· 5 മിനിറ്റ് വായന

മനുഷ്യരുടെ മേൽ അണുനാശിനി തളിക്കാമോ ?

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

മനുഷ്യരുടെ മേൽ അണുനാശിനി സ്പ്രേ ചെയ്യുന്നത് കൊറോണ വൈറസിനെ നശിപ്പിക്കുമോ?

തുടക്കത്തിൽ തന്നെ പറയാം അണുനാശിനികൾ മനുഷ്യരുടെ മേൽ തളിയ്ക്കാൻ പാടുള്ളതല്ല, ഇതു അശാസ്ത്രീയവും, ഗുണകരമല്ലാത്തതും, അപകടകരവുമാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി മനുഷ്യരുടെ മേൽ ബ്ലീച്ച് , സോപ്പ് ലായനി എന്നിവ പ്രയോഗിച്ചതായി കേട്ടു. കേരളത്തിൽ ഒരു ചന്തയിൽ പ്രവേശന കവാടത്തിന് മുന്നിൽ ഇത്തരമൊരു സംവിധാനമൊരുക്കി അകത്തേക്ക് പ്രവേശിക്കുന്നവരെ അണുവിമുക്തമാക്കുന്നതിന് ശ്രമിക്കുന്നു എന്നും കണ്ടു. കൊവിഡ് -19 ന് ചുറ്റിപ്പറ്റിയുള്ള ഈ മിഥ്യാധാരണ പ്രബലമാവുന്നതിന് മുൻപേ ഈ പ്രവണത തടയപ്പെടേണ്ടതുണ്ട്.

എന്താണ് വസ്തുതകൾ ?

ആൽക്കഹോൾ അടങ്ങിയ അണുനാശിനിയോ, ക്ലോറിൻ അടങ്ങിയ ലായനിയോ ശരീരത്തിലുടനീളം തളിക്കുന്നത് ഇതിനകം ശരീരത്തിൽ പ്രവേശിച്ച വൈറസുകളെ നശിപ്പിക്കില്ല.അതായത് രോഗം പകർത്തുന്ന അവസ്ഥയിലുള്ള ഒരാൾ വീണ്ടും രോഗം പകർത്തുന്നത് തടയാൻ ഈ പ്രക്രിയ കൊണ്ട് ആവില്ല.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) യുടെ നിർദ്ദേശം,
“അചേതന വസ്തുക്കളിൽ പ്രയോഗിക്കുന്ന രാസവസ്തുക്കളാണ് അണുനാശിനി. രോഗാണു വാഹകമായ പ്രതലങ്ങൾ വൃത്തിയാക്കാനാണ് ഇത്തരം ലായനികൾ ഉപയോഗിക്കേണ്ടത്.
അതായത് കൊവിഡ് – 19 ഉണ്ടെന്ന് സംശയിക്കപ്പെടുന്നവരോ സ്ഥിരീകരിക്കപ്പെട്ടവരോ ഉള്ളവർ ഇടപെടുന്ന പരിസരങ്ങൾ, വസ്തുക്കൾ എന്നിവ അണുവിമുക്തമാക്കുന്നതിനാണിത് ശുപാർശ ചെയ്യുന്നത്. ”

അണുനാശിനിയും അണുവിമുക്തമാക്കേണ്ട വസ്തുക്കളും തമ്മിൽ ഒരു നിശ്ചിത സമ്പർക്ക സമയം (contact time) ഉണ്ടാകേണ്ടത് നിർബന്ധമാണ്. ഇതു ഇത്തരം അണുനാശിനി ടണലിലൂടെ കയറി ഇറങ്ങുന്ന സമയം കൊണ്ടു സാധ്യമല്ല.

ഇത്തരം രാസവസ്തുക്കൾ ഹാനികരമായേക്കുമെന്നു ലോകാരോഗ്യ സംഘടനയും വ്യക്തമായി പറയുന്നു.

സാധാരണയായി ഉപയോഗിക്കുന്ന അണുനാശിനി ‘ബ്ലീച്ച്’ എന്നറിയപ്പെടുന്ന സോഡിയം ഹൈപ്പോക്ലോറൈറ്റ് ആണ്. മറ്റൊന്ന് ഹൈഡ്രജൻ പെറോക്സൈഡ്.

ചർമ്മം, ശ്ലേഷ്മസ്തരം, ലോഹ പ്രതലങ്ങൾ, വസ്ത്രങ്ങൾ എന്നിവയുമായി സമ്പർക്കത്തിൽ വന്നാൽ അവയെ ദ്രവിപ്പിക്കുവാൻ കഴിവുള്ള രാസവസ്തുക്കളാണ് ഇവ.

ചർമ്മത്തിൽ ചൊറിച്ചിൽ, അലർജി, കൂടാതെ വീര്യം കൂടിയ ലായനിയാണെങ്കിൽ പൊള്ളൽ പോലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കണ്ണിൽ പുകച്ചിലും അലർജിയും, കൂടിയ കോൺസെൻട്രേഷനിൽ ഉപയോഗിക്കുന്ന പക്ഷം കണ്ണിന്റെ കോർണിയക്കു ക്ഷതവും ഉണ്ടാകാനിടയുണ്ട്.

ഇവ ശ്വസിക്കുന്നത് മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിലെ ശ്ലേഷ്മ ചർമ്മത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കാം.

ലായനിയുടെ ഗാഡത കൂടിയാൽ പ്രത്യാഘാതങ്ങളുടെ തീവ്രതയും കൂടാം.

അണുനാശിനി ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ?

വസ്ത്രത്തിൽ അണുനാശിനി സാന്നിധ്യമുണ്ടെങ്കിൽ, മലിനമായ വസ്ത്രങ്ങളെല്ലാം നീക്കം ചെയ്യുകയും വസ്ത്രം പതിനഞ്ച് മുതൽ ഇരുപത് മിനിറ്റ് വരെ വെള്ളത്തിൽ കഴുകുകയും ചെയ്യണം.

വൃത്തിയാക്കലിനായി അണുനാശിനികൾ ഉപയോഗിക്കുന്നവർ കൈയ്യുറകൾ ധരിക്കുക.

വൃത്തിയാക്കിയ ശേഷം കയ്യുറകൾ ഉപേക്ഷിക്കുക.

അല്ലെങ്കിൽ ഇതിനായി മാത്രം ഒരു ജോഡി പുനരുപയോഗിക്കാവുന്ന കയ്യുറകൾ മാറ്റി വെക്കുക.

കൂടാതെ എല്ലാ ശുചീകരണ ഉൽപ്പന്നങ്ങൾക്കും നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.

മറ്റു പ്രത്യാഘാതങ്ങൾ ?

ആളുകളുടെ ശരീരത്തിൽ അണുനാശിനി തളിക്കുന്നത് ഒരു തെറ്റായ സുരക്ഷിതത്വ ബോധം ജനങ്ങളിൽ ഉണ്ടാക്കിയേക്കാം. ഇതു മറ്റു പ്രതിരോധ മാർഗങ്ങളുടെ പ്രയോജനം പൊതുജനം ചെറുതായി കണ്ടു അവ പാലിക്കാതിരിക്കാനും സാധ്യത ഏറെയാണ്.

യു പിയിൽ അതിഥി തൊഴിലാളികളുടെ മേൽ ബ്ലീച്ച് ലായനി തളിച്ചത് പോലുള്ള സംഭവങ്ങൾ മനുഷ്യത്വ രഹിത നടപടി കൂടിയാണന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.

“അണുനാശക ടണൽ” –

പലയിടത്തും പക്ഷേ സദുദ്ദേശപരമായാണ് ഇത്തരം സംരഭങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച്ച തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജില്ലാ ഭരണകൂടം പൊതുജന പങ്കാളിത്തത്തോടെ “അണുനാശക ടണൽ ” സ്ഥാപിച്ചത് ഒരു ലക്ഷം രൂപയോളം മുടക്കിയാണ്. ഇതൊരു വലിയ നേട്ടമായി മാധ്യമങ്ങളുൾപ്പെടെ പ്രചരിപ്പിച്ചും കണ്ടു.

ശാസ്ത്രീയമായ തെളിവുകളും യുക്തിയും വളരെ ദുർബലമാണ് ഈ പ്രക്രിയയ്ക്ക് പിന്നിൽ. ഒരാളുടെ വസ്ത്രത്തിൽ ഉള്ള വൈറസ് അല്പം ലായനി സ്പ്രേ ചെയ്തത് കൊണ്ട് നശിക്കാനുള്ള സാധ്യത തീരെ കുറവാണ്. രോഗാണുക്കൾ ഉള്ള വസ്ത്രം കുറഞ്ഞത് 30 മിനിറ്റ് എങ്കിലും ഹൈപ്പോക്ലോറൈറ്റ് ലായനി മുക്കി വെച്ച് വേണം അണുവിമുക്തമാക്കാൻ. നിശ്ചിത ഗാഡത ലായനിക്ക് ഇല്ലെങ്കിൽ ഉദ്ദേശിച്ച ഫലം ഇല്ല. ഒരാളുടെ മൂക്കിലോ, ശ്വാസ നാളത്തിലോ ഉള്ള രോഗാണുക്കൾ ഇത് കൊണ്ട് നശിക്കില്ല, വസ്ത്രങ്ങളിലോ ശരീരത്തിലോ ഉള്ളവ മറ്റുള്ള ഒരാൾ തൊടാതെ അവരുടെ കയ്യിൽ എത്തില്ല. നിലവിൽ ഒരു മീറ്ററിന് മുകളിൽ ശാരീരിക അകലം പാലിക്കുകയും, കൈകൾ ശുചിയാക്കി വയ്ക്കുകയും തന്നെയാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രതിരോധമാർഗങ്ങൾ.

അഞ്ചു സെക്കൻ്റോളം ഒരു ശതമാനം സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി മനുഷ്യരുടെ മേൽ തളിച്ച് അവരും മറ്റുള്ളവരും അണുവിമുക്തമായി എന്ന് മിഥ്യാധാരണ പടർത്തുന്ന ഈ സംരംഭം മറ്റിടങ്ങളിലും തുടങ്ങും എന്ന പ്രസ്താവനയും കണ്ടു, അപകടമാണെന്ന് മാത്രമല്ല അനാവശ്യ ചിലവും കൂടിയാണ്.

ലേഖകർ
Assistant Professor at Department of Dermatology, Government medical college, Kottayam. Completed MBBS from Government medical college, Alappuzha in 2010, and MD in Dermatology, venerology and leprosy from Government medical college, Thiruvananthapuram in 2015. Interested in teaching, public health and wishes to spread scientific temper. Psoriasis, Leprosy, drug reactions and autoimmune disorders are areas of special interest.
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ