· 5 മിനിറ്റ് വായന

ശ്വസിച്ച് നുകരട്ടെ

MedicinePulmonologyആരോഗ്യ പരിപാലനം

“ഡോക്ടറെ, ഉപ്പാപ്പയ്ക്ക് ന്യുമോണിയ ആയിരുന്നു. ഹോസ്പിറ്റലിൽ നിന്നു ഇന്നലെയാണ് ഡിസ്ചാർജ് ആയത്. കുട്ടികൾക്ക് മാത്രല്ല, വയസ്സായോരിക്കും ന്യുമോണിയ വരും ല്ലേ ? “

സൂപ്പർ മാർക്കറ്റിൽ നിന്നും വരും വഴിയാണ്, പഴയ പരിചയക്കാരനെ കാണുന്നത്. എഴുപത് വയസ്സിനു മുകളിൽ കാണും മുകളിൽ സൂചിപ്പിച്ച, ഉപ്പാപ്പയുടെ പ്രായം. പലരും ചോദിച്ചിട്ടുള്ള ചോദ്യമാണിത്. ന്യുമോണിയ എന്നു കേൾക്കുമ്പോൾ തന്നെ, കുട്ടികൾക്ക് വരുന്ന കഫക്കെട്ട് എന്നാണ് പലരുടെയും ധാരണ. എന്നാൽ അങ്ങനെ അല്ല, ന്യുമോണിയയ്ക്ക് പ്രായഭേദമോ, ലിംഗ ഭേദമോ ഒന്നും ഇല്ല. ആർക്കു വേണമെങ്കിലും വരാം. എന്നാൽ ചിലരിൽ വരാനുള്ള സാധ്യത കൂടുതലാണ് എന്നു മാത്രം. എന്താണ് ന്യുമോണിയ എന്നും, ആർക്കൊക്കെയാണ് ന്യുമോണിയ വരാനുള്ള സാധ്യത എന്നും നോക്കാം.

എന്താണ് ന്യുമോണിയ ?

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് ന്യുമോണിയ എന്നു പറയുന്നത്. ചെറിയ കുഞ്ഞുങ്ങളിലും, പ്രായമായവരിലുമാണ് ഇത് കൂടുതലായും കണ്ടു വരുന്നത്.

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കെടുത്ത് പരിശോധിച്ചാൽ, അഞ്ചിലൊരാളുടെ മരണകാരണം ന്യുമോണിയയാണ്.

ലോകമെമ്പാടുമുള്ള കണക്കുകൾ പരിശോധിച്ചാൽ, ഇരുപത് സെക്കന്റിൽ ഒരു മരണത്തിനു ഈ ന്യുമോണിയ എന്ന വില്ലൻ കാരണക്കാരനാകുന്നു. അത് കൊണ്ട് തന്നെ ന്യുമോണിയക്കെതിരായ പ്രതിരോധ ബോധവൽക്കരണ ശ്രമങ്ങൾ ഊർജിതപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടുകൂടെയാണ് ലോകാരോഗ്യ സംഘടന എല്ലാ വർഷവും നവംബർ 12 ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നത്.

ബാക്ടരിയകൾ, വൈറസുകൾ, ഫങ്കസുകൾ പ്രോട്ടോസോവകൾ തുടങ്ങിയ സൂക്ഷ്മജീവികളാണ് ന്യുമോണിയക്ക് കാരണമാകുന്നത്. സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ക്ലെബസിയെല്ല, സ്റ്റഫൈലോകോക്കസ് ഓറിയസ്, ക്ലമീഡിയ ന്യുമോണിയ, മൈക്കോപ്ലാസ്മ ന്യുമോണിയ, ഹീമോഫിലസ് ഇൻഫ്ലുവൻസ തുടങ്ങിയവയാണ് പ്രധാന വില്ലന്മാർ.

തൊണ്ടയിൽ നിന്നുമുള്ള അണുബാധയുള്ള സ്രവങ്ങൾ അബദ്ധത്തിൽ ശ്വാസകോശത്തിലേക്കു എത്തുന്നതാണ് (aspiration) ഒട്ടുമിക്ക ന്യൂമോണിയകളുടെയും കാരണം. അണുബാധ ഉള്ള ആളുകളുടെ ശ്വസനം വഴി പുറംതള്ളപ്പെടുന്ന ചെറു കണികകൾ ശ്വസിക്കുന്നത് വഴിയാണ് ഇത്തരം അണുബാധ തൊണ്ടയിൽ എത്തുന്നത്. ശ്വാസകോശത്തിൽ രോഗാണു എത്തുന്നതിനു മുന്നേയും ശേഷവും ഉള്ള ശരീരത്തിന്റെ വിവിധ ഘട്ടങ്ങളിലായുള്ള സ്വയം പ്രതിരോധ സംവിധാനങ്ങൾ എല്ലാം മറികടന്നാൽ മാത്രമേ രോഗാണുവിന് ന്യൂമോണിയ ഉണ്ടാക്കാൻ കഴിയൂ.. ശ്വാസകോശത്തിൽ പെരുകുന്ന അണുക്കളും അവയുടെ സ്രവങ്ങളും ശരരീരത്തിലെ പ്രതിരോധ കോശങ്ങളുടെ പ്രവർത്തന ഫലമായുണ്ടാവുന്ന സ്രവങ്ങളും കൂടി ശ്വാസകോശത്തിനകത്തു അടിഞ്ഞുകൂടിയുണ്ടാവുന്ന പ്രതിഭാസമാണ് ന്യൂമോണിയ. അപൂർവ്വമായി രക്തത്തിലൂടെ ശ്വാസകോശത്തിൽ എത്തുന്ന അണുക്കളും ശ്വാസകോശത്തിനു അടുത്തുള്ള മറ്റു ശരീര ഭാഗങ്ങളിൽ നിന്നും പടരുന്ന അണുക്കളും ന്യൂമോണിയക്കു കാരണമാവാറുണ്ട്..

ന്യൂമോണിയ പ്രധാനമായും 2 വിഭാഗങ്ങൾ ഉണ്ട്.. പൊതുജനങ്ങളുമായുള്ള സമ്പർക്കം വഴിയുണ്ടാവുന്ന community acquired pneumonia യും , ആശുപത്രി- രോഗ ചികിത്സയുടെ ഭാഗമായി ഉണ്ടാകുന്ന health care associated pneumonia യും.. മറ്റു അസുഖങ്ങൾക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ആശുപത്രി വാസം മൂലം അണുബാധ പകർന്നു ഉണ്ടാകുന്ന hospital acquired pneumonia യും ventilator ൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് ചിലപ്പോൾ രൂപപ്പെടുന്ന ventilator associated pneumonia യും health care associated pneumonia യുടെ ഉദാഹരണങ്ങളാണ്. Major സർജറികൾ കഴിഞ്ഞ ആളുകൾ, അബോധാവസ്ഥയിലുള്ളവർ, പ്രായമായവർ, പൊതുവെ ആരോഗ്യം കുറഞ്ഞവർ തുടങ്ങിയവരിൽ hospital acquired pneumonia വരാൻ സാധ്യത കൂടുതലാണ്.

സാധാരണ കാണപ്പെടുന്ന ഒട്ടു മിക്ക ന്യൂമോണിയകളും ബാക്ടീരിയായോ വൈറസോ മൂലമുള്ളവയാണ്.. fungus, protozoa തുടങ്ങിയവ മൂലമുള്ള ന്യൂമോണിയ അപൂർവമാണ്.. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഇത്തരം ന്യൂമോണിയകൾ കൂടുതലായി കാണപ്പെടുന്നത്.

ന്യുമോണിയയുടെ ലക്ഷണങ്ങൾ :

കഠിനമായ പനി
കടുത്ത ചുമ
കുളിരും, വിറയലും
തലവേദന
ഛർദ്ദി
വിശപ്പില്ലായ്മ
ചില സന്ദർഭങ്ങളിൽ കഫത്തോടൊപ്പം രക്തം കലർന്നു തുപ്പുന്നു
ചിലരിൽ നെഞ്ചു വേദന കണപ്പെടാം

അസുഖം കൂടുതൽ തീവ്രമാവുന്നതോടെ രോഗിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടാം.

അസുഖം അതീവ ഗുരുതരമാവുന്നതോടെ ശ്വാസോഛാസത്തിന്റെ വേഗത വല്ലാതെ കൂടുകയും, രക്തത്തിലെ ഓക്സിജൻ ലെവൽ താഴുകയും രോഗിയുടെ മനോനിലയും സ്ഥലകാല ബോധവും ഉൾപ്പെടെ വ്യതിയാനം വരികയും ചെയ്യാം.

ശ്വാസകോശത്തിൽ നിന്നും രക്തം വഴി അണുബാധ മറ്റു ശരീര ഭഗങ്ങളിൽ എത്തുന്നതോട് കൂടി കിഡ്നി ഉൾപ്പെടെ പ്രധാന ആന്തരികാവയവങ്ങളുടെ പ്രവർത്തനം വരെ തകരാറിലാവാൻ പോലും സാധ്യതയുണ്ട്. ഇത്തരം രോഗികൾ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്.

പ്രായം ചെന്നവരിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും ന്യൂമോണിയയുടെ ലക്ഷണങ്ങൾ പുറമേക്ക് വലിയ രൂപത്തിൽ പ്രകടമാവാറില്ല . ലക്ഷണങ്ങൾ കാര്യമായി കാണുന്നില്ല എന്നത് കൊണ്ട് മാത്രം രോഗത്തെ ഗൗരവം കുറച്ചു കാണാൻ കഴിയില്ല എന്ന് ചുരുക്കം.

മിക്ക ന്യൂമോണിയകളും ഏതാനും ദിവസങ്ങൾക്കുള്ളിൽ രൂപപ്പെട്ടു പെട്ടന്ന് ശക്തി പ്രാപിക്കുന്നവയാണ്.. എന്നാൽ ടിബി അണുക്കൾ മൂലമുണ്ടാവുന്ന ന്യൂമോണിയ താരതമ്യേനെ പതിയെ പുരോഗമിക്കുന്നതാണ്. ആഴ്ചകളോ മാസങ്ങളോ നീണ്ടു നിൽക്കുന്ന ചുമയും, നേരിയ പനിയും ശരീര ഭാരം കുറയലുമാണ് ടിബി ന്യൂമോണിയയുടെ ലക്ഷണങ്ങൾ.

സാധാരണയായി ചുമയ്ക്കുമ്പോഴും തുമ്മുന്നതിലൂടെയും
ഒക്കെയാണ് ന്യുമോണിയ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എത്തുന്നത്.

ന്യുമോണിയയിലേക്ക് നയിക്കുന്ന കാരണങ്ങൾ:

മഴക്കാലം
മഞ്ഞുള്ള കാലാവസ്‌ഥ
പൊടി, പുക തുടങ്ങിയ അലർജികൾ
പുകവലി
ദീർഘ നാളായുള്ള ജലദോഷം
മദ്യപാനം
സ്റ്റീറോയ്ഡ് ഉൾപ്പെടെ രോഗപ്രദോരോധ ശേഷി കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ ദീർഘകാല ഉപയോഗം
മറവി രോഗം, stroke തുടങ്ങിയവ

പ്രായമായവരിൽ പൊതുവെ ആരോഗ്യവും പ്രതിരോധ ശേഷിയും കുറവായ കാരണം ന്യൂമോണിയ സാധ്യത കൂടുതലാണ്

ശ്വാസകോശ സംബന്ധിയായ മറ്റു അസുഖങ്ങൾ മൂലം ശ്വാസകോശത്തിനു ഉണ്ടാകുന്ന തകരാറുകൾ ന്യൂമോണിയ വേഗം പിടിപെടാൻ കാരണമാവാറുണ്ട്. അത്തരം ആളുകളിൽ ചികിത്സ കൂടുതൽ ദുഷ്കരമായിരിക്കും.

ചില പ്രത്യേക സ്ഥലങ്ങളിലേക്കുള്ള യാത്രകൾ, ആ സമയത്തു അവിടെ ന്യൂമോണിയ outbreak ഉണ്ടെങ്കിൽ സന്ദർശകർക്ക് ന്യൂമോണിയ പിടിപെടാൻ സാധ്യത കൂടുതലാണ്. H1N1 outbreak ഉള്ള സ്ഥലങ്ങളിൽ നിന്നും വരുന്ന യാത്രക്കാരെ ആദ്യ കുറച്ചു ദിവസങ്ങളിൽ isolation ൽ പാർപ്പിക്കുന്നത് ഈ സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ്. നമ്മുടെ നാട്ടിൽ നിപ്പാ വൈറസ് outbreak ഉണ്ടായ സമയങ്ങളിൽ പല രാജ്യങ്ങളും സ്വന്തം പൗരന്മാരെ കേരളം സന്ദർശിക്കുന്നത് വിലക്കിയതും ഇതേ കാരണങ്ങൾ കൊണ്ടാണ്.

ചില മൃഗങ്ങളുമായും പക്ഷികളുമായുമുള്ള സ്ഥിരമായ സമ്പർക്കം ചില തരം ന്യൂമോണിയകൾക്കു കാരണമാവാറുണ്ട്.

പ്രധാന പരിശോധനകൾ:

രക്ത പരിശോധന
നെഞ്ചിന്റെ എക്‌സ്‌റേ
കഫ പരിശോധന: ഏതു തരം അണുബാധയാണെന്നും ഏതു മരുന്നു ഉപയോഗിക്കണമെന്നും അറിയാൻ മിക്കപ്പോഴും കഫ പരിശോധന സഹായകമാവാറുണ്ട്.

ചികിത്സ:
ചികിത്സയെ രണ്ടു വിഭാഗമാക്കി തിരിക്കാം.

1.Definitive antimicrobial treatment
2.Supportive treatment

ഏതു തരം അണുബാധയെന്നു കൃത്യമായി മനസിലാക്കി അതിനെതിരെയുള്ള antimicrobial മരുന്നു കൊടുക്കുന്നതാണ് definitive treatment. ബാക്ടീരിയകൾക്കെതിരെ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളെ കുറിച്ചും വൈറസുകൾക്കെതിരെ ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നുകളെ കുറിച്ചും കേട്ടു കാണുമല്ലോ. അതുപോലെ fungus, protozoa എന്നിവയ്ക്കെതിരെയും മരുന്നുകളുണ്ട്. പല ക്ലാസ്സുകളിലായി നിരവധി antibiotic മരുന്നുകൾ ഇന്ന് നിലവിലുണ്ട്. ബാക്ടീരിയ മൂലമുള്ള ന്യൂമോണിയക്കു ഒന്നു ഫലപ്രധമല്ലെങ്കിൽ ഉപയോഗിക്കാൻ മറ്റു അനേകം മരുന്നുകളുണ്ടെന്നു സാരം. എന്നാൽ വൈറസുകൾക്കെതിരെ ഇത്രയധികം മരുന്നുകൾ ലഭ്യമല്ല.. ചില വൈറസുകൾക്കെതിരെ ഫലപ്രദമായ മരുന്നുകൾ നിലവിലില്ല താനും.. നിപ്പാ വൈറസ് outbreak സമയത്തു മരുന്നുകളുടെ ലഭ്യതയെ കുറിച്ചു സജീവമായി നിന്നിരുന്ന ചർച്ചകൾ ഓർമ്മയുണ്ടാകുമല്ലോ.. വളരെ പെട്ടന്ന് ഒരാളിൽ നിന്നും മറ്റൊരാളിലേക്കു പകരാനുള്ള കഴിവും കൂടുതലാണ് വൈറസുകൾക്കു.. ഇക്കാരണം കൊണ്ടെല്ലാം viral pneumonia ചിലപ്പോൾ വലിയ അപകടം വിതയ്ക്കാറുണ്ട്. Definitive treatment നേക്കാൾ കൂടുതൽ supportive treatment നാണ് വൈറസ് ന്യൂമോണിയകളിൽ പ്രാധാന്യം.. വൈറസ് ന്യൂമോണിയകൾക്കു ചികിത്സ ഇല്ല എന്നത് അബദ്ധ ധാരണയാണ്.

ഇനി supportive treatment എന്താണെന്ന് നോക്കാം. പനിയും നെഞ്ചുവേദനയും മറ്റു ബുദ്ധിമുട്ടുകളും കുറയ്ക്കാൻ നൽകുന്ന ചികിത്സകൾക്കു പുറമെ ശ്വാസതടസ്സം ഉള്ളവർക്ക് oxygen ആവശ്യമായി വരും.. സാധാരണ മാസ്‌ക് വഴി കൊടുക്കുന്ന oxygen കൊണ്ടു മാത്രം ശ്വാസതടസ്സം മാറുന്നില്ലെങ്കിൽ ventilator ചികിത്സയാണ് അടുത്ത ഘട്ടം..

ഗുരുതരാവസ്ഥയിൽ ഉളള രോഗികൾക്കും , കൂടുതലായി ഛർദി പോലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന രോഗികൾക്കും ജലത്തിന്റെയും ലവണങ്ങളുടെയും അളവ് നിലനിർത്താനായി ഞരമ്പ് വഴി ഫ്ലൂയിഡ് നൽകുന്നു .

അസുഖം മൂർച്ഛിച്ച് രക്ത സമ്മർദ്ദം കുറയുകയോ മറ്റു അവയവങ്ങളെ ബാധിക്കുകയോ ചെയ്യുന്നെങ്കിൽ അതിനനുസരിച്ചു ചികിത്സ പുനഃക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

തടയുന്നതെങ്ങനെ ?

(ഇതിന്റെ പ്രാധാന്യം പ്രധാനമായും കുട്ടികളിലാണ് )

രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കലും, ശുചിത്വവുമാണ് പ്രധാന ലക്ഷ്യങ്ങൾ.

കുട്ടികൾക്ക് വാക്സിനുകൾ കൃത്യമായി നൽകുക. കൂടാതെ , വാക്സിൻ മൂലം തടയാൻ പറ്റുന്ന അഞ്ചാംപനി, വില്ലൻ ചുമ എന്നിവ വന്നാൽ അതിനു പിറകേ കൂടുതൽ അപകടകരമായ ബാക്ടീരിയ കൊണ്ടുള്ള ന്യൂമോണിയ വരാൻ സാധ്യത കൂടുതലാണ് എന്ന കാര്യവും വാക്സിനുകളുടെ പ്രാധാന്യത്തെ ഉറപ്പിക്കുന്നു.

ആറു മാസം വരെ മുലപ്പാൽ മാത്രം നൽകുക. അതിനു ശേഷം രണ്ടു വയസ്സു വരെ മറ്റു ഭക്ഷണത്തോടൊപ്പം മുലപ്പാലും നൽകുക.

പോഷക സമൃദ്ധവും, വൃത്തിയുള്ളതുമായ ഭക്ഷണം ലഭ്യമാക്കുക. ഇത് രോഗപ്രതിരോധ ശേഷിയെ നിലനിർത്തും.

വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കുക. പൊടി പുക തുടങ്ങിയ അലർജിക്ക് കാരണമാകുന്ന അന്തരീക്ഷം ഒഴിവാക്കുക.

ന്യൂമോണിയ രോഗികളുമായി സമ്പർക്കം വരുന്ന അവസരങ്ങൾ പരമാവധി ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ പരിചരിക്കുന്നവർ ഡോക്ടർമാർ നിർദ്ദേശിക്കുന്ന മുൻകരുതലുകൾ എടുക്കുക.

സ്വയം ചികിത്സ ഒഴിവാക്കി, രോഗ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വൈദ്യ സഹായം തേടുക.

സാധാരണയായി ന്യൂമോണിയക്കു കാരണമാകുന്ന ചില ബാക്ടീരിയകൾക്കും വൈറസുകൾക്കുമെതിരെ പ്രതിരോധ മരുന്നുകളും കുത്തിവെപ്പുകളും നിലവിലുണ്ട്. Influenza virus ന് എതിരെ ഉപയോഗിക്കുന്ന osaltamivir മരുന്നും inflenza വാക്സിനും pneumococcus ബാക്ടീരിയക്കെതിരെ ഉപയോഗിക്കുന്ന വാക്സിനും ഉദാഹരണങ്ങളാണ്.. influenz വൈറസ് ന്യൂമോണിയ സാധ്യത ഉള്ളവരിലും ശ്വാസകോശമായ സംബന്ധമായ അസുഖങ്ങൾ ഉള്ളവരിലും ഇത്തരം കുത്തിവെപ്പുകൾ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.

രോഗം വരാതെ നോക്കുക, രോഗമുള്ള സാഹചര്യങ്ങളിൽ മതിയായ ചികിത്സ എത്രയും നേരത്തെ നൽകുക എന്നിവയാണ് ചെയ്യേണ്ട കാര്യങ്ങൾ. ഇതിലൂടെ ഓരോ ജീവനും, ഈ ലോകത്തെ മതിവരുവോളം ശ്വസിച്ചു നുകരാൻ അവസരമൊരുക്കാം.

ലേഖകർ
Dr Sabna . S, graduated from sri venkateswara medical college, Pondicherry. Now working as medical officer in vayomithram project under kerala social security mission . Intersted in medical science and literature. Published 5 books (poems, stories and novel) in malayalam . Got awards (Abudabi sakthi award, ankanam award, bhaasha puraskaaram, velicham award, srishti puraskaaram etc) for poems and short stories. Writing health related columns, stories and poems in newspapers and magazines. Did programmes in akashavani, other radio and television channels .
Dr Jamal TM, completed his mbbs from thrissur govt medical college and MD in internal medicine from calicut medical college. Worked as physician at valluvanad hospital ottapalam for 6 yrs and then migrated to oman. Currently working as specialist physician at Aster -oman al khair hospital , IBRI ,Oman. Special interest in Photography and travel. Blogs at "My clicks and thoughts " www.jamal-photos.blogspot.in
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ