· 4 മിനിറ്റ് വായന

സിസേറിയന്‍

GynecologyObstetricsപൊതുജനാരോഗ്യംസ്ത്രീകളുടെ ആരോഗ്യം

ജൂലിയസ് സീസറിനെ പ്രസവിക്കുന്നതിനു പകരം സിസേറിയന്‍ ചെയ്താണ് പുറത്തെടുത്തതെന്നും, അങ്ങനെയാണ് ‘സിസേറിയന്‍’ എന്ന പേര് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് വന്നത് എന്നും ഒരു ചരിത്രമുണ്ട്. പക്ഷെ, ഈ കഥ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്. കാരണം, സീസറിനു ജന്മം നല്‍കിയ ശേഷം വര്‍ഷങ്ങളോളം അദ്ദേഹത്തിന്‍റെ അമ്മ ജീവിച്ചിരുന്നതായി രേഖകളുണ്ട്. പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനഭാഗം വരെ സിസേറിയന്‍ ചെയ്‌താല്‍ മരണം ഉറപ്പായിരുന്നു എന്നിരിക്കേ സീസറിന്റെ അമ്മക്ക് ഇത്തരം ഒരു ശസ്ത്രക്രിയ നടന്നിരിക്കില്ല. അന്നത്തെ ഏതോ കേശവന്‍ മാമന്‍ പറഞ്ഞുണ്ടാക്കിയ ഒരു കെട്ടുകഥ നമ്മള്‍ തലമുറകളായി കൈമാറി വരുന്നു എന്ന് മാത്രം.

ഏകദേശം ഇരുപതാം നൂറ്റാണ്ട് തുടങ്ങുന്നിടം വരെ സിസേറിയന്‍ മരണനിരക്ക് വളരെ കൂടുതലായിരുന്നു. ശാസ്ത്രത്തിന്‍റെ വളര്‍ച്ചയോടൊപ്പം രണ്ടു ജീവനുകള്‍ രക്ഷിക്കാന്‍ പ്രാപ്തമായ രീതിയില്‍ സിസേറിയന്‍ രീതികള്‍ പരിഷ്കരിക്കപ്പെട്ടു. ഇന്ന് ഇത് ലോകത്ത് ഏറ്റവും കൂടുതല്‍ നടക്കുന്ന ശസ്ത്രക്രിയയാണ്. ലേഖനം എഴുതുന്ന ആളും രണ്ടു തവണ ഈ ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ട്.

വയറിന് താഴെയായി മുറിവുണ്ടാക്കി അതിലൂടെ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയന്‍. അമ്മക്കോ കുഞ്ഞിനോ പ്രസവമെന്ന പ്രക്രിയയിലൂടെ കടന്നു പോകാന്‍ തക്ക ആരോഗ്യമില്ലാത്ത സ്ഥിതിയാണ് എങ്കില്‍ ഡോക്ടര്‍ സിസേറിയന്‍ നിര്‍ദേശിക്കും.

സാധാരണ ഗതിയില്‍ സിസേറിയന്‍ നിര്‍ദേശിക്കുന്ന കാരണങ്ങള്‍ ഇവയാണ്,
1) മുന്‍പ് സിസേറിയന്‍ ചെയ്ത അമ്മയാണെങ്കില്‍
2) പ്രസവത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടനാപരമായ വ്യതിയാനങ്ങള്‍- അമ്മയുടെ ഇടുപ്പിന് വികാസക്കുറവ്, കുഞ്ഞിന്റെ വലിപ്പക്കൂടുതല്‍, തല കീഴായിട്ടുള്ള നിലയില്‍ നിന്നും വ്യത്യസ്തമായി ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞ്, പ്രസവത്തിന്റെ പാതയില്‍ തടസമുണ്ടാക്കുന്ന മുഴകള്‍ തുടങ്ങിയവ.
3) കുഞ്ഞിന് മിടിപ്പ് കുറയുന്നത്
4) ഏറെ സമയം ശ്രമിച്ചിട്ടും പ്രസവത്തിന്റെ ഘട്ടങ്ങള്‍ പുരോഗമിക്കാത്തത്‌
5) ഗര്‍ഭസ്ഥശിശുവിന്റെ കടുത്ത വളര്‍ച്ചക്കുറവ്
6) ഒന്നിലേറെ കുഞ്ഞുങ്ങള്‍ ഉള്ള ഗര്‍ഭം
7) മറുപിള്ള പ്രസവം തടയുന്ന രീതിയില്‍ താഴെ വരുന്ന അവസ്ഥ (placenta previa)
8) മറുപിള്ള ഗര്‍ഭാശയഭിത്തിയില്‍ നിന്നും വേര്‍പെട്ടു വരുന്ന അവസ്ഥ (abruptio placenta)
9)മുന്‍പ് പ്രസവത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടായിട്ടുള്ള അമ്മ
10) ആദ്യപ്രസവത്തിനു മുന്‍പ് തന്നെ ഗര്‍ഭാശയം താഴുന്നതിനോ, മൂത്രം അനിയന്ത്രിതമായി പോകുന്നതിനോ ഫിസ്റ്റുലക്കോ ചികിത്സ തേടിയിട്ടുള്ളവര്‍ക്ക്
11) അമ്മക്ക് പ്രസവത്തോട് അടുപ്പിച്ച് അപസ്മാര സാധ്യത കണ്ടാല്‍ (pre eclampsia)
12) സിസേറിയന്‍ ആവശ്യപ്പെട്ടു വരുന്നവര്‍ക്ക്

ഇതില്‍ ഏതു കാരണം കൊണ്ടും മുന്‍കൂട്ടി തീരുമാനിച്ചോ ചിലപ്പോള്‍ എമര്‍ജന്‍സി ആയി തന്നെയോ സിസേറിയന്‍ ചെയ്യണ്ടി വന്നേക്കാം.

ലേബര്‍ റൂമിന് പുറത്ത് നില്‍ക്കുന്നവര്‍ക്ക് ഇത് പത്തു പതിനഞ്ചു മിനിട്ടിനകം കഴിയുന്ന ഒരു ചെറിയ പ്രക്രിയ ആണെന്ന് തോന്നാമെങ്കിലും ഒരു മേജര്‍ ശസ്ത്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലൂടെയും സിസേറിയന്‍ സമയത്ത് അമ്മയും കുഞ്ഞും ഗൈനക്കോളജിസ്റ്റും അനസ്തേഷ്യ ഡോക്ടറും അവരെ സഹായിക്കുന്ന മെഡിക്കല്‍ ടീമും കടന്നു പോകുന്നുണ്ട്.

അനസ്തേഷ്യ മരുന്ന് മിക്കപ്പോഴും നട്ടെല്ലില്‍ കൊടുക്കുന്ന രീതിയാണ് അവലംബിക്കുന്നതെങ്കിലും, മുഴുവനായി മയക്കുന്ന ജനറല്‍ അനസ്തേഷ്യയും ചിലപ്പോള്‍ നല്‍കേണ്ടി വരാറുണ്ട്. സിസേറിയന്‍ ചെയ്യാന്‍ വേണ്ടി നട്ടെല്ലില്‍ മരുന്ന് നല്‍കിയാല്‍ വിട്ടു മാറാത്ത നടുവേദന വരുമെന്ന ധാരണ തെറ്റാണ്. ഇതേ സ്പൈനല്‍ അനസ്തേഷ്യ നല്‍കിയാണ്‌ ആണ്‍പെണ്‍ ഭേദമെന്യേ മിക്കവാറും സര്‍ജറികള്‍ എല്ലാം തന്നെ ചെയ്യുന്നത്. അവര്‍ക്കൊന്നും ഇല്ലാത്ത നടുവേദന സിസേറിയന്‍ ചെയ്തവര്‍ക്ക് മാത്രമായി വരില്ല. പ്രസവം/സിസേറിയന്‍ കഴിഞ്ഞ ശേഷമുള്ള തുടര്‍ച്ചയായ ഭക്ഷണവും കിടത്തവും വ്യായാമക്കുറവും കാരണമായി കിട്ടുന്ന സമ്പാദ്യമാണ് അമിതവണ്ണവും നടുവേദനയുംഎന്ന് മനസിലാക്കുക.

സിസേറിയന്‍ ചെയ്യുന്നതിനോട് വല്ലാത്ത വിമുഖത ഉള്ള ഒരു കൂട്ടര്‍ നമുക്ക് ചുറ്റുമുണ്ട് എന്നത് നേരാണ്. ഇതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് ചൂണ്ടി കാണിക്കാന്‍ സാധിക്കുക. ഒന്ന്, സിസേറിയന്‍ അമ്മയ്ക്കും കുഞ്ഞിനും നല്ലതല്ല എന്ന ധാരണ. രണ്ട്, സിസേറിയന്‍ ചെയ്യുന്നത് ഡോക്ടറുടെ താല്‍പര്യപ്രകാരം അവരുടെ ലാഭത്തിനു വേണ്ടിയാണ് എന്ന ചിന്താഗതി.

അമ്മയ്ക്കും കുഞ്ഞിനും പ്രസവം നല്‍കുന്ന ചില ഗുണങ്ങള്‍ സിസേറിയന്‍ നല്‍കില്ല എന്നത് പരമാര്‍ത്ഥമാണ്. സിസേറിയന്‍ വഴി ജനിച്ച കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശേഷി കുറയുന്നു, ആസ്ത്മ പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതല്‍ ഉണ്ട് തുടങ്ങിയ പഠനങ്ങള്‍ ഉണ്ട്. പക്ഷേ, ഇത്തരം ചെറിയ ലാഭങ്ങള്‍ക്കായി അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ തുലാസില്‍ വെച്ചു കൊണ്ട് ഡോക്ടറുടെ അഭിപ്രായം മാനിക്കാതെ ‘ഇവളിപ്പോ പ്രസവിക്കും’ എന്ന് പറഞ്ഞു കാത്തിരുന്ന് ഗര്‍ഭപാത്രം തകര്‍ന്ന് കുഞ്ഞും മരിച്ച കേസുകള്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ പ്രസവത്തോട് ഒരു ഭ്രാന്തമായ താല്പര്യം അപകടകരമാണ്. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു സെക്കന്റ് ഒപ്പീനിയന്‍ തേടാം, ഇതേക്കുറിച്ച് വായിക്കുകയോ പഠിക്കുകയോ ഒക്കെ ചെയ്യാം. പക്ഷെ, ഡോക്ടര്‍ സിസേറിയന്‍ ഉറപ്പിച്ച് പറയുന്ന കേസുകളില്‍ പ്രസവത്തിനായി വാശി പിടിക്കുന്നത്‌ വലിയ അപകടമുണ്ടാക്കാം.

പിന്നെ, പ്രമുഖ ഡിജിപി പറഞ്ഞത് പോലെ പ്രസവിക്കുമ്പോഴോ സിസേറിയന്‍ ചെയ്യുമ്പോഴോ ഡോക്ടര്‍ കത്തിയും കഠാരയുമൊന്നും പിടിച്ചല്ല നില്‍ക്കുന്നത്. ഇനി ഒരു വാദത്തിനു അങ്ങനെയാണ് എന്ന് സങ്കല്‍പ്പിച്ചാല്‍ പോലും, ലേബര്‍ റൂമിലോ ഓപ്പറേഷന്‍ തീയറ്ററിലോ ‘കണി കണ്ടു ആയുസ്സിന്‍റെ മൊത്തം കരാര്‍ എഴുതുന്ന ദൃശ്യങ്ങള്‍’ എന്നൊന്നും പറയുന്ന കാര്യങ്ങള്‍ക്ക് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ഇത്തരം ജല്പനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയുക.

സ്വന്തം താല്പര്യത്തിന് സിസേറിയന്‍ ചെയ്യിക്കുന്ന ഡോക്ടര്‍മാര്‍ ഇല്ലേ എന്ന ചോദ്യത്തിന് ”ഒരു ന്യൂനപക്ഷം ഉണ്ട്” എന്ന് തന്നെയാണ് മറുപടി. കൃത്യമായ കാരണമില്ലാതെ ഒരു ഡോക്ടര്‍ ഇത്തരത്തില്‍ ചെയ്യുന്നുവെന്ന് അന്വേഷണവിധേയമായി തെളിഞ്ഞാല്‍ അതിനെതിരെ വേണ്ട നടപടികള്‍ ഉണ്ടാകുക തന്നെ വേണം താനും.

എന്നിരുന്നാലും ഇന്ന് വര്‍ദ്ധിച്ചു വരുന്ന സിസേറിയനുകളുടെ ചില പ്രധാന കാരണങ്ങള്‍ കൂടി വിശദമാക്കാം.
1) മുന്‍പ് സിസേറിയന്‍ ചെയ്യപ്പെട്ട അമ്മമാരുടെ എണ്ണത്തില്‍ ഉള്ള വര്‍ധനവ്‌
2) കൊടിലും വാക്വവും ഉപയോഗിച്ച് സങ്കീര്‍ണമായ പ്രസവരീതിയില്‍ നിന്ന് മാറി നില്‍ക്കുന്നത്
3) ഗര്‍ഭാശയമുഖത്തോടു ശിശുവിന്റെ തലക്ക് പകരം പൃഷ്ഠഭാഗമോ കാലോ വന്നാല്‍ പ്രസവത്തിന് ശ്രമിച്ച് സങ്കീര്‍ണത വരുത്താതിരിക്കുന്നത്
4) കുഞ്ഞിന്‍റെ മിടിപ്പില്‍ വരുന്ന വ്യത്യാസങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനുള്ള സൗകര്യങ്ങള്‍ സുലഭമായത്‌
5) എല്ലാ മാസവും കൃത്യമായി പരിശോധനക്ക് ഗര്‍ഭിണികള്‍ എത്തുന്നതിനാല്‍ അമ്മക്കോ കുഞ്ഞിനോ ഉണ്ടാകാന്‍ സാധ്യതയുള്ള സങ്കീര്‍ണതകള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നത്
6) വന്ധ്യതാചികിത്സയിലൂടെയുള്ള ഗര്‍ഭങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവ്‌
7) പ്രസവം കാത്ത് നിന്ന് കുഞ്ഞിനോ അമ്മക്കോ അപകടം പിണഞ്ഞാല്‍ നിയമപരമായി ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഡോക്ടര്‍ക്ക് മേല്‍ ഉണ്ടാക്കുന്ന സമ്മര്‍ദം
8) ഗര്‍ഭിണിയും കുടുംബവും ചോദിച്ചു വാങ്ങുന്ന സിസേറിയന്‍

ഇവയെല്ലാം ഇന്ന് വര്‍ദ്ധിച്ചു വരുന്ന പ്രസവശസ്ത്രക്രിയകളുടെ എന്നതിന് കാരണമാണ്. ഒരു കാര്യം കൂടി ഓര്‍മ്മപ്പെടുത്തട്ടെ. സിസേറിയന്‍ കഴിഞ്ഞ അമ്മക്ക് പിന്നീട് സാധാരണ പ്രസവം സാധ്യമാകുമോ എന്നത് എല്ലാവരുടെയും സംശയമാണ്. അമ്മയുടെ ഇടുപ്പ് വിസ്താരം ഇല്ലായ്മ പോലുള്ള മാറ്റാന്‍ സാധിക്കാത്ത കാരണങ്ങള്‍ കൊണ്ട് സിസേറിയന്‍ ചെയ്‌താല്‍ പിന്നീട് ഒരു കാരണവശാലും സാധാരണ പ്രസവം സാധ്യമല്ല.

എന്നാല്‍, അടുത്ത പ്രസവത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യത കുറവുള്ള കുഞ്ഞിന്‍റെ കഴുത്തില്‍ പൊക്കിള്‍ കോടി ചുറ്റുന്നത്‌, വളര്‍ച്ചക്കുറവ് പോലെയുള്ള കാരണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ അങ്ങനെയൊരു സാധ്യത ചിന്തിക്കാന്‍ പോലും കഴിയൂ. Vaginal Birth After Cesarean അഥവാ VBAC എന്നത് വളരെ റിസ്ക്‌ ഉള്ള ഒരു സംഗതിയാണ്. മുന്‍പത്തെ സിസേറിയന്‍ മുറിവിന്റെ പാട് പൊട്ടുകയോ മറ്റോ ചെയ്‌താല്‍ ജീവാപായം പോലും ഉണ്ടാകാം. ഇത്തരം ഒരു സാഹസത്തിനു മുതിരുന്നതിനു മുന്‍പ്, അതിന് തക്ക എക്സ്പീരിയന്‍സ് ഉള്ള ഡോക്ടര്‍ ആശുപത്രിയില്‍ ഉണ്ട് എന്നും, ആവശ്യം വന്നാല്‍ ഒരു എമര്‍ജന്‍സി സിസേറിയനിലേക്ക് മാറാനുള്ള എല്ലാ സജ്ജീകരണങ്ങളും അവിടെയുണ്ട് എന്നും ഉറപ്പ് വരുത്തുക.

അമ്മയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ജീവന്‍ പണയം വെക്കുന്നതാകരുത് ഒരു തീരുമാനവും. കാര്യം, പത്തു മാസം ഒന്നായിരുന്ന അമ്മയും കുഞ്ഞും രണ്ടാകുന്നത് ഇരട്ടി സന്തോഷമാണ്. അവര്‍ക്ക് വല്ലതും പറ്റിയാല്‍, ദുഖവും അത്ര തന്നെ വരും. നമ്മുടെ തീരുമാനങ്ങള്‍ ജീവന്‍റെ പാതിയിലേക്ക് തന്നെ ചേര്‍ന്ന് നില്‍ക്കട്ടെ.

പേറ് ആയാലും കീറ് ആയാലും കുഞ്ഞുങ്ങളും കുഞ്ഞിചിരികളും നമ്മുടെ ലോകത്തിനു നിറം പകരട്ടെ.

ലേഖകർ
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ