· 8 മിനിറ്റ് വായന

പക്ഷി കൊക്കുള്ള മാസ്കുകൾ

Current AffairsInfectious Diseasesകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
പതിനേഴാം നൂറ്റാണ്ടിലെ പ്ലേഗ് പകർച്ചക്കാലത്ത് ഫ്രാൻസിലെയും റോമിലെയും ഡോക്ടർമാരുടെ വേഷവിധാനം വളരെ വിചിത്രമായിരുന്നു. തല മുതൽ പാദം വരെ നീണ്ട തുകൽ ഓവർകോട്ട്, തുകൽ ഗ്ലൗസുകൾ, കട്ടിക്കണ്ണട, ബൂട്ട്, വിശാലമായ ഒരു തൊപ്പി എന്നിവയുമായി യുദ്ധത്തിലേർപ്പെട്ട സൈനികരെ പോലെ കവചിത വേഷത്തിൽ അവർ നടന്നു. പക്ഷികളുടേതുപോലെ നീണ്ട കൊക്കുള്ള മുഖംമൂടിയായിരുന്നു ഈ വേഷം കെട്ടലിൽ ഏറ്റവും ശ്രദ്ധേയം. കൊക്കിൽ രണ്ട് ചെറിയ ദ്വാരങ്ങളും ഉണ്ടായിരുന്നു. കൊക്കിനുള്ളിൽ വൈക്കോലും, സുഗന്ധച്ചെടികളും, മിന്റ്, റോസ് ഇതളുകൾ, ഗ്രാമ്പൂ, കർപ്പൂരം എന്നിവയെല്ലാം ചേർത്തിരുന്നു.
പ്ലേഗ് കൊടുങ്കാറ്റ് പോലെയാണ് പടർന്നിരുന്നത്. യുദ്ധങ്ങൾ കൊന്നൊടുക്കിയതിൻ്റെ പതിന്മടങ്ങാണ് മഹാമാരിയിൽ പൊലിഞ്ഞത്… കെട്ട ഗന്ധങ്ങളുടെ ചിറകിലാണ് രോഗങ്ങൾ പറന്ന് പരക്കുന്നത് എന്നതായിരുന്നു അന്ന് പ്രബലമായ വിശ്വാസം. ദുഷിച്ചതും മുഷിഞ്ഞതും ചീഞ്ഞതുമായ പല ഗന്ധങ്ങൾ. രോഗകാരിയായ ഇത്തരം മിയാസ്മകളെ ( Miasma = ദുർഗ്ഗന്ധവാതകം / രോഗം ഉണ്ടാക്കുന്ന വിഷവായു ) നിർവ്വീര്യമാക്കുന്ന സുഗന്ധദ്രവ്യങ്ങളായിരുന്നു കൊക്കുകളിൽ നിറച്ചിരുന്നത്.
ആധുനിക യൂറോപ്പിലെ പകർച്ചവ്യാധികൾക്കെതിരായ പരമ്പരാഗത സാനിറ്ററി സമ്പ്രദായങ്ങളുടെ ഭാഗമായിരുന്നു മൂക്കും വായയും മൂടുന്നത്. മിയാസ്മയെ വായുവിൽ നിർവീര്യമാക്കുന്നതിനായിരുന്നു ഇത്. പതിനെട്ടാം നൂറ്റാണ്ടോടെ അത്തരം സമ്പ്രദായങ്ങൾ ഏതാണ്ട് ഇല്ലാതായി.
ഫെയ്സ് മാസ്കുകൾ ഇന്നത്തെ ഉദ്ദേശ്യത്തോടെ ആരോഗ്യ പരിപാലനത്തിനായി ഉപയോഗിക്കുന്നത് രോഗാണു സിദ്ധാന്തത്തിൻ്റെ ആവിർഭാവത്തോടെയാണ്. മൈക്രോബയോളജിയുടെ ആധുനിക മേഖലകൾ ഉയർന്നുവന്നപ്പോൾ മിയാസ്മ സിദ്ധാന്തങ്ങൾ രസകരമായ പഴങ്കഥയായി. പക്ഷേ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് രോഗാണുക്കൾക്കെതിരെ ഉപയോഗിച്ച മിക്ക സാങ്കേതികവിദ്യകളും മിയാസ്മയെ ആശ്രയിച്ചുള്ളവയായിരുന്നു. അവയിൽ പലതും പ്രയോജനപ്രദമായിരുന്നു എന്നതാണ് സത്യം. മാസ്കുകളിലെ പക്ഷികളുടെ കൊക്കുകൾ പിന്നീട് ഉപേക്ഷിക്കപ്പെട്ടെങ്കിലും ഒരു മുന്നേറ്റമായിരുന്നു അവ എന്നത് തീർച്ച.
1867-ൽ ബ്രിട്ടീഷ് സർജൻ ജോസഫ് ലിസ്റ്റർ, ലൂയി പാസ്ചർ അടുത്തിടെ വിവരിച്ച സൂക്ഷ്മതലത്തിലുള്ള , ജീവനുള്ള രോഗാണുക്കളാണ് മുറിവ് പഴുക്കുവാനും രോഗാതുരമാവാനും കാരണമാവുന്നതെന്ന് അഭിപ്രായപ്പെട്ടു. ആന്റിസെപ്റ്റിക് വസ്തുക്കളുടെ ഉപയോഗത്തിലൂടെ അണുക്കളെ ഇല്ലാതാക്കാൻ ലിസ്റ്റർ നിർദ്ദേശിച്ചു. എന്നാൽ വർഷങ്ങൾക്കുള്ളിൽ ഒരു പടി കൂടി കടന്ന് രോഗാണുക്കൾ മുറിവുകളിൽ പ്രവേശിക്കുന്നത് തന്നെ തടയാൻ ലക്ഷ്യമിടുന്ന രീതികൾക്ക് പ്രാമുഖ്യം വന്നു. സർജൻ്റെ കൈകൾ, ഉപകരണങ്ങൾ, ഓപ്പറേറ്റ് ചെയ്യുന്നവരുടെ ശ്വാസം എല്ലാം രോഗാണുകാരികളെന്ന് സംശയിക്കപ്പെട്ടു തുടങ്ങി. ശ്വസന കണികകൾ ബാക്ടീരിയകളെ വഹിക്കുന്നുവെന്ന് പരീക്ഷണാത്മകമായി തെളിയിച്ചു. പലരും തുടക്കത്തിൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തെങ്കിലും ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തോടെ ഭൂരിഭാഗം ശസ്ത്രക്രിയാ വിദഗ്ധരും മാസ്ക് ഉപയോഗിച്ചു തുടങ്ങി.
?മഞ്ചൂരിയൻ പ്ലേഗ് ?
1910–11 ലെ മഞ്ചൂരിയൻ പ്ലേഗിലും പിന്നീട് 1918–19 ലെ ഇൻഫ്ലുവൻസ മഹാമാരിയിലും വായയും മൂക്കും താടിയും മറയ്ക്കാൻ മാസ്ക് ഉപയോഗിച്ചതോടെയാണ് ഓപ്പറേഷൻ മുറിക്ക് പുറത്ത് മാസ്ക് ആരോഗ്യ പ്രവർത്തകരേയും രോഗികളേയും സാമാന്യ ജനങ്ങളെയും പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള മാർഗമായി സ്വീകരിക്കപ്പെട്ടു തുടങ്ങിയത്. 1910 അവസാനത്തോടെ, മഞ്ചൂറിയയിൽ ( വടക്കൻ ചൈന ) ഉടനീളം പ്ലേഗ് പടർന്നു. ഏതാണ്ട് 100% രോഗബാധിതരെയും രണ്ട് ദിവസം കൊണ്ട് കൊന്നൊടുക്കി അത് പടർന്നു. അറുപതിനായിരം പേർ ചുരുങ്ങിയ സമയത്തിനുള്ളിൽ മരിച്ചൊടുങ്ങി.
ചൈനീസ് ഇംപീരിയൽ കോടതി അതിനെ നേരിടാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ ‘ലിയാൻ-തെ വു’ എന്ന ഡോക്ടറെ കൊണ്ടുവന്നു. മലയായിലെ പെനാങിൽ ജനിച്ച് കേംബ്രിഡ്ജിൽ വൈദ്യം പഠിച്ച അദ്ദേഹം ഇരകളിലൊരാൾക്ക് പോസ്റ്റ്‌മോർട്ടം പഠനം നടത്തി. (പോസ്റ്റ്മോർട്ടം പരിശോധനകൾ ചൈനയിൽ അക്കാലത്ത് ഏറെകുറെ വിലക്കപ്പെട്ടിരുന്നു.) പ്ലേഗ് പടർന്നുപിടിച്ചത് പലരും സംശയിക്കുന്നതുപോലെ ഈച്ചകളിലൂടെ അല്ല മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വായുവിലൂടെയാണെന്ന് വു അതിലൂടെ നിർണ്ണയിച്ചു. പടിഞ്ഞാറൻ രാജ്യങ്ങളിൽ താൻ കണ്ട ശസ്ത്രക്രിയാ മാസ്കുകൾ വികസിപ്പിച്ചുകൊണ്ട്, നെയ്തെടുത്ത പരുത്തിയിൽ നിന്ന് നിരവധി പാളികളുള്ള മാസ്ക് വികസിപ്പിച്ചു.
പരക്കെ പ്രശസ്തി നേടിയ ഈ മാസ്കുകൾ വ്യാപകമായി നിർമ്മിക്കപ്പെട്ട് തുടങ്ങിയെങ്കിലും ( വംശീയമായതടക്കമുള്ള ) വിമർശനങ്ങളുമുണ്ടായി. ആ കാലത്ത് തദ്ദേശവാസികൾക്കിടയിൽ പ്രശസ്തനായിരുന്ന ‘മെസ്‌നി’ എന്ന ഫ്രഞ്ച് ഡോക്ടർ ന്യൂമോണിക് പ്ലേഗ് വായുവിലൂടെ പരക്കുമെന്നുള്ള സിദ്ധാന്തത്തെ ‘ഒരു ചൈനക്കാരനിൽ നിന്ന് എന്ത് പ്രതീക്ഷിക്കാനാണ് ‘ എന്ന് പരിഹസിച്ചു. അത് തെറ്റെന്ന് തെളിയിക്കാൻ, വൂവിന്റെ മുഖംമൂടി ധരിക്കാതെ പ്ലേഗ് രോഗികളെ ആശുപത്രിയിൽ സമയം ചിലവഴിച്ചു. പക്ഷേ, രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹം പ്ലേഗ് ബാധിച്ച് മരിച്ചു.
1918–19 ഇൻഫ്ലുവൻസ മഹാമാരി സമയത്ത്, മാസ്ക് ധരിക്കുന്നത് പോലീസ് സേനയ്ക്കും മെഡിക്കൽ ജോലിക്കാർക്കും ചില യു.എസ്. നഗരങ്ങളിലെ താമസക്കാർക്കും നിർബന്ധമാക്കിയിരുന്നു. ഇതിന്റെ ഉപയോഗം പലപ്പോഴും വിവാദമായിരുന്നു. സാൻ ഫ്രാൻസിസ്കോ പോലുള്ള നഗരങ്ങളിൽ ഇൻഫ്ലുവൻസ മൂലമുള്ള മരണങ്ങൾ കുറയാൻ മാസ്ക് ധരിക്കുന്ന നിർബന്ധിത നയങ്ങൾ സഹായിച്ചു എന്നത് അംഗീകരിക്കപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഏറ്റവും കാര്യക്ഷമമായ തരം മാസ്കുകൾ നിർമ്മിക്കുവാൻ ശ്രമം മുറുകി. വിവിധ ഡിസൈനുകൾക്ക് പേറ്റന്റുകൾ കരസ്ഥമാക്കാൻ മൽസരമുണ്ടായി. സാധാരണയായി കോട്ടൺ നെയ്തെടുത്ത പല പാളികളാലാണ് മാസ്കുകൾ നിർമ്മിച്ചിരുന്നത്. ചിലപ്പോൾ ഒരു കനമേറിയ ഒരു വസ്തു കൊണ്ട് അധിക പാളി ഉപയോഗിച്ച് ലോഹ ഫ്രെയിം കൊണ്ട് ഉറപ്പിക്കുന്ന രീതിയും ഉണ്ടായിരുന്നു. മിക്ക മാസ്കുകളും കഴുകാവുന്നവയായിരുന്നു, ലോഹ ഭാഗങ്ങൾ അണുവിമുക്തമാക്കാൻ കഴിയുന്നവയും. അങ്ങനെ മിക്കപ്പോഴും മാസ്ക് വളരെക്കാലം ഉപയോഗിക്കാൻ കഴിയുന്നവയായിരുന്നു. .
ഇത്തരം മെഡിക്കൽ മാസ്കുകൾ 1930കളിൽ ഡിസ്പോസിബിൾ പേപ്പർ മാസ്കുകൾക്ക് വഴി മാറുവാൻ തുടങ്ങി. അറുപതുകളിൽ ഒറ്റത്തവണ ഉപയോഗത്തിനായി സിന്തറ്റിക് വസ്തുക്കളാൽ മാസ്കുകൾ നിർമ്മിക്കപ്പെട്ടു. 1960 കളുടെ തുടക്കത്തിൽ സർജറി ജേർണലുകളിൽ നെയ്തെടുത്തതല്ലാത്ത, സിന്തറ്റിക് നാരുകൾ ഉപയോഗിച്ച് നിർമ്മിച്ച പുതിയ തരം ഫിൽട്ടറിംഗ് മാസ്കുകളുടെ പരസ്യങ്ങൾ പ്രത്യക്ഷ്യപ്പെട്ടു. മിക്ക പരമ്പരാഗത മെഡിക്കൽ മാസ്കുകളിൽ നിന്നും വ്യത്യസ്തമായി, കപ്പ് ആകൃതിയിലുള്ള റെസ്പിറേറ്റർ മാസ്കുകൾ മുഖത്ത് നന്നായി ഘടിപ്പിച്ചത് പോലെ ഉറച്ചിരിക്കുമായിരുന്നു.മാത്രമല്ല പരമ്പരാഗതമാസ്കുകളിൽ നിന്ന് വിഭിന്നമായി അകത്തേക്ക് ശ്വസിക്കുന്ന വായുവിനെ ഫിൽറ്റർ ചെയ്യുവാനും പാകത്തിനാണ് ഇവ രൂപകൽപ്പന ചെയ്തിരുന്നത്.
ഒന്നാം ലോകമഹായുദ്ധത്തിനിടയിലും രണ്ടാം ലോകമഹായുദ്ധത്തിനിടയിലും ശാസ്ത്രജ്ഞർ ‘എയർ ഫിൽട്ടറിംഗ് ഗ്യാസ് മാസ്കുകൾ ‘ വികസിപ്പിച്ചു. തല പൂർണ്ണമായും മൂടുന്ന ഭീമൻ മാസ്കുകളായിരുന്നു അവ. 1950 കളോടെ ശാസ്ത്രജ്ഞർ ആസ്ബറ്റോസ് ശ്വസിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ തുടങ്ങി. ഫൈബർഗ്ലാസ് ഫിൽട്ടറുകൾ നിറച്ച ഇത്തരം മാസ്കുകൾ ഖനന വ്യവസായത്തിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ശ്വാസകോശത്തെ സംരക്ഷിക്കുവാൻ ഉപയോഗിച്ചു തുടങ്ങി. സ്വതേ ഉയർന്ന ചൂടിൽ ജോലിയെടുത്തിരുന്നവർക്ക് ഇതിലൂടെ ശ്വസിക്കാൻ വളരെയധികം പരിശ്രമം ആവശ്യമായതിനാലും, തല മുഴുവൻ മൂടുന്ന മാസ്ക് ധരിക്കുന്നതിലെ അസ്വസ്ഥയുണ്ടാക്കുന്നതും ആളുകളെ അതുപയോഗിക്കുന്നതിൽ വിമുഖരാക്കി..
?ബ്രേസിയർ കപ്പും ഗിഫ്റ്റ് റാപ്പും?
‘ഹൗസ് ബ്യൂട്ടിഫുൾ ‘എന്ന വീട് അലങ്കരിക്കുന്നതിനെ കുറിച്ചുള്ള മാസികയുടെ എഡിറ്ററുമായിരുന്ന സാറാ ലിറ്റിൽ ടേൺബുൾ 3M കമ്പനിയുമായി സഹകരിക്കുവാൻ ആരംഭിച്ചത് മാസ്ക് ചരിത്രത്തിലെ വഴിത്തിരിവാണ് . ‘ഗിഫ്റ്റ് റാപ്പ് ‘ ഡിവിഷനായിരുന്നു അവരുടെ പ്രവർത്തനമേഖല. സമ്മാനങ്ങൾ പൊതിയാനുള്ള കടുപ്പമുള്ള റിബണുകൾ നിർമ്മിക്കുന്നതിന്, ഉരുകിയ പോളിമർ സംസ്കരിച്ച് ചെറിയ നാരുകളുടങ്ങിയ സിന്തറ്റിക് തുണിത്തരമാക്കി എടുക്കുന്നതിനുള്ള ഒരു സാങ്കേതികവിദ്യ കമ്പനി വികസിപ്പിച്ചെടുത്തിരിന്നു. ടേൺബുൾ ഈ പ്രക്രിയയ്ക്ക് കൂടുതൽ സാധ്യതകൾ ഉണ്ട് എന്ന് തിരച്ചറിഞ്ഞു. ഇത്തരം ഉൽപ്പന്നങ്ങളുടെ ബിസിനസ്സിലേക്ക് വലിയ രീതിയിൽ പോകേണ്ടതുണ്ടെന്ന് സാറ കമ്പനി മേധാവികളെ ബോധ്യപ്പെടുത്തി.
ആശയങ്ങളെയും ഡിസൈനുകളെയും മനുഷ്യന് ഉപയോഗപ്രദമാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതിൽ ഒരിക്കലും വിശ്രമിക്കാതിരുന്ന സാറയുടെ ആശയങ്ങൾ ഗ്ലാസ് കുക്ക് ടോപ്പ്, നനക്കാവുന്ന ബുക്ക് കവറുകൾ, കെയ്ക്ക് ഉണ്ടാക്കുന്ന മിക്സ് മുതൽ സ്പെയ്സ് സ്യൂട്ട് ഡിസൈൻ വരെയുള്ള സമസ്ത മേഖലകളിലും എത്തി. ‘താൻ ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്നും , എല്ലാത്തിനും പുതിയ ഉപയോഗങ്ങൾ തിരിച്ചറിയുക മാത്രം ചെയ്യുകയാണുണ്ടായതെന്നും ‘ ഒരിക്കൽ പറഞ്ഞ അവർ കോർപ്പറേറ്റ് അമേരിക്കയുടെ രഹസ്യ ആയുധം എന്ന് അക്കാലത്ത് വാഴ്ത്തപ്പെട്ടിരുന്നു.
രോഗബാധിതരായ കുടുംബാംഗങ്ങളെ ആശുപത്രികളിൽ സന്ദർശിക്കാൻ ധാരാളം സമയം ചെലവഴിച്ച ടേൺബുള്ളിന് ആ കാലഘട്ടം കഠിനമായിരുന്നു.
തുടർച്ചയായി മൂന്ന് പ്രിയപ്പെട്ടവരെ അവർക്കു നഷ്ടപ്പെട്ടിരുന്നു. ആ വിഷമത്തിൽ നിന്ന് അവർ രൂപപ്പെടുത്തിയതാണ് 1961 ൽ ​​’3 എം’ പുറത്തിറക്കിയ “ബബിൾ” സർജിക്കൽ മാസ്ക്. ബ്രേസിയർ കപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരുന്നു അതിൻ്റെ രൂപഘടന. എന്നാൽ രോഗകാരികളെ തടയാൻ കഴിയില്ലെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞപ്പോൾ 3 എം മാസ്‌ക് ഒരു “പൊടി” മാസ്‌കായി വീണ്ടും ബ്രാൻഡു ചെയ്‌തിറക്കി. എന്നാൽ കമ്പനി പിൻമാറിയില്ല.
വാസ്തവത്തിൽ അത്തരം ഒരുൽപ്പന്നത്തിന് നിഷ്കർഷിക്കേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ രൂപപ്പെടുത്തുവാൻ തന്നെ അക്കാലത്ത് പ്രയാസമായിരുന്നു. 1970 കളോടെ, ബ്യൂറോ ഓഫ് മൈൻസും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒക്കുപ്പേഷണൽ സേഫ്റ്റി ആന്റ് ഹെൽത്തും ചേർന്ന് “സിംഗിൾ യൂസ് റെസ്പിറേറ്ററുകൾ” എന്ന് വിളിക്കാവുന്ന ഉൽപ്പന്നങ്ങളുടെ നിലവാര മാനദണ്ഡം രൂപപ്പെടുത്തി. നമുക്കറിയാവുന്ന ആദ്യത്തെ ഒറ്റത്തവണ-ഉപയോഗ N95 റെസ്പിറേറ്റർ 3 എം വികസിപ്പിച്ചെടുത്തതും 1972 ലാണ്. (ഇത്തരത്തിലുള്ള റെസ്പിറേറ്ററുകൾ വായുവിലൂടെ സഞ്ചരിക്കുന്ന 95% കണങ്ങളെ ഫിൽട്ടർ ചെയ്യുന്നു. 1 µm നേക്കാൾ ചെറുത് മുതൽ 100 നാനോമീറ്റർ വലുത് വരെയുള്ള സൂക്ഷ്മവസ്തുക്കൾ ഇവയിൽ പെടുന്നു.)
ഫൈബർഗ്ലാസിനുപകരം, കട്ടിയേറിയ ഗിഫ്റ്റ് റിബണുകൾ ഫിൽട്ടറാക്കി മാറ്റുന്നതിനായി കമ്പനി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിൽ മാസ്കുകൾ പുനർനിർമ്മിച്ചു. ഒരു മൈക്രോസ്‌കോപ്പിന് കീഴിൽ, “ആരോ ഒരു കൂട്ടം വിറകു കഷ്ണങ്ങൾ ഇടയിൽ ധാരാളം ഇടം അവശേഷിക്കുന്ന രീതിയിൽ ഉപേക്ഷിച്ചെറിഞ്ഞ ‘ പോലത്തെ ഘടനയായിരുന്നു അവയ്ക്ക്. ഖനന വ്യവസായത്തിലെ സിലിക്കയായാലും രോഗാണുക്കൾ പോലുള്ള സൂക്ഷ്മവസ്തുതകളായാലും ഈ വിറകിൻ കൂട്ടത്തിൻ്റെ നൂലാമാലയിലേക്കു കടക്കുമ്പോൾ അതിൻ്റെ ചുറ്റുകളിൽ കുടുങ്ങുന്നു. 3M അതിനോടോപ്പം ഈ നാരുകൾക്കിടയിലേക്ക് ഒരു ഇലക്ട്രോസ്റ്റാറ്റിക് ചാർജും ചേർത്തു. അത് ചെറിയ കണികകൾ പോലും നാരുകളിലേക്ക് വലിച്ചെടുക്കുവാൻ സഹായിച്ചു.
അതേസമയം, വളരെയധികം വലിയ ദ്വാരങ്ങളുള്ളതിനാൽ അതിലൂടെ ശ്വസനം എളുപ്പമാണ് താനും. നാരുകൾക്കിടയിലുള്ള ദ്വാരങ്ങൾ കണികകളാൽ അടഞ്ഞുപോകുമ്പോൾ കാലക്രമേണ മാത്രം ശ്വസനം കൂടുതൽ ബുദ്ധിമുട്ടായിത്തീരുന്നു, അതിനാലാണ് വളരെ പൊടി നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു N95 റെസ്പിറേറ്റർ ഒരു സമയം ഏകദേശം എട്ട് മണിക്കൂറിൽ കൂടുതൽ ധരിക്കാൻ കഴിയാത്തത്.
പ്രധാനമായും വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചു പോന്ന N95 മാസ്കുകൾ ആരോഗ്യരംഗത്ത് വീണ്ടും ശ്രദ്ധ നേടുന്നത് 1990 കളിലാണ്. മരുന്നുകളെ പ്രതിരോധിക്കുവാൻ ശേഷിയുള്ള തരം ക്ഷയരോഗത്തിന്റെ വർദ്ധനവാണ് ഇതിന് കാരണമായത്. രോഗപ്രതിരോധശേഷി കുറയുന്ന എച്ച്.ഐ.വി. യുമായി വളരെയധികം ബന്ധമുണ്ടായിരുന്ന ഇത്തരം ക്ഷയരോഗം പല ആരോഗ്യ പ്രവർത്തകരെയും ബാധിച്ചു. വായുവിലൂടെ രോഗം പകരുന്നത് തടയാൻ, ആരോഗ്യസംരക്ഷണ ക്രമീകരണങ്ങൾക്കായി N95 മാനദണ്ഡങ്ങൾ പുനക്രമീകരിച്ചു. ക്ഷയരോഗികളെ ചികിൽസിക്കുമ്പോൾ ഡോക്ടർമാർ അവ ധരിക്കാൻ തുടങ്ങി. ഇപ്പോഴും കോവിഡ് – 19 മഹാമാരി പരക്കുന്നതിന് മുമ്പ് ആശുപത്രികളിൽ റെസ്പിറേറ്ററുകൾ വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ.
കുട്ടികളിൽ ഉപയോഗിക്കുവാനും മുഖരോമങ്ങൾ ധാരാളമുള്ളവർക്ക് ഉപയോഗിക്കുവാനും ഉപകരിക്കുന്ന രീതിയിലല്ല N95 രൂപപ്പെടുത്തിയിരിക്കുന്നത്. പാകം അഥവാ ഫിറ്റ് ആണ് N95 നൽകുന്ന സംരക്ഷണത്തിലെ നിർണ്ണായക ഘടകം.
റെസ്പിറേറ്ററുകളെക്കുറിച്ചുള്ള ഒരു പ്രധാന ആശങ്ക അവയുടെ ഫിറ്റ് ആണ്. ഒരു ഫിൽ‌റ്റർ‌ അല്ലെങ്കിൽ‌ റെസ്പിറേറ്റർ‌ ഫലപ്രദമാകാൻ‌, അത് മുഖത്തിനും മൂക്കിനും ചുറ്റും കൃത്യമായും ശക്തമായും ചേർന്നിരിക്കേണ്ടതുണ്ട്. കണങ്ങളെ കുടുക്കാൻ മാസ്കിലൂടെ വായു വലിച്ചെടുത്തു കൊണ്ടാണ് അവ പ്രവർത്തിക്കുന്നത് . പക്ഷേ മാസ്കിന്റെ അരികുകൾക്ക് ചുറ്റും വിടവുകൾ ഉണ്ടെങ്കിൽ , വായു ഏറ്റവും പ്രതിരോധം കുറഞ്ഞ പാതയിലൂടെ അതായത് വശങ്ങളിലൂടെ പ്രവേശിക്കും.
(ഒരു വ്യക്തിയുടെ ഏറ്റവും കൃത്യമായ ഫിറ്റ് തിരഞ്ഞെടുക്കാൻ ശാസ്ത്രീയമായ ഫിറ്റ് ടെസ്റ്റ് ചില സെറ്റിങ്ങുകളിൽ ചെയ്യാറുണ്ട്. റെസ്പിറേറ്റർ ധരിച്ച ഒരാളുടെ മേൽ ഒരു ഹുഡ് സ്ഥാപിച്ചിരിക്കുക , കയ്പുള്ളതോ മധുരമുള്ളതോ ആയ സുഗന്ധമുള്ള സംയുക്തകങ്ങൾ അടങ്ങിയ എയറോസോൾ കൊണ്ട് നിറയ്ക്കുക പല തരം പ്രക്രിയകളിലൂടെ ഈ സംയുക്തങ്ങളുടെ രുചി ആസ്വദിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.)
വാൽക്കഷ്ണം –
ഈ ചരിത്രമൊന്നുമറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, ‘ചരിത്രമാകാതിരിക്കാൻ’ എല്ലാ മനുഷ്യരും മാസ്ക് യഥാവിധി ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.
താടി രക്ഷിക്കാനല്ല, തടി രക്ഷിക്കാനാണ് മാസ്ക് എന്ന് തിരിച്ചറിയുക. മൂക്കും വായയും താടിയും മൂടുന്ന രീതിയിൽ മാസ്ക്ക് ധരിക്കുക.
??????????????

 

ലേഖകർ
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ