· 7 മിനിറ്റ് വായന

കത്തി വയ്ക്കാൻ സമ്മതം മൂളും മുൻപ്

EthicsSurgeryനൈതികത

രംഗം 1: ദാസൻ ആകെ ടെൻഷനിലാണ്.. ഭാര്യയുടെ ഓപ്പറേഷൻ കഴിഞ്ഞിട്ടിന്ന്‌ മൂന്നാമത്തെ ദിവസമാണ്. വൻകുടലിൽ ഒരു മുഴ ആയിരുന്നു. അതിനുള്ള ഓപ്പറേഷൻ ആണെന്നാണ് ഡോക്ടർ പറഞ്ഞത്. കൂടുതലൊന്നും അറിയില്ല. ഇന്നലെ രാത്രി മുതൽ അവൾക്ക് നല്ല വയറുവേദനയുണ്ട്.

ഡോക്ടർ വന്നു, ഭാര്യയെ പരിശോധിച്ച ശേഷം ദാസനെ മുറിയുടെ പുറത്തേക്ക് വിളിച്ചു. ഉടൻ വീണ്ടുമൊരു ഓപ്പറേഷൻ വേണം… ദാസന്റെ ടെൻഷൻ ഇരട്ടിയായി.. ഇപ്പോൾ തന്നെ കുറെ പണവും അദ്ധ്വാനവും ചെലവായി.. ഇനിയിപ്പോ വീണ്ടും ഒരു ഓപ്പറേഷൻ?

ഈ ഡോക്ടർ ആളെ ഇട്ടു പറ്റിക്കുകയാണെന്ന് തോന്നുന്നു.. കാശുണ്ടാക്കാനുള്ള ഓരോരോ പരിപാടികൾ.. അല്ലെങ്കിൽ ഇയാൾ മുമ്പ് ഓപ്പറേഷൻ ചെയ്തതിൽ എന്തോ കുഴപ്പമുണ്ട്.. എന്തായാലും ഇനി ഇവിടെ നിൽക്കുന്ന പ്രശ്നമില്ല… ഇനി തന്റെ ചികിത്സയും വേണ്ട ഒരു … ഉം വേണ്ട.. വേഗം പേര് വെട്ടിത്താ.. ഞങ്ങൾ നല്ല വല്ല ആശുപത്രിയിലും പൊയ്ക്കോളാ… ചിത്രം മാറിയത് വളരെ പെട്ടെന്നായിരുന്നു…

രംഗം 2: വിജയന് വലിയ സന്തോഷമില്ല.. രണ്ടു ദിവസം മുമ്പാണ് മകനെ വയറുവേദനയായി ആശുപത്രിയിൽ കൊണ്ടു വന്നത്. പരിശോധനയും ടെസ്റ്റുകളും സ്‌കാനിങ്ങും എല്ലാം കഴിഞ്ഞപ്പോൾ അപ്പൻഡിക്‌സിലെ അണുബാധയാണ് വയറു വേദനയുടെ കാരണം എന്ന് ഡോക്ടർ പറഞ്ഞു തന്നിരുന്നു. ഇതിന്റെ ചികിത്സ ഒരു ഓപ്പറേഷൻ ആണെന്നും, ഓപ്പറേഷൻ ചെയ്ത്‌ അപ്പൻഡിക്‌സെന്ന അവയവം മുറിച്ച് കളയണം എന്നും പടമൊക്കെ വരച്ച് ഡോക്ടർ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. ചിലപ്പോൾ ഓപ്പറേഷൻ സങ്കീർണമാകാം എന്നും, അപ്രതീക്ഷിത പ്രശ്‌നങ്ങൾ ഉണ്ടാകാം എന്നും ഡോക്ടർ പറഞ്ഞിട്ടുണ്ടായിരുന്നു.

ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷവും ഡോക്ടറുമായി സംസാരിച്ചതാണ്. വയറ്റിൽ നല്ല പഴുപ്പ് ഉണ്ടായിരുന്നു എന്നും, കുറച്ച് ദിവസം സൂചിയിലൂടെ മരുന്ന്‌ എടുക്കേണ്ടി വരുമെന്നും, ചിലപ്പോൾ മുറിവ് പഴുക്കാൻ സാധ്യത ഉണ്ടെന്നും എല്ലാം അദ്ദേഹം പറഞ്ഞു തന്നിരുന്നു..

ഇന്ന് രാവിലെ മുതൽ മകന് ചെറിയ പനിയുണ്ട്. ഓപ്പറേഷൻ ചെയ്ത മുറിവിൽ നല്ല വേദനയും ഉണ്ട്. എന്താണാവോ പ്രശ്നം.. അതാണ് വിജയന്റെ സന്തോഷക്കുറവിന് കാരണം.

ഡോക്ടർ വന്നപ്പോൾ കാര്യങ്ങളൊക്കെ തിരക്കി.. മുറിവ് പരിശോധിച്ച ശേഷം മുറിവിൽ നല്ല പഴുപ്പ് ഉണ്ടെന്നും, അത് കൊണ്ട് ഒന്നു രണ്ടു സ്റ്റിച്ചുകൾ നീക്കം ചെയ്ത് പഴുപ്പ് പുറത്തേക്ക് കളയണം എന്നും പറഞ്ഞു..

ശരിയാണ്, പഴുപ്പ് വരാൻ സാധ്യത ഉണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നതാണല്ലോ. വിജയൻ സമ്മതം മൂളി. നഴ്‌സിന്റെ സഹായത്തോടെ ഡോക്ടർ മുറിവിൽ പഴുപ്പ് പുറത്തേക്ക് കളഞ്ഞു.. പുതിയ ഡ്രസിങ്ങും വെച്ചു കൊടുത്തു… അൽപസമയം കഴിഞ്ഞപ്പോൾ മകന്റെ വേദനയും കുറഞ്ഞു.. പിന്നെ പനി ഉണ്ടായിട്ടില്ല….

സർജറിയെ തുടർന്നുണ്ടായ സങ്കീർണതയോട്‌ രോഗിയും കൂട്ടിരിപ്പുകാരും രണ്ടു രീതിയിൽ പ്രതികരിച്ച രണ്ടു രംഗങ്ങളാണ് നമ്മൾ മുകളിൽ കണ്ടത്.. പ്രതികരണത്തിൽ വ്യത്യാസം ഉണ്ടാകാൻ കാരണമായ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്തായിരുന്നു?

ദാസനോട് അസുഖത്തെ കുറിച്ചും, ഓപ്പറേഷനെ കുറിച്ചും, അതിന്റെ വരുംവരായ്‌കകളെ കുറിച്ചും ശരിയായ രീതിയിൽ പറഞ്ഞു കൊടുത്തിട്ടില്ല..

എന്നാൽ വിജയന് ഇവയെ പറ്റി നല്ലൊരു രൂപം കൊടുക്കാൻ ഡോക്ടർ ആദ്യം മുതലേ ശ്രദ്ധിച്ചിട്ടുണ്ട്…

അതെ, ഡോക്ടർ – രോഗി സംഘർഷങ്ങളിൽ വലിയൊരളവ് വരെ കുറവ് വരുത്താൻ നല്ല രീതിയിലുള്ള സംവേദനം കൊണ്ടു സാധിക്കും.

ചികിത്സിക്കുന്ന സംഘവും രോഗിയും കൂടെയുള്ളവരുമടങ്ങുന്ന സംഘവും തമ്മിലുള്ള ശരിയായ രീതിയിലുള്ള ആശയവിനിമയത്തിന്റെ അഭാവമാണ് പലപ്പോഴും സംഘർഷങ്ങളിലേക്ക് നയിക്കുന്നത്. തനിക്കോ തന്റെ കൂടെയുള്ള ആൾക്കോ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ശരിക്ക് മനസ്സിലാക്കിയ രോഗിയും കൂട്ടിരിപ്പുകാരും ചികില്സിക്കുന്ന സംഘവുമായി വഴക്കിലേർപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് വേണം പറയാൻ..

രോഗത്തിനെ കുറിച്ച് ശരിയായ രീതിയിൽ പറഞ്ഞു കൊടുക്കാത്തതാണ് വ്യാജ ചികിത്സകന്മാരുടെയും മന്ത്രവാദികളുടെയും അടുത്തേക്ക് പോകാൻ രോഗികളെ പ്രേരിപ്പിക്കുന്ന ഒരു കാര്യം.

ശസ്ത്രക്രിയക്ക് വിധേയമാക്കുക എന്നുള്ളത് എല്ലാവർക്കും കുറച്ചെങ്കിലും പേടിയുള്ള കാര്യമാണ്. ഒരു ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതിനു മുമ്പ് അതിനെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് രോഗിയുടെയും, കൂടെയുള്ളവരുടെയും അവകാശമാണ്.. അത് കൊണ്ട് തന്നെ ഒരു സർജറിക്ക് ഒരുങ്ങുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക എന്നത് സർജന്റെ കടമയുമാണ്.. ഒരു സർജറിക്ക് വിധേയമാകാൻ പോകുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്.

  1. എന്താണെന്റെ അസുഖം? : രോഗം എന്താണെന്ന് അറിയാനുള്ള അവകാശം എല്ലാ രോഗികൾക്കും ഉണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ രോഗം എന്താണെന്ന് പറഞ്ഞു തരാനുള്ള ബാധ്യത ഡോക്ടർക്കുണ്ട്. പലപ്പോഴും, രോഗമെന്താണെന്ന് രോഗിയോട് മിണ്ടരുത് എന്നു കൂട്ടിരിപ്പുകാർ ആവശ്യപ്പെടാറുണ്ട്. കാൻസർ പോലുള്ള രോഗങ്ങൾ ഡയഗ്നോസ്‌ ചെയ്യപ്പെടുമ്പോളാണ് ഈ ആവശ്യം സാധാരണയായി വരാറുള്ളത്. രോഗത്തിന്റെ വിവരം രോഗിയോട് നേരിട്ട് പറയാൻ മടിക്കുന്ന ഡോക്ടർമാരുമുണ്ട്‌. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം, രോഗം ബാധിച്ചിരിക്കുന്നത് രോഗിയെയാണ്, അതിനുള്ള ചികിത്സക്ക് വിധേയമാക്കാൻ പോകുന്നതും രോഗിയാണ്. ചികിത്സയുടെ ഗുണങ്ങളും ദോഷങ്ങളും, വിജയപരാജയങ്ങളും അനുഭവിക്കാൻ പോകുന്നതും രോഗിയാണ്. അത് കൊണ്ട് തന്നെ തന്റെ രോഗം എന്താണെന്ന് അറിയാനുള്ള അവകാശം രോഗിക്കുണ്ട്. ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച് തന്റെ രോഗത്തെ കുറിച്ചും, അതിന്റെ തീവ്രതയെ കുറിച്ചും മനസ്സിലാക്കി വെക്കുക.
  2. എന്തു കൊണ്ട് ശസ്ത്രക്രിയ? : രോഗത്തിനെ കുറിച്ച് മനസ്സിലാക്കിയാൽ അടുത്ത പടി അതിനുള്ള ചികിത്സാനടപടികൾ ഏതൊക്കെ എന്നറിയലാണ്. പല അസുഖങ്ങളുടെയും ചികിത്സ സർജറിയാണ്. സ്വന്തം ശരീരത്തിൽ കത്തി വെക്കുന്നത് ആർക്കും ഇഷ്ടമുള്ള കാര്യമല്ല. അത് കൊണ്ട് തന്നെ ഒരു സർജറി വേണമെന്ന് പറഞ്ഞാൽ സ്വാഭാവികമായി വരുന്ന അടുത്ത ചോദ്യം “ഓപ്പറേഷൻ അല്ലാതെ വേറെ വഴിയൊന്നും ഇല്ലേ ഡോക്ടറെ” എന്നായിരിക്കും. നിങ്ങളുടെ അസുഖത്തിനുള്ള വ്യത്യസ്ത ചികിത്സാ രീതികളെ കുറിച്ച്‌ അറിയാനുള്ള അവകാശം നിങ്ങൾക്കുണ്ട്. അത് കൊണ്ട് തന്നെ ഇവയെ കുറിച്ച് ചോദിച്ച് മനസ്സിലാക്കുക. ചില അസുഖങ്ങൾക്ക് സർജറി മാത്രമായിരിക്കും ചികിത്സ. ചില അസുഖങ്ങൾക്ക് സർജറി കൂടാതെയുള്ള ചികിത്സ ഉണ്ടാകാം. എന്നാൽ വിജയസാധ്യത കൂടുതൽ സർജറിക്ക് ആയത് കൊണ്ടാകാം ഡോക്ടർ സർജറി നിർദേശിച്ചത്. അത് കൊണ്ട് തന്നെ തന്റെ അസുഖത്തിന് എന്തു കൊണ്ട് സർജറി ചെയ്യുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതുണ്ട്.
  3. എന്താണ് ചെയ്യാൻ പോകുന്നത്? : ഓപ്പറേഷൻ സമയത്ത് തന്റെ ശരീരത്തിൽ ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്ത് തരം അനസ്‌തേഷ്യ ആണ് തരാൻ പോകുന്നത്, എങ്ങനെയുള്ള മുറിവാണിടുന്നത്, എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത് ഇവയെ പറ്റിയൊക്കെ ചോദിച്ചു മനസ്സിലാക്കി വെക്കുക. ചിലപ്പോൾ ഡോക്ടർ ഒരു ചിത്രമൊക്കെ വരച്ച് കാര്യങ്ങൾ ലളിതമായി പറഞ്ഞു തരും.

ചില സർജറികൾ ഒന്നിലധികൾ തവണയായി ചെയ്യേണ്ടവയാണ്. അങ്ങനെയാകുമ്പോൾ ഓരോ തവണയെക്കുറിച്ചും, ഓരോ തവണയും എന്തൊക്കെ ചെയ്യും, അവ തമ്മിലുള്ള ഇടവേളകൾ എന്നിവയെ കുറിച്ചുമെല്ലാം മനസ്സിലാക്കി വെക്കുക.

  1. സങ്കീർണതകൾ: എല്ലാ സർജറിക്കും ചെറുതും വലുതുമായ അപകട സാധ്യതകൾ ഉണ്ട്. മയക്കം കൊടുക്കുമ്പോഴും, ഓപ്പറേഷൻ ചെയ്യുമ്പോഴും, ഓപ്പറേഷന് ശേഷവും സങ്കീർണതകളിലൂടെ രോഗി കടന്നു പോകേണ്ടി വന്നേക്കാം. അത് കൊണ്ട് തന്നെ ഇവയെ പറ്റി നിങ്ങൾക്ക് ഡോക്ടർ വിശദീകരിച്ചു തരും. ഇതു നിങ്ങളെ ഭയചകിതരാക്കാൻ വേണ്ടി ചെയ്യുന്നതല്ല. മറിച്ച്, വരാൻ വളരെ അപൂർവമായെങ്കിലും സാധ്യതയുള്ള കാര്യങ്ങളെ കുറിച്ചുള്ള ഒരു മുന്നൊരുക്കത്തിനു വേണ്ടി മാത്രമാണ്. ഓപ്പറേഷന് ശേഷം എത്ര ദിവസം ഐസിയുവിൽ കിടക്കേണ്ടി വരും എന്നും, ഏകദേശം എത്ര ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വരും എന്നെല്ലാം മനസ്സിലാക്കി വെക്കുക. ചില ഓപ്പറേഷനുകൾ കഴിഞ്ഞാൽ കുറച്ചു കാലത്തേക്കോ, ചിലപ്പോൾ ജീവിതകാലം മുഴുവനുമോ ചില ബുദ്ധിമുട്ടുകളും, നിയന്ത്രണങ്ങളും ഉണ്ടായേക്കാം. അവയെ പറ്റി ചോദിച്ചു മനസ്സിലാക്കി വെക്കുക.ഒഴിവാക്കാൻ പറ്റാത്തത് കൊണ്ടാണ് അത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടു കൂടി ഓപ്പറേഷൻ ചെയ്യുന്നത് എന്നു മനസ്സിലാക്കുക.
  1. വിജയ സാധ്യത: ചില തരം സർജറികൾക്ക് 100 ശതമാനം വിജയ സാധ്യത ഉണ്ടാകാം. എന്നാൽ എല്ലാ സർജറികൾക്കും നൂറ്‌ ശതമാനം വിജയ സാധ്യത ഇല്ലെന്ന് മനസ്സിലാക്കുക. ഓപ്പറേഷൻ ചെയ്താലും അസുഖം മാറാതിരിക്കുക, ഓപ്പറേഷൻ സമയത്ത് വിജയകരമായി പൂർത്തിയാക്കാൻ പറ്റാതിരിക്കുക, ഓപ്പറേഷന് ശേഷം അസുഖം വീണ്ടും തിരിച്ചു വരുക എന്നിവക്കെല്ലാം സാധ്യത ഉണ്ട്. ഇവ ഓരോ ഓപ്പറേഷനും വ്യത്യസ്തമായിരിക്കും. ചിലപ്പോൾ രണ്ടാമതോ അതിലധികം തവണയോ ഒക്കെ ഓപ്പറേഷനുകൾ വേണ്ടി വന്നേക്കാം. അത് കൊണ്ട് തന്നെ ഓപ്പറേഷനു മുമ്പായി ഇതിനെ കുറിച്ചെല്ലാം ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കി വെക്കണം. ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം രോഗിയുടെ കയ്യിൽ നിന്നും ഒപ്പിട്ടു വാങ്ങുന്ന സമ്മത പത്രത്തിൽ ഉണ്ടായിരിക്കണം. സമ്മതപത്രത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളിൽ രോഗിക്ക്‌ വല്ല സംശയവും തോന്നുകയാണെങ്കിൽ കൃത്യമായി ചോദിച്ച്‌ മറുപടി തേടണം.
  1. അനുബന്ധ ചികിത്സകൾ: ചില സർജറികൾക്ക്, വിശിഷ്യാ കാൻസർ സർജറികൾക്ക് അനുബന്ധമായി ഓപ്പറേഷന് മുമ്പോ, പിമ്പോ ഒക്കെയായി കീമോതെറാപ്പിയും, റേഡിയേഷനും പോലെയുള്ള അനുബന്ധ ചികിത്സകൾ വേണ്ടി വന്നേക്കാം .
  2. തയ്യാറെടുപ്പുകൾ: ഓപ്പറേഷന് മുമ്പ് പല തയ്യാറെടുപ്പുകളും വേണ്ടി വന്നേക്കാം. ഭക്ഷണം നിയന്ത്രിക്കൽ, ഓപ്പറേഷന് മുമ്പുള്ള നിശ്ചിത സമയം മുതൽ ഭക്ഷണം കഴിക്കാതിരിക്കൽ, ചില മരുന്നുകൾ കഴിക്കാതിരിക്കുക, ചില മരുന്നുകൾ മാറ്റുക എന്നിവയൊക്കെ ആവശ്യമായി വന്നേക്കാം. ഇവയെ കുറിച്ചെല്ലാം ഡോക്ടറുമായി ചർച്ച ചെയ്യുക.
  3. ചെലവ്: രോഗിയെയും ബന്ധുക്കളെയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. നിങ്ങൾക്ക് ചെയ്യാൻ പോകുന്ന സർജറിക്കും, അതിനെ തുടർന്നുള്ള ആശുപത്രി വാസത്തിനുമായി ഏകദേശം എത്ര രൂപ ചെലവാകും എന്ന്‌ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈ കാര്യത്തിൽ ഒരു കൃത്യമായ ഉത്തരം നൽകാൻ ഡോക്ടർക്കോ ആസ്പത്രിക്കോ കഴിയില്ല എങ്കിലും, ഒരു ശരാശരി ചിലവിനെ പറ്റിയുള്ള വിവരം നൽകാൻ അവർക്ക് സാധിക്കും. ഓപ്പറേഷനും അതിനെ തുടർന്നുള്ള ആശുപത്രി വാസവും വളരെ സുഖമായി പോകുകയാണെങ്കിൽ ചിലവ് ഈ പറയുന്നതിനേക്കാൾ കുറവാക്കാനാണ് സാധ്യത. എന്നാൽ, ഓപ്പറേഷൻ തുടർന്ന് സങ്കീർണതകൾ സംഭവിക്കുകയാണെങ്കിൽ ചിലവ് കൂടാനും സാധ്യത ഉണ്ട് . ചിലവ് മനസ്സിലാക്കി നിങ്ങൾക്ക് സാമ്പത്തികമായി താങ്ങാൻ പറ്റുന്ന ആശുപത്രിയിൽ ചികിത്സ തേടുന്നതാണ് ഉത്തമം.
  4. അനസ്തീഷ്യ, മരുന്നുകൾ: ഓപ്പറേഷന് വേണ്ടി നൽകാൻ പോകുന്ന അനസ്‌തീഷ്യ ഏതു തരത്തിൽ ഉള്ളതാണെന്ന് ചോദിച്ചു മനസ്സിലാക്കുക. സർജറിക്കെന്ന പോലെ അനേസ്തീഷ്യക്കും അപകട സാധ്യതകൾ ഉണ്ട്. ഇവയെ കുറിച്ച് നിങ്ങളെ അനസ്തീഷ്യക്ക് വിധേയമാക്കുന്ന anesthesiologist നോട് ചോദിച്ച് മനസ്സിലാക്കുക. ഇതിനെ പറ്റി വിശദീകരിക്കേണ്ട ഉത്തരവാദിത്വം മയക്കം തരുന്ന ഡോക്റ്റർക്കുണ്ട്.മയക്കുമ്പോളും, സർജറി ചെയ്യുമ്പോളും പല തരത്തിലുള്ള മരുന്നുകൾ പ്രയോഗിക്കേണ്ടതുണ്ട്. അതിനാൽ ഏതെങ്കിലും മരുന്നുകളോട് അലർജിയോ മറ്റോ ഉണ്ടെങ്കിൽ പറയാൻ മറക്കണ്ട.
  1. ഓപ്പറേഷന് ശേഷമുള്ള സംസാരം: സർജറി കഴിഞ്ഞാൽ അതിനെ കുറിച്ച് ബന്ധുക്കളോട് വിശദീകരിക്കാനുള്ള ബാധ്യത ഡോക്ടർക്കുണ്ട്. അസുഖത്തിന്റെ അവസ്ഥ എന്തായിരുന്നു എന്നും, എന്തു ചെയ്തു എന്നും, ഓപ്പറേഷൻ സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നുവോ, ഇപ്പോൾ രോഗിയുടെ അവസ്ഥ എന്താണ്, രോഗിയെ എങ്ങോട്ടാണ് മാറ്റുന്നത്, ഓപ്പറേഷൻ സമയത്തെ കണ്ടെത്തലുകൾ അനുസരിച്ച് വരും ദിവസങ്ങളിലോ ഭാവിയിലോ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നുണ്ടോ, ഐസിയു വാസമോ, ആശുപത്രി വാസമോ കൂടാൻ സാധ്യത ഉണ്ടോ എന്നെല്ലാം ഡോക്ടർ വിശദീകരിച്ച് കൊടുക്കേണ്ടതുണ്ട്. രോഗിക്ക് ബോധം തെളിയുന്ന മുറക്ക് ഇക്കാര്യങ്ങളെല്ലാം രോഗിക്കും പറഞ്ഞു കൊടുക്കണം.
  2. ഓരോ ദിവസത്തെയും വിവരങ്ങൾ: രോഗി ഐസിയുവിൽ ആണെങ്കിൽ അകത്ത് നടക്കുന്ന വിവരങ്ങൾ ബന്ധുക്കളെ അറിയിക്കേണ്ടതുണ്ട്. റൂമിലോ വാർഡിലോ ആണെങ്കിലും, ദിവസവും ഉള്ള പുരോഗതിയെക്കുറിച്ചും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനെ കുറിച്ചും സംസാരിക്കണം. എപ്പോൾ മുതൽ ഭക്ഷണം കഴിക്കാം, എപ്പോൾ കുളിക്കാം, മുറിവിന്റെ ഡ്രസിങ്ങ്‌ എപ്പോഴൊക്കെയാണ് മാറ്റേണ്ടത്, ഇട്ടിരിക്കുന്ന ട്യൂബുകളും, ലൈനുകളും എപ്പോഴാണ് മാറ്റുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കണം.
  1. വീട്ടിൽ പോകുമ്പോൾ: വീട്ടിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി മനസ്സിലാക്കി വെക്കുക. എന്തൊക്കെ കാര്യങ്ങൾ ചെയ്യാം, എന്തൊക്കെ ചെയ്യാൻ പാടില്ല, എന്തൊക്കെ ഭക്ഷണം കഴിക്കണം മുറിവിന് പ്രത്യേക ശ്രദ്ധ എന്തെങ്കിലും വേണോ, ഇനി എന്നാണ് വരേണ്ടത്, എന്തൊക്കെ കാര്യങ്ങൾ ഉണ്ടെങ്കിലാണ് എത്രയും പെട്ടെന്ന്‌ ആശുപത്രിയിലേക്ക് വരേണ്ടത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കി വെക്കുക.
  2. പരോപകാരികളുടെ ഉപദേശങ്ങൾ: ഓപ്പറേഷന് പോകുമ്പോഴും, ഓപ്പറേഷൻ കഴിഞ്ഞു കിടക്കുമ്പോഴും ഉപദേശങ്ങൾ നൽകാൻ ധാരാളം പരോപകാരികളായ ബന്ധുക്കളും സുഹൃത്തുക്കളും കാണും. പലപ്പോളും അശാസ്ത്രീയവും, അപകടകരവുമായ ഉപദേശങ്ങൾ ഈ വിദ്വാന്മാർ തട്ടി വിടും. ഡോക്ടറുടെ അടുത്തു നിന്നും ശരിയായ രീതിയിൽ വിവരങ്ങൾ ലഭിക്കാതിരുന്നാൽ സ്വാഭാവികമായും രോഗി ഇവരുടെ വാക്കുകൾക്ക് ചെവിയോർക്കും. നിങ്ങളുടെ അവസ്ഥയെ കുറിച്ച് ഉപദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ള ആൾ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർ തന്നെയാണെന്ന് മനസ്സിലാക്കുക. എന്തു സംശയം ഉണ്ടെങ്കിലും ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക.
  3. അവിചാരിത സംഭവങ്ങൾ: സർജറി കഴിഞ്ഞു ആശുപത്രിയിൽ കിടക്കുന്ന രോഗി ആശുപത്രിക്ക് പുറത്തു നടക്കുന്ന ഏതൊരാളെയും പോലെ മറ്റസുഖങ്ങൾ വരാൻ സാധ്യത ഉള്ള ആളാണ് എന്നു മനസ്സിലാക്കുക. അപൂർവമായെങ്കിലും നമ്മൾ മുൻകൂട്ടി കാണാത്ത അസുഖങ്ങൾ വരാനും, അത്യപൂർവമായ സാഹചര്യങ്ങളിൽ അത് മരണത്തിലേക്ക് നയിക്കാനും സാധ്യത ഉണ്ട്. ഉദാ: കടുത്ത ഹൃദ്രോഗബാധയോ മസ്തിഷ്കാഘാതമോ സംഭവിക്കുക, മരുന്നുകളോട് തീവ്രമായ അലർജി ഉണ്ടാകുക, അപ്രതീക്ഷിതമായ ഹൃദയസ്തംഭനം ഉണ്ടാകുക, pulmonary embolism ഉണ്ടാകുക എന്നിങ്ങനെയുള്ള കാര്യങ്ങൾ. ഇത്തരം സന്ദർഭങ്ങളിൽ ആത്മസംയമനം പാലിക്കാൻ ശ്രമിക്കുക.

ഇങ്ങനെ സംഭവിക്കുന്നത് ചികിത്സാ പിഴവ് കൊണ്ടല്ലെന്നും, രോഗിയുടെ ജീവൻ രക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ് ആശുപത്രി ജീവനക്കാർ എന്നും മനസ്സിലാക്കി അവരോട് സഹകരിക്കുക. അവിചാരിതമായി രോഗിയുടെ അവസ്ഥ മോശമാകുന്ന അവസരത്തിൽ ആശുപത്രി ജീവനക്കാരോട് തർക്കിച്ചു കൊണ്ടിരുന്നാൽ വിലപ്പെട്ട സമയമാണ് നഷ്ടപ്പെട്ട് പോകുന്നത് എന്നു മനസ്സിലാക്കി സഹകരിക്കണം.

ചികിത്സയെ കുറിച്ചുള്ള ആക്ഷേപങ്ങൾ രോഗി സാധാരണ നിലയിൽ ആയതിനു ശേഷവും ഉന്നയിക്കാം എന്നു മനസ്സിലാക്കുക.

സർജറിക്ക് വിധേയമാകുക എന്നുള്ളത് ഏതൊരു രോഗിയെ സംബന്ധിച്ചും അല്പം ടെൻഷൻ ഉണ്ടാക്കുന്ന കാര്യമാണ്. ഡോക്ടറും രോഗിയും തമ്മിലുള്ള ശരിയായ രീതിയിലുള്ള സംവേദനം നടക്കുന്നതിലൂടെ അവർ തമ്മിലുള്ള അടുപ്പം വർധിക്കുകയും, തന്റെ അവസ്ഥയെ കുറിച്ച് ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിലൂടെ രോഗിയുടെ മാനസിക സമ്മർദ്ദം ഒരളവ് വരെ കുറയുകയും ചെയ്യും. ഡോക്ടർ രോഗീ ബന്ധം പലപ്പോളും അവതാളമാകുന്ന ഈ കാലഘട്ടത്തിൽ ശരിയായ രീതിയിലുള്ള ആശയവിനിമയം ഇരുകൂട്ടരും തമ്മിൽ നടക്കേണ്ടതുണ്ട്. അത് വഴി പരസ്പരം മനസ്സിലാക്കി സഹകരിച്ച് മുന്നോട്ട് പോയാൽ തെറ്റിധാരണ മൂലമുള്ള വിള്ളലുകൾ നമുക്ക് ഒഴിവാക്കാൻ സാധിക്കും.

ലേഖകർ
Mohamed Abdullatheef T K. Did MBBS from govt medical college, Thrissur, MS general surgery from Calicut medical college and DNB surgical gastroenterology from Amrita Institute of medical Sciences. Also holds MRCS from Royal College of surgeons of England. Have worked in Govt TD medical college, alleppey, Calicut medical college, MES medical college and KIMS Hospital Trivandrum. Now working as Consultant in surgical gastroenterology at Amala Institute of medical Sciences, Thrissur. Interested in Health awarness and spreading of scientific temper.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ