുറയുന്നു.
പരത്തിപ്പറയാതെ കാര്യമാത്ര പ്രസക്തമായും ക്രമാനുഗതമായും രോഗവിവരങ്ങൾ ഡോക്ടറോട് അവതരിപ്പിക്കുക. നിലവിൽ ഏതെങ്കിലും അസുഖങ്ങൾക്ക് മരുന്ന് കഴിയ്ക്കുന്നുണ്ടെങ്കിൽ ആ വിവരങ്ങൾ ഡോക്ടറോട് പറയണം. ചില മരുന്നുകൾ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
മുൻപ് ഏതെങ്കിലും മരുന്നിനോടോ ഭക്ഷണ പദാർത്ഥത്തോടോ അലർജി ഉണ്ടായിട്ടുണ്ടെങ്കിൽ അതും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുക.
രോഗവിവരങ്ങൾ കേട്ട്, പരിശോധനയും കഴിഞ്ഞ് ഡോക്ടർ മരുന്ന് കുറിയ്ക്കട്ടെ. ആൻറിബയോട്ടിക് എഴുതിക്കണ്ടില്ലെങ്കിൽ “നല്ല കഫക്കെട്ടുണ്ട് ഡോക്ടറേ ” എന്ന് പറഞ്ഞ് ആന്റിബയോട്ടിക് എഴുതാൻ ഡോക്ടറെ പ്രേരിപ്പിക്കുകയോ അലോസരപ്പെടുത്തുകയോ ചെയ്യാതിരിക്കുക.
ആവശ്യമെങ്കിൽ രക്തമോ മൂത്രമോ പരിശോധിക്കണമെന്നുണ്ടെങ്കിൽ ഡോക്ടർ തന്നെ തീരുമാനിക്കട്ടെ. ഇത്തരം പരിശോധനകൾ നിർബന്ധപൂർവം ചോദിച്ചു വാങ്ങേണ്ടതല്ല.
ഗർഭിണികളായ സ്ത്രീകൾ ഡോക്ടറെ കാണുമ്പോഴും താൻ ഗർഭിണിയാണെന്ന കാര്യം അറിയിക്കേണ്ടതും ഗർഭസ്ഥ ശിശുവിന് ഹാനികരമായ മരുന്നുകൾ നിർദ്ദേശിക്കപ്പെടുന്നത് ഒഴിവാക്കുകയും വേണം.
മുലയൂട്ടുന്ന അമ്മമാരും തങ്ങൾ കഴിക്കുന്ന മരുന്നുകൾ ചെറിയ അളവിലാണെങ്കിൽ കൂടിയും മുലപ്പാലിലൂടെ കുഞ്ഞിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുകയും സുരക്ഷിതമായ മരുന്നുകൾ മാത്രം കഴിക്കുകയും വേണം
*മരുന്ന് നൽകുമ്പോൾ*
ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ തന്നെയാണ് ഫാർമസിയിൽ നിന്നും ലഭിക്കുന്നതെന്ന് ഉറപ്പു വരുത്തുക. ഏതെങ്കിലും ബ്രാൻഡ് മരുന്നുകൾ ലഭ്യമല്ലെങ്കിൽ പകരം നൽകപ്പെടുന്നത് ശരിയായ മരുന്ന് തന്നെയാണെന്ന് ഉറപ്പ് വരുത്തണം.
നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായ അളവിലും ഇടവേളകളിലും നിർദ്ദേശിക്കപ്പെട്ട കാലയളവിലേക്ക് കഴിയ്ക്കുക.
സിറപ്പും തുള്ളിമരുന്നുകളും മാറിപ്പോകാതെ ശ്രദ്ധിക്കണം. ഒരേ മരുന്നു തന്നെ സിറപ്പായും തുള്ളിമരുന്നായും ലഭ്യമാണ്. പാരസെറ്റമോൾ സിറപ്പിൽ അഞ്ച് മില്ലിയിൽ 125/250 മില്ലിഗ്രാം മരുന്ന് അടങ്ങിയിട്ടുള്ളപ്പോൾ പാരസെറ്റമോൾ ഡ്രോപ്സിൽ ഒരു മില്ലിയിൽ 100 മില്ലിഗ്രാം മരുന്നാണുള്ളത്.
ഒരു കുട്ടിക്ക് 4 മില്ലി പാരസെറ്റമോൾ 125 സിറപ്പ് നിർദ്ദേശിച്ചതിന് പകരം ഡ്രോപ്പ്സ് ആണ് 4 മില്ലി നൽകുന്നതെങ്കിൽ ,നാലു മടങ്ങ് മരുന്നാണ് കുട്ടിയുടെ ശരീരത്തിലെത്തുക.
തുള്ളിമരുന്നുകൾ അതോടൊപ്പമുള്ള ഡ്രോപ്പറും, സിറപ്പുകൾ അതിനൊപ്പമുള്ള അളവുകൾ രേഖപ്പെടുത്തിയ മെഷറിംഗ് ക്യാപ്പും ഉപയോഗിച്ച് ശരിയായ അളവിൽ എടുക്കണം.
മരുന്നുകളുടെ ലേബൽ പരിശോധിച്ച് കാലാവധി രേഖപ്പെടുത്തിയ തിയ്യതി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പ് വരുത്തുക.
മിക്കവാറും ആൻറിബയോട്ടിക് മരുന്നുകൾ ബോട്ടിലിൽ പൊടി രൂപത്തിലാണ് ല്യമാവുന്നത്. ആയത് മരുന്നിനൊപ്പം ലഭിക്കുന്ന ശുദ്ധീകരിച്ച ജലമോ അല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളമോ ചേർത്ത് ലായനിയാക്കേണ്ടതാണ്. ഇത്തരത്തിൽ ചെയ്യുമ്പോൾ വെള്ളത്തിന്റെ അളവ് കൂടാനോ കുറയാനോ പാടില്ല. ഇപ്പോൾ മിക്ക മരുന്നു കമ്പനികളും ആൻറിബയോട്ടിക്കുകൾക്കൊപ്പം കൃത്യമായ അളവിൽ ശുദ്ധീകരിച്ച ജലവും നേർപ്പിക്കാനായി കൂടെ നൽകുന്നു. മരുന്ന് പൊടി ലായനിയാക്കുമ്പോൾ മുഴുവനായും ഈ ശുദ്ധീകരിച്ച ജലം (സ്റ്റെറൈൽ വാട്ടർ ) ചേർക്കേണ്ടതാണ്.
ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ഓരോ തവണയും നന്നായി കുലുക്കുന്നത് കൃത്യമായ അളവിൽ മരുന്ന് കുട്ടിക്ക് നൽകുന്നതിന് അനിവാര്യമാണ്.
ഇത്തരത്തിൽ ലായനിയാക്കുന്ന മരുന്നുകൾ ഒരാഴ്ചക്കകം ഉപയോഗിച്ച് തീർക്കണം.
മറ്റ് സിറപ്പുകളും നമ്മൾ ഉപയോഗിച്ച് തുടങ്ങിയാൽ ഭദ്രമായി അടച്ച് സൂക്ഷിക്കുകയും പരമാവധി ഒരു മാസത്തിനുള്ളിൽ ഉപയോഗിക്കേണ്ടതുമാണ്. ആ കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപേക്ഷിക്കേണ്ടതാണ്.
ചില മരുന്നുകൾ റഫ്രിജറേറ്ററിൽ സൂക്ഷിക്കുവാൻ ഉൽപ്പാദകർ നിർദ്ദേശിക്കാറുണ്ട്. അത്തരം മരുന്നുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കണം.
ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കപ്പെട്ട കോഴ്സ് പൂർത്തിയാക്കേണ്ടതുണ്ട്. അസുഖത്തിന് ശമനമുണ്ടായാലും ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കപ്പെട്ട കാലയളവ് പൂർത്തീകരിക്കും വരെ തുടരണം.
മരുന്നുകൾ ഉപയോഗിക്കുന്നതെങ്ങനെയെന്നും ചോദിച്ചു മനസ്സിലാക്കണം. കണ്ണിലും മൂക്കിലും ഒഴിക്കാനുള്ള മരുന്നുകൾ പരസ്പരം മാറിപ്പോകുന്നതും ,അവ വായിലൂടെ കഴിക്കാൻ കൊടുക്കുന്നതും സാധാരണമായി സംഭവിക്കുന്ന തെറ്റുകളാണ്.
ഗുളിക കഴിക്കാനുള്ള കഴിവ് സ്വായത്തമാക്കുന്ന മുറയ്ക്ക് കുട്ടികൾക്ക് ഗുളികകൾ നൽകിത്തുടങ്ങാം. പൊതുവേ ആറ് വയസ്സിന് മുകളിലുള്ള കുട്ടികളെ ഗുളിക കഴിക്കാൻ പ്രേരിപ്പിച്ചു തുടങ്ങാം.
കുട്ടിയെ പരിപാലിക്കാനും മരുന്ന് കൊടുക്കാനും ചിലപ്പോൾ വീട്ടിൽ ഒന്നിലധികം പേരുണ്ടാകാം. ചില സന്ദർഭങ്ങളിൽ കൂടുതൽ തവണ കുട്ടിക്ക് മരുന്ന് നൽകപ്പെടാനും ഇത് ഇടയാക്കാം.ഇത് ഒഴിവാക്കുന്നതിന് നൽകേണ്ട മരുന്നുകളുടെ അളവും തവണയും ചാർട്ട് രൂപത്തിൽ രേഖപ്പെടുത്താവുന്നതാണ്.
കുട്ടിക്ക് ഒരു തവണ നിർദ്ദേശിക്കപ്പെട്ട ആന്റിബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകൾ, പിന്നീട് കുട്ടികൾക്ക് അസുഖം വരുമ്പോൾ വീണ്ടും പല തവണ വാങ്ങി നൽകുന്ന പ്രവണത വ്യാപകമാണ്. ഡോക്ടറെ കാണുന്നത് ഒഴിവാക്കാനുള്ള ഇത്തരം പ്രവൃത്തികൾ ആന്റിബയോട്ടിക്കുകൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനും രോഗാണുക്കൾക്ക് ആന്റിബയോട്ടിക്കുകൾക്കെതിരേ പ്രതിരോധം ലഭ്യമാവുന്നതിനും ഇടയാവുന്നു.
കുട്ടികൾക്ക് ഏതെങ്കിലും മരുന്ന് കൊടുത്തു തുടങ്ങിയതിന് ശേഷം കുട്ടിയുടെ ദേഹം ചൊറിഞ്ഞു തടിക്കുകയോ നിറവ്യത്യാസം കാണപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ, അവ അലർജിയുടെ ലക്ഷണങ്ങളാവാം. ഉടൻ തന്നെ മരുന്ന് നിർത്തുകയും ഡോക്ടറുടെ ഉപദേശം തേടുകയും വേണം.
അലർജിയുണ്ടാക്കുന്ന മരുന്നിന്റെ വിവരം കുട്ടിയുടെ ഹെൽത്ത് കാർഡിൽ രേഖപ്പെടുത്തുകയും ക്ലാസ്സ് ടീച്ചറെ അറിയിക്കുകയും വേണം. സ്കൂളിൽ നിന്ന് നേരിട്ട് കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകേണ്ട സാഹചര്യമുണ്ടായാൽ ഇത് സഹായകമാകും.
*അടിക്കുറിപ്പ്*
സ്വയം ചികിത്സയും മെഡിക്കൽ ഷോപ്പിൽ നിന്ന് വിവരം പറഞ്ഞ് മരുന്ന് വാങ്ങലും തീർത്തും ഒഴിവാക്കുക.