· 4 മിനിറ്റ് വായന

നോൺ വെജിറ്റേറിയൻ ആകുന്നതും ആരോഗ്യവും

Dieteticsആരോഗ്യ പരിപാലനം

നോൺ വെജിറ്റേറിയൻ ആകുന്നതും ആരോഗ്യവും മറ്റു കുനുഷ്ടുകളും:

ഞാൻ ഒരിക്കൽ സംസ്ഥാനത്തിന് പുറത്തു പഠിക്കുമ്പോൾ ഒരാളുമായി ഒരു തർക്കം നടന്നു – അയാൾ പറഞ്ഞു: “മനുഷ്യൻ ശരിക്കും വെജിറ്റേറിയൻ ആണ്. നമ്മുടെ പണ്ടുണ്ടായിരുന്ന പൂർവിക മനുഷ്യരും വെജിറ്റേറിയൻ തന്നെ. നമ്മൾ ആവണം “

ഉടൻ ഞാൻ ഇടങ്കോലിട്ടു. ഇടണമല്ലോ. നമ്മൾ നോൺ വെജിറ്റേറിയൻ ആണല്ലോ. അപ്പോൾ പിന്നെ ഉടക്കിയല്ലേ പറ്റൂ .

നമ്മുടെ മനസ്സിലെ ന്യായീകരണ ഫാക്ടറി ഇങ്ങനെയാണ് വർക്ക് ചെയ്യുന്നത്. നമ്മൾ എല്ലാവരും ന്യായീകരണ തൊഴിലാളികൾ ആണ്. നമ്മുടെ വിശ്വാസങ്ങൾ വച്ച് ഒരലക്കാണ്. അതിനനുസരിച്ചുള്ള തെളിവുകൾ അവിടന്നും ഇവിടന്നും തപ്പി പിടിക്കും. എന്നാലും ഒരു പരിധി വരെ ഇതിനെ മാറി കടന്നു സത്യത്തെ പുൽകാൻ നമുക്ക് കഴിയും – കഴിയണം.

പത്തുപതിനഞ്ചു ലക്ഷം വർഷങ്ങളായി മനുഷ്യരും മനുഷ്യപൂർവികരും ഇറച്ചി നല്ല ഉഷാറായി കഴിച്ചിരുന്നു എന്നതിന് ആർക്കും തർക്കമില്ല. (ആധുനിക മനുഷ്യൻ ഉണ്ടായിട്ടു രണ്ടു ലക്ഷം വർഷങ്ങൾ എങ്കിലും ആയി. ഹോമോ ഇറക്റ്റസ് എന്ന മനുഷ്യ പൂർവികർ ഉണ്ടായിട്ടു ഇരുപതു ലക്ഷം വർഷങ്ങളും.)

അതെങ്ങനെ മനസ്സിലായി ? നമ്മൾ നോക്കിയത് കൊണ്ട് മനസ്സിലായി . ഫോസിൽ തീട്ടം – അങ്ങനെ ഒരു സാധനമുണ്ട് ! എന്താല്ലേ ? ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ആദിമ മനുഷ്യന്റെ ഫോസിൽ തീട്ടം തപ്പി നോക്കിയാൽ കാണാം – എല്ലുകൾ, മുള്ളുകൾ , ഇറച്ചിയിലെ പ്രോട്ടീന്റെ അംശങ്ങൾ .

പിന്നെ പഴയ മനുഷ്യന്റെ വാസസ്ഥലങ്ങളിൽ നിറച്ചും എല്ലുകളും, മുള്ളുകളും, കക്കയുടെയും മറ്റും തോണ്ടുകളും കുറെ അധികം ഉണ്ട് . പിന്നെ എല്ലുകളിൽ നിന്നും കല്ല് കത്തികൾ ഉപയോഗിച്ചു ഇറച്ചി എടുത്തത്തിന്റെ പാടുകളും .

ഇപ്പോഴും ആദിമ മനുഷ്യ ഗോത്രങ്ങൾ ഉണ്ടല്ലോ. ഒറ്റ എണ്ണം പോലും വെജിറ്റേറിയൻ അല്ല !

നമ്മുടെ ശരീരവും ഇറച്ചി തിന്നാൻ തന്നെ ഉള്ളതാണ്. നമ്മുടെ കുടലിനു അത്ര നീളം ഇല്ല. പൊതുവെ വെജിറ്റേറിയൻ ആയ ഗൊറില്ലയുടെ വീർത്ത കുട വയർ നോക്കൂ. ഇറച്ചി നന്നായി വെട്ടുന്ന ചിമ്പാൻസി ആണ് നമ്മുടെ ഏറ്റവും അടുത്ത ബന്ധു. നമ്മുടെ വയറിന്റെ ഘടന ഏകദേശം അങ്ങനാണ് .

നമ്മുടെ ചോരയിലുള്ള ഓക്സിജന്റെ ഇരുപതു ശതമാനം വിഴുങ്ങുന്ന നമ്മുടെ ഭീകര തലച്ചോറിനെ തീറ്റ കൊടുത്തു നില നിർത്താൻ വെജിറ്റേറിയൻ ഭക്ഷണം കൊണ്ട് മാത്രം പഴയ കാലത്തു സാധിക്കുമായിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെടുന്നു.

ചോരയിലുള്ള ഹേം എന്ന ഇരുമ്പു സത്ത് ദഹിപ്പിക്കാൻ നമുക്ക് വേറൊരു മെക്കാനിസം തന്നെ ഉണ്ട്. പച്ചക്കറിയിലെ ഇരുമ്പ് വലിച്ചെടുക്കുന്നത് അങ്ങനല്ല .

പ്യുവർ വെജിറ്റേറിയൻ ആയാൽ (പാല് പോലും കഴിക്കാത്ത – വേഗൻസ് എന്നാണ് ഇവരെ പറയുക. ഇവർ പാൽ. തൈര്, വെണ്ണ, ചീസ് ഒന്നും കഴിക്കില്ല) മനുഷ്യർക്ക് വിറ്റാമിൻ ബി ട്വൽവ് എന്ന വിറ്റാമിന്റെ കുറവ് മൂലം അസുഖങ്ങൾ വരും . അതിന്റെ ഗുളിക കഴിച്ചാലേ പ്യുവർ വെജിറ്റേറിയൻ ആയി ജീവിക്കാൻ പറ്റൂ. ഇത് വൈദ്യ ശാസ്ത്രത്തിന് അറിയാവുന്ന ഒരു സത്യമാണ് .

എന്നാൽ ഇതൊന്നും നോൺ വെജിറ്റേറിയൻ ആകുന്നതിനുള്ള ന്യായീകരണങ്ങൾ അല്ല. പണ്ട് നമ്മൾ സ്ഥിരം തമ്മിൽ തല്ലി കൊല്ലും കൊലയും ആയിരുന്നു. എന്ന് വച്ച ഇന്നും അങ്ങനെ ചെയ്യണോ ?

ഇന്ന് നമുക്ക് കാലങ്ങളായി വീർപ്പിച്ചെടുത്ത അരിയും ഗോതമ്പും പയറും ഒക്കെയുണ്ട്. മെച്ചപ്പെട്ട വെജിറ്റേറിയൻ പ്രോടീനുകൾ ഉണ്ട്. പാലും തൈരുമുണ്ട് . അതും കഴിക്കാത്തവർക്ക് വിറ്റാമിൻ ബി 12 ടാബ്ലറ്റുകൾ ഉണ്ട്. ഇന്ന് വെജിറ്റേറിയൻ ആകാൻ ഒരു പാടുമില്ല. അതാണോ നമ്മുടെ ആരോഗ്യത്തിനു നല്ലത് ?

അങ്ങനെ പറയാൻ പറ്റില്ല എന്ന് തന്നെ പറയാം. ചൈനക്കാരും ജപ്പാൻ കാരും ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ ലോകത്തിൽ തന്നെ മുന്നിൽ നിൽക്കുന്നവരാണ്. അവർ എല്ലാവരും തന്നെ മാംസവും മീനും ഇഷ്ടം പോലെ കഴിക്കുന്നവരും ആണ് .

ഇപ്പോഴുള്ള ആദിമ ഗോത്ര സമൂഹങ്ങൾ എല്ലാം തന്നെ ഇറച്ചി തീനികൾ ആണ്. ചിലർ കൂടുതലും വെജിറ്റേറിയൻ ആണ് കഴിക്കുന്നത്. ചിലർ ഇറച്ചി മാത്രം കഴിക്കുന്നവർ ആണ്. എന്നാൽ പ്രമേഹം, പ്രഷർ തുടങ്ങിയ അസുഖങ്ങൾ ഇല്ലായ്മ ഇവയൊക്കെ എല്ലാ ആദിമ മനുഷ്യ ഗോത്രങ്ങളുടെയും പ്രത്യേകതകളാണ് (അവർക്ക് ആരോഗ്യം കൂടുതൽ ആണെന്നോ ആയുസ്സു കൂടുതൽ ആണെന്നോ പറയാൻ പറ്റില്ല. അവർക്ക് വേറെ പ്രശ്നങ്ങൾ ഉണ്ട്). ഇതിൽ വെജിറ്റേറിയൻ – നോൺ വെജിറ്റേറിയൻ വ്യത്യാസങ്ങൾ ഇല്ല എന്ന് സാരം.

ഇന്ത്യയിൽ പ്രത്യേകിച്ച് ഹൃദയാഘാതം, സ്ട്രോക്ക്, പ്രഷർ, പ്രമേഹം ഇവയൊക്കെ നോൺ വെജിറ്റേറിയൻ ആളുകളിലും വെജിറ്റേറിയൻ ആളുകളിലും ഒരേ പോലെ തന്നെ കാണുന്നു.

എന്നാൽ ചില പാശ്ചാത്യ പഠനങ്ങളിൽ വെജിറ്റേറിയൻ ആളുകൾ ലേശം കൂടുതൽ ആരോഗ്യവാൻമാരും ഒക്കെ ആണെന്ന് കാണുന്നു. പക്ഷെ പാശ്ചാത്യ ലോകത്ത് പൊതുവെ വെജിറ്റേറിയൻസ് മറ്റുള്ളവരെക്കാൾ മെലിഞ്ഞവരും വ്യായാമം ചെയ്യുന്നവരും ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ ഉള്ളവരും ആണെന്നാണ് കാണുന്നത്. അത് കൊണ്ട് താരതമ്യം ബുദ്ധിമുട്ടാണ്.

റെഡ് മീറ്റ് എന്ന് പറയുന്ന, ആട്, മാട് \, പോർക്ക് എന്നിവയുടെ ഉപയോഗം കൊളസ്റ്ററോൾ കൂട്ടുന്നതായും കൊളോൺ ക്യാൻസറിന്റെ സാധ്യത നേരിയ തോതിൽ വർദ്ധിപ്പിക്കുന്നതും ആയി കാണുന്നു. എന്നാൽ കോഴിക്ക് ഈ കുഴപ്പം ഇല്ല. മൽസ്യം വളരെ നല്ലതാണ് എന്നാണു കാണുന്നത് !

ഇപ്പോൾ വളരെ ആരോഗ്യകരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ‘മെഡിറ്ററേനിയൻ ഭക്ഷണ ക്രമം ‘ ഒരു പക്കാ നോൺ വെജിറ്റേറിയൻ ക്രമം ആണ്.

പൊതുവെ പറഞ്ഞാൽ ഭക്ഷണത്തിന്റെ അളവാണ് ഏറ്റവും പ്രധാനം എന്ന് കാണാം. അളവ് കുറച്ചു, വ്യായാമം കൂട്ടി പൊണ്ണത്തടി ഒഴിവാക്കുന്നതാണ് ആരോഗ്യ ഭക്ഷണ ക്രമത്തിന്റെ കാതൽ. അല്ലാതെ വെജിറ്റേറിയനോ നോണോ എന്നുള്ളതല്ല. റെഡ് മീറ്റ് ‘ആഴ്ചയിൽ ഒരിക്കൽ കുറച്ച്’ എന്ന് വേണമെങ്കിൽ പറയാം. അത്ര മാത്രം.

എന്നാൽ രണ്ടു കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതായി ഉണ്ട് :

ക്രൂരത

കാർബൺ

മൃഗങ്ങളെ കൊല്ലുന്നത് ക്രൂരത ആണെന്ന് പൊതുവെ പറയാം . നമുക്ക് വേണ്ടി നൂറ്റാണ്ടുകളായി ബ്രീഡിങ് വഴി ഉണ്ടാക്കി നമ്മുടെ അടിമകളാക്കി പാല് പിഴിഞ്ഞെടുത്തു ഉപയോഗിക്കുന്നതും ഒക്കെ ചെറു ക്രൂരതകൾ തന്നെ.

പിന്നെ കാർബൺ. ആട് മാട് എന്നിവയെ ഉണ്ടാക്കാൻ ചിലവുണ്ട്. ഒഴിവാക്കിയാൽ മനുഷ്യന്മാർക്ക് ചെലവ് കുറയും. ആഗോള താപനം കുറക്കാം. അതായത് കാർബൺ ഫുട് പ്രിന്റ് കുറയ്ക്കാം എന്ന് സാരം. പക്ഷെ കാറ്, ബസ് ഇതൊക്കെ ഒഴിവാക്കി നടന്നോ സൈക്കിളിലോ പോകുന്നത് വഴി ഇതേ എഫക്ട് വരുത്താം .

അങ്ങനെ മനുഷ്യ രാശിക്ക് വേണ്ടി, മൃഗ സ്നേഹം കാരണം ഒക്കെ വെജിറ്റേറിയൻ ആവുന്നത് നല്ലതാണ്. പക്ഷെ നോൺ വെജിറ്റേറിയൻസ് പാപികൾ ആണെന്ന് ചിന്തിക്കേണ്ട കാര്യം ഇപ്പോഴുണ്ടോ (ഞാൻ പാപിയാണ് – ഇക്കാര്യത്തിൽ. അതിനാൽ ഉത്തരം പറയാൻ പറ്റില്ല)

പക്ഷെ ആരോഗ്യ കാര്യത്തിൽ വെജിറ്റേറിയൻ ആകുന്നത് കൊണ്ട് മാത്രം കാര്യമില്ല. മാത്രമല്ല സ്വല്പം മൽസ്യ, മുട്ട, മാംസാദികൾ കഴിക്കുന്നവർക്ക് ഭക്ഷണ അളവ് കുറക്കാൻ കുറച്ചു കൂടി എളുപ്പം ആണെന്ന് ചില പഠനങ്ങൾ കാണിക്കുന്നു.

പിന്നെ പ്രാണികളെ തിന്നാം. പാറ്റ, വിട്ടിൽ, പുഴുക്കൾ അങ്ങനെ. ക്രൂരത കുറവാണ്.

ടിഷ്യു എഞ്ചിനീയേർഡ് ഇറച്ചി ഫാക്ടറികളിൽ ധാരാളമായി ഉണ്ടാക്കുന്ന ഒരു കിനാശ്ശേരി അധികം താമസിയാതെ വരും. പിന്നെ പ്രശ്നമില്ലല്ലോ. ഇതും പറഞ്ഞു തമ്മിൽ തല്ലി ചാകുകയും വേണ്ട.

ലേഖകർ
Jimmy Mathew, MBBS, MS, MCh, completed his studies in Medical college, Thrissur, JIPMER and Medical college, Kozhikode respectively. He has worked in Sree Chithra Institute, Baby Memorial hospital, St. John's Institute of medical sciences, Bangalore, and Amrita Institute at Kochi. He is a Reconstructive Microsurgeon and Clinical Professor. He has over 25 academic publications. He has published four books in the popular press. Loves to write.He blogs at Healthylifehappylife. in.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ