“ആദ്യത്തെ രണ്ടു മൂന്നു ദിവസം കാര്യമായി പാലുണ്ടാവില്ല. വളരെ കുറഞ്ഞ അളവിലെ വരൂ. അതിനെയാണ് colostrum എന്ന് പറയുന്നത്. കുഞ്ഞിന് അതേ ഇപ്പോള്‍ ആവശ്യമുള്ളൂ.”
“നിങ്ങള്‍ക്കിതൊക്കെ പറഞ്ഞട്ടങ്ങട് പോയാ മതി. ബാക്കിയൊള്ളോര്‍ക്കാ കഷ്ടപ്പാട്. നിങ്ങള്‍ ക്ടാവിനു കൊടുക്കാന്‍ വല്ല പൊടീം എഴുതി തന്നേക്ക്. ഇല്ലെങ്കിലേ രാത്രിയതൊറങ്ങില്ല്യ. ഇന്നലെന്തായിരുന്നു അങ്കം. ഒരു കണക്കിനാ നേരം വെളുപ്പിച്ചെ”
മുലയൂട്ടൽ വാരം പ്രമാണിച്ച് അമ്മച്ചിയോട് അൽപം സംയമനം പാലിക്കുവാൻ തീരുമാനിച്ചു.
“അതു പിന്നെ അമ്മച്ചി… പൊടി കൊടുക്കുന്നതത്ര നല്ലതല്ല. നമുക്കതൊഴിവാക്കണം.”
“അതിനിവള്ക്ക് പാലൊന്നൂല്ല്യാന്നെ”
“പാല്‍ വരാന്‍ സമയാവണെ ഉള്ളൂ. പേടിക്കണ്ട.”
“അപ്പൊ അതു വരെ ക്ടാവ് പട്ടിണി കിടക്കോ”
“അതിനല്ലെ colostrum”
“ക്ടാങ്ങള്‍ക്ക് മൊലപ്പാലൊന്നും തെകയില്ല്യാ.”
“പാലിണ്ടോ… കുട്ടിക്കു കിട്ടിണ്ടോ… തെകയിണ്ടോ… ഇതൊന്നും ആലോചിച്ചു ടെന്ഷനടിക്കണ്ട. പാലൊക്കെ വന്നോളും.”
“പാല് അങ്ങനെയൊന്നും വരില്ല്യാ”
“എല്ലാ അമ്മമാര്‍ക്കും പാലിണ്ടോന്നുള്ള ടെന്ഷനിണ്ടാവും. പക്ഷെ പാലില്ലാത്തോര് വളരെ വളരെ കുറവായിരിക്കും. ”
“എനിക്കും എന്‍റെ മൂത്ത മോള്‍ക്കൊന്നും
പാലിണ്ടായില്ല”
“അതുകൊണ്ട് ഇയാള്‍ക്കിണ്ടായിക്കൂടാന്നില്ല. നന്നായി ശ്രമിച്ചാ പാലായിക്കോളും.”
“ഇനി ക്ടാവ് കരഞ്ഞാ ഞാന്‍ കല്‍ക്കണ്ടം കലക്കി കൊടുക്കും. വീട്ടിലെത്തി കിട്ടിയാ പിന്നെ പശും പാല്‍ നേര്‍പ്പിച്ചാ കൊടുത്താമതി.”
“അതൊന്നും കൊടുക്കരുത്. പശുവിൻ പാല്‍ പശുക്ടാവിനു കണക്കാക്കി ഉണ്ടാക്കണതാണ്. വയറു വേദന, മലം പോകാന്‍ ബുദ്ധിമുട്ട് അങ്ങനെ കൊറെ കൊറെ ബുദ്ധിമുട്ടുകള്‍ വരും”
“ഡോക്ടര്‍ പ്രകൃതി ചികിത്സേടെ ആളാന്ന് തോന്നുണു?”
“പ്രകൃതീന്നൊള്ളതൊന്നും ചികിത്സിക്കാന്‍ എടുക്കാന്‍ പാടില്ലാന്നൊന്നുമെനിക്കഭിപ്രായമില്ല. പിന്നെ ജീവിതശൈലീ രോഗങ്ങള്‍ മാറ്റാന്‍ ദിനചര്യയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തണം എന്നുള്ളത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണു. മൂക്കൊലിപ്പു മാറാന്‍ കളിമണ്ണ് കുഴച്ച് മൂക്കില്‍ വെച്ചാമതീന്നൊക്കെ പറയണതു വിശ്വസിക്കാണ്ടിരുന്നാ മതി. ഇനി ഇതിന്‍റെ പേരില് മുലപ്പാല്‍ മാഫിയ, breast feeding lobbyന്നൊക്കെ പറഞ്ഞ് നിങ്ങള്‍ നാളെ പുതിയ വിവാദമൊന്നും ഉണ്ടാക്കരുതു.”
“ഒരു മൂന്ന് മാസാവുമ്പോ ഇവര്‍ അങ്ങടാ വരും. തൃശ്ശൂര്‍ക്ക് . അപ്പൊ ഞാന്‍ പശും പാല്‍… അല്ലെങ്കി വേണ്ടാ… ഇനി അതു കൊടുത്തട്ടു പ്രശ്നാവണ്ടാ. നല്ല ആട്ടിന്പാല്‍ കൊടുത്ത് തൊടങ്ങും. ന്നാലാ കുട്ട്യോള്ക്ക് ഒരു പുഷ്ടിയിണ്ടാവൊള്ളോ. എന്തെങ്കിലു പ്രശ്നം വന്നാ ഞാനവടെ കാണിച്ചോണ്ടു”
“ഇങ്ങനെയൊള്ള അമ്മാമ്മമാരുള്ളോടൊത്തോളം കാലം പേരക്കുട്ടികള്‍ക്ക് നല്ല വണ്ണമുണ്ടാവും പക്ഷെ ആരോഗ്യമുണ്ടാവില്ല. അതുകൊണ്ട് അവരെ മാറ്റി താമസിപ്പിക്കുന്നതാ നല്ലതു”
അവര്‍ മുറിയില്‍ നിന്നുമിറങ്ങിപോയി. അതിനു പിറകെ കുഞ്ഞിന്റെ അമ്മ ആദ്യമായി വാ തുറന്നു.
“എന്‍റെ മമ്മി നാളെ രാവിലെയെത്തും. പിന്നെ കൊഴപ്പമൊന്നും ഉണ്ടാവില്ല. മമ്മി വാവക്ക് വേറെയൊന്നും കൊടുക്കാന്‍ സമ്മതിക്കില്ല. അത്യാവശ്യമാണെങ്കില്‍ കൊറച്ച് ബാര്‍ലി വെള്ളം മാത്രം കൊടുക്കാന്നാ മമ്മി പറഞ്ഞെ. അതിനു കൊഴപ്പൊന്നും ഇല്ലല്ലൊ ല്ലേ?”
ചിരിക്കണൊ കരയണൊന്നറിയില്ലായിരുന്നു.
“മമ്മിയോട് ഞാന്‍ നാളെ രാവിലെ സംസാരിച്ചോളാം” എന്നു പറഞ്ഞ് പുറത്തിറങ്ങി.
************
മുലപ്പാൽ കുഞ്ഞിന്റെ ജൻമാവകാശമാണ്.
മുലയൂട്ടുക എന്നത്, അമ്മ അതിന്റെ ഗുണങ്ങളെപ്പറ്റിയും, അതു ചെയ്തില്ലെങ്കിലുള്ള ദോഷങ്ങളെപ്പറ്റിയും, അങ്ങനെ ചെയ്യുമ്പോൾ സ്വയം ത്യജിക്കേണ്ടി വരുന്ന കാര്യങ്ങളെപ്പറ്റിയും എല്ലാം മനസ്സിലാക്കിയ ശേഷം എടുക്കേണ്ടുന്ന തീരുമാനമാണ് (Informed choice). അതായത് മുലയൂട്ടില്ല എന്ന് തീരുമാനിക്കാനും അമ്മക്ക് അവകാശമുണ്ട്. എന്നാലത് കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം മാത്രം. അറിവില്ലായ്മ ആകരുത് ആ തീരുമാനത്തിന് പുറകിൽ. അതേ സമയം മുലയൂട്ടുക എന്ന പ്രവൃത്തി ഏറ്റെടുക്കുന്നത് ഒരു സ്ത്രീയുടെ ഔന്നത്യത്തെ സൂചിപ്പിക്കുന്നു. മുഴുവൻ കുടുംബാംഗങ്ങളും അവളോട് കടപ്പെട്ടിരിക്കുന്നു. അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനും, അവളുടെ സ്വാതന്ത്യം പാരമാവധി ഹനിക്കപ്പെടാതെ നോക്കാനും അവർ ബാധ്യസ്ഥരാണ്.
മുലയൂട്ടുന്നതിന്റെ ഗുണങ്ങൾ:
1. ശിശുവിന്റെ വളർച്ചക്ക് വേണ്ടുന്ന എല്ലാ ഘടകങ്ങളും ശരിയായ അളവിൽ അടങ്ങിയ ഭക്ഷണം.
2. ശിശുവിന് ഏറ്റവും എളുപ്പം ദഹിക്കുന്ന ഭക്ഷണം
3. ശിശുവിന് ഏറ്റവും വൃത്തിയായും വെടിപ്പായും കൊടുക്കാവുന്ന ഭക്ഷണം.
4. വയറിളക്കം, കഫക്കെട്ട് തുടങ്ങി പല അസുഖങ്ങളിൽ നിന്നും ഒരളവുവരെ സംരക്ഷണം നൽകുന്നു
5. പോഷകാഹാരക്കുറവിൽ നിന്നും അമിതവണ്ണത്തിൽ നിന്നും സംരക്ഷണം
6. ബുദ്ധി വളർച്ചക്ക് ഏറ്റവും ഉത്തമം
7. അലർജി സംബന്ധമായ രോഗങ്ങളിൽ നിന്നും ഒരളവുവരെ സംരക്ഷണം.
8. കുഞ്ഞുമായി യാത്ര ചെയ്യുമ്പോളും എവിടെ വെച്ചും ചെറു ചൂടോടെ ലഭ്യമാകുന്നു
9. കുഞ്ഞിന്റെ വദന പേശികളുടെ വികാസം സാധ്യമാകുന്നു
10. ഗർഭകാലത്ത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് അലിയിക്കുന്നത് വഴി ശരീരത്തിന്റെ രൂപഭംഗിയും ശരിയായ തൂക്കവും നിലനിർത്താൻ അമ്മയെ സഹായിക്കുന്നു.
11. പ്രസവാനന്തരമുള്ള രക്ത നഷ്ടം കുറക്കുന്നു. സ്തനം, ഓവറി എന്നിവയിൽ ഉണ്ടാകുന്ന അർബുദത്തിൽ നിന്നും ഒരളവുവരെ സംരക്ഷണം നൽകുന്നു
12. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നു.
13. പ്രസവാനന്തരമുള്ള മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നു.
14. വില കൂടിയ പാൽപ്പൊടിയുടെയും, രോഗങ്ങൾ കുറയുന്നതുമൂലം മരുന്നുകളുടെയും ചെലവ് ഒഴിവാക്കുന്നത് വഴി സാമ്പത്തിക ലാഭം നൽകുന്നു.
ഇത്രയേറെ ഗുണങ്ങളുള്ള മുലയൂട്ടൽ പ്രക്രിയ വേണ്ട എന്ന് വെക്കാൻ അമ്മമാരെ ചിലപ്പോളെങ്കിലും പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്താകാം?
ആവശ്യത്തിന് പാലില്ല എന്ന തോന്നൽ
മുലക്കണ്ണ് വിണ്ടുകീറിയതു കൊണ്ടോ പഴുപ്പ് ബാധിച്ചതുകൊണ്ടോ ഉണ്ടാകുന്ന കഠിനമായ വേദന
അമ്മയും കുഞ്ഞും പിരിഞ്ഞിരിക്കേണ്ടി വരുമ്പോൾ മുലപ്പാൽ വറ്റിപ്പോകൽ മാസങ്ങളോളം കെട്ടിയിടപ്പെട്ട പോലുള്ള അവസ്ഥ കാരണം ഉള്ള സ്വാതന്ത്ര്യമില്ലായ്മ (പoനം, തൊഴിൽ എന്നിവ മുടങ്ങിപ്പോകുന്ന അവസ്ഥ) അമ്മയ്ക്കുള്ള ചിലരോഗങ്ങൾ കുഞ്ഞിന് പകരാനുള്ള സാധ്യത
അമ്മ കഴിക്കുന്ന ചില മരുന്നുകൾ കുഞ്ഞിനെ മോശമായി ബാധിക്കുമോ എന്ന ആശങ്ക
മുലപ്പാൽ (മറ്റു പാലുകളും) ഒഴിവാക്കേണ്ടുന്ന കുഞ്ഞിനുള്ള ചില രോഗാവസ്ഥകൾ
ഈ പ്രശ്നങ്ങൾ ഓരോന്നും വിശകലനം ചെയ്യാം…
ആവശ്യത്തിന് പാൽ:
സാധാരണ ഗതിയിൽ അമ്മയ്ക്ക് അവളുടെ കുഞ്ഞിന് ആവശ്യമുള്ളത്രയും പാലുണ്ടാകും. അതിൽ കൂടുതലും ഉണ്ടാകും. എന്നാൽ കുഞ്ഞിന് എത്രമാത്രം കുടിക്കാൻ സാധിക്കും എന്നതാണ് മുലപ്പാൽ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ഘടകം. ഗർഭാവസ്ഥയിൽ തന്നെ മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റിയും അതിന് വേണ്ടി ജീവിത ചര്യകൾ ക്രമീകരിക്കേണ്ടതിനെപ്പറ്റിയും അമ്മയെ ബോധവൽക്കരിക്കണം. സ്തനങ്ങളുടെ പരിശോധന നടത്തുകയും, മുലക്കണ്ണുകൾ മുലയൂട്ടാൻ പാകത്തിലുള്ളതല്ലെങ്കിൽ അതിന്റെ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും വേണം. ആദ്യ നാളുകളിൽ പാൽ കുറവായിരിക്കുമെന്നും അത്ര മാത്രമേ ആ ദിനങ്ങളിൽ കുഞ്ഞിന് ആവശ്യമുള്ളൂ എന്നും അമ്മ അറിയണം. പ്രസവിച്ച ഉടനെത്തന്നെ (മിനിറ്റുകൾക്കുള്ളിൽ) മുലയൂട്ടാൻ പറ്റുമെന്നും, ആ സമയത്താണ് കുഞ്ഞിന് ഊർജ്ജസ്വലതയോടെ പാൽ കുടിക്കാൻ കഴിയുക എന്നും അങ്ങനെ കൊടുക്കാൻ സാധിച്ചാൽ പാലില്ല എന്ന പരാതി ഉണ്ടാകാൻ സാധ്യത കുറവാണെന്നും അമ്മ അറിഞ്ഞിരിക്കണം. പ്രസവിച്ച സ്ത്രീ ധാരാളം വെള്ളം കുടിക്കണമെന്നും, അനാവശ്യമായ ഭക്ഷണ നിയന്ത്രണങ്ങൾ ആവശ്യമില്ല എന്നും, സാധാരണയിലും അൽപം കൂടുതൽ ഭക്ഷണം ആവശ്യമുണ്ടെന്നും അവളും വീട്ടുകാരും അറിയണം.
നന്നായി മുലയൂട്ടാനും, ആവശ്യത്തിന് പാലുണ്ടാകാനും അമ്മയ്ക്ക് മാനസികവും ശാരീരികവുമായ സൗഖ്യം അത്യാവശ്യമാണ്. ശരീരത്തിൽ എവിടെയെങ്കിലും കഠിനമായ വേദനയുണ്ടെങ്കിൽ പാൽ കുറയും. അമിതമായ മാനസിക സമ്മർദ്ദവും ( കൂടെയുള്ളവർ, ഇവൾക്ക് പാൽ കുറവാണ് എന്ന് പറയുന്നതു മൂലമുള്ളതാണെങ്കിൽ പോലും) പാൽ കുറയാൻ കാരണമാകും. പാൽ എങ്ങനെ കൊടുക്കണം എന്ന് അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. കുഞ്ഞിനെ എങ്ങനെ പിടിക്കണം, അമ്മ എങ്ങനെ ഇരിക്കണം, കുഞ്ഞ് കുടിക്കുന്ന രീതി എങ്ങനെ… ഇതെല്ലാം ആശുപത്രിയിൽ നിന്ന് പോകുന്നതിന് മുമ്പ് തന്നെ സംശയ നിവൃത്തി വരുത്തിയിരിക്കണം. ആദ്യത്തെ 6 മാസം മുലപ്പാൽ മാത്രമേ ആവശ്യമുള്ളൂ. മുലപ്പാൽ ആവശ്യത്തിന് ലഭിക്കുന്നുണ്ടെങ്കിൽ കുഞ്ഞ് രണ്ട് മണിക്കൂറെങ്കിലും ഉറങ്ങുകയോ സ്വസ്ഥമായി കളിക്കുകയോ ചെയ്യും ദിവസം 6 തവണയെങ്കിലും മൂത്രമൊഴിക്കും പ്രതീക്ഷിക്കുന്ന അത്രയും തൂക്കം കൂടും അമ്മയ്ക്ക് പാൽ ആവശ്യത്തിന് ഉണ്ടെങ്കിൽ
പാൽ കൊടുക്കാറാവുമ്പോളേക്കും പാൽ നിറഞ്ഞതായി തോന്നും കുഞ്ഞ് ഒരു ഭാഗത്തു നിന്നും പാൽ കുടിക്കുമ്പോൾ മറുവശത്തു നിന്നും പാൽ ചുരന്നു വരും.
മുലക്കണ്ണ് വിണ്ടു കീറുക:
കുഞ്ഞ് പാൽ കുടിക്കേണ്ടത് മുലക്കണ്ണിൽ നിന്നും മാത്രം ഒരു straw ൽ നിന്നും ജ്യൂസ് കുടിക്കുന്നത് പോലെ അല്ല, മറിച്ച് കൂടുതൽ ഭാഗം വായ്ക്കകത്താക്കിക്കൊണ്ടാണ്. ശരിയായി പാൽ കുടിക്കുമ്പോൾ കുഞ്ഞിന്റെ കവിൾ നിറഞ്ഞിരിക്കണം, straw ൽ നിന്നും കുടിക്കുന്നതു പോലെ കവിളൊട്ടി നിൽക്കരുത്, ചുണ്ട് കൂർപ്പിച്ചു വച്ച് കൊണ്ടാവരുത്, മറിച്ച് ചുണ്ട് മലർക്കെ തുറന്നിരിക്കണം, കുഞ്ഞിന്റെ കീഴ്ത്താടി അമ്മയുടെ സ്തനത്തിൽ തൊട്ടിരിക്കണം, അകന്നു നിൽക്കരുത്. ഇങ്ങനെയല്ല പാൽ കൊടുക്കുന്നത്, മറിച്ച് മുലക്കണ്ണിൽ നിന്നും ജ്യൂസ് കുടിക്കുന്നത് പോലെയാണെങ്കിൽ മുലക്കണ്ണ് വിണ്ടു കീറുകയും, പിന്നീട് പാൽ കൊടുക്കുമ്പോൾ അസഹനീയമായ വേദന ഉണ്ടാവുകയും, ക്രമേണ പാൽ വറ്റിപ്പോവുകയും ചെയ്യും. കൊടുക്കുന്ന രീതി ശരിയാക്കുക എന്നതാണ് പ്രധാന ചികിൽസാ രീതി. അമിതമായ സോപ്പുപയോഗം മുലക്കണ്ണിനെ dry ആക്കും. പാൽ കൊടുത്തു കഴിഞ്ഞ ശേഷം അവസാനം വരുന്ന കൊഴുപ്പു കൂടിയ പാൽ മുലക്കണ്ണിൽ പുരട്ടുന്നതും നല്ലതാണ്.
അമ്മയും കുഞ്ഞും താൽക്കാലികമായി പിരിഞ്ഞിരിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. കുഞ്ഞിന്റെ രോഗാവസ്ഥ മൂലമാണ് പലപ്പോളും ഇത് വേണ്ടി വരുന്നത്. ഇത്തരം അവസരത്തിൽ ആദ്യം മുലപ്പാൽ നിറഞ്ഞ് അമ്മയ്ക്ക് മാറിടം വേദനിക്കുകയും പിന്നീട് മുലപ്പാൽ വറ്റിപ്പോവുകയും ചെയ്യുന്നു. ഇത് തടയണമെങ്കിൽ ഈ സാഹചര്യത്തിൽ കുഞ്ഞിന് പാൽ കൊടുക്കാൻ പാടില്ലാത്ത അവസ്ഥയാണെങ്കിൽ കൂടി മുലപ്പാൽ പിഴിഞ്ഞ് ഒഴിവാക്കുകയാണ് വേണ്ടത്. ഇക്കാര്യം അമ്മയെ പറഞ്ഞ് മനസ്സിലാക്കുകയും അത് ചെയ്യേണ്ടുന്ന രീതി പറഞ്ഞു കൊടുക്കുകയും വേണം.