സ്തനാർബുദ ചികിത്സ
സ്വയം സ്തനാർബ്ബുദമുണ്ടെന്നു സംശയിക്കുന്ന ഒരു സ്ത്രീക്ക് സ്വന്തം ഫാമിലി ഡോക്ടറെ സമീപിക്കാവുന്നതാണ്. അയാൾ അഥവാ അവർ നിർദേശിക്കുന്നതിനനുസരിച്ചു പിന്നീട് സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ അടുത്ത് പോകാം. അയാൾ പറയുന്ന ഡോക്ടറുടെ അടുത്ത് തന്നെ പോകണമെന്നില്ല. ഏതു തരം സ്പെഷ്യലിസ്റ്റിന്റെ അടുത്താണ് പോകേണ്ടത് എന്ന് ചോദിക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്തനത്തിൽ മുഴയോ മറ്റോ ഉണ്ടെന്നു തോന്നിയാൽ നേരിട്ട് ഒരു ജനറൽ സർജനെ കാണാവുന്നതാണ്. സ്പെഷ്യലൈസ്ഡ് കാൻസർ സർജനെ തന്നെ കാണുന്നതിലും തെറ്റില്ല.
രോഗനിർണയത്തോടെ ആണ് ചികിത്സ ആരംഭിക്കുന്നത് . വിശദ ദേഹ പരിശോധനക്ക് ശേഷം ഡോക്ടർ മാമ്മോഗ്രാം, അൾട്രാസൗണ്ട് അഥവാ എം ആർ ഐ എന്നീ സ്കാനുകളിൽ ഒന്നോ ചിലപ്പോൾ അതിലധികമോ ചെയ്യാൻ നിർദേശിച്ചേക്കാം. സ്കാൻ പറഞ്ഞാൽ ഓരോന്നും എന്തിനു വേണ്ടിയാണ് എന്ന് ചോദിച്ചു മനസ്സിലാക്കാം. ഉദാഹരണത്തിന് മാമ്മോഗ്രാം കഴിഞ്ഞയുടൻ അൾട്രാസൗണ്ട് വേണമെന്ന് പറഞ്ഞാൽ അത് എന്തിനാണ് എന്ന് ചോദിക്കണം. ഒരു കാരണം നിശ്ചയമായും ഉണ്ടാവും; ഉണ്ടായിരിക്കണം. രോഗത്തിന്റെ അവസ്ഥ അനിസരിച്ചു വേറെയും രക്ത ടെസ്റ്റുകൾ, സ്കാനുകൾ ഒക്കെ വേണ്ടി വന്നേക്കാം. അതിനെല്ലാം വിശദീകരണം തരാൻ ഡോക്ടർ ബാധ്യസ്ഥനാണ്.
മാമ്മോഗ്രാം , അഥവാ അൾട്രാസൗണ്ട് ചെയുന്ന സമയത്തു തന്നെ റേഡിയോളജി ഡോക്ടറോ സർജൻ തന്നെയോ സൂചി കുത്തി മുഴയിൽ നിന്ന് ബിയോപ്സിക്കായി ദശ എടുത്തേക്കാം. സ്കാൻ കഴിഞ്ഞും, വലിയ മുഴയാണെങ്കിൽ നേരിട്ടും (സ്കാൻ സഹായമില്ലാതെ തന്നെ) ബിയോപ്സി എടുത്തേക്കാം. പാത്തോളജി ഡോക്ടറാണ് ദശ പരിശോധന ചെയ്യുന്നത് . മാമ്മോഗ്രാം തികച്ചും നോർമൽ ആണെങ്കിൽ, ദേഹ പരിശോധനയിൽ കാര്യമായ ഒന്നും ഇല്ലെങ്കിൽ ബിയോപ്സി എടുക്കേണ്ട ആവശ്യം ഇല്ല. സ്തനാർബുദം ഇല്ലെന്നു തന്നെയാകാം അതിനർത്ഥം. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ( നല്ല സംശയമുണ്ട്- പക്ഷെ ബിയോപ്സി പരിശോധനയിൽ റിസൾട്ട് കിട്ടുന്നില്ല; ചെറിയ മുഴയാണ്- സ്കാനിലൂടെ ബിയോപ്സി ചെയ്യാൻ പറ്റുന്നില്ല) ഓപ്പറേഷൻ വഴി മുഴയെടുത്തു പരിശോധനക്ക് അയച്ചേക്കാം.
പാത്തോളജി ദശ പരിശോധനയിലൂടെ അർബുദമാണെന്നു കണ്ടെത്തിക്കഴിഞ്ഞാൽ മാത്രമേ ചികത്സാ സാധാരണ ഗതിയിൽ ആരംഭിക്കാൻ പാടുള്ളൂ.
മൂന്നു ചികിത്സാസങ്കേതങ്ങളാണുള്ളത്.
- സർജറി
- റേഡിയോ തെറാപ്പി
- കീമോ തെറാപ്പി /ഹോ൪മോൺ തെറാപ്പി
ഓരോന്നും അതാത് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരാണ് ചെയ്യുന്നത്. സർജൻ, റേഡിയേഷൻ ഓങ്കോളജിസ്റ്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റ് എന്നിവരാണ് അവർ. (എപ്പോഴും ഇവരെല്ലാവരും ചികിത്സയിൽ ഉൾപ്പെടണമെന്നില്ല).
പ്രധാനം ശസ്ത്രക്രിയ എന്ന സർജറി തന്നെയാണ്. മാറും കക്ഷത്തിലെ കഴലകളും സർജറിയിലൂടെ നീക്കം ചെയ്തു വീണ്ടും ദശ പരിശോധന നടത്തണം. എന്നാൽ രോഗത്തിന്റെ അവസ്ഥ അനുസരിച്ചു റേഡിയേഷനും, മരുന്നുകൾ കുത്തിവെക്കുകയും കഴിക്കുകയും ചെയ്യുന്ന കീമോതെറാപ്പിയും ഏകദേശം തുല്യ പ്രാധാന്യം ഉള്ളതാണ്.
മുല മുഴുവൻ എപ്പോഴും നീക്കം ചെയ്യണം എന്നത് വലിയൊരു തെറ്റിധാരണയാണ്. പലപ്പോഴും മുഴയോ മുലയുടെ ഒരു ഭാഗം മാത്രമോ നീക്കം ചെയ്തിട്ട് പ്ലാസ്റ്റിക് സർജൻ ചെയുന്ന പുനർനിർമാണ സർജറികളിലൂടെ സ്തനം പലപ്പോഴും നില നിർത്താം. മുഴുവൻ മുലയും നീക്കം ചെയ്താൽ തന്നെ പുനർനിർമാണ പ്ലാസ്റ്റിക് സർജറിയിലൂടെ സ്തനം പുനർനിർമ്മിക്കാനും സാധിക്കും.
റേഡിയേഷനും കീമോതെറാപ്പിയും (ചിലപ്പോൾ രണ്ടും) സർജറിക്ക് ശേഷം വേണ്ടി വന്നേക്കാം. അത് ചെയ്യുക തന്നെ വേണം. ചിലപ്പോൾ സർജറിക്ക് മുൻപേ കീമോതെറാപ്പി വേണ്ടിവരും. സർജറിക്കുശേഷവും വേണ്ടി വരാം. കീമോതെറാപ്പി കൊണ്ട് മുഴുവൻ മുഴയും അപ്രത്യക്ഷമായാലും മിക്കവാറും സർജറി വേണ്ടി വന്നേക്കാം. ഇപ്പോഴത്തെ സ്ഥിതിയിൽ വളരെ ഫലപ്രദമായ ചികിത്സയുള്ള ഒരു രോഗമാണ് സ്തനാർബുദം.
ഹോർമോൺ തെറാപ്പി എല്ലാവരിലും വേണ്ടിവരില്ല. ഓരോരുത്തരിലുമുള്ള അസുഖത്തിന്റെ അവസ്ഥ അനുസരിച്ച് ഓങ്കോളജിസ്റ്റ് ആണ് ഈ ചികിൽസ ഫലപ്രദമാണോ എന്ന് തീരുമാനിക്കുക. ഫലപ്രദമാണെങ്കിൽ മറ്റെല്ലാ ചികിൽസകളു൦ പൂർത്തിയായതിന് ശേഷമാണിത് ചെയ്യുക. ഇത് ഒരു രോഗിയിൽ 5 വ൪ഷ൦ മുതൽ പത്തു വ൪ഷ൦ വരെ തുടരേണ്ടതായി ഉണ്ട്.