· 4 മിനിറ്റ് വായന
ലഹരിയുടെ പക്ഷികൾ (ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരിലെ ലഹരി ഉപയോഗം)
28 വയസ്സുള്ള ഒരാളെയും കൊണ്ട് അവന്റെ ഉമ്മ ഒ പി യിൽ വന്നിരുന്നു.’തസ്‌ലീം’, ബൗദ്ധികവെല്ലുവിളി നേരിടുന്ന വ്യക്തിയാണ്.
ഉമ്മാക്ക് അവനും അവന് ഉമ്മയും മാത്രമേ ഉള്ളൂ.
അവൻ ഉമ്മയെ സഹായിക്കുന്നുണ്ട്.
നാട്ടുകാരുമായൊക്കെ നല്ല കമ്പനിയാണ്.
ടൗണിൽ ഓടുന്ന ബസുകാർക്കും ഓട്ടോറിക്ഷക്കാർക്കും ഒക്കെ അവനെ അറിയാം.
ബസ് കഴുകാൻ അവനെ വിളിക്കാറുണ്ട്..
ഇടക്ക് ഒരു മിനിബസിൽ കിളിയായും പോയി..
അയൽവക്കത്തേക്ക് സാധനങ്ങൾ മേടിച്ചു കൊടുക്കാറുണ്ട്..
ഇതിനൊക്കെ ‘പൈസേം’ കൊടുക്കാറുണ്ട്..
‘പൈസ ഉമ്മാക്ക് കൊടുക്കാറുണ്ടോ’
‘ഉം’ തസ്‌ലീം തലയാട്ടി..
പൈസ വീട്ടിൽ കൊടുക്കാറുണ്ട്, ഉമ്മ ശരിവെച്ചു.
നല്ല കുട്ടി..
ന്നാലും അവന് ഒരു കൊഴപ്പണ്ട് ഡോക്ടറെ..
‘ന്താണ്’
‘ഹാൻസ് വെക്കും..’
തസ്‌ലീം നിഷ്കളങ്കമായി ചിരിച്ചു..
ഇതാര് കൊടുക്കണതാണ്..
‘രാവിലെ ജോലിക്ക് പോകാൻ സ്റ്റാൻഡിൽ നിൽക്കുന്ന അണ്ണൻമാരിൽ നിന്ന് വാങ്ങിവെക്കും..’
നാട്ടിലെ ഓട്ടോക്കാരും മറ്റു ജനങ്ങളും ഒക്കെ അവനോടും ഉമ്മയോടും സ്നേഹം ഉള്ളവർ ആയത് കൊണ്ട്, ആ വിവരം ഉമ്മാനെ അറിയിക്കും..
ഉമ്മ കുറേ ഉപദേശിച്ചു നോക്കി.. ഏൽക്കുന്നില്ല
അതാണ് വിഷമം..
ബൗദ്ധികവെല്ലുവിളി നേരിടുന്നവരിൽ അഞ്ചു ശതമാനമെങ്കിലും ഇങ്ങനെ വ്യത്യസ്തങ്ങളായ ലഹരി ഉപയോഗത്തിന് അടിമപ്പെടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.പണ്ടുള്ളവരേക്കാൾ ഇത്തരം വിഷമതകൾ അനുഭവിക്കുന്നവർ സമൂഹത്തിൽ ഉൾച്ചേർക്കപ്പെട്ടു എന്ന സന്തോഷത്തിനിടയിലും അവരിൽ ഒരു വിഭാഗം എങ്കിലും ഹാൻസ്, സിഗരറ്റ്, മദ്യം തുടങ്ങിയ ലഹരികൾക്ക് അടിമപ്പെടുന്നു എന്നത് സങ്കടകരമാണ്.
കാര്യമായ മേൽനോട്ടമില്ലാതെ സ്വതന്ത്രമായി സമൂഹത്തിൽ ഇടപെടുന്നത് കൊണ്ടാകണം, നേരിയ തോതിൽ മാത്രം ബൗദ്ധികശേഷീ പ്രയാസം ഉള്ള വ്യക്തികളിലാണ് ലഹരി ഉപയോഗം കൂടുതൽ കാണപ്പെടുന്നത്.
ഇത്തരം ആളുകൾ ലഹരിക്ക് അടിമപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.കുടുംബത്തിൽ ലഹരി ഉപയോഗം ഉണ്ടെങ്കിൽ സാധ്യത ഇനിയും വർധിക്കും.തങ്ങളുടെ ഗതകാല വിഷമതകളുടെ പേരിൽ ലഹരി ഉപയോഗിക്കുന്ന ബൗദ്ധികവെല്ലുവിളി നേരിടുന്ന വ്യക്തികളുമുണ്ട്.
ബൗദ്ധികവെല്ലുവിളികൾ നേരിടുന്ന വ്യക്തികൾ ‘വിധേയപ്പെടാവുന്ന സമൂഹം’ അഥവാ vulnerable population ആണ്.അവരിൽ ലഹരിയുടെ ഉപയോഗവും അടിമത്തവും തിരിച്ചറിയാൻ കഴിയാത്തത് രോഗനിർണയവും ചികിത്സയും വൈകാൻ ഇടയാക്കുന്നു.അതുകൊണ്ടുതന്നെ സാമൂഹിക അവബോധവും നിരന്തര ജാഗ്രതയും ഇക്കാര്യത്തിൽ ആവശ്യമാണ്.
ബൗദ്ധികശേഷീ പ്രയാസം ഉള്ളവരിൽ ലഹരി ഉപയോഗം മൂലം ഉള്ള പ്രധാനപ്രയാസങ്ങൾ താഴെ പറയുന്നവയാണ്.
വർദ്ധിച്ച സാമൂഹിക ഒറ്റപ്പെടൽ
നിയമസംവിധാനങ്ങൾക്ക് മുന്നിൽ, ക്രിമിനൽ വ്യവഹാരങ്ങളിൽ, അകപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടാകുന്നു.
വിവിധ ചൂഷണങ്ങൾക്ക് ഇരയാകുന്നു
ഗ്രാഹ്യസംബന്ധമായ പ്രശ്നങ്ങൾ അധികരിക്കുന്നു.
ഉൾപ്രേരണകളെ (impulse) നിയന്ത്രിക്കാനുള്ള ശേഷി കുറയുന്നു.
ലഹരിയുടെ ആരോഗ്യപ്രശ്നങ്ങൾ, മരണത്തിലേക്ക് പോലും നയിച്ചേക്കാം.
മറ്റുമരുന്നുകളോട് ലഹരിചേരുമ്പോൾ ഉണ്ടാകാവുന്ന മാരകമായ പാർശ്വഫലങ്ങൾ.
മാനസിക ആരോഗ്യപ്രശ്നങ്ങൾ വര്ധിക്കുന്നു.
മനോഭാവമാറ്റങ്ങൾ(mood changes), ആത്മഹത്യാ ചിന്തകൾ തുടങ്ങിയവ വർദ്ധിക്കുന്നു.
ബൗദ്ധികപരിമിതിയുടെ ലക്ഷണങ്ങൾ മൂലം ചിലപ്പോൾ ലഹരി ദുരുപയോഗം തിരിച്ചറിയപ്പെടാതെ പോകാൻ സാധ്യതയുണ്ട്.
ഇടക്കിടെ ലഹരി ഉപയോഗിക്കൽ,
ജോലി ചെയ്യുന്നത് (കൃത്യനിർവഹണം) തടസ്സപ്പെടൽ,
ലഹരി ലഭിക്കാനിടയുള്ള വ്യക്തികളോടോ ഇടങ്ങളോടോ കാണിക്കുന്ന താല്പര്യം,
ബന്ധങ്ങളിൽ വരുന്ന വിഷമതകൾ,
കേസിലോ മറ്റു നിയമപ്രശ്നങ്ങളിലോ പെട്ടുപോകുക
ഇവയൊക്കെ ലഹരി അടിമത്തത്തിന്റെ സൂചനാഫലകങ്ങളാണ്.
(അവലംബം:Elspeth slayter, ന്യൂ സോഷ്യൽ വർക്കർ മാഗസിൻ)
ചികിത്സിക്കുന്ന ഡോക്ടർ, സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ അല്ലെങ്കിൽ റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്, കൗൺസിലർ, സോഷ്യൽ വർക്കർ, കുടുംബം അല്ലെങ്കിൽ നിയമപരമായ രക്ഷിതാവ് എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ബൗദ്ധികവെല്ലുവിളി നേരിടുന്ന വ്യക്തികളെ ലഹരി ദുരുപയോഗത്തിൽ നിന്നും മോചിപ്പിക്കുന്നതിന് സഹായിക്കുന്നത്.ലഹരി ദുരുപയോഗം തിരിച്ചറിയാനുള്ള സ്ക്രീനിങ് പ്രശ്നോത്തരികൾ ഇവർക്ക് വേണ്ടി ലളിതമാക്കേണ്ടതുണ്ട്.
ചികിത്സ ഓരോ വ്യക്തിയുടെയും സവിശേഷത അനുസരിച്ചാണ് നൽകുന്നത്.
ചികിത്സയുടെ ഭാഗമായി സാധാരണ അനുവർത്തിക്കുന്ന കാര്യങ്ങൾ താഴെ കൊടുക്കുന്നു,
ലളിതഭാഷയിൽ ആവശ്യമെങ്കിൽ ആവർത്തിച്ചു തന്നെ ചോദ്യങ്ങൾ ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കുക,
നിരാകരണ നൈപുണ്യം- refusal skills പഠിപ്പിക്കുക,ആവശ്യമെങ്കിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ ലഹരിവാഗ്ദാനം എങ്ങനെ നിരസിക്കാം എന്ന്, role play വഴി,അവരെ ഉൾപ്പെടുത്തി അഭിനയിച്ചു കാണിക്കുക,
നാം നൽകുന്ന നിർദേശങ്ങളും ലഹരി ദുരുപയോഗത്തിലെ ആരോഗ്യപ്രശ്നങ്ങളും മനസ്സിലായോ എന്ന് ഉറപ്പിക്കാൻ അവരെകൊണ്ട് തിരിച്ചു പറയിക്കുക.
ഓരോ വ്യക്തിക്കും ആവശ്യമായ അനുബന്ധ സഹായങ്ങളും സാഹചര്യങ്ങളും നൽകുകയും നവീകരിക്കുകയും ചെയ്യുക.
വ്യക്തികളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും സാമൂഹിക നിപുണത കൂട്ടുകയും ചെയ്യുക.
ആവശ്യമെങ്കിൽ മരുന്നുകൾ നൽകേണ്ടതുണ്ട്.
ചികിത്സാനന്തരം ഉള്ള പരിചരണവും പിന്തുണയും ലഹരി ദുരുപയോഗത്തിന്റെ തിരിച്ചുവരവിനെ തടയാൻ ആവശ്യമാണ്.
തസ്ലീമിന്റെത് താരതമ്യേന ചെറിയ പ്രശ്നമായിരുന്നു.എന്നാൽ, നമ്മുടെ സമൂഹത്തിൽ ഇങ്ങനെയുള്ള ഒരുപാട് വ്യക്തികൾ ലഹരിദുരുപയോഗം മൂലമുള്ള വിഷമതകൾ അനുഭവിക്കുന്നുണ്ട്.അന്താരാഷ്ട്ര ലഹരിവിരുദ്ധദിനമായ ഇന്ന് താരതമ്യേന ശ്രദ്ധിക്കപ്പെടാത്ത ഈ മേഖലയിൽകൂടി നമ്മുടെ ജാഗ്രതയും ക്രിയാത്മകമായ ഇടപെടലുകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.