പൊള്ളിക്കും വണ്ട്
കോരിച്ചൊരിയുന്ന മഴ…മൂടി പുതച്ചുറങ്ങുന്നതിലും വലിയ സന്തോഷം വേറെ ഒന്നുമില്ല തന്നെ …
അലാറം അടിച്ചു കൊണ്ടേയിരിക്കുന്നു…
️വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു കൂടാനാണ് മോഹമെങ്കിലും, മനസ്സില്ലാമനസ്സോടെ എണീറ്റു, ഡ്യൂട്ടി ഉള്ള ദിവസമാണ്…
പെട്ടെന്നാണ് ശ്രദ്ധിച്ചത്, കഴുത്തിന്റെ പിന്നിലൊരു നീറ്റൽ … കണ്ണാടി എടുത്തു തിരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കി, രക്ഷയില്ല…
ഐഡിയ….മൊബൈൽ എടുത്തു ഒരു പടം പിടിച്ചു …മൈ ഗോഡ്… തീക്കൊള്ളി കൊണ്ടു പൊള്ളിയത് പോലെ നീളത്തിൽ ഒരു വര…
യൂ ബ്ലഡി ബ്ലിസ്റ്റർ ബീറ്റിൽ ….
ദേഷ്യം മനസ്സിലൊതുക്കി കിടക്കയും മുറിയും അരിച്ചു പെറുക്കി, പക്ഷെ ആ ദുഷ്ടന്റെ പൊടി പോലും കിട്ടിയില്ല …
കഥയിലെ വില്ലനെ നമുക്കൊന്ന് പരിചയപ്പെടാം…
കാണാമറയാത്തിരിന്നു ആസിഡ് തൂകി രക്ഷപെടുന്ന ഈ ഇത്തിരികുഞ്ഞൻ ബ്ലിസ്റ്റർ ബീറ്റിൽ അത്ര നിസ്സാരക്കാരനല്ല !
വണ്ടുകളുടെ (Coleoptera/Beetles) വർഗ്ഗത്തിൽ പെടുന്ന ഷഡ്പദങ്ങളാണ് ഈ പ്രതിഭാസത്തിനു കാരണം. ഏകദേശം 4 ലക്ഷത്തോളം സ്‌പീഷിസുകൾ ഈ വർഗ്ഗത്തിൽ ഉൾപ്പെടുന്നു.
ഇതിൽ മനുഷ്യശരീരത്തിൽ കുമിളകൾ/പൊള്ളൽ ഉണ്ടാക്കുന്ന പ്രധാന സ്‌പീഷിസുകളെ പരിചയപ്പെടാം:
റോവ് ബീറ്റിൽ (Rove beetles)
ഈ വണ്ടുകളുടെ ശരീരത്തിൽ പെഡ്രിൻ (pederin) എന്ന രാസവസ്തു ഉണ്ട്. ഈ രാസവസ്തു ചർമ്മത്തിൽ പുരണ്ടാൽ ചർമ്മകോശങ്ങളെ നശിപ്പിച്ചു പൊള്ളൽ ഉണ്ടാക്കുന്നു. അതിനാൽ ഈ രോഗം പെട്രസ് ഡെർമറ്റൈറ്റിസ് (Paederus dermatitis) എന്നറിയപ്പെടുന്നു. പെഡ്രിനുമായി സമ്പർക്കത്തിൽ വന്നു 24-72 മണിക്കൂറിനകം നീറ്റലും പൊള്ളലും ഉണ്ടാകുന്നു . ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ ചെറിയ കാലതാമസം ഉണ്ടാകുന്നതിനാലും, പ്രാണി വളരെ ചെറുതായതിനാലും പൊള്ളലിനു കാരണമായി ആരും തന്നെ ഇവയെ ചൂണ്ടി കാണിക്കാറില്ല. ഇത്തരം പ്രാണികൾ കൂടുതലായി കണ്ടു വരുന്ന ചില പ്രദേശങ്ങളിൽ ഈ പ്രശ്നം പൊട്ടിപ്പുറപ്പെട്ട് കാണാറുണ്ട്.
ബ്ലിസ്റ്റർ ബീറ്റിൽ / ഓയിൽ ബീറ്റിൽ (Blister beetle / Oil beetle )
ഈ വിഭാഗത്തിലെ പ്രാണികളിൽ അടങ്ങിയിട്ടുള്ള കാന്തരിഡിൻ (cantharidin) എന്ന രാസവസ്തുവാണ് പൊള്ളലിന് കാരണം. സ്പാനിഷ് ഫ്ലൈ ഒരു ഉദാഹരമാണ്.
കാന്തരിഡിൻ ചർമ്മത്തിൽ പറ്റി 18-24 മണിക്കൂറിനു ശേഷമാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. പൊള്ളലിന്റെ തീവ്രത പെട്രസ് ഡെർമറ്റൈറ്റിസിനെ അപേക്ഷിച്ചു കുറവാണ്. കുറച്ചു കൂടി നേരത്തെ ലക്ഷണങ്ങൾ കാണിക്കുന്നത് കൊണ്ടും പ്രാണി താരതമ്യേന വലുതായതു കൊണ്ടും ഇവയെ കണ്ടെത്താൻ സാധിക്കാറുണ്ട്.
ഈഡിമെരിഡെ (Oedemeridae)
തെങ്ങിനെ ആക്രമിക്കുന്ന ചെല്ലികൾ (Coconut beetle) ഈ വിഭാഗത്തിൽ പെടുന്നു.
ഡാർക്ലിങ് ബീറ്റിൽ (Darkling beetles)
കോട്ടെരുമ, ഓട്ടെരുമ, ഓലച്ചാത്തൻ, ഓലപ്രാണി, കരിഞ്ചെള്ള് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന മുപ്ലി വണ്ട് ഈ കുടുംബത്തിലെ അംഗമാണ്.
ലക്ഷണങ്ങൾ
മഴക്കാലത്താണ് സാധാരണയായി കണ്ടു വരുന്നത്.
പ്രാണിയുമായുള്ള സമ്പർക്കം പലപ്പോഴും രാത്രി ഉറക്കത്തിൽ സംഭവിക്കുന്നത് നമ്മൾ അറിയാറില്ല, രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോഴാണ് നീറ്റലും പുകച്ചിലും, ഒപ്പം തീക്കൊള്ളി കൊണ്ടു വരഞ്ഞത് പോലെയുള്ള പൊള്ളൽ പാടുകളും കാണപ്പെടുന്നു.
നൈജീരിയയിൽ ഇത് ഉറക്കം ഉണർന്നു കാണുന്ന എന്ന് അർഥം വരുന്ന “wake and see” എന്നും തുർക്കിയിൽ “night burn” എന്നും അറിയപ്പെടുന്നു.
പ്രാണിയെ ഉറക്കത്തിൽ നമ്മളറിയാതെ ഞെരിച്ചു കൊല്ലുകയോ, പ്രാണി സ്വയം സ്രവങ്ങൾ പുറപ്പെടുവിക്കുകയോ ചെയ്യുന്നു.
ഇത്തരത്തിൽ പുറത്തു വരുന്ന പ്രാണിയുടെ ശരീരസ്രവങ്ങൾ പറ്റിയ ശരീരഭാഗങ്ങളിൽ അതെ മാതൃകയിൽ വരകളായി പൊള്ളൽ കാണപ്പെടുന്നു.
മുഖം, കഴുത്ത്, കൈകാലുകൾ തുടങ്ങി പുറമെ കാണുന്ന ശരീരഭാഗങ്ങളിലാണ് ഇത്തരം പൊള്ളൽ സാധാരണ കാണാറ്.
ശരീരത്തിന്റെ മടക്കുകളിൽ, എതിരെയുള്ള ചർമത്തിലേക്കും സ്രവം പറ്റുന്നതിനാൽ സമാനമായ പൊള്ളൽ അവിടെയും കണ്ടു വരുന്നു, ഇതിനെ കിസ്സിങ് ലീഷൻ (kissing lesion) എന്ന് വിളിക്കാം.
കൈകളോ, വസ്ത്രങ്ങളോ പുതപ്പോ വഴി സ്രവങ്ങൾ പറ്റിയാൽ മറ്റു ശരീരഭാഗങ്ങളിലും പൊള്ളലുണ്ടാകാം.
ചുരുക്കം ചിലരിൽ പൊള്ളലിനോടൊപ്പം പനി, സന്ധി വേദന, ഛർദി എന്നീ ലക്ഷണങ്ങളും കണ്ടു വരാറുണ്ട്.
ചികിത്സ
മിക്കവാറും രോഗികളിൽ, പൊള്ളൽ കുറച്ചു ദിവസത്തിനകം ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നു, എന്നാൽ കറുത്ത കലകൾ അവശേഷിപ്പിച്ചേക്കാം.
ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ചു, ചൊറിച്ചിലും പുകച്ചിലും അകറ്റാനുള്ള ആന്റിഹിസ്റ്റമിൻ ഗുളികകൾ, ആന്റിബയോടിക്, സ്റ്റിറോയ്ഡ് ലേപനങ്ങൾ/ഗുളികകൾ എന്നിവ ഉപയോഗിക്കേണ്ട സന്ദർഭങ്ങളും ഉണ്ടാകാം.
പ്രതിരോധം
പ്രാണി നിയന്ത്രണം
പ്രാണികളുടെ വാസസ്ഥലമായ ചുറ്റുവട്ടത്തുള്ള കാടും പടലും വെട്ടി വൃത്തിയാക്കണം.
മാലത്തിയോൺ, പൈറിത്രോയിഡ് പോലെയുള്ള കീടനാശിനി സ്പ്രേകൾ ഉപയോഗിക്കാവുന്നതാണ്.
പ്രാണിയും മനുഷ്യരുമായുള്ള സമ്പർക്കം കുറയ്ക്കുക
ഇത്തരം വണ്ടുകൾ വെളിച്ചം ഇഷ്ടപ്പെടുന്നതിനാൽ വീടുകളിൽ സന്ധ്യക്ക് വൈദ്യുതി വിളക്കുകൾ തെളിയിക്കുന്നതിന് മുൻപ് തന്നെ ജനലുകളും വാതിലുകളും അടയ്ക്കുക.
ഏറ്റവും അത്യാവശ്യമുള്ള ഇടങ്ങളിൽ മാത്രം വൈദ്യുതി വിളക്കുകൾ തെളിയിക്കുക.
ജനലുകൾ വാതിലുകൾ വെന്റിലേറ്ററുകൾ എന്നിവയ്ക്കൊക്കെ നെറ്റ് അടിക്കാവുന്നതാണ്.
പശ ഉപയോഗിച്ചുള്ള ഗ്ലു ട്രാപ്പുകളും, അൾട്രാ വയലറ്റ് രശ്മികൾ പുറപ്പെടുവിക്കുന്ന കറണ്ട് കൊണ്ടു പ്രാണികളെ കൊല്ലുന്ന മെഷീനുകളും വിപണിയിൽ ലഭ്യമാണ്.
പ്രാണി ശല്യം കലശലായ സ്ഥലത്തു ജോലി ചെയ്യേണ്ട സാഹചര്യങ്ങളിൽ റിപ്പല്ലന്റ് ക്രീമുകളും, ദേഹം മുഴുവൻ മൂടുന്ന വസ്ത്രങ്ങളും, കഴിയുമെങ്കിൽ കണ്ണടയും ഗ്ലൗസും ഷൂസും ഉപയോഗിക്കാം.
പ്രാണി ശരീരവുമായി സമ്പർക്കത്തിൽ വന്ന ശേഷം
പ്രാണിയെ ശരീരത്തു കാണാൻ ഇടയായാൽ ഞെരിക്കാതെ സാവധാനം ഊതിയോ പേപ്പറോ മറ്റോ ഉപയോഗിച്ചു തട്ടിയോ അകറ്റാം.
അറിയാതെ പ്രാണിയെ ഞെരിച്ചു പോയെങ്കിൽ, ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
തണുത്ത വെള്ളം തുണിയിൽ മുക്കി പിടിക്കുന്നത് പുകച്ചിലും ചൊറിച്ചിലും കുറയാൻ സഹായിക്കും.
ചൊറിഞ്ഞു പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
കണ്ണുകളിൽ സ്രവങ്ങൾ പറ്റിയാൽ ധാരാളം വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം താമസിയാതെ വൈദ്യസഹായം തേടുക.
ഈ ഇത്തിരി കുഞ്ഞന്മാരെയും ഇവരുണ്ടാക്കുന്ന വലിയ പൊല്ലാപ്പുകളും വായിച്ചില്ലേ; ഒതുക്കാനുള്ള വഴികളും പിടികിട്ടിയില്ലേ….!!!
അപ്പോൾ ഇനി ഈ ബ്ലഡി ബീറ്റിലിനെ നമുക്ക് പുഷ്പം പോലെ നേരിടാം …