· 4 മിനിറ്റ് വായന

ബ്യൂട്ടിയാക്കും ബോട്ടോക്സ്

DermatologyLife Styleആരോഗ്യ അവബോധം

മോഹൻലാൽ മുഖത്ത് ‘ബോട്ടോക്സ്’ ഇഞ്ചക്ഷൻ എടുത്തോ ഇല്ലയോ എന്നതാണല്ലോ സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ഹോട്ട് ടോപ്പിക്. മമ്മൂട്ടിയെപ്പറ്റിയും ആളുകൾ ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്. വേറെയും ബോളിവുഡ്/ഹോളിവുഡ് നടീ നടന്മാരെപ്പറ്റിയും ആളുകൾ ഇങ്ങനെ പറയാറുണ്ട്. എന്താണീ ‘ബോട്ടോക്സ്’ എന്നാലോചിച്ചിട്ടുണ്ടോ?

ക്ളോസ്ട്രീഡിയം ബോട്ടുലിനം (Clostridium Botlinum) എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു വിഷവസ്തു (Toxin) ആണ് ബോട്ടുലിനം ടോക്സിൻ. മനുഷ്യന് അറിവുള്ളതിൽ വെച്ചേറ്റവും അപകടകരമായ ഒരു പോയിസൺ. ടിന്നിൽ അടച്ച ഭക്ഷണപദാർത്ഥങ്ങൾ വേണ്ടും വണ്ണം അണുവിമുക്തമാക്കാത്തത് മൂലം അവയിൽ ഈ ബാക്ടീരിയ വളരാം. പണ്ടുകാലങ്ങളിൽ നാവികരുടെയിടയിൽ ധാരാളമായി ഇത് മൂലമുള്ള മരണങ്ങൾ സംഭവിക്കാറുമുണ്ടായിരുന്നു. വൃത്തിഹീനമായ രീതിയിൽ ടിന്നിൽ അടച്ച ഇറച്ചിയിലും മറ്റു ഭക്ഷണങ്ങളും വേണ്ടരീതിയിൽ ശീതീകരണമില്ലാതെ വളരെയേറെ നാളുകൾ സൂക്ഷിക്കുന്ന രീതിയാണ് നാവികർക്ക് വിനയായത്. കടലിൽ വെച്ച് ബോട്ടുലിസം വന്നാൽ മരണമല്ലാതെ വേറെ നിവൃത്തിയൊന്നുമിലായിരുന്നു.

എങ്ങനെയാണ് ഈ ടോക്സിൻ മനുഷ്യരെ കൊല്ലുന്നത്? നമ്മുടെ പേശികൾ പ്രവർത്തിക്കുന്നത് അവയിലേക്ക് തലച്ചോറിൽ നിന്നും നാഡികളിലൂടെ സിഗ്നലുകൾ വരുമ്പോഴാണെന്ന് എല്ലാവർക്കുമറിയാമല്ലോ. ഈ സിഗ്നലുകൾ ഒരു ഇലക്ട്രിക്കൽ കറന്റ് ആണ്. ഈ കറന്റ് നാഡിയിൽ നിന്നും പേശികളിലേക്ക് പാസ് ചെയ്യാൻ വേണ്ടി നാഡീ – പേശീ ജംഗ്‌ഷനിൽ (neuro muscular junction) വെച്ച് നാഡികളുടെ അഗ്രഭാഗത്തുള്ള ചില കുമിളകളിൽ (vescicles) ശേഖരിച്ചിരിക്കുന്ന അസറ്റയിൽ കോളിൻ (acetyl choline) എന്നൊരു കെമിക്കൽ റിലീസ് ചെയ്യപ്പെടും. ഇത് പേശികളിലെ കോശഭിത്തികളിൽ (Cell membrane) അയോണുകളുടെ ചാലകതയിൽ (മൂവ്മെന്റിൽ) വരുത്തുന്ന വ്യത്യാസങ്ങൾ മൂലം ഒരു ഇലക്ട്രിക്കൽ കറന്റ് ഉണ്ടാകുന്നു, പേശികൾ സങ്കോചിക്കുന്നു, അഥവാ പ്രവർത്തിക്കുന്നു. ബോട്ടുലിനം ടോക്സിൻ നാഡികളുടെ അഗ്രഭാഗത്തുള്ള കുമിളകളിൽ നിന്ന് അസറ്റൈൽ കോളിൻ റിലീസ് ചെയ്യപ്പെടുന്നത് തടയും. തന്മൂലം പേശികളിലേക്ക് സിഗ്നലുകൾ എത്താതിരിക്കുകയും അവ പ്രവർത്തിക്കാതെയുമാകുന്നു. മനുഷ്യന്റെ ജീവസന്ധാരണത്തിന് അവശ്യം വേണ്ടുന്ന പ്രവർത്തിയായ ശ്വാസോഛ്വാസം നടക്കാൻ നെഞ്ചിൻ കൂടിന് ചുറ്റുമുള്ള പേശികളും (intercostal muscles) വയറും നെഞ്ചും തമ്മിൽ വേർതിരിക്കുന്ന ഡയഫ്രം എന്ന പേശിയും സദാ പ്രവർത്തിക്കണം. ബോട്ടുലിസം ബാധിച്ച വ്യക്തികളിൽ ശ്വാസോഛ്വാസം നടക്കാതാവുകയും അവർ മരിക്കുകയും ചെയ്യുന്നു.

ഇന്നത്തെ കാലത്ത് ബോട്ടുലിസം വളരെ അപൂർവ്വമാണ്. കർശനമായ ഫുഡ്‌സേഫ്റ്റി സ്റ്റാൻഡേർഡുകളും ഇനിയഥവാ ബോട്ടുലിസം പിടിപെട്ടാൽ തന്നെ വെന്റിലേറ്റർ വഴി കൃത്രിമ ശ്വാസോഛ്വാസം കൊടുക്കാനുള്ള സൗകര്യങ്ങളും മൂലം മരണം ഉണ്ടാകുന്നത് വളരെ അപൂർവ്വമാണ്. ടോക്സിനെ നിർവീര്യമാക്കാൻ വേണ്ടിയുള്ള മരുന്നുകളൊന്നും ഇപ്പോഴും ലഭ്യമല്ല. ശരീരത്തിലുള്ള ടോക്സിൻ പതിയെപ്പതിയെ നിർവ്വീര്യമാകുകയും രോഗിക്ക് ക്രമേണ ശ്വാസോഛ്വാസം ചെയ്യാനും ചലനശേഷി വീണ്ടെടുക്കാനും കഴിയുന്നത് വരെ സപ്പോർട്ടീവ് ട്രീറ്റ്മെന്റ് കൊടുക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ.

ഈ ഭീകരവിഷത്തെ മെരുക്കിയെടുത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നതാണ് ശാസ്ത്രത്തിന്റെ നേട്ടം. ഇന്ന് അനേകം രോഗചികിത്സകളിൽ ബോട്ടുലിനം ടോക്സിൻ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും മൂന്ന് ബ്രാൻഡുകളാണ് ഇന്റർനാഷണൽ മാർക്കറ്റിൽ ഇപ്പോഴുള്ളത്; Botox, Xeomin, Dysport എന്നിവയാണവ. ഏറ്റവും പോപ്പുലർ Allergan കമ്പനിയുടെ Botox ആണ്. ടെട്രാപാക്കിൽ വരുന്ന എല്ലാ ഡ്രിങ്കിന്റെയും പേര് ‘ഫ്രൂട്ടി’ എന്നായത് പോലെ ബോട്ടുലിനം ടോക്സിന്റെ അപരനാമമായി ‘ബോട്ടോക്സ്’ മാറി!

തലച്ചോറിന്റെ പരിക്കുകളോ പക്ഷാഘാതമോ മൂലം കൈകാലുകൾ കോച്ചിപ്പിടിക്കുന്ന അവസ്ഥ (spasticity), നാഡികളുടെ പ്രവർത്തനത്തിലുള്ള അപാകതകൾ മൂലം ഉണ്ടാകുന്ന ചില വേദനകൾ (ന്യൂറോപ്പതിക് പെയിൻ), കോങ്കണ്ണ് (strabismus അല്ലെങ്കിൽ squint), അമിതവിയർപ്പ്, ചിലതരം മൈഗ്രെയ്ൻ, ചില തരം രോഗങ്ങളുടെ ഫലമായി മൂത്രം അറിയാതെ പോകുക അല്ലെങ്കിൽ എപ്പോഴും മൂത്രം ഒഴിക്കാനുള്ള ത്വരയുണ്ടാകുക, പാർക്കിൻസൺ രോഗം പോലത്തെ അവസ്ഥകളിൽ സദാ തുപ്പൽ ഒലിച്ചുകൊണ്ടിരിക്കുക (hypersalivation അല്ലെങ്കിൽ sialorrhoea) എന്നിങ്ങനെ പല രോഗാവസ്ഥകളിലും സാധാരണയായി ഉപയോഗിക്കുന്നതാണ് ബോട്ടുലിനം ടോക്സിൻ കുത്തിവെയ്പ്പ്.

ഇത് കൂടാതെ മുഖത്തെ ചുളിവുകൾ മാറ്റി പ്രായം കുറവായി തോന്നിക്കാനും ആളുകൾ ഇത് ചെയ്യാറുണ്ട്. മുഖത്ത് ധാരാളം മാംസപേശികളുണ്ട്. ഈ മാംസപേശികളാണ് നമ്മെ ചിരിക്കാനും ഗോഷ്ടി കാണിക്കാനും കണ്ണടയ്ക്കാനും തുറക്കാനും ചുണ്ടുകൾ കൂർപ്പിക്കാനും ഒക്കെ സഹായിക്കുന്നത്. പ്രായം ചെല്ലുന്തോറും ഈ മാംസപേശികളുടെ മുകളിലുള്ള ചർമ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുന്നത് മൂലം ഈ പേശികൾ പ്രവർത്തിക്കുമ്പോൾ ചർമ്മത്തിൽ ചുളിവുണ്ടാകുന്നു. ബോട്ടുലിനം ടോക്സിൻ ഈ പേശികളിൽ കുത്തിവെച്ചാൽ അവ പ്രവർത്തിക്കാതാകുന്നത് മൂലം ചുളിവുകൾ കുറയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാം. പക്ഷേ ഈ കുത്തിവെപ്പുകൾ സ്ഥായിയായ ഫലം നൽകുന്നില്ല, കുറച്ചു മാസങ്ങൾ കഴിയുമ്പോൾ വീണ്ടും ആവർത്തിക്കേണ്ടതായി വരും. കുറേ പ്രാവശ്യം ചെയ്തു കഴിയുമ്പോൾ, വ്യായാമമില്ലാത്ത ഏതു മാംസപേശിയും ചുരുങ്ങുന്നത് പോലെ ഇവയും ചുരുങ്ങും, അവസാനം ആളിന്റെ മുഖത്ത് ഒരു എക്സ്പ്രഷനും വരാത്ത സ്ഥിതിയാകും. പാടുപെട്ട് ശൃംഗാരരസം വരുത്തുമ്പോൾ കാണുന്നവർക്ക് പശു ചാണകമിടുമ്പോഴുള്ള ഭാവം ഓർമ്മ വരും. പച്ചാളം ഭാസി പറഞ്ഞ പോലെ, സ്വന്തമായി ഗവേഷണം നടത്തി വികസിപ്പിച്ചെടുത്ത ഭാവങ്ങൾ ആവും പിന്നെ മുഖത്ത് വരിക.

കുറെ നാൾ മുന്നേ നാട്ടിൽ നിന്നൊരു പഴയ സ്‌കൂൾമേറ്റ് വിളിച്ചിരുന്നു. ആളിന്റെ ഒരടുത്ത ബന്ധുവിന് കുറച്ചു നാൾ മുന്നേ സ്ട്രോക്ക് വന്ന് ഒരു വശം തളർന്നു പോയിരുന്നു. ഇപ്പോൾ അത് കുറച്ചൊക്കെ ശരിയായി വന്നെങ്കിലും കൈക്കൊരു കോച്ചിപ്പിടുത്തം, അത് മൂലം വേദനയും പലപ്പോഴും മടങ്ങിയ കൈ നിവർക്കാനൊക്കെ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. ഒരു ഡോക്ടറെ കാണിച്ചപ്പോൾ കയ്യിൽ ബോട്ടോക്സ് ഇഞ്ചക്ഷൻ എടുക്കണമെന്ന് പറഞ്ഞത്രേ. അതിന്റെ വിലയൊക്കെ അറിഞ്ഞപ്പോൾ ആലോചിച്ചിട്ട് വരാമെന്ന് പറഞ്ഞിരിക്കയാണ്. ഇതെടുക്കുന്നത് കൊണ്ട് ഗുണം വല്ലതുമുണ്ടാകുമോ എന്ന സംശയത്തിലാണ് ആൾ വിളിച്ചത്.

സ്ട്രോക്ക് അല്ലെങ്കിൽ എന്തെങ്കിലും ക്ഷതം മൂലം തലച്ചോറിന് പരിക്ക് പറ്റുമ്പോൾ കൈകാലുകൾ കോടിപ്പോകുന്ന അവസ്ഥയെപ്പറ്റി നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ, അതാണ് ഈ കേസിലും ഉണ്ടായത്. ഇത് ചികിൽസിക്കാതിരുന്നാൽ സന്ധികൾ ഉറച്ചു പോവുകയും സ്ഥിരമായി കൈകാലുകൾ മടങ്ങിപ്പോവുകയും ചെയ്യാം. പിന്നീട് എപ്പോഴെങ്കിലും കൈകാലുകൾക്ക് പ്രവർത്തനശേഷി വീണ്ടുകിട്ടിയാലും സന്ധികൾ നിവരാത്തത് മൂലം രോഗിക്ക് ആ കൈ/കാൽ ഉപയോഗമില്ലാത്തതാകുന്നു. പ്രവർത്തനശേഷി തിരികെ കിട്ടാത്ത അവസ്ഥ ഉള്ളവരിലും കൈകാലുകൾ മടങ്ങിപ്പോകുന്നത് മൂലം ഇരിപ്പ്, കിടപ്പ്, വസ്ത്രം മാറൽ ഇവയൊക്കെ പ്രയാസകരമാകുന്നു. സന്ധികൾ ഉറച്ചു പോകുന്നതിനു മുന്നേയുള്ള സമയത് തന്നെ രോഗിക്ക് കോച്ചിപ്പിടുത്തമുള്ള മസിലുകളിൽ ബോട്ടുലിനം ടോക്സിൻ ഇൻജക്റ്റ് ചെയ്‌താൽ ഈ അവസ്ഥ ഉണ്ടാകുന്നതൊഴിവാക്കാം. പക്ഷേ ഇതൊരു ഒറ്റത്തവണ ചികിത്സയല്ല, ആറോ എട്ടോ മാസം കഴിയുമ്പോൾ വീണ്ടും ഇഞ്ചക്ഷൻ എടുക്കേണ്ടി വരും. പണച്ചെലവുള്ള ചികിത്സയാണ്. അതിന് മുന്നിട്ടിറങ്ങുന്നതിന് മുന്നേ രോഗിയെയും വീട്ടുകാരെയും എന്തിനാണ് ഈ ചികിത്സ ചെയ്യുന്നതെന്ന് പറഞ്ഞു ബോധ്യപ്പെടുത്തണം. പലരും കരുതും, തളർന്നു പോയ അവയവം വീണ്ടും പ്രവർത്തിക്കാനാണ് ഇഞ്ചക്ഷൻ എന്ന്. കാര്യം പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിൽ അവസാനം ഡോക്ടർ പറ്റിച്ചു കാശ് അടിച്ചുമാറ്റി എന്ന് കേൾക്കേണ്ടി വരും!

അപ്പോൾ മോഹൻലാൽ ബോട്ടോക്സ് എടുത്തോ ഇല്ലയോ? ചർച്ചകൾ തുടരട്ടെ!

ലേഖകർ
Kunjali Kuty is a pen name. A doctor trained in India and abroad now working in a foreign country. No specific interests.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ